ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തെ സൂഫിസം സ്വാധീനിച്ചതെങ്ങനെ?
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ ഒരുപക്ഷേ സൂഫികളോളം പങ്കു വഹിച്ചവരുാവില്ല. ഇസ്‌ലാമിക പ്രബോധനം അവര്‍ ലക്ഷ്യമായി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക പ്രബോധനത്തിനും സംസ്‌കരണത്തിനും ഇന്ത്യയില്‍ ആദ്യമായി ഒരു സംഘടിത രൂപമുണ്ടാക്കി എന്നത് അവരുടെ പ്രത്യേകതയാണ്. ത്വരീഖത്തും (സരണി) സാവിയ(പര്‍ണശാലകള്‍)യുമെല്ലാം അതിന്റെ ഭാഗമായിരുന്നു. ജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കുന്നത് ഒരാളുടെ ഇസ്‌ലാം ആശ്ലേഷണത്തോടെയാണെങ്കില്‍ അതിനായുള്ള പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ഇസ്‌ലാമിക നവോത്ഥാനം തന്നെയാണ്. ജനങ്ങളില്‍ വലിയൊരു വിഭാഗം, അതും പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളുടെ പരിവര്‍ത്തനം ഈ നാടിന്റെ സാമൂഹിക ജീവിതത്തിലും മാറ്റങ്ങളുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. അതിനാല്‍ സൂഫികളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സാമൂഹിക നവോത്ഥാനം കൂടിയാണ്. അതുകൊണ്ടുതന്നെ കേവല മത പ്രബോധനമെന്നതിലുപരി ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തില്‍ നിര്‍ണായമായ പങ്ക് വഹിച്ച ഇടപെടല്‍ എന്ന നിലക്കാണ് സൂഫികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടത്.
അവര്‍ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളിലും സമൂഹങ്ങളിലും ഇസ്‌ലാമിനെ പരിചയപ്പെടുത്തി. ചിലപ്പോള്‍ അവര്‍ ഉന്നതമായ ഇസ്‌ലാമിക ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് അതിലൂടെ അളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചു. ചിലയിടത്ത് സാമൂഹികവും ജനക്ഷേമകരവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകള്‍ കീഴടക്കി. എല്ലാവരോടും സമഭാവനയോടെ പെരുമാറി പിന്നാക്ക ജനവിഭാഗങ്ങളെ കൂട്ടത്തോടെ ആകര്‍ഷിക്കാനും അവര്‍ക്ക് സാധിച്ചു. ഇസ്‌ലാമിന്റെ സമത്വവും സമഭാവനയും ഇന്ത്യന്‍ ജനതയെ, പ്രത്യേകിച്ച് പിന്നാക്ക വിഭാഗത്തെ ഏറ്റവും കൂടുതല്‍ അനുഭവിപ്പിക്കാനായതും സൂഫികള്‍ക്കാണ്.
അതേസമയം ഭരണകൂടം നാട്ടില്‍ ഉറപ്പുവരുത്തിയ സുരക്ഷയും സമാധാനവും നീതിപൂര്‍വകമായ ഭരണവുമാണ് സൂഫികള്‍ക്ക് ശാന്തമായി തങ്ങളുടെ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കിയത് എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ ബാധ്യതയും അതാണല്ലോ. അതിനാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും സൂഫികളുടെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരപൂരകമാണ്. ഇത് രണ്ടിനെയും വേര്‍പ്പെടുത്തി ഇന്ത്യയിലെ ഇസ്‌ലാമിന്റെ പ്രചാരണവും തദ്വാരായുള്ള സാമൂഹിക നവോത്ഥാനവും സൂഫികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും രാഷ്ട്രീയ നേതൃത്വത്തിന് അതില്‍ യാതൊരു പങ്കുമില്ലെന്നുമുള്ള തെറ്റായ വിശകലനം സാര്‍വത്രികമായി സ്വീകാര്യത നേടിയതുകൊണ്ടാണ് ഇത് എടുത്തുപറഞ്ഞത്.
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സൂഫി പ്രബോധനത്തിന്റെ തുടക്കം ഹിജ്‌റ അഞ്ചാം നൂറ്റാണ്ടോടു കൂടിയാണ്. അപ്പോഴേക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം ജനവാസമുണ്ടായിരുന്നു. സിന്ധ് ഇസ്‌ലാമിക ഭരണകൂടത്തിന്റെ ഭാഗമായിരുന്നു. പഞ്ചാബ്, കശ്മീര്‍, മലബാര്‍, മദ്രാസ്, മുംബൈ എന്നിവിടങ്ങളിലും വടക്കേ ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളായ ഖനൗജ്, ബനാറസ്, ബദായൂന്‍ എന്നിവിടങ്ങളിലും മുസ്‌ലിം ജനവാസമുണ്ടായിരുന്നു. തീരദേശ നഗരങ്ങളിലും മാള്‍വയിലും അവരുടെ വലിയ കോളനികള്‍ തന്നെയുണ്ടായിരുന്നു. എല്ലായിടത്തും പള്ളികളും, പല പള്ളികളിലും ജുമുഅക്കുള്ള സംവിധാനങ്ങളുമുണ്ടായിരുന്നു. എല്ലാ പ്രവിശ്യകളിലും തദ്ദേശീയ ഭരണാധികാരികളുടെ സഹകരണം മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. തദ്ദേശീയ രാജാവ് നിശ്ചയിക്കുന്ന മേല്‍നോട്ടക്കാരനാണ് അവരുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. ജോഹിനര്‍ മന്ദ് എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.1 ലാഹോര്‍ ഒരിസ്‌ലാമിക നഗരം പോലെ തോന്നിച്ചിരുന്നു. അല്ലാമാ സംആനി പത്താം നൂറ്റാണ്ടില്‍ വലിയ അനുഗ്രഹവും മഹത്വവുമുള്ള നഗരം എന്നാണ് അതിനെ വിശേഷിപ്പിച്ചത്. മാള്‍വയിലെ ചില നഗരങ്ങളില്‍ മുസ്‌ലിം ജനസംഖ്യ പതിനായിരം വരെ എത്തിയിരുന്നു. മസ്ഊദി തന്റെ യാത്രാ വിവരണ ഗ്രന്ഥമായ മുറൂജുദ്ദഹബില്‍ രേഖപ്പെടുത്തിയതുപോലെ ഖനൗജില്‍ മുസ്‌ലിംകളുടെ ഒരു അധിവാസ മേഖലയുണ്ടായിരുന്നു, ബനാറസിലെ അവരുടെ എണ്ണവും കുറവായിരുന്നില്ല. എന്നല്ല ബനാറസിലെ രാജാവിന്റെ സൈന്യത്തിലും ധാരാളം മുസ്‌ലിംകളുണ്ടായിരുന്നു. ഇബ്‌നുല്‍ അസീര്‍ തന്റെ പ്രശസ്തമായ അല്‍കാമിലു ഫിത്താരീഖിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.2
ബദായൂന്‍, ബഹ്‌റൈച്ച്, ബുലന്ദ് ശഹ്ര്‍, ബല്‍ഗ്രാം എന്നിവിടങ്ങളിലും മുസ്‌ലിം അധിവാസമുണ്ടായിരുന്നതിന് തെളിവുകളുണ്ട്. അതായത് ഇന്ത്യയില്‍ സൂഫികളുടെ സംഘടിത പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഇവിടെ ഇസ്‌ലാം അപരിചിതമായിരുന്നില്ല എന്നാണ് പറഞ്ഞു വന്നത്. ഇവിടത്തെ തദ്ദേശവാസികള്‍ക്ക് ഇസ്‌ലാമിനെ കുറിച്ച് അറിയാമായിരുന്നു. എല്ലായിടത്തും മുസ്‌ലിംകളുടെ സ്ഥിര സാന്നിധ്യമോ അവരുടെ പോക്കുവരവോ ഉണ്ടായിരുന്നു. ഇവിടത്തെ ചുറ്റുപാട് മുസ്‌ലിംകള്‍ക്ക് അന്യമോ ഇസ്‌ലാമിക പ്രബോധനം തദ്ദേശീയര്‍ക്ക് പുതിയതോ ആയിരുന്നില്ല. പ്രബോധനത്തിന് ഒരു സംഘടിത രൂപം നല്‍കിയതും അതിലൂടെ ബഹുജനങ്ങളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞതുമാണ് ഇസ്‌ലാമിക നവോത്ഥാനത്തില്‍ സൂഫികള്‍ക്ക് ഇടം നേടിക്കൊടുത്തത്. അല്ലാതെ സൂഫികള്‍ ഇന്ത്യക്ക് ഇസ്‌ലാമിനെ ആദ്യമായി പരിചയപ്പെടുത്തിവരോ അവര്‍ ആദ്യത്തെ പ്രബോധകരോ അല്ല. നേരത്തേ കച്ചവടക്കാരും പടയോട്ടക്കാരും അവരോടൊപ്പമുള്ള മതപണ്ഡിതന്മാരും നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതാണ് ഉചിതം. സൂഫികള്‍ മാത്രമാണ് ഇന്ത്യയില്‍ മതപ്രബോധനം നടത്തിയത് എന്ന തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇത്രയും പറഞ്ഞത്.
സൂഫികളുടെ പ്രബോധന രീതി
സൂഫികളുടെ പ്രബോധന രീതി വ്യത്യസ്തമാണ്. ചില സൂഫികള്‍ വ്യവസ്ഥാപിതമായ രീതിയില്‍ തന്നെ ഇസ്‌ലാമിനെ പ്രബോധനം ചെയ്തിരുന്നു. എന്നാല്‍ ചില സൂഫികള്‍ ആന്തരികമായ സംസ്‌കരണത്തിന് മുന്‍ഗണന നല്‍കി, ഔപചാരികമായ മതംമാറ്റത്തിന് വലിയ ഊന്നല്‍ നല്‍കിയില്ല. അത്തരം സൂഫികള്‍ അമുസ്‌ലിംകള്‍ക്കും തങ്ങളുടെ ഖാന്‍ ഖാഹുകളില്‍ പ്രവേശനം നല്‍കുകയും മുസ്‌ലിംകളെ പോലെ അവര്‍ക്കും ആന്തരികമായ പരിഷ്‌കരണത്തിന് ശിക്ഷണം നല്‍കുകയും ചെയ്തു. ദൈവസ്മരണ സ്വയം തന്നെ പ്രകാശമാണെന്നും അതിന്റെ അനുഗ്രഹത്താല്‍ മനസ്സ് സ്വയമേവ തന്നെ ഇസ്‌ലാമിന് നേരെ ചായുമെന്നുമായിരുന്നു അവരുടെ നിലപാട്. ശൈഖ് കലീമുല്ലാ ജാന്‍ബാദി എഴുതുന്നു: ''ഹിന്ദുക്കളോടും മുസ്‌ലിംകളോടും അനുരഞ്ജനത്തിന്റെ പാത കൈക്കൊള്ളുക. അവരില്‍ ആരൊക്കെ നിങ്ങളോട് വിശ്വാസം പുലര്‍ത്തുന്നുവോ അവരെ ദിക്‌റും ഫിക്‌റും ധ്യാനവും പരിശീലിപ്പിക്കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യുക. എന്തുകൊണ്ടെന്നാല്‍ ദിക്ര്‍ അതിന്റെ മാസ്മരിക ശക്തിവിശേഷം കൊണ്ട് സ്വയം അവരെ ഇസ്‌ലാമിലേക്ക് വലിച്ചടുപ്പിക്കും.''3 നാഫിഉസ്സാലികീനില്‍ കലീമുല്ലയുടെ ഒരു ശിഷ്യന്‍ ഗുരുവിന്റെ ഇതേ നിലപാട് ഒന്നുകൂടി ഊന്നിപ്പറയുന്നു: ''എന്റെ മാര്‍ഗദര്‍ശി ഇപ്രകാരം പറയുന്നു: ഹിന്ദുക്കളോടും മുസ്‌ലിംകളോടും സഹവര്‍ത്തിത്വത്തോടെയുള്ള സമീപനം പുലര്‍ത്തുകയെന്നതാണ് എന്റെ രീതിയുടെ രഹസ്യം.''4
ഇത്തരം സൂഫികള്‍ ഔപചാരികമായ മതംമാറ്റത്തിന് വലിയ ഊന്നല്‍ നല്‍കിയില്ല. ദൈവസ്മരണയെ കുറിച്ച ഉദ്‌ബോധനത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നായിരുന്നു അവരുടെ നിലപാട്. ആരെങ്കിലും ആത്മാര്‍ഥതയോടെ ദൈവത്തെ സ്മരിക്കാന്‍ തുടങ്ങിയാല്‍ ദൈവനാമത്തിന്റെ ബറകത്ത് കൊണ്ടുതന്നെ അവര്‍ തനിയെ ഇസ്‌ലാമിനു നേരെ ചായും എന്ന ഉറച്ച വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു.
ശാഹ് ഫഖ്‌റുദ്ദീന്‍ എഴുതുന്നു: ''ദൈവത്തിന്റെ നാമം പ്രബോധനം ചെയ്യുന്നതില്‍ വിഴ്ച വരുത്തരുത് എന്ന കാര്യം മാത്രം നമുക്കറിയാം. ആദ്യം ഇസ്‌ലാം സ്വീകരിക്കട്ടെ, എന്നിട്ടാകാം ദിക്‌റിലും ധ്യാനത്തിലും ഏര്‍പ്പെടുന്നത് എന്ന ചിന്ത ശരിയല്ല. അല്ലാഹുവിന്റെ നാമത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രം ഒരാള്‍ വിശ്വാസിയായിത്തീരാം.''5
ഖാജാ നിസാമുദ്ദീന്‍ ഔലിയാ ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: ''ഈ ജനത്തോട് (ഹിന്ദു) പറയുന്നതുകൊണ്ട് വലിയ സ്വാധീനമുണ്ടാവുകയില്ല. എന്നാല്‍ എപ്പോഴെങ്കിലും നല്ല മുസ്‌ലിമുമായി സഹവസിക്കാന്‍ അവര്‍ക്ക് അവസരം കിട്ടിയാല്‍ അയാളിലൂടെ അവര്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നു വരാം.''6 മതജാതി പരിഗണനകളില്ലാതെ സൂഫികള്‍ എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അവരെ തങ്ങളുടെ പര്‍ണശാാലയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം.
ഇസ്‌ലാം സത്യമതമെന്ന് ബോധ്യപ്പെട്ടതിനു ശേഷവും ചില ബാഹ്യസമ്മര്‍ദം കാരണം പരസ്യമായി ഇസ്‌ലാം പ്രഖ്യാപിക്കാന്‍ കഴിയാത്തവര്‍ക്ക് രഹസ്യമായി വിശ്വാസം പുലര്‍ത്താന്‍ സൂഫികള്‍ അനുവദിച്ചിരുന്നു. അങ്ങനെ ഹിന്ദു കുടുംബത്തില്‍ ജീവിച്ചുകൊണ്ടുതന്നെ രഹസ്യമായി ഇസ്‌ലാമിക ജീവിതം നയിക്കുന്നവരുണ്ടായിരുന്നുവത്രെ.
ഇസ്‌ലാമിക പ്രബോധനത്തില്‍ സൂഫി പ്രബോധകരുടെ സേവനത്തെ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഇപ്രകാരം വിലയിരുത്തുന്നു: ''തീവ്രമായ സ്‌നേഹപ്രഹര്‍ഷത്തോടും അഭിരുചിയോടും ദൈവികദീനിന്റെ പ്രബോധനാര്‍ഥം അശ്രാന്ത പരിശ്രമം ചെയ്തവരാണ് സൂഫികള്‍. ഈ വസ്തുത ഇന്ന് ഏറക്കുറെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അജ്ഞാതമാണ്. നിസ്തുലമായ നിശ്ചയദാര്‍ഢ്യത്തോടും ദീനീപ്രേമത്തോടും കൂടി അവര്‍ ഇന്ത്യയില്‍ ഇസ്‌ലാമിന്റെ പൊന്നൊളി പരത്തി. ഈ സൂഫികളും ഔലിയാക്കളും ഇന്ന് സൂഫികളെന്ന് പറഞ്ഞുനടക്കുന്നവര്‍ക്ക് മാതൃകയാകേണ്ടതാണ്.''7 സൂഫികള്‍ ഇന്ത്യയിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം വീണ്ടും പറയുന്നു: ''അവരുടെ പ്രവര്‍ത്തനങ്ങളുടെ വിസ്മയകരമായ സ്വാധീനം ഇപ്പോഴും ഇന്ത്യയില്‍ ദൃശ്യമാണ്. ഇന്ത്യയിലെ ഹിന്ദു സഹോദരങ്ങളില്‍ നല്ലൊരു വിഭാഗം ഇസ്‌ലാമില്‍ വന്നില്ലെങ്കിലും മുസ്‌ലിം ആചാര്യന്മാരുടെ ആത്മീയ നേതൃത്വം സ്വീകരിച്ചവരാണ്.''
അദ്ദേഹം വീണ്ടും എഴുതുന്നു: ''1891-ലെ കാനേഷുമാരിയില്‍ തെക്കു പടിഞ്ഞാറന്‍ പ്രദേശത്തെ 2323643 ഹിന്ദുക്കള്‍ തങ്ങള്‍ ഏതെങ്കിലും പ്രത്യേക ദേവതകളില്‍ വിശ്വസിക്കുന്നില്ലെന്നും മറിച്ച് തങ്ങള്‍ക്ക് ആശ്രയം മുസ്‌ലിം പീറുമാരാണെന്ന് പറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം ഇസ്‌ലാമിന്റെ പ്രചാരണാര്‍ഥം അത്യധ്വാനം ചെയ്ത സൂഫികള്‍ ഹിന്ദുക്കളില്‍ വലിയൊരു വിഭാഗത്തില്‍ ഇസ്‌ലാമിന്റെ അസാധാരണമായ സ്വാധീനം സാധ്യതയായി ഉപേക്ഷിച്ചാണ് പോയതെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ പില്‍ക്കാലക്കാര്‍ക്ക് കഴിയുന്നില്ല എന്നതാണ് സങ്കടകരം''8 (അതേ പുസ്തകം, പേജ് 26).
ഇന്ത്യയുടെ തെക്കും പടിഞ്ഞാറും വടക്കു പടിഞ്ഞാറും മധ്യേന്ത്യയിലുമെല്ലാം ഇസ്‌ലാമിക പ്രബോധനം ജീവിതലക്ഷ്യമായി സീകരിച്ച അനേകം സൂഫികള്‍ കഴിഞ്ഞുപോയിട്ടുണ്ടെങ്കിലും അവരില്‍നിന്ന് നാലു പേരെ ഇവിടെ പരിചയപ്പെടാം. അവരുടെ ജീവിതകാലത്തുതന്നെ അസാധാരണമായ സ്വാധീനം ചെലുത്തുകയും തങ്ങള്‍ക്കു ശേഷം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച നല്‍കാനായി ത്വരീഖത്തിനെ വികസിപ്പിക്കുകയും ഇവിടത്തെ ജനകീയ സംസ്‌കാരത്തിന്റെ ഭാഗമായി മാറുകയും ചെയ്ത സൂഫികളെന്ന നിലയില്‍ ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്തവരാണ് അവര്‍. ഖാജാ മുഈനുദ്ദീന്‍ ചിശ്തി, ഖുത്വ്ബുദ്ദീന്‍ ബഖ്തിയാര്‍ കാകി, ബാബാ ഫരീദുദ്ദീന്‍ ഗന്‍ജ്ശക്ര്‍, ഖാജാ നിസാമുദ്ദീന്‍ ഔലിയ എന്നിവരാണവര്‍.
ഇശ്‌റാഖി, വേദാന്ത സ്വാധീനം മൂലം തസ്വവ്വുഫിനെ നിഗൂഢവത്കരിച്ച് ഇസ്‌ലാമിന്റെ നിര്‍ബന്ധ അനുഷ്ഠാനങ്ങളുമായോ ജനജീവിതവുമായോ യാതൊരു ബന്ധവുമില്ലാത്ത ദാര്‍ശനിക സൂഫിസത്തിന്റെ വക്താക്കളായിരുന്നില്ല ഇവരാരും. അവര്‍ക്ക് സൂഫിസം ഒരു ഭക്തിമാര്‍ഗവും ത്വരീഖത്ത് ജനങ്ങളെ സംസ്‌കരിക്കാനുള്ള രീതിശാസ്ത്രവും മാത്രമായിരുന്നു. മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ കാലത്ത് ജീവിച്ച പ്രമുഖ മതപണ്ഡിതനായിരുന്ന മുല്ലാ മുബാറക് നാകൂരി, അദ്ദേഹത്തിന്റെ മക്കളായ അബുല്‍ ഫദല്‍, ഫൈദി തുടങ്ങിയവരാണ് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നിഗൂഢവത്കരിക്കപ്പെട്ട ദാര്‍ശനിക സൂഫിസത്തിന് തുടക്കമിട്ടത്. അക്ബറിന്റെ പ്രതിലോമ രാഷ്ട്രീയത്തിന് നിലമൊരുക്കുകയായിരുന്നു അവര്‍ അതിലൂടെ. ഇന്ത്യയില്‍ സൂഫിസത്തെ തന്നെ സമഗ്രമായി പരിഷ്‌കരിച്ച അഹ്മദ് സര്‍ഹിന്ദിയുടെ രംഗപ്രവേശത്തിന് അത് നിമിത്തമാവുകയും ചെയ്തു.
(തുടരും)
1. മസ്ഊദി- മുറൂജുദ്ദഹബ് 2/86
2. ഇബ്‌നുല്‍ അസീര്‍ -അല്‍കാമിലു ഫിത്താരീഖ് 9/33
3. എസ്.എം ഇഖ്‌റാം - ആബ് കൗസര്‍ 27, മക്തൂബാത് കലീമുല്ലാ ജഹാനാബാദി (ഉദ്ധരണം മുഫ്തി മുഹമ്മദ് മുശ്താഖ് തിജാറവി - ബര്‍റ സഗീര്‍ മേം ഇശാഅത്തെ ഇസ്‌ലാം കീ താരീഖ്, പേജ് 24).
4. കഹെമാ മിറ ങൗഹെശാ ശി ടീൗവേ അശെമ, ു 10), മക്തൂബാത് കലീമുല്ലാ ജഹാനാബാദി (ഉദ്ധരണം: മുഫ്തി മുഹമ്മദ് മുശ്താഖ് തിജാറവി - ബര്‍റ സഗീര്‍ മേം ഇശാഅത്തെ ഇസ്‌ലാം കീ താരീഖ്, പേജ് 24).
5. അതേ പുസ്തകം, പേജ് 25.
6. സുലൈമാന്‍ നദ്‌വി - അറബ് വഹിന്ദ് കാ തഅല്ലുഖാത്, പേജ് 274.
7. മൗദൂദി- ഇസ്‌ലാം കി സര്‍ച്ചിശ് മെ ഖുവ്വത്ത്, പേജ് 24
8. അതേ പുസ്തകം, പേജ് 26.
Comments