വായന നേടിത്തന്ന പ്രസ്ഥാനം
1933-ല്‍ കൊടുവള്ളി രാരോത്ത് ചാലില്‍ അഹ്മദ് കോയയുടെയും പടനിലം സ്വദേശി റുഖിയ്യയുടെയും മകനായാണ് എന്റെ ജനനം. അഞ്ചാം തരം പാസ്സായ ശേഷം തുടര്‍പഠനത്തിന് കൊടുവള്ളിയില്‍ സൗകര്യമില്ലാത്തതിനാല്‍, കുണ്ടുങ്ങലില്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ താമസിച്ച്, പരപ്പില്‍ എം.എം ഹൈസ്‌കൂളില്‍ ചേരാനുള്ള ഒരുക്കങ്ങളിലായിരുന്നു. കൂട്ടുകാരില്‍ പലരും ജെ.ഡി.റ്റിയിലും മറ്റും അഡ്മിഷന്‍ നേടിയിരുന്നു. പക്ഷേ, പൊടുന്നനെയാണ് ബാപ്പയുടെ മരണമുണ്ടായത്. അതോടെ പഠനമോഹങ്ങള്‍ പൊലിഞ്ഞു. കുടുംബഭാരം ഏറ്റെടുക്കേണ്ടിവന്നു. അധികം താമസിയാതെ സഹോദരിയുടെയും അനുജന്റെയും മരണങ്ങള്‍. തുടരെത്തുടരെയുള്ള മരണങ്ങളെ പാമരജനം എന്തോ 'ശാപ'മായാണ് കണ്ടിരുന്നത്!
കൊടുവള്ളിയുടെ അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അഞ്ചാം തരം, സാമാന്യം ഭേദപ്പെട്ട വിദ്യാഭ്യാസമായിരുന്നു. അതിന് മുകളില്‍ വിദ്യാഭ്യാസമുള്ളവര്‍ വളരെ വിരളമായിരുന്നു.
ബാംഗ്ലൂരിലും ബോംബെയിലും ആഭ്യന്തര പ്രവാസികളായി കഴിയുന്നവര്‍ വീട്ടുകാര്‍ക്കയക്കുന്ന കത്തുകള്‍ വായിച്ചുകൊടുക്കാന്‍ പ്രാപ്തിയുള്ളവരെ തേടി ആളുകള്‍ നടക്കുന്നത് അക്കാലത്ത് സ്ഥിരം കാഴ്ചയായിരുന്നു. കത്ത് വായിച്ചുകൊടുക്കാന്‍ നിരവധി പേര്‍ എന്നെയും സമീപിച്ചിരുന്നു.
അന്നത്തെ മുസ്‌ലിം ജനസമൂഹത്തിന്റെ മതബോധം പരിതാപകരമായിരുന്നു. നമസ്‌കരിക്കുന്നവര്‍ നന്നേ കുറവ്. നോമ്പെടുക്കാറുണ്ടായിരുന്നത്, ഏറിയകൂറും വൃദ്ധജനങ്ങള്‍. മതത്തിന്റെ വിമോചന വശം ഉള്‍ക്കൊള്ളുന്നതു പോയിട്ട്, അനുഷ്ഠാന മതമെന്ന നിലയില്‍ പോലും ഇസ്‌ലാം തികവോടെ ഗ്രഹിച്ചവരും നടപ്പില്‍ വരുത്തുന്നവരും വിരളം. വെള്ളിയാഴ്ചകളില്‍ ജുമുഅക്ക് നാല്‍പത് തികക്കാന്‍ ആളെ തേടിപ്പോകേണ്ട സ്ഥിതി. നേരാംവണ്ണം കൃത്യമായി നമസ്‌കരിക്കുന്നവന് എന്തോ 'കുഴപ്പ'മുണ്ട് എന്ന മട്ടിലായിരുന്നു ആളുകള്‍. ധാര്‍മിക-സദാചാര രംഗം ഒട്ടും ഭേദമായിരുന്നില്ല. മൗലിദ്-റാത്തീബാദി ചടങ്ങുകളില്‍ മതത്തിന്റെ മുഖം തളച്ചിടപ്പെട്ട കാലം. ദീനീപ്രബോധനത്തിന്റെ മുഖ്യമുഖമായി കൊണ്ടാടപ്പെട്ടത് 'വഅ്‌ളുകള്‍' എന്ന മതപ്രഭാഷണങ്ങള്‍. അവയുടെ വിഷയങ്ങളാകട്ടെ, നബിക്കല്യാണത്തെയും നബിപത്‌നിമാരെയും കുറിച്ച നീട്ടിപ്പരത്തിയ അവതരണങ്ങളും!
കമ്യൂണിസ്റ്റ് അനുഭാവിയും കമ്യൂണിസ്റ്റ് വിരുദ്ധനും!
രാഷ്ട്രീയ രംഗവും അതേ അപകടാവസ്ഥയില്‍തന്നെ. ബ്രിട്ടീഷ് രാജായിരുന്നതിനാല്‍, ബ്രിട്ടീഷ് വിധേയത്വത്തിന് ഓരോരുത്തരും മത്സരിക്കുകയായിരുന്നു. സ്‌കൂളുകളിലടക്കം വിദ്യാര്‍ഥികള്‍ 'ബ്രിട്ടന്‍ ജയിക്കട്ടെ' എന്ന പ്രാര്‍ഥനകളാണ് ചൊല്ലിപ്പഠിപ്പിക്കപ്പെട്ടത്. പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ട മുറക്കാണ് ബ്രിട്ടീഷ്‌വിരോധം പതിയെ വളര്‍ന്നുവന്നത്. മുസ്‌ലിം ലീഗ് ശക്തിപ്പെട്ടിരുന്നില്ല. എന്നല്ല, മുസ്‌ലിം ലീഗുകാരനാവുന്നത് നോട്ടപ്പുള്ളിയാവുന്ന കാലം കൂടിയായിരുന്നു. കൊടുവള്ളി മേഖലയിലെ പ്രധാന ലീഗ് നേതാവായിരുന്ന പി.ടി ഇസ്മാഈല്‍ കുട്ടി ഹാജി (പി.ടി.എ റഹീം എം.എല്‍.എയുടെ പിതാവ്) ലീഗായതിന്റെ പേരില്‍ പീഡനങ്ങള്‍ നേരിട്ട വ്യക്തിയാണ്. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ് പിന്നെയുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിയാര്‍ജിച്ചപ്പോള്‍ അതിന് അനുയായികളും വര്‍ധിച്ചു. കുറച്ചു കാലം എനിക്കും അതിനോട് അനുഭാവമുണ്ടായിരുന്നു. അപ്പോഴാണ് കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി രൂപം കൊള്ളുന്നത്. ഫാദര്‍ വടക്കന്‍ പ്രസിഡന്റും കെ.എം സെയ്തു മുഹമ്മദ് സെക്രട്ടറിയുമായി സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. കെ.എം സെയ്തുമുഹമ്മദ് മതബോധമുള്ളയാളും നല്ല പ്രസംഗകനും വക്കീലുമൊക്കെയായിരുന്നു. കൊടുവള്ളിയിലും അതിന്റെ യൂനിറ്റുണ്ടാവുകയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. എന്റെ കമ്യൂണിസ്റ്റ് അനുഭാവം ഇല്ലാതാവാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ വഴിവെച്ചു. ഞാനും അതിന്റെ ഭാഗമായി.
പീതപ്പതാകയായിരുന്നു, കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടേത്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി അജയ് ഘോഷായിരുന്നു. ഞങ്ങള്‍ കുറച്ചാളുകള്‍ അന്ന് പുറത്തിറക്കിയ കൈയെഴുത്ത് പത്രത്തില്‍, കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയെ പിന്തുണക്കുന്ന ഒരു കവിത ഞാനെഴുതിയത് ഓര്‍ക്കുന്നു:
വിപ്ലവഗാനം പാടിവരുന്നൊരു
മേലധികാരി ഘോഷിന്റെ
ചോരച്ചെങ്കൊടി തച്ചുതകര്‍ത്തിതാ
പീത പതാകകളുയരുന്നു
ഇതായിരുന്നു അതിലെ ആദ്യ വരികള്‍. എന്നെ കൂടാതെ കോതൂര്‍ മുഹമ്മദ് മാസ്റ്ററും മുക്കിലങ്ങാടിയിലെ വി. മുഹമ്മദ് എഞ്ചിനീയറുമായിരുന്നു കൈയെഴുത്തു മാസികയുടെ അണിയറ പ്രവര്‍ത്തകര്‍.
'ഖുത്വ്ബാത്തി'ലൂടെ പ്രസ്ഥാനത്തിലേക്ക്
അല്ലറചില്ലറ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ജോലിയുമായി നീങ്ങുന്ന സമയം. ഒരുനാള്‍, കുന്ദമംഗലത്തേക്ക് കെട്ടിച്ചയച്ച സഹോദരിയുടെ വീട്ടില്‍ വിരുന്നിന് പോയി. വായനാശീലമുള്ള സമയമായതിനാല്‍ എന്തെങ്കിലും വായിക്കാമെന്ന് വെച്ചു. വാതില്‍ക്കട്ടിലയുടെ മുകളിലെ അറയില്‍ ('മേപ്പടി'യെന്ന് പഴയ പ്രയോഗം) പരതിയപ്പോള്‍ ഒരു പുസ്തകം കിട്ടി. പെങ്ങള്‍ ചായ ഒരുക്കുന്നതിനിടയില്‍ അത് വായിച്ചുകൊണ്ടിരുന്നു. 'മുസ്‌ലിമാകാന്‍ ജ്ഞാനത്തിന്റെ ആവശ്യകത' എന്ന ആദ്യ അധ്യായം തന്നെ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒരു സവിശേഷ ആകര്‍ഷണം വായനയെ മുന്നോട്ടു കൊണ്ടുപോയി. ചായയും ശേഷം ഉച്ചഭക്ഷണവും കഴിഞ്ഞിട്ടും വായന തീര്‍ന്നില്ല. അവസാനം, അടുത്ത തവണ വീട്ടിലേക്ക് വരുമ്പോള്‍ അളിയനോട് സമ്മതം വാങ്ങി പുസ്തകം കൊണ്ടുവരണമെന്ന് പെങ്ങളെ ശട്ടം കെട്ടി. സയ്യിദ് മൗദൂദിയുടെ 'ഖുത്വ്ബാത്ത്' ആയിരുന്നു ആ പുസ്തകം. രണ്ട് നാള്‍ കഴിഞ്ഞ് പുസ്തകം കിട്ടിയപ്പോള്‍ വായന മുഴുമിച്ചു. 'ഖുത്വ്ബാത്ത്' വായന പൂര്‍ത്തീകരിച്ചപ്പോള്‍ മുസ്‌ലിമെന്ന നിലയില്‍ ഒരാളില്‍ ഇസ്‌ലാം ചുമത്തുന്ന ചുമതലാബോധം എന്നെ അസ്വസ്ഥപ്പെടുത്താന്‍ തുടങ്ങി. ഉള്ളില്‍ എന്തോ ഉഴുതുമറിയുന്ന പ്രതീതി. കൂടുതലറിയാന്‍ മനസ്സ് തത്രപ്പെട്ടു.
വീണ്ടും കുന്ദമംഗലത്ത് പോയി. ജമാഅത്തനുഭാവിയായ അളിയന്റെ അളിയനെ ചെന്നു കണ്ടു. അദ്ദേഹം മൂന്നു നാല് പുസ്തകങ്ങള്‍ കൂടി സമ്മാനിച്ചു. അതിനു ശേഷമാണ് പ്രബോധനം കൈയില്‍ കിട്ടിയത്. അന്ന് കൊടുവള്ളിക്കാര്‍ക്ക് കുന്ദമംഗലത്ത് പോയി വേണം പ്രബോധനം കൈപ്പറ്റാന്‍. ഓരോ ലക്കത്തിനും സൈക്കിള്‍ ചവിട്ടി കുന്ദമംഗലത്തു പോവുക പതിവായി. പിന്നെ, സുഹൃത്തുക്കളെ കാണുമ്പോഴൊക്കെ വായനയില്‍നിന്ന് കിട്ടുന്ന അറിവുകള്‍ പങ്കുവെക്കലായി മുഖ്യപരിപാടി. അതു സംവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും വളര്‍ന്നു.
ബീഡിക്കമ്പനി തുറന്നുതന്ന സംവാദ പരിസരം
ഈ സംവാദങ്ങളും ചര്‍ച്ചകളും പൊടിപൊടിച്ചത് അന്ന് ബീഡിത്തെറുപ്പുകാര്‍ക്കിടയിലായിരുന്നു. ഞാനും അക്കൂട്ടത്തിലൊരാളായിരുന്നു. അന്ന് സാമാന്യം അന്തസ്സുള്ള ജോലിയായിരുന്നു ബീഡിത്തെറുപ്പ്. ഗള്‍ഫ് പ്രവാസം ആരംഭിച്ചിട്ടില്ലാത്ത അക്കാലത്ത് ബീഡിത്തെറുപ്പുകാരെക്കുറിച്ച് 'അവര്‍, ഏട പോയാലും കൊയങ്ങൂല' എന്ന് സാധാരണ പറയാറുണ്ടായിരുന്നു. കോയമ്പത്തൂര്‍, ബോംബെ, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് ബീഡി തെറുക്കാനായി ആളുകള്‍ നിരന്തരം പോകുമായിരുന്നു. കൊടുവള്ളിയിലന്ന് നിരവധി ബീഡിക്കമ്പനികളുണ്ട്. പി.കെ മൂസക്കയുടെ 'വനരാജ്' ബീഡിയും ആര്‍.സി അസ്സയിന്റെ 'കൊടിമാര്‍ക്ക്' ബീഡിയും എന്റെ 'തെങ്ങ് മാര്‍ക്ക്' ബീഡിയും അവയില്‍ ചിലത് മാത്രം. ഒരു കമ്പനിയില്‍ നടന്ന ബീഡിത്തെറുപ്പ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് എനിക്കായിരുന്നു. കൂടുതല്‍ ബീഡി തെറുക്കുന്നവര്‍ക്കായിരുന്നു സമ്മാനം. ഇലവെട്ടലും നനയ്ക്കലും പുകയില വെക്കലും ബീഡിതെറുക്കലും എല്ലാം ഒരാള്‍ തന്നെ ചെയ്യണമായിരുന്നു. അന്ന് 3000 ബീഡി ഒറ്റദിവസം കൊണ്ട് തെറുത്തുകൊണ്ടാണ് ഒന്നാം സ്ഥാനത്തെത്തിയത്. ആഴ്ചയിലൊരിക്കല്‍ ഞാന്‍ സൈക്കിള്‍ ചവിട്ടി അടിവാരം വരെയുള്ള ഭാഗങ്ങളിലെ കടകളില്‍ ബീഡി എത്തിച്ചിരുന്നു.
വായനക്കും ചൂടുള്ള ചര്‍ച്ചകള്‍ക്കും നല്ല വേദിയാണ് അന്ന് ബീഡിക്കമ്പനികളുടെ സാംസ്‌കാരിക പരിസരം തുറന്നിട്ടു തന്നത്. പ്രബോധനവും മറ്റു സാഹിത്യങ്ങളും ഒരാള്‍ വായിക്കുകയും മറ്റെല്ലാവരും കേള്‍ക്കുകയും ചെയ്യുന്ന രീതിയുണ്ടായിരുന്നു. ഊഴമിട്ടാണ് വായന. ആളുകള്‍ പല ആശയഗതിക്കാരുമാകയാല്‍ വായനക്കിടെ ചര്‍ച്ചകള്‍ നടക്കും. അത് ചൂടുള്ള സംവാദങ്ങള്‍ക്ക് വേദിയാകും. അതിലൂടെ ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും പരിചയപ്പെടുത്താന്‍ സാധിച്ചിരുന്നു. പിന്നീട് പുറത്തുനിന്നുള്ളവരും ചര്‍ച്ച കേള്‍ക്കാന്‍ വന്നിരിക്കാന്‍ തുടങ്ങി. കമ്യൂണിസ്റ്റ് നേതാവ് പി. രാഘവന്‍ നായരും ജ്യേഷ്ഠന്‍ രാമുണ്ണി നായരും ഉള്‍പ്പെടെ പല പ്രമുഖരും.
വായനശാല പൂട്ടിക്കുന്നു
ചര്‍ച്ചകളിലൂടെ ചിലരിലെങ്കിലും വായനയോട് താല്‍പര്യം വളര്‍ന്നു. ഈ അവസരം മുതലെടുത്ത് ഒരു വായനശാല സ്ഥാപിച്ചു. പലയിടത്തുനിന്നും പുസ്തകങ്ങള്‍ കൊണ്ടുവന്നു. ടി.പി അയമൂട്ടി ഹാജിയില്‍നിന്നാണ് വായനാശാലക്ക് മുറി വാങ്ങിയത്. അവിടേക്ക് ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍, അതിനെ മൗദൂദി മുദ്രകുത്തി നശിപ്പിക്കാന്‍ ചിലര്‍ ശ്രമം തുടങ്ങി. ടി.കെ.സി മോയിന്‍ഹാജി അധികാരിയുടെ ചെവിയില്‍ പരാതിയെത്തി. അദ്ദേഹത്തിന്റെ ബന്ധുകൂടിയായ മുറി ഉടമയില്‍ സമ്മര്‍ദം ചെലുത്തി, വായനശാല ഒഴിപ്പിച്ചു. രണ്ടു മാസമേ വായനശാല പ്രവര്‍ത്തിച്ചുള്ളൂ.
ഹംദര്‍ദ് ഹല്‍ഖയുടെ രൂപീകരണം
കൊടുവള്ളിയും പറമ്പത്തുകാവും രണ്ടു പ്രദേശങ്ങളായി വേര്‍തിരിഞ്ഞുനിന്നിരുന്നു അന്ന്. പറമ്പത്തുകാവില്‍ വി.പി ഇസ്മാഈല്‍ ഹാജി, ആര്‍.വി അഹ്മദ് കുട്ടി, ആര്‍.വി മൂസ, പി.സി മൂസ, എ.കെ ആലിക്കുഞ്ഞി മൊല്ലാക്ക, കെ.പി.സി അഹ്മദ് തുടങ്ങിയ സമാനമനസ്‌കര്‍ യോഗം ചേരും. അവര്‍ക്ക് അന്ന് മുജാഹിദ് പ്രസ്ഥാനത്തോടാണ് ആഭിമുഖ്യം. രാഷ്ട്രീയമായി വി.പി ഇസ്മാഈല്‍ ഹാജിയും മറ്റും മുസ്‌ലിം ലീഗുകാരുമാണ്. കെ.പി.സി അഹ്മദ് കോണ്‍ഗ്രസുകാരനും. ആയിടെ കൊടുവള്ളിയില്‍ വെച്ച് ഇസ്മാഈല്‍ ഹാജിയെ കാണാനിടയായി. നല്ല അടുപ്പം സ്ഥാപിച്ചെടുത്തു. നിങ്ങളുടെ യോഗത്തിലേക്ക് അടുത്തയാഴ്ച ഞാനും വരാമെന്നേറ്റു. ഞാനന്ന് ക്ലാസെടുത്തു. ആ യാത്ര മിക്കവാറും ആഴ്ചകളില്‍ തുടര്‍ന്നു. സ്ഥിരമായി ഞാനായിരുന്നു, ക്ലാസെടുക്കുക. പതിയെ അവരില്‍ ജമാഅത്തെ ഇസ്‌ലാമിയോട് ആഭിമുഖ്യം വളര്‍ന്നു. അങ്ങനെ കെ.ടി.കെ ഹസന്‍ സാഹിബ് പങ്കെടുത്ത ഒരു യോഗത്തില്‍ വെച്ച് ഹംദര്‍ദ് ഹല്‍ഖ (അനുഭാവി ഘടകം) രൂപീകരിച്ചു. കൊടുവള്ളി മേഖലയിലെ ആദ്യത്തെ ഘടകമായിരുന്നു അത്. കെ.പി.സി അഹ്മദായിരുന്നു ആദ്യ നാസിമായി തെരഞ്ഞെടുക്കപ്പെട്ടത്.
തുടര്‍ന്ന് കരുവമ്പൊയില്‍, ആരാമ്പ്രം, എളേറ്റില്‍, നരിക്കുനി, പുല്ലാളൂര്‍, പൂനൂര്‍, താമരശ്ശേരി, നെരൊത്ത്, കൈതപ്പൊയില്‍ എന്നിവിടങ്ങളിലൊക്കെ ഘടകങ്ങള്‍ ഉണ്ടായി. കൊടുവള്ളി, കുന്ദമംഗലം, താമരശ്ശേരി, ഓമശ്ശേരി, ചേന്ദമംഗല്ലൂര്‍, കൊടിയത്തൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട കുന്ദമംഗലം ഫര്‍ഖയുടെ കണ്‍വീനറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. എനിക്കു മുമ്പ് ആ സ്ഥാനം വഹിച്ചത് ഭൂപതി അബൂബക്കര്‍ ഹാജിയായിരുന്നു. പിന്നീട് ജമാഅത്തിന്റെ ജില്ലാ സെക്രട്ടറിയായി നിയമിതനായി. അന്ന് വയനാടും കോഴിക്കോട് കമ്മിറ്റിക്ക് കീഴിലായിരുന്നു. കെ.എന്‍ അബ്ദുല്ല മൗലവിയായിരുന്നു പ്രസിഡന്റ്.
ചീറ്റിപ്പോയ വിവാഹ ബഹിഷ്‌കരണം
രൂക്ഷമായ എതിര്‍പ്പുകള്‍ക്ക് നടുവിലായിരുന്നു പല സ്ഥലങ്ങളിലും അന്ന് പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ നടന്നുവന്നത്. പ്രവര്‍ത്തകര്‍ നോട്ടപ്പുള്ളികളായിരുന്നു. പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ബഹിഷ്‌കരണങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ വിധേയരായി. അതിലൊന്നാണ് എന്റെ വിവാഹം. ജമാഅത്തുകാരനായതിന്റെ പേരില്‍ വിവാഹം ഉദ്ദേശിച്ച സമയത്ത് നടന്നിരുന്നില്ല. പിന്നീടാണ് കുന്ദമംഗലത്തു നിന്ന് ഒരു ബന്ധം ഒത്തുവന്നത്. രാത്രിയായിരുന്നു കല്യാണം. രാവിലെ സുഹൃത്ത് ഇ.സി കുഞ്ഞിരായിന്‍ ഹാജി വീട്ടില്‍ വന്നു. 'മൗദൂദിയുടെ കല്യാണം ബഹിഷ്‌കരിക്കുക' എന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പള്ളിയിലും അങ്ങാടിയിലും വ്യാപകമായി പതിച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞാണറിഞ്ഞത്. പെട്ടെന്ന് അങ്ങാടിയില്‍ പോയി കണ്ടവരോടൊക്കെ വീണ്ടും കല്യാണം ഓര്‍മിപ്പിച്ചു. മഗ്‌രിബിനു ശേഷം കുന്ദമംഗലത്ത് നികാഹിന് പോകണം. വധുവിന്റെ അമ്മാവന്‍ ഭൂപതി അബൂബക്കര്‍ ഹാജി ഉള്‍പ്പെടെയുള്ളവര്‍ വരനെ തേടി വന്ന് കാത്തിരിക്കുന്നു. എന്നിട്ടും ക്ഷണിച്ചവരാരും വന്നില്ല. കുറച്ചിട കഴിഞ്ഞ് ഒരു പെട്രോമാക്‌സും അതിനു പിറകെ കുറേ പേരും ഒരു ജാഥ പോലെ വന്നു കയറി. അപ്പോഴാണ് ശ്വാസം നേരെ വീണത്. ബഹിഷ്‌കരണാഹ്വാനത്തിനെതിരിലുള്ള ഒരു പ്രതിഷേധ ധ്വനിയും ആ വരവില്‍ അന്തര്‍ഭവിച്ചിരുന്നു. പിന്നീടാരോ, തോട്ടില്‍നിന്ന് എന്റെ പറമ്പിലേക്ക് കയറുന്ന ചവിട്ടുപടി ('കടായി' എന്ന് പഴയ പ്രയോഗം) കൊണ്ടുപോയ്ക്കളഞ്ഞു. വീട്ടിലേക്കുള്ള വരവ് തടസ്സപ്പെടുത്തലായിരുന്നു ലക്ഷ്യം. യു.കെ ഇബ്‌റാഹീം മൗലവി നടത്തിയ മലയാളത്തിലുള്ള നികാഹ് ഖുത്വ്ബ പലര്‍ക്കും പുതിയ അനുഭവമായിരുന്നു.
അണ്ടോണയിലെ പുസ്തക സ്‌ക്വാഡ്
എതിര്‍പ്പുകളുണ്ടെങ്കിലും പ്രവര്‍ത്തനങ്ങളില്‍നിന്ന് പുറകോട്ടു പോയിരുന്നില്ല. ഒരു വെള്ളിയാഴ്ച രാവിലെ ഞാനും മര്‍ഹൂം പി.സി മൂസക്കയും പുസ്തക പ്രചാരണ സ്‌ക്വാഡിനിറങ്ങി. കരുവമ്പൊയില്‍-മാനിപുരം വഴി അണ്ടോണയിലെത്തി. അവിടെ ഒരു പീടിക വരാന്തക്കടുത്ത് കണ്ട ബെഞ്ചില്‍ പുസ്തകം നിരത്തിവെച്ചു. പലരും അതു കണ്ട് അവജ്ഞ പ്രകടിപ്പിച്ചു. കുറേപേര്‍ സയ്യിദ് മൗദൂദിയെ കൊച്ചാക്കി സംസാരിച്ചു. ജുമുഅ സമയത്ത് ഞങ്ങള്‍ പുസ്തകങ്ങള്‍ കെട്ടാക്കിവെച്ച്, പള്ളിയില്‍ കയറിയപ്പോള്‍ പള്ളിക്കകത്തുനിന്ന് കേട്ടത്, ഞങ്ങള്‍ക്കെതിരിലുള്ള കുശുകുശുക്കലുകളാണ്. ജുമുഅ കഴിഞ്ഞ് പെട്ടെന്ന് സ്ഥലം വിടുന്നതാണ് ബുദ്ധിയെന്ന് ചില പരിചയക്കാര്‍ ഉപദേശിച്ചു. ഭക്ഷണം കൊടുക്കാതെ പറഞ്ഞയക്കാനും ആക്രോശമുണ്ടായി. ഒരുവിധം അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. അവിടെനിന്ന് പരപ്പന്‍പൊയിലിലെത്തിയപ്പോള്‍, ഒരാള്‍ ഭക്ഷണത്തിന് ക്ഷണിച്ചെങ്കിലും അയാള്‍ക്ക് അതുമുഖേന ബുദ്ധിമുട്ടു വേണ്ടെന്ന് കരുതി ഞങ്ങള്‍ ക്ഷണം നിരസിച്ചു. അപ്പോഴേക്കും വിഷയം കൊടുവള്ളിയിലാകെ പരന്നിരുന്നു.
കൊടും വൈരം സൗഹൃദത്തിന് വഴിമാറുന്നു
ജമാഅത്തിന്റെ സംരംഭങ്ങളും സ്ഥാപനങ്ങളും ജനസ്വീകാര്യത നേടിയത് യാഥാസ്ഥിതിക വിഭാഗങ്ങളെ വിറളി പിടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നാടുനീളെ സ്റ്റേജ് കെട്ടി ജമാഅത്തിനെ ഭര്‍ത്സിച്ചു. ആയിടെ കൊടുവള്ളിയിലും വാണിയമ്പലം മുസ്‌ലിയാര്‍ പ്രസംഗിച്ചു. 'ഇസ്‌ലാം മതം' എന്ന കൃതിയെ തെറ്റായി ഉദ്ധരിച്ചായിരുന്നു പ്രസംഗം. ഇതിന്റെ സത്യാവസ്ഥ ടി.കെ.സി മോയിന്‍ ഹാജി മുഖേന മുസ്‌ലിയാരെ ധരിപ്പിക്കാന്‍ ഉദ്ദേശിച്ച് ഞാന്‍, മോയിന്‍ ഹാജിയുടെ ഓഫീസില്‍ കയറിച്ചെന്നു. പറമ്പത്തുകാവ് പള്ളിയില്‍ ജമാഅത്ത് ഭ്രഷ്ടിന് നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു മോയിന്‍ ഹാജി. കൈയിലുള്ള 'ഇസ്‌ലാം മതം' തുറന്നു കാണിച്ചു. ഹാജി പുസ്തകം വാങ്ങി വലിച്ചൊരേറ് കൊടുത്തു. അവിടെയുണ്ടായിരുന്ന പി.ടി ആലിക്കുട്ടി ഹാജി പറഞ്ഞതനുസരിച്ച് ഞാന്‍ പെട്ടെന്ന് അവിടെനിന്ന് മാറിനിന്നു.
ഈ സംഭവം പിന്നീട് ഗുണമായാണ് ഭവിച്ചത്. മോയിന്‍ ഹാജിയും ഞാനും തമ്മില്‍ നല്ല ബന്ധം പിന്നീട് വളര്‍ന്നുവന്നു. ഒരിക്കല്‍ അദ്ദേഹം 'ഇസ്‌ലാം മതം' ആവശ്യപ്പെടുകയും ഞാനെത്തിച്ചുകൊടുക്കുകയും ചെയ്തു. പലപ്പോഴും എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിക്കും. എന്റെ പീടികയുടെ വരാന്തയുടെ ഉപ്പിന്‍പെട്ടിയില്‍ വന്നിരുന്ന് ദീര്‍ഘമായി സംസാരിക്കും. ആയിടെ തലശ്ശേരിയില്‍ നടന്ന ജമാഅത്തിന്റെ മേഖലാ സമ്മേളനത്തില്‍ അണ്ടോണ പി.സി മാമു ഹാജിയോടൊപ്പം രണ്ടു ദിവസം പൂര്‍ണമായി പങ്കെടുത്തു. കൊടുവള്ളിയിലെ മദ്‌റസക്കു വേണ്ടിയുള്ള പൊതു കലക്ഷനില്‍ അദ്ദേഹമൊരിക്കല്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം വന്നു. അദ്ദേഹത്തിന്റെ കൈവശമുള്ള 5 ഏക്കര്‍ തോട്ടം പാതിവിലയ്ക്ക് മദ്‌റസക്കു വേണ്ടി വിട്ടുതന്നു. എതിര്‍പ്പുകള്‍ക്കും വിചാരണക്കും മുന്നില്‍ നിന്ന അദ്ദേഹത്തിന്റെ പിതാവ് പരിയേയിക്കുട്ടി അധികാരി പില്‍ക്കാലത്ത്, ജമാഅത്ത് നേതാക്കളുടെ പ്രസംഗം കേട്ട്, 'അവര്‍ പറഞ്ഞതിലെന്താണ് തെറ്റ്' എന്നു പോലും ചോദിക്കുകയുണ്ടായി. പ്രബോധന പ്രവര്‍ത്തന രംഗത്ത്, 'പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്' എന്ന ഖുര്‍ആനിക പാഠം മനസ്സിലെ കെടാത്ത വെളിച്ചമായി അവശേഷിക്കുന്നു.
Comments