Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 02

3041

1439 ജമാദുല്‍ ആഖിര്‍ 13

കരുത്തുറ്റ രാഷ്ട്രീയബോധമാണ് സത്യാനന്തരകാലം ആവശ്യപ്പെടുന്നത്

ഡോ. പി.ജെ വിന്‍സെന്റ്

രാഷ്ട്രീയ സംസ്‌കൃതിയെ സംബന്ധിച്ച ചര്‍ച്ച ഏറെ പ്രസക്തമായ കാലമാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ രാഷ്ട്രീയ പ്രക്രിയയുടെ അടിസ്ഥാന ശിലകളാണ്. അവയുടെ നയങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നത്. എന്നാല്‍ ഇതിന്റെയെല്ലാം അന്തര്‍ധാരയായി ഒരു രാഷ്ട്രീയ സംസ്‌കൃതി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജനാധിപത്യ ഭരണകൂടങ്ങളും ജനാധിപത്യ രാഷ്ട്രീയ സംസ്‌കൃതിയെ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നത്. രാഷ്ട്രീയ സംസ്‌കൃതിയില്‍ വരുന്ന മാറ്റങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളിലും അവരുടെ നയങ്ങളിലും മാത്രമല്ല സ്വാധീനം ചെലുത്തുന്നത്. സര്‍ക്കാറിന്റെ സ്വരൂപത്തെ തന്നെ അത് വലിയ അളവില്‍ ബാധിക്കും. 1789-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് ആരംഭിച്ച ഒരു ജനാധിപത്യ പ്രക്രിയയാണിത്. ഇതിന് വിരുദ്ധമായ പ്രതിചലനം തുടങ്ങുന്നത് 1980-കളിലാണ്. 1982-ല്‍ മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വികസന കാര്യങ്ങളില്‍ രാഷ്ട്രീയം പാടില്ല (De Politicisation of Development) എന്ന ആശയം മുന്നോട്ടു വെക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ വികസന കാര്യങ്ങളില്‍ മാത്രമാണ് രാഷ്ട്രീയം ആവശ്യമുള്ളത്. വികസന കാര്യങ്ങളില്‍ രാഷ്ട്രീയത്തെ അകറ്റിനിര്‍ത്തുന്നതോടു കൂടി രാജ്യം പൂര്‍ണമായും സമ്പന്നവര്‍ഗത്തിന്റെ നിയന്ത്രണത്തിലേക്ക് വീഴും. ഫലമോ, രാഷ്ട്രീയ-സാമ്പത്തിക നയരൂപീകരണത്തില്‍ അടിസ്ഥാന വര്‍ഗത്തിന്റെയോ സാമൂഹിക സുരക്ഷിതത്വം ആവശ്യമായ വിഭാഗങ്ങളുടെയോ താല്‍പര്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോകും. സമ്പന്ന വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കപ്പെടുക.

ഈ ആശയം ആഗോളീകരണത്തിന്റെ അടിസ്ഥാനപ്രമാണമായി മാറുകയുണ്ടായി. ശേഷം 1991-ല്‍ മൂന്ന് അവസാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് നവലോകക്രമം കടന്നുവന്നത്. ഭൂമിശാസ്ത്രത്തിന്റെ അവസാന (End of Geography)  മായിരുന്നു അതിലൊന്ന്. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്ന് സാധനങ്ങളുടെയും സേവനങ്ങളുടെയും പ്രവാഹം ഉറപ്പു വന്നതോടെ അതിര്‍ത്തികള്‍ക്ക് പ്രാധാന്യമില്ലാതെയായി. ചരിത്രത്തിന്റെ അന്ത്യ(End of History)മായിരുന്നു മറ്റൊന്ന്. സംഘര്‍ഷങ്ങള്‍ അവസാനിച്ചുകഴിഞ്ഞാല്‍ പിന്നെ പുതിയ സാമൂഹിക രൂപീകരണം ഉണ്ടാവുകയില്ല. അതുകൊണ്ടാണ് ചരിത്രം അവസാനിച്ചതായി പ്രഖ്യാപിച്ചത്. മൂന്നാമത്തേതും കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രത്യയശാസ്ത്രങ്ങളുടെ അന്ത്യമാണ് (End of Ideology). ഇവിടെ ഉദ്ദേശ്യം രാഷ്ട്രീയം പ്രത്യയശാസ്ത്രങ്ങളാണ്. പൊളിറ്റിക്കല്‍ ആവുക എന്ന പ്രക്രിയയില്‍നിന്ന് മനുഷ്യനെ പിന്നോട്ട് വലിക്കുന്ന പ്രഖ്യാപനമായിരുന്നു അത്. പൊളിറ്റിക്കല്‍ ആവുക എന്ന് പറയുമ്പോള്‍, രാഷ്ട്രസംബന്ധിയായ കാര്യങ്ങളില്‍ ഇടപെടുക എന്നാണ് നാം പൊതുവെ മനസ്സിലാക്കാറുള്ളത്. അതിനുമപ്പുറത്തേക്ക് ഒരു മനുഷ്യനും മറ്റൊരു മനുഷ്യനും തമ്മിലുള്ള അധികാര ബന്ധത്തെ നിര്‍ണയിക്കുന്ന തലമാണ് രാഷ്ട്രീയം. ഏകദൈവവിശ്വാസം അടക്കമുള്ള സംഗതികളെല്ലാം തന്നെ ആധുനിക രാഷ്ട്രീയ രൂപീകരണത്തിന്റെയും പൊളിറ്റിക്കല്‍ ആവുന്നതിന്റെയും അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം എങ്ങനെയാണ് ജനാധിപത്യപരമാവുക? സ്വാഭാവികമായും അവര്‍ തമ്മില്‍ സാഹോദര്യമുണ്ടാകണം. സാഹോദര്യബന്ധം ഉണ്ടാകുന്നത് എങ്ങനെയാണ്? പൊതുവായ മാതാപിതാക്കള്‍ ഉണ്ടെങ്കിലല്ലേ സഹോദര്യം ഉണ്ടാകൂ. ഇവിടെയാണ് ഏകദൈവ വിശ്വാസം പ്രസക്തമാകുന്നത് പൊതുവായ ഒരു സ്രഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുമ്പോള്‍, ആ ഏകദൈവ വിശ്വാസത്തില്‍നിന്ന് സാഹോദര്യം എന്ന ആശയം താഴേക്ക് രൂപപ്പെട്ടു വരികയും വികസിക്കുകയും ചെയ്യുന്നു. മത-ആത്മീയ തലത്തില്‍ മാത്രം നിലനിന്നിരുന്ന സാഹോദര്യത്തെ കുറിച്ച സംവാദത്തെ രാഷ്ട്രീയ തലത്തിലേക്ക് ആദ്യമായി കൊണ്ടുവന്ന് വിജയിപ്പിക്കുന്നത് ഫ്രഞ്ച് വിപ്ലവകാരികളാണ്. ഫ്രഞ്ച് വിപ്ലവം ഉയര്‍ത്തിയ മൂന്ന് മുദ്രാവാക്യങ്ങളാണ് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. സാഹോദര്യത്തെ ഒരു രാഷ്ട്രീയ പ്രയോഗമായി, ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായി ആദ്യമായി അവതരിപ്പിക്കുന്നതും ഫ്രഞ്ച് വിപ്ലവകാരികളാണ്. അത് അപ്പടി ഇന്ത്യന്‍ ഭരണഘടനയില്‍ നമ്മള്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്തു. ഈ സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സംസ്‌കൃതിയാണ് ഇതഃപര്യന്തം ഇന്ത്യയില്‍ നിലനിന്നത്. അതുകൊണ്ടാണ് സാമ്രാജ്യത്വ-കൊളോണിയല്‍ വിരുദ്ധ സമരത്തില്‍ ജാതി-മത-ഭേദമന്യേ എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി പോരാടിയത്. സകല തലങ്ങളിലെയും മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വവും സാഹോദര്യവും ഉറപ്പു വരുത്തുന്ന രാഷ്ട്രീയ പ്രയോഗമായാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം രംഗപ്രവേശം ചെയ്തത്. ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളെ ആധാരമാക്കിയാണ് 1947 മുതല്‍ 1990 വരെ ഇന്ത്യയുടെ രാഷ്ട്രീയ സംസ്‌കൃതി പ്രവര്‍ത്തിച്ചത്. 1991-ല്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ രാഷ്ട്രീയത്തിന്റെ അരാഷ്ട്രീയ വത്കരണം (De Politicisation of Politics) എന്ന പ്രക്രിയ നടന്നു. അഥവാ രാഷ്ട്രീയത്തില്‍ നിങ്ങള്‍ ജനസംബന്ധിയായ കാര്യങ്ങളോ സാഹോദര്യത്തെ സംബന്ധിച്ചോ ചര്‍ച്ച ചെയ്യേണ്ടതില്ല. പകരം ലളിതസുന്ദരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതി. രാഷ്ട്രീയ സംവാദങ്ങളെ നാട്ടില്‍ നടക്കുന്ന ലളിതയുക്തിയിലേക്ക് ചുരുക്കാന്‍ ആഗോള പ്രത്യയശാസ്ത്രം ശ്രമിച്ചു. അതിന്റെ ഫലമായി രാഷ്ട്രീയത്തില്‍നിന്ന് രാഷ്ട്രീയപരത ഇല്ലാതായി.

രാഷ്ട്രീയത്തില്‍നിന്ന് രാഷ്ട്രീയപരത എടുത്തുകളഞ്ഞതോടെ മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെ ജനാധിപത്യവത്കരിക്കുന്നത് മന്ദഗതിയിലായി. മതബോധങ്ങളുടെയും വര്‍ഗീയ ബോധങ്ങളുടെയും അടിസ്ഥാനത്തില്‍ ആളുകളെ വിഭജിക്കുന്ന രാഷ്ട്രീയം തൊണ്ണൂറുകള്‍ക്ക് ശേഷം ഇന്ത്യയില്‍ രൂപപ്പെട്ടു തുടങ്ങി. ആഗോളാടിസ്ഥാനത്തില്‍ തന്നെ സംഭവിച്ച ഒരു മാറ്റമാണിത്. ഇന്ത്യയില്‍ അത് വളരെ സവിശേഷമായ രൂപത്തില്‍ പ്രയോഗിക്കപ്പെട്ടു എന്നു മാത്രം. ഇതിന്റെ ഫലമായാണ് സാമൂഹികാനന്തര സമൂഹം (Post Society) ഉണ്ടായത്. 2018-ല്‍ നമ്മുടെ സമൂഹം വിശേഷിപ്പിക്കപ്പെടുന്നത് 'സാമൂഹികാനന്തര സമൂഹം' എന്നാണ്. സാമൂഹികപരത പറ്റേ കുറയുകയും വ്യക്തിപരത അങ്ങേയറ്റം കൂടുകയും ചെയ്യുന്ന ഒരു സമൂഹം. അഥവാ വ്യക്തിമാത്രമാണ് ഞാന്‍, എന്റെ സാമൂഹിക ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച്, എന്റെ സകലമാന സ്വാര്‍ഥതകളും മുന്നോട്ട് വെക്കുന്ന, സാമൂഹികപരത യില്ലാത്ത വ്യക്തിയായി ഞാന്‍ മാറുന്നു. അത്തരത്തിലുള്ള വ്യക്തികളുടെ കൂട്ടം രൂപപ്പെട്ടപ്പോഴാണ് സാമൂഹികാനന്തര സമൂഹം ഉണ്ടായത്. സാമൂഹികാനന്തര സമൂഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് സത്യാനന്തരം (Post Truth).  അതായത് ഒരു രാഷ്ട്രീയ നയം രൂപീകരിക്കുമ്പോള്‍ യുക്തിക്കും വിചാരത്തിനും വിവേകത്തിനും പകരം ലളിതമായ വികാരങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുക. ഉദാഹരണം ബീഫ് നിരോധനം. അതിനെ സാധൂകരിക്കുന്ന ഏക ഘടകം, അത് വൈകാരികമായി ആളുകളെ സ്വാധീനിക്കുന്നു എന്നത് മാത്രമാണ്. അല്‍പം ബുദ്ധി ഉപയോഗിച്ചാല്‍, ഇതുകൊണ്ടുണ്ടാകുന്ന സാമൂഹിക ദുരന്തങ്ങള്‍ എന്തെല്ലാമാണ്, കര്‍ഷകരെ അത് എങ്ങനെ ബാധിക്കാം, ബീഫ് ആഹരിക്കുന്നവരുടെ സ്ഥിതി എന്താണ്, തുകല്‍ വ്യവസായത്തിന് എന്ത് സംഭവിക്കും തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. അപ്പോള്‍ സുബോധമുള്ള ഒരുത്തനും ബീഫ് നിരോധിക്കാന്‍ സാധിക്കില്ല. പക്ഷേ, അത് നമ്മുടെ നാട്ടില്‍ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ വിചാരത്തിനു മേല്‍ വികാരം ആധിപത്യം സ്ഥാപിക്കുന്ന സവിശേഷമായ സാഹചര്യമാണ് സത്യാനന്തര കാലം നമ്മുടെ മുന്നില്‍ വെക്കുന്നത്. അഥവാ രാഷ്ട്രീയപരത നഷ്ടപ്പെട്ട ഒരു സമൂഹം നമ്മളിലുണ്ടായി. പൊളിറ്റിക്കല്‍ ആവുക എന്നതു തന്നെയാണ് പ്രധാന പരിഹാരം. അങ്ങേയറ്റം പൊളിറ്റിക്കല്‍ ആവുക. പൊളിറ്റിക്കല്‍ ആകണമെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകല്‍ നിര്‍ബന്ധമില്ല. നിങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാം, ആകാതിരിക്കാം. പക്ഷേ, പൊളിറ്റിക്കല്‍ ആവാതെ ഒരിഞ്ച് മുന്നോട്ടു പോകാന്‍ സാധിക്കില്ല. കാരണം നമ്മള്‍ ജീവിക്കണോ മരിക്കണോ എന്ന് പോലും തീരുമാനിക്കുന്നത് രാഷ്ട്രീയ മണ്ഡലമാണ്. ആത്മഹത്യാശ്രമം നടത്തുന്ന ഒരാള്‍ക്കെതിരെ കേസെടുക്കുന്നത് എന്തുകൊണ്ടാണ്? അയാളുടെ ജീവന്റെ മേലുള്ള പരമാധികാരം രാഷ്ട്രത്തിനായതുകൊണ്ടാണത്.

നിങ്ങളെ തൂക്കിക്കൊല്ലാനുള്ള അധികാരവും രാഷ്ട്രത്തിന് മാത്രമാണ്. അപ്പോള്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നു എന്നത് കൊണ്ടാണ് ആത്മഹത്യാ ശ്രമം നടത്തുമ്പോള്‍ രാഷ്ട്രം നിങ്ങള്‍ക്കെതിരെ കേസെടുക്കരുത്. അത്രയും പ്രധാനപ്പെട്ടതാണ് രാഷ്ട്രീയം. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ രാഷ്ട്രീയരഹിതമായ ജീവിതം നയിക്കുക എന്ന ആന മഠയത്തരം നിരന്തരം കാണിച്ചുകൊണ്ടിരിക്കുന്നു.

നമ്മള്‍ ഇടപെടേണ്ട രാഷ്ട്രീയ മേഖലയില്‍നിന്ന് സ്വയം പിന്‍വാങ്ങിയ ഇടത്തേക്കാണ് രാഷ്ട്രീയപൂര്‍വ കാലത്തുണ്ടായിരുന്ന ജാതിബോധങ്ങളും വര്‍ഗീയ ബോധങ്ങളും കടന്നുവരുന്നത്. പ്രത്യയശാസ്ത്രത്തിന് ഒരു പ്രത്യേകതയുണ്ട്. അവിടെ ശൂന്യത ഒരിക്കലും നിലനില്‍ക്കില്ല. ശരിയും ശാസ്ത്രീയവും തത്ത്വാധിഷ്ഠിതവുമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അഭാവത്തില്‍ അവിടേക്ക് കടന്നുവരുന്നത് മനുഷ്യത്വവിരുദ്ധമായ ആശയങ്ങളായിരിക്കും, പ്രത്യേകിച്ചും ഫാഷിസ്റ്റ് ആശയങ്ങള്‍. മനുഷ്യത്വത്തിന്റെ നിരാസമായിരിക്കും പിന്നെ സംഭവിക്കുക.

ഒരു വ്യക്തി പൊളിറ്റിക്കല്‍ ആവുന്നത് അയാളുടെ ചരിത്ര-മത-സാംസ്‌കാരിക അനുഭവങ്ങളുമായി ജൈവബന്ധം പുലര്‍ത്തുന്നതിലൂടെയാണ്. ഒരു ജനതക്ക് തങ്ങള്‍ ചവിട്ടിനില്‍ക്കുന്ന മണ്ണില്‍ ഉറച്ചുനിന്ന്, തങ്ങളുടെ ചരിത്ര-സാംസ്‌കാരിക-പ്രത്യയശാസ്ത്ര അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയും ശാസ്ത്രീയവും തത്ത്വാധിഷ്ഠിതവുമായ രാഷ്ട്രീയ നിലപാടെടുക്കാന്‍ സാധിക്കേണ്ടതുണ്ട്. മതബോധ്യങ്ങളില്‍നിന്ന് ഏറ്റവും ശരിയും ശാസ്ത്രീയവുമായ രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തിയ മഹത്തായ പാരമ്പര്യമുള്ള ജനതയാണ് ലോക മുസ്‌ലിംകള്‍. പ്രവാചകനായി കടന്നുവന്ന് ഒരു രാഷ്ട്രം സ്ഥാപിച്ച് ശാസ്ത്രീയമായ രാഷ്ട്രീയാനുഭവം ലോകത്തിന് പകര്‍ന്നു നല്‍കിയ വ്യക്തിയാണ് മുഹമ്മദ് നബി. ആ പാരമ്പര്യത്തില്‍നിന്നു കൊണ്ട് വലിയ  മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. അതുകൊണ്ട് ലളിതമായ ആത്മീയപരതയിലോ ആചാരാനുഷ്ഠാനങ്ങളിലോ മാത്രം അഭിരമിക്കുന്നതിനു പകരം സാമൂഹിക മാറ്റത്തിനുള്ള ഉപാധിയായി തങ്ങളുടെ വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും പ്രായോഗിക്കേണ്ടതുണ്ട്. കേരള മുസ്‌ലിംകളുടെ ചരിത്രാനുഭവം അങ്ങനെ തന്നെയാണ്. പതിനാറാം നൂറ്റാണ്ടില്‍ ആദ്യമായി, കോളനിവിരുദ്ധ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തുഹ്ഫത്തുല്‍ മുജാഹിദീന്‍ രചിക്കപ്പെട്ടത് കേരളത്തിലാണ്. അതുകൊണ്ടാണ് നൂറ് വര്‍ഷം നീണ്ടുനിന്ന കോളനിവിരുദ്ധ സമരം ജാതി-മത-വര്‍ഗ വിഭാഗങ്ങള്‍ ഒത്തുചേര്‍ന്ന് കേരള തീരത്ത് നടത്താന്‍ സാധിച്ചത്. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സത്യാനന്തര സമൂഹത്തിലെ വിഹ്വലതകള്‍ അഭിമുഖീകരിക്കാനും ശരിയായ രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് തിരിച്ചുവരാനും നമുക്ക് സാധിക്കേണ്ടതുണ്ട്. 

(കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗഷേന്‍ 2018 ഫെബ്രുവരി 10,11 തീയതികളില്‍ കോഴിക്കോട് ജെ.ഡി.റ്റി കാമ്പസില്‍ സംഘടിപ്പിച്ച ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ 'രാഷ്ട്രീയ സൗഹൃദം: സമവായവും സംഘര്‍ഷവും' സെഷനില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (4-6)
എ.വൈ.ആര്‍