മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി
മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇതുവരെയും അറുതിയായിട്ടില്ല. അത് മൂര്‍ഛിക്കുന്നതിന്റെ സൂചനകള്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാന്‍ സുപ്രീംകോടതി നല്‍കിയ ഉത്തരവ് ചീഫ് ജസ്റ്റിസിനെ തന്നെ തടവിലാക്കിയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുമാണ് പ്രസിഡന്റ് യാമീന്‍ അബ്ദുല്ല നിര്‍വീര്യമാക്കിയത്. മാലദ്വീപിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ്, പ്രശ്‌നം അതീവ ഗുരുതരമായതിനാല്‍ ഇന്ത്യ സൈനികമായി തന്നെ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. സൈനിക ഇടപെടലിന് ന്യായമായി അദ്ദേഹം മറ്റൊരു കാര്യം കൂടി എടുത്തു പറയുന്നുണ്ട്. മാലദ്വീപില്‍ 'റാഡിക്കല്‍ ഇസ്‌ലാമി'ന്റെ വളര്‍ച്ച! ഇന്ത്യ 1988-ല്‍ മാലദ്വീപില്‍ സൈനികമായി ഇടപെടുകയും അന്നത്തെ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിന്റെ ഭരണകൂടത്തെ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. രാജീവ് ഗാന്ധിയാണ് അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി. ശ്രീലങ്കയില്‍നിന്നെത്തിയ ഒരു വിഭാഗമായിരുന്നു അന്ന് ഗവണ്‍മെന്റ് സ്ഥാപനങ്ങളും മറ്റും പിടിച്ചെടുത്ത് തികഞ്ഞ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചത്. ഇന്ത്യന്‍ ഗവണ്‍മെന്റിനോടുള്ള ആ നന്ദിയും കടപ്പാടും അബ്ദുല്‍ ഖയ്യൂം മറച്ചുവെച്ചിരുന്നുമില്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയും രാജ്യത്തുടനീളം മദ്യഷോപ്പുകള്‍ തുറന്നും ഇസ്‌ലാമിക അനുഷ്ഠാനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയും അദ്ദേഹം 'പരിഷ്‌കരണങ്ങള്‍' കൊണ്ടുവരുന്നതാണ് പിന്നീട് കാണാനായത്.
ഏറക്കുറെ നൂറ് ശതമാനത്തോളം മുസ് ലിംകളുള്ള മാലദ്വീപില്‍ അബ്ദുല്‍ ഖയ്യൂമിന്റെ ഇത്തരം നടപടികള്‍ വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തി. അതിന് നേതൃത്വം കൊടുത്തതാകട്ടെ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും അതിന്റെ നേതാവായ മുഹമ്മദ് നശീദും. പിന്നെ നടന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദ് നശീദ് പ്രസിഡന്റായി. പക്ഷേ, തെരഞ്ഞെടുപ്പ് കാലത്ത് താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളൊക്കെയും സൗകര്യപൂര്‍വം വിസ്മരിക്കുകയാണ് അദ്ദേഹം ചെയ്തത്. അബ്ദുല്‍ ഖയ്യൂമിന്റെ അതേ നയങ്ങള്‍ തന്നെ നശീദും പിന്തുടര്‍ന്നപ്പോള്‍ ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇടപെട്ട് നശീദിനെ പുറത്താക്കുകയായിരുന്നു. പിന്നെയാണ് യാമീന്‍ അബ്ദുല്ല പ്രസിഡന്റാകുന്നത്.
ചുരുക്കത്തില്‍ അധികാര വടംവലിയാണ് ഈ ദ്വീപസമൂഹത്തില്‍ നടക്കുന്നത്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ നിലപാട് ശരി എന്ന് പറയാനൊക്കില്ല. അതേസമയം, മാലദ്വീപ് സമൂഹം തീവ്രവാദവല്‍ക്കരിക്കപ്പെടുന്നു എന്ന് മുറവിളി കൂട്ടുന്ന നശീദിന്, താന്‍ ഒരു പാശ്ചാത്യ പദാവലി, അവരെ തൃപ്തിപ്പെടുത്താന്‍ അതേപടി ഏറ്റുചൊല്ലുകയാണെന്നുമറിയാം. കാരണം അദ്ദേഹം ഒരു ഇസ്‌ലാമിക കലാലയത്തില്‍നിന്ന് പഠിച്ചിറങ്ങിയ ആളാണ്. അതേ സ്ഥാപനത്തിന്റെ തന്നെ സന്തതിയാണ് നിലവിലുള്ള പ്രസിഡന്റ് യാമീന്‍ അബ്ദുല്ലയും. സ്വാര്‍ഥ താല്‍പര്യങ്ങള്‍ മാറ്റിവെച്ചാല്‍ ഇരുവര്‍ക്കും രാഷ്ട്രീയ പരിഹാര ഫോര്‍മുലയില്‍ ഒന്നിക്കാവുന്നതേയുള്ളൂ.
Comments