വാഗ്നറുടെ ഇസ്‌ലാം സ്വീകരണം നമ്മോട് പറയുന്നത്
ആര്‍തര്‍ വാഗ്നറുടെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പുള്ള ഇസ്‌ലാംസ്വീകരണം ജര്‍മന്‍ ജനതയെ അത്ഭുതപ്പെടുത്തുകയുായി. ജര്‍മനിയിലെ കടുത്ത ഇസ്‌ലാംവിരുദ്ധ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ പ്രമുഖ നേതാവായിരുന്നു വാഗ്നര്‍. ഈ തീവ്രവലതുപക്ഷ കക്ഷിയുടെ കിഴക്കന്‍ ജര്‍മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസി സമൂഹത്തിന്റെയും അവരുടെ ആരാധനാലയങ്ങളുടെയും ചുമതലയാണ് പാര്‍ട്ടിയില്‍ അദ്ദേഹം വഹിച്ചിരുന്നത്.
2013-ല്‍ യൂറോവിരുദ്ധ സമീപനവും പ്രചാരണവുമായാണ് എ.എഫ്.ഡി രംഗത്തുവന്നത്. വളരെ പെട്ടെന്നുതന്നെ അത് കടുത്ത മുസ്‌ലിംവിരുദ്ധ നിലപാട് സ്വീകരിക്കാന്‍ തുടങ്ങി. 2015-ല്‍ പത്ത് ലക്ഷത്തിലേറെ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സന്നദ്ധയായതോടെ രൂക്ഷ വിമര്‍ശനവുമായി ആള്‍ട്ടര്‍നേറ്റീവ് പാര്‍ട്ടി രംഗത്തെത്തി. 2017 സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആള്‍ട്ടര്‍നേറ്റീവ് ഉയര്‍ത്തിയ മുഖ്യ മുദ്രാവാക്യങ്ങളിലൊന്ന് 'ജര്‍മനിയില്‍ ഇസ്‌ലാമിന് ഇടമില്ല' എന്നായിരുന്നു. 2016-ല്‍ സംഘടന പുറത്തിറക്കിയ നയരേഖയില്‍ മുസ്‌ലിം പള്ളികളുടെ നിര്‍മാണവും പ്രവര്‍ത്തനവും ഭരണകൂടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. മുസ്‌ലിം സ്ത്രീകള്‍ മുഖംമൂടി(നിഖാബ്) ധരിക്കുന്നത് സര്‍ക്കാര്‍ തടയണമെന്ന ആവശ്യവും എ.എഫ്.ഡി ഉന്നയിക്കുകയുണ്ടായി. മുസ്‌ലിംകള്‍ ജര്‍മനിയില്‍ പ്രവേശിക്കാതിരിക്കാനായി അതിര്‍ത്തി കടന്നുവരുന്ന സിറിയന്‍ അഭയാര്‍ഥികളെ പട്ടാളം വെടിവെച്ചു കൊല്ലണമെന്നും പാര്‍ട്ടി ശക്തമായി ആവശ്യപ്പെട്ടു. അതോടൊപ്പം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 12.6 ശതമാനം വോട്ട് നേടി ബുണ്ടസ്റ്റാഗ് സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തി.
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയനിലാണ് വാഗ്നര്‍ പ്രവര്‍ത്തിച്ചിരുന്നത്. 2015-ല്‍ ഭരണകൂടം പത്ത് ലക്ഷത്തിലേറെ അഭയാര്‍ഥികളെ സ്വീകരിക്കാനെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് ആര്‍തര്‍ വാഗ്നര്‍ രാജിവെച്ച് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയില്‍ ചേരുകയായിരുന്നു. റഷ്യന്‍-ജര്‍മന്‍ കമ്യൂണിറ്റികളുടെ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു വാഗ്നര്‍.
ചെച്‌നിയന്‍ അഭയാര്‍ഥികളുടെ പരിഭാഷകന്‍ എന്ന നിലയില്‍ ആര്‍തര്‍ വാഗ്നറിന് മുസ്‌ലിംകളുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. റഷ്യന്‍ സന്ദര്‍ശനവേളയില്‍ അവിടത്തെ മുസ്‌ലിംകളുമായും ബന്ധപ്പെടാന്‍ സാധിച്ചു. ഇതോടെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച് വെച്ചുപുലര്‍ത്തിയിരുന്ന ധാരണകള്‍ അബദ്ധങ്ങളായിരുന്നുവെന്ന് ബോധ്യമായി. അതോടൊപ്പം ഇസ്‌ലാമിനെ അടുത്തറിയാനും മനസ്സിലാക്കാനും അവസരം ലഭിച്ചു. അങ്ങനെയാണ് ആര്‍തര്‍ വാഗ്നര്‍ ഇസ്‌ലാം സ്വീകരിച്ചത്. അതോടെ 2018 ജനുവരി 11-ന് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയില്‍നിന്ന് അദ്ദേഹം രാജിവെക്കുകയും ചെയ്തു.
വാഗ്നറുടെ മുമ്പ് മറ്റൊരു തീവ്ര വലതുപക്ഷ സംഘടനയായ ഫ്രീഡം പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ആര്‍നൗഡ് വാന്‍ ദൂറാന്‍ (അൃിീൗറ ഢമി ഉീീൃമി) 2013-ല്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു. അദ്ദേഹം പിന്നീട് സുഊദി അറേബ്യ സന്ദര്‍ശിക്കുകയും ഹജ്ജ് നിര്‍വഹിക്കുകയുമുണ്ടായി.
ആര്‍തര്‍ വാഗ്നര്‍ ഇസ്‌ലാം സ്വീകരണ ശേഷം തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമത്രെ: ''മിനാരങ്ങളും പള്ളികളും മുസ്‌ലിംകളും ജര്‍മനിക്ക് നാശം എന്ന ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ച് തെരുവുകളില്‍ ബഹളം വെക്കാതെ യഥാര്‍ഥ ഇസ്‌ലാം വിശ്വാസികളുമായി സൗഹൃദം പുലര്‍ത്തുകയും സര്‍ഗാത്മകമായി സംവദിക്കുകയുമാണ് വേണ്ടത്. അതോടെ ഇസ്‌ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണകളും മുന്‍വിധികളും തേഞ്ഞുമാഞ്ഞില്ലാതാകും. തെറ്റിദ്ധാരണകളുമായി കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജര്‍മന്‍ മുസ്‌ലിംകള്‍ക്കുമിടയില്‍ സ്‌നേഹപൂര്‍വമായ സാഹോദര്യബന്ധം സ്ഥാപിക്കാന്‍ ഞാന്‍ എന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.''
വാഗ്നറുടെ ഇസ്‌ലാം സ്വീകരണം സ്വാഭാവികമായും പലരെയും പ്രകോപിതരാക്കി. വെറുപ്പും വിദ്വേഷവും വളര്‍ത്തി 'ബോംബ് നിര്‍മിക്കാന്‍ പഠിക്കുന്നതിന് മുമ്പ് ജര്‍മനി വിട്ടുപോകണമെന്ന്' വരെ ചിലര്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ വാഗ്നറുടെ പ്രതികരണം സൗമ്യവും പക്വവുമായിരുന്നു. 'അതെല്ലാം അവര്‍ അറിവില്ലായ്മ കൊണ്ട് പറയുന്നത് മാത്രമാണെ'ന്ന വാക്കുകളില്‍ അദ്ദേഹം തന്റെ പ്രതികരണമൊതുക്കി.
മുമ്പെന്നത്തെയും പോലെ ഇസ്‌ലാമിന്റെ വശ്യതയും ആകര്‍ഷകത്വവും ഇന്നുംതികവോടെ നിലനില്‍ക്കുന്നുവെന്ന് വാഗ്നറുടെ ഇസ്‌ലാം സ്വീകരണം തെളിയിക്കുന്നു. കടുത്ത എതിരാളികളെപ്പോലും അടുത്ത അനുയായികളാക്കാനുള്ള അതിന്റെ കരുത്ത് ഒട്ടും ചോര്‍ന്നുപോയിട്ടില്ല. മുസ്‌ലിം സമൂഹത്തിന് എന്തൊക്കെ വ്യതിയാനങ്ങളും വൈകല്യങ്ങളുമുണ്ടെങ്കിലും ജീര്‍ണതകള്‍ ബാധിച്ചിട്ടുണ്ടെങ്കിലും അവരില്‍ ഇപ്പോഴും നിലനില്‍ക്കുന്ന നന്മ സുമനസ്സുകളെ സ്വാധീനിക്കാനും ആകര്‍ഷിക്കാനും പോന്നതാണെന്നും വാഗ്നറുടെ ഇസ്‌ലാം ആശ്ലേഷം തെളിയിക്കുന്നു.
ഇത് നമുക്ക് നല്‍കുന്ന പാഠവും സന്ദേശവും വലുതാണ്. ഇസ്‌ലാമിനെ എതിര്‍ക്കുകയും മുസ്‌ലിംകളെ ദ്രോഹിക്കുകയും ചെയ്യുന്നവര്‍ പോലും നമ്മുടെ ശത്രുക്കളല്ല, പ്രബോധിതരാണ്. ഫാഷിസ്റ്റുകളെന്ന് നാം വിളിച്ചാക്ഷേപിക്കുന്ന വര്‍ഗീയവാദികളും നന്നായേക്കാം. അവരില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകള്‍ നീക്കാനും നേര്‍വഴി തെളിയിച്ചു കാണിക്കാനും സാധിച്ചാല്‍ സദ്ഫലങ്ങളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അതുകൊണ്ടായിരിക്കുമല്ലോ ഫറവോന്‍ സന്മാര്‍ഗം സ്വീകരിക്കാതെ നശിപ്പിക്കപ്പെട്ടിട്ടും അദ്ദേഹത്തെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്താന്‍ അല്ലാഹു ആവശ്യപ്പെട്ട കാര്യം ഖുര്‍ആന്‍ ഉദ്ധരിച്ചത്. ഫിര്‍ഔന്റെ അടുത്തേക്ക് മൂസാ നബിയെയും ഹാറൂന്‍ നബിയെയും നിയോഗിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: ''നിങ്ങളിരുവരും ഫിര്‍ഔന്റെ അടുത്തേക്ക് പോവുക. നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു. നിങ്ങളവനോട് സൗമ്യമായി സംസാരിക്കുക. ഒരുവേള അവന്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ. അല്ലെങ്കില്‍ ഭക്തിയുള്ളവനായെങ്കിലോ'' (20:43,44).
മൂസാ നബിയും ഹാറൂന്‍ നബിയും കൊല്ലങ്ങളോളം ഈ പ്രബോധന ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. എന്നിട്ടും അയാളില്‍ ഒരു മാറ്റവുമുണ്ടായില്ല. കടലില്‍ മുങ്ങി മരിക്കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ക്കു ശേഷം അല്ലാഹു ഖുര്‍ആനില്‍ അന്ന് മൂസാ നബിയെയും ഹാറൂന്‍ നബിയെയും ഞാന്‍ പറഞ്ഞയച്ചത് ഫറവോന്‍ നന്നായേക്കാമെന്ന പ്രതീക്ഷ വളര്‍ത്തിക്കൊണ്ടാണെന്ന് പറഞ്ഞത് എന്തിനാണ്? ഉത്തരം വളരെ വ്യക്തവും അനിഷേധ്യവുമാണ്. പ്രബോധിതര്‍ ഫിര്‍ഔനെപ്പോലെ കടുത്ത അക്രമിയും കൊലയാളിയും മര്‍ദകനും വംശീയഭ്രാന്തനും ഏകാധിപതിയുമൊക്കെയാണെങ്കിലും അവരില്‍ പ്രതീക്ഷ പുലര്‍ത്തണമെന്നും സൗമ്യമായും മാന്യമായും മര്യാദയോടെയുമാണ് സംസാരിക്കേണ്ടതും ഇടപെടേണ്ടതുമെന്നും വിശ്വാസസമൂഹത്തെ പഠിപ്പിക്കാനാണ്. എത്ര കടുത്ത എതിരാളിയും നന്നാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അവരോട് സ്വീകരിക്കുന്ന സമീപനം സൗമ്യമായിരിക്കണം. അവരുടെ തിന്മ തടയുന്നത് നന്മ കൊണ്ടാകണം.
അങ്ങനെയാകുമ്പോള്‍ ശത്രു മിത്രവും എതിരാളി അനുയായിയും ആകാന്‍ സാധ്യതയുണ്ടെന്നാണ് ഉമറുല്‍ ഫാറൂഖിന്റെ സംഭവം തൊട്ട് ആര്‍തര്‍ വാഗ്നര്‍ വരെയുള്ളവരുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നത്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ രു പേര്‍ക്ക് മനംമാറ്റമുണ്ടായി സന്മാര്‍ഗം സ്വീകരിച്ച് നൂറ് പള്ളി പണിയാന്‍ തീരുമാനമെടുത്തത് തെളിയിക്കുന്നതും മറ്റൊന്നല്ല.
Comments