Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 02

3041

1439 ജമാദുല്‍ ആഖിര്‍ 13

'കസ്തൂരിഗന്ധം' വീശുന്ന പ്രജാപതിയുടെ ബാങ്കുകള്‍.....

ഇഹ്‌സാന്‍

'ഇന്ത്യന്‍ സമ്പദ്ഘടനയുടെ മണ്ണടരുകളില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ വിലയിരുത്താനുള്ള കഴിവ് ബിസിനസ് രംഗത്തുള്ള പത്രപ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെടുന്നതുകൊണ്ടാണ് കോര്‍പറേറ്റ് മേഖലയിലെ ഭൂചലനങ്ങള്‍ അവര്‍ക്ക് മുന്‍കൂട്ടി മനസ്സിലാക്കാനാവാത്തതെന്നാ'ണ് ഹിന്ദു ദിനപത്രത്തിന്റെ മുതിര്‍ന്ന എഡിറ്റര്‍മാരിലൊരാളായ എ.പി പനീര്‍ശെല്‍വം 2016-ല്‍ എഴുതിയ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത് (What ails Busines journlism?, October 31).എന്നാല്‍ ഇത് അത്രയങ്ങ് ലളിതമായിരുന്നില്ല. പഞ്ചാബ് നാഷ്‌നല്‍ ബാങ്കില്‍നിന്നും കോടികള്‍ അടിച്ചുമാറ്റി രാജ്യം വിട്ട നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോസ്‌കിയെ കുറിച്ച് ഒരു വര്‍ഷത്തിലേറെയായി ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ടായിരുന്നു. ഏറിയാല്‍ 30 കോടിയുടെ മാത്രം ആസ്തിയുള്ള നീരവും ചോസ്‌കിയും ബാങ്കില്‍നിന്നും 9872 കോടി കടമെടുത്തത് ഊതിവീര്‍പ്പിച്ച വരുമാനക്കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും ഇവരുടെ വായ്പ വിജയ് മല്യയുടേതിനു സമാനമായ രീതിയില്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത ഒന്നായി മാറിയേക്കുമെന്നും ബംഗളൂരു കേന്ദ്രീകരിച്ച് രംഗത്തുള്ള ഹരിപ്രസാദ് എന്ന വ്യവസായി 2016-ല്‍ പ്രധാനമന്ത്രിക്ക് എഴുതി. പക്ഷെ 'ഗുജറാത്തിന്റെ മുത്തുകളായ' നീരവിനും അമ്മാവനുമെതിരെ പ്രധാനമന്ത്രി കാര്യാലയം കാര്യമായ ഒരു നീക്കവും നടത്തിയില്ല. തുടര്‍ന്ന്  പ്രധാനപ്പെട്ട എല്ലാ ദേശീയ മാധ്യമങ്ങള്‍ക്കും പ്രസാദ് ഇവരെക്കുറിച്ച വിവരങ്ങള്‍ കൈമാറി. അക്കൂട്ടത്തില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ മാത്രം നിലപാട് ഇവിടെ സവിശേഷമായി വിലയിരുത്തേണ്ടതുണ്ട്. ഹരിപ്രസാദ് നല്‍കിയ വാര്‍ത്ത സ്വന്തം സ്ഥാപനത്തിനകത്ത് ഉണ്ടാക്കാനിടയുള്ള 'ഭൂകമ്പം' മനസ്സിലായതുകൊണ്ടുതന്നെയാണ് അവര്‍ വാര്‍ത്ത മുക്കിയത്. ചോസ്‌കിയുടെ ആഭരണ ശൃംഖലയായ 'ബ്രാന്‍ഡ് കാപ്പിറ്റലു'മായി 2011 മുതല്‍ സഹകരണ കരാറില്‍ ഒപ്പിട്ട സാഹചര്യത്തില്‍ പത്രത്തിന്റെ ബിസിനസ് താല്‍പര്യങ്ങളായിരുന്നു അവര്‍ക്ക് പ്രധാനം. പനീര്‍ശെല്‍വം പറഞ്ഞതു ഭാഗികമായി മാത്രമാണ് ശരിയാകുന്നുണ്ടായിരുന്നത്. മണ്ണടരുകളില്‍ നടക്കുന്നത് അറിയാത്തതായിരുന്നില്ല പ്രശ്‌നം. കുറെക്കാലമായി ബി.ജെ.പി ഒപ്പം കൊണ്ടുനടക്കുന്ന, മോദിയുടെ ഈ അടുപ്പക്കാരന്റെ കാര്യത്തില്‍ പ്രധാനമന്ത്രി കാര്യാലയത്തിനുമുണ്ടായിരുന്നു തടസ്സങ്ങള്‍.   

നീരവ് മോദി എങ്ങനെയാണ് പഞ്ചാബ് നാഷ്‌നല്‍ ബാങ്കിനെ (പി.എന്‍.ബി) വഞ്ചിച്ചതെന്നതിന്റെ സൂക്ഷ്മമായ വിവരങ്ങള്‍ ഇനിയും പുറത്തു വരുന്നതേ ഉള്ളൂ. തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കു വേണ്ടി വിദേശത്തു നിന്നും രത്‌നങ്ങള്‍ വാങ്ങാന്‍ വായ്പ വേണമെന്ന വ്യാജേനയാണ് പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരുടെ പട്ടികയില്‍ പെട്ട നീരവ് മോദി ബാങ്കിലെത്തുന്നത്. നീരവിന്റെ വസ്തുവകകള്‍ ഈട് വെക്കാതെയും അയാള്‍ കൊടുത്ത വരുമാനക്കണക്കുകള്‍ അപ്പടി അംഗീകരിച്ചും ഇന്ത്യക്കു പുറത്തുള്ള ചില ബാങ്കുകളില്‍നിന്നും വായ്പയെടുക്കാന്‍ പി.എന്‍.ബി ജാമ്യം നിന്നു.  ഭരണകക്ഷിയുമായുള്ള ബന്ധം തന്നെയാണ് അതിന് നീരവിനെ സഹായിച്ചിട്ടുണ്ടാവുക. 2011-ല്‍ നീരവ് മോദി തുടക്കമിട്ട ഈ വായ്പയുടെ തുടര്‍ച്ചയായി പണം തിരിച്ചടക്കുന്നതിനു പകരം വിദേശബാങ്കില്‍നിന്നും കൂടുതല്‍ തുകക്ക് ലോണുകള്‍ സംഘടിപ്പിച്ചു കൊടുക്കുകയും ഈ തുകയില്‍നിന്നും പലിശ മാത്രം അടച്ച് പഴയ ലോണ്‍ അതേപടി നിലനിര്‍ത്തുകയുമാണ് മോദി ചെയ്തുകൊണ്ടിരുന്നത്. നീരവ് മോദിക്ക് നേരിട്ടു പണം നല്‍കാതെ പഞ്ചാബ് നാഷ്‌നല്‍ ബാങ്കിന്റെ നോസ്‌ട്രോ അക്കൗണ്ടിലൂടെയായിരുന്നു ഈ ഇടപാടുകളത്രയും. പി.എന്‍.ബി നല്‍കിയ ഗ്യാരണ്ടി മാത്രമായിരുന്നു ഈ വിദേശ വായ്പയുടെ അടിസ്ഥാനം. അതു കൊണ്ടുതന്നെ നീരവ് മുക്കിയ 11,600 കോടി തിരിച്ചടക്കേണ്ടത് ബാങ്കിന്റെ മാത്രം ബാധ്യതയായി മാറുകയും ചെയ്തു.  ഏറ്റവുമധികം തുക കൈമാറിയത് 2017-18 കാലയളവിലാണെന്ന്  സി.ബി.ഐ തന്നെ വ്യക്തമാക്കിയതോടെ മോദിയുടെ ഭരണകാലത്താണ് ഈ കൊടും തട്ടിപ്പ് അരങ്ങേറിയതെന്ന് തെളിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സഹായിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ശരി ഏറ്റവും മികച്ച ബാങ്കിംഗ് സേവനങ്ങള്‍ക്കുള്ള മൂന്ന് ബഹുമതികളാണ് കഴിഞ്ഞ വര്‍ഷം പഞ്ചാബ് നാഷ്‌നല്‍ ബാങ്കിനെ തേടിയെത്തിയത്. മന്ത്രാലയം ഒന്നും അറിയുന്നുണ്ടായിരുന്നില്ല 

എന്താണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്? വിജയ് മല്യ നാടുവിട്ട സംഭവത്തില്‍നിന്നും ഒരു പാഠവും പഠിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഗത്ത്. കോര്‍പറേറ്റുകള്‍ കൊള്ളയടിക്കുന്ന പൊതു ഖജനാവില്‍നിന്ന് എന്തെങ്കിലും വിഹിതം കിട്ടാനുള്ള വകുപ്പുണ്ടെങ്കില്‍ വായപൊത്തി വഴിമാറി നടക്കുന്ന മാധ്യമങ്ങള്‍ മറുഭാഗത്ത്. ഉണ്ടായ സംഭവത്തെ കുറിച്ച് ജനപക്ഷത്തു നിന്ന് ഒരക്ഷരം പറയാതെ കുറ്റം എങ്ങനെ കോണ്‍ഗ്രസിന്റെ ഭരണകാലത്തേതാക്കി മാറ്റിയെടുക്കാമെന്ന് തലപുകഞ്ഞ് ആലോചിക്കുന്ന ഭരണകക്ഷി. കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങളെ അതേപടി ആവര്‍ത്തിക്കാനായിരുന്നു 2014-ല്‍ നരേന്ദ്ര മോദി പൊതു ജനത്തോട് വോട്ടു ചോദിച്ചതെന്ന് തോന്നിപ്പോകും ഈ കളി കണ്ടാല്‍. കോണ്‍ഗ്രസിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതിയായ സ്‌പെക്ട്രം കേസില്‍ എവിടെയോ ബി.ജെ.പി സര്‍ക്കാറുകളുടെ പങ്കു കൂടി വെളിപ്പെടുമെന്ന് ബോധ്യം വന്നതിനെ തുടര്‍ന്നാണല്ലോ ഈ കേസ് കോടതിയില്‍ പരാജയപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ ഒടുവില്‍ ഒത്താശ നടത്തിയത്. ഈ അഴിമതിയെ കുറിച്ച് വായിട്ടലക്കിയാണ് 2014-ല്‍ മോദി വോട്ടു ചോദിച്ചതെന്ന് പൊതുജനത്തെ ആര് ഓര്‍മപ്പെടുത്താന്‍?  

പച്ചയായ പകല്‍കൊള്ളക്ക് മുകളില്‍ ദേശസ്‌നേഹത്തിന്റെ മൂവര്‍ണ കൊടി പുതപ്പിക്കുന്ന ഒരു ഏര്‍പ്പാടായി മോദി ഭരണം മാറിക്കഴിഞ്ഞു. ഈ സാമ്പത്തിക ക്രമക്കേടുകളുടെ അങ്ങേത്തലക്കല്‍ നക്കാപ്പിച്ചകളുടെ ഷെയറു കൊടുത്ത് മാധ്യമങ്ങളെ കൂടി കുരുക്കിയിടുന്നതില്‍ ബി.ജെ.പി വിജയിച്ചതോടെ ഭരണകൂടം നടത്തുന്ന ജനവഞ്ചന പ്രസ് ക്ലബുകളിലെ മദ്യപാന ചര്‍ച്ചകളില്‍ മാത്രമായി ഒതുങ്ങാന്‍ തുടങ്ങി. അരുണ്‍ ജയ്റ്റ്‌ലിയുടെ ഇതുവരെ കഴിഞ്ഞ യൂനിയന്‍ ബജറ്റുകളില്‍ ഏറ്റവും പരിഹാസ്യമായ ഒന്നായിരുന്നു ഈ ഫെബ്രുവരിയില്‍ ഇന്ത്യ കണ്ടത്. ജനക്ഷേമ മേഖലകളിലെ പദ്ധതികളിലെ വിഹിതം മൂന്നു വര്‍ഷം കൊണ്ട് 30 ശതമാനം വരെ ജയ്റ്റ്‌ലി വെട്ടിക്കുറച്ചു. ദേശീയ കുടിവെള്ള മിഷന്‍, ആരോഗ്യ മിഷന്‍ എന്നു തുടങ്ങി അതിര്‍ത്തി മേഖലയിലെ  വികസന പദ്ധതികള്‍ വരെ വെട്ടിച്ചുരുക്കി. അനുവദിച്ചുവെന്ന് കൊട്ടിഘോഷിച്ച തുകകള്‍ ബജറ്റേതര വരുമാനങ്ങളെ മുന്നില്‍ കണ്ടാണെന്ന സത്യം മാധ്യമങ്ങള്‍ മൂടിവെച്ചു. ആരാന്റെ തൊഴുത്തിലെ ചാണകം മോഹിച്ചായിരുന്നു മോദിയുടെ മുണ്ടകപ്പാടത്ത് നെല്ല് വിതച്ചത്. അഞ്ച് ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പത്ത് കോടി ജനങ്ങള്‍ക്ക് നടപ്പാക്കണമെങ്കില്‍ എന്തു തുക വേണ്ടിവരുമെന്നും ബജറ്റില്‍ അനുവദിച്ചത് എത്രയെന്നും മാത്രം കണക്കുകൂട്ടിയാല്‍ മനസ്സിലാകും ഈ വഞ്ചന. റിപ്പോര്‍ട്ടര്‍മാര്‍ക്ക് തെറ്റു പറ്റുകയല്ല അവര്‍ കീഴടങ്ങുകയാണ് ചെയ്യുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (4-6)
എ.വൈ.ആര്‍