നമ്മുടെയൊക്കെ രാഷ്ട്രീയ നിരക്ഷരത
കേരളത്തില്‍ സംഘ് പരിവാറിന് വേരോട്ടമില്ലാതെ പോയത് നമ്മുടെയൊക്കെ രാഷ്ട്രീയ സാക്ഷരതകൊണ്ടാണെന്ന് വീമ്പു പറഞ്ഞുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. കേരളത്തില്‍ സി.പി.എമ്മിന് വേരോട്ടമുണ്ടായത് നമ്മുടെയൊക്കെ രാഷ്ട്രീയ നിരക്ഷരതകൊണ്ടാണെന്നു കൂടി പറഞ്ഞു തുടങ്ങണം. അരിഞ്ഞ് തള്ളാനിരിക്കുന്ന തലകളേതൊക്കെയാണെന്ന് നേരത്തേ പ്രഖ്യാപിക്കുകയും പിഴവുകളേതുമില്ലാതെ അതേ തലകള്‍ തന്നെ അരിഞ്ഞെടുത്ത് മുന്നിലിട്ടുതരികയും ചെയ്തതിനു ശേഷം പാര്‍ട്ടി രക്തസാക്ഷികളുടെ കണക്ക് പട്ടിക നിരത്തി കണ്ണീരൊലിപ്പിക്കുന്ന വിരോധാഭാസത്തിന്റെ യുക്തി ഇനിയും പിടികിട്ടിയിട്ടില്ല. നമ്മള്‍ കൊയ്യുന്ന വയലുകളൊക്കെ ഭൂതകാലസ്മരണയായി മണ്ണടിഞ്ഞു. പാര്‍ട്ടിയുടെ മുമ്പിലിപ്പോള്‍ കൊയ്യാന്‍ പാകത്തിന് പഴുത്ത് പാകമായി നൂറായിരം തലകളുണ്ട്.
കണ്ണൂര്‍ എടയന്നൂര്‍ സ്വദേശിയും കോണ്‍ഗ്രസ് യുവനേതാവുമായ ശുഐബിന്റെ ദാരുണാന്ത്യത്തോടെ വീണ്ടും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയവും കണ്ണൂരും വാര്‍ത്തകളില്‍ നിറയുകയാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തയാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ മുംബൈ ഐ.ഐ.ടി ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ഗവേഷകര്‍ ഈയടുത്ത് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കണക്ക് പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന് പുതിയ കാഴ്ചയല്ല. മലബാറില്‍ വടകര മുതല്‍ കണ്ണൂര്‍ വരെയുള്ള ഉത്തര മേഖലക്ക് തീരെയുമല്ല. ആര്‍.എസ്.എസ്സിനും സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും മുസ്‌ലിം ലീഗിനുമടക്കം എല്ലാ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിരവധി അനുയായികളെ നഷ്ടമായിട്ടുണ്ട്. പക്ഷേ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത, മിക്ക ഏറ്റുമുട്ടലുകളിലും ഒരു വശത്ത് ഇപ്പോള്‍ കേരളം ഭരിക്കുന്ന സി.പി.എം ഉണ്ട് എന്നതാണ്.
കേരളം കണ്ടതില്‍ വെച്ചേറ്റവും മൃഗീയവും സമാനതകളില്ലാത്തതുമായ ടി.പി വധത്തിനു ശേഷം അരങ്ങേറുന്ന ഏറ്റവും ബീഭത്സമായ കൊലപാതകങ്ങളിലൊന്നാണ് ശുഐബിന്റേത്. 35-ലധികം വെട്ടുകളേറ്റാണ് ശുഐബ് മരണത്തിനു കീഴടങ്ങിയത്. കൊലപാതകത്തിന് ശേഷം സൈബറിടങ്ങളില്‍ കൊലപാതകത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ ഒരുപാട് നടന്നു. കൊല്ലപ്പെട്ട ശുഐബിന്റെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് കണ്ടെത്തുന്ന തിരക്കിലാണ് സി.പി.എമ്മിന്റെ സൈബര്‍ പേജുകള്‍ മുഴുവനും. ശുഐബ് വിശുദ്ധനായി വാഴ്ത്തപ്പെടേണ്ടവനല്ലെന്നും പത്തിലധികം കേസുകള്‍ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ശുഐബിനെതിരെയുണ്ടെന്നുമുള്ള വാദങ്ങള്‍ക്ക് അയാള്‍ കൊല്ലപ്പെടേണ്ടവന്‍ തന്നെയായിരുന്നു എന്ന ധ്വനിയുണ്ട്. ചാനല്‍ റൂമുകളില്‍ വന്നിരുന്ന് ന്യായീകരണങ്ങള്‍ നിരത്തുന്ന സി.പി.എം നേതാക്കള്‍ക്കും ഇതേ സ്വരമാണ്.
ആക്രമണങ്ങള്‍ക്കെതിരെ പ്രത്യാക്രമണങ്ങള്‍ മാത്രമാണ് പാര്‍ട്ടി നടത്തുന്നത് എന്നും ഇവയൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നുമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ വാദം. അതേസമയം നൂറിലധികം കൊലപാതകങ്ങള്‍ കേരളത്തില്‍ ഇതുവരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ അരങ്ങേറിയിട്ടുണ്ട് എന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ തെളിയിക്കുന്നത്. അതിനിടെ അരിയില്‍ ശുകൂര്‍ വധവുമായി ബന്ധപ്പെട്ട് എന്‍.എം ശംസീര്‍ എം.എല്‍.എയുടെ പ്രസ്താവനകള്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിലപാടുകളെ മറനീക്കി പുറത്തുകൊണ്ടുവരുന്നുണ്ട്.
വര്‍ഗീയ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുകയും അതേസമയം അക്രമരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായി അരങ്ങു തകര്‍ക്കുകയും ചെയ്യുന്ന വിരോധാഭാസം സി.പി.എം പാളയത്തിലല്ലാതെ മറ്റെവിടെയും കാണാനാവില്ല. വൈരുധ്യാത്മക ഭൗതികവാദം സൈദ്ധാന്തികാടിത്തറയായതുകൊണ്ടാവണം അക്രമരാഷ്ട്രീയത്തെ പാര്‍ട്ടി സൈദ്ധാന്തികമായി ന്യായീകരിക്കുന്നതും കൂടെ പൊറുപ്പിക്കുന്നതും.
Comments