Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 15

3030

1439 റബീഉല്‍ അവ്വല്‍ 26

എത്ര? ഒരു ഗസല്‍ (കവിത)

ജമീല്‍ അഹ്മദ്

എത്ര നീ സ്‌നേഹിച്ചിടുന്നു റസൂലിനെ

എന്നു ഞാന്‍ ചോദിച്ച നേരം

എന്നിലുമെത്രയോ എത്രയോ കൂടുതല്‍

എന്നുത്തരം ചൊല്ലി മാനം

 

എത്ര സ്വലാത്തു നീ ചൊല്ലുന്നു സാദരം

മുത്തു റസൂലിനായ് നിത്യം

ഓരോ തിരയും ഒരായിരം വട്ടം

എന്നുത്തരം ചൊല്ലി സമുദ്രം

 

ത്വാഇഫില്‍ അന്നു തിരുനബിക്കേറ്റ

മുറിവുകളേല്‍പ്പിച്ച ദുഃഖം

തീരാത്ത കണ്ണീരായ് പെയ്യുന്നതാണിന്നും

എന്നും എന്നോതുന്നു മേഘം

ആദ്യത്തെ ബാങ്കു വിളിച്ച ബിലാലിന്‍

മുഖത്തവര്‍ നല്‍കിയ മുത്തം

ഓര്‍ത്തുകൊണ്ടെത്ര വിടര്‍ത്തുന്നു പൂക്കളെ

സൂര്യനീ ഭൂമിയില്‍ നിത്യം

 

ഓരോ ചിറകടിയൊച്ചയ്ക്കുമര്‍ഥം 

മുഹമ്മദാണെന്നരിപ്രാവ്

നേര്‍ത്തൊരിതളനക്കം പോലും മദ്ഹിന്റെ

കീര്‍ത്തനമാണെന്നു പൂവ്

 

മുത്തു മുഹമ്മദ് ത്വാഹാ റസൂലില്‍നി

ന്നെത്രയോ ദൂരം വസിച്ച്

ഏറ്റം നിസ്സാരമായീ ജമീല്‍ ആയുസ്സിന്‍

ഒട്ടുമുക്കാലും തുലച്ച്.

 

 

 

**********************************************************

 

 

പശു അന്നും ഇന്നും

-വി.കെ അബ്ദുല്‍ ജബ്ബാര്‍ ചേന്ദമംഗലം-

 

ഒടുവില്‍, ഞാനൊരു പശുവിനെ വാങ്ങി

അകിട് നിറഞ്ഞൊരു കറവപ്പശു

പലരുമെതിര്‍ത്തു, വിലക്കി

പശു ഇപ്പോള്‍ പശു അല്ലാതായിരിക്കുന്നത്രെ!

കുഞ്ഞുനാളില്‍ പശുവിനെ ഞാന്‍ പഠിച്ചിട്ടുണ്ട്

നാലു കാലും രണ്ട് കൊമ്പും ഒരു വാലുമുള്ള പശു.

പശു നമുക്ക് പാല്‍ തരും; പോഷണമാണത്

പശു നമുക്ക് ചാണകം തരും; വളമാണത്

ഇന്നും അങ്ങനെത്തന്നെ, അപ്പോള്‍ പിന്നെ

പശു പശുവല്ലാതായതെങ്ങനെ?

വേദഗ്രന്ഥത്തിലും പഠിച്ചു; കാലികളെക്കുറിച്ച്

രക്തത്തിനും ചാണകത്തിനുമിടയിലൂടെ

നറുംപാല്‍ ചുരത്തും പശു; സ്വാദിഷ്ടം, 

ആരോഗ്യദായകം

മറ്റൊരു പശു കൂടിയുണ്ടതില്‍

സാമിരിയുടെ പശു

ജനങ്ങളെ 'ഊറ്റിക്കറക്കുന്ന'

മുക്രയിടുന്ന സ്വര്‍ണപ്പശു

എന്നിട്ടും പശു പശുവല്ലാതായതിപ്പോഴും വിസ്മയം

'ഉറക്കിനേക്കാളുത്തമം നമസ്‌കാരം'

പള്ളി മിനാരമറിയിച്ചു

ഒരു കൈയില്‍ പാല്‍പാത്രവും

മറുകൈയില്‍ വെണ്ണയുമായെത്തീ

ഞാന്‍ തൊഴുത്തില്‍

അകിടു് നിറഞ്ഞ് മുലഞെട്ടുകള്‍ നാലും

തുടുത്തു നില്‍ക്കുന്നെന്‍ പശു

വെണ്ണ പുരട്ടി മയപ്പെടുത്തി

ആദ്യ മുലഞെട്ടിലമര്‍ത്തി അംഗുലങ്ങള്‍

പക്ഷേ ക്ഷീരത്തിനു പകരം

പേടിച്ചരണ്ട നിലവിളി ശബ്ദം; അത്

'അഖ്‌ലാഖി'ന്റേതുപോലെ തോന്നിച്ചു

രണ്ടിലും മൂന്നിലുമാവര്‍ത്തിച്ചു ശബ്ദം; അത്

ആള്‍ക്കൂട്ടത്തിന്‍ ആക്രോശങ്ങളും

നിലവിളികളും പോല്‍.

നാലാമത്തേതിലും കേട്ടു ഞാന്‍ തേങ്ങല്‍; അത്

പാവം ജുനൈദിന്റേതായിരുന്നു.

പിന്നെ,

പശുവൊന്നമറി, ക്കുടഞ്ഞു

ദീര്‍ഘനിശ്വാസം പൊഴിച്ചു ഉച്ചത്തില്‍

അകിട് പിന്നെയും നിറഞ്ഞു

കറന്നൂ ഞാന്‍ നിറപാത്രം നറുംപാല്‍

പശു കഴുത്ത് തിരിച്ചെന്നെ-

നക്കിത്തുടച്ചു സാന്ത്വനം പോല്‍

ശേഷം കാതില്‍ മെല്ലെ പറഞ്ഞു

ക്ഷമിക്കണം,

ഞാന്‍ വെറുമൊരു 'പശു' മാത്രം!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (45-51)
എ.വൈ.ആര്‍