രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സങ്കീര്‍ണമാക്കപ്പെട്ട ബാബരി പ്രശ്‌നം
ത്രേതാ യുഗത്തില്‍ അഥവാ ഒമ്പതു ലക്ഷം സംവത്സരങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്നതായി സങ്കല്‍പിക്കപ്പെടുന്ന ഒരു ഇതിഹാസ കഥാപാത്രത്തിന്റെ പേരില്‍ ഒരു ആരാധനാലയം പണിയണമെന്നും അത് 489 വര്‍ഷങ്ങള്‍ക്കു മുമ്പ് പണിതതും അന്നു മുതല്‍ ഭരണകൂടം താഴിടുന്നതുവരെ മസ്ജിദായി ഉപയോഗിക്കപ്പെട്ടതുമായ മന്ദിരത്തിന്റെ സ്ഥാനത്തു തന്നെയായിരിക്കണമെന്നും ഒരു കൂട്ടം ആളുകള്‍ വാശി പിടിക്കുക; തങ്ങളുടെ വാദം നീതിപീഠങ്ങള്‍ അംഗീകരിക്കാതിരുന്നപ്പോള്‍ മസ്ജിദ് പൊളിച്ചുമാറ്റുക; പൊളിച്ചു മാറ്റിയ സ്ഥലത്ത് തന്നെ ക്ഷേത്രം പണിയണമെന്ന ആവശ്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പുകളെ നേരിടുക, തെരഞ്ഞെടുപ്പുകളില്‍ ഈ ആവശ്യക്കാര്‍ വ്യക്തമായ വിജയം നേടി അധികാരത്തില്‍ വരിക; വന്ന ശേഷവും ക്ഷേത്രനിര്‍മാണം നീട്ടിക്കൊണ്ടുപോയി അടുത്ത തെരഞ്ഞെടുപ്പുകളിലും അതേ ഇഷ്യൂ തന്നെ മുന്‍നിര്‍ത്തി വോട്ട് തേടുക- അവിശ്വസനീയമായ ഈ മഹാത്ഭുതങ്ങളൊക്കെ ഇന്ത്യാ മഹാ രാജ്യത്തല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് സംഭവിക്കുമോ, സംഭവിച്ച ചരിത്രം കേട്ടിട്ടുണ്ടോ?
''രാമ-രാവണ യുദ്ധത്തെക്കുറിച്ച് രേഖകളുടെയോ പൗരാണിക അവശിഷ്ടങ്ങളുടെയോ രൂപത്തിലുള്ള യാതൊരു തെളിവും ഇന്ന് നമുക്ക് ലഭ്യമല്ല. അതുകൊണ്ടുതന്നെ രാമന്‍ ഒരു കല്‍പിത കഥാപാത്രമാണെന്നും രാമ-രാവണ യുദ്ധം ഭാവനാ സൃഷ്ടിയാണെന്നും വിശ്വസിക്കുന്ന ചരിത്രകാരന്മാര്‍ ധാരാളമുണ്ട്. എന്നാല്‍ ചില ചരിത്രകാരന്മാര്‍ രാമന്‍ ഒരു യാഥാര്‍ഥ്യമായിരുന്നു എന്നുതന്നെ വിശ്വസിക്കുന്നവരാണ്. അവരുടെ അഭിപ്രായത്തില്‍ ക്രിസ്തുവിന് മുമ്പ് 2500-നോടടുത്ത കാലഘട്ടത്തിലാണ് രാമന്‍ ജീവിച്ചിരുന്നത്. ഈ അഭിപ്രായം നാം സ്വീകരിക്കുന്നുവെങ്കില്‍ ബി.സി 2500 കാലത്തുള്ള മനുഷ്യവാസത്തിന്റെ അവശിഷ്ടങ്ങള്‍ രാമന്റെ കര്‍മഭൂമിയായി കരുതപ്പെട്ടുവരുന്ന ഭൂപ്രദേശങ്ങളില്‍നിന്നും കണ്ടെത്താന്‍ കഴിയേണ്ടതാണ്. ഈ ലക്ഷ്യത്തോടു കൂടി മൂന്ന് പ്രദേശങ്ങളില്‍ ഖനനങ്ങള്‍ നടത്തപ്പെടുകയുണ്ടായി. ഫൈസാബാദ് ജില്ലയിലെ അയോധ്യ, ഹൈദരാബാദില്‍നിന്നും 35 കി.മീ വടക്ക് സ്ഥിതി ചെയ്യുന്ന ശ്രാണ്‍മാര്‍പൂര്‍, അലഹാബാദ് പട്ടണത്തിലെ ഭരധ്വാജ് ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ ഒന്നും തന്നെ ബി.സി 600-ല്‍ ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതായിരുന്നില്ല. പത്തുവര്‍ഷം മുമ്പ് അയോധ്യയില്‍ വീണ്ടും നടത്തിയ ഭൂഗര്‍ഭ ഗവേഷണവും ആദ്യ നിഗമനത്തെ ശരിവെക്കുകയാണ് ചെയ്തത്. ബി.സി ഏഴാം ശതകത്തിനപ്പുറമുള്ള മനുഷ്യ വാസത്തിന്റെ ഒരു സൂചന പോലും അവിടെ നിന്നൊന്നും ലഭിക്കുകയുായില്ല'' (Indian Archeology 1976-'77 Quoted in Muslim India, Nov: 1986).
1526-ല്‍ ഇബ്‌റാഹീം ലോധിയെ തോല്‍പിച്ച് ദല്‍ഹി പിടിച്ചെടുത്ത മുഗള്‍പട നായകന്‍ സഹീറുദ്ദീന്‍ ബാബര്‍, അവധില്‍ ബായസീദിന്റെ കലാപം അടിച്ചമര്‍ത്തി അവിടെ മീര്‍ബാഖിയെ സുബേദാറായി നിയമിച്ചു. മീര്‍ബാഖി 1528-ല്‍ തരിശായി കിടന്ന സ്ഥലത്ത് പള്ളി നിര്‍മിച്ച് അതിന് ബാബരി മസ്ജിദ് എന്ന് പേരുമിട്ടു. ഹിജ്‌റ 935-ല്‍ പള്ളിയുടെ പണി തീര്‍ന്നതായി അതിന്മേല്‍ രേഖപ്പെടുത്തി. പ്രവേശന കവാടത്തിലൊന്നിന്മേല്‍ അല്ലാഹു എന്നും കൊത്തിവെച്ചു. അന്നു മുതല്‍ 1949 ഡിസംബര്‍ 22-ന് രാത്രി വരെ പള്ളിയില്‍ നമസ്‌കാരം മുടക്കമില്ലാതെ നടന്നതാണ്.
1885 ജനുവരി 29-ന് ശ്രീരാമ ജന്മസ്ഥാനത്തെ മഹന്ദ് ആണ് താനെന്നവകാശപ്പെട്ടുകൊണ്ട് രഘുബര്‍ദാസ് എന്നയാള്‍, പള്ളിക്ക് മുന്നിലെ ഛബുത്ര (പ്ലാറ്റ്‌ഫോം) തന്റെ കൈവശത്തിലാണെന്നും അവിടെ ഒരു വിശ്രമമന്ദിരം പണിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫൈസാബാദ് സബ് ജഡ്ജി പണ്ഡിറ്റ് ഹരികിഷന്‍ മുമ്പാകെ അന്യായം ഫയല്‍ ചെയ്തുവെങ്കിലും കോടതി അത് തള്ളിക്കളയുകയായിരുന്നു. ഛബുത്രയില്‍ മന്ദിരം പണിയാന്‍ അനുവദിച്ചാല്‍ അവിടെ ശംഖ്‌നാദവും മണിയും മുഴങ്ങും; ഹിന്ദു-മുസ്‌ലിം അസ്വാസ്ഥ്യങ്ങള്‍ ഉടലെടുക്കും; ആയിരക്കണക്കില്‍ ആളുകള്‍ കൊല്ലപ്പെടും, അതിനാല്‍ ആവശ്യം അനുവദിക്കാന്‍ വയ്യെന്ന് വിധിന്യായത്തില്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചിരുന്നു (Muslim India, 1986 മാര്‍ച്ച്). ഇതിന്മേല്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലും ഫൈസാബാദ് ഡിസ്ട്രിക്ട് ജഡ്ജ്എഫ്.ഇ.എ ചാമിയര്‍ തള്ളിക്കളയുകയാണുണ്ടായത്. 1944 ഡിസംബര്‍ 26-ന് പ്രസിദ്ധീകരിക്കപ്പെട്ട സര്‍ക്കാര്‍ ഗസറ്റില്‍ പള്ളി സുന്നി വഖ്ഫായി അംഗീകരിച്ചുകൊണ്ടുള്ള വഖ്ഫ് കമീഷണറുടെ റിപ്പോര്‍ട്ട് ചേര്‍ത്തിട്ടുണ്ട്.
ഇതെല്ലാം ബാബരി മസ്ജിദ് മുസ്‌ലിം പള്ളിയാണെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുന്നതായിരിക്കെ 1949 ഡിസംബര്‍ 22-ന് ഇമാമും മറ്റു വിശ്വാസികളും രാത്രിനമസ്‌കാരം കഴിഞ്ഞ് പള്ളി പൂട്ടിപ്പോയതിന്റെ പിറ്റേന്ന് രാവിലെ പ്രഭാത നമസ്‌കാരത്തിന് ചെന്നപ്പോള്‍ മര്‍മസ്ഥാനത്ത് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ് കണ്ടത്. അവരത് എടുത്തുമാറ്റാതെ, ജില്ലാ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ പരാതി ബോധിപ്പിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കെ.കെ നായരാവട്ടെ അവസരമുപയോഗിച്ച് പള്ളി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. ഈ വിഗ്രഹങ്ങള്‍ സ്വയംഭൂ ആയിരുന്നുവെന്നാണ് പിന്നീട് നടന്ന പ്രചാരണം (സ്വയംഭൂവായ വിഗ്രഹങ്ങളെ കാണാന്‍ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ അവിടേക്ക് ഒഴുകിവന്നു എന്ന് ആര്‍.എസ്.എസ്സിന്റെ മലയാള വാരിക കേസരി 20-7-1986). ആലപ്പുഴക്കാരനായ കെ.കെ നായര്‍ പില്‍ക്കാലത്ത് ജനസംഘം ടിക്കറ്റില്‍ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പള്ളിയുടെ പ്രധാന കവാടം അടച്ചുപൂട്ടിയതോടെ കേസ് കോടതിയിലെത്തി. 1950 ജൂലൈ ഒന്നിന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനു വേണ്ടി ഫൈസാബാദ് ഡെപ്യൂട്ടി കമീഷണര്‍ ജെ.എന്‍ ഉഗ്ര കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, തര്‍ക്കവസ്തു ബാബരി മസ്ജിദ് എന്ന പേരില്‍ പ്രസിദ്ധമാണെന്നും മുസ്‌ലിംകള്‍ അത് പള്ളിയായി ഉപയോഗിച്ചുവരികയാണെന്നും രാമചന്ദ്രയുടെ പേരിലെ ക്ഷേത്രമായി ഒരിക്കലും അത് ഉപയോഗിക്കപ്പെട്ടിട്ടില്ലെന്നും സംശയാതീതമായി രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീരാമ വിഗ്രഹം ഗൂഢമായും തെറ്റായും പള്ളിയില്‍ പ്രതിഷ്ഠിക്കപ്പെട്ടതാണെന്നും വ്യക്തമാക്കിയിരിക്കുന്നു. പള്ളിക്കുള്ളിലെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചു സന്യാസിവര്യനായ അക്ഷയ് ബ്രഹ്മചാരി ഉപവാസമനുഷ്ഠിക്കുക പോലും ചെയ്തിരുന്നു. 1950 ജനുവരി 16-ന് ബാബരി മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലം രാമജന്മഭൂമിയാണെന്നവകാശപ്പെട്ട് ചില ഹിന്ദുക്കള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കോടതി ഇഞ്ചക്ഷന്‍ പുറപ്പെടുവിച്ചപ്പോള്‍ അതിനെതിരെ മുസ്‌ലിംകള്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് ഹിന്ദുക്കളുടെ ഭാഗത്തുനിന്ന് രണ്ട് കേസുകളും മുസ്‌ലിം ബഹുജനങ്ങളുടെയും സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിന്റെയും ഭാഗത്തു നിന്ന് മറ്റൊരു കേസും ഫയല്‍ ചെയ്യപ്പെട്ടു. എല്ലാം ചേര്‍ന്ന് ലീഡിംഗ് കേസും അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു 67 വര്‍ഷക്കാലം.
അലഹാബാദ് ഹൈക്കോടതി അസാമാന്യമായി കേസ് നീട്ടിക്കൊുപോവാതെ ശക്തവും വ്യക്തവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പിച്ചിരുന്നെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാവുമായിരുന്നില്ല. തല്‍പര കക്ഷികള്‍ക്ക് മുതലെടുക്കാന്‍ അവസരവും ലഭിക്കില്ലായിരുന്നു. വിധിയില്‍ അസംതൃപ്തരായവര്‍ സുപ്രീം കോടതിയെ സമീപിച്ചു അന്തിമ തീര്‍പ്പിന് ശ്രമിച്ചാലും ലളിതമായിരുന്നു പരിഹാരം. ചിലര്‍ അന്നും ഇന്നും വാദിക്കുന്നപോലെ ഒരു ഭാഗത്ത് ശ്രീരാമനും മറുഭാഗത്ത് മുഹമ്മദ് നബിയും കക്ഷികളായ കേസല്ല ഇത്. വിശ്വാസപരമായ ഒരു മാനവും കോടതി മുമ്പാകെയുള്ള കേസ്സിനില്ല. ബാബരി മസ്ജിദ് സ്ഥിതി ചെയ്ത ഭൂവിഭാഗം ആരുടേത് എന്ന് രേഖകളുടെ വെളിച്ചത്തില്‍ തീര്‍പ്പ് കല്‍പിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് പള്ളി വകയാണെന്ന് തെളിഞ്ഞാല്‍ രാമക്ഷേത്രം പണിയാന്‍ അയോധ്യയില്‍ തന്നെ സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമി വേറെയുണ്ടല്ലോ. അഥവാ മുമ്പേ നിലനിന്നിരുന്ന ക്ഷേത്രം പൊളിച്ചാണ് മീര്‍ബാഖി പള്ളി പണിതതെന്ന് തെളിഞ്ഞാല്‍ തങ്ങള്‍ അതിന്മേല്‍ ഒരവകാശവാദവും ഉന്നയിക്കുകയില്ലെന്ന് മുസ്‌ലിം സംഘടനകളും പേഴ്‌സനല്‍ ലോ ബോര്‍ഡും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതുമാണ്.
നീതിന്യായത്തിന്റെയും നിയമത്തിന്റെയും വഴിയില്‍ പ്രശ്‌നപരിഹാരത്തിന് ഇതഃപര്യന്തം രാജ്യവും യു.പിയും ഭരിച്ച മതേതര സര്‍ക്കാറുകളോ ഹിന്ദുത്വ സര്‍ക്കാറുകളോ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് സ്വാഭാവിക നീതിയെ ഭയപ്പെടുന്നവരാണ് ഇരു കൂട്ടരുമെന്നും വെള്ളം കലക്കി മീന്‍ പിടിക്കാനും അധികാര രാഷ്ട്രീയത്തിന്റെ കള്ളക്കളികള്‍ പയറ്റാനുമാണ് അവര്‍ നാളിതുവരെ ശ്രമിച്ചതെന്നും തെളിയുന്നത്. യു.പിയില്‍ പല തവണ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സോ ഒന്നിലധികം സംസ്ഥാനം ഭരിക്കാന്‍ അവസരം ലഭിച്ച മുലായം സിംഗോ ബി.എസ്.പിയുടെ സുപ്രീമോ ആയ മായാവതിയോ പ്രശ്‌നപരിഹാരത്തിനും നിയമപരമായ നിവാരണത്തിന് വേഗത കൂട്ടുന്നതിനും ഒന്നും ചെയ്തില്ല. 1986 ഫെബ്രുവരി ഒന്നിന്, പൂട്ടിക്കിടന്ന പള്ളിയുടെ പൂട്ട് തുറക്കാന്‍ മുസ്‌ലിം കക്ഷികള്‍ക്ക് നോട്ടീസ് പോലും അയക്കാതെ ഏകപക്ഷീയമായി ഹൈന്ദവര്‍ക്ക് അനുമതി നല്‍കിയ ജില്ലാ ജഡ്ജി കെ.എം പാണ്ഡയുടെ ഉത്തരവിനെതിരെ നിയമാനുസൃതമായ നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്നുമുണ്ടായില്ല. 'പൂട്ട് തുറന്നാല്‍ മുസ്‌ലിംകളെ അത് ഒരു വിധത്തിലും ബാധിക്കുകയില്ല; ആകാശം ഇടിഞ്ഞുവീഴുകയുമില്ല' എന്ന നിരുത്തരവാദപരമായ പരാമര്‍ശവും ജില്ലാ ജഡ്ജി നടത്തിയിരുന്നു. വാസ്തവത്തില്‍ അശാന്തിയുടെ ആകാശം ഇടിച്ചുവീഴ്ത്തുകയായിരുന്നു ആ ന്യായാധിപന്‍ ചെയ്തത്. പള്ളി താഴിട്ട് പൂട്ടിയ ജില്ലാ ജഡ്ജിയും അത് വിഗ്രഹാരാധനക്കായി തുറന്നുകൊടുത്ത ജഡ്ജിയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങള്‍ തന്നെ.
1989-ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തര്‍ക്കസ്ഥലത്ത് രാമക്ഷേത്രത്തിന്റെ ശിലാന്യാസം നടത്താന്‍ അനുവാദം കൊടുത്തതോടെ ദീര്‍ഘനിദ്രയിലായിരുന്ന ബാബരി മസ്ജിദ് എന്ന അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. യു.പിയിലെ ഹിന്ദു സമ്മതിദായകരെ ബി.ജെ.പിയില്‍നിന്ന് അടര്‍ത്തി മാറ്റാന്‍ അരുണ്‍ നെഹ്‌റു കണ്ടെത്തിയ ഒറ്റമൂലിയായിരുന്നു രാഷ്ട്രീയത്തിലും ഭരണത്തിലും കന്നിക്കാരനായിരുന്ന രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് നടന്ന ശിലാന്യാസം. തേടിയ വള്ളി കാലില്‍ തടഞ്ഞ ആഹ്ലാദത്തോടെ ആര്‍.എസ്.എസ് പ്രഭൃതികള്‍ രംഗത്തിറങ്ങാന്‍ പിന്നെ താമസമുണ്ടായില്ല. ഇതിഹാസ കഥാപാത്രമായിരുന്ന ശ്രീരാമന്‍ ജനിച്ചത് ഫൈസാബാദില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തുതന്നെയായിരുന്നുവെന്ന വ്യാജ പ്രചാരണം ഹിന്ദുത്വ ചരിത്രകാരന്മാരുടെയും ഗവേഷകരുടെയും പിന്‍ബലത്തോടെ സംഘ് പരിവാര്‍ കൊണ്ടുപിടിച്ചു നടത്തി. ആയിടക്ക് ഔദ്യോഗിക ദൃശ്യമാധ്യമമായ ദൂരദര്‍ശന്‍ രാമാനന്ദ സാഗറിന്റെ രാമായണം സീരിയല്‍ സംപ്രേഷണം ചെയ്യുക കൂടി ചെയ്തതോടെ സംഘ് പരിവാറിന്റെ വഴി സുഗമമായി. എല്‍.കെ അദ്വാനിയുടെ കുപ്രസിദ്ധമായ രഥയാത്ര രംഗം ഇളക്കിമറിച്ചു. അങ്ങനെ 1992 ഡിസംബര്‍ ആറിന് സംഘ് പരിവാറിലെയും ശിവസേനയിലെയും കര്‍സേവകര്‍ കാലേകൂട്ടി അയോധ്യയിലേക്ക് ഇടിച്ചുകയറി. അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി പ്രഭൃതികളുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഭ്രാന്തമായ ആവേശത്തോടെ തകര്‍ത്തു തരിപ്പണമാക്കി. ദ ഹിന്ദു പത്രം വിശേഷിപ്പിച്ച പോലെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കറുത്തിരു ദിനമായിരുന്നു അത്. സംഭവം നടക്കുമ്പോള്‍ ബി.ജെ.പിയുടെ കല്യാണ്‍ സിംഗായിരുന്നു യു.പി മുഖ്യമന്ത്രി. മണിക്കൂറുകള്‍കം കുറ്റകൃത്യം പൂര്‍ത്തിയാക്കിയപ്പോള്‍ കല്യാണ്‍ സിംഗ് ഉത്തരവാദിത്തമേറ്റ് മുഖ്യമന്ത്രി പദം രാജിവെച്ചു.
ഭീകരകൃത്യം നടക്കാന്‍ പോവുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രി നരസിംഹ റാവു ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത മുഴുവന്‍ മുഖ്യമന്ത്രിമാരും പങ്കെടുത്ത ദേശീയോദ്ഗ്രഥന യോഗം, പള്ളി പൊളിക്കപ്പെടാതിരിക്കാന്‍ സ്വീകരിക്കുന്ന എന്ത് നടപടിക്കും പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജലയലളിത മാത്രമായിരുന്നു ഇതിനപവാദം. പക്ഷേ, ഡിസംബര്‍ ആറിന് സംഹാരരുദ്രരായ കര്‍സേവകര്‍ സുരക്ഷാ വലയം ഭേദിച്ച് പള്ളിക്ക് മുകളില്‍ കയറുകയാണെന്ന വിവരം ലഭിച്ചിട്ടും ഏതാനും കിലോമീറ്റര്‍ ദൂരെ സുസജ്ജരായി നിലയുറപ്പിച്ച സൈനിക യൂനിറ്റിനു ചലിക്കാനുള്ള ഉത്തരവ് മാത്രം റാവുവില്‍നിന്ന് ലഭിച്ചില്ല. അദ്ദേഹം സ്വന്തം പൂജാമുറിയില്‍ പോയി, എല്ലാം പൂര്‍ത്തിയായെന്ന വിവരം വന്നപ്പോള്‍ മാത്രം പുറത്തു കടന്നു. എന്നിട്ടൊരു ഖേദപ്രകടനവും നടത്തി. ആര്‍.എസ്.എസ് സര്‍സംഘ് ചാലകിനെ വിളിച്ചപ്പോള്‍ കെട്ടിടത്തിന് ഒന്നും സംഭവിക്കുകയില്ലെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്ന പരിഹാസ്യമായ വിശദീകരണം നല്‍കിയ പ്രധാനമന്ത്രി പള്ളി പുനര്‍നിര്‍മിക്കുമെന്ന് ഉറപ്പ് നല്‍കാനും മറന്നില്ല. ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കൂട്ടത്തില്‍ ബോംബെയില്‍ ആര്‍.എസ്.എസ്സും ശിവസേനയും ചേര്‍ന്ന് നടത്തിയ താണ്ഡവമായിരുന്നു ഏറ്റവും ഭീകരം. നൂറുകണക്കില്‍ മുസ്‌ലിംകള്‍ കൊല ചെയ്യപ്പെട്ടു. ഇതിന്റെ പ്രത്യാഘാതമായിരുന്നു 1993-ലെ ബോംബെ സ്‌ഫോടനങ്ങള്‍. 300-ല്‍ പരം ആളുകളുടെ ജീവഹാനിയില്‍ കലാശിച്ച ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് കരുതപ്പെടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹീം വിദേശത്തേക്ക് രക്ഷപ്പെട്ടുവെങ്കിലും മറ്റു നിരവധി പ്രതികളെ പിടികൂടാനായി; യാക്കൂബ് മേമന് വധശിക്ഷയും ലഭിച്ചു. മറുവശത്ത് മുസ്‌ലിംവിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടില്‍ ശിവസേനക്കും ആര്‍.എസ്.എസ്സിനും പോലീസിനുമുള്ള പങ്ക് എടുത്തു പറഞ്ഞിരുന്നെങ്കിലും കോണ്‍ഗ്രസ്, എന്‍.സി.പി, ഹിന്ദുത്വ സര്‍ക്കാറുകള്‍ ഒരുപോലെ കമീഷന്‍ റിപ്പോര്‍ട്ട് കുപ്പത്തൊട്ടിയിലെറിഞ്ഞു.
ബാബരി മസ്ജിദ് ധ്വംസനത്തെക്കുറിച്ചന്വേഷിക്കാന്‍ നിയുക്തമായ ജസ്റ്റിസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാന്‍ കമീഷന്‍ 16 വര്‍ഷങ്ങള്‍ക്കൊടുവില്‍ അതിന്റെ റിപ്പോര്‍ട്ട് 2009-ല്‍ സമര്‍പ്പിച്ചുവെങ്കിലും അതില്‍ പേരെടുത്ത് കുറ്റപ്പെടുത്തിയ പ്രമുഖരുടെ പേരില്‍ കേസ്സെടുക്കുകയോ ശിപാര്‍ശകള്‍ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതേസമയം ബാബരി മസ്ജിദ് ഉടമാവകാശം സംബന്ധിച്ച അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ ഹരജികള്‍ക്കുമേല്‍ ഡിസംബര്‍ അഞ്ചിന് സുപ്രീം കോടതി വാദം കേള്‍ക്കാന്‍ പോവുന്നതിന്റെ സാംഗത്യത്തെ ജസ്റ്റിസ് ലിബര്‍ഹാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. ശ്രീരാമ ജന്മസ്ഥാനം എവിടെയാണെന്ന് ലോകത്തിനറിയാം എന്ന് പറഞ്ഞൊഴിഞ്ഞ അലഹാബാദ് ഹൈക്കോടതി 2016 സെപ്റ്റംബര്‍ 30-ന് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും റാം ലാല കമ്മിറ്റിക്കുമായി പകുത്ത് നല്‍കാനായിരുന്നു വിധിച്ചത്. കേസ്സിലെ ഒരു കക്ഷിക്കും സ്വീകാര്യമല്ലാത്ത ഈ 'രാഷ്ട്രീയ വിധി'ക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ ഹരജികളാണ് സുപ്രീം കോടതി പരിഗണിക്കാന്‍ പോവുന്നത്. 'പള്ളി വഖ്ഫ് ഭൂമിയാണെന്ന് കോടതി വിധിയെഴുതിയാല്‍ അത് തകര്‍ത്തവര്‍ കുറ്റക്കാരാവും. മറിച്ചാണെങ്കില്‍ അത് തകര്‍ത്തവര്‍ സ്വന്തം അവകാശം വീണ്ടെടുക്കാനാണ് പൊളിച്ചതെന്ന് വരും.' അതിനാല്‍ ധ്വംസനക്കേസിലെ വിധിയാണ് ആദ്യം വരേതെന്ന് ലിബര്‍ഹാന്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും മൂന്ന് പതിറ്റാണ്ട് കാലം ഇന്ത്യയുടെ ഉറക്കം കെടുത്തിയ ബാബരി മസ്ജിദ് പ്രശ്‌നം ഇനിയും സങ്കീര്‍ണമായി തുടരാനാണിട. അതിനിടെ മസ്ജിദ് ഭൂമി വിട്ടുകൊടുക്കാന്‍ മുസ്‌ലിം സംഘടനകളുടെ മേല്‍ സമ്മര്‍ദം പല ഭാഗത്തുനിന്നും വരുന്നുണ്ട്. തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ ഒരു ഘട്ടത്തില്‍ സുപ്രീം കോടതി തന്നെ നിര്‍ദേശിച്ചിരുന്നതാണ്. ഉടമസ്ഥാവകാശം തങ്ങളുടേതാണെന്ന് തീരുമാനിക്കപ്പെടാതെ എന്ത്, എങ്ങനെ വിട്ടുകൊടുക്കാന്‍ എന്നാണ് മുസ്‌ലിം പക്ഷത്തിന്റെ ചോദ്യം. സംഘ് പരിവാറിനാവട്ടെ പ്രശ്‌നം അപരിഹാര്യമായി തുടരുന്നേടത്തോളം രാഷ്ട്രീയ നേട്ടത്തിനവസരവുമാവും.
Comments