ഖുര്‍ആനും സൗന്ദര്യശാസ്ത്രവും
മുസ്‌ലിംകള്‍ക്കിടയില്‍ ഖുര്‍ആന്‍ മനസ്സിലാക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്ത രീതികളെയാണ് God is Beautiful: The Aesthetic Experience of the Quran എന്ന പുസ്തകത്തില്‍ നവീദ് കിര്‍മാനി വിശകലനവിധേയമാക്കുന്നത്. ചരിത്രം, ദൈവശാസ്ത്രം, തത്ത്വശാസത്രം, സൂഫിസം തുടങ്ങിയ മേഖലകളിലെ പഠനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അദ്ദേഹം ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഖുര്‍ആനും സൗന്ദര്യശാസ്ത്രവും (Aesthetics) തമ്മിലുള്ള സവിശേഷ ബന്ധത്തെയും അദ്ദേഹം പരിശോധിക്കുന്നുണ്ട്.
ഫിലോസഫിയിലും സാഹിത്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കിര്‍മാനിയുടെ അവസാനം പുറത്തിറങ്ങിയ പുസ്തകമാണിത്. The Terror of God, Attar, Job and the Metaphysical Revolt, Between Quran and Kafka: West-Eastern Affinities തുടങ്ങിയവയാണ് മറ്റു കൃതികള്‍. പുസ്തകത്തില്‍നിന്നുള്ള ചില ഭാഗങ്ങള്‍:
മതങ്ങള്‍ക്ക് അവയുടേതായ സൗന്ദര്യശാസ്ത്രങ്ങളുണ്ട്. യുക്തിയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന മൂല്യങ്ങളും തത്ത്വങ്ങളുമല്ല മതങ്ങളെ നിര്‍വചിക്കുന്നത്. ചിത്രങ്ങളുടെയും (Images) മിത്തുകളുടെയും ഭാഷയിലാണ് അവ സംസാരിക്കുന്നത്. അമൂര്‍ത്തമായ ആശയങ്ങളുമായി അവയൊരിക്കലും സംവേദനം ചെയ്യാറില്ല. ആത്മീയാനുഭവങ്ങളെ മനുഷ്യയുക്തിയുടെ വളരെ പരിമിതവും വരണ്ടതുമായ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സാധിക്കാത്തതു കൊണ്ടുതന്നെയാണ് പ്രപഞ്ചത്തോട് മതങ്ങള്‍ സൗന്ദര്യശാസ്ത്ര സമീപനം സ്വീകരിക്കുന്നത്. കവിതകളിലൂടെയും ശബ്ദങ്ങളിലൂടെയും വര്‍ണങ്ങളിലൂടെയുമാണ് അവ മനുഷ്യരോട് സംവദിക്കുന്നത്. അതിനാല്‍തന്നെ ഇന്ദ്രിയാനുഭവങ്ങള്‍ എന്നത് മതങ്ങളെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണ്. വ്യാവഹാരികമായ (Discursive) സംവേദനങ്ങളെ മനുഷ്യരിലേക്കെത്താനുള്ള മാര്‍ഗമായി അവ സ്വീകരിക്കുന്നില്ല. മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ചലിപ്പിക്കുന്ന സംവേദന മാര്‍ഗങ്ങളാണ് അവ സ്വീകരിക്കുന്നത്.
ഇസ്‌ലാമിന്റെ കാര്യത്തില്‍ ഇതു വളരെ സവിശേഷമാണ്. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഇസ്‌ലാമിന്റെ സൗന്ദര്യശാസ്ത്ര സമീപനം എന്നത് വളരെ പ്രധാനമാണ്. കാരണം മുഹമ്മദ് നബി(സ)യുടെ പ്രധാനപ്പെട്ട മുഅ്ജിസത്ത് എന്ന് മിക്ക ദൈവശാസ്ത്രകാരന്മാരും പറയുന്നത് വിശുദ്ധ ഖുര്‍ആന്റെ സൗന്ദര്യവും പൂര്‍ണതയുമാണ്. കലാ ചരിത്രകാരന്മാരുടെ ഗവേഷണ പഠനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പാശ്ചാത്യ പഠനങ്ങളില്‍ എവിടെയും ഇസ്‌ലാമിന്റെ സൗന്ദര്യശാസ്ത്ര സമീപനത്തെക്കുറിച്ച വായനകള്‍ നമുക്ക് കാണാന്‍ കഴിയില്ല. അതേസമയം മുസ്‌ലിംകള്‍ ഖുര്‍ആനെ സൗന്ദര്യശാസ്ത്രപരമായി അനുഭവിക്കുന്നുണ്ടെന്നതും ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനപരമായ ഘടകം തന്നെയാണ് ഖുര്‍ആനോടുള്ള സൗന്ദര്യശാസ്ത്ര സമീപനമെന്നതും ഒരാള്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഓറിയന്റല്‍ പഠനങ്ങളില്‍ ഖുര്‍ആനോടുള്ള മുസ്‌ലിംകളുടെ സൗന്ദര്യശാസ്ത്ര സമീപനങ്ങളെക്കുറിച്ച അന്വേഷണങ്ങള്‍ കാണാന്‍ കഴിയാത്തത് എന്നത് വളരെ പ്രസക്തമായ ചോദ്യം തന്നെയാണ്. ജര്‍മന്‍ ഓറിയന്റല്‍ പഠനങ്ങളിലെ വളരെ പ്രധാനപ്പെട്ട സാന്നിധ്യമായ തിയോഡോര്‍ നോല്‍ഡെകെ(Theodor Noldeke)യുടെ On the Language of the Quran എന്ന പുസ്തകമാണ് 1970 വരെ ഖുര്‍ആനെക്കുറിച്ച പഠനങ്ങളില്‍ പാശ്ചാത്യര്‍ ഒരു പ്രധാന സ്രോതസ്സായി ഉപയോഗിച്ചിരുന്നത്. ഒരു ചരിത്രപുസ്തകം എന്ന നിലക്കോ അറബ് സംസ്‌കാരത്തിന്റെ പ്രകാശനമായോ ആണ് അവര്‍ ഖുര്‍ആനെ മനസ്സിലാക്കിയത്. അതുകൊണ്ടാണ് ഖുര്‍ആന്റെ വളരെ മിസ്റ്റിക്കലും രേഖീയമല്ലാത്തതും (Nonlinear) മറ്റു ആഖ്യാനത്തെ മനസ്സിലാക്കാന്‍ അവരിപ്പോഴും പ്രയാസപ്പെടുന്നത്. ഖുര്‍ആന്‍ വിവര്‍ത്തനങ്ങളെയാണ് പലപ്പോഴും ഖുര്‍ആന്‍ പഠിക്കാന്‍ അവരാശ്രയിക്കുന്നത്. എന്നാല്‍ ഖുര്‍ആനിന്റെ സത്തയെയും ഉള്ളടക്കത്തെയും വിവര്‍ത്തനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയില്ല എന്ന വളരെ ലളിതമായ യാഥാര്‍ഥ്യത്തെ അവര്‍ പരിഗണിക്കുന്നില്ല. മാത്രമല്ല, ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ പരിമിതിയെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും വളരെ കുടുസ്സായ ലോകവീക്ഷണത്തിന് ഉദാഹരണമായാണ് അവര്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ഖുര്‍ആന്റെ അര്‍ഥം മനസ്സിലാക്കാതെ അത് പാരായണം ചെയ്യുകയും മനപ്പാഠമാക്കുകയും ചെയ്യുന്നവരെ ആധുനികേതരെന്നും അപരിഷ്‌കൃതരെന്നുമൊക്കെ അവര്‍ മുദ്രകുത്തുന്നത്.
ഖുര്‍ആനോടുള്ള ഓറിയന്റല്‍ സമീപനങ്ങളെ വിലയിരുത്താനോ ഖുര്‍ആനിക സൗന്ദര്യശാസ്ത്രത്തെ അടയാളപ്പെടുത്താനോ അല്ല ഞാനുദ്ദേശിക്കുന്നത്. മുസ്‌ലിംകള്‍ക്ക് ഖുര്‍ആനോടുള്ള ബന്ധത്തെയും സൗന്ദര്യശാസ്ത്രത്തിന് അതിലുള്ള പ്രാധാന്യത്തെയും അന്വേഷിക്കുക മാത്രമാണ് ചെയ്യുന്നത്. പടിഞ്ഞാറില്‍നിന്നിറങ്ങുന്ന ഖുര്‍ആന്‍ പഠനങ്ങളെല്ലാം എന്താണ് ഖുര്‍ആന്‍ എന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഖുര്‍ആനിന്റെ ആധികാരികത, ചരിത്രപരത, ഭാഷാഘടന, തത്ത്വചിന്താപരമായ ഉള്ളടക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് അവ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഞാനിവിടെ ശ്രമിക്കുന്നത് മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം എന്താണ് ഖുര്‍ആന്‍ എന്ന വളരെ മൗലികമായ ചോദ്യത്തെ അഭിമുഖീകരിക്കാനാണ്. വളരെ മൂര്‍ത്തമായ ഒരു ഒബ്ജക്ട് എന്ന നിലയിലല്ല ഞാന്‍ ഖുര്‍ആനെ കാണാന്‍ ശ്രമിക്കുന്നത്. ഖുര്‍ആനും അതിന്റെ സ്വീകര്‍ത്താക്കളും തമ്മില്‍ രൂപപ്പെടുന്ന ബന്ധങ്ങളെയാണ് ഞാനന്വേഷിക്കുന്നത്. ഒരു ഗ്രന്ഥവും ഇത്തരത്തിലുള്ള ബന്ധങ്ങളിലൂടെയല്ലാതെ നിലനില്‍ക്കുന്നില്ല. ഈ ബന്ധങ്ങളെ കണ്ടെത്തുമ്പോഴാണ് ഖുര്‍ആന്റെ വിവിധ രൂപത്തിലുള്ള സൗന്ദര്യശാസത്ര സ്വീകാര്യതകളെ (Aesthetic reception) അടയാളപ്പെടുത്താന്‍ സാധിക്കുക എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മുസ്‌ലിം-അറബ് സാഹിത്യത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും ചരിത്രം സൗന്ദര്യശാസ്ത്ര സ്വീകരണങ്ങളുടേത് (Aesthetic reception) കൂടിയാണ്. ഈ സ്വീകരണങ്ങളെ ആധുനിക യുക്തിപരതയിലൂടെ വീക്ഷിക്കുമ്പോള്‍ ഒരുപക്ഷേ അത്ഭുതകരം എന്ന് തോന്നിയേക്കാം. ഉദാഹരണത്തിന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ അതിന്റെ സൗന്ദര്യത്തെയും അര്‍ഥത്തെയും ഉള്‍ക്കൊണ്ടുകൊണ്ട് സ്വബോധം നഷ്ടപ്പെടുകയോ വീണുപോവുകയോ ചെയ്യുന്ന സംഭവങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ സര്‍വസാധാരണമാണ്. ചിലയാളുകള്‍ ഹൃദയം തകര്‍ന്ന് മരിച്ചുപോയ ചരിത്രസന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഖുര്‍ആനിക വചനത്തെയും അതിന്റെ സൗന്ദര്യത്തെയും സ്വന്തം ശരീരവും മനസ്സുമായി കൂട്ടിയിണക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. ഇവിടെ ഖുര്‍ആന്‍ ഒരു ഒബ്ജക്ട് എന്ന നിലയിലല്ല മനസ്സിലാക്കപ്പെടുന്നത്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവനും ഖുര്‍ആനും 'ഒന്നായിത്തീരുന്ന' വളരെ മിസ്റ്റിക്കലായ അനുഭവമാണിത്. വളരെ രേഖീയമായ ചരിത്രവീക്ഷണത്തിലൂടെയും ആധുനികതയുടെ വളരെ പരിമിതമായ ഭാഷയിലൂടെയും മുസ്‌ലിം ജീവിതത്തെ സമീപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മിസ്റ്റിക്കലായ ഈ അനുഭവങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ് എന്നാണ് ഞാന്‍ കരുതുന്നത്. അതിനാല്‍തന്നെ മുസ്‌ലിംകളും ഖുര്‍ആനുമായുള്ള ഗാഢമായ ഇത്തരം ബന്ധങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു ചരിത്രപഠനം വളരെ അനിവാര്യമാണ്.
ഈ പുസ്തകത്തിലുടനീളം Aesthetics എന്ന പദം ധാരാളമായി കണ്ടേക്കാം. ഖുര്‍ആനിന്റെ മനോഹാരിത (Beautiful) എന്ന അര്‍ഥത്തിലല്ല ഞാന്‍ ആ പദം ഇവിടെ ഉപയോഗിക്കുന്നത്. Aisthesis എന്ന വാക്കില്‍നിന്നാണ് സൗന്ദര്യശാസ്ത്രം എന്നര്‍ഥം വരുന്ന Aisthesis എന്ന പദം ഉത്ഭവിക്കുന്നത്. കണ്ണുകള്‍ കൊണ്ടും കാതുകള്‍ കൊണ്ടും മനസ്സിലാക്കാന്‍ കഴിയുന്നത് എന്നാണ് ആ പദത്തിനര്‍ഥം. ഉദാഹരണത്തിന് ഒരു വസ്തുവിനെ കലാപരമായി ഉള്‍ക്കൊള്ളാന്‍ നമുക്കു സാധിക്കുകയും ആ വസ്തു തരുന്ന കാഴ്ചയും അനുഭവവും നമുക്ക് ആനന്ദം പകരുന്നതുമാണെങ്കില്‍ അത് സൗന്ദര്യശാസ്ത്രപരമായ അനുഭവമാണ്. ആ വസ്തുവിനെക്കുറിച്ച വളരെ അമൂര്‍ത്തവും വ്യാവഹാരികവുമായ നമ്മുടെ അറിവില്‍നിന്ന് ഏറെ വ്യത്യസ്തമായ അനുഭവമാണത്. അഥവാ, ഒരു വസ്തുവിനെ അനുഭവപരമായി ഉള്‍ക്കൊള്ളുക എന്നതാണ് ആ വസ്തുവിന്റെ സൗന്ദര്യശാസ്ത്രപരമായ സ്വീകരണം (Aesthetic Reception) എന്നു പറയുന്നത്. ഇന്ദ്രിയപരമായ അനുഭവങ്ങളില്‍നിന്നാണ് സൗന്ദര്യശാസ്ത്രപരമായ ആശയം രൂപപ്പെടുന്നത്.
എല്ലാ മതഗ്രന്ഥങ്ങളും സൗന്ദര്യശാസ്ത്രപരമായ ഉള്ളടക്കത്തെ വഹിക്കുന്നുണ്ട്. എന്നാല്‍ ഖുര്‍ആനിന്റെ കാര്യത്തില്‍ അതേറെ സവിശേഷമാണ്. കാരണം ഖുര്‍ആനിന്റേത് കേവലമായ ഒരു സൗന്ദര്യശാസ്ത്ര സമീപനമല്ല. കാരണം ഭാഷ, വ്യാകരണം, കല, സൗന്ദര്യശാസ്ത്രം, ചരിത്രം തുടങ്ങിയവയുടെയെല്ലാം വളരെ രേഖീയവും സാമ്പ്രദായികവുമായ അനുഭവങ്ങളെയും സമീപനങ്ങളെയും തകിടം മറിക്കുന്ന ഘടനയും ആഖ്യാനശൈലിയുമാണ് ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്. ഖുര്‍ആനും സൗന്ദര്യശാസ്ത്രവുമായുള്ള ബന്ധത്തെ ഇത് കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്.
(തുടരും)
വിവ: സഅദ് സല്‍മി
Comments