Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 15

3030

1439 റബീഉല്‍ അവ്വല്‍ 26

അലി അബ്ദുല്ല സ്വാലിഹ് 'പാമ്പുകളുമായി അവസാന നൃത്തം'

ബശീര്‍ അല്‍ബക്ര്‍

പുറത്താക്കപ്പെട്ട യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്റെ ജീവിതത്തിലെ അവസാന ഏടും കഴിഞ്ഞ ഡിസംബര്‍ മൂന്നിന് അടഞ്ഞുകഴിഞ്ഞു. ഇത്തവണ മരണത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കൗശലങ്ങള്‍ രക്ഷക്കെത്തിയില്ല. 'പാമ്പുകളുടെ തലയില്‍ ചവിട്ടിയുള്ള അവസാന നൃത്തം' ആയിരുന്നു അത്. യമന്‍ ഭരിക്കാന്‍ വിധിക്കപ്പെടുന്നവര്‍ക്ക് സാധാരണ നല്‍കാറുള്ള വിശേഷണമാണിത്. ഡിസംബര്‍ മൂന്ന് ഞായറാഴ്ച, കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വധശ്രമങ്ങളില്‍നിന്ന് സമര്‍ഥമായി രക്ഷപ്പെട്ടുകൊണ്ടിരുന്ന അലി അബ്ദുല്ല സ്വാലിഹിന്റെ ചിത്രം മീഡിയ കാണിച്ചുകൊണ്ടിരുന്നു. ബ്ലാങ്കറ്റില്‍ പൊതിഞ്ഞ അദ്ദേഹത്തിന്റെ മൃതദേഹം. മുഖത്തും മൂര്‍ധാവിലും വെടിയുണ്ട തുളച്ചുകയറിയ പാടുകള്‍.

ഏറ്റവുമൊടുവില്‍ അദ്ദേഹം വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടത് 2011 ജൂണില്‍. സ്വന്‍ആയില്‍ പ്രസിഡന്റിന്റെ വസതിയോട് ചേര്‍ന്നുള്ള പള്ളിയിലാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. അബ്ദുല്ല സ്വാലിഹിന്റെ ഒപ്പമുണ്ടായിരുന്ന നിരവധി പ്രമുഖര്‍ തല്‍ക്ഷണം മരണമടഞ്ഞു. സ്വാലിഹ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരുപാട് കാലം അദ്ദേഹം സുഊദി അറേബ്യയില്‍ ചികിത്സയിലായിരുന്നു. ഒടുവിലദ്ദേഹം ഗള്‍ഫ് രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്ത് ഉണ്ടാക്കിയ സമാധാന പാക്കേജിന് സമ്മതം മൂളി. വരാനിരിക്കുന്ന മുഴുവന്‍ കേസുകളില്‍നിന്നും സുരക്ഷിതനായിരിക്കുമെന്ന (Immunity) വാഗ്ദാനവും സ്വാലിഹിന് നല്‍കിയിരുന്നു. അങ്ങനെയാണ് പ്രസിഡന്റ് പദവി അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായ അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയിലേക്ക് നീങ്ങിയത്. 2011 ഫെബ്രുവരിയില്‍ ആരംഭിച്ച യുവജന പ്രക്ഷോഭം അതിന് നിമിത്തവുമായി.

ഗള്‍ഫ് സമാധാന പാക്കേജ് പ്രകാരം അബ്ദുല്ല സ്വാലിഹ് രാഷ്ട്രീയ ജീവിതം മതിയാക്കേണ്ടതായിരുന്നു. താന്‍ പലപ്പോഴും ആവര്‍ത്തിക്കാറുള്ള ആത്മകഥാ രചനയിലേക്ക് മുഴുശ്രദ്ധയും പതിപ്പിക്കേണ്ടതായിരുന്നു. പക്ഷേ, പൂര്‍വോപരി ശക്തിയായി മറക്കു പിന്നിലിരുന്ന് രാഷ്ട്രീയം കളിക്കുകയാണ് അദ്ദേഹം ചെയ്തത്. സൈനികവും ഗോത്രപരവും സാമ്പത്തികവുമായ പലതരം കാര്‍ഡുകള്‍ പുറത്തെടുത്തുകൊണ്ടുള്ള കളി. ഇക്കാര്യത്തില്‍ യമന്‍ രാഷ്ട്രീയത്തിലെ മറ്റു കളിക്കാരെ സ്വാലിഹ് നിഷ്പ്രഭമാക്കുക തന്നെ ചെയ്തു. ഭരണത്തെ അപ്പടി സ്തംഭിപ്പിക്കാന്‍ തന്നെ അദ്ദേഹത്തിന് സാധിച്ചു. ഇടക്കാല പ്രസിഡന്റ് എന്ന പദവി മന്‍സൂര്‍ ഹാദിയിലേക്ക് ചെന്നെത്താതിരിക്കാനുള്ള സകല വിദ്യകളും വിജയകരമായി പരീക്ഷിച്ചു. താന്‍ എണ്‍പതുകളില്‍ സ്ഥാപിച്ച യമന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ മറ്റൊരാള്‍ക്കും വിട്ടുകൊടുത്തുമില്ല. ജനപ്രതിനിധി സഭയിലെ പാര്‍ട്ടി അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും എപ്പോഴും അദ്ദേഹത്തോടൊപ്പം നിന്നു.

തന്റെ പിന്‍ഗാമിയായി മന്‍സൂര്‍ ഹാദി വരാതിരിക്കുന്നതിനു വേണ്ടി ആരുമായും കൂട്ടുകൂടാന്‍ സ്വാലിഹ് തയാര്‍. താന്‍ 1995-ല്‍ കൈപ്പിടിച്ച് ഉയര്‍ത്തിക്കൊണ്ടു വന്ന മന്‍സൂര്‍ ഹാദി പ്രസിഡന്റായി ഭരണമേല്‍ക്കുന്നത് തന്നോട് ചെയ്യുന്ന കൊടും ചതിയാണെന്നായിരുന്നു സ്വാലിഹിന്റെ പക്ഷം. അതിനാല്‍ സ്വന്‍ആ പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അന്‍സ്വാറുല്ല (ഹൂഥികള്‍) യോടൊപ്പം ചേര്‍ന്നു സ്വാലിഹ്. 2014 ആദ്യത്തില്‍ തുടങ്ങിയ ഹൂഥികളുടെ സ്വന്‍ആ ഉപരോധം അതേവര്‍ഷം സെപ്റ്റംബറില്‍ വിജയം കണ്ടു. പലരെയും അമ്പരപ്പിച്ചു, ഇറാന്‍ പിന്തുണയോടെ കരുക്കള്‍ നീക്കുന്ന ഹൂഥികളുമായുള്ള സ്വാലിഹിന്റെ ഈ ചങ്ങാത്തം. കാരണം, തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം തെഹ്‌റാനുമായി കൃത്യമായ അകലം പാലിച്ചിരുന്നു സ്വാലിഹ്. ഇറാനെതിരെയുള്ള യുദ്ധത്തില്‍ ഇറാഖിലെ സദ്ദാം ഹുസൈനോടൊപ്പമായിരുന്നു അദ്ദേഹം. എന്നു മാത്രമല്ല, ഭരണത്തിലുള്ളപ്പോഴൊക്കെ സുഊദി അറേബ്യയുമായി നല്ല ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്നു. മറ്റൊരു പാളയത്തിലേക്ക് ചാടിയെങ്കിലും ഈ ബന്ധം അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല.

ഹൂഥികളുമായുള്ള ചങ്ങാത്തം വലിയ കുരുക്കിലേക്കാണ് കൊണ്ടെത്തിച്ചത്. യമന്‍ രാഷ്ട്രീയത്തില്‍ സ്വാലിഹിനുള്ള സ്വാധീനം ഗണ്യമായി കുറക്കാന്‍ ഹൂഥികള്‍ക്കായി. ഗതികെട്ടാണ് സ്വാലിഹ് ഒടുവില്‍ ഹൂഥികള്‍ക്കെതിരെ തിരിഞ്ഞത്. മേശ അവരുടെ മേല്‍ മറിച്ചിട്ട് തനിക്ക് പുതിയൊരു തുടക്കം കുറിക്കാനാകുമെന്ന് അദ്ദേഹം കരുതി. ഗള്‍ഫ് നാടുകളുടെ സഹായം കൂടിയുണ്ടായാല്‍ തനിക്കനുകൂലമായി രാഷ്ട്രീയ അടിയൊഴുക്കുകളെ തിരിച്ചുവിടാനാകുമെന്നും പ്രതീക്ഷിച്ചു. പക്ഷേ, സ്വാലിഹിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും ചലനങ്ങളെക്കുറിച്ചും ഹൂഥികള്‍ക്ക് കൃത്യമായ വിവരമുണ്ടായിരുന്നു. സ്വാലിഹിന്റെ ഓരോ നീക്കവും അവര്‍ മുന്‍കൂട്ടി കണ്ടു. അതുകൊണ്ടുതന്നെ സ്വാലിഹിന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് ഇത്തവണ മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അവ അമ്പേ പരാജയപ്പെട്ടു എന്നു മാത്രമല്ല, സ്വാലിഹ് വധിക്കപ്പെടുകയും ചെയ്തു.

അബ്ദുല്ല സ്വാലിഹ് യമന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ അദ്ദേഹം സൈന്യത്തിലെ കേണല്‍ പദവിയിലുള്ള ഒരു ഓഫീസര്‍ മാത്രമായിരുന്നു. വടക്കന്‍ യമനിലെ തഇസ് നഗരത്തിലായിരുന്നു പോസ്റ്റിംഗ്. 1978-ല്‍ അദ്ദേഹം അധികാരത്തില്‍ വരുന്നത്, സുഊദി അറേബ്യയുടെയും യമനിലെ ഏറ്റവും വലിയ ഗോത്രമായ ഹാശിദിന്റെ തലവന്‍ അബ്ദുല്ലാഹിബ്‌നു ഹുസൈന്‍ അല്‍ അഹ്മറിന്റെയും സഹായത്തോടെയായിരുന്നു. രണ്ട് പ്രസിഡന്റുമാര്‍ വധിക്കപ്പെട്ടതിനു ശേഷമായിരുന്നു ഈ സ്ഥാനാരോഹണം. ആദ്യത്തെയാള്‍ ഇബ്‌റാഹീം അല്‍ഹംദി. അദ്ദേഹം 1977 ഒക്‌ടോബറില്‍ സ്വന്‍ആയില്‍ വെച്ച് വധിക്കപ്പെട്ടു. ഐക്യകരാര്‍ ഒപ്പുവെക്കാന്‍ അദ്ദേഹം തെക്കന്‍ യമനിലേക്ക് പോകുന്നതിന്റെ തൊട്ടു മുമ്പായിരുന്നു വധം. രണ്ടാമത്തെയാള്‍ അഹ്മദ് ഹുസൈന്‍ അല്‍ ഹശ്മി. 1978 ജൂണില്‍ അദ്ദേഹവും വധിക്കപ്പെട്ടു; തീര്‍ത്തും ദുരൂഹമായ സാഹചര്യത്തില്‍. ഇതില്‍ സ്വാലിഹിന് പങ്കുണ്ടായിരുന്നുവെന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവന്നു. ഇതാണ് 1978 ജൂലൈ 18-ന് അധികാരം കൈപ്പിടിയിലൊതുക്കാന്‍ സ്വാലിഹിന് വഴിതുറന്നത്.

സ്വാലിഹ് അധികാരമേറ്റയുടനെ തെക്കന്‍ യമനുമായി നിരവധി സൈനിക സംഘര്‍ഷങ്ങള്‍ക്ക് കളമൊരുങ്ങി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 1979 ഫെബ്രുവരിയില്‍ നടന്ന യുദ്ധം. ആ ഏറ്റുമുട്ടലില്‍ തെക്കന്‍ യമന്‍ സേന വടക്കന്‍ യമന്റെ പല ഉള്‍ഭാഗങ്ങളിലേക്കും കടന്നുകയറി. വടക്കന്‍ യമന്‍ ഭരണകൂടം നിലംപൊത്തുമെന്ന സ്ഥിതി വരെയായി. ആ സന്ദര്‍ഭത്തില്‍ മേഖലയിലും രാഷ്ട്രാന്തരീയമായും നടന്ന ചില നീക്കുപോക്കുകളാണ് സ്വാലിഹിനെ രക്ഷിച്ചത്. തെക്കന്‍ യമന്‍ ഭരണകക്ഷിയിലെ ആഭ്യന്തര സംഘര്‍ഷങ്ങളെത്തുടര്‍ന്ന് യുദ്ധത്തിന് നേതൃത്വം നല്‍കിയിരുന്ന പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് ഇസ്മാഈല്‍ പുറത്താക്കപ്പെട്ടതും അലി നാസിര്‍ മുഹമ്മദ് പകരക്കാരനായി എത്തിയതും സ്വാലിഹിന് തുണയായി. 1986 വരെ ഭരണം നടത്തിയ അലി നാസിര്‍ മുഹമ്മദും സോഷ്യലിസ്റ്റ് ഭരണ കക്ഷിയിലെ ആഭ്യന്തരപ്പോര് കാരണം പുറത്താക്കപ്പെടുകയായിരുന്നു. തെക്കന്‍ യമനിലെ ആഭ്യന്തരഛിദ്രത മുതലെടുത്തുകൊണ്ട് തന്റെ നില ഭദ്രമാക്കാനാണ് സ്വാലിഹ് ശ്രമിച്ചത്. നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്വാലിഹിന്റെ നീക്കങ്ങള്‍ 1990 മെയ് മാസത്തില്‍ യമന്‍ ഏകീകരണത്തില്‍ കലാശിച്ചു. ഐക്യയമന്റെ പ്രസിഡന്റ് സ്ഥാനം സ്വാലിഹിനും വൈസ് പ്രസിഡന്റ് സ്ഥാനം തെക്കന്‍ യമനിലെ അലി സാലിം അല്‍ ബീളിനുമായിരുന്നു. പിന്നീടങ്ങോട്ട് സ്വാലിഹ് തന്നിഷ്ടപ്രകാരമാണ് കാര്യങ്ങള്‍ നീക്കിയത്. ഐക്യകരാറിലെ വ്യവസ്ഥകളൊന്നും അദ്ദേഹം പാലിക്കാതെയായി. വൈസ് പ്രസിഡന്റ് ബീളിന്റെ സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങളെയൊന്നും വകവെച്ചില്ല. സൈനിക പിന്‍ബലം ഉറപ്പു വരുത്തിയും പെട്രോള്‍ വരുമാന സ്രോതസ്സുകള്‍ സ്വന്തമാക്കിയും മുന്നോട്ടു നീങ്ങിയ സ്വാലിഹ് അഭിപ്രായഭിന്നതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് 1994-ല്‍ തെക്കന്‍ യമനെതിരെ സൈനിക നീക്കം തുടങ്ങി. ഗോത്ര വിഭാഗങ്ങളുടെ പിന്തുണയോടെ യുദ്ധം ജയിക്കുകയും ചെയ്തു. ഇത് സ്വാലിഹിന് ഹീറോ പരിവേഷം ചാര്‍ത്തിക്കൊടുത്തു. ധനസ്രോതസ്സുകള്‍ കൈവശപ്പെടുത്തിയും സൈന്യത്തെയും ഗോത്രങ്ങളെയും പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തിയും പിന്നീടങ്ങോട്ട് സ്വാലിഹിന്റെ ഏകപക്ഷീയ ഭരണമായിരുന്നു.

സൈന്യത്തിലെയും മറ്റെല്ലാ സുരക്ഷാ ഏജന്‍സികളിലെയും ഉയര്‍ന്ന തസ്തികകളെല്ലാം സ്വാലിഹിന്റെ കുടുംബാംഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടതായിരുന്നു. തന്റെ ജന്മദേശമായ സന്‍ഹാനില്‍നിന്ന് സഹോദരന്മാരെയും അവരുടെ പുത്രന്മാരെയും കൊണ്ടുവന്ന് പ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു. മൂത്ത മകന്‍ അഹ്മദിനു വേണ്ടി അമേരിക്കയില്‍നിന്ന് സൈനിക പരിശീലനം ലഭിച്ച ഒരു പ്രത്യേക വിംഗിനെ സജ്ജമാക്കിക്കൊടുത്തു. അധികാരം പിന്തുടര്‍ച്ചയായി ഈ മകന് നല്‍കാമെന്നായിരുന്നു കണക്കുകൂട്ടലുകളെങ്കിലും, 'പാമ്പുകളുടെ തലയില്‍ ചവിട്ടി നൃത്തം' ചെയ്യാനുള്ള കൗശലമൊന്നും ആ മകന് ഉണ്ടായിരുന്നില്ല.

തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യം വരെ ഗള്‍ഫ് നാടുകളുമായി അത്ര സുഖത്തിലായിരുന്നില്ല സ്വാലിഹ്. കുവൈത്തില്‍ അധിനിവേശം നടത്തിയ സദ്ദാം ഹുസൈനോടൊപ്പം സ്വാലിഹ് നിലയുറപ്പിച്ചത്, ഏതാണ്ട് പത്തു ലക്ഷത്തോളം യമനീ തൊഴിലാളികള്‍ സുഊദി അറേബ്യയില്‍നിന്ന് പുറത്താക്കപ്പെടാന്‍ ഇടവരുത്തി. പിന്നെ ഈ അയല്‍നാടുമായുള്ള ബന്ധം പല കരാറുകളുടെയും ധാരണകളുടെയും അടിസ്ഥാനത്തില്‍ മെച്ചപ്പെടുകയും ചെയ്തു.

സാലിഹിന് യമന്‍ പ്രസിഡന്റായിരിക്കെ കാര്യമായ സൈനിക, സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരുന്നത് 'അല്‍ഖാഇദ'യെ നേരിടുന്നതിനായിരുന്നു. പക്ഷേ, അല്‍ഖാഇദയുമായി ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. തന്റെ ശത്രുക്കളെ ഒതുക്കാന്‍ അവരുടെ സഹായം അദ്ദേഹത്തിന് ആവശ്യമായിരുന്നല്ലോ. തുനീഷ്യന്‍ പ്രക്ഷോഭം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്വാലിഹ് യമന്‍ പാര്‍ലമെന്റില്‍ ഒരു ഭേദഗതി കൊണ്ടുവന്നിരുന്നു. എത്രകാലവും ഒരാള്‍ക്ക് പ്രസിഡന്റാവാം എന്നായിരുന്നു ഭേദഗതി. തുനീഷ്യന്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് അവിടത്തെ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി പുറത്താക്കപ്പെട്ടപ്പോള്‍ ഈ നിയമനിര്‍മാണത്തില്‍നിന്ന് സ്വാലിഹ് തന്ത്രപൂര്‍വം പിന്‍വലിഞ്ഞു. തന്റെ കാലാവധി അവസാനിക്കുന്ന 2013 വരെ മാത്രമേ താന്‍ പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടാകൂ എന്നും മകനെ പിന്‍ഗാമിയാക്കില്ലെന്നും പ്രഖ്യാപിച്ചുവെങ്കിലും ജനം സ്വാലിഹിന്റെ വാക്കുകളെ വിശ്വസിക്കുന്നുണ്ടായിരുന്നില്ല. 'പ്രസിഡന്റിനെ പുറത്തെറിയാന്‍ ജനം ആഗ്രഹിക്കുന്നു' എന്ന പ്ലക്കാര്‍ഡുമായി അവര്‍ തെരുവിലിറങ്ങി.

സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്കും ഈജിപ്തിലെ ഹുസ്‌നി മുബാറകിനും ഉണ്ടായ ഗതി വരാതിരിക്കാനാണ് സ്വാലിഹിന് മുമ്പില്‍ ഒരു സമാധാന ഫോര്‍മുല ഗള്‍ഫ് രാഷ്ട്രങ്ങള്‍ അവതരിപ്പിച്ചത്. സ്വാലിഹിന്റെ ധന-അധികാര ദുര്‍വിനിയോഗത്തിന്റെ ഒരു ഫയലും ശേഷം വരുന്ന ഭരണാധികാരി തുറക്കില്ലെന്ന ഉറപ്പും നല്‍കിയിരുന്നു. യു.എന്‍ കണക്ക് പ്രകാരം, അദ്ദേഹത്തിന്റെ 60 ബില്യന്‍ ഡോളര്‍ ആസ്തി അങ്ങനെ സംരക്ഷിക്കപ്പെടും. ധാരാളം മുതല്‍മുടക്കുകള്‍ നടത്തിയ റഷ്യയിലേക്കോ ജര്‍മനിയിലേക്കോ ശിഷ്ടജീവിതം നയിക്കാന്‍ സ്വാലിഹ് പോയേക്കുമെന്നും അഭ്യൂഹമുണ്ടായി. പക്ഷേ, രാഷ്ട്രീയ ഗോദ വിടാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. പാമ്പുകളോടൊത്ത് നൃത്തമാടാന്‍ തന്നോളം കഴിയുന്ന ആരുമില്ലെന്ന് അദ്ദേഹം കരുതി. പക്ഷേ, ഇത്തവണ നൃത്തം ചെയ്യാനെത്തിയത് മറ്റൊരു ഇനം പാമ്പുകളായിരുന്നു. സ്വാലിഹിന്റെ അവസാന നൃത്തമായിരുന്നു അത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (45-51)
എ.വൈ.ആര്‍