ഹാദിയ കേസ് പരാജയപ്പെട്ട ഘര്‍വാപ്പസി
ഹാദിയയുടെ വീട്ടുതടങ്കലില്‍നിന്നുള്ള മോചനവും പ്രസ്തുത കേസില്‍ സുപ്രീം കോടതി നല്‍കിയ ഇടക്കാല വിധിയും ഭരണകൂട പിന്തുണയുള്ള ഒരു ഘര്‍വാപ്പസിയെ നിലംപരിശാക്കുന്നതോടൊപ്പം അതിനുള്ളില്‍ നടന്ന ഗൂഢാലോചനയെ പുറത്തുകൊണ്ടുവരികയും ചെയ്തിരിക്കുന്നു. ഒരു സ്ത്രീയുടെ മൗലികാവകാശത്തിനുമേല്‍ ഔദ്യോഗിക സംവിധാനങ്ങള്‍തന്നെ കടിഞ്ഞാണിട്ടപ്പോള്‍ അത് പൊട്ടിച്ചെറിയാന്‍ സുപ്രീം കോടതി വഴിതുറന്നിരിക്കുകയാണ്. സംഘ് പരിവാറിന് ഇസ്‌ലാമാശ്ലേഷത്തോടുള്ള വെറുപ്പ് നമുക്ക് മനസ്സിലാവും. പക്ഷേ ഇടതുപക്ഷ ഗവണ്‍മെന്റ് എന്തിനാണ് സംഘ് പരിവാറിന്റെ കൂടെ സഞ്ചരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ഇത്തരത്തിലുള്ള ഒപ്പംചേരല്‍ ജനാധിപത്യ വിശ്വാസികളെ അത്ഭുതപ്പെടുത്തുകയും ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നു. 'എനിക്ക് മുസ്‌ലിമായി ജീവിക്കണം, അതിന് എന്നെ സ്വതന്ത്രയാക്കണം' എന്ന ഹാദിയയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയും ഇഷ്ടമുള്ള ഏതു മതം തെരഞ്ഞെടുക്കുന്നതിനും ഒരു പ്രതിബന്ധവുമില്ല എന്ന് പറയാതെ പറയുകയും ചെയ്തിരിക്കുകയാണ്. അഥവാ ഹാദിയയുടെ മതംമാറ്റം സ്വയം ബോധ്യത്തില്‍നിന്നാണെന്ന് തിരിച്ചറിഞ്ഞ് ഇരുപത്തിനാല് വയസ്സുള്ള ഡോക്ടറും ബുദ്ധിമതിയുമായ ഒരു സ്ത്രീയെ മാനസിക രോഗിയായി ചിത്രീകരിക്കാനുള്ള അഛന്‍ അശോകന്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളുടെ വാദങ്ങളെ കോടതി തള്ളുകയായിരുന്നു. മാനസികമായ തട്ടിക്കൊണ്ടുപോകല്‍ (Mental Kidnapping) ആണ് ഹാദിയയുടെ കാര്യത്തില്‍ നടന്നിരിക്കുന്നതെന്ന് സംഘ് പരിവാര്‍ വാദവും തിരസ്‌കരിക്കപ്പെട്ടു. മാനസികമായി ഉയര്‍ന്ന നിലവാരത്തിലുള്ള സ്ത്രീയാണ് ഹാദിയയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന് ബോധ്യമായി. ഇരുപതു ചോദ്യങ്ങള്‍ക്ക് ഹാദിയ നല്‍കിയ കൃത്യവും ഉറച്ചതുമായ മറുപടിയില്‍നിന്ന് ഹാദിയയുടെ മാനസിക നിലക്ക് തകരാറൊന്നുമില്ല എന്ന് വ്യക്തമായ സ്ഥിതിക്ക് ഇടക്കു വെച്ച് നിന്നുപോയ അവരുടെ വിദ്യാഭ്യാസം തുടരാന്‍ കോടതി നിര്‍ദേശം കൊടുക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയതുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അഥവാ കഴിഞ്ഞ ഒരു വര്‍ഷമായി സംഘ് പരിവാറും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്ന ഘര്‍വാപ്പസി കാമ്പയിനേറ്റ തിരിച്ചടിയാണെന്ന് ചുരുക്കം.
ഘര്‍വാപ്പസിയുടെ അടവുകളും തന്ത്രങ്ങളും ഹാദിയ വിഷയത്തില്‍ വിജയം കണ്ടില്ല എന്നതാണ് ജനാധിപത്യ വിശ്വാസികളെ സന്തോഷിപ്പിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ട് ഹാദിയ വീട്ടുതടങ്കലില്‍ കഴിയുമ്പോള്‍ സന്ദര്‍ശകരായി എത്തിയത് സംഘ് പരിവാര്‍ നേതാക്കളായ കുമ്മനം രാജശേഖരന്‍, രാഹുല്‍ ഈശ്വര്‍, ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ എന്നിവരാണ്. ഹാദിയയുടെ അചഞ്ചലമായ നിലപാട് കാരണം ഇക്കൂട്ടരുടെ ജനാധിപത്യവിരുദ്ധമായ ഘര്‍വാപ്പസി ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഹാദിയയുടെ വിശ്വാസദാര്‍ഢ്യത്തിനു മുന്നില്‍ ഘര്‍വാപ്പസി പരാജയപ്പെട്ടതിലുള്ള കെറുവ് കരഞ്ഞുതീര്‍ക്കുകയാണ് സംഘ് പരിവാറും അവരെ പിന്തുണക്കുന്നവരും ചെയ്തുകൊണ്ടിരിക്കുന്നത്. സംഘ് പരിവാറിന് ഘര്‍വാപ്പസി അവരുടെ അജണ്ടയുടെ ഭാഗമാണ്. ഇത്തരത്തിലുള്ള മതംമാറ്റം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസവുമാണ്. ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളില്‍ നാം അനുഭവിച്ചറിഞ്ഞ ഒരു യാഥാര്‍ഥ്യമാണിത്. കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി ഇസ്‌ലാം സ്വീകരിച്ച് കമലാ സുറയ്യ ആയപ്പോള്‍ ഉണ്ടായ കോലാഹലം നാം കണ്ടതാണ്. സംഘ് പരിവാറിന്റെ അസഹിഷ്ണുതയാണ് അതിലൂടെ മറനീക്കി പുറത്തുവന്നത്. പക്ഷേ ഹാദിയ പ്രശ്‌നത്തില്‍ ഭീതി ഉളവാക്കുന്ന കാര്യം, ഇടതുപക്ഷ സര്‍ക്കാറിന്റെ പിന്തുണ സംഘ് പരിവാറിന് ലഭിച്ചു എന്നുള്ളതാണ്. സംഘ് പരിവാര്‍ വക്താക്കള്‍ കയറിയിറങ്ങുന്ന കേന്ദ്രമായി ഹാദിയയുടെ വീട് മാറിയതില്‍നിന്ന് ഭരണകൂടത്തിന്റെ ഇഛാശക്തിയില്ലായ്മയാണ് വെളിപ്പെട്ടത്. കുമ്മനം രാജശേഖരന് പോകാവുന്ന ഒരിടത്തേക്ക് സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ജോസഫൈന് പ്രവേശനമില്ല! ഭരണകൂടത്തിന്റെ ഈ പരാജയം സമ്മതിക്കുന്നതിനു പകരം എന്‍.ഐ.ഐ, തീവ്രവാദം തുടങ്ങിയ വാക്കുകള്‍ സംഘ് പരിവാറിനെ പോലെ ഉച്ചരിക്കുകയാണ് അതിന്റെ വക്താക്കള്‍ ചെയ്തത്. ഇടതുപക്ഷ ബുദ്ധിജീവികള്‍ പോലും വല്ലാത്ത മൗനത്തില്‍ വീണുപോയ ഹാദിയ കേസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും, അവര്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തെ തുറന്നുകാട്ടുകയും ചെയ്ത കവി സച്ചിദാനന്ദനും സാമൂഹിക പ്രവര്‍ത്തക ജെ. ദേവികയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇവിടെ സംഘ് പരിവാറിന്റെ ആള്‍ക്കാര്‍ക്കില്ലാത്ത നിയന്ത്രണം സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തുകയാണുണ്ടായത്. സുപ്രീം കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കെ എന്‍.ഐ.എയുടെ വാദത്തോടൊപ്പം നിന്ന് ഹാദിയക്കെതിരെ വാദിച്ച സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടും ഇടതുപക്ഷത്തിന്റെ പരാജയത്തെയാണ് അടയാളപ്പെടുത്തുന്നത്. മാറാന്‍ പറ്റാത്ത കട്ടപിടിച്ച ഇടങ്ങളായി കേരളത്തിന്റെ മത - രാഷ്ട്രീയ ഇടങ്ങള്‍ മാറണമോ എന്ന മൗലികമായ ചോദ്യമാണ് ഹാദിയ കേസ് ഉയര്‍ത്തുന്നത്. സംവാദത്തെ സംഘ് പരിവാറിന് ഭയമാണ്. അത്തരത്തിലുള്ള ഒരു അസംബന്ധത്തിലേക്ക് ഇടതുപക്ഷവും വീഴുകയാണോ? വീഴില്ല എന്നാണ് നമ്മുടെ പ്രതീക്ഷ. ഭരണകൂടത്തിന്റെ പിന്തുണയോടെ നടത്തപ്പെട്ട ഘര്‍വാപ്പസി കാമ്പയിനിനെതിരെ ഒറ്റക്കു നിന്ന് പൊരുതിയ ധീര വനിതയായി ഹാദിയ നാളെ ചരിത്രത്തില്‍ ഇടം പിടിക്കുമെന്നാണ് കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ കരുതുന്നത്.
Comments