Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 15

3030

1439 റബീഉല്‍ അവ്വല്‍ 26

അനുമാനത്തിലെ അപകടങ്ങള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ചില പ്രവര്‍ത്തകരുടെ ഉള്ളില്‍ കത്തുന്ന അമിതാവേശം വിനകള്‍ വരുത്തിവെക്കാറുണ്ട്. ബുദ്ധിയും വിവേകവും ശര്‍ഈ വിധികളും സൗകര്യപൂര്‍വം മാറ്റിവെച്ച് മുന്‍വിധികള്‍ക്ക് പിറകെ പായുന്നവര്‍ സ്വയം നാശം ക്ഷണിച്ചുവരുത്തുന്നവരാണ്, മറ്റുള്ളവരെ നശിപ്പിക്കുന്നവരുമാണ്. അമിതാവേശം കാട്ടി തീരാദുഃഖം ഏറ്റുവാങ്ങിയ ഉസാമതുബ്‌നു സൈദിന്റെ അനുഭവം ഓര്‍മയുണ്ടാവണം. ഉസാമ അനുസ്മരിക്കുന്നു: ''നബി(സ) ഞങ്ങളെ ഹിര്‍ഖയിലേക്കയച്ചു. പുലര്‍ക്കാലെ ശത്രുക്കളെ നേരിട്ട ഞങ്ങള്‍ അവരെ പരാജയപ്പെടുത്തി. ഞാനും ഒരു അന്‍സാരി സുഹൃത്തും ശത്രുപക്ഷത്തെ ഒരാളെ പിന്തുടര്‍ന്നു. ഞങ്ങള്‍ അയാളെ പിടിക്കുമെന്നായപ്പോള്‍ അയാള്‍: 'ലാഇലാഹ ഇല്ലല്ലാഹ്.' അന്‍സാരി അയാളെ തടഞ്ഞുനിര്‍ത്തി. ഞാനയാളെ കുന്തമുനകൊണ്ട് കുത്തി. അയാള്‍ നിലംപതിച്ചു, മരിച്ചു. വിവരം കിട്ടിയ നബി(സ): 'ഉസാമ! ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞ ശേഷവും നിങ്ങള്‍ അയാളെ കൊല്ലുകയായിരുന്നുവോ?'

ഞാന്‍: 'അത് അയാള്‍ പ്രാണരക്ഷാര്‍ഥം ചെയ്തതാണ്.' തന്റെ നീരസത്തോടെയുള്ള ചോദ്യം നബി(സ) ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എന്റെ ഇസ്‌ലാമാശ്ലേഷം ആ ദിവസത്തിനു മുമ്പേ ആവേണ്ടിയിരുന്നില്ല എന്ന് ഞാന്‍ കൊതിച്ചു പോയി'' (ബുഖാരി).

ആ മനുഷ്യനെ ഉസാമ(റ) വധിക്കാന്‍ ഒരുമ്പെട്ടത് അമിതാവേശത്താലായിരുന്നെന്ന് വ്യക്തം. കരഗതമാവുന്ന ഐഹിക നേട്ടങ്ങളെ കുറിച്ച നോട്ടവും വിചാരവുമാകാം ചില വേളകളില്‍ സത്യം എന്തെന്നറിയാനുള്ള വിവേകത്തിന് തടയിടുന്നത്. അല്ലാഹു സൂചിപ്പിക്കുന്നത് അതാണ്: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിന് പോയാല്‍ ശത്രു ആരെന്നും മിത്രം ആരെന്നും വ്യക്തമായി തിരിച്ചറിയണം. നിങ്ങള്‍ക്ക് സമാധാന സന്ദേശം നല്‍കിയവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള്‍ പറയരുത്. ഇഹലോക ജീവിതത്തിലെ നേട്ടം കൊതിച്ചുകൊാണ് നിങ്ങള്‍ അങ്ങനെ പറയുന്നത്. എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുക്കള്‍ അല്ലാഹുവിന്റെ വശമുണ്ട്. മുമ്പ് നിങ്ങളും അതുപോലെ അവിശ്വാസത്തില്‍ ആയിരുന്നുവല്ലോ. അനന്തരം അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹമരുളി. അതിനാല്‍ കാര്യങ്ങള്‍ നിങ്ങള്‍ വ്യക്തമായി അന്വേഷിച്ച് മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (അന്നിസാഅ്: 94).

അനവധാനതയും അശ്രദ്ധയുമാവും ചിലപ്പോള്‍ വസ്തുതകള്‍ യഥാവിധി അപഗ്രഥിച്ച് പഠിക്കാനും മനസ്സിലാക്കാനും നിലപാടെടുക്കാനും തടസ്സമാവുന്നത്. ഭവിഷ്യത്തുകളെക്കുറിച്ചും തന്റെ നിലപാട് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഓര്‍ക്കാന്‍ നേരമുണ്ടാവില്ല, അത്തരം സന്ദര്‍ഭങ്ങളില്‍. നിജഃസ്ഥിതിയും വസ്തുതകളും ശരിയായി അന്വേഷിച്ച് മനസ്സിലാക്കാതെ വരുമ്പോള്‍ സംഭവിക്കാവുന്ന ദുരന്തങ്ങള്‍ ഏറെയാണ്. ഇസ്‌ലാമിനെതിരില്‍ നടന്നുകൊണ്ടിരിക്കുന്ന വിഷലിപ്തമായ പ്രചാരവേലകള്‍ വിശ്വസിച്ച് പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളോടും വ്യക്തികളോടും ശത്രുത പുലര്‍ത്തും ചിലര്‍. യഥാര്‍ഥത്തില്‍ പ്രവര്‍ത്തകരുമായി ഇടപഴകുകയും അവരുടെ സ്വഭാവവും സംസ്‌കാരവും പെരുമാറ്റ രീതികളും അടുത്തുനിന്നറിയാന്‍ സന്ദര്‍ഭം ലഭിക്കുകയുമാണെങ്കില്‍ സത്യാവസ്ഥ ബോധ്യപ്പെടാവുന്നതേയുള്ളൂ. പ്രചാരണങ്ങളുടെ ഉള്ളുകള്ളി അപ്പോള്‍ പുറത്താവും.

ഇസ്‌ലാമികാദര്‍ശത്തിന്റെ പൊരുളും ആത്മാവും തൊട്ടറിയാതെ, ബാഹ്യമോടിയിലും പുറന്തൊലിപ്രധാനമായ കാര്യങ്ങളിലും ശ്രദ്ധയൂന്നുകയും അവയില്‍ അഭിരമിക്കുകയും ചെയ്യുന്ന പ്രവണത വസ്തുതാന്വേഷണ ത്വരയുടെ അഭാവത്തില്‍ സംഭവിക്കുന്ന വീഴ്ചകളാണ്. അവര്‍ക്ക് പ്രധാനം താടിയുടെ നീളം, മിസ്‌വാക് ചെയ്യല്‍, വസ്ത്രത്തിന്റെ ഇറക്കം കുറയ്ക്കല്‍, വടിയുംകൊണ്ട് നടക്കല്‍, തലപ്പാവ് ധരിക്കല്‍ തുടങ്ങിയ വിഷയങ്ങളായിരിക്കും. നന്മയും തിന്മയും സത്യവും വ്യാജവും തിരിച്ചറിയാനുള്ള വകതിരിവ് നഷ്ടപ്പെട്ടവരാണവര്‍. നാം ഇവയൊക്കെ അവഗണിക്കുകയാണെന്നോ പുഛിച്ചുതള്ളുകയാണെന്നോ ആരും ധരിക്കരുത്. ഇവയെക്കുറിച്ചെല്ലാം പ്രബലവും ദുര്‍ബലവുമായ ഹദീസുകള്‍ പലതും വന്നിട്ടുണ്ട്. അത് വിശകലനം ചെയ്യുക ഇവിടെ ഉദ്ദേശ്യമല്ല. നാം ഊന്നുന്നത്, മുന്‍ഗണനാ ക്രമങ്ങള്‍ ദീക്ഷിച്ചുകൊണ്ടാവണം ഇവയൊക്കെ എന്നതില്‍ മാത്രമാണ്.

എന്തെങ്കിലും കേള്‍ക്കുമ്പോഴേക്കും കാണുമ്പോഴേക്കും മുന്‍-പിന്‍ വിചാരമില്ലാതെ ചാടിവീണ് നിഗമനത്തിലെത്തുകയും അവ പ്രചരിപ്പിക്കുകയും ചെയ്തുകഴിഞ്ഞിരിക്കും, സത്യാവസ്ഥ അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍. തങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും സാഹചര്യങ്ങളെ അപഗ്രഥിക്കാതെ അവ നടപ്പിലാക്കാനും ബദ്ധപ്പെടുകയും ചെയ്യും അവര്‍.

വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കാതെ ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും കിംവദന്തികള്‍ക്കും പിറകെ പോയാല്‍ അത് നിരപരാധികള്‍ക്ക് അപഖ്യാതിയുണ്ടാക്കും. അവരെക്കുറിച്ച ആരോപണവുമായിത്തീരും അത്. ആഇശ(റ)യെക്കുറിച്ച് പ്രചരിച്ച അപവാദങ്ങള്‍ തിരുമേനിയെയും സ്വഹാബിമാരെയും നബി പത്‌നിമാരെയും എത്രമാത്രം വേദനിപ്പിച്ചുവെന്നും സങ്കടത്തിലാഴ്ത്തിയെന്നും മുസ്‌ലിം സമൂഹത്തെ പിടിച്ചുലച്ചുവെന്നും നമുക്ക് നന്നായി അറിയാം. കാര്യങ്ങള്‍ വ്യക്തമായി അന്വേഷിക്കുകയും അറിയുകയും ചെയ്യുന്നതില്‍ സംഭവിച്ച വീഴ്ചയുടെ ദുഷ്പരിണതിയായിരുന്നു അത്. ഖുര്‍ആന്‍ ചോദിക്കുന്നു: ''നിങ്ങള്‍ അതു കേട്ട സമയം, സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലത് വിചാരിക്കുകയും ഇത് വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല! അവര്‍ എന്തുകൊണ്ട് അതിന് നാല് സാക്ഷികളെ കൊണ്ടുവന്നില്ല! അവര്‍ സാക്ഷികളെ കൊണ്ടുവരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍'' (സൂറത്തുന്നൂര്‍: 12,13).

ഉസാമത്തുബ്‌നു സൈദ്, മുസ്‌ലിമായ വ്യക്തിയുടെ രക്തം ചിന്തിയ സംഭവവും ഇതിന്റെ ഫലമായിട്ടായിരുന്നുവല്ലോ. വസ്തുതകള്‍ അന്വേഷിക്കാതെ അനുമാനങ്ങള്‍ നടത്തുന്നതും നിലപാടുകള്‍ സ്വീകരിക്കുന്നതും തീരാ ദുഃഖത്തിന്നിട വരുത്തും എന്നതിന്റെ ഉത്തമോദാഹരണമാണല്ലോ ആഇശ(റ)യെക്കുറിച്ച അപവാദത്തില്‍ അറിയാതെയെങ്കിലും പങ്ക് വഹിച്ചുപോയ സ്വഹാബിമാര്‍ക്ക് മനസ്സില്‍ തീകോരിയിട്ട അനുഭവങ്ങള്‍ ഉണ്ടായത്.

''സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങള്‍ അതിനെക്കുറിച്ച് വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു കൂട്ടര്‍ക്ക് നിങ്ങള്‍ ആപത്ത് വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കുന്നവരുടെ ഗണത്തില്‍പെടാതിരിക്കുകയും ചെയ്യുന്നതിനു വേണ്ടി(യാണ് ഈ നിര്‍ദേശം)'' (ഹുജുറാത്ത്: 6).

പരസ്പര വിശ്വാസവും ആത്മവീര്യവും ഊഹങ്ങള്‍ക്കും അനുമാനങ്ങള്‍ക്കും പിറകെ പോകുന്ന പ്രവണത. നബി(സ) ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ അനുരഞ്ജനം പ്രശസ്തമാണ്. സന്തോഷത്തിലും സമാധാനത്തിലും പരസ്പര വിശ്വാസത്തിലും കഴിഞ്ഞുകൂടിയ ഔസ്-ഖസ്‌റജ് ഗോത്രക്കാരായ അന്‍സ്വാരികള്‍ക്കിടയില്‍ പഴയ ഗോത്രപ്പകയുടെ കനല്‍ ഊതിക്കത്തിക്കാന്‍ ശ്രമിച്ച ജൂതന്റെ കുത്സിത ശ്രമങ്ങള്‍ വിജയം കണ്ട വേളയില്‍ ആയുധധാരികളായി രംഗത്തിറങ്ങാന്‍ ഒരുമ്പെട്ട അവരെ അഭിസംബോധന ചെയ്ത് പ്രവാചകന്‍: ''മുസ്‌ലിം സമൂഹമേ, അല്ലാഹുവിനെ ഓര്‍ക്കുക. ഞാന്‍ നിങ്ങള്‍ക്ക് മധ്യേ ഉയിരോടും ഉടലോടും ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ ജാഹിലിയ്യാ വാദങ്ങള്‍ ഉയര്‍ത്തുകയാണോ?''

പ്രവര്‍ത്തന രംഗത്ത് വീഴ്ചക്കും അലംഭാവത്തിനും കാരണമാകും ഇത്. അണികളില്‍ ശത്രുക്കളുടെ കടന്നുകയറ്റം യാഥാര്‍ഥ്യമായി പുലരും. അനുയായികളെയും അഭ്യുദയകാംക്ഷികളെയും നഷ്ടപ്പെടുത്തും. സര്‍വോപരി ദൈവിക സഹായം നിഷേധിക്കപ്പെടുന്ന ദുരവസ്ഥയില്‍ അകപ്പെടും.

ഹിംസിലെ ഗവര്‍ണര്‍ സഈദുബ്‌നു ആമിറില്‍ അജമിയും ഉമറുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ ചില പാഠങ്ങള്‍ ഉണ്ട്. ഉമറിന്റെ ഹിംസ് പര്യടനവേളയില്‍ ദേശവാസികള്‍ ഗവര്‍ണര്‍ സഈദിനെ കുറിച്ച് ചില പരാതികള്‍ ഉന്നയിച്ചു:

''ഞങ്ങള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് നാല് പരാതികളുണ്ട്. പകല്‍ കുറേ പിന്നിട്ടാണ് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. രാത്രി അദ്ദേഹം ഞങ്ങളുടെ വിളികള്‍ കേള്‍ക്കില്ല. മാസത്തില്‍ ഒരു ദിവസം അദ്ദേഹം പുറത്തുവരില്ല. ചില ദിവസങ്ങളില്‍ അദ്ദേഹത്തിന് ബോധക്ഷയം ഉണ്ടാവാറുണ്ട്.''

പരാതികള്‍ കേട്ട ഉമര്‍ സഈദിനെയും ദേശവാസികളെയും ഒരുമിച്ചുകൂട്ടി വസ്തുതാന്വേഷണം നടത്തി. സഈദിന് പറയാനുള്ളത് കേട്ടു. ഉന്നയിച്ച ഓരോ പരാതിയെക്കുറിച്ചും സഈദ് വിശദീകരണം നല്‍കി: ''പകല്‍ കുറേ കഴിഞ്ഞാണ് തങ്ങളുടെ അടുത്തേക്ക് വരുന്നത് എന്ന് പറഞ്ഞല്ലോ. എന്റെ കുടുംബത്തില്‍ വേലക്കാരില്ല. അതിനാല്‍ പൊടികുഴച്ചു പാകമാക്കി റൊട്ടി ചുട്ടുവെച്ച് വുദൂവെടുത്താണ് ഞാന്‍ പകല്‍ വരാറുള്ളത്. രാത്രി അവര്‍ക്ക് കാതോര്‍ക്കില്ല എന്നല്ലേ? പകല്‍ മുഴുവന്‍ ഞാന്‍ അവര്‍ക്ക് നീക്കിവെച്ചിരിക്കുകയാണ്. രാത്രി എന്റെ രക്ഷിതാവിനും. മാസത്തില്‍ ഒരു ദിവസം പുറത്തിറങ്ങാറില്ല എന്നല്ലേ അടുത്ത പരാതി. എനിക്ക് വസ്ത്രം അലക്കാന്‍ പരിചാരകര്‍ ആരുമില്ല. ഞാന്‍ തനിച്ചാണ് അവ കഴുകി ഉണക്കാറ്. പിന്നെ മാറ്റിയുടുക്കാന്‍ മറ്റൊരു വസ്ത്രം ഇല്ലാത്തതിനാല്‍ അത് ഉണങ്ങുന്നതുവരെ കാത്തിരുന്നേ പറ്റൂ. പിന്നെ ബോധക്ഷയത്തിന്റെ കാര്യം, പണ്ട് ഖുബൈബിനെ മക്കക്കാര്‍ കുരിശില്‍ തറച്ച് വധിച്ച ദൃശ്യം എനിക്കോര്‍മ വരും. ഞാനും ഉണ്ടായിരുന്നു അതൊക്കെ കാണാന്‍. ഖുബൈബിന്റെ മാംസം അവര്‍ വാര്‍ന്നെടുത്തു, കുരിശില്‍ നാട്ടി. അവര്‍ അദ്ദേഹത്തെ നിര്‍ദയം കൊന്ന ആ ദൃശ്യത്തെക്കുറിച്ച ഓര്‍മകള്‍ ഇരമ്പിവരുമ്പോള്‍ എന്റെ ബോധം നശിക്കും. അല്ലാതെ മറ്റൊന്നുമല്ല.''

ഉമറിന് തൃപ്തിയായി. അനുമാനങ്ങള്‍ക്ക് പിറകെ ഉമര്‍ പോയില്ല എന്നതാണ് കഥയിലെ ഗുണപാഠം. 

സംഗ്രഹം: പി.കെ.ജെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (45-51)
എ.വൈ.ആര്‍