കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍
പരിചിതരെയെല്ലാം ഏറെ കണ്ണീരിലാഴ്ത്തിയാണ് പെരിന്തല്‍മണ്ണക്കടുത്ത് കുന്നക്കാവ് പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകന്‍ കൂറ്റമ്പാറ കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ നാല്‍പതാം വയസ്സില്‍ അല്ലാഹുവിങ്കലേക്ക് യാത്രയായത്. 2017 ഡിസംബര്‍ ഒന്നിന് രാത്രി പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
ടീന്‍ ഇന്ത്യ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍, പെരിന്തല്‍മണ്ണ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍, കുന്നക്കാവ് ഹില്‍ടോപ്പ് പബ്ലിക് സ്‌കൂള്‍ ട്രസ്റ്റ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയംഗം, എസ്.ഐ.ഒ മലപ്പുറം ജില്ലാ സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 14 വര്‍ഷമായി വണ്ടൂര്‍ എറിയാട് എ.യു.പി സ്‌കൂള്‍ അധ്യാപകനായ കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ എല്ലാവരുമായും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചു. സൗമ്യമായ പെരുമാറ്റത്തിനുടമയായിരുന്നു. കുന്നക്കാവ് അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ അങ്കണത്തില്‍ മയ്യിത്ത് പൊതുദര്‍ശനത്തിന് വെച്ചപ്പോഴും നമസ്‌കാരത്തിലും പങ്കെടുത്ത ജനക്കൂട്ടം ഇതിന്റെ തെളിവായിരുന്നു. ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.
തളിക്കുളം ഇസ്‌ലാമിയ കോളേജ് പൂര്‍വവിദ്യാര്‍ഥിയായ കുഞ്ഞിമുഹമ്മദ് നേതൃപാടവമുള്ള സംഘാടകനായിരുന്നു. കോട്ടയം 'ഡയറ്റി'ല്‍നിന്നാണ് ടി.ടി.സി പൂര്‍ത്തിയാക്കിയത്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിലും വെല്‍ഫെയര്‍ പാര്‍ട്ടിയിലും പല പരിപാടികളുടെയും അണിയറശില്‍പിയായി പ്രവര്‍ത്തിച്ചു. കുന്നക്കാവ് കേന്ദ്രമായി, മഹല്ല് കമ്മിറ്റിയും ക്ഷേത്രക്കമ്മിറ്റിയും സംയുക്തമായി നേതൃത്വം നല്‍കുന്ന പൊതുവേദിയായ 'ഒരുമ'യുടെ പ്രവര്‍ത്തനങ്ങളിലും സജീവ പങ്ക് വഹിച്ചിരുന്നു. 'ഒരുമ'യുടെ നാലാം വാര്‍ഷികം ഈ മാസാവസാനം നടത്താനുള്ള ഒരുക്കങ്ങളില്‍ വ്യാപൃതനായിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. കുറച്ചുകാലം കുന്നക്കാവ് അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ അധ്യാപകനുമായിരുന്നു.
കുന്നക്കാവ് മഹല്ലിലെ അംഗമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുഴുവന്‍ മഹല്ലിലെ വിദ്യാഭ്യാസ സംരംഭങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലുമായിരുന്നു.
യുവത്വത്തിന്റെ ചുറുചുറുക്ക് പ്രസ്ഥാന പ്രവര്‍ത്തന രംഗത്ത് അദ്ദേഹം എന്നും പ്രകടിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുക്കാനും അവ വീഴ്ചയില്ലാതെ പൂര്‍ത്തീകരിക്കാനും ശ്രദ്ധ പുലര്‍ത്തിയിരുന്നു. പെരിന്തല്‍മണ്ണ ഏരിയ മലര്‍വാടി കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. ടീന്‍ ഇന്ത്യ കോ-ഓര്‍ഡിനേറ്ററായാണ് ഏരിയാ സമിതി അദ്ദേഹത്തെ തെരഞ്ഞെടുത്തതെങ്കിലും പ്രവര്‍ത്തിക്കാന്‍ ഇഷ്ടവും താല്‍പര്യവും സ്വയം പറഞ്ഞ് മലര്‍വാടി ചുമതല ചോദിച്ചുവാങ്ങുകയായിരുന്നു. പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടം ബാക്കിവെച്ചാണ് കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ വിടവാങ്ങിയത്.
കലാ-കായിക രംഗങ്ങളിലും മികവ് പ്രകടിപ്പിച്ച അദ്ദേഹം പ്രയാസങ്ങള്‍ക്കിടയില്‍ പഠിച്ചുവളര്‍ന്ന വ്യക്തിയാണ്. ഭാര്യ ജൗഹറ സജീവ പ്രവര്‍ത്തകയാണ്. മക്കള്‍: നുഹ ജബിന്‍(ആറാം ക്ലാസ്), നവാല്‍ സുബ്ഹാന്‍ (രണ്ടാം ക്ലാസ്). പിതാവ്: ഹംസ. മാതാവ്: ഫാത്വിമ. സഹോദരങ്ങള്‍: സുഹ്‌റ, റഷീദ്, റഫീഖ്.
സി.എച്ച് ഉമര്‍
കൂട്ടിലങ്ങാടി കടുങ്ങൂത്ത് പ്രാദേശിക ജമാഅത്ത് അമീറായിരുന്നു സി.എച്ച് ഉമര്‍ സാഹിബ്. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം ഒട്ടേറെ നല്ല ഓര്‍മകള്‍ ബാക്കിവെച്ചാണ് ഉമര്‍ സാഹിബ് നാഥങ്കലേക്ക് തിരിച്ചുപോയത്. പ്രാസ്ഥാനിക രംഗത്താകട്ടെ, താനേര്‍പ്പെടുന്ന മറ്റേത് മേഖയിലുമാകട്ടെ, ഏതൊരു കാര്യത്തിന്റെ ചുമതല ഏല്‍പിച്ചാലും തനിക്ക് കഴിയില്ല എന്ന ഒരൊഴികഴിവ് അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ ഒരിക്കലുമുണ്ടായിരുന്നില്ല.
ഏല്‍പിക്കപ്പെടുന്ന ചുമതലകള്‍ അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് സ്വയം സന്നദ്ധനായി ഏറ്റെടുക്കുക, അവയുടെ കൃത്യമായ പൂര്‍ത്തീകരണത്തിന് പരമാവധി പരിശ്രമിക്കുക, താനുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളും - അവ വ്യക്തിപരമായതാവട്ടെ, പ്രാസ്ഥാനികമായതാവട്ടെ - എല്ലാം കൃത്യമായും കണിശമായും രേഖപ്പെടുത്തിവെക്കുക, പ്രായഭേദമന്യേ ആരുമായും സ്‌നേഹമസൃണമായ പെരുമാറ്റം, തന്നേക്കാള്‍ ഇളയ സഹപ്രവര്‍ത്തകരോടുപോലും വിനയാന്വിതമായ സഹവര്‍ത്തിത്വം ഇവയൊക്കെയും ഉമര്‍ സാഹിബിന്റെ സവിശേഷതകളായിരുന്നു.
കടുങ്ങൂത്ത് പ്രാദേശിക ജമാഅത്തിന്റെ ഇമാറത്തിന് പുറമെ ഐഡിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, ഏരിയാ സെക്രട്ടറിമാരില്‍ ഒരാള്‍, പാലിയേറ്റീവ് യൂനിറ്റ് മെമ്പര്‍, കൂട്ടിലങ്ങാടി തര്‍ബിയത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് മെമ്പര്‍, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ കമ്മിറ്റിയംഗം, വെല്‍ഫെയര്‍ പാര്‍ട്ടി വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ രംഗങ്ങളില്‍ കര്‍മനിരതനായിരിക്കവെയാണ് അദ്ദേഹം അല്ലാഹുവിങ്കലേക്ക് യാത്രയായത്.
സഹധര്‍മിണിയും മക്കളുമുള്‍പ്പെടെ സന്തോഷകരമായ ഒരു പ്രസ്ഥാന കുടുംബം അല്ലാഹു അദ്ദേഹത്തിന് കനിഞ്ഞരുളിയതും നാഥന്റെ സവിശേഷമായ അനുഗ്രഹംതന്നെ.
സി.എച്ച് അബ്ദുല്‍ ഖാദിര്‍, കൂട്ടിലങ്ങാടി
കറുത്തേടത്ത് മുഹമ്മദ് കുട്ടി
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഏരിയയിലെ ചേലേമ്പ്ര തേനേരിപ്പാറ കറുത്തേടത്ത് മുഹമ്മദ് കുട്ടി സാഹിബിന്റെ (73) വിയോഗം ആകസ്മികമായിരുന്നില്ല. നിസ്വാര്‍ഥ നിര്‍മല ഹൃദയത്തിനുടമയായ മുഹമ്മദ് കുട്ടി സാഹിബ് പ്രവാസ കാലത്താണ് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്.
പ്രസ്ഥാന വഴിയിലെത്തിയതോടെ ഇസ്‌ലാമിക ബോധവും ഖുര്‍ആനിക മനസ്സും അദ്ദേഹത്തിന്റെ തഖ്‌വാ ബോധം കരുത്തുറ്റതാക്കി. സംശുദ്ധ ജീവിതത്തിനുടമയായ അദ്ദേഹം. നടത്തത്തിലും സംസാരത്തിലുമൊക്കെ വിനയവും എളിമയും കൈക്കൊണ്ടു. പ്രദേശവാസികള്‍ക്ക് മാതൃകാ വ്യക്തിത്വമായിരുന്നു. അവരാരും അദ്ദേഹത്തെ അന്യനായി കണ്ടതേയില്ല. ജീവിത പ്രാരാബ്ധങ്ങള്‍ അദ്ദേഹത്തെ ഒരിക്കലും തളര്‍ത്തിയില്ല. നേരത്തേ നല്ലൊരു മെക്കാനിക്കും റിഗ്ഗറുമൊക്കെയായിരുന്ന അദ്ദേഹം മാന്യമല്ലാത്ത ഒരു ജോലിയും സ്വീകരിച്ചില്ല. ഉള്ളതെന്തോ അതില്‍ അല്‍ഹംദു ലില്ലാഹ് പറഞ്ഞ് സൗമ്യനായി പുഞ്ചിരിക്കും. നമസ്‌കാരം ജീവിതത്തിന് കരുത്തും നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ആശ്വാസവുമേകുമെന്നറിഞ്ഞ അദ്ദേഹം പള്ളിയുമായി ഹൃദയബന്ധമുണ്ടാക്കി. താന്‍ പ്രവാസ കാലത്തും നാട്ടിലുള്ളപ്പോഴും ശീലമാക്കിയ തഹജ്ജുദ് നമസ്‌കാരം തന്റെ ആശുപത്രി അവശതകളില്‍ നിര്‍വഹിക്കാനാവാതെ പോയതിന്റെ പ്രയാസം അദ്ദേഹം പ്രവര്‍ത്തകരോട് പങ്കുവെച്ചിരുന്നു.
പ്രവര്‍ത്തകരാരുമില്ലാത്ത തന്റെ പ്രദേശത്ത് കൊച്ചു വീടും ഇത്തിരി സ്ഥലവും ഉള്ളതില്‍നിന്ന് കണ്ണായതും കുഴിക്കൂറുള്ളതുമായ ഭാഗം പ്രസ്ഥാനത്തിനു വേണ്ടി താനിതാ നല്‍കുന്നുവെന്ന് ഒരു യോഗത്തില്‍ എഴുന്നേറ്റുനിന്ന് പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ മിഴിച്ചിരുന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതാവസ്ഥ അറിയുന്ന പ്രവര്‍ത്തകര്‍ പ്രയാസത്തോടെയാണ് ആ ഉദ്യമത്തില്‍നിന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ മാറ്റിയത്.
മുഹമ്മദ് കുട്ടി ചേലേമ്പ്ര
Comments