Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 15

3030

1439 റബീഉല്‍ അവ്വല്‍ 26

'പൊതു' വഴിയെക്കുറിച്ച്

ടി.പി ഹാമിദ് മഞ്ചേരി, അല്‍ ജാമിഅ ശാന്തപുരം

ഗ്രീക്ക് മിത്തോളജിയിലെ ഒരു കഥ പറഞ്ഞുകൊണ്ടാണ് സി.ജെ തോമസിന്റെ 'പ്രോക്സ്റ്റസിന്റെ കട്ടില്‍' എന്ന ഉപന്യാസം ആരംഭിക്കുന്നത്. പണ്ട് പ്രോക്സ്റ്റസ് എന്നു പേരായ ഒരു രാക്ഷസന് ഒരു കട്ടിലുണ്ടായിരുന്നു. അയാള്‍ വഴിപോക്കരെ പിടിച്ചുകൊണ്ടുപോയി തന്റെ കട്ടിലിലില്‍ കിടത്തും. വഴിപോക്കനു കട്ടിലിനേക്കാള്‍ നീളം കുറവാണെങ്കില്‍ അവനെ അയാള്‍ വലിച്ചുനീട്ടിക്കൊല്ലും. നീളം കൂടുതലാണെങ്കില്‍ രണ്ടറ്റവും ഛേദിച്ചുകളയും. കട്ടിലിന്റെ നീളം കൃത്യമായിരുന്ന ഹെര്‍ക്കുലീസ് അയാളെ കൊന്നു. അതോടെ സമത്വത്തിനു വേണ്ടി ആദ്യത്തെ രക്തസാക്ഷിയുണ്ടായി എന്ന് സി.ജെ.  

താന്‍ അടിസ്ഥാന മാതൃകയായി മനസ്സിലാക്കുന്ന മൂല്യത്തിലേക്ക് (കട്ടില്‍) മറ്റുള്ളവരെ വലിച്ചുനീട്ടുകയും കഷ്ണിച്ചുകളയുകയും ചെയ്യുന്ന 'പ്രോക്സ്റ്റസുമാര്‍' ചരിത്രത്തിലും വര്‍ത്തമാനത്തിലും നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. മുഖ്യധാരാ വ്യവഹാരങ്ങള്‍ക്കും സങ്കല്‍പ്പനങ്ങള്‍ക്കും അകത്ത് മാത്രമേ സകലതും നിര്‍വചിക്കപ്പെടാവൂ എന്ന വാശിയിലേക്ക് പ്രോക്സ്റ്റസിന്റെ കാഴ്ചപ്പാടിനെ നമുക്ക് വിശദീകരിക്കാവുന്നതാണല്ലോ.

ഭാഷയില്‍ 'മാനകീകരണം' എന്ന് വിളിക്കാവുന്ന ഈ കാഴ്ചപ്പാടിനെ ഇസ്‌ലാമികദൃഷ്ട്യാ എങ്ങനെ സമീപിക്കാം എന്നത് പ്രസക്തമാണ്. 

തങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്നതിലേക്ക് മറ്റുള്ളവരെക്കൂടി ഉള്‍ച്ചേര്‍ക്കാനുള്ള മനുഷ്യന്റെ താല്‍പര്യം സ്വാഭാവികമാണ്. സ്വന്തം അനുഭവപരമായ കണ്ടെടുക്കലുകള്‍, വായനകള്‍, ഇടപെടലുകള്‍ എന്നിവയുടെ വൃത്തത്തിനകത്ത് (അവ എത്ര വിശാലമാണെങ്കിലും) അത്തരം ശരികള്‍ പരിമിതപ്പെടുന്നുണ്ടെങ്കിലും  ഓരോരുത്തര്‍ക്കും തങ്ങളുടേത് ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്ത ജ്ഞാനമാണ്. 'തങ്ങളുടെ കൈകളിലുള്ളതു കൊണ്ട് ഓരോരുത്തരും സന്തോഷിക്കുന്നു' എന്ന ഖുര്‍ആനിക വചനം ഇവിടെ സ്മരണീയമാണ്. ജ്ഞാനാധികാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തല്‍ക്കാലം നമുക്ക് മാറ്റിവെക്കാം. അടിസ്ഥാന മാതൃകകള്‍ പലര്‍ക്കും പലതാകാനുള്ള സാധ്യതകള്‍ എത്രത്തോളമാണ്, വൈവിധ്യങ്ങള്‍ക്ക് ഇടം നല്‍കാവുന്ന മേഖലകള്‍ ഏതൊക്കെയാണ് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് നാം അന്വേഷിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ഒരു കുഴപ്പമുണ്ട്. ഉത്തരം കിട്ടുവോളം അത് തുടരുമെന്ന് കെ.എം സുമിത്ര. കാലവും സ്ഥലവും വിലങ്ങുതടിയാവാതെ  എപ്പോഴും എവിടെയും പ്രയോഗവല്‍ക്കരിക്കാന്‍ അവസരം ചോദിക്കുന്ന ഒരു മൂല്യവ്യവസ്ഥയിലേക്കുള്ള സഞ്ചാരമാണത് തേടുന്നത്. 

വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്റെ മൗലിക ഉത്തരവാദിത്തവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശം ഇങ്ങനെയാണ്; 'മഅ്‌റൂഫ് കല്‍പ്പിക്കുകയും മുന്‍കര്‍ വിരോധിക്കുകയും ചെയ്യുക.' എല്ലാവരും ക്ഷണിക്കപ്പെടുന്ന ഒരു പൊതുമൂല്യത്തിനുള്ള സാധ്യത ഇവിടെ കാണാന്‍ കഴിയുന്നുണ്ട്. മഅ്‌റൂഫ് എന്ന പദം പരിചിതമായ മൂല്യങ്ങളെയാണ് കുറിക്കുന്നത്. മനുഷ്യപ്രകൃതിക്കനുഗുണമായ മൂല്യസങ്കല്‍പ്പത്തെക്കുറിച്ചാണത് പറഞ്ഞുവെക്കുന്നത്. 'മുന്‍കര്‍' മനുഷ്യപ്രകൃതം തന്നെ ഉപേക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്ന തിന്മയെയും കുറിക്കുന്നു. സുഭദ്രമായ സാമൂഹിക വികാസം സാധ്യമാവുന്നത് ഇങ്ങനെയുള്ള പൊതുമൂല്യങ്ങളില്‍ ജനം ജാഗരൂകരാകുമ്പോഴാണ്. അതോടൊപ്പം വൈവിധ്യങ്ങളെ വലിയ രീതിയില്‍ അംഗീകരിക്കാനുള്ള പ്രചോദനവും ഇവിടെ ദൃശ്യമാണ്. കാരണം, ഉര്‍ഫ് എന്ന പദം (മഅ്‌റൂഫ് നിഷ്പന്നമായിരിക്കുന്നത് ഇതില്‍നിന്നാണ്) അറബിയില്‍ നാട്ടാചാരങ്ങളുമായി ബന്ധപ്പെട്ടു പ്രയോഗിക്കുന്നതാണ്. വിവിധ ദേശ, ഭാഷാ, സംസ്‌കാരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമ്പ്രദായങ്ങളെ ഇസ്‌ലാമിക മൂല്യങ്ങളോട് അവ എതിരിടാത്തിടത്തോളം കാലം അനുവദിക്കണമെന്നാണ് ഫിഖ്ഹ് നിദാന ശാസ്ത്രത്തിന്റെ പാഠം. 

സമൂഹത്തില്‍ വിനിമയം ചെയ്യപ്പെടുന്ന വാക്കുകളുടെയും ചിഹ്നങ്ങളുടെയും അര്‍ഥത്തിനു വേണ്ടി വിവിധ സാമൂഹിക വിഭാഗങ്ങള്‍ നടത്തുന്ന മത്സരമാണ് സംസ്‌കാരം (ഇ.പി തോംസണ്‍) എന്നിങ്ങനെയുള്ള ആധുനികോത്തര നിര്‍വചനങ്ങള്‍ സാംസ്‌കാരിക വൈവിധ്യത്തെക്കുറിക്കുന്നതാണെങ്കിലും പൊതുമൂല്യങ്ങളെ നിരാകരിക്കുന്നതിലേക്ക് വരെ ഇവ പ്രവേശിക്കുന്നത് കൊണ്ട് പരിശോധനാവിധേയമാക്കപ്പെടേണ്ടതാണ്. എല്ലാ സാംസ്‌കാരിക ചിഹ്നങ്ങളും കിരാതത്വത്തിന്റെ കൂടി തെളിവുകളാണെന്നാണ് വാള്‍ട്ടര്‍ ബെഞ്ചമിന്‍ പറയുന്നത്. നമ്മുടെ സാമൂഹിക അനുഭവങ്ങളിലും, പൊതുവിലും സാധൂകരിക്കാവുന്ന വര്‍ത്തമാനങ്ങള്‍ തന്നെയാണ് മുകളില്‍ പറഞ്ഞുവെച്ചവയൊക്കെയും. മറ്റൊന്നിനെ സംഹരിച്ചുകൊണ്ട് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാഗരികതകളുടെ ചരിത്രവും, സാമൂഹിക, സാംസ്‌കാരിക സംഘര്‍ഷങ്ങളും, ആധിപത്യ പ്രവണതകളും അതിന്റെ തെളിവുകളുമാണ്. അതുകൊണ്ടുതന്നെ 'മുഖ്യധാര' എന്ന പദം നിരന്തരം അപരവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് വിമര്‍ശിക്കപ്പെടേണ്ട ഒരു വ്യവഹാരം മാത്രമല്ല, തങ്ങളെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഒരു സ്വപ്‌നം   കൂടിയാണെന്ന് വരുന്നു. സഹവര്‍ത്തിത്വത്തിലൂടെയുള്ള സാംസ്‌കാരിക ആദാന പ്രദാനങ്ങള്‍ക്കകത്ത് പൊതുവായ മൂല്യങ്ങളുടെ പ്രചാരണവും നിലനില്‍പ്പും ആശ്രയിച്ചാണ് സമൂഹങ്ങളുടെ കെട്ടുറപ്പ് സാധ്യമാവുന്നത്. സംസ്‌കാരം സമം മൂല്യം എന്ന സമവാക്യത്തിനകത്ത് രൂപപ്പെടുന്ന ആധിപത്യപരവും അടിസ്ഥാനരഹിതവുമായ ആലോചനകളാണ് സാമൂഹിക, സാംസ്‌കാരിക സംഘര്‍ഷങ്ങളുടെ മൂലകാരണമെന്ന് തിരിച്ചറിയുന്നിടത്താണ് അത്തരമൊരു സമൂഹ നിര്‍മിതിയിലേക്ക് ചുവടുവെക്കാന്‍ സാധിക്കുക. കേവല അനുഭവങ്ങള്‍ക്കപ്പുറം വസ്തുനിഷ്ഠമായ പഠനങ്ങള്‍ അവ ആവശ്യപ്പെടുന്നുണ്ട്. മനുഷ്യനാല്‍ രൂപപ്പെടുത്താന്‍ കഴിയാത്ത ദൈവികമായ ഒരാശ്രയ സ്രോതസ്സിനെ സകല കാലങ്ങളും ദേശങ്ങളും തേടുന്നുണ്ട് എന്ന് നമുക്ക് പറഞ്ഞുവെക്കാം...!

 

 

ഇങ്ങനെയാണോ പ്രവാചക സ്‌നേഹം?

പതിവ് പോലെതന്നെ ഈ വര്‍ഷവും റബീഉല്‍ അവ്വലില്‍ മുസ്‌ലിം സമുദായം  മുഹമ്മദ് നബി(സ)യെ ഓര്‍ക്കുന്നതിനായി വ്യത്യസ്ത പരിപാടികള്‍ നടത്തിവരുന്നു. മുഹമ്മദ് നബിയെ ഓര്‍ക്കുന്നതും ഓര്‍മിപ്പിക്കുന്നതും -ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും- നല്ല കാര്യം തന്നെ. പക്ഷേ, പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ ചെയ്തുകൂട്ടുന്ന പല കാര്യങ്ങളും പ്രവാചക സ്‌നേഹം വളര്‍ത്തുന്നതിനു പകരം ജനങ്ങള്‍ക്കിടയില്‍ പ്രവാചകനെ പരിഹാസപാത്രമാകാനേ ഉപകരിക്കൂ എന്ന് പറയാതിരുന്നുകൂടാ. അതില്‍ പ്രധാനമാണ് ചിലതരം കലാപരിപാടികളുടെ പിന്‍ബലത്തോടെ നടത്തുന്ന പ്രകടനങ്ങള്‍! രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക സംവിധാനങ്ങളും ശക്തിപ്രകടനം നടത്തുന്നതുപോലെ വഴിതടഞ്ഞും യാത്രക്കാരെ വട്ടം കറക്കിയും പ്രവാചകന്റെ അനുയായികള്‍ ശക്തിപ്രകടനങ്ങള്‍ നടത്തേണ്ടതുണ്ടോ എന്ന് പണ്ഡിതര്‍ ചിന്തിക്കണം. വഴിയിലെ ചെറുതടസ്സം പോലും എടുത്തു മാറ്റുന്നത് ഈമാനിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച അതേ പ്രവാചകന്റെ അനുയായികള്‍ തന്നെ, മാര്‍ഗതടസ്സം സൃഷ്ടിക്കുന്നത് പ്രവാചക സ്‌നേഹം കാണിക്കാന്‍ തന്നെയാണോ? ഈ തടസ്സങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന രോഗികളടക്കമുള്ള യാത്രക്കാര്‍ക്ക് നബിയോടും ഇസ്‌ലാമിനോടും എന്താണ് തോന്നുക? സമുദായത്തിലെ വിവിധ സംഘടനാ നേതാക്കള്‍ ഇതില്‍ ഒരു പുനരാലോചന നടത്തേണ്ടതുണ്ട്.

പാലാഴി മുഹമ്മദ് കോയ, പരപ്പനങ്ങാടി

 

 

ലോട്ടറിയും മുസ്‌ലിം സമൂഹവും

ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും തൊപ്പി ധരിക്കുകയും താടി വെക്കുകയും ചെയ്യുന്നവര്‍പോലും ലോട്ടറി ഇടപാടുകള്‍ നടത്തുന്നതില്‍ തെറ്റു കാണാത്തതെന്തുകൊണ്ടാണ്? മദ്യവും ചൂതാട്ടവും വിഗ്രഹപൂജയും പൈശാചിക പ്രവൃത്തിയായിട്ടാണ് അല്ലാഹു പറയുന്നത്. ഒരേ ആയത്തില്‍ മദ്യപാനത്തോടും വിഗ്രഹപൂജയോടും ചേര്‍ത്തു പറഞ്ഞ ചൂതാട്ടത്തിലുള്‍പ്പെടുന്ന ലോട്ടറി എങ്ങനെയാണ് മുസ്‌ലിംകള്‍ക്ക് അനുവദനീയമാകുന്നത്. എളുപ്പവഴിയിലൂടെ സമ്പന്നരാകാനുള്ള മോഹം കാരണം സാധാരണ തൊഴിലാളികള്‍ നിത്യവരുമാനത്തിന്റെ നല്ലൊരു പങ്കും ലോട്ടറിക്ക് വേണ്ടി ചെലവഴിക്കുന്നു. ദരിദ്രനാരായണന്മാര്‍ മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമ്പന്നരും വരെ ഈ അത്യാര്‍ത്തിയില്‍ പെട്ടുപോകുന്നു. മാരകരോഗികളുടെ ചികിത്സക്ക് എന്ന മോഹനവാഗ്ദാനം ചിലരെയെങ്കിലും ലോട്ടറിയുമായി ബന്ധപ്പെടാന്‍ കാരണമാക്കുന്നുണ്ട്. മാനുഷികതയും ധാര്‍മിക മൂല്യവുമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിലൂടെ മാത്രമേ സഹജീവി സ്‌നേഹം വളര്‍ത്താനും അവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും കഴിയൂ എന്നത് അനുഭവ യാഥാര്‍ഥ്യമല്ലേ. പതിനായിരക്കണക്കിനു തൊഴിലാളികളെ അത്യാര്‍ത്തിയിലേക്ക് മാടിവിളിച്ചു അവരുടെ വിയര്‍പ്പിന്റെ വില നല്‍കി ഒരു കോടീശ്വരനെ സൃഷ്ടിച്ചുവേണോ പാവങ്ങളുടെ ചികിത്സാ ചെലവു കണ്ടെത്താന്‍? ചില ലോട്ടറി വില്‍പന വാഹനങ്ങളില്‍ 'ഹാദാ മിന്‍ ഫള്‌ലി റബ്ബീ' എന്നും 'മാഷാ അല്ലാഹ്' എന്നും എഴുതിയത് കാണാന്‍ കഴിഞ്ഞു.

ഇത്തരം ചൂഷണാധിഷ്ഠിത കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇസ്‌ലാമിക മൂല്യങ്ങളെയും അടയാളങ്ങളെയും അവഹേളിക്കാതിരിക്കുകയെങ്കിലും ചെയ്യുമെങ്കില്‍ അത് സമുദായത്തോടു ചെയ്യുന്ന വലിയ നന്മയായിരിക്കും.

കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

 

 

ദിശാ സൂചനകള്‍

ജനങ്ങളെ തമ്മിലടിപ്പിച്ചു രക്തം കുടിക്കുന്നവരുടെ കൗശലം ജനം തിരിച്ചറിഞ്ഞ് തുടങ്ങി. പശുവിന്റെ പേരില്‍ അരുംകൊല നടത്തിയവര്‍, നോട്ട് നിരോധിച്ചും അനവധാനതയോടെ ജി.എസ്.ടി നടപ്പാക്കിയും സാമ്പത്തികരംഗം കുളംതോണ്ടി. ലക്ഷങ്ങള്‍ തൊഴില്‍രഹിതരാവുകയും ചെയ്തു. ഈ ജനരോഷാഗ്നിയില്‍ ഭരണകൂടം എരിഞ്ഞടങ്ങുന്നതിന്റെ ഉദാഹരണമാണ് ഗുരുദാസ്പൂരില്‍ കണ്ടത്.

ഈ രോഷം മോദിയുടെയും അമിത്ഷായുടെയും അധീശാധികാരത്തെ ദുര്‍ബലപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഈ ജനകീയ രോഷത്തെ അണക്കാതെ കരുത്തോടെ നയിക്കാന്‍ ഒരു നേതൃത്വം ഉണ്ടായെങ്കില്‍ എന്നാണ് സുമനസ്സുകള്‍ കാത്തിരിക്കുന്നത്. ഗുരുദാസ്പൂരിലെ ദിശാസൂചന തന്ന പ്രബോധനത്തിന്റെ (ഒക്‌ടോബര്‍ 27) മുഖവാക്കിന് നന്ദി.

അബ്ദുര്‍റസാഖ്, മുന്നിയൂര്‍

 

 

അവസരോചിതം 

ബര്‍ണബി റോജേഴ്സണ്‍ എഴുതിയ 'ജനങ്ങളില്‍ ഒരുവനായി ദൈവദൂതന്റെ ജീവിതം' (ഡിസംബര്‍ 01) അവസരോചിതമായി.

അബ്ദുല്‍ ഹകീം

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (45-51)
എ.വൈ.ആര്‍