Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 15

3030

1439 റബീഉല്‍ അവ്വല്‍ 26

ബാബരിയാനന്തര ഇന്ത്യന്‍ മുസ്‌ലിംകള്‍ അതിജീവനവും ശാക്തീകരണവും

കെ.ടി ഹുസൈന്‍

ബാബരി മസ്ജീദ് ധ്വംസനത്തിന് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. ബാബരിക്കു മുമ്പും അതിനു ശേഷവും എന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തെ വിഭജിച്ച് വിശകലനം ചെയ്യാവുന്ന ദാരുണവും നിര്‍ണായകവുമായ ഒരു സംഭവമാണ് ബാബരി മസ്ജിദിന്റെ പതനം. വിഭജനത്തിനു മുമ്പും ശേഷവും  എന്നായിരുന്നു ആധുനിക ഇന്ത്യയുടെ ചരിത്രത്തെ ഇതിനു മുമ്പ് പലരും വിശകലനം  ചെയ്തിരുന്നത്. വിഭജനത്തോടെ പലരും കരുതിയത്  ന്യൂനപക്ഷങ്ങളുടെ വിശേഷിച്ചും മുസ്‌ലിംകളുടെ ജീവന്റെ സംരക്ഷണവും  അവരുടെ സാംസ്‌കാരിക വ്യക്തിത്വത്തിന്റെ നിലനില്‍പും അസാധ്യമാകുംവിധം വൈകാതെ ഇന്ത്യ ഒരു ഹിന്ദു രാജ്യമാകുമെന്നായിരുന്നു. കാരണം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും  മുസ്‌ലിംവിരുദ്ധതയുടെയും  ഒരു ധാര കോണ്‍ഗ്രസിനകത്തും പുറത്തും സ്വാതന്ത്ര്യസമരം  നടക്കുന്ന കാലത്തുതന്നെ ഇന്ത്യയുടെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ ജീവിതത്തില്‍ അതിശക്തമായി പ്രവര്‍ത്തിച്ചിരുന്നു. മുസ്‌ലിം നേതൃത്വത്തിന്റെ ദൂരക്കാഴ്ചയില്ലായ്മയോടൊപ്പം വിഭജനം എന്ന ദാരുണമായ തീര്‍പ്പിലേക്ക് അവിഭക്ത ഇന്ത്യയെ എത്തിച്ചതില്‍ ഈ ധാരയുടെ പങ്കും പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. വിഭജനത്തോടെ ആ ധാര കോണ്‍ഗ്രസില്‍ മേല്‍ക്കൈ നേടിയെന്നതും വസ്തുതയാണ്. 

എന്നാല്‍ പലരും പ്രതീക്ഷിച്ചതിന് വിരുദ്ധമായി ഇന്ത്യയെ  ഒരു ഹിന്ദു രാജ്യമാകാതെ  മതേതര പക്ഷത്ത്  ഉറപ്പിച്ചു നിര്‍ത്തിയത് പ്രധാനമായും മൂന്ന്  ഘടകങ്ങളാണ്. ഒന്ന് അംബേദ്കര്‍ എഴുതിയുണ്ടാക്കിയ ഭരണഘടന. രണ്ട് ദേശീയതയില്‍  അപര മതവിദ്വേഷം അടിത്തറയായ ഹിന്ദുത്വ വംശീയതക്ക് ഒളിയിടമുണ്ടെന്നും അതിനെ ചെറുത്തു മാത്രമേ ആധുനിക ഇന്ത്യക്ക് പുരോഗതി സാധ്യമാകൂവെന്നും തിരിച്ചറിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായത്. ഇത് രണ്ടിനേക്കാളുമുപരി സ്വതന്ത്ര ഇന്ത്യയെ ഹിന്ദു രാജ്യമാകുന്നതില്‍നിന്ന് തടഞ്ഞത് സ്വാതന്ത്ര്യ സമരത്തിലുടനീളവും അതിനു ശേഷം വിഭജനകാല വര്‍ഗീയ കലാപവേളയിലും സാമുദായിക സഹവര്‍തിത്ത്വവും  സഹിഷ്ണുതയും ഒരു രാജ്യതന്ത്രമെന്നതിനേക്കാള്‍ തന്റെ ആത്മീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയ മഹാത്മാ ഗാന്ധിയെ ഹിന്ദുത്വ വംശീയവാദികള്‍ വെടിവെച്ചുകൊന്നതാണ്. കോണ്‍ഗ്രസിനു പുറത്ത് ഹിന്ദുത്വ വംശീയതയുടെ സംഘടനാ രൂപമായ ആര്‍.എസ്.എസ് മാത്രമല്ല  അതോടെ പ്രതിരോധത്തിലായത്. മറിച്ച് കോണ്‍ഗ്രസിനകത്തെ ഹിന്ദുത്വ വംശീയതയുടെ വക്താവായ  സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പോലുള്ളവര്‍ക്കും തങ്ങളുടെ വിഭാഗീയ അജണ്ട പുറത്തേക്കെടുക്കാന്‍ കുറേ കാലത്തേക്ക് കഴിയാതെയായി. അങ്ങനെ മഹാത്മാ ഗാന്ധി ജീവിതം കൊണ്ട് മാത്രമല്ല മരണം കൊണ്ടു കൂടി ഇന്ത്യന്‍ ബഹുസ്വരതയുടെ സംരക്ഷകനാവുകയായിരുന്നു.

എന്നാല്‍ നെഹ്‌റുവിന്റെ മതേതര പ്രതിബദ്ധത പാരമ്പര്യമായി കിട്ടിയിട്ടും അദ്ദേഹത്തിന്റെ മകളായ  ഇന്ദിരാ ഗാന്ധിയിലെ ഏകാധിപത്യ വാസന ഹിന്ദു വംശീയതക്ക്  രാജ്യത്തിന്റെ മതേതര ഘടനയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ ആദ്യമായി അവസരം ഒരുക്കുകയായിരുന്നു. ശ്രീമതി ഗാന്ധിയുടെ അടിയന്തരാവസ്ഥയാണല്ലോ ഗാന്ധി വധത്തോടെ പ്രതിരോധത്തിലായ ആര്‍.എസ്.എസിന് അടിയന്തരാവസ്ഥാവിരുദ്ധത പ്രകടിപ്പിച്ച്  മുഖ്യധാരയിലേക്ക് കടന്നുകയറാന്‍ അവസരം ഒരുക്കിയത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ അവസാനിച്ച ശ്രീമതി ഗാന്ധിയുടെ വികലമായ പഞ്ചാബ് നയം ഒടുവില്‍ അവരുടെ കൊലപാതകത്തിന് കാരണമായി. ദല്‍ഹിയില്‍ നടന്ന സിഖ്‌വിരുദ്ധ കൂട്ടക്കൊലയും ഫലത്തില്‍ രാജ്യത്ത് ഹിന്ദുത്വ വംശീയതയെ തിടംവെപ്പിക്കുകയാണ് ചെയ്തത്. ഇപ്രകാരം ഇന്ദിരാ ഗാന്ധിയുടെ ഭരണത്തില്‍ മുടന്താന്‍ തുടങ്ങിയ ഇന്ത്യന്‍ മതേതരത്വമാണ് 1992 ഡിസംബറില്‍ ബാബരി മസ്ജിദിന്റെ പതനത്തോടെ പൂര്‍ണമായും കാലൊടിഞ്ഞ് താഴെ വീണത്. ഹിന്ദു വംശീയ തീവ്രവാദികള്‍ ആസൂത്രണം ചെയ്ത ബാബരി മസ്ജിദ് ധ്വംസനത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധിയും നരസിംഹ റാവുവും കളിച്ച വഞ്ചനാ നാടകങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. മതേതരത്വത്തെ മാത്രമല്ല അവര്‍ അതിലൂടെ ബലികൊടുത്തത്. മറിച്ച് സ്വന്തം പാര്‍ട്ടിയെ കൂടിയാണ.് ബാബരിക്ക് ശേഷവും കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിട്ടുണ്ട്. എന്നാല്‍ ബാബരി മസ്ജിദ് ധ്വംസനം പ്രകടമായ വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ യു.പി, ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ അതിനു ശേഷം ഒരിക്കല്‍ പോലും അധികാരത്തില്‍ വരാനോ അവിടെ നിന്ന്  കേന്ദ്രത്തിലേക്ക് ഗണ്യമായ സീറ്റുകള്‍ നേടാനോ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ അടിത്തറ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്നന്നേക്കുമായി തകര്‍ന്നത്  ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് കൂട്ടുനിന്നുകൊണ്ട് ഇന്ത്യന്‍ മതേതരത്വത്തെ കോണ്‍ഗ്രസ് വഞ്ചിച്ചതിന്റെ അനന്തരഫലമാണെന്ന് ചുരുക്കം.

ബാബരിക്ക് നേരെയുള്ള ഹിന്ദുത്വ വംശീയവാദികളുടെ കൈയേറ്റം  യഥാര്‍ഥത്തില്‍ ഇന്ത്യന്‍ മതേതരത്വത്തിന് നേരെയുള്ള  ആക്രമണം  മാത്രമല്ല, മറിച്ച് നാഗരികതക്ക് നേരെ ലോകത്ത് നടന്ന  അപൂര്‍വം കൈയേറ്റങ്ങളില്‍ ഒന്നു കൂടിയാണത്. കാരണം ആരാധനാലയങ്ങളും ചരിത്ര സ്മാരകങ്ങളും നാഗരികതയുടെ ശേഷിപ്പുകളാണ്. അവക്കെതിരെയുള്ള  ഏതൊരു  കൈയേറ്റവും മനുഷ്യ നാഗരികതക്കെതിരെയുള്ള  കുറ്റകൃത്യമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ജനാധിപത്യം ഇല്ലാത്ത കാലത്ത് അപൂര്‍വം ചില പടയോട്ടക്കാര്‍ യുദ്ധത്തിനിടയില്‍ അത്തരം കൈയേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ആധുനിക കാലത്ത് ഇറാഖില്‍ ചെയ്തതുപോലെ അധിനിവേശ ശക്തികളും യുദ്ധത്തിനിടയില്‍ അത് ചെയ്തിട്ടുണ്ട്. എന്നാല്‍ ബാബരി പള്ളിക്ക് നേരെ ഇന്ത്യയില്‍  നടന്ന ആള്‍ക്കൂട്ട ആക്രമണം ലോകത്ത് തുല്യതയില്ലാത്തതാണ്. കാരണം സമാധാന കാലത്താണ് അത് നടന്നത്. ബാമിയാനിലെ ബുദ്ധ പ്രതിമകള്‍  തകര്‍ക്കലിനു പോലും ബാബരിയുമായി സാമ്യമില്ല. കാരണം നിരന്തരമായ ആഭ്യന്തര യുദ്ധത്തിലൂടെ അധികാരം പിടിച്ചുപറ്റിയ, ഒരു ഭരണഘടനയുടെയും നിയന്ത്രണത്തിന് വിധേയമല്ലാത്ത  ഒരു സായുധ ഗ്രൂപ്പാണ് അത് ചെയ്തത്. ബാമിയാനിലെ ബുദ്ധ പ്രതിമയെ ആരാധിക്കുന്ന ഒരാള്‍ പോലും ആ നാട്ടില്‍ ഉണ്ടായിരുന്നുമില്ല. അങ്ങനെയെങ്കില്‍ പ്രതിമ തകര്‍ക്കുന്നതിന് വിരോധമില്ല എന്നല്ല പറയുന്നത്. വ്യത്യാസം ചൂണ്ടിക്കാട്ടിയെന്നു മാത്രം. എല്ലാ വിഭാഗങ്ങള്‍ക്കും വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പു നല്‍കുന്ന  ഭരണഘടനയുള്ള ഒരു നാട്ടിലാണ് ഒരു മത വിഭാഗം 400 വര്‍ഷത്തിലധികം കാലം ആരാധിച്ചിരുന്ന ആരാധനാലയം തകര്‍ക്കാന്‍ കുറേ വര്‍ഷങ്ങളായി വിദ്വേഷ പ്രചാരണങ്ങളിലൂടെ സജ്ജമാക്കി നിര്‍ത്തിയ ആള്‍ക്കൂട്ടത്തെ കൊണ്ട് ആ കൃത്യം നടത്തിക്കാന്‍ തല്‍പര കക്ഷികള്‍ക്ക് സാധിച്ചത്. യുദ്ധത്തിലേതുപോലെ അപ്രതീക്ഷിതമായ ആക്രമണമല്ല ബാബരിക്കു നേരെ 1992-ല്‍ നടന്നത് എന്ന് സാരം. ഈ ആസൂത്രണവും  സജ്ജീകരണവുമൊന്നും രഹസ്യമായിരുന്നില്ല താനും. എല്ലാം പകല്‍ വെളിച്ചത്തിലായിരുന്നു. 1949-ല്‍ ബാബരി മസ്ജിദില്‍ വിഗ്രഹം പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ അത് അവിടെനിന്ന് എടുത്ത്  സരയൂ നദിയില്‍ എറിയാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു  കോണ്‍ഗ്രസുകാരനായ അന്നത്തെ യു.പി  മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ് പന്തിനോട് പറഞ്ഞിരുന്നതാണ്. പക്ഷേ അദ്ദേഹം അതിന് കൂട്ടാക്കിയില്ല. മറിച്ച് ഏകപക്ഷീയമായി പള്ളി അടച്ചിടുകയാണ് ചെയ്തത്. അവിടെ തുടങ്ങുന്നു ബാബരി കൈയേറാനുള്ള അണിയറ നീക്കങ്ങള്‍.

അതെന്തോ ആകട്ടെ, മൂന്ന് പതിറ്റാണ്ടിലേറെ പൂട്ടി കിടന്ന ഒരു പള്ളി യാതൊരു ചര്‍ച്ചയും കൂടാതെ 1986-ല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി ഹിന്ദുക്കള്‍ക്ക് ആരാധനക്കായി  തുറന്നു കൊടുത്തതോടെ തുടങ്ങുന്നു ബാബരി തകര്‍ക്കാനുള്ള ആസൂത്രണത്തിന്റെ രണ്ടാം ഘട്ടം. ശേഷം തര്‍ക്കസ്ഥലത്ത്  കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഒത്താശയോടെ ശിലാന്യാസം,  പിന്നീട്  അന്നത്തെ ബി.ജെ.പി പ്രസിഡന്റായിരുന്ന എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒട്ടാകെ മുസ്‌ലിംചോര ഒഴുക്കിക്കൊണ്ടുള്ള രഥയാത്ര, ഒടുവില്‍ ഇന്ത്യയുടെ എല്ലാ മുക്കുമൂലകളില്‍നിന്നും  കര്‍സേവകരെ അയോധ്യയില്‍ എത്തിച്ച്  അവരെ കൊണ്ട് ബാബരി മസ്ജിദ് തവിടുപൊടിയാക്കിച്ച് പള്ളി നിന്ന സ്ഥാനത്ത്  താല്‍ക്കാലിക ക്ഷേത്രം കെട്ടിയുണ്ടാക്കുന്നതില്‍ അവസാനിക്കുന്നതായിരുന്നു ഈ രണ്ടാം എപ്പിസോഡിന്റെ ക്ലൈമാക്‌സ്. ഇതിലെല്ലാം  ഹിന്ദുത്വ വംശീയവാദികളോടൊപ്പം യാതൊരു മറയുമില്ലാതെ മതേതരത്വത്തിന്റെ കാവല്‍ ഭടന്മാര്‍ എന്ന് അഭിമാനിക്കുന്ന കോണ്‍ഗ്രസ് കളിച്ച വഞ്ചനാ നാടകമാണ് മതേതരത്വത്തെ ഇന്ത്യയില്‍ ഒരു ഷോക്കേസ് വസ്തുവാക്കി മാറ്റിയത്. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ത്ത്  താല്‍ക്കാലിക ക്ഷേത്രം അവിടെ കെട്ടിയുണ്ടാക്കുന്നതുവരെ റാവു തന്റെ പൂജാമുറിയില്‍നിന്ന് പുറത്തിറങ്ങാതിരുന്നതിലൂടെ  ബാബരി മസ്ജിദ് തകര്‍ക്കാന്‍ റാവു  മൗനാനുവാദം നല്‍കുക മാത്രമല്ല ചെയ്തത്. മറിച്ച്, അതിലേക്ക് നയിച്ച ആസൂത്രണത്തിന്റെ എല്ലാ ഘട്ടങ്ങളെ കുറിച്ചും റാവുവിന് കൃത്യമായി വിവരങ്ങളുണ്ടായിരുന്നുവെന്ന് തകര്‍ക്കാന്‍ ആസൂത്രണം  നടത്തിയവര്‍ തന്നെ പില്‍ക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി.

വഞ്ചന അവിടെയും അവസാനിച്ചില്ല. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നായ മതേതരത്വം  ബാബരി പള്ളിയുടെ തകര്‍ക്കപ്പെട്ട മിനാരങ്ങള്‍ക്ക് താഴെ ഞെരിഞ്ഞമരുന്നതു കണ്ട് ഞെട്ടിത്തരിച്ച മതേതരവിശ്വാസികള്‍ക്ക് റാവു അന്ന് ഒരു വാഗ്ദാനം നല്‍കിയിരുന്നു. തകര്‍ക്കപ്പെട്ട പള്ളിയുടെ  സ്ഥാനത്ത് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ക്ഷേത്രം പൊളിച്ചുനീക്കുമെന്നും തകര്‍ക്കപ്പെട്ട പള്ളി പുനഃസ്ഥാപിക്കുമെന്നും. വൈകാതെ ആ രണ്ട് വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടുവെന്നു മാത്രമല്ല, ആ കറുത്ത ഡിസംബറില്‍ പെട്ടെന്ന് മതേതര രതിമൂര്‍ഛയിലെത്തിയ എല്ലാ മതേതര ശിങ്കങ്ങളും അതു മറന്നു. അതോടെ നിയമവാഴ്ചയെ വെല്ലുവിളിച്ച് ആക്രമണകാരികള്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ക്ഷേത്രത്തിന്റെ സുരക്ഷയായി പിന്നീട് ഭരണകൂടത്തിന്റെ ശ്രദ്ധ. അതിനായി ധാരാളം ഫണ്ട് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ നീക്കിവെക്കുകയുണ്ടായി. മാത്രമല്ല ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ലിബര്‍ഹാന്‍ കമീഷന്‍ 17 വര്‍ഷത്തിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെട്ട പ്രതികളാരും ഇതുവരെ ശിക്ഷിക്കപ്പെട്ടില്ല. അതിലെ പ്രതികള്‍ പലരും പിന്നീട് കേന്ദ്ര-സംസ്ഥാന മന്ത്രിമാരും രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും  വരെയായി. ഉടമാവകാശവുമായി ബന്ധപ്പെട്ട കേസാകട്ടെ ഒരു പുരുഷായുസ്സ് കഴിഞ്ഞിട്ടും  ഇപ്പോഴും  സുപ്രീം കോടതിയില്‍ തീര്‍പ്പാക്കാതെ കിടക്കുന്നു.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ശിപാര്‍ശ ചെയ്യുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രധാനമന്ത്രിയായിരുന്ന വി.പി സിംഗ് തീരുമാനിച്ചതിലൂടെ ഇന്ത്യയില്‍ അനിവാര്യമായും നടക്കുമായിരുന്ന ഒരു സാമൂഹിക വിപ്ലവത്തെ ചെറുക്കാന്‍ സംഘ് പരിവാറും കോണ്‍ഗ്രസിലെ സവര്‍ണ ലോബിയും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിന്റെ വിജയമായിരുന്നു യഥാര്‍ഥത്തില്‍ ബാബരി മസ്ജിദിന്റെ ധ്വംസനം. അദ്വാനിയുടെ രഥയാത്രയാണല്ലോ ഹിന്ദുക്കള്‍ക്കിടയില്‍ ഒരു മാസ് മൂവ്‌മെന്റായി രാമ ജന്മഭൂമി പ്രക്ഷോഭത്തെ വളര്‍ത്തിയത്. തങ്ങളുടെ പിന്തുണയുണ്ടായിട്ടും വി.പി സിംഗ് മണ്ഡല്‍ കമീഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതോടെയാണ് അതിനെ തടയിടാന്‍ അദ്വാനി രഥയാത്രയുമായി ഇറങ്ങിത്തിരിച്ചത്. രഥയാത്രയെ വി.പി സിംഗിന് വേണ്ടി ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് സമസ്തിപൂരില്‍  തടഞ്ഞതോടെ ബി.ജെ.പി വി.പി സിംഗിനുള്ള പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസും എതിര്‍ത്ത് വോട്ട് ചെയ്തതോടെ വി.പി സിംഗ് മന്ത്രിസഭ താഴെ വീണു. മണ്ഡല്‍ വിപ്ലവത്തിന്റെ  ഗുണഭോക്താക്കളില്‍ മുസ്‌ലിംകള്‍ കൂടി ഉണ്ടായിരുന്നുവെന്നത് സവര്‍ണ ശക്തികളെ കൂടുതല്‍ പ്രകോപിപ്പിച്ച  ഘടകമാണ്. മണ്ഡല്‍ തുറന്നുവിട്ട ഹിന്ദു സമുദായത്തിന്റെ ആന്തരികമായ വൈരുധ്യവും സംഘര്‍ഷവും മറച്ചുവെക്കാന്‍ പാകത്തില്‍ മുസ്‌ലിം ശത്രുത മൂര്‍ഛിപ്പിക്കുന്നതിനാണ് രാമജന്മഭൂമി പ്രക്ഷോഭത്തെ   ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് സവര്‍ണ ഫാഷിസ്റ്റ് ശക്തികള്‍ തള്ളിക്കൊണ്ടുവന്നത് എന്ന കാര്യം മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷം അടക്കമുള്ള മതേതര പാര്‍ട്ടികളുടെ പരാജയമാണ് ബാബരി പള്ളി തകര്‍ക്കലിനും   ബാബരിയാനന്തര ഇന്ത്യന്‍ രാഷ്ട്രീയം കൂടുതല്‍ ഫാഷിസ്റ്റ്‌വല്‍ക്കരിക്കപ്പെടാനും മുഖ്യ കാരണമായി തീര്‍ന്നത്. സോഷ്യലിസ്റ്റുകള്‍ക്കിടയിലെ പടലപ്പിണക്കവും കുതികാല്‍വെട്ടും അതിനെ ത്വരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെയും  സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും ഇടതു പാര്‍ട്ടികളുടെയുമെല്ലാം അടിത്തറ സവര്‍ണ പ്രത്യയശാസ്ത്രമായതിനാല്‍ ഈ പരാജയം സ്വാഭാവികമാണ്. ഒരു മുസ്‌ലിം പള്ളി കൈയേറി അവിടെ ക്ഷേത്രം പണിയാന്‍ വേണ്ടി സംഘ് പരിവാര്‍ രൂപംനല്‍കിയ രാമജന്മഭൂമി പ്രക്ഷോഭത്തെയും പള്ളി സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ നടത്തിയ ശ്രമങ്ങളെയും  ഒരുപോലെ വര്‍ഗീയമായിട്ടാണല്ലോ ഇടതുപക്ഷം തുടക്കം മുതലേ കണ്ടിരുന്നത്. പള്ളിയുടെ ഒരു ഭാഗം ഹിന്ദുക്കളും ഒരു ഭാഗം മുസ്‌ലിംകളും എടുക്കട്ടെ എന്ന് വിചിത്രനിര്‍ദേശം വരെ ഒരു ഘട്ടത്തില്‍ ഇ.എം.എസ് മുന്നോട്ടുവെച്ചത് ഓര്‍ക്കുക.

ബാബരി മസ്ജിദ് തകര്‍ത്ത് ഹിന്ദു-മുസ്‌ലിം ധ്രുവീകരണം  അതിന്റെ പാരമ്യത്തിലെത്തിക്കാന്‍ സംഘ് പരിവാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും  മണ്ഡല്‍ രാഷ്ട്രീയത്തിന്റെ സ്വാധീനം പൂര്‍ണമായും ഇല്ലാതാക്കാന്‍ പിന്നെയും രണ്ട് പതിറ്റാണ്ട് കാലം സംഘ് പരിവാറിന് കാത്തുനില്‍ക്കേണ്ടിവന്നുവെന്നതാണ് ബാബരിയാനന്ത ഇന്ത്യന്‍ രാഷ്ട്രീയം വിശകലനം ചെയ്യുമ്പോള്‍ തെളിഞ്ഞുവരുന്ന ഒരു പ്രധാന സവിശേഷത. ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന യു.പിയില്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍  ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പി ഗവണ്‍മെന്റ് രാജി വെച്ചതിനു ശേഷം  പിന്നീട് അവര്‍ യു.പിയില്‍ ഒറ്റക്ക് അധികാരത്തില്‍ വരുന്നത് കഴിഞ്ഞ വര്‍ഷം മാത്രമാണ്. കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷവും യു.പി ഭരിച്ചത് മുലായം സിംഗിന്റെയും കാന്‍ഷി റാമിന്റെയും  പിന്നാക്ക രാഷ്ട്രീയ പാര്‍ട്ടികളാണ്. ഈ രണ്ട് പാര്‍ട്ടികള്‍ പരസ്പരം മത്സരിച്ചിട്ട് പോലും ബി.ജെ.പിക്ക് അവരുടെ അടിത്തറ തിരിച്ചുപിടിക്കാന്‍ രണ്ട് ദശാബ്ദക്കാലം  കാത്തുനില്‍ക്കേണ്ടി വന്നു. കോണ്‍ഗ്രസിന് ഇപ്പോഴും അടിത്തറ തിരിച്ചുപിടിക്കാനായിട്ടില്ല. ബിഹാറിലാകട്ടെ ബാബരിക്ക് ശേഷം കോണ്‍ഗ്രസിനെയും ബി.ജെപിയെയും പുറംതള്ളി തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷം അധികാരത്തില്‍ ഇരുന്നത് മണ്ഡലിലൂടെ ഉയര്‍ന്നുവന്ന ലാലു പ്രസാദ് യാദവാണ്. പിന്നീട് അധികാരത്തില്‍ വന്ന നിതീഷ് കുമാറിനെ ബി.ജെ.പി പിന്തുണക്കുകയുണ്ടായെങ്കിലും അദ്ദേഹത്തിനും ശക്തമായ പിന്നാക്ക വിഭാഗ അടിത്തറയുണ്ട്. ഫാഷിസം കേന്ദ്രത്തില്‍ ഒറ്റക്ക് അധികാരത്തില്‍ വന്നതിനു ശേഷവും ലാലു പ്രസാദും നിതീഷ് കുമാറും ഒന്നിച്ചപ്പോള്‍ ബിഹാറില്‍ ബി.ജെ.പി പച്ചതൊട്ടില്ല. നിതീഷ് ഈയിടെ വീണ്ടും ബി.ജെ.പി പക്ഷത്തേക്ക് കൂടൂമാറി ആ ജനവിധിയെ വഞ്ചിക്കുകയായിരുന്നു.

മണ്ഡല്‍ രാഷ്ട്രീയത്തിന്റെ  പശു ബെല്‍റ്റിലെ ഈ സ്വാധീനം മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം ഗുണകരമായത് വിഭജന കാലത്തെ പോലെ ബാബരിയാനന്തരകാലത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് അവിടങ്ങളില്‍ അവര്‍ ഇരയായില്ല എന്നതിലാണ്. വര്‍ഗീയ കലാപങ്ങളുടെ ഈറ്റില്ലവും പോറ്റില്ലവുമായിരുന്ന യു.പിയിലും ബിഹാറിലും പ്രതീക്ഷിച്ചതിന് വിരുദ്ധമായി ബാബരി മസ്ജിദിന്റെ പതനം രൂക്ഷമായ വര്‍ഗീയ കലാപങ്ങള്‍ക്കാന്നും തിരികൊളുത്താതിരുന്നത് ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനം കൊണ്ടു മാത്രമാണ്. എന്നാല്‍ വി.പി സിംഗ് കെട്ടഴിച്ച മണ്ഡല്‍ രാഷ്ട്രീയത്തെ തടഞ്ഞു നിര്‍ത്തുന്നതില്‍ സവര്‍ണ രാഷ്ട്രീയം വിജയിച്ച മഹാരാഷ്ട്രയും ഗുജറാത്തും ബാബരിക്ക് ശേഷം വര്‍ഗീയ കലാപങ്ങളുടെ വിളനിലമാകുകയും അവിടെ ക്രമാനുഗതമായി ഫാഷിസ്റ്റ് രാഷ്ട്രീയം മേല്‍ക്കോയ്മ നേടിയെടുക്കുകയും ചെയ്തു.

ബാബരിയാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ തെളിഞ്ഞുവരുന്ന മറ്റൊരു വസ്തുത, ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇന്നത്തെ സമ്പൂര്‍ണമായ മേല്‍ക്കോയ്മയിലേക്ക് അതിനെ എത്തിച്ച പ്രധാന ഘടകം ബാബരി മസ്ജിദിന്റെ പതനത്തേക്കാള്‍ 2001 സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം ലോകതലത്തില്‍ ശക്തിപ്പെട്ട തീവ്രവാദ വേട്ടയെയും അതിന്റെ ആശയരൂപമായ ഇസ്‌ലാമോഫോബിയയെയും  ഇന്ത്യയിലേക്ക് കൂടി പരാവര്‍ത്തനം ചെയ്യുന്നതില്‍ സവര്‍ണ ശക്തികള്‍ നേടിയ വിജയമാണ്. 2000-നു ശേഷം  ഇന്ത്യന്‍ നഗരങ്ങളില്‍ ഇടക്കിടെ ഉണ്ടായ ചെറുതും വലുതുമായ സ്‌ഫോടനങ്ങളും അതിന്റെ പേരിലുള്ള മുസ്‌ലിം വേട്ടയാടലുകളും ടാഡ, പോട്ട, യു.എ.പി എ തുടങ്ങിയ കരിനിയമങ്ങളുമെല്ലാം ഇന്ത്യയില്‍ മുസ്‌ലിംഭീതി ഉല്‍പാദനത്തില്‍ എത്ര മാത്രം പങ്കു വഹിച്ചുവെന്നത് സമകാലിക ഇന്ത്യയുടെ ചരിത്രമാണ്. പാര്‍ലമെന്റ് ആക്രമണത്തിലൂടെയും സിമി നിരോധത്തിലൂടെയും അതിന് തുടക്കം കുറിച്ചത് ഇടക്കാലത്ത് അധികാരത്തില്‍ വന്ന വാജ്‌പേയി സര്‍ക്കാറാണെങ്കിലും അതിനെ വിജയകരമായ പരിസമാപ്തിയിലെത്തിച്ചത് കോണ്‍ഗ്രസ് ഭരണകൂടമാണ്. ഭീകരാക്രമണം മറയാക്കിക്കൊണ്ടുള്ള മുസ്‌ലിംവേട്ട അധികവും നടന്നത് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണല്ലോ. ടാഡ, യു.എ.പി.എ തുടങ്ങിയ കരിനിയമങ്ങള്‍ ഉണ്ടാക്കിയതും അവര്‍ തന്നെ. പോട്ട മാത്രമാണ് ബി.ജെ.പിയുടെ സംഭാവന. 

സമീകരണ യുക്തിയിലൂടെ ഇസ്‌ലാമോഫോബിയ ഒരു പൊതുബോധമായി വളര്‍ത്തുന്നതില്‍ ഇടതു ലിബറലുകളും അവരുടേതായ പങ്കു വഹിച്ചു.  ബാബരി മസ്ജിദിന്റെ ധ്വംസനത്തിന്  പല നിലക്ക് കൂട്ടുനിന്നതിലൂടെ  മുസ്‌ലിംകളോട് വളരെ വലിയ അനീതി ചെയ്തുവെന്ന  ഒരപകര്‍ഷത പൊതുവെ ഇന്ത്യയിലെ മതേതര സമൂഹത്തിനുണ്ടായിരുന്നു. ഇസ്‌ലാമോഫോബിയയുടെ വര്‍ധിച്ച പ്രചാരണം ഈ അപകര്‍ഷതയില്‍നിന്ന് അവര്‍ക്ക് മോചനം നല്‍കി. ബാബരി മസ്ജിദിന്റെ ധ്വംസനത്തോടെ ഇരകളായ ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഇതിലൂടെ വില്ലനാവുകയും  ബാബരി മസ്ജിദ്  എല്ലാവരും മറക്കുകയും ചെയ്തു. മാത്രമല്ല ബാബരി മസ്ജിദ് ധ്വംസനത്തിലെ യഥാര്‍ഥ വില്ലന്‍, അതായത് സംഘ് പരിവാര്‍ നായക സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ ഹിന്ദു-മുസ്‌ലിം ധ്രുവീകരണം സൃഷ്ടിച്ച്  അതിലൂടെ ഹൈന്ദവ ഏകീകരണമാണ് സംഘ് പരിവാറിന്റെ ചാലക ശക്തിയായ സവര്‍ണ പ്രത്യയശാസ്ത്രം ആഗ്രഹിച്ചതെങ്കിലും അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി മുന്നേറിയ  മണ്ഡല്‍ ഉയര്‍ത്തിവിട്ട സാമൂഹിക വിപ്ലവത്തെ യഥാര്‍ഥത്തില്‍ തടഞ്ഞുനിര്‍ത്തിയത് രണ്ടായിരത്തിനു ശേഷമുള്ള  ഇസ്‌ലാമോഫോബിയയുടെ വളര്‍ച്ചയാണ്. 

ബാബരിയാനന്തര ഇന്ത്യയില്‍ ആവര്‍ത്തിച്ച് നടന്ന സ്‌ഫോടനങ്ങള്‍ക്ക് ബാബരി മസ്ജിദിന്റെ പതനം മുസ്‌ലിം സമൂഹത്തില്‍ സൃഷ്ടിച്ച നിരാശക്ക് വല്ല പങ്കുമുണ്ടോ എന്നത് ഇന്നും തെളിയിക്കപ്പെടാത്ത ഒരു നേരിയ സാധ്യത മാത്രമാണ്. കാരണം സ്‌ഫോടനങ്ങളില്‍ പലതും ഹിന്ദുത്വവാദികള്‍ സംഘടിപ്പിച്ചതായിരുന്നുവെന്നത് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ തന്നെ പുറത്തുകൊണ്ടുവന്നതാണ്. അത്തരം കേസുകളില്‍ നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിംകള്‍ അതോടെ ജയില്‍മോചിതരാവുകയും ചെയ്തു. ഇപ്പോഴും പല സ്‌ഫോടനങ്ങളുടെയും പേരില്‍ നൂറുകണക്കിന് മുസ്‌ലിംകള്‍ വിചാരണ കാത്ത് ജയിലില്‍ കിടക്കുകയാണ്. ചിലരൊക്കെ നിരപരാധികളായി പുറത്തുവരികയും ചെയ്തു. അപൂര്‍വം ചില കേസുകളില്‍ മാത്രമാണ് കീഴ്‌ക്കോടതികള്‍ ശിക്ഷ വിധിച്ചിട്ടുള്ളത്. അവര്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഭീകരാക്രമണങ്ങളുടെ മറവില്‍ നടന്ന സര്‍ക്കാറിന്റെ കണ്ണില്‍ചോരയില്ലാത്ത ഭീകരവേട്ടയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പേരില്‍ പിടികൂടി വര്‍ഷങ്ങളോളം  ജയില്‍പീഡനങ്ങള്‍ക്കിരയായി ഒടുവില്‍ നിരപരാധികളെന്നു കണ്ട് വിട്ടയക്കപ്പെട്ടവര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെയാണ് മുസ്‌ലിംകളെ പ്രതികളാക്കുന്നത് എന്ന കാര്യം സ്വന്തം അനുഭവങ്ങളിലൂടെ വിവരിക്കുന്ന പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തവരെന്ന നിലയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിചയപ്പെടുത്തുന്ന ഇന്ത്യന്‍ മുജാഹിദീന്‍, ഹര്‍കത്തുല്‍ മുജാഹിദീന്‍ എന്നീ സംഘടനകളെയോ  അതിന്റെ നേതാക്കളെയോ കുറിച്ച് ഇന്ത്യന്‍ മുസ്‌ലിംകളില്‍ ആര്‍ക്കും യാതൊരു അറിവുമില്ല. ഭീകരാക്രമണങ്ങളെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കുറിച്ച് ധവളപത്രമിറക്കണമെന്ന് പല മുസ്‌ലിം സംഘടനകളും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടും അത് പരിഗണിക്കപ്പെടുകയുണ്ടായില്ല. ബാബരിക്കു ശേഷം ഭീകര സംഘടനയെന്ന പേരില്‍ നിരോധിക്കപ്പെട്ട സിമിക്ക് മാത്രമേ ബാബരി മസ്ജിദ് വിഷയവുമായി ചില ബന്ധങ്ങളുന്നെ് പറയാനാവൂ. ബാബരിക്ക് നേരെ സംഘ് പരിവാര്‍ ശക്തികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്ന ഗൂഢാലോചനകളെ വളരെ നേരത്തേ തന്നെ തിരിച്ചറിയുകയും മുസ്‌ലിംകളെയും പൊതു സമൂഹത്തെയും അതിനെ കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതില്‍  സംഘടന പങ്കുവഹിച്ചിട്ടുണ്ട്. യുവ സഹജമായ ആവേശത്തില്‍ സ്ഥകാലബോധമില്ലാത്ത ചില മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തിയിരുന്നുവെന്നതും ശരിയാണ്. എന്നാല്‍ 1992-നു ശേഷം 2002-ല്‍ നിരോധിക്കപ്പെടുന്നതു വരെയും അതിനു ശേഷവും അവര്‍ ഏതെങ്കിലും  സ്‌ഫോടനം നടത്തിയതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ചില പ്രവര്‍ത്തകര്‍ വിചാരണ കാത്ത് ജയിലില്‍ കിടക്കുന്നുവെന്നത് മാത്രമാണുള്ളത്. അവരില്‍പെട്ട എട്ടു വിചാരണാ തടവുകാരെയാണ് ഈയിടെ മധ്യപ്രദേശ് പോലീസ് ജയിലില്‍നിന്ന് ഇറക്കിക്കൊണ്ട് വന്ന്  വെടിവെച്ചുകൊന്നത്. കോടതിയില്‍ പോയി അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയില്ല എന്നുറപ്പായപ്പോള്‍ ഭരണകൂടം നേരിട്ടങ്ങ്  ശിക്ഷ നടപ്പാക്കി. പൊതു ബോധം തങ്ങളോടൊപ്പമാണെന്നുറപ്പുണ്ടെങ്കില്‍ ഭരണകൂടം എന്തിന് ഭയക്കണം! സിമിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന് തെഹല്‍ക തെളിവ് സഹിതം ചൂണ്ടിക്കാട്ടിയതുമാണ്. സര്‍ക്കാറിന് അവര്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ ഒരു ഘട്ടത്തില്‍ ട്രൈബ്യൂണല്‍ തന്നെ സിമി നിരോധം നീക്കിയിരുന്നതാണ്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി നിരോധം പുനഃസ്ഥാപിക്കുകയാണ് ചെയ്തത്. ബാബരിക്കു ശേഷം നടന്ന സ്‌ഫോടനങ്ങളില്‍ വ്യക്തമായ തെളിവുകളോടെ ശിക്ഷവിധിച്ച ഒരു പ്രധാന കേസ് 1993-ലെ ബോംബെ സ്‌ഫോടനമാണ്. അതിന് ബാബരിയുമായിട്ടല്ല ബന്ധം. മറിച്ച് ബാബരിക്ക് തൊട്ടുടനെ നടന്ന ബോംബെ കലാപവുമായിട്ടാണ്. അതാകട്ടെ ബോംബെയിലെ അധോലോകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതുമാണ്.

ബാബരി മസ്ജിദിന്റെ ധ്വംസനത്തെത്തുടര്‍ന്ന് ഭരണഘടനാ സ്ഥാപനങ്ങളിലുള്ള വിശ്വാസം മുസ്‌ലിംകള്‍ക്ക് കുറച്ചൊക്കെ നഷ്ടപ്പെട്ടിരിക്കാമെങ്കിലും, അവര്‍ ഭരണഘടനാ ബാഹ്യമായ വഴിവിട്ട ചിന്തകളിലേക്കും നടപടികളിലേക്കും നീങ്ങിയെന്നതിനെ കുറിച്ച ചില പുകമറകളല്ലാതെ അതിന് വസ്തുതകളുമായി വലിയ ബന്ധമില്ല എന്ന് ചൂണ്ടിക്കാട്ടാനാണ് ഇത്രയും പറഞ്ഞത്. എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാം  എന്നതിനെ  നിഷേധിക്കുന്നുമില്ല. ആ ഒറ്റപ്പെട്ടതിനെ പര്‍വതീകരിച്ചും ചില സ്‌ഫോടനങ്ങള്‍ സ്വയം സംഘടിപ്പിച്ച് അതിന്റെ  പ്രചാരണ കോലാഹലങ്ങളോടെയുള്ള ഭീകര വേട്ട നടത്തിയുമാണ് ഇന്ന് ഉഛസ്ഥായിയായി നില്‍ക്കുന്ന ഇസ്‌ലാമോഫോബിയ തല്‍പര കക്ഷികള്‍ സൃഷ്ടിച്ചത്. അതിലൂടെ ബാബരിയിലെ യഥാര്‍ഥ വില്ലന്മാരായ സംഘ് പരിവാര്‍ അധികാരത്തിലേക്ക് ഉയര്‍ത്തപ്പെടുകയും നമ്മുടെ ഭരണഘടനാ സംവിധാനങ്ങള്‍  മുസ്‌ലിംകളോട് ചെയ്ത തുല്യതയില്ലാത്ത അനീതി മറക്കപ്പെടുകയും ചെയ്തു.

അതേസമയം ഈ അനീതിയെല്ലാം നിലനില്‍ക്കെത്തന്നെ  മുസ്‌ലിം സമൂഹവും സംഘടനകളും മതേതരത്വത്തെ കുറിച്ചും ഭരണഘടനയുടെ പവിത്രതയെ കുറിച്ചും കൂടുതലായി സംസാരിക്കാന്‍ തുടങ്ങിയതും അതിനെ കുറിച്ച് ജാഗ്രത കൈക്കൊള്ളാന്‍  തുടങ്ങിയതും ബാബരിക്ക് ശേഷമാണ്. കാരണം നമ്മുടെ ഭരണഘടന അതേപോലെ നിലനില്‍ക്കേണ്ടത് ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യമായിവന്നിരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കാണെന്ന വസ്തുത മുമ്പത്തേക്കാളും കൂടുതല്‍ അവരിപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഹിന്ദുത്വ വംശീയതക്ക് പൂര്‍ണമായും കീഴടങ്ങാതെ ഇപ്പോഴും ഇന്ത്യയില്‍ അവശേഷിക്കുന്നത് അംബേദ്കറുടെ ഭരണഘടന മാത്രമാണ്. പിന്നെ എല്ലാ സംഘടനകളിലും പെട്ട നല്ലവരായ കുറേയധികം മനുഷ്യരും. മതവിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന മതസംഘടനകള്‍ വരെ ബാബരിക്ക് ശേഷം സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയത് ഈ ജാഗ്രതയുടെ തെളിവാണ്. അഖിലേന്ത്യാ തലത്തില്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് എന്ന സംഘടനക്ക് കൈവന്ന രൂപമാറ്റം പ്രത്യേകം  എടുത്തു പറയേണ്ടതുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് സക്രിയമായ രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്ന ഈ സംഘടന സ്വാതന്ത്ര്യാനന്തരം സാമൂഹിക കാര്യങ്ങളിലൊന്നും ഇടപെടാതെ കോണ്‍ഗ്രസിന്റെ വാലായി പ്രവര്‍ത്തിക്കുകയായിരുന്നു. പക്ഷേ  ഇപ്പോള്‍ സംഘടന സാമൂഹിക രംഗത്ത്, പ്രത്യേകിച്ചും ഭീകരവേട്ടയുടെ ഇരകള്‍ക്ക് നിയമ സഹായം എത്തിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സംഘടനയാണ്. അസമില്‍ ഒരു രാഷ്ട്രീയ പരീക്ഷണവും അവര്‍ നടത്തിനോക്കി. ധാരാളം മനുഷ്യാവകാശ, സാമൂഹിക പ്രസ്ഥാനങ്ങളും ബാബരിക്ക് ശേഷം ഉയര്‍ന്നുവരികയുണ്ടായി. ഫാഷിസത്തെ കുറിച്ച ജാഗ്രതയുല്‍പാദിപ്പിക്കുന്നതിലും അതിന്റെ ഇരകള്‍ക്ക് ജീവകാരുണ്യ-നിയമ സഹായം നല്‍കുന്നതിലും മാത്രമല്ല, ഇരകളുടെ മനുഷ്യാവകാശം  സജീവമാക്കി നിര്‍ത്തുന്നതിലും അവര്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. ഗുജറാത്ത് കലാപം ഇന്ത്യയില്‍ അതിനു മുമ്പ് നടന്ന  എല്ലാ വര്‍ഗീയ കലാപങ്ങളില്‍നിന്നും  വ്യത്യസ്തമായി ഒരു സജീവ മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ന്നുവരികയും അതിലെ പ്രതികള്‍ ചിലരൊക്കെ ശിക്ഷിക്കപ്പെടുകയും ചെയ്തതില്‍ മുസ്‌ലിം സമുദായത്തില്‍ പുതുതായി ഉണ്ടായ മനുഷ്യാവകാശ ജാഗ്രതക്ക് പങ്കുണ്ട്. ടീസ്റ്റയെ പോലുള്ള ചില പൊതു വ്യക്തിത്വങ്ങളാണ് പൊതുവേദികളില്‍ അത് കൂടുതലായി ഉയര്‍ത്തിയതെങ്കിലും  അവരുടെ പിന്നണി ശക്തികള്‍ മുസ്‌ലിം മുന്‍കൈയില്‍ രൂപംകൊണ്ട ജീവകാരുണ്യ, മനുഷ്യാവകാശ എന്‍.ജി.ഒകളായിരുന്നുവെന്നതാണ് വാസ്തവം. 

സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, മത മേഖലകളില്‍  മുസ്‌ലിം സമൂഹം ചെറിയ അളവിലെങ്കിലും ബാബരിക്ക് ശേഷം ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്ത് ഇറങ്ങിയ ഹസന്‍ സറൂറിന്റെ Indian Muslim Spring: Why is nobody talking about  it? എന്ന കൃതിയില്‍ ബാബരിക്ക് ശേഷം മുസ്‌ലിംകള്‍ ആരുടെയും സഹായമില്ലാതെ മത രംഗത്തും സാമ്പത്തിക രംഗത്തും വൈജ്ഞാനിക-സാമൂഹിക രംഗങ്ങളിലും കൈവരിച്ച ശാക്തീകരണത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിം വസന്തം  എന്നാണ് ആ ശാക്തീകരണത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. '90-കള്‍ വരെ സര്‍വകലാശാലകളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും ബിസിനസ് രംഗത്തെ സംരംഭകരും തങ്ങളുടെ ഐഡന്ററ്റി മറച്ചുവെക്കാന്‍ വല്ലാതെ പണിപ്പെട്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ അവര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റിയെ കുറിച്ച് അത്തരം ആശങ്കകളൊന്നുമില്ല എന്നാണ്  അദ്ദേഹം പറയുന്നത്. ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ അപേക്ഷിച്ച് താരതമ്യേന മെച്ചപ്പെട്ട സാമൂഹിക സ്ഥിതിയുള്ള കേരള മുസ്‌ലിംകളില്‍ പ്രവര്‍ത്തിക്കുന്ന  ഏറക്കുറെ എല്ലാ മുസ്‌ലിം സംഘടനകളും എന്‍.ജി.ഒകള്‍ വഴി ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ശാക്തീകരണത്തിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും, അതിന്റെ ഫലം ഇപ്പോള്‍ വിലയിരുത്താനായിട്ടില്ലെങ്കിലും,  ഗുണപരമായ ഒരു ബാബരിയാനന്തര പ്രതിഭാസം തന്നെയാണ്.

മുസ്‌ലിം രാഷ്ട്രീയത്തിലെ ഇലയനക്കമില്ലായ്മയും മുസ്‌ലിം പൊതുവേദികളുടെ തളര്‍ച്ചയുമാണ് ബാബരിക്ക് ശേഷമുള്ള ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും നിരാശാജനകമായ ചിത്രം. മതേതര രാഷ്ട്രീയത്തോട്, പ്രത്യേകിച്ചും  മണ്ഡലാനന്തര പിന്നാക്ക രാഷ്ട്രീയത്തോട് താദാത്മ്യപ്പെടുന്ന ഒരു മുസ്‌ലിം രാഷ്ട്രീയത്തിന് തികച്ചും പ്രസക്തിയുണ്ടായിരുന്നു, ബാബരിയാനന്ത ഇന്ത്യയില്‍. ബാബരി തകര്‍ക്കപ്പെടുമ്പോള്‍ ഒരു സംസ്ഥാനത്തെങ്കിലും  രാഷ്ട്രീയാധികാരം ഉണ്ടായിരുന്ന ഏക മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി കേരളത്തിലെ മുസ്‌ലിം ലീഗായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മണ്ഡല്‍ രാഷ്ട്രീയത്തിലും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും മുസ്‌ലിം ലീഗ് നിന്നത് സവര്‍ണ രാഷ്ട്രീയത്തോടൊപ്പമാണ്. ലീഗിന്റെ വിലപേശല്‍ ശേഷി കേരളത്തില്‍ എന്നന്നേക്കുമായി നഷ്ടപ്പെടുത്തുക മാത്രമല്ല ഇത് ചെയ്തത്. മറിച്ച് ഇന്ത്യന്‍ മുസ്‌ലിംകളെ രാഷ്ട്രീയമായി പ്രതിനിധാനം ചെയ്യാന്‍ കിട്ടിയ സുവര്‍ണാവസരം നഷ്ടപ്പെടുത്തുക കൂടിയായിരുന്നു. ഉത്തരേന്ത്യയിലെ മറ്റ് മുസ്‌ലിം രാഷ്ട്രീയക്കാര്‍ എല്ലാവരും ആത്മനിഷ്ഠ രാഷ്ട്രീയക്കാരായതിനാല്‍ അവരില്‍നിന്ന് ഒന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. കേരളം അടിസ്ഥാനമാക്കി ഐ.എന്‍.എല്‍, പി.ഡി.പി എന്നീ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ബാബരിക്ക് തൊട്ടുടനെ ജന്മമെടുത്തെങ്കിലും പല കാരണങ്ങളാല്‍ അവ ക്ലച്ച് പിടിച്ചില്ല. ആശയദാരിദ്യവും  സംഘാടന   മികവില്ലായ്മയുമൊക്കെ  അവയുടെ  പരാജയ കാരണങ്ങളായി  പൊതുവെ പറയാമെങ്കിലും സവര്‍ണ രാഷ്ട്രീയം ഒരുക്കിയ വാരിക്കുഴിയില്‍ അബ്ദുന്നാസര്‍ മഅ്ദനിയെ പോലുള്ള ഒരാള്‍ വീണുപോയത് പി.ഡി.പിയുടെ പരാജയത്തില്‍ എടുത്തു പറയേണ്ടതാണ്. അടുത്ത കാലത്ത് ഉയര്‍ന്നുവന്ന നവ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാകട്ടെ ഫാഷിസം പിടിമുറുക്കിക്കഴിഞ്ഞ ഇന്ത്യയില്‍ മറികടക്കാനുള്ള കടമ്പകളും പ്രതിസന്ധികളും ഹിമാലയസമാനമാണ്.

ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ക്ക്  രണ്ട് പൊതു വേദികളുണ്ടായിരുന്നു; ബാബരി  മസ്ജിദ് ഏകോപന സമിതിയും ബാബരി മസ്ജിദ് സംരക്ഷണ സമിതിയും. ബാബരി മസ്ജിദ് തകര്‍ന്നതോടെ ഈ രണ്ട് പൊതു വേദികളും ഇല്ലാതായി. മുസ്‌ലിം മജ്‌ലിസെ മുശാവറ ഒരു കാലത്ത് ജീവസ്സുറ്റ പൊതുവേദിയായിരുന്നു. അത് ദുര്‍ബലമായിരുന്നില്ലെങ്കില്‍ ബാബരി സംരക്ഷിക്കാന്‍ വേണ്ടി മാത്രം  വേദി ആവശ്യമുണ്ടായിരുന്നില്ല. മുസ്‌ലിം മജ്‌ലിസെ മുശാവറക്ക് ബദലായി  മില്ലി കൗണ്‍സില്‍ എന്ന മറ്റൊരു പൊതുവേദിയും ജന്മം കൊണ്ടു. രണ്ടും ഫലത്തില്‍ ദുര്‍ബലം. കുറേക്കൂടി സജീവതയുള്ള  മുസ്‌ലിംകളുടെ പൊതുവേദി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഉടനെ  ബാബരിയുമായി ബന്ധപ്പെട്ട തുടര്‍ന്നുള്ള എല്ലാ  നടപടികളും ബോര്‍ഡ് കൈയേറ്റെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. മുത്ത്വലാഖ് പോലുള്ള  വിഷയങ്ങളല്ലാതെ ഫാഷിസത്തിന്റെ പ്രതിരോധവും മുസ്‌ലിംകളുടെ ജീവന്റെ സംരക്ഷണവും അതിന്റെ അജണ്ടയാവുന്നില്ല. പോരാത്തതിന് ഏറ്റവും ദുര്‍ബല നേതൃത്വമാണ് ഇന്ന് ബോര്‍ഡിനുള്ളത്.

ചുരുക്കത്തില്‍, എല്ലാ വഞ്ചനകള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും ശേഷവും  മതേതരത്വം, ജനാധിപത്യം തുടങ്ങിയ ഭരണഘടന ഉറപ്പുനല്‍കുന്ന മൂല്യങ്ങളുടെ സംരക്ഷണം തന്നെയാണ് ഇന്ത്യയില്‍ മുസ്‌ലിംകളുടെ മുന്നിലുള്ള ഏക രക്ഷാമാര്‍ഗം. അവ സംരക്ഷിക്കാനുള്ള ജാഗ്രത  ഇന്ന്  മുസ്‌ലിം സമുദായത്തില്‍ പണ്ടത്തേക്കാളും കൂടുതലാണെന്നും പറഞ്ഞല്ലോ. ഹിന്ദുത്വ ഫാഷിസത്തിന്റെ ഭ്രാന്തന്‍ ദേശീയതയും അതിനെ പിന്തുണക്കുന്ന സവര്‍ണ പൊതുബോധവും ഈ ഭരണഘടനാ മൂല്യങ്ങളെ വിഴുങ്ങിക്കളയുമോ എന്നതാണ് ബാബരി ധ്വംസനത്തിന് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്ത്യന്‍ മുസല്‍മാനെ തുറിച്ചുനോക്കുന്ന ഏറ്റവും വലിയ ഭീഷണി. പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ ഈ മൂല്യങ്ങളുടെ സംരക്ഷണത്തിന് ഒറ്റക്കും സമാനമനസ്‌കരെ കൂട്ടുപിടിച്ചും പോരാടുക മാത്രമാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അതിജീവനത്തിനുള്ള പ്രധാന പോംവഴി. ഒപ്പം എല്ലാ മേഖലകളിലും സ്വയം ശാക്തീകരണത്തിന് വേണ്ടി രംഗത്തിറങ്ങുകയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (45-51)
എ.വൈ.ആര്‍