ജി.സി.സിയും സംഘര്‍ഷങ്ങളും
ആറ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അംഗങ്ങളായ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ മുപ്പത്തിയെട്ടാമത് ഉച്ചകോടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം കുവൈത്തില്‍ ചേരുമോ എന്ന ആശങ്ക അവസാന നിമിഷം വരെയും നീങ്ങിയിരുന്നില്ല. പക്ഷേ, പേരിനെങ്കിലും ഉച്ചകോടി നടന്നു. രണ്ട് ദിവസത്തെ പരിപാടി ഒരൊറ്റ ദിവസമാക്കി ചുരുക്കിയിരുന്നു. കാര്യപരിപാടികളിലേക്കൊന്നും കടക്കാതെ വളരെ പെട്ടെന്ന് ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയായിരുന്നു. ഒരു രാഷ്ട്രത്തില്‍നിന്നൊഴികെ രാഷ്ട്രത്തലവന്മാരാരും ഉച്ചകോടിയില്‍ സംബന്ധിക്കാനെത്തിയിരുന്നില്ല. പ്രതിനിധി സംഘങ്ങളെ അയക്കുക മാത്രമാണ് അവര്‍ ചെയ്തത്. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനുള്ള അധികാരം ആ സംഘങ്ങള്‍ക്ക് ഉണ്ടായിരുന്നുമില്ല.
ഉച്ചകോടി നിറംമങ്ങാനുള്ള കാരണം മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധി തന്നെയാണ്. പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സ്ഥിതിക്ക് ഇത് പ്രതീക്ഷിച്ചതുമാണ്. ഒരു കൂട്ടായ്മയുടെ മരണമണിയാണോ മുഴങ്ങുന്നത് എന്ന് പല രാഷ്ട്രീയ നിരീക്ഷകരും സംശയിച്ചു തുടങ്ങിയിട്ടുമുണ്ട്. മൂന്നര പതിറ്റാണ്ടിലധികം നീളുന്ന ഈ ഗള്‍ഫ് സഹകരണ കൂട്ടായ്മയുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ അധികമൊന്നും ചൂണ്ടിക്കാണിക്കാനില്ലായിരിക്കാം. മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവും അതിന് കാരണമാണ്. എങ്കിലും സാമ്പത്തിക മേഖലയിലും മറ്റും പ്രതീക്ഷക്ക് വക നല്‍കുന്ന ചില ചുവട്‌വെപ്പുകളെങ്കിലും നടത്താന്‍ കൗണ്‍സിലിന് സാധിച്ചിട്ടുണ്ട്. 1981-ല്‍ അത് രൂപീകൃതമായതു തന്നെ സാമ്പത്തിക, വ്യാപാര, സുരക്ഷാ മേഖലകളില്‍ പങ്കാളിത്തവും സഹകരണവും ഉന്നം വെച്ചുകൊണ്ടായിരുന്നല്ലോ.
ഉച്ചകോടിയില്‍ എല്ലാവരും ഊന്നിപ്പറഞ്ഞ ഒരു കാര്യം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പ്രതിസന്ധികളെ അതിജീവിച്ച് നിലനില്‍ക്കും എന്നു തന്നെയാണ്. പക്ഷേ, അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ അതിന് സാധിക്കുന്നില്ല എന്നത് വലിയൊരു പരിമിതിയാണ്. ഉച്ചകോടിയുടെ അവസാന സെഷനില്‍ കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹുല്‍ അഹ്മദ് ജാബിര്‍ സ്വബാഹ് അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അനുരഞ്ജന സമിതിയുടെ ഘടന അഴിച്ചുപണിയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഒമാനില്‍ അടുത്ത ഉച്ചകോടി ചേരുമ്പോഴേക്ക് ഇന്നത്തെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്.
ഏതൊരു സഹകരണ കൂട്ടായ്മയും, അതിന്റെ പരിധികളും പരിമിതികളും എന്തൊക്കയായിരുന്നാലും, നിലനില്‍ക്കേണ്ടത് അനിവാര്യമായിത്തീരുന്ന രാഷ്ട്രീയ സാഹചര്യമാണ് പശ്ചിമേഷ്യയില്‍ രൂപംകൊള്ളുന്നത്. സംഘര്‍ഷങ്ങളും രാഷ്ട്രീയ വടംവലികളും ആര്‍ക്കും നിയന്ത്രിക്കാനാവാത്ത വിധം കൈവിട്ടുപോയോ എന്ന ഭീതിയും നിലനില്‍ക്കുന്നു. യമനിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് ഹൂഥികളുടെ കൈകളാല്‍ ക്രൂരമായി വധിക്കപ്പെട്ടത് പട്ടിണി മരണങ്ങളിലൂടെ കടന്നുപോകുന്ന ആ രാഷ്ട്രത്തെ സംഘര്‍ഷങ്ങളുടെ നടുക്കയത്തിലേക്ക് എറിഞ്ഞിരിക്കുകയാണ്. ഇടപെട്ടവര്‍ക്കൊന്നും ഇനി അവിടെ നിന്ന് തിരിച്ചു കയറുക എളുപ്പമല്ല. അതിനാല്‍ രഞ്ജിപ്പിന് പകരം ഭിന്നിപ്പിന്റെ വഴി തേടുന്നത് ആത്മഹത്യാപരമാണെന്ന് ഓരോ കക്ഷിയും എത്രയും പെട്ടെന്ന് തിരിച്ചറിയുന്നുവോ, അതവര്‍ക്ക് നല്ലത്.
Comments