Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 08

3029

1439 റബീഉല്‍ അവ്വല്‍ 19

'ഖുര്‍ആന്‍ നിങ്ങളുടേതു കൂടിയാണ്' കെ.ഐ.ജി ഖുര്‍ആന്‍ കാമ്പയിന് ഉജ്ജ്വല സമാപനം

അനീസ് ഫാറൂഖി

കുവൈത്ത്: മാനവരാശിയുടെ മാര്‍ഗദീപമായ വിശുദ്ധ ഖുര്‍ആനെ അടുത്തറിയാനായി 'ഖുര്‍ആന്‍ നിങ്ങളുടേതു കൂടിയാണ്' എന്ന പ്രമേയത്തില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി, കുവൈത്ത്) ഒക്‌ടോബര്‍ 1 മുതല്‍ 31 വരെ നടത്തിയ ഖുര്‍ആന്‍ കാമ്പയിന്‍ ശ്രദ്ധേയമായി. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന പൊതുസമ്മേളനത്തോടെ കാമ്പയിന്‍ സമാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആനിനെ അതിന്റെ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന മഹത്തായ ദൗത്യമാണ് കെ.ഐ.ജി ഈ കാമ്പയിനിലൂടെ നിര്‍വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ആനും പ്രവാചകനും എല്ലാവരുടേതുമാണ്. എല്ലാ വേദങ്ങളെയും പ്രവാചകന്മാരെയും അംഗീകരിക്കുന്നതാണ് ഖുര്‍ആനിന്റെ സമീപനം. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ടവരാണ് മുസ്‌ലിംകള്‍. ഒരു മലര്‍വാടിയിലെ വ്യത്യസ്ത പൂക്കള്‍ പോലെ ജനങ്ങള്‍ നിലകൊണ്ടതാണ് അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയത്. ഇതിനെ തകര്‍ക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമത്തെ എല്ലാ വൈവിധ്യങ്ങളും നിലനിര്‍ത്തി ഒരുമിച്ച് പ്രതിരോധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ദിവസവും വിശുദ്ധ ഖുര്‍ആനും ബൈബിളും ഭഗവത് ഗീതയും വായിച്ചാണ് തന്റെ ദിവസം ആരംഭിക്കുന്നതെന്നും എല്ലാറ്റിനെയും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും നമുക്ക് കഴിയേണ്ടതാണെന്നും ഡോ. അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. യോഗി ആദിത്യനാഥിന്റെയും സ്വാമി വിവേകാനന്ദന്റെയും കാഷായ വസ്ത്രങ്ങള്‍ ഒരുപോലെ കാണാനാവില്ലെന്നും വേദഗ്രന്ഥങ്ങളെ തെറ്റായി വായിക്കുന്നതിന്റെ ഉദാഹരണം ഇതിലുണ്ടെന്നും പി. സുരേന്ദ്രന്‍ പറഞ്ഞു. വേദഗ്രന്ഥത്തെ ശരിയായ രീതിയില്‍ അവതരിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്ത് ബൈത്തുസ്സകാത്ത് പ്രതിനിധി അബ്ദുല്ല ഹൈദര്‍, ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹ് പ്രതിനിധികളായ അബ്ദുല്ലാ അല്‍ ഹുദൈബ്, യഅ്ഖൂബ് അല്‍ അന്‍സാരി, ഐ.പി.സി പ്രതിനിധി അബ്ദുല്‍ അസീസ് അല്‍ നുവൈസി എന്നിവര്‍ സംസാരിച്ചു. സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍, ഫിറോസ് ഹമീദ്, കെ. മൊയ്തു എന്നിവര്‍ അതിഥികള്‍ക്കുള്ള ഉപഹാരം കൈമാറി.

ഖുര്‍ആന്‍ എക്‌സിബിഷനില്‍ ഇന്റര്‍ സ്‌കൂള്‍ വിഭാഗത്തില്‍ സാല്‍മിയ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഗള്‍ഫ് പാകിസ്താന്‍ ഇംഗ്ലീഷ് സ്‌കൂള്‍, സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ എന്നിവ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

കാമ്പയിനിന്റെ ഭാഗമായി നടന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഡോ. അമീര്‍ അഹ്മദ്, സഗീര്‍ തൃക്കരിപ്പൂര്‍, സുബൈര്‍ ശിഫ അല്‍ ജസീറ, അഫ്‌സല്‍ ഖാന്‍, വര്‍ഗീസ് പുതുക്കുളങ്ങര, സയ്യിദ് ഇഫ്തിഖാര്‍ അഹ്മദ്, എം.എ ഹിലാല്‍, അബ്ദുല്ലത്വീഫ് മദനി, ഖലീല്‍ അടൂര്‍, മഹ്മൂദ് അപ്‌സര, സാദിഖ് അലി, എസ്.എ ലബ്ബ, ഹാരിസ് ഐദീദ്, ശഫാസ്, ബശീര്‍ ബാത്ത, കൃഷ്ണന്‍ കടലുണ്ടി, അശ്‌റഫ് എകരൂല്‍, ഇബ്‌റാഹീം കുന്നില്‍, സിദ്ദീഖ് മദനി, ശബീര്‍ മണ്ടോളി, മുഹമ്മദ് റാഫി, അലി മാത്ര, ഖലീല്‍ റഹ്മാന്‍, മെഹബൂബ അനീസ്, നജ്മ ശരീഫ്, സി.കെ നജീബ്, എസ്.എ.പി ആസാദ് എന്നിവര്‍ എക്‌സിബിഷന്‍ വിജയികള്‍ക്കും വിവിധ മത്സര വിജയികള്‍ക്കും സമ്മാനം വിതരണം ചെയ്തു.

മാര്‍ഗദര്‍ശി വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഫൈസല്‍ മഞ്ചേരി നിര്‍വഹിച്ച 167 പ്രഭാഷണങ്ങളടങ്ങിയ ഫഌഷ് ഡ്രൈവ് ബശീര്‍ ബാത്തക്ക് നല്‍കി ഹാരിസ് ഐദീദ്  പ്രകാശനം ചെയ്തു. കെ.ഐ.ജി ജനറല്‍ സെക്രട്ടറി പി.ടി ശരീഫ് സ്വാഗതവും സെക്രട്ടറി എം.കെ. നജീബ് നന്ദിയും പറഞ്ഞു.

കാമ്പയിനിന്റെ ഭാഗമായി വിജ്ഞാനവും വിസ്മയവും പകര്‍ന്നു നല്‍കിയ മുഴുദിന ഖുര്‍ആന്‍ എക്സിബിഷന്‍ നടന്നു. ജംഇയ്യത്തുല്‍ ഇസ്വ്ലാഹ് കമ്യൂണിറ്റി വിഭാഗം തലവന്‍ ഡോക്ടര്‍ അബ്ദുല്ല സുലൈമാന്‍ അല്‍ അതീഖി എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു.  ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍അസീസ്, കെ.ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി, ജനറല്‍ സെക്രട്ടറി പി.ടി ശരീഫ്, കാമ്പയിന്‍ കണ്‍വീനര്‍ കെ. അബ്ദുര്‍റഹ്മാന്‍, എക്‌സിബിഷന്‍ കണ്‍വീനര്‍ ഫിറോസ് ഹമീദ്, കെ.ഐ.ജി ട്രഷറര്‍ എസ്.എ.പി ആസാദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ നടന്ന എക്സിബിഷനില്‍ കുവൈത്തിലെ  വിദേശ സ്‌കൂളുകളിലെ നാല്‍പതോളം വിദ്യാര്‍ഥികള്‍ തയാറാക്കിയ വ്യക്തിഗത സ്റ്റാളുകള്‍, വിവിധ സ്‌കൂളുകളുടെ സ്റ്റാളുകള്‍ എന്നിവക്കു പുറമെ കെ.ഐ.ജി ഏരിയകള്‍, അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ ബ്രാഞ്ചുകള്‍, ഇസ്‌ലാമിക് വിമന്‍സ് അസോസിയേഷന്‍ ഏരിയകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ തയാറാക്കിയ സ്റ്റാളുകളുമടക്കം എഴുപത്തി അഞ്ചോളം സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.

പ്രദര്‍ശനത്തില്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട മനുഷ്യന്‍, പ്രകൃതി, ചരിത്രം, നാഗരികത,  ശാസ്ത്രം, സാങ്കേതിക വിദ്യകള്‍, ആധുനികത, ധാര്‍മിക-സദാചാര മൂല്യച്യുതികള്‍, ദൈവാസ്തിക്യം എന്നിവയുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ വിഷയങ്ങളുടെ ദൃശ്യാവിഷ്‌കാരം ഒരുക്കിയിരുന്നു. വിശുദ്ധ ഖുര്‍ആന്റെ അമാനുഷികത അനാവരണം ചെയ്യുന്നതും ഖുര്‍ആനിക വിഷയങ്ങളുടെ ആഴവും വ്യാപ്തിയും വെളിവാക്കുന്നതുമായ പ്രദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്തു.

കാമ്പയിന്‍ കാലയളവില്‍ പൊതുജനങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്റെ പരിഭാഷ സഹിതമുള്ള 3000 കോപ്പികള്‍ വീടുകളിള്‍ എത്തിച്ചുകൊടുത്തു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് കേന്ദ്ര-ഏരിയാ തലങ്ങളിലായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടേബ്ള്‍ ടോക്കുകള്‍ നടന്നു. ടേബ്ള്‍ ടോക്കുകളില്‍ മുഖ്യാതിഥിയായി ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പങ്കെടുത്തു. രണ്ടു ഘട്ടങ്ങളിലായി ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ ക്വിസുകള്‍ നടന്നു. കാമ്പയിന്‍ സന്ദേശമുള്‍ക്കൊള്ളുന്ന മാഗസിന്റെ 5000 കോപ്പികള്‍ വിതരണം ചെയ്തു.  

Comments

Other Post

ഹദീസ്‌

ശവം തീനികള്‍
എസ്സെംകെ

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (43-44)
എ.വൈ.ആര്‍