Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 08

3029

1439 റബീഉല്‍ അവ്വല്‍ 19

മദീനയും മക്കയും ഒന്നിക്കുന്നു

മുഹമ്മദുന്‍ റസൂലുല്ലാഹ്-34

ഹുദൈബിയയില്‍നിന്ന് മദീനയിലേക്കുള്ള മടക്കയാത്രയില്‍ ഓടിപ്പോന്നവരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഒരു സംഭവം ഉണ്ടാകുന്നുണ്ട്. അതിന്റെ പ്രത്യാഘാതം കുറച്ചേറെ ഗൗരവതരവും ആയിരുന്നു. സംഭവമിതാണ്: മക്കയില്‍ മര്‍ദനം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന അബൂബുസൈ്വര്‍ എന്നൊരാള്‍ തടവറയില്‍നിന്ന് രക്ഷപ്പെട്ട് മദീനയിലേക്ക് തിരിച്ചുപോകുന്ന പ്രവാചകനോടൊപ്പം ചേരുന്നു. ഉടന്‍ രണ്ട് മക്കക്കാര്‍ പിന്നാലെയെത്തി ഓടിപ്പോന്നയാളെ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെടുന്നു. പ്രവാചകന്‍ അത് അംഗീകരിച്ചു. അബൂബുസൈ്വറിനെയും കൂട്ടി അവര്‍ മക്കയിലേക്ക് തിരിച്ചു. പക്ഷേ, വഴിയില്‍വെച്ച് ഇയാള്‍ തന്ത്രത്തില്‍ വാള്‍ കൈവശപ്പെടുത്തുകയും അവരിലൊരാളുടെ കഴുത്തറുക്കുകയും ചെയ്തു. മറ്റേയാള്‍ ഓടി പ്രവാചകന്റെ അടുത്തേക്കു തന്നെ വന്നു, തൊട്ടുപിറകെ അബൂബുസൈ്വറും. പക്ഷേ, പ്രവാചകന്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. അബൂബുസൈ്വറിന് അഭയം നല്‍കാന്‍ അദ്ദേഹം തയാറായില്ല. ഗത്യന്തരമില്ലാതെ അബൂബുസൈ്വര്‍ മുസ്‌ലിം ക്യാമ്പില്‍നിന്ന് ഓടിപ്പോയി. മക്കക്കാരനാവട്ടെ, തന്റെ കൂട്ടുകാരനുണ്ടായ ദുര്യോഗം വിവരിക്കാനായി മക്കയിലേക്ക് തിരിച്ചുപോവുകയും ചെയ്തു. 'എന്തൊരു എടുത്തുചാട്ടക്കാരനായ മനുഷ്യന്‍! അയാള്‍ക്ക് ഏതാനും സുഹൃത്തുക്കളെങ്കിലും ഉണ്ടായിരുന്നെങ്കില്‍!', അബൂബുസൈ്വറിനെപ്പറ്റി പ്രവാചകന്റെ കമന്റ്. അബൂബുസൈ്വര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത് അല്‍ഇസ്വ (ബദ്‌റിനടുത്ത് ദുല്‍മര്‍വ എന്ന സ്ഥലത്ത്) എന്ന കാട്ടിലാണ്. ഇത് കച്ചവട കാരവനുകള്‍ കടന്നുപോകുന്ന വഴിക്കരികെയാണ്. എന്നാല്‍ ഇസ്‌ലാമിക രാഷ്ട്രപരിധിക്ക് പുറത്തുള്ള പ്രദേശവുമാണ്. അതിലേ കടന്നുപോകുന്ന മക്കന്‍ കച്ചവട സംഘങ്ങളെ അബൂബുസൈ്വര്‍ കൊള്ളയടിക്കാന്‍ തുടങ്ങി. മക്കയില്‍ ഈ വാര്‍ത്ത സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. ഈ ഭീഷണി എങ്ങനെ അവസാനിപ്പിക്കാമെന്ന് മക്കക്കാര്‍ ആലോചന തുടങ്ങി. എന്നാല്‍ മക്കയില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന മുസ്‌ലിംകളാവട്ടെ, അബൂബുസൈ്വറിന്റെ പ്രതികാരനടപടികളെ സ്വാഗതം ചെയ്യുന്നവരുമായിരുന്നു. മക്കയിലെ ചില മുസ്‌ലിംകള്‍ ഇയാള്‍ക്കൊപ്പം ചേരുകയും ചെയ്തു. ഇത് ഒരുപാട് കഷ്ടനഷ്ടങ്ങള്‍ ഖുറൈശികള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടാവണം. അതുകൊണ്ടാണ് ഉടനടി ഒരു മക്കന്‍ ഔദ്യോഗിക പ്രതിനിധി സംഘം മദീനയിലെത്തുകയും ഹുദൈബിയ സന്ധിയിലെ ബന്ദികൈമാറ്റത്തെക്കുറിച്ച ഭാഗം പ്രവാചക സാന്നിധ്യത്തില്‍ വെച്ച് റദ്ദാക്കാന്‍ സമ്മതിക്കുകയും ചെയ്തത്. അബൂബുസൈ്വറിനെയും കൂട്ടരെയും ഉടനടി മദീനയിലേക്ക് തിരിച്ചുവിളിക്കണമെന്ന് അവര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ആ അഭ്യര്‍ഥന സ്വീകരിക്കപ്പെട്ടു.1

ഹുദൈബിയ സന്ധിപ്രകാരം ഒരു വര്‍ഷം കഴിഞ്ഞ് അനുചരന്മാര്‍ക്കൊപ്പം പ്രവാചകന്‍ മക്കയിലേക്ക് പുറപ്പെട്ടു. ഹജ്ജ് കാലത്തല്ലാതെ നടക്കുന്ന തീര്‍ഥാടനത്തിന് ചെറിയ തീര്‍ഥാടനം അല്ലെങ്കില്‍ ഉംറ എന്നാണ് പറയുക. ഉംറ ചെയ്യാനാണ് പ്രവാചകനും അനുയായികളും വന്നിരിക്കുന്നത്. മുസ്‌ലിംകള്‍ എത്തിച്ചേര്‍ന്നപ്പോഴേക്കും മക്കക്കാര്‍ തങ്ങളുടെ നഗരം ഉപേക്ഷിച്ച് മലമുകളിലേക്ക് താമസം മാറ്റിയിരുന്നു. ഭൗതികമായി ചിന്തിക്കുന്ന, പറഞ്ഞ വാക്കിന് അത്രയും വിലയൊന്നും കല്‍പ്പിക്കാത്ത ഒരു നേതാവായിരുന്നുവെങ്കില്‍, ഈയൊരു സന്ദര്‍ഭത്തില്‍, തനിക്കവിടെ തങ്ങാന്‍ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞയുടന്‍ നഗരം അധിനിവേശം ചെയ്യാന്‍ യാതൊരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല. പ്രവാചകന്‍ വന്നതാകട്ടെ ശക്തമായ ഒരു സൈന്യത്തിന്റെ അകമ്പടിയോടെയുമാണ്. മക്കക്കാരുടെ സ്വത്തുവഹകളെല്ലാം അവരുടെ വീടുകളില്‍ ഒരു സംരക്ഷണവുമില്ലാതെ കിടക്കുകയാണ്. ഈ സമയത്ത് നഗരം പിടിച്ചെടുക്കുകയാണെങ്കില്‍, പ്രതിരോധിക്കാന്‍ മക്കക്കാര്‍ നന്നായി പ്രയാസപ്പെടുമായിരുന്നു. മുസ്‌ലിംകള്‍ക്കാവട്ടെ കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നു. പക്ഷേ, മക്കക്കാരുടെ ശരീരങ്ങള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കാന്‍ പ്രവാചകന് തീരെ താല്‍പ്പര്യമുണ്ടായിരുന്നില്ല. അവരുടെ ഹൃദയങ്ങളെ കീഴ്‌പ്പെടുത്തി അവരുടെ സ്വഭാവചര്യകളെയാകെ മാറ്റിയെടുക്കാനായിരുന്നു പ്രവാചകന്‍ ലക്ഷ്യം വെച്ചത്. മക്കക്കാരുടെ ഒരു വീടും ഒരാളും സ്പര്‍ശിക്കുക പോലും ചെയ്തില്ല. മക്കക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നുമുണ്ടായില്ല.

എന്നല്ല, മക്കയിലെ ബഹുദൈവാരാധകരുമായി സുഹൃദ് ബന്ധങ്ങളുമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അങ്ങനെ, നേരത്തേ നിശ്ചയിച്ചുറപ്പിച്ച മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒരു ചെറിയ മക്കന്‍ പ്രതിനിധി സംഘം വന്ന് സമയമായെന്നും മക്ക വിടണമെന്നും പ്രവാചകനോട് പറഞ്ഞു. ഒരു വൈമനസ്യവുമില്ലാതെ പ്രവാചകന്‍ അതംഗീകരിച്ചു. വിടവാങ്ങുന്നതിനോടനുബന്ധിച്ച് മക്കക്കാരെ അതിഥികളായി ക്ഷണിക്കാനും അവര്‍ക്കൊരു സദ്യ നല്‍കാനും തനിക്ക് ഉദ്ദേശ്യമുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞെങ്കിലും, മക്കക്കാര്‍ വിസമ്മതിച്ചതുകൊണ്ട് അത് നടന്നില്ല. അങ്ങനെ അദ്ദേഹവും അനുയായികളും മക്ക വിട്ടു.2

ഇതൊക്കെയും മക്കക്കാരുടെ ഭാവനകളെ നന്നായി സ്വാധീനിച്ചിട്ടുണ്ടാവണം. ഏറെ വൈകാതെ ഖാലിദുബ്‌നുല്‍ വലീദ് എന്ന പടനായകന്‍ -മക്കക്കാരുടെ കാലാള്‍പ്പടയുടെ ഈ കമാന്‍ഡറുടെ നീക്കങ്ങളൊന്നു മാത്രമാണ് ഉഹുദില്‍ മുസ്‌ലിംകള്‍ പരാജയപ്പെടാന്‍ ഇടയാക്കിയത്- മദീനയിലെത്തുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. പ്രവാചകനെ ഇത് വല്ലാതെ ആഹ്ലാദിപ്പിച്ചു. ഖാലിദിന് അദ്ദേഹം സൈഫുല്ലാഹ് (ദൈവത്തിന്റെ വാള്‍) എന്ന ബഹുമതി നല്‍കി. ലോക ചരിത്രത്തിലെ തന്നെ അതിസമര്‍ഥരായ സൈനിക പ്രതിഭകളിലൊരാളാണ് ഖാലിദു ബ്‌നുല്‍ വലീദ്. മക്കയിലെ മറ്റൊരു പ്രമുഖനായ അംറുബ്‌നുല്‍ ആസ്വ് ഇസ്‌ലാം പുല്‍കുന്നതും ഈ ഘട്ടത്തില്‍ തന്നെ. അദ്ദേഹമാണ് പിന്നീട് ഈജിപ്ത് ജയിച്ചടക്കുന്നത്. ഏറ്റവും പ്രമുഖരായ അറബ് നയതന്ത്ര വിദഗ്ധരിലൊരാളുമാണ്.3

ഇസ്‌ലാം അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കിലും, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഉത്കണ്ഠകള്‍ അവസാനിച്ചിരുന്നില്ല. ഒരു ബൈസാന്റിയന്‍ സാമന്ത രാജ്യം പ്രവാചകന്റെ പ്രതിനിധിയെ കൊല ചെയ്തതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായി. അപ്പോള്‍ തന്നെയാണ് മക്കക്കാര്‍ കാലു മാറുന്നതും.

ബനൂബക്ര്‍, ഖുസാഅ ഗോത്രങ്ങള്‍ ഹുദൈബിയ സന്ധി വ്യവസ്ഥകള്‍ പാലിക്കാമെന്ന് കരാര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം നാം നേരത്തേ പരാമര്‍ശിച്ചിട്ടുണ്ട്. ഇതില്‍ ബനൂബക്ര്‍ ഖുറൈശി പക്ഷത്തും ഖുസാഅ മുസ്‌ലിം പക്ഷത്തുമായിരുന്നു. ഇവര്‍ തമ്മിലുള്ള പോര് ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പേ തുടങ്ങിയതാണ്. ചില സംഘര്‍ഷങ്ങള്‍ യുദ്ധങ്ങളായി മാറും. ബലാദുരി4 ഒരു സംഭവം പറയുന്നുണ്ട്. ഒരു ദിവസം ഒരു ബക്ര്‍ ഗോത്രക്കാരന്‍ നബിയെ വളരെ മോശമായി അധിക്ഷേപിക്കുന്നത് ഒരു ഖുസാഅ ഗോത്രക്കാരന്‍ കേട്ടു. ഖുസാഅക്കാരന് അത് സഹിക്കാനായില്ല. അയാള്‍ ബക്ര്‍ ഗോത്രക്കാരന്റെ മേല്‍ ചാടിവീണ് അയാളെ പരുക്കേല്‍പിച്ചു. ഇരു ഗോത്രങ്ങളും തമ്മില്‍ ഒരു യുദ്ധം തന്നെ പൊട്ടിപ്പുറപ്പെടാന്‍ അത് കാരണമായി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഖുസാഅ ഗോത്രക്കാര്‍ നബിയോട് പരാതി പറയാനായി മദീനയിലെത്തി. ഈ സംഘത്തിന്റെ തലവന്‍ ഒരു കവിത ചൊല്ലിയാണ് തങ്ങളുടെ പരാതികള്‍ ബോധിപ്പിച്ചത്. അതിന്റെ ചുരുക്കം ഇതാണ്:5 ഖുറൈശികള്‍ കരാര്‍ ലംഘിച്ചിരിക്കുന്നു. വത്വീറിനടുത്തുള്ള ഞങ്ങളുടെ ആവാസ ഭൂമിയില്‍ അവര്‍ രാത്രി അതിക്രമിച്ചുകടന്നിരിക്കുന്നു; ഞങ്ങളെ ആക്രമിച്ചിരിക്കുന്നു. ഞങ്ങള്‍ സുജൂദിലും റുകൂഇലും ആയിരിക്കുമ്പോള്‍ അവര്‍ ഞങ്ങളെ കൊല്ലുകയായിരുന്നു.

ഇതിലെ ഒടുവിലത്തെ വരിയില്‍നിന്ന്, ഇസ്‌ലാം ആ പ്രദേശത്തും സ്വീകാര്യത നേടിയിരുന്നു എന്ന് മനസ്സിലാക്കാം. കവിതയുടെ ആറാം വരിയില്‍, മക്കക്കാര്‍ ബക്ര്‍ ഗോത്രക്കാരെ ആയുധം കൊടുത്ത് സഹായിക്കുക മാത്രമല്ല, കൊലയിലും അവര്‍ക്ക് പങ്കാളിത്തമുണ്ട് എന്ന് സൂചിപ്പിക്കുന്നു. ഗസ്സാനികളുടെ (ബൈസാന്റികളുടെ) ഒരു ആക്രമണം പ്രതീക്ഷിക്കുന്ന ഈ സമയത്ത് മുസ്‌ലിംകളൊരിക്കലും മക്കക്കാരുമായി വഴക്കിടാന്‍ പോകില്ലെന്ന് ഉറപ്പാണല്ലോ. മാത്രവുമല്ല, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അബൂസുഫ്‌യാന്‍ തന്നെ ഹുദൈബിയ സന്ധി നിലനിര്‍ത്തണമെന്ന് അപേക്ഷിക്കാനായി മദീനയില്‍ എത്തിയതില്‍നിന്ന് മക്കക്കാരുടെ കുറ്റബോധം വെളിവാകുന്നുണ്ട്.6 നടന്ന കരാര്‍ലംഘനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായില്ല. ഹുദൈബിയ സന്ധി ഒപ്പിടുന്ന സമയത്ത് താനവിടെ ഇല്ലാതിരുന്നതുകൊണ്ട് അതേക്കുറിച്ചൊന്നും തനിക്കറിവില്ലെന്ന് നടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.7 ഖുസാഅക്കാരെ തിരിച്ചയക്കുമ്പോള്‍ ഇരകളാക്കപ്പെട്ടതിനാല്‍ താനവരെ സഹായിക്കും എന്ന ഉറപ്പ് പ്രവാചകന്‍ അവര്‍ക്ക് നല്‍കുന്നുണ്ട്. അവരുടെ പരാതികള്‍ ശരിയാണ് എന്നതിനെ ശരിവെക്കുന്നുണ്ടല്ലോ അബൂസുഫ്‌യാന്റെ ഈ വരവ്.

അബൂസുഫ്‌യാന് കാര്യമായ പ്രതീക്ഷ തന്റെ മകളും പ്രവാചക പത്‌നിയുമായ ഉമ്മു ഹബീബയിലായിരുന്നു. മക്കയില്‍നിന്ന് എത്തിയ ഉടനെ അദ്ദേഹം പോയത് മകളുടെ വീട്ടിലേക്കാണ്. പിതാവ് വരുന്നുണ്ടെന്നറിഞ്ഞ ഉമ്മുഹബീബ ഉടന്‍ തന്നെ പ്രവാചകന്റെ വിരിപ്പ് മടക്കിവെച്ചു. ആ ചെറിയ മുറിയിലാവട്ടെ പിന്നെ ഒന്നിരിക്കാനുള്ള സൗകര്യം പോലും ഉണ്ടായിരുന്നുമില്ല. എന്തിനിത് ചെയ്തു എന്ന് ചോദിച്ച പിതാവിനോട് മകള്‍ ഇപ്രകാരം മറുപടി പറഞ്ഞു: 'നിങ്ങള്‍ ബഹുദൈവങ്ങളില്‍ വിശ്വസിക്കുന്നവരാണ്. പുണ്യ നബിയുടെ വിരിപ്പ് നിങ്ങള്‍ കാരണം മലിനമാകുന്നത് ഞാനിഷ്ടപ്പെടുന്നില്ല.' ദേഷ്യം സഹിക്കാനാവാതെ അബൂസുഫ്‌യാന്‍ പിറുപിറുത്തു; 'ഹേ കുട്ടീ, നീയെത്ര ചീത്തയായിപ്പോയി!' പിന്നെ അദ്ദേഹം നബിയെ കാണാനായി പള്ളിയിലേക്ക് പോയി. 'നിങ്ങള്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എങ്കില്‍ ഞങ്ങളില്‍നിന്നൊന്നും നിങ്ങള്‍ ഭയക്കേണ്ടതില്ല' എന്ന മറുപടിയാണ് പ്രവാചകന്‍ നല്‍കിയത്. അബൂസുഫ്‌യാന്‍ മക്കയില്‍ തിരിച്ചെത്തി. ഇനി എന്ത് ചെയ്യുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. അതേസമയം പ്രവാചകന്‍ വളരെ രഹസ്യമായി ചില ഒരുക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ആരും മദീന വിട്ട് പുറത്തുപോകരുതെന്ന് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി.8 ഒരു പടയോട്ടത്തിന് തയാറായിരിക്കാനും അദ്ദേഹം മദീനാ നിവാസികളെ ആഹ്വാനം ചെയ്തു. എന്നാല്‍ ഏത് ദിക്കിലേക്കാണ് പടയോട്ടം എന്നതിനെക്കുറിച്ച് യാതൊരു സൂചനയും നല്‍കിയതുമില്ല. അതേസമയം തന്റെ സഖ്യ ഗോത്രങ്ങളായ അസ്‌ലം, ഗിഫാര്‍ എന്നിവരിലേക്ക്, ഈ പടയോട്ടത്തില്‍ ഭാഗഭാക്കാകണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ദൂതന്മാരെ അയക്കുന്നുമുണ്ട്. മദീനയിലേക്ക് വരേണ്ടെന്നും തങ്ങളുടെ ആവാസ സ്ഥാനത്തു തന്നെ നിന്നാല്‍ മതിയെന്നുമാണ് അവര്‍ക്ക് നല്‍കിയ നിര്‍ദേശം.

ബൈസാന്റിയക്കാരില്‍നിന്ന് മുഅ്തയില്‍ വെച്ച് മുസ്‌ലിംകള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു. ശത്രുഗോത്രമായ ബനൂസുലൈം മദീനയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ രക്തം ചിന്തിക്കൊണ്ടുമിരുന്നു. ഇതില്‍ ഏതു പ്രശ്‌നത്തില്‍ ഇടപെടാനാകും പ്രവാചകന്‍ സൈനിക മുന്നൊരുക്കങ്ങള്‍ നടത്തുന്നത്? ഇക്കാര്യം അബൂബക്ര്‍ സിദ്ദീഖ് തന്റെ മകളും പ്രവാചക പത്‌നിയുമായ ആഇശയോട് ചോദിക്കുക തന്നെ ചെയ്തു. ആഇശയുടെ മറുപടി ഇങ്ങനെ: 'എനിക്കറിയില്ല. ഒരു പക്ഷേ ഉന്നമിടുന്നത് ബനൂ സുലൈമിനെയാകാം. അല്ലെങ്കില്‍ സഖീഫിനെ, അതുമല്ലെങ്കില്‍ ഹവാസിന്‍ ഗോത്രത്തെ.'9 ഈ സന്ദര്‍ഭത്തില്‍ മുസ്‌ലിംകളില്‍പെട്ട ഹാതിബു ബ്‌നു അബീ ബല്‍താഹ് എന്നൊരാള്‍ -ഇദ്ദേഹം നിഷ്‌കളങ്കനാണെങ്കിലും താന്‍ ചെയ്യുന്ന പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും ആലോചിക്കാന്‍ കഴിവില്ല- മദീനയില്‍ വലിയ പടയൊരുക്കം നടക്കുന്നുണ്ടെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി മക്കക്കാര്‍ക്ക് ഒരു കത്ത് എഴുതുന്നുണ്ട്. മക്കക്കാരുടെ പ്രീതിയും സൗഹൃദവും സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. ഈ കത്ത് വഴിയില്‍ വെച്ച് പിടിക്കപ്പെട്ടു. ഇയാളൊരു നേരെ വാ, നേരെ പോ ചിന്താഗതിക്കാരനെന്നു കണ്ട് പ്രവാചകന്‍ മാപ്പു കൊടുക്കുകയാണുണ്ടായത്.10

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി11 പ്രവാചകനും അനുയായികളും മദീനയില്‍നിന്ന് പുറത്തുകടന്നു. സഖ്യഗോത്രങ്ങളെ സന്ദര്‍ശിച്ചുകൊണ്ടാണ് പ്രവാചകന്‍ മുന്നോട്ടു പോകുന്നത്. ഈ ഓരോ ഗോത്രത്തില്‍നിന്നും പടയാളികള്‍ പ്രവാചകനോടൊപ്പം ചേരുന്നുണ്ട്. അങ്ങനെ ഒപ്പമുള്ളവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. വളഞ്ഞും തിരിഞ്ഞും പോകുന്ന ഒരു വഴിയിലൂടെയാണ് യാത്ര. ഇത് സൈനിക പുറപ്പാട് എങ്ങോട്ടാണെന്നതിനെക്കുറിച്ച് വല്ലാത്ത ആശയക്കുഴപ്പം സൃഷ്ടിച്ചു.12 പ്രവാചകന്‍ ഉദ്ദേശിച്ചതും അതു തന്നെയായിരുന്നു. ഒടുവില്‍ മക്കക്ക് തൊട്ടപ്പുറമുള്ള പര്‍വതങ്ങളുടെ പിറകില്‍ തമ്പടിക്കാന്‍ തീരുമാനിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം പതിനായിരം പേരുണ്ടായിരുന്നു. തുടര്‍ന്ന് ഓരോ പടയാളിയോടും ഓരോ അടുപ്പ് കത്തിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയാണ്. ഇപ്പോഴും നബിയുടെ നീക്കങ്ങളെക്കുറിച്ച് മക്കക്കാര്‍ക്ക് കൃത്യമായി യാതൊന്നും അറിഞ്ഞുകൂടാ. ഒരു ആക്രമണം അവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നു മാത്രം. ആ രാത്രി പതിവു പോലെ അബൂസുഫ്‌യാന്‍ പരിസര നിരീക്ഷണത്തിനായി മക്കാ നഗരം വിട്ട് പുറത്തുകടന്ന് മലകയറി മദീനയുടെ ഭാഗത്തേക്ക് നോക്കിയപ്പോള്‍ പതിനായിരം അടുപ്പുകളില്‍നിന്ന് തീയുയരുന്നത് കണ്ടു. പതിനായിരം അടുപ്പുകളുണ്ടെങ്കില്‍ പടയാളികള്‍ അതിന്റെ മൂന്നോ നാലോ ഇരട്ടി ഉണ്ടാവുമല്ലോ എന്ന് അദ്ദേഹം കണക്കുകൂട്ടി. അപ്പോഴാണ് ഒരു മുസ്‌ലിം പടയാളി അബൂസുഫ്‌യാനെ കാണുന്നത്. അയാള്‍ അബൂസുഫ്‌യാനെ നബിയുടെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുവന്നു; പ്രവാചകനോട് മാപ്പപേക്ഷിച്ചുനോക്കൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍, ഖുറൈശികളുടെ ആകാംക്ഷ ഇരട്ടിപ്പിച്ചുകൊണ്ട് അബൂസുഫ്‌യാനെ തന്റെ ക്യാമ്പില്‍ തടഞ്ഞുവെക്കുകയാണ് നബി ചെയ്തത്. പിറ്റേ ദിവസമാണ് അദ്ദേഹത്തെ വിട്ടയക്കുന്നത്. അപ്പോഴേക്കും മുസ്‌ലിം സൈന്യം മക്കക്ക് തൊട്ടുമുമ്പുള്ള അവസാന മലയിടുക്കും കടന്ന് പല ഭാഗങ്ങളിലൂടെ നഗരത്തില്‍ കടക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു.

മക്ക ആകെ ആശയക്കുഴപ്പത്തിലായിരുന്നു. ആ നിമിഷം വരെ ആരും ഒന്നും സംശയിച്ചിരുന്നില്ല. തങ്ങളുടെ നേതാവായ അബൂസുഫ്‌യാനാകട്ടെ 'നിഗൂഢ സാഹചര്യത്തില്‍ അപ്രത്യക്ഷനാവുക'യും ചെയ്തിരിക്കുന്നു. ഇപ്പോഴിതാ മക്കയിലേക്കുള്ള മുഴുവന്‍ പാതകളിലും ശക്തമായ മുസ്‌ലിം സേനാവ്യൂഹങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നു. അവരിപ്പോള്‍ മക്കാ നഗരത്തിന്റെ കേന്ദ്രത്തിലേക്ക് നീങ്ങുകയാണ്. അതിനിടക്ക് ഇങ്ങനെയൊരു പ്രഖ്യാപനവും മുഴങ്ങിക്കേള്‍ക്കുന്നു: 'സ്വന്തം വീട്ടില്‍ തന്നെ ഇരിക്കുന്നവര്‍, ആയുധങ്ങള്‍ താഴെ വെക്കുന്നവര്‍, കഅ്ബയില്‍ അഭയം തേടുന്നവര്‍, അബൂസുഫ്‌യാന്റെ വീട്ടില്‍ കടക്കുന്നവര്‍- ഇവരൊക്കെയും സുരക്ഷിതരായിരിക്കും. അവരെ ആക്രമിക്കുകയില്ല.' ഈ ഒടുവില്‍ പറഞ്ഞതിന് മനശ്ശാസ്ത്ര യുദ്ധത്തിന്റെ ഒരു തലമുണ്ട്. ശത്രുവിന്റെ ആശയക്കുഴപ്പവും അന്ധാളിപ്പും വര്‍ധിപ്പിക്കാന്‍ വേണ്ടിയാണിത്. അവര്‍ സ്വാഭാവികമായും ചിന്തിക്കുമല്ലോ: 'അബൂസുഫ്‌യാന്‍ നമ്മെ ചതിക്കുകയായിരുന്നോ? അയാളും ഇസ്‌ലാം സ്വീകരിച്ചുവോ?' നഗരം മുഴുവന്‍ അധീനതയില്‍ വന്നതിന് ശേഷമാണ്, അബൂസുഫ്‌യാനെ അങ്ങോട്ട് വരാന്‍ അനുവദിച്ചത്. പിന്നെ അദ്ദേഹം തന്റെ സ്വന്തം അണികളോട് പറയുന്നത്, ചെറുത്തുനിന്നിട്ടൊന്നും ഒരു പ്രയോജനവുമില്ലെന്നാണ്. അങ്ങനെ മക്കക്കാര്‍ ചെറുത്തുനില്‍പ്പിനോ പോരാട്ടത്തിനോ മുതിരാതെ സ്വയം കീഴടങ്ങി. വിവിധ പാതകളിലൂടെ മക്കയില്‍ പ്രവേശിച്ച ഒരു സൈനിക വ്യൂഹത്തിനും എതിര്‍പ്പ് നേരിടേണ്ടിവന്നില്ല; ഖാലിദുബ്‌നുല്‍ വലീദിന്റെ നേതൃത്വത്തിലുള്ള വ്യൂഹത്തിന് ഒഴികെ. തന്റെ കുടുംബക്കാര്‍ താമസിക്കുന്ന പ്രദേശത്ത് എത്തിയപ്പോള്‍, തന്റെ പിതൃസഹോദരപുത്രന്‍ കൂടിയായ ഇക്‌രിമതുബ്‌നു അബീജഹ്ല്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. ചെറിയ ഏറ്റുമുട്ടലുണ്ടായി. കുറച്ചാളുകള്‍, ഒരു സ്ത്രീയടക്കം കൊല്ലപ്പെട്ടു. വിവരമറിഞ്ഞ പ്രവാചകന്‍ ഉടനടി പോരാട്ടം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. സ്ത്രീകള്‍, കുട്ടികള്‍ പോലുള്ള പടയാളികളല്ലാത്ത ഒരാളെയും ഒരു കാരണവശാലും വധിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി.13 ബക്ര്‍ ഗോത്രക്കാരോട് പകരം വീട്ടാനുള്ള അവസരം ഖുസാഅ ഗോത്രക്കാര്‍ക്ക് പ്രവാചകന്‍ നല്‍കിയെങ്കിലും, അവര്‍ അതിരു വിടുന്നു എന്ന് തോന്നിയപ്പോള്‍ പ്രവാചകന്‍ ഉടനടി ഇടപെടുകയും എല്ലാവര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിക്കുകയുമാണുണ്ടായത്.14

വളരെ ആദരവോടെ, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് പ്രവാചകന്‍ കഅ്ബയുടെ തിരുമുറ്റത്തെത്തുന്നത്. കഅ്ബക്കുള്ളില്‍ നിറക്കപ്പെട്ട വിഗ്രഹങ്ങളെ നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു ആദ്യം. പിന്നെ അതിനുള്ളില്‍ വരച്ചുവെച്ച ചിത്രങ്ങളും. ബുഖാരിയുടെ റിപ്പോര്‍ട്ട് പ്രകാരം, കഅ്ബക്കകത്ത് മലക്കുകളുടെയും പ്രവാചകന്മാരായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ചിത്രങ്ങളുണ്ടായിരുന്നു; അവര്‍ അശരീരികള്‍ സ്വീകരിക്കുന്ന രീതിയിലായിരുന്നു ചിത്രങ്ങള്‍.15 മര്‍യമിന്റെ വിഗ്രഹവും ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.16 മര്‍യം ഉണ്ണിയേശുവിനെ കൈയിലെടുത്ത് നില്‍ക്കുന്ന ചിത്രം മായ്ക്കരുതെന്ന് പ്രവാചകന്‍ പറഞ്ഞു എന്ന് രേഖപ്പെടുത്തുന്ന അതേ മഖ്‌രീസി17 തന്നെ, ചുമതലപ്പെടുത്തപ്പെട്ടയാള്‍ പ്രവാചകന്‍ ഇബ്‌റാഹീമിന്റെ ചിത്രമൊഴിച്ച് ബാക്കിയെല്ലാം മായ്ച്ചുകളഞ്ഞപ്പോള്‍ അതും ചുരണ്ടിക്കളയാന്‍ നബി ആവശ്യപ്പെട്ടതായും കുറിച്ചിട്ടുണ്ട്.18 ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു മതദര്‍ശനത്തിന് വിഗ്രഹങ്ങളുടെയോ രൂപങ്ങളുടെയോ ചിത്രങ്ങളുടെയോ ആവശ്യമില്ല. കഅ്ബാങ്കണത്തില്‍ മക്കയിലെ മുഴുവന്‍ ആളുകളും ഒരുമിച്ചു കൂടിയിരിക്കുകയാണ്. നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ പ്രവാചകന്‍ അവരോട് സംസാരിക്കാന്‍ പോവുകയാണ്. ഹിജ്‌റക്കു മുമ്പ് പതിമൂന്ന് വര്‍ഷം, ഹിജ്‌റക്കു ശേഷം എട്ടു വര്‍ഷം, അങ്ങനെ മൊത്തം ഇരുപത്തിയൊന്ന് വര്‍ഷക്കാലം പ്രവാചകനെയും അനുചരന്മാരെയും അന്യായമായും ക്രൂരമായും പീഡിപ്പിച്ചവരാണ് ഈ നഗരവാസികള്‍. അദ്ദേഹത്തെയും അനുയായികളെയും അവര്‍ ആട്ടിയോടിച്ചു. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പീഡനങ്ങള്‍ക്കിടയില്‍ അനുയായികളില്‍ പലരും ജീവന്‍ വെടിഞ്ഞു. അഭയം തേടിയെത്തിയ മദീനയെയും അവര്‍ കടന്നാക്രമിച്ചു. പ്രവാചകദൗത്യത്തെ എങ്ങനെയൊക്കെ അടിച്ചമര്‍ത്താമോ അതിന് സാധ്യമായ സകല മാര്‍ഗങ്ങളും സ്വീകരിച്ചു. ഒടുവില്‍ വളരെയേറെ കൂടിയാലോചനകള്‍ക്കു ശേഷം തയാറാക്കി അംഗീകരിച്ച ഉടമ്പടി വ്യവസ്ഥകള്‍ നഗ്നമായി ലംഘിച്ചു. എല്ലാ നിലക്കും പീഡനമേറ്റുവാങ്ങിയ ആ മനുഷ്യനാണ് ദിഗ്വിജയിയായി നഗരത്തില്‍ പ്രവേശിച്ചിരിക്കുന്നത്. നഗരത്തില്‍ കൂട്ടക്കൊല നടത്താനോ നഗരനിവാസികളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനോ ശത്രുക്കളെ മുഴുവന്‍ അടിമകളാക്കിമാറ്റാനോ അദ്ദേഹത്തിന് നിഷ്പ്രയാസം സാധിക്കും. അദ്ദേഹത്തെ ഈ കൃത്യങ്ങളില്‍നിന്ന് തടയാന്‍ യാതൊരു ശക്തിയും ഇപ്പോള്‍ നിലവിലില്ല. അദ്ദേഹവും ഒരു മനുഷ്യനാണല്ലോ. പക്ഷേ, അദ്ദേഹം ദൈവദൂതന്‍ കൂടിയാണ്. ഇനി വരാനിരിക്കുന്ന മുഴുവന്‍ തലമുറകളും മാതൃക അന്വേഷിച്ച് അദ്ദേഹത്തിലേക്കാണ് നോക്കുക.

പ്രവാചകന്‍ നഗരത്തിലേക്ക് കടന്നുവരവെ, തന്റെ തൊട്ടു മുമ്പിലായി സമാധാനവും സുരക്ഷയും ഉച്ചത്തില്‍ വിളംബരപ്പെടുത്തുന്ന ദൂതന്മാരെ അദ്ദേഹം പറഞ്ഞയച്ചിരുന്നു. ദൃക്‌സാക്ഷികള്‍ പറയുന്നത്, കോപമോ അമര്‍ഷമോ അഹംബോധമോ ഒന്നും ലവലേശം ആ മുഖത്തോ ശരീര ചലനങ്ങളിലോ പ്രതിഫലിച്ചിരുന്നില്ല എന്നാണ്. താന്‍ യാത്ര ചെയ്യുന്ന പെണ്ണൊട്ടകത്തിന്റെ മുതുകില്‍ പോലും വിനയാന്വിതനായും ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചും അദ്ദേഹം സാഷ്ടാംഗം വീഴുന്നുണ്ടായിരുന്നു. പ്രവാചകനോട് അദ്ദേഹത്തിന്റെ പഴയ വീട്ടില്‍ പോയി താമസിക്കാമെന്ന് അഭ്യര്‍ഥിച്ചെങ്കിലും പുറത്താക്കപ്പെട്ടവര്‍ തിരിച്ചുവരുമ്പോള്‍ അവരുടെ മുന്‍ അവകാശങ്ങളൊക്കെ തിരിച്ചുകിട്ടുമെന്ന നിയമം ((Postlimininium right) ഇവിടെ ബാധകമാക്കേണ്ടതില്ല എന്നായിരുന്നു പ്രവാചകന്റെ നിലപാട് (ഹിജ്‌റക്കു ശേഷം പ്രവാചകന്റെ വീട് അന്യാധീനപ്പെട്ടുപോയിരുന്നല്ലോ). നമസ്‌കാരം കഴിഞ്ഞ് പ്രവാചകന്‍ ഒരേസമയം തന്റെ നാട്ടുകാരും ശത്രുക്കളുമായ നഗരവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ചോദിച്ചു: 'എന്നില്‍നിന്ന് എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?' സ്വന്തത്തെ പഴിച്ചും തലതാഴ്ത്തിയും അവര്‍ പറഞ്ഞു: 'താങ്കളൊരു മാന്യനാണ്, മാന്യനായ പിതാവിന്റെ പുത്രനാണ്.' അന്നേരം പ്രവാചകന്റെ ആ ചരിത്ര പ്രഖ്യാപനം വന്നു: 'ഇന്ന് നിങ്ങള്‍ക്കെതിരെ ഒരു പ്രതികാര നടപടിയുമില്ല. പോകൂ, നിങ്ങള്‍ സ്വതന്ത്രരാണ്.'19

ഈ വാക്കുകളുണ്ടാക്കുന്ന മനശ്ശാസ്ത്ര പ്രതികരണങ്ങളെക്കുറിച്ച് ആലോചിച്ചുനോക്കൂ. നമസ്‌കാരം തുടങ്ങുന്നതിനുള്ള മുന്നോടിയായി സാധാരണ കറുത്ത വര്‍ഗക്കാരനായ ബിലാല്‍ ബാങ്ക് വിളിക്കാറുണ്ടായിരുന്നു. ഇത്തവണ അദ്ദേഹം ബാങ്ക് വിളിച്ചത് കഅ്ബക്ക് മുകളില്‍ കയറിയാണ്. ഇതുകണ്ട് അബൂസുഫ്‌യാന്റെ അടുത്ത ബന്ധുവായ അത്താബു ബ്‌നു അസീദിന് സകല നിയന്ത്രണവും നഷ്ടപ്പെട്ടു. അദ്ദേഹം മുറുമുറുത്തു: 'ദൈവത്തിന് നന്ദി. എന്റെ പിതാവ് നേരത്തേ മരിച്ചത് എത്ര നന്നായി. ഈ മാനക്കേട് അദ്ദേഹത്തിന് കാണേണ്ടിവന്നില്ലല്ലോ.' നിമിഷങ്ങള്‍ക്കു ശേഷം പ്രവാചകന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍, ഇതേ അത്താബ് മുന്നോട്ടു വരികയും താന്‍ ഇസ്‌ലാം ആശ്ലേഷിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രവാചകന്‍ അദ്ദേഹത്തിന് എല്ലാം മാപ്പാക്കിക്കൊടുക്കുക മാത്രമല്ല, മക്കയുടെ ഗവര്‍ണറായി അദ്ദേഹത്തെ പുതുക്കി നിശ്ചയിക്കുകയും ചെയ്തു. നേരത്തേ അദ്ദേഹം ഈ പദവി വഹിക്കുന്നുണ്ടായിരുന്നു (ചിലര്‍ പറയുന്നത്, അദ്ദേഹത്തിന് ശമ്പളം ഒരു ദിവസത്തിന് ഒരു ദിര്‍ഹം ആയി പ്രവാചകന്‍ നിജപ്പെടുത്തിയിരുന്നു എന്നാണ്. 40 ഊഖിയ ആണെന്നും അഭിപ്രായമുണ്ട്. അങ്ങനെ വരുമ്പോള്‍ പ്രതിവര്‍ഷം 1600 ദിര്‍ഹം).20 അത്താബ് മാത്രമായിരുന്നില്ല ഇസ്‌ലാം സ്വീകരിച്ചത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് പ്രവാചകന്‍ ഹുനൈന്‍ യുദ്ധക്കളത്തിലേക്ക് പുറപ്പെടുമ്പോള്‍ മക്കയില്‍നിന്ന് മാത്രം രണ്ടായിരം പേരാണ് സ്വമേധയാ അദ്ദേഹത്തോടൊപ്പം സൈനിക സേവനത്തിന് അണിചേര്‍ന്നത്. നമസ്‌കാരത്തിന് നേതൃത്വം കൊടുക്കലും വിദ്യാഭ്യാസ കാര്യങ്ങള്‍ ശ്രദ്ധിക്കലുമൊക്കെ മക്കാ ഗവര്‍ണറുടെ ചുമതലകളില്‍പെട്ടിരുന്നു. ഇതിലൊക്കെ അദ്ദേഹത്തെ സഹായിക്കാനായി അബൂമൂസല്‍ അശ്അരി, മുആദു ബ്‌നു ജബല്‍ എന്നിവരെ നബി ചുമതലപ്പെടുത്തിയതായി മഖ്‌രീസി (ഇംതാഅ് ക, 432) റിപ്പോര്‍ട്ട് ചെയ്യുന്നു.

മക്കയില്‍ കടക്കുന്ന വേളയില്‍, പത്തു പേരെ എവിടെ വെച്ചു കണ്ടാലും കൊന്നുകളയണമെന്ന് പ്രവാചകന്‍ ഉത്തരവിറക്കിയിരുന്നു എന്നത് സത്യമാണ്. കാരണമവര്‍ യുദ്ധക്കുറ്റവാളികളായിരുന്നു. സിവില്‍ നിയമങ്ങളനുസരിച്ചു തന്നെ അവര്‍ വലിയ കുറ്റവാളികളാണ്. ഈ പത്തു പേരില്‍ ഒരാളെ പിടിച്ചുവെന്നും, എന്നാല്‍ മനംമാറ്റമുണ്ടായി അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചുവെന്നും കേള്‍ക്കുമ്പോള്‍ മാപ്പു കൊടുത്ത് വിട്ടയക്കാനാണ് പ്രവാചകന്‍ പറയുക. പക്ഷേ, ഇക്കൂട്ടത്തില്‍ മൂന്നു പേരെ പിടിച്ച വിവരം പ്രവാചകന്റെ അടുത്ത് എത്തുകയുണ്ടായില്ല. അവര്‍ മാത്രമാണ് വധിക്കപ്പെട്ടത്. അതിന്റെ പേരില്‍ അത്യുദാര മനഃസ്ഥിതിയുടെ ഉടമയായ പ്രവാചകനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലല്ലോ.21

ഇക്‌രിമ സംഭവം നമുക്ക് ഒരിക്കല്‍കൂടി ഓര്‍മിക്കാം. ഉഹുദ് യുദ്ധത്തില്‍ ശത്രുക്കളുടെ രണ്ട് കാലാള്‍പ്പടകളിലൊന്നിന്റെ സാരഥ്യം അദ്ദേഹത്തിനായിരുന്നു. കരാറിന്റെ ഭാഗമായി പ്രവാചകന്‍ സമാധാനദൂതുമായി മക്കയില്‍ വരുന്നതിനെപ്പോലും എതിര്‍ത്ത ആളാണ്. പ്രവാചകന്‍ മക്ക കീഴ്‌പ്പെടുത്തുന്നതോടെ ഇനി തന്റെ മുമ്പില്‍ മറ്റു വഴികളൊന്നുമില്ലെന്ന് ചിന്തിച്ച അദ്ദേഹം അബ്‌സീനിയയില്‍ അഭയം തേടുന്നതിനായി മക്കയില്‍നിന്ന് ഒളിച്ചോടി. പിന്നെയാണ് പ്രവാചകന്റെ പൊതുമാപ്പ് പ്രഖ്യാപനം ഉണ്ടാവുന്നത്. ഉടന്‍ ഇക്‌രിമയുടെ ഭാര്യ തന്റെ ഭര്‍ത്താവിനും മാപ്പു നല്‍കണമെന്ന് അഭ്യര്‍ഥിച്ച് നബിയെ കണ്ടു. ഒട്ടും അമാന്തിക്കാതെ നബി ആ ആവശ്യം അംഗീകരിച്ചു. ദിവസങ്ങള്‍ നീണ്ട യാത്രക്കു ശേഷമാണ് ആ സ്ത്രീക്ക് തന്റെ ഭര്‍ത്താവിനെ കണ്ടെത്താന്‍ കഴിഞ്ഞത്. അപ്പോള്‍ ഇക്‌രിമ യമനില്‍നിന്ന് അബ്‌സീനിയയിലേക്ക് കപ്പല്‍ കയറാന്‍ നില്‍ക്കുകയായിരുന്നു. പിന്നെ ഇക്‌രിമ ഇസ്‌ലാമിനു വേണ്ടി ചെയ്ത സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും. അബൂബക്ര്‍ സിദ്ദീഖിന്റെ ഭരണകാലത്ത് കലാപകാരികള്‍ക്കെതിരെയുള്ള യുദ്ധം നയിച്ച പ്രമുഖരിലൊരാളായിരുന്നു അദ്ദേഹം.22

പൊതുമാപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഹുദൈല്‍ ഗോത്രത്തില്‍പെട്ട ഒരാള്‍ മക്കയില്‍ വെച്ച് വധിക്കപ്പെട്ടു. പൂര്‍വ വൈരാഗ്യമായിരുന്നു കാരണം. കൊലയാളിയെ പ്രവാചകന്‍ കഠിനമായി ശാസിക്കുകയും വധിക്കപ്പെട്ടയാളിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി നൂറ് ഒട്ടകങ്ങളെ കൊടുക്കാന്‍ ഉത്തരവിടുകയും ചെയ്തു.23

ഇസ്‌ലാമിനോട് നിതാന്ത ശത്രുത പുലര്‍ത്തിയിരുന്ന ആളായിരുന്നു സ്വഫ്‌വാനുബ്‌നു ഉമയ്യ. പ്രവാചക സന്നിധിയില്‍ ചെന്ന് അദ്ദേഹം പറഞ്ഞു: 'താങ്കള്‍ എനിക്ക് മാപ്പ് നല്‍കിയ വിവരം ഞാന്‍ അറിഞ്ഞു.' 'അതേ' - പ്രവാചകന്‍ മറുപടി നല്‍കി. 'പക്ഷേ ഞാന്‍ ഇസ്‌ലാം സ്വീകരിക്കാന്‍ പോകുന്നില്ല. എനിക്ക് രണ്ട് മാസത്തെ സമയം തരണം.' 'നാലു മാസം സമയം തരാം' -പ്രവാചകന്റെ മറുപടി.24 കഅ്ബയിലേക്കുള്ള കാണിക്കയായി എഴുപതിനായിരം ഔണ്‍സ്/പൗണ്ട് സ്വര്‍ണം കണ്ടെത്തിയെങ്കിലും, അവയിലൊന്ന് സ്പര്‍ശിക്കുകപോലും ചെയ്തില്ല പ്രവാചകന്‍.25

ഇതൊക്കെ സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിന് വളരെയേറെ അയവ് വരുത്തി. ഏതാനും ദിവസം കഴിഞ്ഞ് ആരംഭിച്ച ഹുനൈന്‍ പടയോട്ടത്തില്‍ മേല്‍ പരാമര്‍ശിച്ച സ്വഫ്‌വാന്‍ നല്‍കിയത് നൂറ് പടച്ചട്ടകളാണ്.26 മാത്രവുമല്ല, സ്വഫ്‌വാനില്‍നിന്ന് അമ്പതിനായിരം ദിര്‍ഹം, ഹുവൈത്വിബു ബ്‌നു അബ്ദില്‍ ഉസ്സ, അബ്ദുല്ലാഹിബ്‌നു അബീറബീഅ എന്നിവരില്‍നിന്ന് നാല്‍പതിനായിരം ദിര്‍ഹം വീതവും പ്രവാചകന്‍ കടം വാങ്ങുകയും ഹുനൈന്‍ യുദ്ധാനന്തരം അവ തിരിച്ചുകൊടുക്കുകയുമുണ്ടായി.27 മാത്രവുമല്ല, ഹുനൈന്‍ യുദ്ധത്തില്‍ യുദ്ധമുതലായി ലഭിച്ച വലിയൊരു ആട്ടിന്‍പറ്റത്തെ നബി സ്വഫ്‌വാന് പാരിതോഷികമായും നല്‍കുകയുണ്ടായി. ഇത് അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. അന്നുതന്നെ അദ്ദേഹം ഇസ്‌ലാം പുല്‍കുകയും ചെയ്തു.28

പ്രവാചകന്റെ ഈ നിലപാടുകളാണ് പില്‍ക്കാലങ്ങളില്‍ മക്കയെ ഇസ്‌ലാമിന്റെ ശക്തിദുര്‍ഗമാക്കി മാറ്റിയത്. രണ്ടു വര്‍ഷം കഴിഞ്ഞ് പ്രവാചകവിയോഗത്തിന് ശേഷം ചില അറേബ്യന്‍ മേഖലകളില്‍ കലാപം കുത്തിയിളക്കാന്‍ ശ്രമങ്ങളുണ്ടായപ്പോള്‍ അതിനെ നേരിടാനും അടിച്ചമര്‍ത്താനും മുന്‍നിരയിലുണ്ടായിരുന്നത് മക്കയും അതിലെ നിവാസികളുമായിരുന്നു എന്നത് ഒട്ടും യാദൃഛികമല്ല.

ഇതൊക്കെയും നടക്കുന്നത് ഹിജ്‌റ എട്ടാം വര്‍ഷം റമദാന്‍ മാസം. നാം നേരത്തേ കണ്ടതുപോലെ, പ്രവാചകന്‍ മക്കയുടെ അധികാരമേല്‍പ്പിക്കുന്നത് തൊട്ടു മുമ്പ് ഇസ്‌ലാം സ്വീകരിച്ച ഒരു വ്യക്തിയെയാണ്. ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് പ്രവാചകനും അനുയായികളും മദീനയിലേക്ക് തിരിച്ചുപോകുന്നുമുണ്ട്. മദീനയില്‍നിന്ന് വന്ന ഒരാളെയും ഒരു മുന്‍കരുതല്‍ എന്ന നിലക്ക് പ്രവാചകന്‍ മക്കയില്‍ നിര്‍ത്തിയില്ല. എല്ലാം പുതുതായി ഇസ്‌ലാം സ്വീകരിച്ച മക്കക്കാരെ തന്നെ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ഹജ്ജ് സമയമായി. ആ വര്‍ഷത്തെ ഹജ്ജിന് മുസ്‌ലിംകളും ബഹുദൈവവിശ്വാസികളുമൊക്കെ എത്തിച്ചേര്‍ന്നിരുന്നു. ഈ തീര്‍ഥാടന വര്‍ഷത്തില്‍ ഇരുവിഭാഗവും അവരവരുടേതായ ആചാരങ്ങള്‍ അനുഷ്ഠിക്കുകയാണുണ്ടായതെന്ന് ചരിത്രകൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ആദ്യ കടല്‍യുദ്ധം

എത്ര പെട്ടെന്നാണ് അറബികള്‍ വഞ്ചിയെ ഒട്ടകത്തിന് പകരംവെച്ചത് എന്ന് ആരും അത്ഭുതപ്പെട്ടുപോകും. അതിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന് നോക്കാം. ഹിജ്‌റ ഒമ്പതാം വര്‍ഷം റബീഉല്‍ ആഖിര്‍ മാസത്തില്‍ കറുത്തവര്‍ഗക്കാരുടെ നിരവധി വഞ്ചികള്‍ മക്കാ തുറമുഖമായ ശുഐബ തീരത്ത് പ്രത്യക്ഷപ്പെട്ടു. പ്രവാചകന്‍ അല്‍ഖമതുബ്‌നു മുജസ്സിസ് അല്‍മുദ്‌ലിജിയുടെ നേതൃത്വത്തില്‍ മുന്നൂറംഗ സൈന്യത്തെ അവരെ നേരിടാനായി നിയോഗിച്ചു. ഈ സൈന്യം ശുഐബ തീരത്തോടടുത്തുള്ള ഒരു കൊച്ചു ദ്വീപിലെത്തി. കറുത്ത വര്‍ഗക്കാര്‍ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. സൈന്യം മദീനയിലേക്കു തന്നെ മടങ്ങി.29 യുദ്ധക്കപ്പലുകളോ അഡ്മിറലുകളോ ഒന്നും ഈ ഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. കടലിന്റെ സാധ്യതകളെയും ആദ്യം മുതലേ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിരുന്നു എന്നു കരുതിയാല്‍ മതി. എന്നു മാത്രമല്ല, ഈ സംഭവം നടക്കുന്നതിന്റെ രണ്ടു വര്‍ഷം മുമ്പ് മുഅ്ത യുദ്ധത്തില്‍ ബൈസാന്റിയന്‍ അതിര്‍ത്തിയിലേക്ക് നബി ഒരു ചെറിയ സൈനിക വ്യൂഹത്തെ കടല്‍മാര്‍ഗം അയച്ചിരുന്നു.30

(തുടരും)

 

കുറിപ്പുകള്‍

1. ഇബ്‌നുഹിശാം, പേ: 75

2. അതേ പുസ്തകം 788-9

3. അതേ പുസ്തകം, പേ: 716-8

4. അതേ പുസ്തകം, പേ: 740

5. അതേ പുസ്തകം, പേ: 806

6. അതേ പുസ്തകം, പേ: 807

7. മഖ്‌രീസി I, 358

8. അബൂയുസുഫ്, അല്‍ഖറാജ്, പേ: 131

9. മഖ്‌രീസി I, 361

10. ഇബ്‌നുഹിശാം, പേ: 809

11. എന്റെ My Battlefields.. പേ: 157-177

12. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനായി മക്കക്കാര്‍ അറിയുന്നതിനു മുമ്പ് മക്കയിലെത്തണം എന്നതായിരുന്നു പ്രവാചകന്റെ തന്ത്രം. അതിനാലാണ് മദീനയില്‍നിന്ന് ആരും പുറത്തുപോകരുതെന്ന് വിലക്കിയത്. പടയൊരുക്കത്തെക്കുറിച്ച ഒരു സൂചനയും മക്കക്കാര്‍ക്ക് ലഭിക്കരുത്. അതിനാല്‍ മക്കയുടെ പ്രാന്തപ്രദേശമായ മര്‍റുസ്സഹ്‌റാനില്‍ എത്തുന്നതുവരെ പ്രമുഖ സ്വഹാബിമാര്‍ക്കു വരെ തങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല (ത്വബരി I, 1630). ഓരോ ഗോത്ര സൈന്യത്തോടും അതത് പ്രദേശങ്ങളില്‍ കാത്തിരിക്കാന്‍ പറഞ്ഞതും അതുകൊണ്ടുതന്നെ. 'സുലൈം ഗോത്രത്തോട് മദീനയില്‍ വരാന്‍ നബി ആവശ്യപ്പെട്ടു' എന്ന് വാഖിദി (മഗാസി അധ്യായത്തില്‍ 'മക്കാവിജയം' എന്ന ഭാഗം) എഴുതിയിട്ടുണ്ടെങ്കിലും, യഅ്ഖൂബിയുടെ വിവരണമാണ് (II, 58-59) സ്വീകാര്യയോഗ്യമായി തോന്നുന്നത്. യഅ്ഖൂബി പറയുന്നത്, ഗോത്രമുഖ്യന്മാരോട് മാത്രമാണ് മദീനയിലേക്ക് വരാന്‍ പറഞ്ഞത് എന്നാണ്. ഓരോരുത്തരും തങ്ങളുടെ സൈന്യവുമായി അതത് പ്രദേശങ്ങളില്‍ നില്‍ക്കണമെന്ന് രഹസ്യമായി അവരോട് പറയുകയായിരുന്നു. സമയമാകുമ്പോള്‍ നിശ്ചിത സ്ഥാനത്ത് പ്രവാചകനും സൈന്യവും എത്തും. അപ്പോള്‍ അവരോടൊപ്പം ചേര്‍ന്നാല്‍ മതി. ഇങ്ങനെ പലയിടങ്ങളില്‍ ഗോത്രസൈന്യങ്ങള്‍ ഒരുങ്ങിനില്‍ക്കുന്നതിനാല്‍ അവരെയൊക്കെ ഒപ്പം കൂട്ടുന്നതിനായി വളഞ്ഞ വഴിയിലൂടെ പല ദിക്കിലേക്കുമായി യാത്ര. ദിശ നിരന്തരം മാറിക്കൊണ്ടിരുന്നു. ചിലപ്പോള്‍ തെക്കോട്ട്, ചിലപ്പോള്‍ വടക്കോട്ട്, ചിലപ്പോള്‍ കിഴക്കോട്ട്, ചിലപ്പോള്‍ പടിഞ്ഞാറോട്ട്. ഓരോ സ്ഥലത്തുനിന്നും പുതിയ സൈനിക വിംഗുകള്‍ ഒപ്പം ചേര്‍ന്നുകൊണ്ടുമിരുന്നു. അവര്‍ക്കും അറിയുമായിരുന്നില്ല എങ്ങോട്ടാണ് പോകുന്നതെന്ന്. കുറേ വളഞ്ഞു ചുറ്റിയ ശേഷം എത്തുന്നത് വടക്കു-പടിഞ്ഞാറന്‍ മദീനയിലെ ബത്വ്ന്‍ ഇദാം എന്ന സ്ഥലത്ത്. ആശയക്കുഴപ്പമുണ്ടാക്കുക തന്നെയാവണം ഈ ചുറ്റിത്തിരിയലിന്റെ ഒരു ഉദ്ദേശ്യം. മക്കക്കാര്‍ക്ക് തന്റെ നീക്കങ്ങളെക്കുറിച്ച് ഒരു വിവരവും ലഭിക്കരുതെന്നും അങ്ങനെയവര്‍ യുദ്ധത്തിന് ഒരുങ്ങരുതെന്നും പ്രവാചകന് നിര്‍ബന്ധമുണ്ടായിരുന്നു.

ഇതെല്ലാം വെച്ച് പരിശോധിച്ചാല്‍ മുസദ്ദദിന്റെ വിവരണം (ഇബ്‌നു ഹജര്‍ മത്വാലിബില്‍- No. 4361 ഉദ്ധരിച്ചത്) ഒട്ടും യുക്തിസഹമല്ലെന്ന് വ്യക്തമാകും. മുസദ്ദദ് എഴുതുന്നു: 'ബനൂബക്‌റു(അഹാബീശ്)മായുള്ള കരാര്‍ തള്ളിപ്പറയണമെന്ന് ഖുറൈശികളോട് പ്രവാചകന്‍ കത്ത് മുഖേന ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ആ ഗോത്രക്കാര്‍ ഖുസാഅ ഗോത്രക്കാരെ കൊന്നതിനും മറ്റും നഷ്ടപരിഹാരം നല്‍കണം. രണ്ടും സ്വീകാര്യമല്ലെങ്കില്‍ താന്‍ യുദ്ധപ്രഖ്യാപനം നടത്തുമെന്നും പ്രവാചകന്‍ എഴുതി. അവര്‍ പ്രവാചകന്റെ ആവശ്യങ്ങള്‍ തള്ളുകയും യുദ്ധത്തിന് ഒരുങ്ങുകയും ചെയ്തു.'

13. സര്‍കശി, ശറഹു സിയറില്‍കബീര്‍ ക, 125, ത്വബരി I, 1637

14. ഇബ്‌നു ഹമ്പല്‍, II, 179 (ചീ. 6681)

15. ബുഖാരി 60:8, No. 3-4, 60:11 No. 4:64:48. ഇബ്‌റാഹീം, ഇസ്മാഈല്‍ പ്രവാചകന്മാരുടെ ചിത്രങ്ങള്‍ കഅ്ബക്കുള്ളില്‍ വരച്ചുവെച്ചിരുന്നു എന്നത്, ഇരുവരെക്കുറിച്ചും അജ്ഞാത കാലത്തെ അറബികള്‍ക്ക് നല്ലപോലെ അറിവുണ്ടായിരുന്നു എന്നതിന് തെളിവാണ്.

16. ബുഖാരി 60:11 No. 34

17. അസ്‌റഖി, അഖ്ബാര്‍ മക്ക, പേ: 113

18. മഖ്‌രീസി I, 385

19. ഇബ്‌നു ഹിശാം പേ: 871

20. സുഹൈലി II, 276, ഇബ്‌നു ഹിശാം പേ: 887

21. ഇബ്‌നു ഹിശാം പേ: 818

22. അതേ പുസ്തകം പേ: 819

23. അതേ പുസ്തകം പേ: 823-4

24. അതേ പുസ്തകം പേ: 826

25. അസ്‌റഖി പേ: 170-171

26. ബലാദുരി I, 758

27. ബലാദുരി I, 758

28. ബലാദുരി I, 758

29. ഇബ്‌നു സഅ്ദ് I/11, പേ: 188, മഖ്‌രീസി I, 443

30. ഇബ്‌നു അസാകിര്‍, താരീഖ് ദിമശ്ഖ് I, 394.

 

Comments

Other Post

ഹദീസ്‌

ശവം തീനികള്‍
എസ്സെംകെ

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (43-44)
എ.വൈ.ആര്‍