Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 08

3029

1439 റബീഉല്‍ അവ്വല്‍ 19

മതം, യുക്തിചിന്ത, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം

ഡോ. വൈ. ശ്രീനിവാസ റാവു

തകര്‍ന്നു നാമാവശേഷമാകുന്നതിനരികെയാണ് ഇന്ന് രാജ്യത്തെ സംസ്‌കൃത സമൂഹം. സവിശേഷ സാംസ്‌കാരിക മുദ്രകളായി കാലങ്ങള്‍കൊണ്ട് പേരിനെങ്കിലും ഈ സമൂഹം ആര്‍ജിച്ചെടുത്ത മാനവ ദര്‍ശനം, സാര്‍വ ലൗകികത, യുക്തിചിന്ത എന്നിവയെല്ലാം വ്യര്‍ഥമെന്നു വന്നിരിക്കുന്നു. ആചാരബദ്ധമെങ്കില്‍ സംസ്‌കാരസമ്പന്നമായി എന്നതാണ് പുതിയകാല വായന. മറ്റെല്ലാം അനാവശ്യവും അരികിലേക്കു മാറ്റിനിര്‍ത്തപ്പെടേണ്ടതുമായിരിക്കുന്നു. എന്താകും ഭാരതീയ സമൂഹത്തിലെ ഈ നിലപാടുമാറ്റത്തിനു പിന്നില്‍? നീണ്ട ഏഴു പതിറ്റാണ്ട് മതേതര സമൂഹമായി നിലകൊണ്ടവര്‍ ഇനിയും മതേതരമായി തുടരേണ്ടതില്ലെന്നും പകരം മതാധിഷ്ഠിതമാകാമെന്നും തീരുമാനമെടുത്തതിനു പിന്നില്‍ വിശ്വാസമോ വൈകാരികതയോ ഒട്ടുമില്ല. പകരം, ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയ മോഹങ്ങള്‍ മാത്രം. 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മതം ഒരു രാഷ്ട്രീയ ശക്തിയായി തിരിച്ചുവരുന്നത് ഇന്ത്യന്‍ സമൂഹത്തെ ഏകമതാധിഷ്ഠിതമായി പരിവര്‍ത്തിപ്പിക്കാന്‍ വലിയ സമ്മര്‍ദമാണ് ചെലുത്തുന്നത്. എല്ലാ മതങ്ങളും ഈ പ്രവണതയില്‍ പങ്കാളിയല്ല. ഏറ്റവുമൊടുവില്‍ ഈ പതിറ്റാണ്ടോടെ മതവും ഭരണകൂടവും തമ്മിലെ പരിണയം കൂടി സംഭവിച്ചിരിക്കുന്നു. പക്ഷേ, മതമെന്ന നിലക്കുള്ള ഹിന്ദു വിശ്വാസവും വര്‍ഗീയ രാഷ്ട്രീയ ദര്‍ശനമായ ഹിന്ദുത്വയും തമ്മില്‍ വലിയ അന്തരമുണ്ട്. രണ്ടും തമ്മില്‍ പരസ്പര വിനിമയം സംഭവിക്കുന്നുണ്ടെങ്കിലും ആത്മീയ ഉല്‍ക്കര്‍ഷം ലക്ഷ്യമാക്കുന്ന ഹിന്ദുദര്‍ശനത്തിന് നിലനില്‍ക്കാന്‍ ഹിന്ദുത്വ ഒരു ആവശ്യമേയല്ല. മറിച്ച്, ഹിന്ദുത്വയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ ഹിന്ദുമതം ഇല്ലാതെ തരമില്ല. യഥാര്‍ഥ ഹിന്ദുവിശ്വാസവും ഹിന്ദുത്വയും തമ്മിലെ അതിരുകള്‍ മങ്ങുന്നത് ഇവിടെയാണ്. ഹിന്ദുത്വയുടെ തിരിച്ചുവരവ് രാജ്യത്ത് സാമുദായിക വിശ്വാസങ്ങളെ ഒരിക്കല്‍ കൂടി പോര്‍മുഖത്ത് അണിനിരത്തുന്നതും അതുകൊണ്ടാണ്. മതാധിഷ്ഠിത അടിത്തറകളില്‍ രൂപമെടുത്ത പാര്‍ട്ടികള്‍ മാത്രമല്ല, മതേതരമായവ പോലും അങ്ങനെ പുതിയ സംഘര്‍ഷത്തിന്റെ ഭാഗവുമാകുന്നു. 

വര്‍ഗീയത ഇത്രയേറെ മേല്‍ക്കൈ നേടിയതോടെയാണ് രാഷ്ട്രീയ കക്ഷികള്‍ യുക്തിക്കു പകരം മത വിശ്വാസങ്ങളെ കൂട്ടുപിടിക്കാമെന്ന ഒത്തുതീര്‍പ്പിലേക്കു വന്നത്. മതത്തെ മുന്നില്‍ നിര്‍ത്തുന്നതിന്റെ തോതും അളവും പാര്‍ട്ടികള്‍ തോറും വ്യത്യാസപ്പെടുന്നുണ്ടാകാം. അതേസമയം, ഭരിക്കുന്നവരോ പ്രതിപക്ഷമോ ആകട്ടെ, ഒരു കക്ഷിയും ഇതില്‍നിന്ന് സമ്പൂര്‍ണമായി അകന്നുനില്‍ക്കുന്നില്ല. മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി രൂപമെടുത്ത രാഷ്ട്രീയ കക്ഷികളുണ്ട്. അവക്കുപോലും മതേതരമായി നിലകൊണ്ട് മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാം. മതേതര, ബഹുസ്വര, ജനാധിപത്യ സമൂഹത്തിന്റെ സേവകരായി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നതോടെ ഓരോ വ്യക്തിയും മതത്തിന്റെ പ്രചാരകനാകുന്നത് അവസാനിപ്പിക്കണം. പൊതുവേദികളില്‍ ആചാരങ്ങളുടെ പിറകെ പോകുന്നതും മതചിഹ്നങ്ങളുടെ വക്താവാകുന്നതും നിര്‍ത്തണം. ഇന്ത്യയിലോ പുറത്തോ ആകട്ടെ, രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയാകുന്നതോടെ അവന്‍ എല്ലാ അര്‍ഥത്തിലും പൊതുമണ്ഡലത്തില്‍ മാത്രമാകണം. ഭരണഘടന അനുശാസിക്കുന്നതും പ്രായോഗിക ബുദ്ധി പറയുന്നതും അങ്ങനെയാണെങ്കിലും നിലവിലെ രാഷ്ട്രീയ നേതാക്കളില്‍ പലരും അങ്ങനെയല്ല. ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയോട് സ്വന്തം മണ്ഡലത്തിലെ മുസ്‌ലിമിനും തിരിച്ചും തോന്നുന്ന വിശ്വാസക്കുറവ് ഉദാഹരണം. നേതാവ് പ്രവര്‍ത്തിച്ചുകാണിക്കുന്നതിനനുസരിച്ചാകും ഈ ധാരണ മാറുന്നതും പഴയത് രൂഢമാകുന്നതും. 

തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിലെ ഓരോ പൗരനും ജനപ്രതിനിധി തുല്യനായിരിക്കണം. പക്ഷേ, അങ്ങനെയാകുമെന്ന് ഒരുറപ്പുമില്ല. മതത്തിന്റെ വക്താവായല്ല വോട്ടുനേടിയതെന്നും പ്രത്യേക മതസമൂഹത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും ഉത്തമ ബോധ്യമുണ്ടായിട്ടും ഇതര സമൂഹങ്ങളെ കുറിച്ച്  ബോധപൂര്‍വം വെറുപ്പിന്റെ പ്രചാരകരായി ഇവര്‍ തരംതാഴുന്നതിന് എത്രയെങ്കിലും രാജ്യത്ത് തെളിവുകളുണ്ട്. തദ്ദേശ പഞ്ചായത്തുകള്‍ മുതല്‍ പ്രധാനമന്ത്രി പദത്തിലേക്കു വരെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ മാതൃകകള്‍ നിരവധി. ഇവരെ അയോഗ്യരായി പ്രഖ്യാപിക്കാനും രാജ്യത്തിന്റെ നിയമമനുസരിച്ച് ശിക്ഷ നല്‍കാനും വകുപ്പുകള്‍ നിലവിലുണ്ട്. ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും, കോണ്‍ഗ്രസും പ്രാദേശിക കക്ഷികളും അധികാരത്തിലുള്ള ചിലയിടങ്ങളിലും സര്‍ക്കാറുകളും തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരും ചില സാമുദായിക നേതാക്കളും ഒരുപോലെ വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന്റെ ശീലം പേറുന്നവരാണ്. സര്‍ക്കാറുകള്‍ നോക്കുകുത്തികളാകുമ്പോള്‍ രാഷ്ട്രീയക്കാര്‍ വിഷം വമിക്കുകയും താഴെത്തട്ടില്‍ അണികള്‍ അതിലേറെ ഗുരുതരമായ ഹിംസകളിലേക്ക് തിരിയുകയും ചെയ്യുന്നു. ഇതിന്റെ പേരില്‍ ശിക്ഷ വിധിക്കപ്പെട്ടവര്‍ എല്ലാ തലങ്ങളിലുമുണ്ട്. മോശം പറയേണ്ടവര്‍ ഇവരെ (ഭൂരിപക്ഷ) സമൂഹത്തിന്റെ നന്മക്കായി പ്രയത്‌നിക്കുന്നവരെന്നു വാഴ്ത്തുന്നു. നരേന്ദ്ര ധബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് കൊലപാതകങ്ങളില്‍ പങ്ക് സംശയിക്കുന്ന സനാതന്‍ സന്‍സ്തയെ പ്രധാനമന്ത്രി വാഴ്ത്തിയത് ഉദാഹരണം. മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകത്തില്‍ പങ്കുള്ള 15 പേര്‍ക്ക് ദേശീയ താപവൈദ്യുതി കോര്‍പറേഷന്‍ ജോലി വാഗ്ദാനം ചെയ്തത് മറ്റൊന്ന്. ഭരണകൂട പിന്തുണയോടെയുള്ള കുറ്റകൃത്യങ്ങളാണിവ. കുറ്റവാളികള്‍ക്ക് സംരക്ഷണവും സഹതാപവും നല്‍കുന്നതാണ് ഭരണകൂടമെങ്കില്‍ നിയമവാഴ്ച അവിടെ പ്രതീക്ഷിക്കാനാവില്ല. 

മതവികാരവും ആവേശവും ഭരണത്തിന് ആധാരമാകുന്നേടത്തോളം യുക്തിയും ന്യായവും ശത്രുവായേ പരിഗണിക്കപ്പെടൂ. അവസാന രണ്ടു പതിറ്റാണ്ടുകളില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വന്ന തീവ്ര വലതുപക്ഷ ഭരണകൂടങ്ങളും 1947 മുതല്‍ 2014 വരെ കേന്ദ്രത്തിലും മുമ്പും പിന്നെയുമായി സംസ്ഥാനങ്ങളിലും  നിലനിന്ന മതേതര ഭരണകൂടങ്ങളും തമ്മിലെ വ്യത്യാസം, ഒന്ന് മതമൗലികവാദത്തെ രാഷ്ട്രീയ ആവശ്യമാക്കി മാറ്റുമ്പോള്‍ രണ്ടാമത്തേത് ഭരണഘടനയോട് പരമാവധി ഒട്ടിനില്‍ക്കാന്‍ ശ്രമിച്ചുവെന്നതാണ്. എന്നുവെച്ച്, മതത്തോട് അകല്‍ച്ച കാണിക്കുന്നവയായിട്ടില്ല ആരും. അങ്കക്കളരിയില്‍ നില ഭദ്രമാക്കാന്‍ മതേതര കക്ഷികളും പതിയെ മതത്തെ ഉപയോഗിക്കുകയോ വര്‍ഗീയ കക്ഷികളെ കൂട്ടുപിടിക്കുകയോ ചെയ്തു തുടങ്ങും. വര്‍ഗീയതക്കു മുന്നില്‍ അവരും വീണുപോയെന്നോ എല്ലാം അതിജയിച്ച് അവ മതേതരമായി തുടരുമെന്നോ ഇതിന് അര്‍ഥമില്ല. 

ഇന്ത്യയില്‍, മതേതര ഭരണാധികാരികളില്‍ ഏറെയും വിശ്വാസികളായ ഹിന്ദുക്കളായിരുന്നു. അവരൊന്നും ഫാഷിസ്റ്റ് ആശയങ്ങളെ പുല്‍കിയതേയില്ല. മതപരമായ ആചാരങ്ങളെ പിന്തുണച്ചും പൊതുവേദികളില്‍ അവ അനുഷ്ഠിച്ചും നിലകൊണ്ട ഭക്തരായ ഭരണാധികാരികള്‍ നയിച്ച മതേതര ഭരണകൂടങ്ങള്‍. രണ്ടുണ്ട് ഇതുകൊണ്ട് കാര്യം. ഭൂരിപക്ഷ സമൂഹത്തിന്റെ പൊതുവികാരത്തോട് താദാത്മ്യപ്പെടുമ്പോള്‍ അവര്‍ തിരിച്ചുനല്‍കുന്ന വിശ്വാസം. ഭരണകൂടവും അതിന്റെ വിഭവങ്ങളും സ്വന്തം മതവിശ്വാസങ്ങളെ കൂടി സഫലമാക്കാന്‍ പ്രയോജനപ്പെടല്‍. തന്റെ വ്യക്തിപരമായ മതവിശ്വാസത്തിന് ഗുണം ലഭിക്കുന്നതോടൊപ്പം ഹിന്ദുവിശ്വാസത്തിനും ഇതിന്റെ പ്രയോജനമുണ്ടാകുന്നു. രാജ്യം ഒരു അപ്രഖ്യാപിത ഹിന്ദു രാജ്യമായതിനാല്‍ പ്രീണനം ഇവിടെ രാഷ്ട്രീയ ആയുധമെന്ന നിലക്ക് അപ്രസക്തവുമാകും. ഹിന്ദുവിശ്വാസികള്‍ ഭൂരിപക്ഷമുള്ള രാജ്യത്ത് ഭരണാധികാരിയും ഭൂരിപക്ഷ സമുദായക്കാരനാകുന്നതു തന്നെ ധാരാളം. മാത്രവുമല്ല, വിശ്വാസം മുറുകെപിടിക്കുന്ന ഭരണാധികാരി മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടക്കുന്നുവെന്നു ഉറപ്പാക്കാന്‍ ഭരണകൂട സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുമ്പോള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കൊപ്പം പൗരന്മാരുടെ ശാന്തിയും സമാധാനവും കൂടി അജണ്ടയായി മുന്നോട്ടുവെക്കുന്നു. 

പിടിച്ചുകെട്ടാനാവാത്ത ശക്തിയായി വര്‍ഗീയ ഭൂരിപക്ഷ വാദം മാറുന്നതോടെ വര്‍ഗീയ/മതേതര ഭരണാധികാരികള്‍ ഒരുപോലെ യുക്തിയും ന്യായവും മാറ്റിവെച്ച് മതവികാരങ്ങളെ പ്രീണിപ്പിക്കുന്നതിലേക്കു നയം മാറ്റും. അനുകൂല സാഹചര്യം മുതലെടുത്ത് ഭൂരിപക്ഷ സമൂഹം രാജ്യത്തിന്റെ മതത്തെ പുനഃസംരചിക്കുകയും ചെയ്യും. ബഹുമുഖ സമൂഹത്തിന്റെ ആരോഗ്യപരമായ സുസ്ഥിതിക്ക് മികച്ചതെന്ന് ഉറപ്പുള്ള ആശയധാരകളായ മതേതരത്വം, സാര്‍വലൗകിക വാദം, മാനവികത, യുക്തിചിന്ത തുടങ്ങിയവയൊന്നും പിന്നെ നിലനില്‍ക്കില്ല. ഏകശിലാ സമൂഹത്തിനു മാത്രമായുള്ള സംസ്‌കാരമായതിനാല്‍ തീവ്രവലതുപക്ഷത്തിന് ബഹുമുഖ സമൂഹത്തോട് സംവദിക്കേണ്ടതായും വരുന്നില്ല. പുരാതന, മധ്യകാലങ്ങളില്‍നിന്ന് കടമെടുത്ത ഇവ സമകാലികമാവില്ലെന്നതു തന്നെ സത്യം.

പുതിയ കാല ഇന്ത്യയെ ഭരിക്കുന്ന 'ദര്‍ശനങ്ങളി'ലൂടെ കണ്ണോടിച്ചാലറിയാം സര്‍ക്കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നത് വര്‍ഗീയത, കുത്തക മുതലാളിത്തം, ഭൂരിപക്ഷ വാദം, ആത്മീയ വാദം, അന്ധ വിശ്വാസങ്ങള്‍ തുടങ്ങിയവയെ ആണെന്ന്. ഇവയൊന്നും ശാസ്ത്രീയ യുക്തിചിന്ത, സാമൂഹിക യുക്തിചിന്ത എന്നിവക്കു മുന്നില്‍ പിടിച്ചുനില്‍ക്കുന്നതല്ല. എന്നല്ല, ആധുനിക കാലത്ത് ഏതു തരം സമൂഹത്തിനും ഇവ ദ്രോഹകരവുമാണ്. പക്ഷേ, നമ്മെ കുതൂഹലപ്പെടുത്തുന്നത്, മികച്ച തത്ത്വചിന്തകളെയും പ്രത്യയശാസ്ത്രങ്ങളെയും മുറുകെപ്പിടിച്ച ആധുനിക സമൂഹം തന്നെ തീവ്രവലതുപക്ഷം പ്രബലമാകുന്നതോടെ നിഷേധാത്മക ദര്‍ശനങ്ങളുടെയും വക്താക്കളായി വേഷമിടുന്നുവെന്നതാണ്. പക്ഷേ, ദേശീയ-  അന്തര്‍ദേശീയ തലങ്ങളില്‍ ഒരുപോലെ ആധുനിക സമൂഹങ്ങള്‍ക്കകത്ത് ഇത്തരം ശക്തികളെ ചെറുത്തുനില്‍ക്കാനുളള അന്തര്‍ധാര നിലനില്‍ക്കുന്നുവെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലും അമേരിക്കയിലും നിലവില്‍ നാം കാണുന്നത് മറിച്ചാണെങ്കിലും.

അതല്ല, മതത്തിന്റെ ദുരുപയോഗത്തോട് രാജിയാകാതെ ചെറുത്തുനില്‍ക്കാന്‍ ആധുനിക സമൂഹങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് നാം ധരിച്ചുവശായതാകുമോ? ഇതും ശരിയായിക്കൂടായ്കയില്ല. രണ്ടു നൂറ്റാണ്ടായി ഒരു സാംസ്‌കാരിക പരിണാമത്തിലേക്കു ചുവടുവെക്കുകയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന പേര് സ്വന്തമാക്കുകയും ചെയ്തിട്ടും അനായാസം വര്‍ഗീയ ശക്തികള്‍ക്കു മുന്നില്‍ നാം വീണുപോകുന്നുവെങ്കില്‍ രാജ്യം കൈവരിച്ച ആധുനികത പുനഃപരിശോധന തേടുന്നുണ്ട്. മധ്യകാല നവോത്ഥാനം നല്‍കിയ യുക്തിയും യാഥാര്‍ഥ്യബോധവും മാനവികതയുമൊക്കെയാണ് വലിയതെന്ന് വിശ്വസിക്കുമ്പോഴും ആഗോള സമൂഹത്തിനുള്ളില്‍ തിരിച്ചൊരു ശക്തി നിലനില്‍ക്കുന്നുവെന്ന് തോന്നുന്നു. ലോകത്തൊരിടത്തെങ്കിലും ഇവ മുന്നോട്ടുവെച്ച സമ്പൂര്‍ണ പരിവര്‍ത്തനം സംഭവിച്ചിട്ടില്ലല്ലോ. യുക്തിഭദ്രമെന്ന് നാം വിശ്വസിക്കുന്ന സമൂഹങ്ങളില്‍ പോലും യുക്തികവും അയുക്തികവുമായ മനസ്സുകള്‍ സമ്മിശ്രമായി പുലര്‍ന്നുപോരുന്നുണ്ട്. ഇന്ത്യയും യു.എസും ഇതില്‍ അപവാദമല്ല. യുക്തിയെ പരിണയിച്ച സമൂഹങ്ങള്‍ അങ്ങനെയല്ലാത്തവര്‍ ഇല്ലാതെയാകണമെന്നും കൊതിക്കാറില്ല. ഫ്രഡറിക് നീഷെ ദൈവത്തിന്റെ അന്ത്യം പ്രഖ്യാപിച്ചെങ്കിലും മതമോ ദൈവമോ അതോടെ അവസാനിച്ചുവെന്ന് അര്‍ഥമില്ലല്ലോ. അവശരും പീഡിതരും ആശയറ്റവരുമായ സമൂഹങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ദൈവവിശ്വാസവും നിലനില്‍ക്കും. അദൃശ്യമായ ഒരു ഗൂഢാലോചനയാകാം, സമ്പന്നരും കുത്തക മുതലാളിമാരും മതസ്ഥാപനങ്ങളും ബുദ്ധിജീവി വര്‍ഗവും ഒരുപോലെ പാവപ്പെട്ടവന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഒട്ടുമിക്ക മതങ്ങളും സാമൂഹിക സ്ഥാപനങ്ങളും സര്‍ക്കാറുകളും അധികാര സംവിധാനങ്ങളും ആള്‍ക്കൂട്ടത്തെ നിരക്ഷരരായും നിലനിര്‍ത്തുന്നു. വിധേയരായ, ചിന്താശേഷിയില്ലാത്ത, ഒന്നും ചോദ്യം ചെയ്യാത്ത ജന്മങ്ങള്‍. ഈ ദൗത്യത്തില്‍ എത്ര അയുക്തികമെന്നു വിളിക്കാവുന്ന മതവും യുക്തിയോടെ കാര്യങ്ങള്‍ നീക്കുന്നു. ചിന്തിച്ചുശീലിക്കാത്തവന്‍ ചിന്ത പ്രയോജനപ്പെടുത്തുമ്പോഴാണ് വിപ്ലവം ജന്മമെടുക്കുന്നത്. അതിനാല്‍, സ്വന്തം രാജ്യത്തെ ജനം അജ്ഞരായി നിലനില്‍ക്കേത് സര്‍ക്കാറുകള്‍ക്ക് ആവശ്യമാണ്. 

 

അന്ധവിശ്വാസം ഒരു ഭരണകൂട ഉപകരണം

പുരാതന ഇന്ത്യയിലെ ശാസ്ത്ര, തത്ത്വചിന്താ ചരിത്രത്തില്‍ വിദഗ്ധനായ ദേബിപ്രസാദ് ഛതോപധ്യായ അന്ധവിശ്വാസം നിര്‍വഹിക്കുന്ന സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ദൗത്യങ്ങള്‍ വിവരിക്കുന്നിടത്ത്, ഭരണകൂടങ്ങള്‍ എങ്ങനെ ശാസ്ത്രത്തിനു പകരം അന്ധവിശ്വാസങ്ങളെ അടിച്ചേല്‍പിക്കുന്നുവെന്ന് പ്ലാറ്റോയുടെ റിപ്പബ്ലിക് ഉദ്ധരിച്ച് വിശദീകരിക്കുന്നുണ്ട്. പ്ലാറ്റോയുടെ ദര്‍ശനത്തില്‍ അന്ധവിശ്വാസത്തിലധിഷ്ഠിതമായ സമൂഹത്തില്‍ സൈന്യവും പോലീസും ആവശ്യമായി വരില്ല. അടിമകളുടെ സുരക്ഷ മാത്രമാണ് ആശങ്ക. 'അടിമ യുക്തിചിന്തയുള്ള അസ്തിത്വം പോലുമല്ലെന്നും ഉടമ മാത്രമാണ് ചിന്തിക്കുന്നതെ'ന്നും ശാസ്ത്ര ചരിത്രകാരനായ ഫാരിങ്ടണ്‍ ഉദ്ധരിക്കുന്നു. പ്ലാറ്റോയുടെ സമൂഹം മൂന്ന് വിഭാഗമാണ്. ഭരണവര്‍ഗം, അവരെ സഹായിക്കുന്ന സൈന്യം, അടിമകള്‍ എന്നിവയാണിവ. അടിമകളെ നിയന്ത്രിക്കലാണ് സൈന്യത്തിന്റെ ദൗത്യം. വലിയ ശേഷിയുള്ള സൈന്യത്തെ നിലനിര്‍ത്തുന്നത് ക്ലേശകരമായതിനാല്‍ പകരം സംവിധാനമാലോചിച്ച അദ്ദേഹം ഈജിപ്തില്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് സൈനികരുടെ എണ്ണം കുറച്ചിരുന്നതായി കണ്ടെത്തി. പുതിയ തലമുറയില്‍ നിരന്തരം കള്ളങ്ങള്‍ പ്രചരിപ്പിപ്പിച്ചാണ് ഇങ്ങനെ സമൂഹത്തെ അപനിര്‍മിച്ചതെന്ന് പ്ലാറ്റോയെ ഉദ്ധരിച്ച് ഛതോപധ്യായ പറയുന്നുണ്ട്. ഈജിപ്തിലെ മാതൃക അതേ പടി ഗ്രീസില്‍ പുനരാനയിക്കല്‍ ദുഃസാധ്യമാണെന്ന് പ്ലാറ്റോ തിരിച്ചറിഞ്ഞു. അതോടെ, തന്റെ പില്‍ക്കാല രചനയായ 'സോഫിസ്റ്റി'ല്‍ അന്ധവിശ്വാസങ്ങളുടെ തമ്പുരാന്മാരായ ദൈവങ്ങളെയും അവരുടെ വിശ്വസ്തരായ 'ഗെയിന്റ്‌സി'നെയും അവതരിപ്പിച്ചു. 

പ്ലാറ്റോയുടെ രാഷ്ട്രീയ സിദ്ധാന്തം പോലെ, ഇന്ത്യയിലും നിയമസംഹിതകള്‍ക്കു രൂപം നല്‍കിയവര്‍ യാഥാര്‍ഥ്യം മറന്ന ഒരു സാമൂഹിക സംവിധാനം അവതരിപ്പിച്ചു. അവരാഗ്രഹിക്കുന്ന മാതൃകാ സമൂഹമായിരുന്നു അവര്‍ വരച്ചിട്ടത്. ഉത്തരേന്ത്യയില്‍ ഇതനുസരിച്ച് ഒരു വിഭാഗം രൂപപ്പെട്ടുവരുന്നുണ്ട്. അതിന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ ഇവയാണ്: 1. അധികാരശ്രേണീബദ്ധമായത്. 2. ബ്രാഹ്മണരില്‍നിന്ന് കടമെടുത്ത സാമൂഹിക ആചാരങ്ങള്‍. 3. നിയമസംഹിത വക്താക്കള്‍ മുന്നോട്ടുവെച്ച സാമൂഹിക ചട്ടങ്ങള്‍ അതേ പടി നിലനിര്‍ത്തല്‍. ഈ മാതൃകാ സമൂഹത്തില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍ എന്നിവര്‍ മുതല്‍ വൈശ്യര്‍ വരെയുള്ളവര്‍ക്ക് അവകാശങ്ങള്‍ പതിച്ചുനല്‍കുമ്പോള്‍ പണിയെടുക്കുന്ന പാവം മഹാഭൂരിപക്ഷത്തിന് അടിമത്തം മാത്രം വിധിക്കുന്നു. ഇത് നിലനില്‍ക്കാന്‍ സ്വതന്ത്ര ചിന്തയെ ശത്രുവായി പ്രഖ്യാപിക്കുക സ്വാഭാവികം. 

ഭരണവര്‍ഗത്തിന് ശാസ്ത്രത്തോടുള്ള ശത്രുത കുത്തക മുതലാളിത്തത്തിന്റെ വരവോടെ ലഘൂകരിക്കപ്പെട്ടുവെന്നത് നേരാണ്. പക്ഷേ, കുത്തക മുതലാളിമാര്‍ ഭരണവര്‍ഗമാകുമ്പോള്‍, സ്വതന്ത്രചിന്തയെ പരമാവധി നിരുത്സാഹപ്പെടുത്തിയിരുന്നതായാണ് ചരിത്രം. കുത്തക മുതലാളിമാരായ ഭരണവര്‍ഗമോ  ഗലീലിയോയുടെ പിന്മുറക്കാരായ ആധുനികരോ ഒരുപോലെ സമ്പൂര്‍ണമായി യുക്തിയെ പുല്‍കിയവരല്ല. ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ കുരിശുയുദ്ധം നയിച്ചവര്‍ക്ക് എക്കാലത്തും കടുത്ത എതിര്‍പ്പുകള്‍ നേരിടേിവന്നിട്ടു്. കോണ്‍ഗ്രസിന്റെയോ മറ്റു പ്രാദേശിക പാര്‍ട്ടികളുടെയോ ആശയസംഹിതകള്‍ക്ക് ഇവര്‍ ശത്രുക്കളാകുന്നില്ലെങ്കിലും ബി.ജെ.പി പോലുള്ള തീവ്രവലതുപക്ഷത്തിന് അവര്‍ ശത്രുക്കള്‍ തന്നെയാണ്. 

(ഭാരതിദാസ് യൂനിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റില്‍ അസി. പ്രഫസറാണ് ഡോ. വൈ. ശ്രീനിവാസ റാവു)

വിവ: കെ.പി മന്‍സൂര്‍ അലി

Comments

Other Post

ഹദീസ്‌

ശവം തീനികള്‍
എസ്സെംകെ

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (43-44)
എ.വൈ.ആര്‍