ദൈവത്തിന്റെ ഇഷ്ടത്തിലായവള്‍ (കവിത)
നിനക്കെന്നെ
ഒറ്റക്കിരുത്താനാകുന്നില്ലല്ലേ;
അതുകൊണ്ടാണല്ലോ
ആളൊഴിഞ്ഞ നേരത്തൊക്കെ
നീയെന്റെ ചാരത്തെത്തുന്നത്.
എന്നിലെ ഇലയിളക്കം നിലച്ചപ്പോഴാണ്
നീയൊരു തെന്നലായിരുന്നെന്ന്
ഞാനറിയുന്നത്.
നിന്നോടുള്ള
ഇഷ്ടത്തിലുണ്ടായിരുന്നെനിക്ക്
ഉപ്പയായ ത്രില്ല്,
ഓമനിക്കാനുള്ള കൊതി,
നിന്റെ കൊഞ്ചലിലെന്റെ സന്തോഷം,
നിന്റെ സൗന്ദര്യത്തിലെന്റെ അഹങ്കാരം,
നിന്റെ പഠിപ്പുമിടുക്കിലെന്റെ പെരുമ,
നിന്റെ കഴിവുകളില്‍ ഞാനെന്നെ കണ്ടു.
മോളേ, നിന്നോടുള്ള ഇഷ്ടത്തിലീയുപ്പക്ക്
താല്‍പര്യങ്ങളെമ്പാടുമായിരുന്നു.
എത്ര ലളിതമായാണ് നിന്നെ ഞാന്‍
മണവാട്ടിയായി ചമയ്ച്ചയച്ചിരുന്നത്
എന്നിട്ടിപ്പോള്‍ എത്ര ആളുകളെ കൂട്ടി
എത്ര ആര്‍ഭാടമായാണ്
അവന്‍ നിന്നെ ഇറക്കിക്കൊണ്ടുപോയത്!
ഓര്‍ത്തില്ല മോളേ,
ഈ ഉപ്പയേക്കാള്‍ നിന്നോടിഷ്ടം അവനാണെന്ന്.
നീയുമവനും പരസ്പരം
തൃപ്തിപ്പെട്ടവരാണെന്നോര്‍ക്കാതെ
കണ്ണുനീരൊഴുക്കുമീയുപ്പയെ
മണ്ടനെന്ന് ചിരിക്കാതെ മോളേ....
Comments