ആചാരങ്ങളുടെ വിവരണവും നബിചര്യയുടെ ശാസനയും
[ആദത്തും സുന്നത്തും - 2]
അല്ലാഹുവിന്റെ സാമീപ്യം തേടുന്ന ഭക്തിപരവും പുണ്യകരവുമായ (തഅബ്ബുദീ) കര്‍മങ്ങളാണ് ആരാധനാപരമായ നബിചര്യയുടെ ഗണത്തില്‍പെടുക. ഇവക്ക് ഇസ്‌ലാമിക നിയമത്തിന്റെ (അശ്ശര്‍ഇയ്യ) പദവിയും പിന്‍ബലവുമുണ്ടാകും. ഖുര്‍ആനിന്റെ പ്രായോഗിക വിശദീകരണമെന്ന നിലയിലും വിവിധ സന്ദര്‍ഭങ്ങളിലും വിഷയങ്ങളിലുമുള്ള ദീനീ നിലപാട് എന്ന അര്‍ഥത്തിലും നബിയില്‍നിന്ന് ഉണ്ടായിട്ടുള്ള പ്രവൃത്തികളാണ് ഈ തലത്തില്‍ സുന്നത്ത് എന്ന് പറയുന്നത്. ഇത് മൂന്ന് വിധത്തില്‍ വരാം: ഒന്ന്, ഖുര്‍ആനിലെ സംക്ഷിപ്ത വിധികള്‍ (മുജ്മല്‍) നബി വിശദീകരിക്കുന്നത് (മുഫസ്സല്‍). നിര്‍ബന്ധമോ ഐഛികമോ അഭിലഷണീയമോ ഒക്കെയാകാമിത്. നബി ചെയ്തുകാണിച്ച വുദൂവിന്റെ രൂപങ്ങള്‍ ഉദാഹരണം. 'സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്‌കരിക്കാന്‍ ഒരുങ്ങിയാല്‍ നിങ്ങളുടെ മുഖവും കൈകള്‍ മുട്ടുവരെയും കഴുകുക, തല തടവുക, കാലുകള്‍ ഞെരിയാണിവരെ കഴുകുക.'31 ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണമാണ് വുദൂവില്‍ നബി പ്രായോഗികമായി പഠിപ്പിച്ചത്. ഇങ്ങനെ പ്രമാണത്തിന്റെ പിന്‍ബലമുള്ളതുകൊണ്ട് നബിയുടെ ഈ വിഷയത്തിലെ കര്‍മങ്ങള്‍ മുസ്‌ലിം സമൂഹം പിന്തുടരേണ്ട സുന്നത്ത് ആയിത്തീരുന്നു. രണ്ടാമതായി, ഇന്നതു പോലെ ചെയ്യണമെന്ന് നബി വ്യക്തമായി പറയുക. 'ഞാന്‍ നമസ്‌കരിച്ച പോലെ നിങ്ങള്‍ നമസ്‌കരിക്കുക, നിങ്ങളുടെ ആരാധനകള്‍ എന്നില്‍നിന്ന് സ്വീകരിക്കുക' തുടങ്ങിയ ഹദീസുകള്‍ ഉദാഹരണം.32 മൂന്നാമതായി, ചില കാര്യങ്ങള്‍ നബി ചെയ്തു കാണിച്ചതോടൊപ്പം, അനുചരന്മാരെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇത്തരം സുന്നത്തുകളില്‍ നബിയുടെ വാക്കും പ്രവൃത്തിയും സമന്വയിക്കുന്നു.
ആരാധനാപരമായ ഇത്തരം സുന്നത്തുകളില്‍ കൂട്ടിച്ചേര്‍ക്കലുകളോ മാറ്റത്തിരുത്തലുകളോ പറ്റില്ല. കാരണം, 'പുതു നിര്‍മിതികള്‍ വഴികേടാണ്' (കുല്ലു ബിദ്അത്തിന്‍ ളലാല) എന്ന് നബി പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ആചാരങ്ങള്‍ മാറ്റുകയും തിരുത്തുകയും കൂട്ടുകയും കുറക്കുകയും ചെയ്യാം. ആദത്തിലെ ഇത്തരം നടപടിക്രമങ്ങള്‍ ബിദ്അത്തായി ഗണിക്കപ്പെടുകയില്ല.
ഉദാഹരണമായി വസ്ത്രധാരണം. ഇസ്‌ലാമിന്റെ നിശ്ചിത നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഏതു രൂപത്തിലും നിറത്തിലുമുള്ള വസ്ത്രം ധരിക്കാം. ഏതെങ്കിലും ഒരു വസ്ത്ര രൂപമോ നിറമോ ഇസ്‌ലാം വിലക്കിയിട്ടില്ല. എന്നാല്‍, വെളുത്ത നിറം നബി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 'നിങ്ങളുടെ വസ്ത്രങ്ങളില്‍ ഉത്തമം വെളുത്തതാണ്. ജീവനുള്ളവര്‍ അത് ധരിക്കുക, മരിച്ചവരെ അതില്‍ പൊതിയുക' എന്ന് നബി പഠിപ്പിച്ചിട്ടുണ്ട്.33 വെളുത്ത വസ്ത്രം ഉത്തമമാണെന്ന പ്രോത്സാഹനം മാത്രമാണിത്. നിര്‍ബന്ധമാണെന്ന കല്‍പനയല്ല. ഏതു നിറത്തിലുള്ള വസ്ത്രവും ധരിക്കാം. നബി (സ) തന്നെ പച്ച വസ്ത്രം ധരിച്ചിരുന്നതായി നിവേദനമുണ്ട്.34 പക്ഷേ, വെള്ള ധരിക്കാന്‍ പ്രോത്സാഹിപ്പിച്ചതോടെ അത് 'സുന്നത്തുല്‍ ഇബാദത്ത്' ആയിത്തീര്‍ന്നു.
എന്നാല്‍, മറ്റൊരു ഹദീസ് ഇങ്ങനെയാണ് ; 'നബിയുടെ ചെരിപ്പിന് രണ്ട് വള്ളികള്‍ (ഖിബാല്‍) ഉണ്ടായിരുന്നു.'35 ഈ ഹദീസ് തെളിവാക്കിക്കൊണ്ട് രണ്ട് വള്ളികളുള്ള ചെരുപ്പാണ് സുന്നത്ത്, ഒരു വള്ളിയുള്ളതും വള്ളികളൊന്നും ഇല്ലാത്തതുമായ ചെരിപ്പ് സുന്നത്തിന് വിരുദ്ധമാണ് എന്ന് പറയാന്‍ പറ്റില്ല. കാരണം, രണ്ട് വള്ളികളുള്ള ചെരുപ്പ് അന്നത്തെ അറേബ്യയിലെ രീതിയായിരുന്നു. അവര്‍ രണ്ട് വള്ളികളുള്ള ചെരുപ്പാണ് അക്കാലത്ത് അണിഞ്ഞിരുന്നത്. ഇന്നും അത്തരം ചെരിപ്പുകളു്, അല്ലാത്തവയും. നബി അതേ കുറിച്ച് പ്രത്യേകമായൊന്നും പറഞ്ഞിട്ടുമില്ല. ചെരുപ്പിന്റെ വാറിനെ സംബന്ധിച്ച ഹദീസ് 'ആദത്തി'ന്റെ വിവരണം മാത്രമാണ്, സുന്നത്തിന്റെ ശാസനയല്ല. ഇന്ന്, ഒരുപാട് വള്ളികളുള്ളതും വളളിയില്ലാത്തുമായ ചെരുപ്പുകള്‍ മുസ്‌ലിംകള്‍ ധരിക്കാറുണ്ട്. അവരൊക്കെ നബിയുടെ സുന്നത്തിന് വിരുദ്ധം പ്രവര്‍ത്തിച്ചു എന്ന് പറയാനാകില്ലല്ലോ! രണ്ട് ഹദീസുകളും തമ്മിലുള്ള വ്യത്യാസം ഇതാണ്; വെളുത്ത വസ്ത്രത്തെ സംബന്ധിച്ച ഹദീസ് നബിയുടെ നിര്‍ദേശമാണ്. രണ്ട് വള്ളികളുള്ള ചെരുപ്പിനെ സംബന്ധിച്ച ഹദീസ് ഒരു സംഭവ/ചരിത്ര വിവരണം മാത്രമാണ്.
അടിസ്ഥാന സ്വഭാവം എന്ത്?
ഇവിടെ ഒരു പ്രധാന ചര്‍ച്ചകൂടി കടന്നുവരുന്നുണ്ട്. മുഹമ്മദുബ്‌നു അബ്ദുല്ല(സ) ദൈവദൂതനാണ്. ഖുര്‍ആന്‍ വിശദീകരിച്ചുകൊണ്ട് ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കാണിച്ച പ്രായോഗിക ദീനീമാതൃകകള്‍ നബി ജീവിതത്തിന്റെ മുഖ്യഭാഗമാണ്. എന്നാല്‍, അറേബ്യന്‍ സാമൂഹിക ജീവിതത്തില്‍ അംഗമായിരുന്ന മനുഷ്യന്‍ കൂടിയാണ് നബി. രണ്ട് തലത്തിലുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടുണ്ട്. ഹദീസ് സമാഹാരങ്ങളില്‍ ഇവ രണ്ടും കൂടിച്ചേര്‍ന്നാണ് കിടക്കുന്നത്. ഇവയില്‍ ഏതാണ് അടിസ്ഥാനപരം എന്നത് പണ്ഡിതന്മാര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. രണ്ട് വീക്ഷണങ്ങളാണ് ഈ വിഷയത്തില്‍ മുഖ്യമായുള്ളത്:
ഒന്ന്: നബിയുടെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളുമാണ് സുന്നത്ത്. ഈ മൂന്നില്‍ 'നബിയുടെ വാക്കുകള്‍' അടിസ്ഥാനപരമായി നിയമപദവിയുള്ളതും(തശ്‌രീഈ) മുസ്‌ലിംകള്‍ പിന്തുടരേണ്ട സുന്നത്തുമാണ്. കാരണം, നബി അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിക്കാന്‍ നിയോഗിതനായ ദൈവദൂതനും സന്മാര്‍ഗദര്‍ശിയുമാണ്. ഇതാണ് നബിചര്യയുടെ അടിസ്ഥാന സ്വഭാവം. 'ഈ ഉദ്‌ബോധനം നാം നിനക്ക് ഇറക്കിത്തന്നിരിക്കുന്നു, ജനങ്ങള്‍ക്കു വേണ്ടി അവതരിപ്പിക്കപ്പെട്ടത് അവര്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടി'36 എന്നും 'അല്ലയോ ദൈവദൂതാ, നിന്റെ നാഥങ്കല്‍നിന്ന് അവതരിച്ചുകിട്ടിയത് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക. അപ്രകാരം ചെയ്തില്ലെങ്കില്‍ നീ ദൈവദൂതന്റെ ചുമതല നിറവേറ്റാത്തവനായിത്തീര്‍ന്നു' എന്നും 'അദ്ദേഹം സ്വേഛാനുസൃതം പറയുകയല്ല. ഇതാവട്ടെ, അദ്ദേഹത്തിനു ലഭിക്കുന്ന ദിവ്യബോധനം തന്നെയാകുന്നു. അദ്ദേഹത്തെ അത് പഠിപ്പിച്ചത് പ്രബലമായ കഴിവുകളുടയവനത്രെ.'37 എന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ. നബിയുടെ സംസാരത്തിന്റെ അടിസ്ഥാന സ്വഭാവം നിയമപരതയാണ്(തശ്‌രീഇയ്യ) എന്നതിന് ഒരു ഹദീസും തെളിവുണ്ട്. അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: നബിയില്‍നിന്ന് കേള്‍ക്കുന്നതെല്ലാം ഞാന്‍ എഴുതിവെക്കാറുണ്ടായിരുന്നു. അത് മനഃപാഠമാക്കാനാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. 'നബിയില്‍നിന്ന് കേട്ടതെല്ലാം നീ എഴുതിവെക്കുന്നത് എന്തിന് എന്ന് ചോദിച്ച് ഖുറൈശികള്‍ എന്നെ തടഞ്ഞു; ദേഷ്യത്തിന്റെയും സംതൃപ്തിയുടെയും സന്ദര്‍ഭത്തിലെല്ലാം സംസാരിക്കുന്ന ഒരു മനുഷ്യന്‍ (ബശര്‍) അല്ലേ അദ്ദേഹം എന്നാണവര്‍ ചോദിച്ചത്. അതോടെ, ഞാന്‍ എഴുത്ത് നിര്‍ത്തുകയും നബിയോട് ഇതേ കുറിച്ച് പറയുകയും ചെയ്തു. അപ്പോള്‍ സ്വന്തം വായിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് നബി പറഞ്ഞു: 'നീ എഴുതിക്കൊള്ളുക, അല്ലാഹുവാണ എന്റെ നാവില്‍നിന്ന് സത്യമല്ലാതൊന്നും പുറത്തു വരില്ല.'38 നബിയുടെ സംസാരത്തിന്റെ അടിസ്ഥാനസ്വഭാവം നിയമപരതയാണെന്ന് ഇതില്‍നിന്ന് വ്യക്തം. എന്നാല്‍, നിയമപരമായ ഉദ്ദേശ്യത്തോടെയല്ലാതെ ചിലപ്പോള്‍ നബി സംസാരിക്കും. ഇത് അടിസ്ഥാനത്തിന് എതിരായത് (ഖിലാഫുല്‍ അസ്വ്ല്‍)ആണ്. നബിയുടെ ഒരു സംസാരം നിയമപരം അല്ല എന്നതിന് തെളിവ് ആവശ്യമാണ്. ഏത് സംസാരവും നിയമപരമാണെന്നതിന് തെളിവ് ആവശ്യവുമില്ല, ഇതാണ് സംസാരത്തെക്കുറിച്ച നിലപാട്.
നബിയുടെ 'പ്രവൃത്തികളില്‍' നിയമപരവും മനുഷ്യപ്രകൃതിപരവും ആചാരപരവും ആയതുണ്ടാകും. ചിലത് രണ്ടില്‍ ഏതെന്ന് സംശയമുള്ളതാകും. മറ്റു ചിലത് നബിക്ക് മാത്രമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതും. നബിയുടെ 'സംസാര'ത്തില്‍നിന്ന് വ്യത്യസ്തമായി, 'പ്രവൃത്തികള്‍' ഇങ്ങനെ നാലു വിധത്തിലുണ്ട്. എന്നാല്‍, നബിയുടെ പ്രവൃത്തികളിലും അടിസ്ഥാനതലം നിയമപരം(തശ്‌രീഅ്) തന്നെയാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ''നിങ്ങള്‍ക്ക് ദൈവദൂതനില്‍ ഉത്തമ മാതൃകയുണ്ട്,'' ''ദൈവദൂതന്‍ നിങ്ങള്‍ക്ക് തന്നത് നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക'', ''നിങ്ങള്‍ അദ്ദേഹത്തെ പിന്തുടരുക'' തുടങ്ങിയ സുക്തങ്ങളും39 'നിങ്ങള്‍ എന്നെ പിന്തുടരുക, അല്ലാഹു നിങ്ങളെ സ്‌നേഹിക്കും'40 എന്ന സൂക്തവുമൊക്കെ ഇതിന്റ തെളിവാണ്. നബിയുടെ വാക്കുകള്‍ പിന്തുടരല്‍ നിര്‍ബന്ധം (വാജിബ്) ആണെന്ന പോലെ, പ്രവൃത്തികള്‍ പിന്തുടരലും നിര്‍ബന്ധം തന്നെയാണ്; അവ ഐഛികമോ, നബിക്ക് സവിശേഷമോ ആണ് എന്നതിന് തെളിവുണ്ടെങ്കിലേ നിര്‍ബന്ധം എന്ന പദവിയില്‍ മാറ്റം വരികയുള്ളു. എന്നാല്‍, മറ്റൊരു വിഭാഗം പറയുന്നത്; നബിയുടെ പ്രവൃത്തികള്‍ നിര്‍ബന്ധം, ഐഛികം, അനുവദനീയം എന്നിവയിലേതും ആകാന്‍ സാധ്യതയുണ്ട്. ഓരോന്നിനും തെളിവുകള്‍ ആവശ്യമാണ്. 'നബിയുടെ പ്രവൃത്തികളില്‍ ദൈവസാമീപ്യം ആഗ്രഹിച്ചുള്ളവ ഐഛികമായിരിക്കും' എന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം. സംക്ഷിപ്ത വിധി (മുജ്മല്‍) വിശദീകരിക്കുന്ന നബിയുടെ പ്രവൃത്തികള്‍ക്ക് ആ സംക്ഷിപ്തത്തിന്റെ വിധി തന്നെയാണ് ഉണ്ടാവുക. സംക്ഷിപ്തം നിര്‍ബന്ധമാണെങ്കില്‍ നബിയുടെ വിശദീകരണവും നിര്‍ബന്ധം, ഐഛികമോ അനുവാദമോ ആണെങ്കില്‍ അങ്ങനെ. നബിയുടെ അംഗീകാരം അനുവാദത്തെ കുറിക്കുന്നതാണ്. നബിയുടെ പ്രവൃത്തികളെ സംബന്ധിച്ച ഒന്നാം വിഭാഗത്തിന്റെ സമീപനം ഇതാണ്.41
രണ്ട്: നബി (സ)യില്‍നിന്നുണ്ടായിട്ടുള്ള വാക്കുകളും പ്രവൃത്തികളും അംഗീകാരവും പൂര്‍ണമായും മുസ്‌ലിം സമുഹം അങ്ങനെത്തന്നെ പിന്തുടരല്‍ നിര്‍ബന്ധമായ സുന്നത്തല്ല. ഖുര്‍ആനും നബിയുടെ വാക്ക്, കര്‍മം, അംഗീകാരം എന്നിവയില്‍ പലതും അല്ലാഹുവില്‍നിന്നുള്ള വെളിപാടാണ്. എന്നാല്‍, നബിയുടെ വാക്ക്, കര്‍മം, അംഗീകാരം എന്നിവയില്‍ മറ്റു പലതും വെളിപാടല്ല. സ്വന്തം നിഗമനമനുസരിച്ച് അദ്ദേഹം പറഞ്ഞതും പ്രവര്‍ത്തിച്ചതുമുണ്ട്. അതുകൊണ്ട്, നബിയുടെ വാക്ക്, കര്‍മം, സമ്മതം എന്നിവയുടെ അടിസ്ഥാന സ്വഭാവം നിയമപരതയാണ് (തശ്‌രീഅ്) എന്ന് പറയാനാവില്ല. അവയില്‍ ചിലത് നിയമപരമായി സുന്നത്തല്ല എന്ന് പറയാന്‍ തെളിവു വേണം എന്നും വാദിക്കാന്‍ കഴിയില്ല. നിയമപരമായവയും അല്ലാത്തവയും അവയില്‍ കൂടിക്കലര്‍ന്നു കിടക്കുകയാണ്. അടിസ്ഥാനസ്വഭാവം നിയമപരതയാണെന്ന് ഉറപ്പിച്ചുപറയാന്‍ ഉദ്ധരിക്കപ്പെട്ട തെളിവുകളൊന്നും പര്യാപ്തമല്ല.
ഉദാഹരണമായി, അന്നജ്മ് അധ്യായത്തിലെ 'അദ്ദേഹം സ്വേഛാനുസൃതം പറയുകയല്ല. ഇതാവട്ടെ, അദ്ദേഹത്തിനു ലഭിക്കുന്ന ദിവ്യബോധനം തന്നെയാകുന്നു' എന്ന ആയത്ത്.42 ഇവിടെ ദിവ്യബോധനംകൊണ്ട് ഉദ്ദേശിക്കുന്നത് വിശുദ്ധ ഖുര്‍ആനാണ്; നബിയുടെ എല്ലാ സംസാരവുമല്ല. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇത് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വിശദീകരിച്ചിട്ടുണ്ട്; 'മുഹമ്മദ് ഈ ഖുര്‍ആന്‍കൊണ്ട് സംസാരിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല, ഖുര്‍ആന്‍ അല്ലാഹു നല്‍കിയ വഹ്‌യാണ്. മുഹമ്മദിനെ ഈ ഖുര്‍ആന്‍ പഠിപ്പിച്ചത് ജിബ്‌രീലാണ്.43 ഖുര്‍ആന്‍ ആകാശത്തുനിന്നുള്ള വഹ്‌യാണെന്ന് സ്ഥാപിക്കാനാണ് ഈ സൂക്തങ്ങള്‍ അവതീര്‍ണമായതെന്ന് ഇബ്‌നു ആശൂര്‍ രേഖപ്പെടുത്തന്നു.44 ഖുര്‍ആനെ കുറിച്ച് ഇറങ്ങിയ ആയത്ത് നബിയുടെ സംസാരത്തിന് ബാധകമാക്കുന്നത് ആയത്തുകളെ സന്ദര്‍ഭത്തില്‍നിന്നും യഥാര്‍ഥ ഉദ്ദേശ്യത്തില്‍നിന്നും അടര്‍ത്തിമാറ്റലാണ്. മാത്രമല്ല, ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് നബിയുടെ എല്ലാ സംസാരവും (നുത്വുഖ് -നാവുകൊണ്ടുള്ള എല്ലാ ഉച്ചാരണവും എന്ന് ഭാഷാര്‍ഥം) വഹ്‌യനുസരിച്ചാണെന്ന് പറഞ്ഞാല്‍ അത് വലിയ അബദ്ധങ്ങള്‍ക്ക് കാരണമാകും. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ 'നിങ്ങള്‍ മുസ്‌ലിംകള്‍ക്കല്ലാതെ ദാനം ചെയ്യരുത്' എന്ന് നബി അനുചരന്മാരോട് പറഞ്ഞു.45 ഇത് ശരിയായിരുന്നില്ല, അതുകൊണ്ട് അല്ലാഹു നബിയെ തിരുത്തി. ഇത് ഖുര്‍ആനില്‍ രേഖപ്പെട്ടു കിടപ്പുണ്ട്.46 ഞാന്‍ തേന്‍ കഴിക്കില്ല എന്ന നബിയുടെ പ്രഖ്യാപനം മറ്റൊരു ഉദാഹരണം. ഇതും ഖുര്‍ആന്‍ തിരുത്തി.47 നബിയുടെ മുഴുവന്‍ സംസാരവും വഹ്‌യ് അനുസരിച്ചായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നല്ലോ! നിയമപരമായ കാര്യത്തില്‍ പോലും നബി വഹ്‌യ്് അനുസരിച്ചല്ലാതെ ചിലപ്പോള്‍ സംസാരിച്ചിരുന്നുവെന്നല്ലേ ഇതില്‍നിന്ന് മനസ്സിലാകുന്നത്. യുദ്ധസംബന്ധിയായ ചില നടപടികളില്‍ നബിയുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി സ്വഹാബികള്‍ അഭിപ്രായം പ്രകടിപ്പിക്കുകയും അത് സ്വീകരിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബദ്‌റിലെ ബന്ദികളുടെ വിഷയം ഒരുദാഹരണം. ഇവിടെയും നബിയുടെ അഭിപ്രായം വഹ്‌യ് അനുസരിച്ച് ആയിരുന്നില്ലല്ലോ.
രണ്ടു സന്ദര്‍ഭങ്ങളില്‍ നബി തന്നെ തന്റെ സംസാരത്തിന്റെ സ്വഭാവം വ്യക്തമാക്കിയിട്ടുമുണ്ട്. നബിപത്‌നി ഉമ്മുസലമ(റ) നിവേദനം ചെയ്യുന്നു; നബി പറഞ്ഞു: ''നിങ്ങള്‍ തര്‍ക്കങ്ങളുമായി തീരുമാനത്തിന് എന്നെ സമീപിക്കുന്നു. ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാണ്. സ്വന്തം വാദങ്ങള്‍ സമര്‍ഥിക്കുന്നതില്‍ നിങ്ങളില്‍ ചിലര്‍ മറ്റു ചിലരേക്കാള്‍ സമര്‍ഥരായിരിക്കും. തെളിവുകള്‍ സമര്‍ഥിക്കുന്നത് കേള്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ വിധി കല്‍പിക്കുക. തന്റെ സഹോദരന്റെ അവകാശത്തില്‍നിന്ന് വല്ലതും ഞാന്‍ നിങ്ങള്‍ക്കായി വിധിച്ചുതന്നാല്‍ നിങ്ങളത് സ്വീകരിക്കരുത്. ഞാന്‍ അവന് മുറിച്ചുകൊടുക്കുന്നത് നരകത്തില്‍നിന്നൊരു കഷ്ണമാണ്.''48 തര്‍ക്ക വിഷയങ്ങളില്‍ പൊതുവില്‍ നബി വിധി കല്‍പ്പിക്കുന്നത് കക്ഷികളുടെ വാദമുഖങ്ങള്‍ നോക്കി സ്വന്തം ധാരണയനുസരിച്ചാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. നേരത്തേ ഉദ്ധരിച്ച, 'നീ എഴുതിക്കൊള്ളുക, അല്ലാഹുവാണ, എന്റെ നാവില്‍നിന്ന് സത്യമല്ലാതൊന്നും പുറത്തുവരില്ല' എന്ന അബദുല്ലാഹിബ്‌നു അംറിന്റെ ഹദീസിനെ ഉമ്മുസലമയുടെ ഈ ഹദീസ് ഖണ്ഡിക്കുന്നു. ഖുറൈശികള്‍ക്ക് മറുപടിയായി മക്കയില്‍ വെച്ച് പറഞ്ഞതാകണം അബ്ദുല്ലാഹിബ്‌നു അംറിന്റെ ഹദീസ്. ഉമ്മുസലമയുടേത് സ്വാഭാവികമായും മദീനയില്‍ വെച്ചും. അതുകൊണ്ട്, 'എന്റെ നാവില്‍നിന്ന് സത്യം മാത്രമേ വരൂ' എന്ന ആദ്യവചനത്തെ, 'തെളിവുകള്‍ സമര്‍ഥിക്കുന്നത് കേള്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ വിധി കല്‍പിക്കുക. തന്റെ സഹോദരന്റെ അവകാശത്തില്‍നിന്ന് വല്ലതും ഞാന്‍ നിങ്ങള്‍ക്കായി വിധിച്ചുതന്നാല്‍ നിങ്ങളത് സ്വീകരിക്കരുത്. ഞാന്‍ അവന് മുറിച്ചുകൊടുക്കുന്നത് നരകത്തില്‍നിന്നൊരു കഷ്ണമാണ്' എന്ന രണ്ടാം ഹദീസ് തിരുത്തുന്നുവെന്ന് വ്യക്തം. പരാഗണ വിഷയത്തില്‍ മദീനയില്‍ വെച്ചു തന്നെയുള്ള നബിയുടെ പ്രഖ്യാപനവും അബ്ദുല്ലാഹിബ്‌നു അംറിന്റെ നിവേദനത്തെ തിരുത്തുന്നതാണ്; 'ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാണ്, ഞാന്‍ എന്റെ കാഴ്ചപ്പാട് അനുസരിച്ച് എന്തെങ്കിലും അഭിപ്രായം നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. എന്റെ ഊഹമനുസരിച്ച് പറയുന്നതില്‍ തെറ്റും ശരിയും സംഭവിക്കാം. എന്നാല്‍, അല്ലാഹു അരുളിയത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഞാന്‍ പറയുന്നത് നിങ്ങള്‍ സ്വീകരിക്കുക. കാരണം, ഞാന്‍ അല്ലാഹുവിന്റെ പേരില്‍ കളവ് പറയുകയില്ല.'49 രണ്ട് ഹദീസുകളിലും വന്നിട്ടുള്ള 'ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാണ്' എന്ന പ്രയോഗം ശ്രദ്ധിക്കുക. ഈ പ്രമാണപാഠങ്ങളെല്ലാം ഒന്നിച്ചുവെച്ച് വിശകലനം ചെയ്താല്‍, 'നബിയുടെ വാക്കുകളിലും പ്രവൃത്തികളിലും അടിസ്ഥാനം നിയമപരതയാണ്, അതല്ല എന്നതിനാണ് തെളിവു വേണ്ടത്, എല്ലാ സംസാരവും വഹ്‌യാണ്' എന്നൊന്നും തീര്‍ത്തു പറയാനാകില്ല. ഈ വാദം ചില പണ്ഡിതന്മാരുടെ വ്യാഖ്യാനം മാത്രമാണ്. എന്നു മാത്രമല്ല, 'അല്ലാഹു അരുളിയതെന്ന് ഞാന്‍ പ്രസ്താവിച്ചത് നിങ്ങള്‍ എന്നില്‍നിന്ന് സ്വീകരിക്കുക' എന്ന നബിവചനത്തിന്റെ അടിസ്ഥാനത്തില്‍ പ്രാമാണിക തെളിവുകള്‍ ഉള്ളതേ നിയമപരമായ സുന്നത്താകൂ എന്ന് തിരിച്ചും പറയാം. അതല്ലേ കുടുതല്‍ പ്രബലം! ദൈവദൂതന്റെ ഭാഗധേയവും(രിസാലത്ത്) മനുഷ്യപ്രകൃതവും(ബശരിയ്യത്ത്) നബിയുടെ വാക്- കര്‍മങ്ങളില്‍ കൂടിക്കലര്‍ന്നാണിരിക്കുന്നത്. 'ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാണ്, എനിക്ക് അല്ലാഹുവില്‍നിന്ന് വഹ്‌യ് ലഭിക്കുന്നു' എന്ന ഖുര്‍ആന്‍ സൂക്തം50 ഈ രണ്ട് സ്വത്വത്തെയും അടയാളപ്പെടുത്തുന്നു. ദൈവദൂതന്‍ എന്നതിന് പ്രാമുഖ്യമുണ്ടെന്നു പറയാം. എന്നാല്‍, നബിയുടെ വാക്-കര്‍മങ്ങള്‍ ഓരോന്നും ഏത് അര്‍ഥത്തിലുള്ളതാണെന്ന് പ്രമാണവും ന്യായവും സാഹചര്യങ്ങളും യുക്തിബോധവുമൊക്കെ മുന്നില്‍ വെച്ചാണ് തീരുമാനിക്കേണ്ടത്.
(തുടരും)
റഫറന്‍സ്
31. അല്‍മാഇദ 6.
32. ബുഖാരി, മുസ്‌ലിം, ബൈഹഖി - സുനനുല്‍ കുബ്‌റാ
33. സുനനു അബൂദാവൂദ്, കിതാബുല്ലിബാസ്
34. അബൂറംസ നിവേദനം ചെയ്ത ഹദീസ്, അബൂദാവൂദ്- 3674, അഹ്മദ്- 7117, തിര്‍മിദി- 2737
35. തിര്‍മിദി, അശ്ശമാഇല്‍
36. അന്നഹ്ല്‍ 44
37. അല്‍മാഇദ 67, അന്നജ്മ് 1-3
38. അബൂദാവുദ് 3646.
39. അഹ്‌സാബ് - 21, ഹശ്ര്‍ -7
40. ആലുഇംറാന്‍ - 31
41. ഫത്ഹുല്‍ബാരി 13/288289, അല്‍ഇസ്‌ലാമു സുആലുന്‍ വ ജവാബ്, കൈഫ നുഫരിഖു ബൈനസ്സുന്നത്തി വല്‍ ആദത്തി,151146
42. അന്നജ്മ് 1-3
43. ഖതാദയും മറ്റും വിശദീകരിച്ചത്, തഫ്‌സീറുത്വബ്‌രി, ഖുര്‍ത്വുബി അഹ്കാമുല്‍ ഖുര്‍ആന്‍.
44. തഫ്‌സീറു ഇബ്‌നി ആശൂര്‍
45. സഈദുബ്‌നു ജുബൈര്‍ ഉദ്ധരിച്ച ഹദീസ്, തഫ്‌സീറു ഖുര്‍ത്വുബി, അല്‍ ബഖറ 272-ാം ആയത്തിന്റെ വ്യാഖ്യാനം
46. അല്‍ബഖറ 272
47. സൂറ അത്തഹ്‌രീം.
48. ശൗക്കാനി 360, നൈലുല്‍ ഔത്വാര്‍ 5/374
49. സുനനു ഇബ്‌നു മാജ 2463.
50. അല്‍ കഹ്ഫ് - 110
Comments