Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 08

3029

1439 റബീഉല്‍ അവ്വല്‍ 19

ബാബരിയാനന്തര ഇന്ത്യയും സാമൂഹിക മാറ്റങ്ങളും

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍, ചില 'അനുരഞ്ജന ചര്‍ച്ചകള്‍' പൊടിപൊടിക്കുന്നത് നാം കാണുകയുണ്ടായി. കോടതിക്ക് പുറത്തു വെച്ച് ഇരു സമുദായങ്ങളെയും ഒരു ഒത്തുതീര്‍പ്പിലെത്തിക്കലായിരുന്നുവത്രെ ലക്ഷ്യം. ഇത്തരം അനുരഞ്ജന യത്‌നങ്ങള്‍ പലപ്പോഴും തികച്ചും ഏകപക്ഷീയമാവാറാണ് പതിവ്. അതുകൊണ്ടവ ഒരിഞ്ച് മുന്നോട്ടു നീങ്ങാനാവാതെ പരാജയമടയും. ഇത്തവണ അനുരഞ്ജനത്തിനിറങ്ങിയത് 'ആര്‍ട് ഓഫ് ലിവിംഗ്' തലവന്‍ ശീശ്രീ രവിശങ്കറാണ്. അദ്ദേഹം നേരെ ചെന്ന് യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെ കാണുന്നു. പിറ്റേ ദിവസം അയോധ്യയില്‍ ചെന്ന് പ്രഖ്യാപിക്കുന്നു, ഇവിടെ ഒരു ക്ഷേത്രം നിര്‍മിച്ചാലേ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കപ്പെടുകയുള്ളൂ എന്ന്; അതിന് ഇരു സമുദായങ്ങളുടെയും സഹകരണം വേണമെന്നും. എതിര്‍ കക്ഷികളുമായി അദ്ദേഹം ചര്‍ച്ച നടത്തിയതായി അറിയില്ല. എന്നാല്‍, നാഗ്പൂരില്‍ ചെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതുമായി രഹസ്യ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. മൊത്തം ചരടുവലികള്‍ നടത്തിയത് ആര്‍.എസ്.എസ്സായിരുന്നു എന്ന് ചുരുക്കം.

ഇതിനു വേണ്ടി ശ്രീ രാം മന്ദിര്‍ നിര്‍മാണ്‍ സഹയോഗ് മഞ്ച് എന്നൊരു സംഘവും രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. അയോധ്യയിലും ലഖ്‌നൗവിലും ഹിന്ദു, മുസ്‌ലിം, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ മത നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനങ്ങളും നടത്തിവരുന്നുണ്ട്. സംഘ് പരിവാറിന്റെ തന്നെ പോഷക വിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ചാണ് ഇതിനു പിന്നില്‍. ഇത്തവണ പക്ഷേ, ഉത്തര്‍പ്രദേശ് ശീഈ വഖ്ഫ് ബോര്‍ഡിനെയും അവര്‍ കൂടെ കൂട്ടിയിരിക്കുന്നു. അതിന്റെ പ്രസിഡന്റ് സയ്യിദ് വസീം റിസ്‌വി പറയുന്നത്, തര്‍ക്കഭൂമിയിന്മേലുള്ള അവകാശം ഉപേക്ഷിക്കുന്നതില്‍ തങ്ങള്‍ക്ക് വിരോധമില്ലെന്നും പള്ളി ലഖ്‌നൗവില്‍ എവിടെയെങ്കിലുമൊരിടത്ത് പണിതാല്‍ മതിയെന്നുമാണ്! തികഞ്ഞ വിവരക്കേടാണ് റിസ്‌വി വിളിച്ചുപറയുന്നതെന്ന് അപ്പോള്‍ തന്നെ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വക്താക്കള്‍ വ്യക്തമാക്കിയതാണ്. ഈ പ്രശ്‌നത്തില്‍ ശീഈ വഖ്ഫ് ബോര്‍ഡ് കക്ഷിയേ അല്ല. തകര്‍ക്കപ്പെട്ടത്, സുന്നീ രീതിയനുസരിച്ച് ആരാധനകള്‍ നടന്നുവന്നിരുന്ന പള്ളിയാണ്; ശീഈ പള്ളിയല്ല. സുന്നി വഖ്ഫ് ബോര്‍ഡിനു പോലും വഖ്ഫ് ആക്ട് സെക്ഷന്‍ 29 പ്രകാരം ഒരുതരത്തിലുള്ള വഖ്ഫ് സ്വത്തിന്റെയും ഉടമസ്ഥത മറ്റൊരു കക്ഷിക്ക് കൈമാറാനുള്ള അധികാരമില്ല. ഇത്തരം നാടകങ്ങളെ സംഘ് പരിവാറിന്റെ രാഷ്ട്രീയ കരുനീക്കങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നര്‍ഥം.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷമുള്ള കാല്‍ നൂറ്റാണ്ട് കാലത്തെ ഇന്ത്യയിലെ സാമൂഹിക, രാഷ്ട്രീയ ജീവിതം കൃത്യവും വിശദവുമായ പഠനമര്‍ഹിക്കുന്നുണ്ട്. ഫാഷിസ്റ്റ് ശക്തികള്‍ ഭരണാധികാരികളുടെ ഒത്താശയോടെ ഒരു ആരാധനാലയം തകര്‍ത്തത് ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു എന്ന വസ്തുത നിലനില്‍ക്കെത്തന്നെ, ആ സംഭവം പല തിരിച്ചറിവുകളിലേക്കും സമുദായങ്ങളെയും പാര്‍ട്ടികളെയും വഴിനടത്തിയിട്ടുമുണ്ട്. പോസിറ്റീവായ അത്തരം വശങ്ങള്‍ വിശകലനം ചെയ്യപ്പെടണം. ഹിംസാത്മക പ്രതികരണങ്ങള്‍ക്ക് അത് കാരണമാക്കിയിട്ടുണ്ടെങ്കില്‍ അവയും നിഷ്പക്ഷമായി നിരൂപണം ചെയ്യപ്പെടണം. അടുത്തൊരു ലക്കത്തില്‍ അത്തരമൊരു ചര്‍ച്ചക്ക് 'പ്രബോധനം' തുടക്കമിടുകയാണ്.

Comments

Other Post

ഹദീസ്‌

ശവം തീനികള്‍
എസ്സെംകെ

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (43-44)
എ.വൈ.ആര്‍