വിഡ്ഢിക്കഥയല്ല ജീവിതം
'രണ്ടു പേര്‍ തടവറയില്‍നിന്ന് പുറത്തേക്കു നോക്കി. ഒരാള്‍ കണ്ടത് ചെളി. മറ്റേയാള്‍ കണ്ടത് നക്ഷത്രങ്ങള്‍.'
നല്ലതും ചീത്തയുമെല്ലാം ലോകത്തുണ്ട്. എന്താണ് നോക്കുന്നത്, അതാണ് കണ്ടെത്തുക.
മഹാന്മാരായി ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങള്‍ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയവരല്ല. ഗാന്ധിജിയുടെ ജീവിതം പരീക്ഷണങ്ങളുടെ പ്രളയമായിരുന്നു. യാത്രയും സമരവും പ്രതിസന്ധിയും തടവറയും നിറഞ്ഞ ജീവിതം. എങ്കിലും ജനഹൃദയങ്ങളില്‍ അദ്ദേഹം നിത്യപ്രതിഷ്ഠ നേടി. സത്യസന്ധതയുടെയും കര്‍മധീരതയുടെയും ഫലമായിരുന്നു ആ അംഗീകാരം.
'കര്‍മം ചെയ്യുകയാണ് നിന്റെ കടമ' എന്ന് ഓര്‍മിപ്പിക്കുന്നു ഗീത. ഫലത്തെക്കുറിച്ച് ആകുലപ്പെടാത്ത കര്‍മം. തനിക്ക് എന്തെങ്കിലും നേടാനാകുമോ എന്നതല്ല, മറ്റുള്ളവര്‍ക്ക് എന്തു നല്‍കാനാകും എന്നതാണ് കര്‍മത്തെ മൂല്യവത്താക്കുന്നത്. 'വാങ്ങുന്നതിലല്ല, കൊടുക്കുന്നതിലാണ് നന്മ' എന്ന് അറബിക്കവിത. ജീവിതലക്ഷ്യം പരോപകാരമാണ് എന്നാണ് മഹത്തുക്കളുടെ ജീവിതം പറയുന്നത്. 'ഒരു പരിശ്രമശാലിയെ കടലിലെറിയൂ. വായില്‍ മത്സ്യവുമായി അവന്‍ തിരിച്ചുവരും' എന്ന അറബിച്ചൊല്ല് കര്‍മകുശലമായ ജീവിതത്തിന്റെ ചിത്രീകരണമാണ്.
ധീരരക്തസാക്ഷിയാണ് മിസ്അബ്. പോരാട്ടക്കളത്തില്‍ ജീവന്‍ പൊലിഞ്ഞ അദ്ദേഹത്തിന്റെ മൃതശരീരം പൊതിയാന്‍ ഒരു ചെറുകഷ്ണം തുണിമാത്രം. തലമറച്ചാല്‍ കാലുകള്‍ പുറത്ത്. പുല്ലുപൊതിഞ്ഞാണ് കാലുകള്‍ മൂടിയത്. ത്യാഗപൂര്‍ണമായ ജീവിതത്തില്‍ ബാക്കിവെക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ആ ധീരാത്മാവ് കാഴ്ചവെച്ച മഹല്‍ജീവിതത്തിന് തുല്യമായി നല്‍കാന്‍ മറ്റാര്‍ക്കും കഴിയുമായിരുന്നില്ല. അതാണ് ജീവിതം. തനിക്കുവേണ്ടിയല്ല, മറ്റുള്ളവര്‍ക്കുവേണ്ടിയാണ് ജീവിതം എന്ന് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു ചില ജീവിതങ്ങള്‍.
ശാന്തമായ ജീവിതം എന്നു പറയുന്നത് സുഖമായി കട്ടിലിലുറങ്ങുന്ന സുഖലോലുപരുടെ ജീവിതമല്ല. ശാന്തി എന്നത് മനസ്സ് നുകരുന്ന സുഖമാണ്. തിരക്കുപിടിച്ച് ഓടുമ്പോഴും അവര്‍ക്ക് ശാന്തിയുണ്ടാകും. സമാധാനം എന്നത് ചലനമില്ലാതെ കിടക്കുന്ന ശരീരത്തിന്റെ അവസ്ഥയല്ല. മാനസികമായ അനുഭൂതിയാണത്. പ്രശ്‌നങ്ങള്‍ക്കിടയിലും അവര്‍ക്ക് ശാന്തി നുകരാനാകും.
ആരുണ്ട് തന്നെ ശ്രദ്ധിക്കാന്‍ എന്ന് നല്ല മനുഷ്യര്‍ ചിന്തിക്കുകയേയില്ല. തനിക്ക് ചെയ്യാന്‍ കഴിയുമോ എന്നതുമാത്രമാകും ചിന്ത. ചെയ്യാവുന്നത് ഭംഗിയായി ചെയ്യുക. കൂടുതല്‍ പേര്‍ക്ക് നല്‍കുക. എല്ലാ കര്‍മങ്ങളും ഈ ക്രമത്തിലാകണം മുന്നോട്ടു പോകാന്‍. എന്തു ചെയ്തു എന്നതല്ല, അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെട്ടോ എന്നാണ് നോക്കേണ്ടത്. ആര്‍ക്കും ഉപകാരമില്ലാത്ത വലിയ കാര്യങ്ങള്‍ ചെയ്തിട്ടു കാര്യമില്ല. പലര്‍ക്കും ഉപകാരപ്രദമായ ചെറിയ കാര്യങ്ങള്‍ക്കാണ് മൂല്യം. ആളുകളെ അമ്പരപ്പിക്കുകയല്ല, നന്മ ചെയ്യുക എന്നതായിരിക്കണം കര്‍മങ്ങളുടെ പ്രേരകം.
ആളുകളെ പിരിഞ്ഞുനില്‍ക്കുന്ന രീതി മനുഷ്യജീവിതത്തിന് ഇണങ്ങുന്നതല്ല. ഏകാന്തതയും സുഖനിഷേധവും മനുഷ്യന് ചേര്‍ന്നതല്ല. സമൂഹത്തിലിറങ്ങി സഹജീവികള്‍ക്ക് നന്മ ചെയ്യുക എന്നതാണ് ജീവിതത്തിന്റെ താളം. സാമൂഹിക ജീവിതത്തിന്റെ സുഖവും സമാധാനവും മനുഷ്യമനസ്സ് കൊതിക്കുന്നതാണ്. ഏകാന്തജീവിതം മനസ്സിന് ആഘാതമേല്‍പ്പിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നടന്ന ഒരു സര്‍വേയില്‍ 1.23 ലക്ഷം പുരുഷന്മാരും 3.68 ലക്ഷം സ്ത്രീകളും തനിച്ചു താമസിക്കുകയും ഏകാന്തതയുടെ ദുരിതം അനുഭവിക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍ (ഠവല ഒശിറൗ, 682017). ഏകാന്തത തീര്‍ച്ചയായും നിങ്ങളെ കൊല്ലും എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇസ്‌ലാമിന്റെ അഞ്ചുനേരത്തെ സമൂഹപ്രാര്‍ഥന നല്‍കുന്ന സുരക്ഷ പ്രസക്തമാകുന്നത് ഇവിടെയാണ്. ഏകാന്തജീവിതം ഇസ്‌ലാം പ്രേരിപ്പിക്കുന്നില്ല. പരസ്പരം അറിഞ്ഞും നല്‍കിയും മുന്നോട്ടുപോകണമെന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങളെല്ലാം സമൂഹവുമായി ചേര്‍ന്ന് നിര്‍വഹിക്കേണ്ടതിനാല്‍ ഏകാന്ത ജീവിതത്തിന്റെ ദുരിതക്കയത്തിലേക്ക് ഇസ്‌ലാമിന് അതിന്റെ അനുയായികളെ തള്ളാനാവില്ല. മനുഷ്യ മനസ്സറിയുന്ന നിയന്താവാണല്ലോ ഇസ്‌ലാമിലെ ഓരോന്നും ക്രമപ്പെടുത്തിയത്.
പ്രവാചകന്മാര്‍ എന്താണ് ജനങ്ങളോട് ആവശ്യപ്പെട്ടത്? എന്തെങ്കിലും ഭൗതികനേട്ടങ്ങള്‍? ഇല്ല. അവര്‍ ജനങ്ങളെ ഉപദേശിച്ചത് ഒരേ കാര്യമായിരുന്നു: 'പ്രപഞ്ചനാഥനെ അനുസരിക്കുക. അക്രമങ്ങള്‍ നടത്താതിരിക്കുക. സത്യധര്‍മങ്ങള്‍ പാലിച്ച് ജീവിക്കുക' - ഇതായിരുന്നു പ്രവാചക സന്ദേശത്തിന്റെ സത്ത. മനുഷ്യര്‍ക്ക് കാരുണ്യമായാണ് പ്രവാചക നിയോഗം എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ പ്രവാചകനില്‍നിന്ന് എങ്ങനെ പ്രതികാരം പ്രതീക്ഷിക്കാനാകും? പിന്നീട് മതത്തിന്റെ ലേബലില്‍ പ്രചരിച്ച അതിരുകവിച്ചിലുകളെല്ലാം ചിലരുടെ നിര്‍മിതികളായിരുന്നു. അവയെല്ലാം മതത്തിന് പുറത്തുമാണ്.
'ഞാനുറങ്ങി, സ്വപ്‌നം കണ്ടു, ജീവിതം സുന്ദരമെന്ന്; ഞാനുണര്‍ന്നു, മനസ്സിലായി, ജീവിതം ഉത്തരവാദിത്തമെന്ന്' - എലന്‍ എസ്. ഹൂപ്പറിന്റെ ഈ ചിത്രീകരണം ജീവിതത്തെ സുന്ദരമായി വിലയിരുത്തുന്നു. സ്വന്തം കടമകള്‍ നിര്‍വഹിച്ചിട്ടുണ്ടെന്ന ബോധ്യത്തോടെ ജീവിക്കാന്‍ കഴിയുക അപാരമായ സംതൃപ്തി നല്‍കുന്നതാണ്. അവര്‍ക്കാണ് മരണം പൂമാലകള്‍ ചാര്‍ത്തിയ സുവര്‍ണ കവാടമാകുന്നത്. 'ശബ്ദവും ക്രോധവും നിറഞ്ഞ നിരര്‍ഥകമായ വിഡ്ഢിക്കഥയാണ് ജീവിതം' എന്നാണ് ഷെക്‌സ്പിയര്‍ കഥാപാത്രം മാക്ബത്തിന്റെ വിലാപം. ഇരുള്‍ മൂടിയ കഥാപാത്രങ്ങളില്‍നിന്ന് യഥാര്‍ഥ ജീവിതം കണ്ടെത്താനാവില്ല. കൂട്ടിയും കുറച്ചും യുക്തിവാദികളും കണ്ടെത്തിയത് ജീവിതം പൂജ്യമാണെന്നാണ്. മാക്ബത്തില്‍നിന്ന് മുമ്പോട്ടുപോകാന്‍ യുക്തിവാദികള്‍ക്കും കഴിഞ്ഞില്ല.
വിഡ്ഢിക്കഥയല്ല ജീവിതം, ഉത്തരവാദിത്തങ്ങളുടെ മനോഹരമായ അടുക്കുകളാണ് ജീവിതം. അറിഞ്ഞ് അനുഭവിക്കേണ്ട മനോഹരമായ അനുഭൂതി. രമ്യമായ മാര്‍ഗവും ഉന്നതമായ ലക്ഷ്യവും സഫലമായ പര്യവസാനവും നല്‍കാന്‍ ദൈവദത്തമായ കര്‍മപഥത്തിനേ കഴിയൂ.
Comments