അഭ്യൂഹങ്ങള്‍, കിംവദന്തികള്‍
കിട്ടുന്ന വാര്‍ത്തകളുടെയും വിവരങ്ങളുടെയും നിജഃസ്ഥിതി അറിയാതെ, മുന്‍വിധികളോടെ അവയെ സമീപിച്ച് തീരുമാനത്തിലെത്തുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് കൊടിയ വിപത്തിനിടയാക്കും. സമൂഹത്തെ പൊതുവിലും മുസ്‌ലിംകളെ പ്രത്യേകമായും ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും തീരുമാനങ്ങളും അവയുടെ പശ്ചാത്തലത്തില്‍നിന്നും സാഹചര്യത്തില്‍നിന്നും അടര്‍ത്തിയെടുത്ത് പൊതുജനമധ്യത്തില്‍ അവതരിപ്പിക്കുകയും വീണ്ടു വിചാരമില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ചിലരില്‍ കാണാം. ധൃതിയുടെയും അനവധാനതയുടെയും ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രവാചക പത്‌നി ആഇശ(റ)യെക്കുറിച്ച അപവാദത്തിന്റെ പശ്ചാത്തലത്തില്‍ ആ പ്രവണതയെ കുറ്റപ്പെടുത്തി അല്ലാഹു ഇടപെട്ടു: ''നിങ്ങള്‍ നിങ്ങളുടെ നാവുകള്‍കൊണ്ട് അതേറ്റുപറയുകയും, നിങ്ങള്‍ക്ക് ഒരു വിവരവും ഇല്ലാത്തത് നിങ്ങളുടെ വായകൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാര കാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ അത് ഗുരുതരമാകുന്നു'' (അന്നൂര്‍: 15).
കാതുകൊണ്ട് കേള്‍ക്കുന്ന കാര്യങ്ങള്‍ മനസ്സിലും മസ്തിഷ്‌കത്തിലും ഇട്ട് മനനം ചെയ്ത് നാവുകൊണ്ട് പറയുകയോ പറയാതിരിക്കുകയോ ചെയ്യുകയാണ് സ്വാഭാവിക രീതി. 'നാവുകൊണ്ട് ഏറ്റുപറഞ്ഞു' എന്ന ഖുര്‍ആനിന്റെ പരാമര്‍ശം, സ്വാഭാവിക രീതിയില്‍നിന്നുള്ള വ്യതിയാനമായിരുന്നു അതെന്ന് സൂചിപ്പിക്കാനാണ്. കപടനായ ഉബയ്യുബ്‌നു സുലൂലിന്റെ നാവില്‍നിന്നുതിര്‍ന്ന ആരോപണങ്ങള്‍ ചിന്താലേശമന്യേ പ്രചരിപ്പിച്ചവരുടെ മനോഗതങ്ങള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ പൊതുബോധത്തിനേല്‍പിച്ച ആഘാതം മാരകമായിരുന്നു. അത്യന്തം ജുഗുപ്‌സാവഹമായ ആ വാര്‍ത്താവിനിമയ ശൈലിയെ ഖുര്‍ആന്‍ കുറ്റപ്പെടുത്തിയതെങ്ങനെയെന്ന് ശഹീദ് സയ്യിദ് ഖുത്വ്ബ് വിവരിക്കുന്നുണ്ട്: ''അതീവ ഗുരുതരവും അത്യന്തം അപകടകരവുമായ ഒരു വിഷയം കൈകാര്യം ചെയ്തത് ഭവിഷ്യത്തുകളെക്കുറിച്ച് തെല്ലും ബോധമില്ലാതെ നിരുത്തരവാദപരമായാണ്. അവകാശ ഹനനത്തിന്റെയും അവഹേളനത്തിന്റെയും നിസ്സാരവല്‍ക്കരണത്തിന്റെയും ആ ശൈലി ഖുര്‍ആന്‍ വരച്ചുകാട്ടുന്നത് ചിന്താര്‍ഹമാണ്. 'നിങ്ങള്‍ നാവുകൊണ്ട് അതേറ്റുപറഞ്ഞു.' യാതൊരുവിധ ചിന്തയും പരിശോധനയും ആലോചനയുമില്ലാതെ നാവുകള്‍ നാവുകളില്‍നിന്ന് ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. വാക്കുകള്‍ കാതുകളില്‍ കടന്ന് തലയിലൂടെ പ്രവഹിച്ച് ഹൃദയങ്ങളെ ചിന്താബന്ധുരമാക്കുകയെന്ന പ്രക്രിയ നടന്നില്ല. നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ വായകൊണ്ട് മൊഴിഞ്ഞു. പ്രജ്ഞ കൊണ്ടോ ഹൃദയം കൊണ്ടോ ബുദ്ധികൊണ്ടോ നിങ്ങള്‍ അവ പരിശോധിച്ച് സത്യം മനസ്സിലാക്കാന്‍ യത്‌നിച്ചില്ല. ബോധമണ്ഡലത്തെ സ്പര്‍ശിക്കാതെ വായകള്‍ വിക്ഷേപിക്കുന്ന വാക്കുകള്‍ക്ക് പിറകെ പോവുകയായിരുന്നു തല്‍പരകക്ഷികള്‍' (ഫീ ളിലാലില്‍ ഖുര്‍ആന്‍: 6/8).
വാര്‍ത്തകളുടെ സത്യാവസ്ഥ തിരക്കാതെ അവയുടെ പിറകെ അന്ധരും ബധിരരുമായി 'പിമ്പേ ഗമിച്ചിടുന്ന' ഗോവിന്റെ സ്വഭാവം ചിലരില്‍ ഉണ്ടാവുന്നത് പിറന്നു വളര്‍ന്ന ചുറ്റുപാടില്‍നിന്നാവും. അത്തരം ദുഃസ്വഭാവങ്ങള്‍ ശീലിച്ച കൂട്ടുകാരുമായുള്ള ചങ്ങാത്തം നിമിത്തമാവും. പ്രചാരണങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാത്ത ദുര്‍ബലമനസ്‌കരും ചഞ്ചലചിത്തരും ചതിക്കുഴികളില്‍ വിഴാന്‍ എളുപ്പമാണ്. ചിലരുടെ തേനൂറും വാക്കുകള്‍ കര്‍ണപുടങ്ങളില്‍ വന്നു പതിച്ചാല്‍ വിശ്വസിക്കുകയല്ലാതെ നിവൃത്തിയുണ്ടാവില്ല. അന്നേരം നിജഃസ്ഥിതി അന്വേഷിക്കണമെന്ന് തോന്നുകയേയില്ല. അതാണ് നബി(സ) സൂചിപ്പിച്ചത്: 'നിങ്ങള്‍ തര്‍ക്കങ്ങളും കേസുകളുമായി എന്നെ സമീപിക്കും. ചിലര്‍ ചിലരേക്കാള്‍ തെളിവുകള്‍ നിരത്തി തങ്ങളുടെ ഭാഗം സമര്‍ഥിക്കാന്‍ വാഗ്‌വിലാസം ഉള്ളവരായിരിക്കും. അത്തരം വാക്കുകള്‍ കേട്ട് ഞാന്‍ ആരുടെയെങ്കിലും അവകാശത്തില്‍ കൈവെച്ച് കേസ് തീര്‍പ്പാക്കാന്‍ ഇടവന്നാല്‍, ഓര്‍ക്കണം, നരകത്തിന്റെ ഒരു കഷ്ണമാണ് ഞാന്‍ അയാള്‍ക്ക് മുറിച്ചുനല്‍കുന്നതെന്ന്. അയാള്‍ അത് സ്വീകരിക്കരുത്' (ബുഖാരി).
തങ്ങള്‍ക്ക് പകര്‍ന്നു കിട്ടുന്ന വാര്‍ത്തകളുടെ നിജഃസ്ഥിതി അറിയാനുള്ള വൈഭവം ഇല്ലായ്മ മൂലവും, ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ ഇത്തരം വാര്‍ത്തകളുടെ പ്രചാരകരായിത്തീരാറുണ്ട്. സത്യസ്ഥിതി ബോധ്യമാവാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.
* അല്ലാഹുവിലേക്കും റസൂലിലേക്കും വിവരവും വിവേകവുമുള്ള വ്യക്തികളിലേക്കും തിരിയുക: 'അത് അവര്‍ ദൈവദൂതനിലേക്കും അവരിലെ കൈകാര്യകര്‍ത്താക്കളിലേക്കും മടക്കിയിരുന്നുവെങ്കില്‍....' (അന്നിസാഅ്: 83).
* വിഷയവുമായി ബന്ധപ്പെട്ട വ്യക്തിയോട് നേരിട്ടന്വേഷിച്ച് സത്യസ്ഥിതി അറിയുക. ഹാത്വിബുബ്‌നു അബീബല്‍തഅഃ എന്ന സ്വഹാബിയുടെ കാര്യത്തില്‍ നബി(സ) ഈ രീതിയാണ് കൈക്കൊണ്ടത്. നബി(സ)യുടെ യുദ്ധ സന്നാഹങ്ങളെക്കുറിച്ച് അദ്ദേഹം കത്തിലൂടെ മക്കക്കാരെ അറിയിച്ചെന്ന വിവരം കിട്ടിയപ്പോള്‍, തീരുമാനമെടുക്കുന്നതിനു മുമ്പ് നബി(സ) അദ്ദേഹത്തെ വിളിച്ച് അന്വേഷിക്കുകയായിരുന്നു: 'ഹാത്വിബ്, എന്താണിത്? എന്തിനിങ്ങനെ ചെയ്തു?'
ഹാത്വിബ്: 'റസൂലേ, എന്റെ കാര്യത്തില്‍ ധൃതിവെച്ച് തീരുമാനം എടുക്കാതിരുന്നാലും! ഖുറൈശികളുടെ ചെല്ലിലും ചെലവിലും കഴിഞ്ഞുകൂടിയ വ്യക്തിയായിരുന്നു ഞാന്‍. അവരില്‍പെട്ടവനല്ലെങ്കിലും അവരുമായി സഖ്യത്തിലായിരുന്നു. അങ്ങയോടൊപ്പം വന്ന മുഹാജിറുകളുടെ കാര്യം അങ്ങനെയല്ല. അവരുടെ സ്വത്തും മുതലും സംരക്ഷിക്കാന്‍ മക്കയില്‍ അവര്‍ക്ക് കൂട്ടുകാരും കുടുംബക്കാരുമുണ്ട്. അതൊന്നും അവകാശപ്പെടാനില്ലാത്ത എനിക്ക് അവരുടെ മനസ്സില്‍ കടന്നുകൂടാന്‍ ഉള്ള ഒരു വഴി നേടുക മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. മതപരിത്യാഗം ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇസ്‌ലാം കൈവിട്ട് കുഫ് ര്‍ പുല്‍കാനും എനിക്ക് ഉദ്ദേശ്യമില്ല.' വിശദീകരണം കേട്ട നബി(സ) അദ്ദേഹത്തിന് മാപ്പുനല്‍കി. 'അദ്ദേഹം സത്യമാണ് ബോധിപ്പിച്ചത്.'
അദ്ദേഹത്തെ വധിക്കാന്‍ അനുവാദം ചോദിച്ച ഉമറി(റ)നെ സമാധാനിപ്പിച്ചു നബി(സ): 'നിങ്ങള്‍ ആഗ്രഹിക്കുന്നത് ചെയ്തുകൊള്ളൂ. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു' എന്ന് അല്ലാഹു ബദ്‌റില്‍ പങ്കു വഹിച്ച ആളുകള്‍ക്ക് ദര്‍ശനം നല്‍കി പറഞ്ഞിട്ടില്ലെന്ന് ആരറിഞ്ഞു ഉമര്‍! (ബുഖാരി).
* ഒന്നിച്ചുകഴിഞ്ഞും ഒപ്പം ജീവിച്ചുമുള്ള അനുഭവങ്ങള്‍. ഉമറിന്റെ സദസ്സില്‍ ഒരാള്‍ മറ്റൊരാളെ വാഴ്ത്തി പറയുകയാണ്. ഉമര്‍ അയാളോട്: 'നീ അയാളുമൊന്നിച്ച് യാത്ര ചെയ്തിട്ടുണ്ടോ?'
അയാള്‍: 'ഇല്ല.'
ഉമര്‍: 'നീ അയാളെ വല്ല അമാനത്തും ഏല്‍പിക്കുകയുണ്ടണ്ടായോ?
അയാള്‍: 'ഇല്ല.'
ഉമര്‍: 'നിങ്ങള്‍ തമ്മില്‍ വല്ല സാമ്പത്തിക ഇടപാടും?'
അയാള്‍: 'ഇല്ല.'
ഉമര്‍: 'മിണ്ടാതിരിക്ക്. നിനക്ക് അയാളെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. അയാള്‍ പള്ളിയില്‍ തലതാഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നത് മാത്രമേ നീ കണ്ടിരിക്കുകയുള്ളൂ' (ബൈഹഖി).
* ബന്ധപ്പെട്ട കക്ഷികളെയെല്ലാം ഒന്നിച്ചിരുത്തി വിശദമായി അന്വേഷിച്ച് സത്യം ഗ്രഹിക്കുക.
യമനിലേക്ക് ന്യായാധിപനായി അലി(റ)യെ നിയോഗിച്ചയക്കുമ്പോള്‍ നബി(സ)ഉണര്‍ത്തി: 'അല്ലാഹു താങ്കളുടെ ഹൃദയത്തിന് നേരായ വഴി കാണിച്ചുതരട്ടെ. നാവിന് സ്ഥൈര്യം നല്‍കട്ടെ. രണ്ട് കക്ഷികള്‍ കേസുമായി താങ്കളെ സമീപിച്ചാല്‍ ഇരുവരെയും സശ്രദ്ധം കേള്‍ക്കാതെ വിധി പുറപ്പെടുവിക്കരുത്. വിധി സുതാര്യമാവാന്‍ അതാവശ്യമാണ്' (അബൂദാവൂദ്). വിധിതീര്‍പ്പില്‍ ഉണ്ടാവേണ്ട സത്യാന്വേഷണ നിഷ്ഠയെയാണ് ഇത് സൂചിപ്പിക്കുന്നത്.
* ബന്ധപ്പെട്ട കക്ഷിയില്‍നിന്ന് പലവട്ടം, വിവിധ വേളകളില്‍ സത്യം അന്വേഷിച്ചറിയുക. നിരവധി തവണ കണ്ടും ചര്‍ച്ച ചെയ്തും വിലയിരുത്തിയും വേണം സത്യം മനസ്സിലാക്കാന്‍. അബ്ദുല്ലാഹിബ്‌നു ഉമര്‍ ഉദ്ധരിച്ച ഒരു ഹദീസിന്റെ നിജഃസ്ഥിതിയില്‍ സംശയം പ്രകടിപ്പിച്ച ആഇശ(റ) ഉര്‍വത്തുബ്‌നു സുബൈറിനോട് ആ ഹദീസിനെക്കുറിച്ച് അന്വേഷിച്ചു. ഉര്‍വയും ആ ഹദീസ് ഉദ്ധരിച്ചു. വീണ്ടും സംശയിച്ച ആഇശ: ഉര്‍വയോട്: 'നിങ്ങള്‍ അബ്ദുല്ലാഹിബ്‌നു ഉമറിനോട് നേരിട്ടു തന്നെ ചോദിച്ച് സത്യം മനസ്സിലാക്കണം.' അങ്ങനെ ഉര്‍വ അബ്ദുല്ലാഹിബ്‌നു ഉമറിനെ നേരില്‍ കണ്ട് ഹദീസിനെക്കുറിച്ച് ഉറപ്പുവരുത്തി ആഇശക്ക് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അവര്‍: 'സത്യമാണ് അദ്ദേഹം പറഞ്ഞതെന്ന് എനിക്കിപ്പോള്‍ ബോധ്യമായി. ആ ഹദീസിലെ ഒരു വാക്കും അദ്ദേഹം കൂട്ടുകയോ കുറക്കുകയോ ചെയ്തിട്ടില്ല' (മുസ്‌ലിം).
സംഗ്രഹം: പി.കെ.ജെ
Comments