Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 08

3029

1439 റബീഉല്‍ അവ്വല്‍ 19

ഹാദിയ കേസിന്റെ പരിണതി

ഹസനുല്‍ ബന്ന

രണ്ട് മണിക്കൂര്‍ നിന്നനില്‍പില്‍ നിര്‍ത്തിയ ശേഷം ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുകയും തുടര്‍ന്ന് അവര്‍ ആവശ്യപ്പെട്ടതില്‍നിന്ന് വ്യത്യസ്തമായി ഒരു തീര്‍പ്പ് കല്‍പിക്കുകയുമാണ് നവമ്പര്‍ 27-ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹാദിയ കേസില്‍ ചെയ്തത്. എല്ലാ ഏജന്‍സികളും ഭരണകൂട സ്ഥാപനങ്ങളും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതിന്റെ മുന്‍ അനുഭവങ്ങളുള്ള ഒരു രാജ്യത്ത് ഇത്തരമൊരു തീര്‍പ്പിലേക്ക് കോടതിയെ നയിച്ചത് എന്താണ് എന്നതിനെക്കുറിച്ച് നിയമത്തിന്റെ മുടിനാരിഴ മാത്രം കീറി പരിശോധിക്കുന്നത് അര്‍ഥശൂന്യമാണ്. 

ഹാദിയ കേസിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങളും ഹാദിയ എത്തിയ ദിവസം കോടതിമുറിയിലുണ്ടായിരുന്ന അന്തരീക്ഷവും പരിഗണിച്ചാല്‍ കുഴപ്പമില്ലാത്ത വിധിയെന്നേ ഈ തീര്‍പ്പിനെ കുറിച്ച് പറയാനാകൂ. കേസിലെ രണ്ട് കക്ഷികള്‍ക്കും അത്യാഹ്ലാദത്തിന് വകയില്ലാത്തതും എന്നാല്‍ ഹാദിയക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതുമാണ് വിധി. 

ഭര്‍ത്താവിനൊപ്പം പോകണമെന്ന് കൊച്ചിയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ മനസ്സ് തുറന്ന ഹാദിയ അതുപോലെ സുപ്രീം കോടതിയില്‍ പറയുമെന്നും, പ്രായപൂര്‍ത്തിയെത്തിയ ഒരു സ്ത്രീക്ക് ഭരണഘടന അനുവദിക്കുന്ന അവകാശമനുസരിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബെഞ്ച് അത് അംഗീകരിക്കുമെന്നും കരുതിയവരാണ് കോടതി വിധിക്ക് ശേഷം വലിയ നിരാശയിലായത്. ഹാദിയ കേസിനെ ഒരു സ്ത്രീയുടെ മൗലികാവാകാശ പ്രശ്‌നം മാത്രമാക്കി പരിഗണിക്കുന്ന ഒരു കോടതിക്ക് അത്തരമൊരു തീരുമാനമെടുക്കാം. എന്നാല്‍ ഇനിയും സ്റ്റേ ചെയ്യാത്ത കേരള ഹൈകോടതി വിധി മുന്നില്‍ വെച്ച് ഇടക്കിടെ 'അതിലുന്നയിച്ച വസ്തുതകള്‍' ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു ബെഞ്ചില്‍നിന്ന് അത് പ്രതീക്ഷിക്കുന്നത് അതിമോഹമാകും. 

 

ശഫിനൊപ്പം വിടില്ലെന്ന് നേരത്തേ പറഞ്ഞത്

ഹാദിയ കോടതിയിലേക്ക് വന്ന് ഭര്‍ത്താവിനൊപ്പം പോകണമെന്ന് പറഞ്ഞാലും അക്കാര്യത്തില്‍ പെട്ടെന്നൊരു തീര്‍പ്പ് കല്‍പിക്കാനാവില്ലെന്ന് സുപ്രീം കോടതി നേരത്തേ പറഞ്ഞതാണ്. പിതാവ് അശോകന്റെ പ്രഗത്ഭനായ അഭിഭാഷകന്‍ വാദിച്ചതുപോലെ രാജ്യത്ത് വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാകുമെന്ന് ഭയപ്പെട്ടതുകൊണ്ടല്ല അത്. തോറബോറയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്താല്‍ എന്ത് കിട്ടുമെന്ന് ഫേസ് ബുക്കിലൂടെ മന്‍സി ബുറാഖുമായി ശഫിന്‍ ജഹാന്‍ നടത്തിയ സംഭാഷണം തൊട്ട് ഹൈക്കോടതി ഹാദിയയെ പറഞ്ഞയച്ച നാളില്‍ തന്നെ നടന്ന അസ്വാഭാവികമെന്ന് തോന്നാവുന്ന വിവാഹം വരെ ഹാദിയയുടെ പിതാവും എന്‍.ഐ.എയും ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിലുടക്കിയാണ് പലപ്പോഴും ഭരണഘടനാപരമായ അവകാശ ചര്‍ച്ചകള്‍ സുപ്രീം കോടതിയില്‍ വഴിമുട്ടി പോകുന്നത്. ഇത്തരം ഘട്ടങ്ങളില്‍ ശഫിന്‍ ജഹാന്റെ അഭിഭാഷകര്‍ സ്വീകരിക്കുന്ന നിലപാടുകളും കേസില്‍ പ്രധാനമാണ്. 

ജസ്റ്റിസ് ജെ.എസ് ഖഹാറിന്റെ നേതൃത്വത്തില്‍ ഹാദിയ കേസ് തുടക്കം മുതല്‍ കേട്ട ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തുടക്കം മുതല്‍ എന്‍.ഐ.എ വാദങ്ങളെ മുഖവിലക്കെടുക്കുന്ന സമീപനമാണ് പുലര്‍ത്തിപ്പോന്നിട്ടുള്ളത്. ഈ നിലപാട് വഴി ശഫിന്റെ ഭാഗം പറയാന്‍ കോടതിയില്‍ സമയം കിട്ടാതായിട്ടുണ്ട് പലപ്പോഴും. എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിലേക്ക് മാറിയ ശേഷം ദുഷ്യന്ത് ദവെ നടത്തിയ വാദമാണ് കേസിന്റെ ഗതി മാറ്റിയതും ഹാദിയയെ വിളിക്കാമെന്ന നിലപാടിലേക്ക് സുപ്രീം കോടതി എത്തിയതും. ഇതിനു മുമ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹേബിയസ് കോര്‍പസ് ഹരജിയില്‍ നടത്തിയ വിധിപ്രസ്താവം ദവെ ആധാരമാക്കിയതോടെ ഹാദിയയെ വിളിക്കുമെന്ന് ചീഫ് ജസ്റ്റിസിന് പറയേണ്ടിവന്നു. എന്നാല്‍ അതിനു ശേഷമാണ് ഇപ്പോള്‍ ഹാദിയ കേസിലുള്ള ചീഫ് ജസ്റ്റിസടക്കം രണ്ട് പേര്‍ക്കെതിരെ ആരോപണങ്ങളുയര്‍ത്തി സുപ്രീം കോടതി കോഴക്കേസില്‍ ദുഷ്യന്ത് ദവെ അഭിഭാഷകനായി വന്നത്. ഏറെ വിവാദമായ ആ കേസിനു ശേഷം ഹാദിയ കേസ് വരുമ്പോള്‍ ബെഞ്ചിന്റെ അപ്രീതിക്കിരയായ ഒരു അഭിഭാഷകനെ വിളിക്കാതെ സിബലിനെ തന്നെ വിളിക്കുകയാണ് ശഫിന്റെ അഭിഭാഷകര്‍ ചെയ്തത്. സിബലാകട്ടെ ദവെയെ പോലെ തുറന്നടിക്കാതെ ആളും തരവും നോക്കി മാത്രമേ വല്ലതും പറയൂ. 

പൗരന്റെ മൗലികാവകാശം പോലെ പരമപ്രധാനമല്ലേ ദേശരക്ഷ എന്ന് ചോദിക്കുമ്പോള്‍ അല്ല എന്ന് ഒറ്റയടിക്ക് പറയാന്‍ ശഫിന്റെ അഭിഭാഷകനായ കപില്‍ സിബലിന് കഴിയില്ല. 'ആ വശവും പ്രധാനമാണ്, പക്ഷേ അതിനാധാരമായ വസ്തുതകളെവിടെ' എന്നേ പരമാവധി അദ്ദേഹത്തിന് ചോദിക്കാന്‍ കഴിയൂ. ഇതെല്ലാം മോദി സര്‍ക്കാറിന്റെ ഏജന്‍സിയായ എന്‍.ഐ.എയുടെ രാഷ്ട്രീയ ആരോപണങ്ങളാണെന്ന് ദുഷ്യന്ത് ദവെക്ക് തുറന്നടിക്കാമെങ്കിലും ഇപ്പോഴും കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തുള്ള കപില്‍ സിബലിന് അത് സാധിക്കില്ല. നേരത്തേ ഭരണകൂടത്തിന്റെ ഏജന്‍സികളെയും സംവിധാനങ്ങളെയും ഉപയോഗിച്ച ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ പരിമിതി കൂടിയുണ്ടിതില്‍. 

എന്നാല്‍ നവംബര്‍ 27-ന് ഹാദിയയെ വിളിച്ചുവരുത്തിയിട്ടും രണ്ട് മണിക്കൂര്‍ ഒന്നും മിണ്ടുക പോലും ചെയ്യാതെ നിന്നനില്‍പില്‍ നിര്‍ത്തുന്ന ബെഞ്ചിനോട് ഒരുവേള സിബല്‍ കയര്‍ക്കുന്നതിനും കോടതി സാക്ഷിയായി. ഹാദിയയുടെ മൊഴിയാണോ എന്‍.ഐ.എ സമര്‍പ്പിച്ച കാര്യങ്ങളാണോ ആദ്യം പരിശോധിക്കേണ്ടതെന്ന് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്ന ചീഫ് ജസ്റ്റിസിനോട് ഇനിയൊന്നും പറയാനില്ലെന്നും കോടതിക്ക് അതിന്റെ ഉത്തരവിറക്കാം എന്നും അമര്‍ഷത്തോടെ സിബലിന് പറയേണ്ടിവന്നു. തൊട്ടുമുമ്പത്തെ വിചാരണാവേളയില്‍ ഹാദിയയോട് കാണിച്ച അനുകമ്പ അവര്‍ നേരില്‍ കോടതിയില്‍ വന്നപ്പോള്‍ കാണിക്കാതിരുന്നതാണ് സിബലിനെ പ്രകോപിപ്പിച്ചത്. 

 

വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന വിധം

ഹാദിയ കേസിന്റെ പരിണതി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുമെന്നായിരുന്നു അടച്ചിട്ട കോടതി മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന വാദത്തിന് ശ്യാം ദിവാന്‍ നിരത്തിയ ഒരു ന്യായം. ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു സംഘടന വിശ്വാസം അടിച്ചേല്‍പിക്കുമ്പോള്‍ അവരുടെ ഫണ്ടിംഗും മറ്റും അന്വേഷിക്കണമെന്നും കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച കാര്യങ്ങളാണ് ആദ്യം  പരിശോധിക്കേണ്ടതെന്നും ഹാദിയയുടെ മൊഴിയെടുക്കുകയല്ല വേണ്ടതെന്നും അശോകനു വേണ്ടി ഹാജരായ അഡ്വ. ശ്യാം ദിവാന്‍ വാദിച്ചിരുന്നു. നിരോധിത സിമിയിലുണ്ടായിരുന്നവര്‍ ഉണ്ടാക്കിയതാണ് പോപ്പുലര്‍ ഫ്രന്റ് എന്ന വാദവും ഇതിന് ബലമേകാന്‍ ദിവാന്‍ നിരത്തി. 

എന്നാല്‍ ഇതിനെ സമര്‍ഥമായി അതിജയിക്കാന്‍ സിബലിന് കഴിഞ്ഞു. തന്നെ ഏറെ ദുഃഖിപ്പിക്കുന്ന വാദഗതിയാണ് ദിവാന്‍ നടത്തിയതെന്ന് വര്‍ഗീയ പരാമര്‍ശത്തെ സിബല്‍ വിമര്‍ശിച്ചു. ശഫിനെതിരായ അദ്ദേഹത്തെ പോലുള്ളവരുടെ വാദത്തിന് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല എന്നും ആ വാദം തുടങ്ങുന്ന നിമിഷം അത് വര്‍ഗീയ പ്രചാരണമാണെന്ന് ദിവാന്‍ തന്നെ പറയുമെന്നും സിബല്‍ പരിഹസിച്ചു. എല്ലാ പ്രണയങ്ങളും ലൗ ജിഹാദാക്കരുതെന്ന ഹാദിയ കേസിനു ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച വിധി വായിച്ചുകേള്‍പ്പിച്ചതോടെ വര്‍ഗീയ ധ്രുവീകരണമെന്ന വാദം സുപ്രീം കോടതി തള്ളി.  

തങ്ങളെ കാണിക്കാത്ത രേഖ വെച്ച് തങ്ങള്‍ക്ക് ഒന്നും വാദിക്കാനാകില്ലെന്നും ഇപ്പോള്‍ ഹാദിയയെ കേള്‍ക്കണമെന്ന് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കപില്‍ സിബല്‍ തുടര്‍ന്നു. വിവാഹവും മതപരിവര്‍ത്തനവും എന്‍.ഐ.എ കേസുമെല്ലാം പിന്നീട് പരിഗണിക്കാം. ഒരു പ്രായപൂര്‍ത്തിയായ സ്ത്രീക്ക് പറയാനുള്ളത് കേള്‍ക്കാനാണ് കോടതി വിളിച്ചുവരുത്തിയത്. വിവാഹത്തെയും സമ്മതത്തെയും മതപരിവര്‍ത്തനത്തെയും കുറിച്ച് താന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അതൊക്കെ പിന്നീട് വാദിക്കാമെന്നും വിളിച്ചുവരുത്തിയ പ്രായപൂര്‍ത്തിയായ സ്ത്രീക്ക് പറയാനുള്ളത് ഇനിയും വൈകാതെ  കേള്‍ക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്നും സിബല്‍ വാദിച്ചു. അങ്ങനെയാണ് കോടതി ഹാദിയയുടെ മൊഴിയെടുക്കാന്‍ തയാറാവുന്നത്.  

 

പൊതുബോധം പ്രതിഫലിപ്പിച്ച കേരള അഭിഭാഷകന്‍

സുപ്രീം കോടതി മുമ്പില്‍ വെച്ച ഈ രേഖകളിലേക്ക് നോക്കണമെന്ന സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വി. ഗിരിയുടെ നിലപാട് ഹാദിയ കേസില്‍ കേരളത്തിലെ പോതുബോധത്തിന്റെ പ്രതിഫലനമാണ്. ഹാദിയയുടെ മൊഴിയാണോ എന്‍.ഐ.എ സമര്‍പ്പിച്ച കാര്യങ്ങളാണോ ആദ്യം പരിശോധിക്കേണ്ടതെന്ന തര്‍ക്കം വന്നപ്പോഴായിരുന്നു കോടതിയെ ഞെട്ടിച്ച ഗിരിയുടെ ഇടപെടല്‍. എന്‍.ഐ.എ സമര്‍പ്പിച്ച കാര്യമാണ് ഗൗരവമെന്ന് സൂചിപ്പിച്ച് ചില ഘട്ടങ്ങളില്‍ നമുക്ക് ഇതൊക്കെ നോക്കേണ്ടിവരുമെന്നായിരുന്നു ഇടതുഭാഗത്ത് ഹാദിയയെ നിര്‍ത്തി കേരള ഭരണകൂടത്തിന്റെ വികാരം പ്രതിഫലിപ്പിക്കേണ്ട അഭിഭാഷകന്‍ പറഞ്ഞത്. ഈ ആരോപണങ്ങളുടെ വിപുലമായ ചിത്രം ലഭിക്കേണ്ടതുണ്ടെന്നും ഗിരി കൂട്ടിച്ചേര്‍ത്തു.

അശോകന്റെയും എന്‍.ഐ.എ അഭിഭാഷകരുടെയും നിലപാടിനെ പിന്തുണച്ചുള്ള ഈ വാദം കേട്ട് വിശ്വാസം വരാതെയാണ് നിങ്ങള്‍ ആരുടെ അഭിഭാഷകനാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത്. ഹാദിയയുടെ മൊഴി എടുക്കുമെന്ന് തോന്നിച്ച ഘട്ടത്തിലെ ഈ തടസ്സവാദമാണ് കോടതി ഉത്തരവിന്റെ അവസാന വരിയില്‍ നിയമമനുസരിച്ച് എന്‍.ഐ.എ അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന വാക്കുകളില്‍ പ്രതിഫലിച്ചത്. 

പക്ഷേ അത് പരസ്യമായി ചോദ്യം ചെയ്യാനും ഒരു മലയാളി അഭിഭാഷകന്‍ മുതിര്‍ന്നുവെന്നതാണ് ഭാവി കേരളത്തിനു മുന്നില്‍ അവശേഷിക്കുന്ന പ്രതീക്ഷ. കടുത്ത ഇടതുപക്ഷക്കാരനും മുന്‍ ഇടത് സര്‍ക്കാറിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സലുമായ അഡ്വ. പി.വി ദിനേശിന്റെ ഇടപെടലിലാണ് ഗിരിയുടെ വാദമത്രയും തകര്‍ന്നടിഞ്ഞത്. സംസ്ഥാന വനിതാ കമീഷനു വേണ്ടി ഹാജരായതായിരുന്നു ദിനേശ്. ആ സ്ത്രീയെ അത്രയും സമയം നിര്‍ത്തിയത് സഹിക്കാനാകാതെ ഇടപെട്ടുപോയതാണെന്ന് പിന്നീട് ദിനേശ് പറയുകയും ചെയ്തു. 

 

മുസ്‌ലിം നേതൃത്വം അശോകനോട് ചെയ്യേണ്ടത്

ഹാദിയയെ ശഫിന്‍ ജഹാന്റെ ഭാര്യയായി അംഗീകരിക്കാതെ സേലത്തേക്ക് പഠിക്കാന്‍ വിട്ടതിലൂടെ പിതാവ് അശോകന് ലഭിച്ച മനഃസമാധാനം നഷ്ടമാകും മുമ്പ് എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് ആലോചിക്കാന്‍ മുസ്‌ലിം സംഘടനാ നേതൃത്വത്തിന് കൈവന്ന സുവര്‍ണാവസരമാണിത്. ഹാദിയയുടെ മോചനം ശഫിന്റെ വിജയമല്ല എന്ന് പറയുന്നതിനിടയിലും മകള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീരില്‍ ചാലിച്ച പ്രതികരണങ്ങള്‍ കേരളീയ സമൂഹത്തിന്റെ മുമ്പിലേക്ക് തുറന്നുവിട്ടുകഴിഞ്ഞു. ഹാദിയ കേസിലൂടെ കേരളത്തിലെ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടാക്കാന്‍ കഴിയുന്ന ധ്രുവീകരണം പരമാവധിയാക്കാന്‍ സംഘ് പരിവാറും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും ശ്രമിക്കും. ഹാദിയ കേസിനെ തുടര്‍ന്ന് ഇരു സമുദായങ്ങള്‍ക്കുമിടയില്‍ അവര്‍ കെട്ടിക്കൊണ്ടിരിക്കുന്ന വന്‍മതില്‍ തകര്‍ക്കാനുള്ള ശ്രമം ആ മാതാപിതാക്കളുമായി ആശയവിനിമയം നടത്തി ദൂരീകരിക്കാനുള്ള നീക്കങ്ങള്‍ അടിയന്തരമായി ചെയ്യേണ്ടതുണ്ട്. ഹാദിയ ഇല്ലാതെ തന്നെ അശോകന്റെ വീട്ടിലേക്ക് മുസ്‌ലിം സംഘടനകളും നേതാക്കളും പോകുമെന്ന് കേരളീയ സമുഹത്തിന് കാണിച്ചുകൊടുക്കാന്‍ ഇതുവഴി സാധിക്കും. ആ മാതാപിതാക്കളോട് ഗുണകാംക്ഷയോടെ മുസ്‌ലിം നേതൃത്വം ഇനി നടത്തുന്ന ഇടപഴകലുകള്‍ ഏറെ ഫലമുളവാക്കുന്നതായിരിക്കും.

Comments

Other Post

ഹദീസ്‌

ശവം തീനികള്‍
എസ്സെംകെ

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (43-44)
എ.വൈ.ആര്‍