Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 08

3029

1439 റബീഉല്‍ അവ്വല്‍ 19

ലാഭരഹിത കമ്പനികളും നിയമ പ്രശ്‌നങ്ങളും

അഡ്വ. കെ.എല്‍ അബ്ദുസ്സലാം, കണ്ണൂര്‍

(ട്രസ്റ്റ്, സൊസൈറ്റി, വഖ്ഫ്...  അവശ്യം അറിഞ്ഞിരിക്കേണ്ടത് -2)

1956-ലെ കമ്പനീസ് ആക്ട് വകുപ്പ് 25 പ്രകാരം രൂപീകരിക്കുന്ന ലാഭരഹിത കമ്പനികള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവ കലാ-സാംസ്‌കാരിക, ശാസ്ത്ര, മാനവിക ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാം.

ഇത്തരം കമ്പനികളുടെ പ്രത്യേകതകള്‍ താഴെ പറയുന്നവയാണ്:

ഇവയുടെ കമ്മിറ്റികള്‍ ലാഭവിഹിതം അംഗങ്ങള്‍ക്കിടയില്‍ വീതിക്കുകയില്ല. ഈ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് വളരെ പ്രധാനപ്പെട്ട  ഇളവുകള്‍ കമ്പനി നിയമങ്ങളില്‍ നല്‍കുന്നുണ്ട്. പേര് പ്രസിദ്ധീകരിക്കുന്നതിന് ഇളവ്, പൊതു ഒഴിവുദിവസം മീറ്റിംഗ് നടത്തുന്നതിന് ഇളവ്, പ്രവൃത്തിസമയത്തിനു ശേഷവും മീറ്റിംഗ് നടത്താന്‍ ഇളവ്. മീറ്റിംഗിന് 21 ദിവസം മുമ്പെ നോട്ടീസ് കൊടുക്കണമെന്നത് 14 ദിവസം മുമ്പ് മതി. ചുരുങ്ങിയത് 8 കൊല്ലത്തെ കണക്ക് ബുക്കുകള്‍ സൂക്ഷിക്കുന്നതിന് പകരം 4 വര്‍ഷത്തെ കണക്ക് സൂക്ഷിച്ചാല്‍ മതി. ഡയറക്ടര്‍മാരുടെ എണ്ണം കൂട്ടാം. മൂന്ന് മാസം കൂടുമ്പോള്‍ മീറ്റിംഗ് നടത്തണമെന്നത് 6 മാസത്തില്‍ ഒരിക്കല്‍ നടത്തിയാല്‍ മതി. ക്വാറത്തിലും ഇളവുണ്ട്. സര്‍ക്കുലേഷന്‍ പ്രകാരം കമ്പനിക്ക് ലോണ്‍ എടുക്കാനും നിക്ഷേപിക്കാനും ലോണ്‍ കൊടുക്കാനും ബോര്‍ഡിന് അധികാരം നല്‍കി. കമ്പനിയുടെ ബോര്‍ഡിന്റെ മാറ്റങ്ങള്‍ രജിസ്ട്രാറെ അറിയിക്കണമെന്നതിനും ഇളവു നല്‍കി.

മതപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം രൂപീകൃതമാവുന്ന ട്രസ്റ്റുകള്‍ക്ക് ആദായ നികുതി  ഇളവ് സാധാരണ ഗതിയില്‍ ലഭ്യമല്ല. അതിനുള്ള കാരണമായി, പ്രത്യേക വിഭാഗത്തിനു വേണ്ടിയാണ് ട്രസ്റ്റ്/സംഘം പ്രവര്‍ത്തിക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും ഇന്‍കം ടാക്‌സ് അധികാരികള്‍ ചൂണ്ടിക്കാട്ടുന്നു.

അതുപ്രകാരം ഇത്തരം ട്രസ്റ്റുകള്‍ പ്രൈവറ്റ് ട്രസ്റ്റായാണ് കണക്കാക്കുക. ആയതിനാല്‍ ഇന്‍കം ടാക്‌സ് ഇളവ് ലഭിക്കണമെങ്കില്‍ സംഘത്തിന്റെ/ട്രസ്റ്റിന്റെ പ്രവര്‍ത്തനം ജാതി മതവ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുക എന്ന്  ട്രസ്റ്റിന്റെ/സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ രേഖയില്‍ ചേര്‍ക്കേണ്ടതായിട്ടുണ്ട്. 

കൂടാതെ ട്രസ്റ്റിന്റെ കൈവശമുള്ള ഫണ്ട് ഇന്‍കം ടാക്‌സ് അനുവദിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളൂ എന്നും ചേര്‍ക്കേണ്ടതായിട്ടുണ്ട്.

ആദായനികുതി നിയമം അനുസരിച്ച് ചാരിറ്റബ്ള്‍ സൊസൈറ്റികള്‍ക്ക്/ട്രസ്റ്റുകള്‍ക്ക് നികുതിയില്‍നിന്ന് ഒഴിവുണ്ട്. 

നികുതി ഒഴിവ് ലഭിക്കണമെങ്കില്‍ ആദായനികുതി നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം സൊസൈറ്റികളുടെയും ട്രസ്റ്റുകളുടെയും ഉത്ഭവവും ഘടനയും പ്രവര്‍ത്തനങ്ങളും. സൊസൈറ്റികളുടെയും ട്രസ്റ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ ആദായനികുതി നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് മാത്രമായിരിക്കണം.

ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം ധര്‍മ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണം (വോളന്ററി കോണ്‍ട്രിബ്യൂഷന്‍) പ്രസ്തുത സ്ഥാപനത്തിന്റെ വരുമാനമായിട്ടാണ് ആദായനികുതി നിയമത്തില്‍ നിര്‍വ്വചിച്ചിരിക്കുന്നത്. 

ചാരിറ്റബ്ള്‍ സൊസൈറ്റികളുടെ/ട്രസ്റ്റിന്റെ സ്വത്തുക്കളില്‍നിന്നുള്ള വരുമാനവും ഇഷ്ടപ്രകാരം സൊസൈറ്റിക്ക്/ ട്രസ്റ്റിന് ലഭിക്കുന്ന സംഭാവനകളും നിബന്ധനകള്‍ക്ക് വിധേയമായി ആദായ നികുതിനിയമത്തിലെ 11, 12 വകുപ്പനുസരിച്ച് നികുതി ഒഴിവിന് അര്‍ഹമാണ്. ഒഴിവ് ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധന വരുമാനത്തിന്റെ 85 ശതമാനമെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയിരിക്കണം എന്നതാണ്.

ഏതെങ്കിലും കാരണവശാല്‍ ഇത് സാധിക്കാതെ വന്നാല്‍ പ്രസ്തുത വരുമാനം നിബന്ധനകള്‍ക്കനുസരിച്ച് വിവിധങ്ങളായ അക്കൗണ്ടുകളില്‍ നിക്ഷേപിക്കേണ്ടതാണ്. പ്രസ്തുത വരുമാനം നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതിയില്‍ നിക്ഷേപിച്ചില്ലെങ്കില്‍ അതിന് ആദായനികുതി ബാധകമാകുന്നതാണ്.

ചാരിറ്റബ്ള്‍ സൊസൈറ്റികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നികുതിയില്‍നിന്ന് ഒഴിവ് ലഭിക്കണമെങ്കില്‍ ആദായനികുതി നിയമത്തിലെ  12 എ എ വകുപ്പനുസരിച്ച് പ്രസ്തുത സ്ഥാപനങ്ങള്‍ ഇന്‍കം ടാക്‌സ് കമീഷണര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മാത്രമാണ് അവര്‍ക്ക് ആദായനികുതി നിയമത്തിലെ  11-ഉം 12-ഉം വകുപ്പനുസരിച്ചുള്ള നികുതിയൊഴിവിന് അര്‍ഹതയുണ്ടാവുക. കൂടാതെ സ്ഥാപനത്തിന് സംഭാവന ചെയ്യുന്നവര്‍ക്ക് ടാക്‌സ് ഇളവ് കിട്ടുന്നതിനു വേണ്ടി ഇന്‍കം ടാക്‌സ് വകുപ്പ് 80 ജി പ്രകാരവും രജിസ്റ്റര്‍ ചെയ്യണം. ഉദാഹരണമായി നിലവില്‍ ദല്‍ഹി ആസ്ഥാനമായുള്ള വിഷന്‍ 2016-ന് ഈ രണ്ട് ഇളവുകളും ലഭിച്ചിട്ടുണ്ട്. 

രജിസ്‌ട്രേഷന്‍ ഏതു വിധത്തില്‍ റദ്ദാക്കപ്പെടുമെന്നും ഈ വകുപ്പുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. 13-ാം വകുപ്പില്‍ ആദായനികുതിയുടെ ഒഴിവുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടാനുള്ള സാഹചര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്.

ചാരിറ്റബ്ള്‍ സൊസൈറ്റികള്‍/ട്രസ്റ്റുകള്‍ ആദായനികുതി നിയമത്തിലെ 12 എ എ വകുപ്പനുസരിച്ച് കമീഷണര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് താഴെ പറയുന്ന നിബന്ധനകള്‍ ട്രസ്റ്റ് ഡീഡില്‍ നിര്‍ബന്ധമായും കാണിച്ചിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കാറുണ്ട്:

1) സൊസൈറ്റി/ട്രസ്റ്റ് ഡീഡില്‍ അല്ലെങ്കില്‍ ബൈലോയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അവ ബന്ധപ്പെട്ട ആദായനികുതി കമീഷണറുടെ മുന്‍കൂര്‍ അനുവാദത്തോടു കൂടി മാത്രമായിരിക്കണം.

2) സൊസൈറ്റി/ട്രസ്റ്റ് ഏതെങ്കിലും കാരണവശാല്‍ പിരിച്ചുവിടുകയാണെങ്കില്‍ ട്രസ്റ്റിന്റെ സ്വത്തുക്കള്‍ അതിലെ അംഗങ്ങള്‍ക്കോ ട്രസ്റ്റികള്‍ക്കോ വീതം വെക്കാന്‍ സാധിക്കുന്നതല്ലെന്നും ട്രസ്റ്റിന്റെ സ്വത്തുക്കള്‍ ഇതേ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നതും ഇന്‍കം ടാക്‌സ് ഇളവുള്ളതും രജിസ്‌ട്രേഷനുള്ളതുമായ ചാരിറ്റബ്ള്‍ സൊസൈറ്റിയിലേക്കോ ട്രസ്റ്റിലേക്കോ അല്ലെങ്കില്‍ ഗവണ്‍മെന്റിലേക്കോ ഏല്‍പ്പിക്കേണ്ടതാണെന്നും രേഖപ്പെടുത്തണം.

3) ട്രസ്റ്റിന്റെ/സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍തന്നെ ആയിരിക്കണം. ഇന്ത്യക്കു പുറത്ത് പ്രവര്‍ത്തനം അനുവദനീയമല്ല.

4) ട്രസ്റ്റ്/സൊസൈറ്റിയുടെ പണം ട്രസ്റ്റ് ഡീഡില്‍ പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി മാത്രമേ ചെലവഴിക്കാന്‍ പാടുള്ളൂ.

ഏതെങ്കിലും കാരണവശാല്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ/ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിലക്കുന്ന സാഹചര്യം വന്നാല്‍ പ്രസ്തുത സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്യണമെന്ന് ബന്ധപ്പെട്ട വകുപ്പില്‍ സൂചിപ്പിച്ചിച്ചിട്ടുണ്ട്. അതായത് ആദായനികുതി നിയമം അനുസരിച്ച്,  നിലയ്ക്കുന്ന സൊസൈറ്റിയുടെ/ ട്രസ്റ്റിന്റെ തുല്യമായ പ്രവര്‍ത്തനങ്ങളുള്ള സൊസൈറ്റിയിലോ/ ട്രസ്റ്റിലോ അല്ലെങ്കില്‍ ഗവണ്‍മെന്റിലോ ലയിപ്പിക്കണം എന്നാണ് വ്യവസ്ഥ. ആദായനികുതി നിയമമനുസരിച്ച് ധര്‍മ സ്ഥാപനങ്ങളുടെ വരുമാനം സ്ഥാവര സ്വത്തുക്കളില്‍ നിക്ഷേപിച്ചാലും അതിന് നികുതിയിളവ് ലഭിക്കും. ആ നിലക്ക് നികുതിയിളവ് വാങ്ങി സ്വരൂപിക്കപ്പെട്ട സ്വത്തുക്കള്‍ പ്രസ്തുത ധര്‍മ സ്ഥാപനം നിര്‍ത്തി സ്വത്തുക്കള്‍ മാറ്റുമ്പോള്‍ നികുതിക്ക് വിധേയമാകുന്നതാണ് ബജറ്റിലെ പുതിയ നിയമം. പ്രസ്തുത സ്വത്തുക്കള്‍ ചാരിറ്റബ്ള്‍ സൊസൈറ്റി/ട്രസ്റ്റില്‍ നിലനില്‍ക്കുന്നേടത്തോളം കാലം പ്രവര്‍ത്തനം ഉണ്ടെങ്കില്‍ നികുതിബാധ്യത ഉണ്ടാവുന്നില്ല. നികുതി ഇളവിലൂടെ സ്വരൂപിക്കപ്പെട്ട സ്വത്തുക്കള്‍ ധര്‍മ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനുശേഷം ചാരിറ്റബ്ള്‍ അല്ലാത്ത സൊസൈറ്റിയിലേക്ക്/ട്രസ്റ്റിലേക്ക് കൈമാറ്റം ചെയ്താല്‍ നാളിതുവരെ ലഭിച്ച ആനുകൂല്യങ്ങളുടെ ദുരുപയോഗം മാത്രമായി അവയെ കണക്കാക്കുന്നതാണ്. അതിനാലാണ് പ്രസ്തുത സ്വത്തുക്കള്‍ ചാരിറ്റബ്ള്‍ അല്ലാത്ത പ്രസ്ഥാനത്തില്‍ ലയിപ്പിക്കുകയാണെങ്കില്‍ ആ സ്വത്തുക്കളുടെ മേല്‍ നികുതി ഈടാക്കുന്നത്. പ്രസ്തുത നിയമത്തിന്റെ വിശദാംശങ്ങള്‍ താഴെ വിവരിക്കുന്നു:

1) ധര്‍മ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി ആദായനികുതി നിയമം അനുസരിച്ച് രജിസ്‌ട്രേഷനുള്ള ഒരു സ്ഥാപനത്തിലേക്ക് അതിന്റെ സ്വത്തുക്കള്‍ ലയിപ്പിക്കുകയോ പ്രവര്‍ത്തനം നിര്‍ത്തി സ്ഥാപനം പിരിച്ചുവിട്ടതിനു ശേഷം സ്വത്തുക്കള്‍ പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമായതും രജിസ്‌ട്രേഷനുള്ളതുമായ സ്ഥാപനത്തിലേക്ക് 12 മാസത്തിനകം ലയിപ്പിക്കുകയോ ചെയ്യാത്ത അവസ്ഥയിലാണ് നികുതി ബാധ്യത വരുന്നത്.

2) സ്വരൂപിക്കപ്പെട്ട സ്വത്തുക്കളുടെ വിലയില്‍നിന്ന് നിലവിലുള്ള കടബാധ്യത എന്തെങ്കിലുമുണ്ടെങ്കില്‍ അത് കുറച്ചതിനു ശേഷം വരുന്ന തുകക്കാണ് നികുതി ബാധ്യത വരുന്നത്. സ്വത്തുക്കളുടെ വിലകള്‍ നിശ്ചയിക്കുന്നതിന് ഇന്‍കം ടാക്‌സ് റൂള്‍സില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

3) സ്വരൂപിക്കപ്പെട്ട സ്വത്തുക്കള്‍ക്ക് ആദായനികുതി നിയമത്തില്‍ സൂചിപ്പിച്ചിട്ടുള്ള പരമാവധി നിരക്കിലാണ് നികുതി ഈടാക്കുന്നത്. നിലവില്‍ ഇത് 30 ശതമാനമാണ്. അതായത് സ്ലാബ് നിരക്കുകള്‍ ഒന്നും ബാധകമല്ല.

4) സ്ഥാപനത്തിന് എന്തെങ്കിലും നികുതി ബാധ്യത ഉണ്ടെങ്കില്‍ പ്രസ്തുത നികുതിയുമായി ഈ നികുതിക്ക് ബന്ധമുണ്ടാവില്ല.

5) പ്രസ്തുത നികുതിയി•േല്‍ സ്ഥാപനത്തിന് ഒരു ക്രഡിറ്റും  ലഭിക്കുന്നതല്ല. സ്ഥാപനത്തിന് യാതൊരു വരുമാനവും ഇല്ലെങ്കിലും ഈ നികുതി അടക്കേണ്ടതാണ്.

6) നികുതി അടക്കുന്നതിന് കാലതാമസം ഉണ്ടായാല്‍ പ്രതിമാസം ഒരു ശതമാനം നിരക്കില്‍ പലിശ നല്‍കേണ്ടതായി വരും.

ഏതെങ്കിലും കാരണവശാല്‍ പ്രസ്തുത സ്ഥാപനത്തിന് നികുതി അടക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്ഥാപനത്തിന്റെ ട്രസ്റ്റി/പ്രധാന ഉദ്യോഗസ്ഥന്‍ ആ തുക അടക്കാന്‍ ബാധ്യതപ്പെട്ടവനായി കണക്കാക്കുന്നതും നികുതി ബാധ്യതകള്‍ അദ്ദേഹത്തിന്റെ പക്കല്‍നിന്ന് നിയമ പ്രകാരം ഈടാക്കുന്നതും ആയിരിക്കും. അതുപോലെത്തന്നെ ചാരിറ്റബ്ള്‍ സൊസൈറ്റി /ട്രസ്റ്റ് അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് സ്വത്തുക്കള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവരില്‍നിന്ന് നികുതി ഈടാക്കാവുന്നതാണ്. എന്നാല്‍ സ്വത്ത് ലഭിച്ചിട്ടുള്ള പ്രസ്തുത സ്ഥാപനങ്ങളുടെ ബാധ്യത ലഭിച്ച സ്വത്തിന്റെ വിലയില്‍ കൂടുതല്‍ ഉണ്ടാവുന്നതല്ല. ട്രസ്റ്റിന്റെ/സൊസൈറ്റികളുടെ ഉത്ഭവവും ഘടന യും പ്രവര്‍ത്തനങ്ങളും ആദായനികുതി നിയമത്തിലെ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആദായനികുതി നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് മാത്രമായിരിക്കണം.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രജിസ്റ്റര്‍ ചെയ്യാത്ത രേഖകളുടെയോ വാക്കാലുള്ള തീരുമാനത്തിന്റെയോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളുണ്ടെങ്കില്‍ ട്രസ്റ്റാധാരം/സംഘത്തിന്റെ ബൈലോ രജിസ്റ്റര്‍ ചെയ്യാത്തിടത്തോളം അതിന് നിയമപരിരക്ഷ കിട്ടാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. കോടതികളോ ഇന്‍കം ടാക്‌സ് അധികാരികളോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളോ ഇത്തരം രേഖകള്‍ പരിഗണിക്കുന്നതല്ല.

ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍/സംഘങ്ങള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാവുന്നതേ ഉള്ളൂ. അതിന് വലിയ ചെലവും വരില്ല. ഇനി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ട്രസ്റ്റിന്റെ/സംഘത്തിന്റെ പേരില്‍ നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, മറ്റ് സ്വത്തുക്കള്‍ തുടങ്ങിയവ പ്രത്യേകം എടുത്തുപറഞ്ഞ് പുതിയ ട്രസ്റ്റിന്റെ ഭാഗമാക്കുന്നതായി കാണിക്കണം.

വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ വാടക നിയമങ്ങള്‍ ബാധകമല്ല. അതിനാല്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ വഖ്ഫ് ട്രൈബ്യൂണലുകളെയാണ് സമീപിക്കേണ്ടത്. അല്ലാതെ റെന്റ് കണ്‍ട്രോളര്‍/മുന്‍സിഫ് കോടതികളെയല്ല. ഇത്തരം കേസ്സുകള്‍ക്ക് സാധാരണ കേസ്സുകളേക്കാള്‍ നടപടിക്രമങ്ങള്‍ കുറവും  എളുപ്പവുമാണ്.

വഖ്ഫ് ചെയ്ത ഭൂമികളുടെയും വസ്തുക്കളുടെയും എടുപ്പുകളുടെയും കരം അതത് സമയത്ത്  അടക്കുന്നുണ്ടോ എന്ന് സ്ഥാപന ഭാരവാഹികള്‍ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം റവന്യൂ രേഖകളില്‍ വസ്തുവിന്റെ/സ്ഥാപനത്തിന്റെ പേര് ഇല്ലാതാവും. ഏതെങ്കിലും ആവശ്യത്തിന്, ഉദാഹരണത്തിന് കെട്ടിടനിര്‍മാണത്തിനോ മറ്റോ പഞ്ചായത്തില്‍ പ്ലാനും രേഖയും ഹാജരാക്കേണ്ടി വരുമ്പോള്‍ സ്ഥലം സ്ഥാപനത്തിന്റേതാണെന്ന് തെളിയിക്കാനുള്ള യാതൊരു രേഖയും സ്ഥാപന ഭാരവാഹികളുടെ കൈയില്‍ ഇല്ലാതാവുന്നതിന്റെ പ്രധാന കാരണം വസ്തുവിന്റെ രേഖകള്‍ സൂക്ഷിക്കാത്തതും കരം അടക്കാത്തതുമാണ്.

ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ സംഘം/സൊസൈറ്റി പോലെ എല്ലാ വര്‍ഷവും ഭാരവാഹികളുടെ ലിസ്റ്റ് രജിസ്ട്രാഫീസില്‍ കൊടുക്കേണ്ടതില്ല എന്നു മാത്രമല്ല ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യലോടുകൂടി രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാവുന്നു. എന്നാല്‍ സംഘം/സൊസൈറ്റി ഓരോ വര്‍ഷവും ഭാരവാഹികളുടെ ലിസ്റ്റ് ബോധിപ്പിച്ചില്ലെങ്കില്‍ അത്തരം സംഘങ്ങള്‍ക്ക് നിയമത്തിന്റെ ഭാഷയില്‍ നിലനില്‍പ്പില്ല.

ട്രസ്റ്റിന്റെ ഭാരവാഹികള്‍ മാറുമ്പോഴോ പുതിയ ട്രസ്റ്റികളെ തെരഞ്ഞെടുക്കുമ്പോഴോ ഒന്നും തന്നെ ട്രസ്റ്റ് രേഖയില്‍ മേല്‍ കാര്യം ചേര്‍ത്ത് ട്രസ്റ്റ് രേഖ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. അത് നിയമപ്രകാരം ക്വാറത്തോടുകൂടി പാസ്സാക്കിയ മിനിട്‌സില്‍ രേഖപ്പെടുത്തിയാല്‍ മതി.

മിക്ക ട്രസ്റ്റിലെയും ട്രസ്റ്റികളില്‍ പലരും മരണപ്പെട്ടുപോവുകയോ നാടുവിട്ട് പോവുകയോ ഭാരവാഹികള്‍ മാറുകയോ ചെയ്തിട്ടുണ്ടാവുമെങ്കിലും ട്രസ്റ്റ് മിനിട്‌സില്‍ ഇതൊന്നും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇത്തരം ട്രസ്റ്റ് ഭാരവാഹികള്‍ ചെയ്യേണ്ടത് നിലവിലുള്ള അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം നടത്തുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ആവശ്യമായ മെമ്പര്‍മാരെ തെരഞ്ഞെടുക്കുകയും ചെയ്ത് സജീവമാക്കുകയാണ്.

ഇന്‍കം ടാക്‌സും ജി.എസ്.ടിയും അടക്കേണ്ടിവരുന്ന സ്ഥാപന ഭാരവാഹികള്‍ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം വന്‍ തുക പിഴയും പലിശയും അടക്കേണ്ടിവരും. അത്തരം സ്ഥാപന ഭാരവാഹികള്‍ ഫൈനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റിനെ ഉടന്‍ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കണം. വ്യക്തികള്‍ക്ക് ബാധകമായ ഇന്‍കം ടാക്‌സ് പരിധി തന്നെയാണ് സ്ഥാപനങ്ങള്‍ക്കുള്ള ഇന്‍കം ടാക്‌സ് പരിധിയും. നിലവിലുള്ള ഏതെങ്കിലും ട്രസ്റ്റിനോ സൊസൈറ്റിക്കോ ആരെങ്കിലും ഒരു വസ്തു വഖ്ഫായി കൊടുക്കുകയാണെങ്കില്‍ ആ ട്രസ്റ്റിനോ സൊസൈറ്റിക്കോ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും വസ്തുക്കളും വഖ്ഫ് ബോര്‍ഡിന്റെ പരിധിയില്‍ വരുമോ എന്ന് പലര്‍ക്കും സംശയമാണ്. എന്നാല്‍ വഖ്ഫായി കിട്ടിയ സ്ഥാപനം മാത്രം വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. കാരണം വഖ്ഫ് ആക്ട് പ്രകാരം വഖ്ഫ് വസ്തുക്കളാണ് വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

പള്ളികള്‍ക്ക് പഞ്ചായത്ത് നികുതി ഇല്ല. പക്ഷേ കെട്ടിട നമ്പര്‍ സമ്പാദിക്കണം. മദ്‌റസകള്‍ക്കും നികുതി ഇളവുകള്‍ ഉണ്ട്. മറ്റ് കെട്ടിടങ്ങള്‍ക്ക് ചുമത്തുന്ന നികുതിയല്ല മദ്‌റസകള്‍ക്ക് ചുമത്തുന്നത്. സര്‍ക്കാര്‍ സഹായത്തോടെ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് നികുതി ഒഴിവാണ്.

സ്ഥാപനത്തിനുവേണ്ടി കെട്ടിടം നിര്‍മിക്കുന്നവര്‍ അതിനുപയോഗിക്കുന്ന സംഖ്യ നിയമാനുസൃതം കിട്ടിയതാണെന്ന് കാണിക്കുന്ന രേഖ സൂക്ഷിക്കണം. 6 വര്‍ഷം മുമ്പ് വരെയുള്ള കണക്കുകള്‍ സൂക്ഷിക്കണം എന്നാണ് നിയമം. എന്നാല്‍ 2017 സാമ്പത്തിക വര്‍ഷം കൊണ്ടുവന്ന ഫൈനാന്‍സ് ബില്ലില്‍ ഈ സമയ പരിധി എടുത്തുകളഞ്ഞിട്ടുണ്ടെങ്കിലും അതിന് സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.

വഖ്ഫ് വസ്തുക്കള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ബന്ധപ്പെട്ട വഖ്ഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസില്‍ പരാതി കൊടുത്താല്‍ ഉടനടി നടപടി ഉണ്ടാവുന്നുണ്ട്.

ട്രസ്റ്റ് വസ്തുക്കള്‍ ഇപ്പോള്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ നിര്‍ദേശമില്ല.

സ്ഥാപനത്തിന്റെ പേരില്‍ വഖ്ഫായി രജിസ്റ്റര്‍ ചെയ്തുതന്ന വസ്തു പിന്നീട് മാറ്റി എഴുതാനോ തിരിച്ച് എഴുതാനോ റദ്ദാക്കാനോ തിരുത്താനോ വഖ്ഫ് ചെയ്ത് കൊടുത്ത വ്യക്തിക്കോ വഖ്ഫ് ചെയ്ത് കിട്ടിയ സ്ഥാപനത്തിനോ അധികാരമില്ല.

സ്ഥാപനങ്ങള്‍ക്ക് ദാനം തരുന്ന വസ്തുക്കള്‍ ദാനാധാരമായോ ധനനിശ്ചയമായോ ചെയ്യാം. ധനനിശ്ചയാധാരത്തിന് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവുമുണ്ട്.

83 (2) വകുപ്പ് പ്രകാരം ഓരോ മുസ്‌ലിമിനും വഖ്ഫ് ബോര്‍ഡിന്റെ ഏത് നടപടികളെയും നിയമാനുസൃതം എതിരിടാന്‍ പൂര്‍ണ അധികാരം ഉണ്ട്.

ട്രസ്റ്റ് നിയമങ്ങള്‍ പോലെ തന്നെ വിവിധ മതസ്ഥര്‍ക്ക് അവരവരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ വ്യത്യസ്ത നിയമങ്ങള്‍ കേന്ദ്രസ ര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും ഉണ്ടാക്കിയിട്ടുണ്ട്. 1925-ലെ സിക്ക് ഗുരുദ്വാരാ ആക്ട്, 1950-ലെ ബോംബെ പബ്ലിക് ചാരിറ്റബ്ള്‍ ആ ക്ട്, 1959-ലെ രാജസ്ഥാന്‍ പബ്ലിക് ചാരിറ്റബ്ള്‍ ആക്ട്, 1863-ലെ റിലീജിയസ് ആന്റ് എന്റോവ് മെന്റ് ആക്ട്, 1860-ലെ ഇന്ത്യന്‍ സൊസൈറ്റി രജിസ്ട്രഷന്‍ ആക്ട്, 1866-ലെ മോര്‍ട്ട്‌ഗേജ് ആന്റ് റിലീജിയസ് ആക്ട് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും മതപരവും ധാര്‍മികവും ആയ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോവാനും മതപരമായ ചട്ടക്കൂടില്‍നിന്നുകൊണ്ടു തന്നെ അതിന്റെ കാര്യങ്ങള്‍ നോക്കിനടത്താനും ഇളകുന്നതും ഇളകാത്തതുമായ സ്വത്ത് സമ്പാദിക്കാനും നിയമപ്രകാരം മേപ്പടി വസ്തുക്കള്‍ നോക്കിനടത്താനും അതൊക്കെ ഒരു പൗരന്റെ മൗലികാവകാശമായി കണ്ട്, ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കിയിട്ടുണ്ട്.

Comments

Other Post

ഹദീസ്‌

ശവം തീനികള്‍
എസ്സെംകെ

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (43-44)
എ.വൈ.ആര്‍