വേഴാമ്പല്‍ പൂക്കുന്ന കാട് (കവിത)
ഉണങ്ങിക്കിട്ടാത്ത
ഒറ്റയുടുപ്പിന്റെ ആവലാതികള്‍
പള്ളിക്കൂട മുറ്റത്തും, നാട്ടിടയിലും
കരിമ്പനടിച്ചു കിടന്നിരുന്നു.
നനഞ്ഞ വിറകു വൈകിച്ച
ഉച്ചയൂണു നേരങ്ങള്‍
കിഴവന്റെ കട്ടിലില്‍
കേള്‍വിക്കാരില്ലാതെ കൂനിക്കൂടുന്നു.
വര്‍ഷര്‍ത്തുവില്‍ പൊടിച്ച്
ഇറ വെള്ളം വീണു
മണ്‍പറ്റിയ പ്രണയം
ഇടിവെട്ടേറ്റു മരിച്ചു നനയുന്നു.
അന്നു പെയ്തതെല്ലാം
കണ്ണിലടച്ചു സൂക്ഷിച്ചിട്ടുണ്ട്.
ഇതൊന്നുമറിയാതെ
കുപ്പിവെള്ളമായി
കുടുങ്ങി ഒടുങ്ങിയ മഴകള്‍
വേഴാമ്പല്‍ പൂക്കുന്ന കാട്ടിലെത്തി.
പണ്ടൊരിക്കല്‍
തടുത്തു നിര്‍ത്തിക്കരയിച്ച ധിക്കാരിക്ക്
മുഴുക്കഷണ്ടി കണ്ട്
അവര്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുണ്ട്.
നിങ്ങള്‍ കേള്‍ക്കുന്നില്ലേ?.
*************************************************
ഉടയല്‍
-ദിലീപ് ഇരിങ്ങാവൂര്‍-
അഭയാര്‍ഥികളുടെ
കൂടാരത്തില്‍നിന്ന് കൂട്ട
നിലവിളി ഉയരുന്നു.
ആരെയോ മരണം
കൈപിടിച്ചു കൊണ്ടു
പോയതായിരിക്കും.
പകിടകളിയായ
ജീവിതത്തോട് വല്ലാത്ത
പക തോന്നുകയാണ്.
നിന്റെ, എന്റെ വാക്കിന്റെ
വിഴുപ്പുകള്‍ ഇന്ന്
അലോസരപ്പെടുത്തുന്നു.
ഉറക്ക് പാട്ടും സ്വപ്‌നവും
നിഴലും ഉടഞ്ഞു പോകുന്നു.
ഓര്‍മയുടെ മുറിവ്
മറക്കാന്‍ ഉറക്കത്തിന്റെ
വാതില്‍ തുറന്നിടുന്നു.
Comments