ബദലുകള്‍ ഉണ്ടാവട്ടെ
മാറ്റം മനുഷ്യജീവിതത്തിലെ ഒരു അനിവാര്യതയാണ്. അതിനാല്‍ മാറ്റത്തെ ചെറുക്കാനല്ല, അതിനെ എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താം എന്നാണ് നാം ചിന്തിക്കേണ്ടത്. മൗലാനാ മൗദൂദിയുടേതാണ് ഈ വാക്കുകള്‍. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. സാങ്കേതിക വിദ്യയിലുണ്ടാകുന്ന അഭൂതപൂര്‍വമായ വികാസം ഉടനടി ജനങ്ങളിലേക്കെത്തുന്നതാണ് ഈ മാറ്റത്തിന് ഒരു പ്രധാന കാരണം. ഏതൊരു സാങ്കേതികവിദ്യയും ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. സമൂഹത്തില്‍ നല്ല ചിന്തകളും സേവനമനോഭാവവും വളര്‍ത്താന്‍ അത് ഉപയോഗിക്കാം. തെറ്റായി ഉപയോഗിച്ചാല്‍, അധാര്‍മികതയും കുറ്റവാസനയുമൊക്കെയായിരിക്കും സമൂഹത്തില്‍ വളര്‍ന്നുവരിക. നിര്‍ഭാഗ്യവശാല്‍ സാങ്കേതികവിദ്യയുടെ ദുരുപയോഗമാണ് നാമിപ്പോള്‍ കൂടുതലായി കണ്ടുകൊണ്ടിരിക്കുന്നത്.
ഇതിന് മികച്ച ഉദാഹരണമാണ് വീഡിയോ-ഓണ്‍ലൈന്‍ ഗെയിമുകള്‍. കുട്ടികള്‍ക്ക് മാത്രമല്ല, സാധാരണക്കാരായ മുതിര്‍ന്നവര്‍ക്കും കളികളിലൂടെ കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിച്ചെടുക്കാനാവും. വിനോദോപാധി എന്നതിലുപരി നല്ലൊരു ബോധന മാധ്യമവുമാണത്. പക്ഷേ, വീഡിയോ ഗെയിമുകള്‍ കൗമാരക്കാരെയും ചെറുപ്പക്കാരെയും വഴിതെറ്റിക്കുന്നുവെന്ന ആക്ഷേപമാണ് ഇന്ന് എങ്ങും ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതു സംബന്ധമായി നടന്ന എണ്ണമറ്റ പഠനങ്ങള്‍ ഈ ആരോപണം ശരിവെക്കുകയും ചെയ്യുന്നു. അധിക വീഡിയോ ഗെയിമുകളും അമേരിക്കയിലാണിറങ്ങുന്നത്; അവയുടെ മാര്‍ക്കറ്റ് ആഗോളവ്യാപകമാണെങ്കിലും. ഇവയുടെ ഉള്ളടക്കം ഏതാണ്ട് മുഴുവനായി തന്നെ ഹോളിവുഡ് ആക്ഷന്‍ സിനിമകളില്‍നിന്ന് എടുത്തതാണ്. അടിമുടി വയലന്‍സ്/ഹിംസ നിറഞ്ഞതായിരിക്കുമെന്നര്‍ഥം. വീഡിയോ ഗെയിമുകളിലെ പ്ലേയര്‍ ക്യാരക്ടറിന് പലപ്പോഴും അവതാര്‍ എന്നാണ് പേരിടുക. സകലരെയും ഇടിച്ചും വെടിവെച്ചും കാലപുരിയിലേക്കയക്കുന്ന സൂപ്പര്‍ ഹ്യൂമന്‍ കഥാപാത്രം. സ്ത്രീ പൊതുവെ ഇവയില്‍ പ്രത്യക്ഷപ്പെടാറില്ല. ഉങ്കെില്‍ തന്നെ 'ലൈംഗിക വസ്തു' മാത്രമായിട്ടാണ് പ്രദര്‍ശിപ്പിക്കപ്പെടുക.
പലപ്പോഴും ഈ ഗെയിമുകള്‍ തന്നെയാവും നമ്മുടെ കുട്ടികളും കളിക്കുന്നുണ്ടാവുക; അല്ലെങ്കില്‍ ഇതേ മാതൃകയില്‍ നിര്‍മിച്ച ഗെയിമുകള്‍. ഏതായാലും ഇത്തരം 'ഷൂട്ടര്‍' ഗെയിമുകള്‍ കുട്ടികളുടെ സദാചാരബോധത്തെ മാത്രമല്ല അവരുടെ ആരോഗ്യത്തെയും കാര്‍ന്നുതിന്നുന്നുണ്ടെന്നത് ഇന്ന് തര്‍ക്കമറ്റ വസ്തുതയാണ്. ഒരു ശരാശരി അമേരിക്കന്‍ കൗമാരക്കാരന്‍ ദിവസത്തിന്റെ മൂന്നിലൊരു ഭാഗം ഇത്തരം ഗെയിമുകളില്‍ വ്യാപൃതനാണ്. അവരില്‍ അക്രമവാസന വളരുന്നതിന് ഇത് വലിയ തോതില്‍ കാരണമാകുന്നുണ്ട്. പഠനത്തില്‍ അവര്‍ക്ക് ശ്രദ്ധയും ഏകാഗ്രതയും കുറയുകയും ചെയ്യും. അവരിലെ സേവന മനോഭാവ(Pro Social Behaviour)ത്തെയും അത്തരം ഗെയിമുകള്‍ ഇല്ലാതാക്കും.
തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, വീഡിയോ ഗെയിമുകള്‍ക്ക് തടയിടുക എന്ന സമീപനമല്ല സ്വീകരിക്കേണ്ടത്; അത് പ്രായോഗികവുമല്ല. വീഡിയോ ഗെയിമുകളെ എങ്ങനെ പോസിറ്റീവായി ഉപയോഗിക്കാം എന്ന് ചിന്തിച്ചുകൂടേ? വായന കുറഞ്ഞുവരുന്ന ഇക്കാലത്ത് കൗമാരക്കാര്‍ കൂടുതലായി ഇലക്‌ട്രോണിക് ഗെയിമുകളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. ബദല്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കുക മാത്രമാണ് പോംവഴി. സാങ്കേതിക മേഖലയില്‍ ഒരുപാട് സാധ്യതകള്‍ തുറന്നുകിട്ടിയ ഇക്കാലത്ത് ബദലന്വേഷണം വ്യര്‍ഥമാവില്ലെന്ന് പ്രതീക്ഷിക്കാം. ഇതേക്കുറിച്ചൊക്കെ കൃത്യമായ അറിവും അവബോധവുമുണ്ടാവുക എന്നതാണ് ആദ്യമായി വേണ്ടത്.
Comments