വായിച്ചു വിളയട്ടെ നമ്മുടെ കുട്ടികള്‍
വായനയെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു ബഹുമുഖ പ്രതിഭാസമാണ്. കേവലമായ ഒരു ഭൗതിക പ്രക്രിയയെന്നതിനപ്പുറം ജൈവ-രാസിക-മാനസിക പ്രവര്‍ത്തനങ്ങളുടെ ഒരു സുന്ദര സമ്മേളനം. അത് മനുഷ്യനെയപ്പാടെ പിടിച്ചുകുലുക്കുകയും മാറ്റിമറിക്കുകയും ചെയ്യും. അതുകൊണ്ടാകണം വിശുദ്ധ ഖുര്‍ആന്‍ 'വായിക്കുക' എന്ന പ്രഖ്യാപനം കൊണ്ട് ആരംഭിച്ചത്. ഒരു സാമൂഹിക മാറ്റത്തിന്റെ തുടക്കം.
വായിക്കുക എന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം പൊതുവായ ആഹ്വാനമാണ്. അവിടെ പക്വമതിയായ മുതിര്‍ന്നവരെപ്പോലെ കുട്ടികളും ഉള്‍പ്പെടും. കുട്ടികളുടെ വായനയെക്കുറിച്ച സവിശേഷ ചര്‍ച്ച പലപ്പോഴും വഴുതിമാറി അധ്യാപനം/പഠനം എന്നിവയിലൂടെ കടന്നുപോകുന്നത് അവയുടെ അതിരടയാളങ്ങള്‍ കൃത്യപ്പെടുത്താന്‍ കഴിയാത്തതുകൊണ്ടാണ്. സ്വമേധയാ നടത്തുന്ന വായന അനുഭൂതിദായകമാകുമ്പോള്‍ പലപ്പോഴും അധ്യാപനവും പഠനവും നൈപുണീവികാസവും സൃഷ്ടിക്കുന്ന നിര്‍ബന്ധിത പാരായണത്തില്‍ വിരസത കൂടി ഉള്‍ച്ചേരാറുണ്ട്. അത് വായനയെ ഒരു യാന്ത്രിക പ്രക്രിയയാക്കുന്നു. സ്വാഭാവിക പരിണാമ വികാസങ്ങളിലൂടെ കുട്ടികളുടെ വായനയെ വികസിപ്പിക്കണം. അത്തരമൊരു സ്വാഭാവിക വികാസമെങ്ങനെ നടക്കും? അക്ഷരവായന മാത്രമാണോ കുട്ടികളുടെ വായന?
ജനിച്ചുവീഴുന്ന കുഞ്ഞ് ക്രമേണ തന്റെ പരിസരത്തെ മുഴുവന്‍ വായിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിത്രങ്ങളിലൂടെ, ശബ്ദങ്ങളിലൂടെ അവന്‍ രൂപപ്പെടുത്തുന്ന ആശയങ്ങള്‍ വ്യക്തിത്വ വികാസത്തിന്റെ വലിയ പാഠങ്ങളാണെന്ന് നാമിന്ന് അറിയുന്നു. ഒപ്പം തലച്ചോറിന്റെ ഇടതു ഭാഗത്തെ വികാസം കുഞ്ഞുങ്ങളുടെ ഭാഷാ പഠനത്തെയും വായനയെയും സ്വാധീനിക്കുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു. ചിത്രങ്ങള്‍, ദൃശ്യങ്ങള്‍, രൂപങ്ങള്‍ ഇവയൊക്കെ അവരുടെ വായനാ രീതികളാണ്. ചെറിയ കുട്ടികളുടെ വായനാന്തരീക്ഷം ദൃശ്യപ്രധാനമാണെന്നര്‍ഥം. അതുകൊണ്ടുതന്നെ 'കുഞ്ഞു പുസ്തകങ്ങള്‍' (Todddler's Book) ചിത്രങ്ങളും വര്‍ണങ്ങളും നിറഞ്ഞതാക്കാന്‍ പുസ്തക പ്രസാധകര്‍ ശ്രമിക്കാറുണ്ട്. സ്വാഭാവികമായ ഈ 'ദൃശ്യവായന'യെ കുട്ടികളുടെ വായനയില്‍ അവഗണിക്കാനാവില്ല. കുട്ടികള്‍ അത്തരം പുസ്തകങ്ങള്‍ പരപ്രേരണ കൂടാതെ നിവര്‍ത്തി നോക്കി, സൂക്ഷ്മമായി നിരീക്ഷിച്ച്, ആസ്വദിച്ച്, ചിലപ്പോള്‍ ചിത്രങ്ങളും ബിംബങ്ങളും ഉപയോഗിച്ച് പുനഃപ്രകാശിപ്പിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
അക്ഷരങ്ങള്‍ കൂടി കൂട്ടിനെത്തുന്നതോടെ അവര്‍ വാക്കുകളും ആശയങ്ങളും വായിച്ചു തുടങ്ങും. അക്ഷരാഭ്യാസമെന്നത് ഒരു സ്വാഭാവിക പ്രക്രിയയല്ലെന്നും നിര്‍ബന്ധിതമായി അഭ്യസിപ്പിക്കപ്പെടുന്ന ഒരു നൈപുണീവികാസമാണെന്നും അഭിപ്രായപ്പെടുന്ന ഭാഷാ ശാസ്ത്രജ്ഞരുണ്ട്. എന്നാല്‍ സംസാരമെന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. ദൃശ്യവായന സ്വാഭാവികമായിതന്നെ വികസിക്കുന്നുമുണ്ട്. സാങ്കേതിക വികാസം അതിന് കൂടുതല്‍ അവസരമൊരുക്കുന്നു. മിക്കപ്പോഴും വിഷ്വല്‍ പഠനരീതി തന്നെ അവരുടെ സ്ഥായീഭാവമാകും. ക്ലാസ് റൂമിലെ നല്ലൊരു വിഭാഗം വിദ്യാര്‍ഥികളും ദൃശ്യപഠിതാക്കളാണെന്ന് പല അധ്യാപകരും പറയാറുണ്ട്. ഇത്തരം നിരീക്ഷണങ്ങളെ മുഖവിലക്കെടുക്കുന്ന കുട്ടികളുടെ മാഗസിനുകള്‍ ദൃശ്യപ്രധാനമായി തയാറാക്കാറുണ്ട്. പക്ഷേ, അക്ഷരവായനയിലേക്ക് അവരെ പരിവര്‍ത്തിപ്പിക്കാന്‍ മാഗസിനുകള്‍ പരാജയപ്പെടുന്നതുകൊണ്ട്, നല്ലൊരു ശതമാനം ബാലമാഗസിനുകളുടെ വായനക്കാരും പിന്നീട് വായനാരംഗത്തു നിന്ന് വിടപറയുന്നു. പുസ്തക പ്രസാധനരംഗത്ത്, വായനയെ സമ്പുഷ്ടമാക്കാന്‍ ദൃശ്യസാമഗ്രികള്‍/ പുസ്തകങ്ങള്‍ ഫലപ്രദമായി തയാറാക്കാന്‍ വളരെക്കുറച്ച് ശ്രമങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ. ബാലസാഹിത്യ പ്രസാധനത്തില്‍ ഓരോ വര്‍ഷവും എട്ടു ശതമാനത്തിന്റെ കുറവുണ്ടാകുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കുട്ടികളുടെ പുസ്തകരചനയില്‍ ഗവേഷണ പഠനങ്ങളുടെ കുറവും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായ വായനാ പരിസരം ഒരുക്കാത്തതുകൊണ്ടും മറ്റു വിവിധ കാരണങ്ങളാലും കുട്ടികളുടെ പ്രായം കൂടുന്നതിനനുസരിച്ച് വായനയില്‍ കുറവുണ്ടാകുന്നുമുണ്ട്.
ദ ബുക് സെല്ലര്‍ ചില്‍ഡ്രന്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി നീല്‍സന്‍ ബുക് ബ്രിട്ടീഷ് കുട്ടികളില്‍ നടത്തിയ പഠനത്തില്‍, 11-17 വയസ്സുകാരില്‍ പൊതുവായ വായന കുറയുകയും വായനാരഹിതരുടെ ശതമാനം കൂടുകയും ചെയ്യുന്നതായി കത്തെിയിട്ടു്. വായനയുടെ ഇടം സാമൂഹിക മാധ്യമങ്ങളും യൂട്യൂബും ഗെയിം ആപ്പുകളും കവര്‍ന്നെടുക്കുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെ വര്‍ധന ഡിജിറ്റല്‍ വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന അന്വേഷണവും നിരാശാജനകമത്രെ. സാങ്കേതികവിദ്യ വായനക്ക് വളരെ കുറച്ച് മാത്രമേ കുട്ടികളുടെ പിന്തുണ ലഭിക്കുന്നുള്ളൂ. പക്ഷേ താഴ്ന്ന പ്രായക്കാരില്‍ ഇപ്പോഴും 32 ശതമാനം ദിനേന പുസ്തക വായനക്കാരുണ്ടെന്നാണ് അവരുടെ കണ്ടെത്തല്‍.
ഗൗരവമായി വായനയെ സമീപിക്കുന്നവരില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്, കുട്ടിക്കാലത്ത് അത് ഒരു ശീലമായി വളര്‍ത്താന്‍ കഴിഞ്ഞതും ഘട്ടംഘട്ടമായി വായന പരിണമിക്കുന്നതിനുള്ള ചുറ്റുപാടുകള്‍ ലഭ്യമായതും അവരുടെ വായനയെ വികസിപ്പിക്കുന്നതിന് കാരണമായെന്നാണ്. കുട്ടികളില്‍ വായനാശീലമൊരുക്കുന്നത് സുപ്രധാനമായ പ്രവര്‍ത്തനമായി നാം കാണണം. ഇതിനായി നമുക്ക് എന്ത് ചെയ്യാനാകും?
സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ നിരുത്സാഹപ്പെടുത്താതെ, അതിനെ ഫലപ്രദമായി വ്യത്യസ്ത വായനാ രീതികളിലേക്ക് ഉദ്ഗ്രഥിതമാക്കാന്‍ കഴിയണം. ദൃശ്യവായനയിലൂടെ ഘട്ടംഘട്ടമായി അക്ഷര-ആശയ പാരായണങ്ങളില്‍ കുട്ടികള്‍ എത്തണം. പ്രകൃതിപഠനവും നിരീക്ഷണങ്ങളും വിശുദ്ധ ഗ്രന്ഥത്തിന്റെ കാഴ്ചപ്പാടില്‍ വായനകള്‍ തന്നെയാണല്ലോ. വായനയിലേക്ക് വഴികാണിക്കുന്ന ഗെയിമുകളും ആപ്പുകളും നിര്‍മിക്കപ്പെടണം. ഗവേഷണങ്ങളിലൂടെ കുട്ടികളുടെ മനോഗതമറിഞ്ഞുള്ള പുസ്തകങ്ങള്‍ നിര്‍മിക്കപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും വേണം. ഇസ്‌ലാമിക ബാലസാഹിത്യരംഗത്ത് ഗൗരവമായ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കണം. ഇംഗ്ലീഷില്‍ ഗുഡ്‌വേഡ് പബ്ലിക്കേഷന്‍ തുടക്കം കുറിച്ച പോലെ, മലയാളത്തിലും ദൃശ്യപ്രാധാന്യമുള്ള പുസ്തകനിര്‍മാണം നടക്കണം. കുട്ടികളുടെ ഭാഷയില്‍ വിശുദ്ധ ഖുര്‍ആന്റെ പരിഭാഷയോ പരിചയ പുസ്തകമോ മലയാളത്തില്‍ ലഭ്യമല്ലെന്ന് നാമോര്‍ക്കണം.
കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ക്കു പകരം ഉചിതമായ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ചെറിയ കുട്ടികള്‍ക്ക് പോക്കറ്റ് ബുക്കുകള്‍ നല്‍കാം. പുസ്തകശാലകളും ലൈബ്രറികളും സന്ദര്‍ശിക്കുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടുക, കുടുംബസമേതം പുസ്തകമേളകള്‍ സന്ദര്‍ശിക്കുക, കുട്ടികള്‍ക്ക് മുറിയൊരുക്കുമ്പോള്‍ സ്വന്തമായി പുസ്തക ഷെല്‍ഫുകള്‍ ഒരുക്കി നല്‍ക്കുക, ഒരു നിശ്ചിത സമയം അവരുമായി കൂടിയാലോചിച്ച് പൊതുവായനക്ക് നിശ്ചയിക്കുക, കുട്ടികളുടെ അഭിരുചികളും വായനാ വികാസവും നിരീക്ഷിച്ച് ഉചിതമായ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുക... ഒത്തിരി കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും. കുട്ടികള്‍ക്കായി ഹോം ലൈബ്രറികള്‍ ഒരുക്കി നല്‍കുന്നതും വായനാ പരിസരം സമ്പുഷ്ടമാക്കും.
ഒന്നോര്‍ക്കുക, നാം സ്വയം വായനാ സംസ്‌കാരം ഉണ്ടാക്കിയെടുക്കാതെ, കുട്ടികളില്‍ അത് വളര്‍ത്തിയെടുക്കാനാവില്ല.
Comments