Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 13

3021

1439 മുഹര്‍റം 22

മാശാ അള്ളാഹ്

റസാഖ് പള്ളിക്കര

എന്റെ മണിമേടകളിലേക്കുള്ള നിന്റെ ഓരോ കള്ളനോട്ടങ്ങളും നിര്‍ദാക്ഷണ്യം ഞാന്‍ ചുട്ടെരിക്കും. മാശാ അള്ളാഹ്.

പുത്തന്‍ പണക്കാരന്റെ പുതുവീടുകള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുന്ന ഇത്തരം 'മാശാ അള്ളകള്‍' കൊണ്ട് നാടും നഗരവും ഇന്ന് നിറഞ്ഞിരിക്കുകയാണ്.

ബസ്സുകളിലും ഓട്ടോ-ടാക്‌സികളിലും ടൂ വീലറുകളിലും വരെ ഇത്തരം 'മാശാ അള്ളകള്‍' പൊട്ടുകുത്തിയിരിക്കുന്നു. ഇത്തരം അബദ്ധ ധാരണകളെ സാമൂഹിക ദ്രോഹികളും മുതലെടുക്കുന്നുമുണ്ട്. കൊലപാതകത്തിന്റെ ഗതി തിരിച്ചുവിടാന്‍ പോലും ഇത് ഉപയോഗിച്ചത് സമീപകാല ചരിത്രം.

പരലോകത്തോ ഈ ലോകത്തോ ഇത്തരം 'മാശാ അള്ളകള്‍' തളിര്‍ക്കുകയോ പൂക്കുകയോ ചെയ്യുന്നില്ല. ഗള്‍ഫ് നാടുകളില്‍ അറബികള്‍ സന്തോഷവേളകള്‍ പങ്കുവെക്കാന്‍ ആലിംഗനങ്ങളോടെ ഉരുവിടുന്ന ഈ സ്തുതികീര്‍ത്തനങ്ങളുടെ വിശുദ്ധിയും സൗന്ദര്യവും എത്രയോ അനുഭവിച്ചറിഞ്ഞതാണ്. അത് പകരുന്ന ദൈവിക സ്മരണ വാക്കുകള്‍ക്കതീതമാണ്. ആ സ്തുതി കീര്‍ത്തനമാണ് ഇവിടെ ഇങ്ങനെ വെയിലും മഴയും കൊണ്ട് എല്ലാ രൂപലാവണ്യവും നഷ്ടപ്പെട്ട് വെറും നോക്കുകുത്തിയായി മാറുന്നത്.

നബിചര്യയിലോ സ്വഹാബി ചരിത്രങ്ങളിലോ ഇത്തരം കുത്തിനാട്ടലുകള്‍ക്ക് യാതൊരുവിധ സാധൂകരണവുമില്ല. അല്ലെങ്കിലും നിവര്‍ന്നു നിന്നാല്‍ തലതട്ടിപ്പോകുന്ന വീടുകളില്‍ താമസിച്ച സ്വഹാബി സഖാക്കള്‍ക്ക് ഈ തിലകക്കുറിയുടെ ആവശ്യമില്ലല്ലോ.

ഇനി പുണ്യത്തിനാണെങ്കില്‍ അതിനും തെളിവുകളില്ല. ആകെയുള്ളത് 'കണ്ണേറ്' എന്ന അബദ്ധ ധാരണയും ആ വിശ്വാസത്തില്‍ അളിഞ്ഞുപോകുന്ന ആരാന്റെ കണ്ണുകളെക്കുറിച്ചുള്ള ഇത്തിരി മനഃസുഖവും മാത്രമാണ്.

ഇവിടെ തിരിച്ചറിയപ്പെടാതെ പോകുന്നത്, ബഹുമത സമൂഹത്തില്‍ ഇത്തരം സൂചകങ്ങളുടെ നിരര്‍ഥകതയാണ്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ജീവിത സമഗ്രതയും വിശുദ്ധിയും വിശാലതയുമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്.

'മാപ്ലന്മാരും ഞാളും തമ്മിലുള്ള ഏക വ്യത്യാസം, ഓലുടെ കറിക്ക് ജീരകം അരക്കും; ഞമ്മളത് അരക്കൂലാ' എന്ന തിക്കോടിയിലെ ഒരു അമുസ്‌ലിം സഹോദരന്റെ രസികന്‍ പ്രതികരണം സാന്ദര്‍ഭികമായി ഓര്‍ത്തുപോവുകയാണ്.

വര്‍ഷങ്ങളോളം മുസ്‌ലിം പരിസരങ്ങളില്‍ ജീവിച്ച ഒരു സാധാരണ അമുസ്‌ലിം സഹോദരന്റെ ഇസ്‌ലാം അന്വേഷണങ്ങളുടെ ആകത്തുകയാണ് മേല്‍വാക്യങ്ങള്‍. ഇവിടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് അപ്പുറം കടക്കാത്ത, സ്വര്‍ഗം ചുളുവില്‍ വിലയ്ക്കു വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ചില ചൊട്ടുവിദ്യകളുടെ സമൃദ്ധിയില്‍ തടിച്ചുകൊഴുക്കുന്ന മത പുരോഹിതന്മാരുടെ പങ്കും കൂട്ടിവായിക്കണം. മരിച്ചവര്‍ തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ വരെ പാമര ജനങ്ങളെ അത് കൊണ്ടെത്തിച്ചിരിക്കുന്നു. ഇത്തരം വിശ്വാസ വൈകൃതങ്ങള്‍ക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്? സുകൃതങ്ങളുടെ വിളനിലങ്ങളെന്ന് വ്യാമോഹിക്കപ്പെടുന്ന, നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ദിക്‌റ് ഹല്‍ഖകളും മജ്‌ലിസുന്നൂറുകളും ഇതിനൊന്നും പരിഹാരമാവില്ല എന്ന തിരിച്ചറിവ് പോലും ഇവിടെ നഷ്ടമാവുകയാണ്.

വറുതിയുടെ കാലത്തെ 'എന്താ പൊട്ടിക്കണ്ണ'നില്‍നിന്നും സമൃദ്ധിയുടെ 'മാശാ അള്ള'യിലേക്ക് വളര്‍ന്നു എന്നതൊഴിച്ചാല്‍ സാമാന്യ ജനം ഇപ്പോഴും സകലവിധ മൂഢ വിശ്വാസങ്ങളുടെയും മലവെള്ളപ്പാച്ചലില്‍ കുത്തിയൊഴുകുകയാണ്.

ഓര്‍ക്കുക, അന്ത്യവിചാരണയില്‍ കുത്തിനാട്ടപ്പെട്ട എല്ലാ 'മാശാ അള്ള'കളും സ്വതന്ത്രമാക്കപ്പെടും. അന്ന് അവ ആര്‍ത്തിയും ആവേശവും കെട്ടടങ്ങിയ വായക്ക് സീല്‍ വെച്ച് നില്‍ക്കുന്ന ഉടമകള്‍ക്കു നേരെ വിരല്‍ ചൂണ്ടും. ആഡംബര വീടുകളില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച 'അറ'കളിലെ ആഹ്ലാദ രാപ്പകലുകളെക്കുറിച്ച് അവ ചോദ്യങ്ങള്‍ ഉതിര്‍ക്കും. തെരുവോരങ്ങളിലെ കടത്തിണ്ണകളും മരച്ചുവടും വീടാക്കി മാറ്റിയ, വെച്ചുണ്ണാന്‍ വിശപ്പ് മാത്രം ബാക്കിയായ ദരിദ്ര വിഭാഗത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ക്കൊന്നും ഒരു ഉത്തരവും അന്ന് പറയാനുണ്ടാവില്ല. വരാനിരിക്കുന്ന അത്തരമൊരു ദിനത്തെക്കുറിച്ചുള്ള ചിന്തകളിലൂടെ സകലവിധ മൂഢ വിശ്വാസങ്ങളില്‍നിന്നും നാട്ടാചാരങ്ങളില്‍നിന്നും ഇനിയെങ്കിലും വിടുതി നേടുക. അപ്പോള്‍ മാത്രമാണ് 'മാശാ അള്ളകള്‍' ശാന്തിയും സമാധാനവും തലോടലുമായി പരിണമിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (6-11)
എ.വൈ.ആര്‍

ഹദീസ്‌

സ്വഭാവമാണ് പ്രധാനം
സി.എസ് ഷാഹിന്‍