Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 13

3021

1439 മുഹര്‍റം 22

'കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ കേരളത്തിലെ കാക്കാമാര്‍ ചെയ്ത ഏറ്റവും നല്ല കാര്യം!

നൂറുദ്ദീന്‍ ചേന്നര

(അക്ഷരവഴികളില്‍ വിരിഞ്ഞ മലര്‍വാടി)

കേരളത്തിന്റെ സാംസ്‌കാരികഭൂമികയില്‍ ഇസ്‌ലാമികദര്‍ശനത്തിന്റെ അടയാളങ്ങള്‍ കോറിയിട്ടുകൊണ്ട് മുന്നേറുകയായിരുന്ന ഇസ്‌ലാമികപ്രസ്ഥാനം ചിന്തകൊണ്ടും അക്ഷരംകൊണ്ടും നടത്തിവന്നിരുന്ന ചുവടുവെപ്പുകള്‍ക്ക് അര്‍ധവിരാമം തീര്‍ത്ത ഘട്ടമായിരുന്നു അടിയന്തരാവസ്ഥയുടേത്. ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ ശീര്‍ഷകത്തിനുകീഴില്‍ നടത്തിവന്ന ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും സ്വീകരിച്ച് മുന്നേറാന്‍ അടിയന്തരാവസ്ഥ തീര്‍ത്ത അനിശ്ചിതാവസ്ഥ നിമിത്തമായിത്തീര്‍ന്നു. കേരളത്തിന്റെ മുക്കുമൂലകളില്‍ ഉയര്‍ന്നുവന്ന ഇസ്‌ലാമിക സാംസ്‌കാരിക കൂട്ടായ്മകളും സ്റ്റഡിസര്‍ക്കിളുകളും ട്രസ്റ്റുകളും ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ നടത്തിയ ഇത്തരം സര്‍ഗാത്മകമായ പുതുവഴികളായിരുന്നു. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് 1978 സെപ്റ്റംബര്‍ 25-ന് രൂപീകരിക്കപ്പെട്ട മൂവ്‌മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റ്റ്. കൊടുങ്ങല്ലൂരിലെ കര്‍മോത്സുകനായ ഒരു ചെറുപ്പക്കാരനായിരുന്നു ഇതിന്റെ പിന്നില്‍; കെ.എ സിദ്ദീഖ് ഹസന്‍. 1979-ല്‍ ഇസ്‌ലാമിക് നഴ്‌സറി സ്ഥാപിച്ചുകൊണ്ട് പ്രയാണമാരംഭിച്ച ഈ പ്രാദേശിക ഇസ്‌ലാമിക കൂട്ടായ്മ ഇന്ന് തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അനേകം ഇസ്‌ലാമിക കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിജയകരമായി നടത്തിവരുന്നു.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അക്ഷരവഴികളില്‍ വേറിട്ട ഒരനുഭവമായി ഒരു ബാലപ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചതും എം.ഐ.ടി തന്നെ. ബാലപ്രസിദ്ധീകരണം എന്ന ഒരാശയം എം.ഐ.ടി ട്രസ്റ്റിനു മുമ്പില്‍ സമര്‍പ്പിക്കുന്നതും സിദ്ദീഖ് ഹസന്‍ ആയിരുന്നു. പേരും അദ്ദേഹം തന്നെ നിര്‍ദേശിച്ചു; 'മലര്‍വാടി.' കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന മനസ്സുമായി, ശുഭാപ്തിവിശ്വാസത്തോടെ പുതുമയുള്ള ആശയങ്ങളെ സാക്ഷാത്കരിക്കാനുള്ള അദ്ദേഹത്തിന്റെ കര്‍മധീരതയുടെ ആദ്യകാല ഉദാഹരണങ്ങളിലൊന്നായിരുന്നു മലര്‍വാടി ബാലമാസികയും കൊടുങ്ങല്ലൂര്‍ മൂവ്‌മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റ്റും. 

1980 ആഗസ്റ്റിലോ സെപ്റ്റംബറിലോ ആണ് കുട്ടികള്‍ക്കുവേണ്ടിയുള്ള ബാലമാസിക എന്ന ആശയം എം.ഐ.ടി അംഗീകരിക്കുന്നത്. എം.ഐ.ടി ട്രസ്റ്റിന്റെ പ്രതിനിധികളായ പി.വി അബ്ദുര്‍റഹ്മാന്‍ ഹാജി പബ്ലിഷറും പി.ഡി അബ്ദുര്‍റസാഖ് എഡിറ്ററുമായി മാസികയുടെ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു. മാസിക നടത്തിപ്പിന് അതുമാത്രം പോരല്ലോ; അതും ബാലമാസികയാവുമ്പോള്‍. അത്തരം സൗകര്യങ്ങളെല്ലാം ഒരുക്കാന്‍ സിദ്ദീഖ് ഹസന്‍ തന്നെ മുന്നിട്ടിറങ്ങി. അക്കാലത്തെ പ്രബോധനം പത്രാധിപ സമിതി അംഗങ്ങളെയാണ് അദ്ദേഹം ഇതിനായി പ്രധാനമായും ആശ്രയിച്ചത്. വി.എ കബീര്‍, കെ.സി സലീം, വി.കെ ജലീല്‍, വി.എസ് സലീം തുടങ്ങിയ പ്രതിഭാശാലികളായ യുവ പത്രപ്രവര്‍ത്തകരുടെ നിരയായിരുന്നു അക്കാലത്തെ പ്രബോധനം വാരികയുടെ അണിയറയിലുണ്ടായിരുന്നത്. പ്രബോധനം മാസികയുടെ ചുമതലയാകട്ടെ ടി.കെ ഉബൈദിനും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 'സന്‍മാര്‍ഗം' എന്ന പേരില്‍ പെരിന്തല്‍മണ്ണയില്‍നിന്നും പുറത്തിറക്കിയിരുന്ന ദൈ്വവാരികയുടെ എഡിറ്റിംഗ് ജോലികള്‍ നിര്‍വഹിച്ചിരുന്നത് ടി.കെ ഉബൈദ് ആയിരുന്നു. സിദ്ദീഖ് ഹസനും ടി.കെ ഉബൈദും ചേര്‍ന്ന് കുറ്റിയാടിയില്‍ ചെന്ന് ഇ.വി അബ്ദുവിനെ മലര്‍വാടിയുടെ മുഖ്യപത്രാധിപര്‍ എന്ന ചുമതല ഏല്‍പിച്ചു. സന്‍മാര്‍ഗം എന്ന പേരില്‍ പ്രസിദ്ധീകരണമാരംഭിക്കുന്നതിനും മുമ്പേ ശാന്തപുരത്തെ പൂര്‍വ വിദ്യാര്‍ഥികള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള   ചര്‍ച്ചകളില്‍ സജീവമായിരുന്നു. വി.എ കബീര്‍,  ഇ.വി അബ്ദു തുടങ്ങിയവര്‍ ആ ചര്‍ച്ചകളുടെ മുന്‍നിരയിലുണ്ടായിരുന്നു. ഇ.വി അബ്ദു പത്രാധിപ ചുമതല ഏറ്റെടുത്തതാകട്ടെ പ്രബോധനത്തിലെ യുവ പത്രാധിപന്‍മാര്‍ കൂടെയുണ്ടാവണമെന്ന വ്യവസ്ഥയിലും. 

ആദ്യ ലക്കത്തിന്റെ ഉള്ളടക്കം പ്രബോധനത്തിന്റെ പത്രാധിപ സമിതി തന്നെ മിക്കവാറും തയാറാക്കി. പ്രബോധനം പത്രാധിപരായിരുന്ന ടി. മുഹമ്മദ് രണ്ടു ലക്കം നീളുന്ന ഒരു ചരിത്രകഥ 'തെണ്ടം' എഴുതി. ഇ.എം അബ്ദുര്‍റഹ്മാന്‍, കൊടുവള്ളി അബ്ദുല്‍ ഖാദിര്‍ എന്നിവരും ആദ്യലക്കങ്ങളിലെ എഴുത്തുകാരായിരുന്നു. പി.കെ റഹീം 'സാലി-സീന'  എന്ന പേരില്‍ ഒരു ചിത്രകഥയും തയാറാക്കി.  ചിത്രങ്ങള്‍ വരക്കുന്നതിനും ലേ ഔട്ട് സംവിധാനങ്ങള്‍ നിര്‍വഹിക്കുന്നതിനും ബി.എം ഗഫൂറിനെ ചുമതലയേല്‍പ്പിച്ചു. കാജാ കമ്പനിയുടെ കീഴില്‍ തൃശൂരിലുണ്ടായിരുന്ന ഉമാ പ്രിന്റേഴ്‌സിനായിരുന്നു അച്ചടിച്ചുമതല.  മലര്‍വാടിയുടെ ആദ്യകാല അണിയറ പ്രവര്‍ത്തകരിലൊരാളായ വി.എസ് സലീം അനുസ്മരിച്ചപോലെ, 'എഡിറ്റിംഗ് കോഴിക്കോട്ടും കംപോസിംഗും ലേ ഔട്ടും കൊച്ചിയിലും അച്ചടി തൃശൂരിലുമായി മലര്‍വാടി അതിന്റെ സാഹസികയാത്ര ആരംഭിച്ചു.' എറണാകുളത്തുനിന്ന് ഉമാ പ്രിന്റേഴ്‌സിലെത്തുന്ന ലേ ഔട്ട് മാറ്ററുകളില്‍ പേജ് സംവിധാനത്തിനനുസൃതമായി വരുത്തുന്ന മാറ്റങ്ങള്‍ക്കൊത്ത് അത്യാവശ്യമായി വരുന്ന ചിത്രപ്പണികളും മറ്റും ചെയ്തിരുന്നത് പി.കെ റഹീം, എന്‍.എ മുഹമ്മദ് എന്നിവരായിരുന്നു. 

ഇ.വി അബ്ദു, കെ.എ സിദ്ദീഖ് ഹസന്‍ എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെ മലയാളത്തിലെ പ്രമുഖരായ പല എഴുത്തുകാരും മലര്‍വാടിയുമായി ബന്ധപ്പെട്ടു. മലര്‍വാടി ആരംഭിക്കുന്നതിനുമുമ്പ് ഉപദേശനിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനായി വൈക്കം മുഹമ്മദ് ബഷീറിനെ ചെന്നുകണ്ട ഇ.വി അബ്ദുവിനും സംഘത്തിനും അദ്ദേഹത്തില്‍നിന്ന് ലഭിച്ച മുഖ്യ നിര്‍ദേശങ്ങളിലൊന്ന് 'ഇത് കേരളത്തിലെ എല്ലാ വിഭാഗം കുട്ടികളുടെയും പ്രസിദ്ധീകരണമായിരിക്കണം' എന്നതായിരുന്നു. മലര്‍വാടിയുടെ ആദ്യ ലക്കവുമായി ബഷീറിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ചൊരിഞ്ഞ പ്രശംസ ഇങ്ങനെ: ''കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ കേരളത്തിലെ കാക്കാമാര്‍ ചെയ്ത ഏറ്റവും നല്ല കാര്യം!'' 

മലര്‍വാടിയുടെ ആദ്യകാല പത്രാധിപരായ വി.എസ്  സലീമിന്റെ വാക്കുകളില്‍ മലര്‍വാടിയുടെ ആദ്യകാല വളര്‍ച്ച ഇങ്ങനെ കുറിക്കാം:

''... ക്രമേണ മാസികക്ക് സ്വീകാര്യത കിട്ടിത്തുടങ്ങി. പ്രചാരം അടിക്കടി വര്‍ധിച്ചുവന്നു. സാഹിത്യകാരന്‍മാര്‍ ഓരോരുത്തരായി മലര്‍വാടിയോട് സഹകരിക്കാന്‍  മുന്നോട്ടു വന്നു. ശ്രീ. കുഞ്ഞുണ്ണി മലര്‍വാടിയില്‍ കുട്ടികള്‍ക്കുവേണ്ടി ഒരു സ്ഥിരംപംക്തി കൈകാര്യം ചെയ്തു തുടങ്ങി- കുഞ്ഞുണ്ണി മാഷും കുട്ട്യോളും. 

കോഴിക്കോട്ടെ എ.പി കുഞ്ഞാമു, മൂസക്കോയ പടനിലം, സലാം പള്ളിത്തോട്ടം, പോള്‍ കല്ലാനോട്, അക്ബര്‍ കക്കട്ടില്‍ തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തില്‍ മലര്‍വാടിയോട് സഹകരിച്ചവര്‍. തുടര്‍ന്ന് കെ.എ കൊടുങ്ങല്ലൂര്‍, എന്‍.പി മുഹമ്മദ്, എം.ടി വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍ എന്നീ ഒന്നാം നിരക്കാരും  മലര്‍വാടിയെ പിന്തുണക്കാനെത്തി. ഈ പ്രഗത്ഭമതികളെ മലര്‍വാടിയോടടുപ്പിക്കുന്നതില്‍ മര്‍ഹൂം ഇ.വി അബ്ദു സാഹിബിന്റെ പങ്ക് നിസ്തുലമായിരുന്നു.

ബാലമനസ്സില്‍ മലര്‍വാടി സ്ഥിരപ്രതിഷ്ഠ നേടുകയും വളര്‍ച്ചയുടെ നാനാവിധമായ സാധ്യതകള്‍ തെളിഞ്ഞുവരികയും ചെയ്തപ്പോള്‍ മാസികക്ക് ഒരു മുഴുവന്‍ സമയ പത്രാധിപര്‍ അനിവാര്യമായി. തുടര്‍ന്ന് ഈ ലേഖകന്‍ (വി.എസ്. സലീം) മലര്‍വാടിയുടെ റസിഡന്റ് എഡിറ്ററായി നിയമിക്കപ്പെട്ടു.

നിലവാരമുള്ള ബാലസാഹിത്യകൃതികള്‍ പുറത്തിറക്കുകയെന്ന ഉദ്ദേശ്യത്തോടെ മലര്‍വാടി ബുക്‌സ് എന്ന പേരില്‍ ഒരു പ്രസാധനാലയവും ഇതിനിടെ പിറവിയെടുത്തു. ആദ്യ പുസ്തകങ്ങളായി വിലപ്പെട്ട നാലു കൃതികളും പ്രസിദ്ധീകരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളില്‍നിന്ന് കുട്ടികള്‍ക്കു പറ്റിയ ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് എന്‍.എം മോഹന്‍ എഡിറ്റ് ചെയ്ത 'സര്‍പ്പയജ്ഞം', കുഞ്ഞുണ്ണിയുടെ 'കുട്ടിക്കവിതകള്‍', സിപ്പി പള്ളിപ്പുറത്തിന്റെ 'കഥകഥപ്പൈങ്കിളി', ടി.കെ ഉബൈദ് എഴുതിയ 'ആദം ഹവ്വ' എന്നിവയായിരുന്നു ആ പുസ്തകങ്ങള്‍. 

ഭരണസൗകര്യവും പ്രവര്‍ത്തനക്ഷമതയും മുന്‍നിറുത്തി മലര്‍വാടിയുടെ ഉടമാവകാശം ഇതിനിടെ മൂവ്‌മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റ്റില്‍നിന്ന് മാറ്റി മലര്‍വാടി പബ്ലിക്കേഷന്‍സ് ട്രസ്റ്റ് എന്ന പേരില്‍ രൂപീകരിച്ച ഒരു പുതിയ സ്ഥാപനത്തിന് കൈമാറുകയുണ്ടായി. 

1986 മെയ്  മാസത്തില്‍ മലര്‍വാടി ദൈ്വവാരികയായി. പ്രചാരത്തില്‍ കേരളത്തിലെ മൂന്നാമത്തെ ബാലപ്രസിദ്ധീകരണം എന്ന പദവിയിലുമെത്തി. ആദ്യകാല മാനേജറായ ടി.വി മുഹമ്മദലി സാഹിബിന്റെയും പിന്നീട് പത്തുവര്‍ഷത്തോളം സ്ഥാപനത്തിന് നായകത്വം വഹിച്ച ടി.കെ ഹുസൈന്‍ സാഹിബിന്റെയും  സേവനങ്ങള്‍ ഈ രംഗത്ത് സ്തുത്യര്‍ഹമായ പങ്കു വഹിച്ചിട്ടുണ്ട്'' (പ്രബോധനം ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ്) 

ഉള്ളടക്കം കൊണ്ടും ബാലസാഹിത്യത്തെപ്പറ്റിയുള്ള ഉന്നതമായ കാഴ്ചപ്പാടുകള്‍ കൊണ്ടും ഇതര ബാലപ്രസിദ്ധീകരണങ്ങളില്‍നിന്നും വേറിട്ട വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടുതന്നെ കേരളത്തിലെ ബാലപ്രസിദ്ധീകരണങ്ങളില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ ആ കാലഘട്ടങ്ങളില്‍ മലര്‍വാടിക്ക് കഴിഞ്ഞിരുന്നു. ദൈ്വവാരികയായി മലര്‍വാടി മുന്നേറിക്കൊണ്ടിരുന്ന ആ കാലത്തുതന്നെയാണ് 'മലര്‍വാടി ബാലസംഘം' എന്ന പേരില്‍  വായനക്കാരായ കുട്ടികളുടെ സംഘത്തിന് രൂപം നല്‍കിയത്. മതജാതിഭേദമന്യേ കേരളത്തിന്റെ എല്ലാ പ്രദേശത്തും മലര്‍വാടി ബാലസംഘത്തിന് വേരുകളുണ്ടായി. അക്ഷരങ്ങളിലൂടെ മലര്‍വാടി മുന്നോട്ടുവെച്ച മൂല്യങ്ങളുടെ സംഘചൈതന്യമായി മലര്‍വാടി ബാലസംഘം പ്രവര്‍ത്തിച്ചു. അബൂബക്കര്‍ കാക്കനാടായിരുന്നു ബാലസംഘത്തിന്റെ മുഖ്യസംഘാടകന്‍. 

മലര്‍വാടി ഇടക്കാലത്ത് അതിന്റെ പ്രസാധനകേന്ദ്രം തൃശൂരിലേക്ക് മാറ്റി. കേരളത്തിലെ ബാലപ്രസിദ്ധീകരണങ്ങളുടെ ഒരു സുവര്‍ണദശ അപ്പോഴേക്കും കഴിഞ്ഞിരുന്നു. വലിയ പത്രപ്രസിദ്ധീകരണങ്ങളുടെ തണലില്‍   കഴിയുന്ന രണ്ടോ മൂന്നോ   എണ്ണമൊഴിച്ച് ബാക്കിയുള്ള ബാലപ്രസിദ്ധീകരണങ്ങളില്‍ പലതും ചക്രശ്വാസം വലിച്ചുതുടങ്ങിയ ഒരു ഘട്ടം. ദൈ്വവാരിക എന്ന നിലയില്‍നിന്ന് മാസികയിലേക്ക് ചുരുങ്ങാന്‍ മലര്‍വാടി നിര്‍ബന്ധിതമായി. പബ്ലിഷറായ കെ.കെ മമ്മുണ്ണിയുടെയും പത്രാധിപര്‍ വി.എസ് സലീമിന്റെയും ധീരമായ നടപടികളിലൂടെ മലര്‍വാടി പ്രയാണം തുടര്‍ന്നു. അബ്ദുര്‍റഹ്മാന്‍ സാദിഖ് ആയിരുന്നു അക്കാലത്തെ മാനേജര്‍. തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു കാലഘട്ടം മലര്‍വാടിയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ച പ്രതിഭാധനനായിരുന്നു വി.എസ് സലീം. കേരളത്തിലെ പ്രമുഖരായ ബാലസാഹിത്യകാരന്മാരെ മലര്‍വാടിയുമായി ബന്ധിപ്പിച്ചുനിര്‍ത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. ഇക്കാലത്ത് മലര്‍വാടിക്കുവേണ്ടി എഴുതിയും പിന്തുണച്ചും ഒപ്പം നിന്ന അദ്ദേഹത്തിന്റെ സുഹൃത്ത് കുഞ്ഞുമുഹമ്മദ് പുലവത്തിനെയും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. 

മുമ്പ് മലര്‍വാടി ബാലസംഘത്തിന്റെ കണ്‍വീനറായി രംഗത്തുണ്ടായിരുന്ന അബൂബക്കര്‍ കാക്കനാട് ആയിരുന്നു പിന്നീട് പത്രാധിപരായത്. ഇക്കാലത്താണ് ഈ ലേഖകന്‍ മലര്‍വാടിയുടെ സബ് എഡിറ്റര്‍ ട്രെയിനിയായി രംഗത്തെത്തിയതും. അന്ന് മലര്‍വാടിയിലെ ഒരു സന്ദര്‍ശകനായി ഇടക്കിടെ വരാറുള്ള വി.എസ് സലീം നല്‍കിയ വിലപ്പെട്ട നിര്‍ദേശങ്ങള്‍ ബാലസാഹിത്യത്തെക്കുറിച്ചുള്ള അടിത്തറ സൃഷ്ടിക്കുന്നതില്‍ ഈയുള്ളവന് ഏറെ പ്രയോജനപ്പെട്ടിരുന്നു. മലര്‍വാടി പബ്ലിക്കേഷന്‍സ് ട്രസ്റ്റ് സാമ്പത്തികമായി പ്രയാസം അനുഭവിച്ച ഒരു ഘട്ടത്തില്‍ അതിന്റെ ഭരണച്ചുമതല വാടാനപ്പള്ളി ഓര്‍ഫനേജ് ഏറ്റെടുത്തു. ഇക്കാലത്ത് അതിന്റെ അച്ചടിപ്രവര്‍ത്തനങ്ങള്‍ ഓര്‍ഫനേജ് കമ്മിറ്റിക്കു കീഴിലുള്ള ഓഫ്‌സെറ്റ് പ്രസ്സിലായി. ഇക്കാലത്ത് മലര്‍വാടിയുടെ ഓണററി എഡിറ്ററായി കുഞ്ഞുണ്ണി ചുമതലയേറ്റു. എഡിറ്റോറിയലിനു സമാനമായി കുഞ്ഞുണ്ണി മാഷ്‌ടെ പേജ് എന്ന പേരില്‍ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ മലര്‍വാടിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉപദേശകരായി ഹബീബ് വലപ്പാട്, അങ്കണം ശംസുദ്ദീന്‍ എന്നിവരുണ്ടായിരുന്നു. തളിക്കുളം കോളേജില്‍ അക്കാലത്ത് അധ്യാപകനായിരുന്ന ചേന്ദമംഗല്ലൂര്‍കാരന്‍ ഒ. സഫറുല്ല ഉള്ളടക്കത്തില്‍ സഹായിക്കാനും മുതിര്‍ന്ന എഴുത്തുകാരെയും ചിത്രകാരന്മാരെയും മലര്‍വാടിയുമായി ബന്ധപ്പെടുത്താനും കൂടെയുണ്ടായിരുന്നു. ഓര്‍ഫനേജ് പ്രസ്സിലെ ഡി.ടിപി ചുമതലയുണ്ടായിരുന്ന അസീസ് മങ്ങാട്, ഫസല്‍ എടവനക്കാട്, ഒ.എം അബൂബക്കര്‍ തുടങ്ങിയവരുടെ പിന്തുണയും വളരെ വലുതായിരുന്നു.

മലര്‍വാടി പിന്നീട്, കൃത്യമായി പറഞ്ഞാല്‍ 2002 മെയ് മാസത്തില്‍ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് ഏറ്റെടുത്തു. മലര്‍വാടി സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ സിദ്ദീഖ് ഹസന്‍ രക്ഷക്കെത്തുകയായിരുന്നു. താന്‍ തുടങ്ങിവെച്ച ഒരാശയം വഴിയില്‍ നിലച്ചുപോകുന്നത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. മലര്‍വാടിക്ക് പുതുജീവന്‍ വെച്ചത് ഇക്കാലത്തായിരുന്നു. മലര്‍വാടിയുടെ ആരംഭദശയിലെ പ്രവര്‍ത്തകരിലൊരാളായ ടി.കെ ഉബൈദ് ചീഫ് എഡിറ്ററും ഈയുള്ളവന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായി മലര്‍വാടി മുന്നോട്ടുപോയി. പ്രബോധനം മാനേജര്‍ കെ.  ഹുസൈന്‍  മലര്‍വാടിയുടെയും ചുമതല ഏറ്റെടുത്തു. കൂടുതല്‍ ഭൗതികവും ബൗദ്ധികവുമായ പിന്തുണ ഇക്കാലത്ത് മലര്‍വാടിക്ക് ലഭിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന്, റഹ്മാന്‍ മുന്നൂര് തുടങ്ങിയവരുള്‍പ്പെടുന്ന ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് ഈ കാലയളവില്‍ ഉണ്ടായി. ഇതുകൂടാതെ മലര്‍വാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് എസ്.ഐ.ഒ ബാലസംഘം സംസ്ഥാന സമിതിയംഗങ്ങളായ ജാബിര്‍ സുലൈം, സ്വലാഹുദ്ദീന്‍ അയ്യൂബി, ജമീല്‍ അഹ്മദ്, ഉസ്മാന്‍ മാരാത്ത്, ഫൈസല്‍ കൊച്ചി, സി. ദാവൂദ് എന്നിവരും അക്കാലത്തെ വാരാദ്യമാധ്യമം എഡിറ്ററായിരുന്ന ഫൈസ് ബാബുവും ഉള്‍പ്പെടുന്ന ഒരു എക്‌സിക്യൂട്ടീവ് ടീമും ഉണ്ടായിരുന്നു. കുട്ടികളുടെ നിഷ്‌കളങ്ക ലോകത്തോട് സംവദിക്കുന്നതിന്റെ രീതിശാസ്ത്രങ്ങളെക്കുറിച്ച് വേറിട്ടതും മൗലികവുമായ കാഴ്ചപ്പാടുകളുള്ള ഈ സംഘം മലര്‍വാടിയുടെ ഉള്ളടക്കം രൂപപ്പെടുത്തുന്നതില്‍ മാത്രമല്ല, മലര്‍വാടിയുടെ ദിശ നിര്‍ണയിക്കുന്നതില്‍തന്നെ വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. കുട്ടികളായ എഴുത്തുകാര്‍ക്കുവേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലര്‍വാടി അക്ഷരക്കൂട്ടം എന്ന പേരില്‍  ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതിനും നേതൃത്വം നല്‍കിയിരുന്നത് ഈ 'മലര്‍വാടി ടീമാ'യിരുന്നു. മലര്‍വാടി അക്ഷരക്കൂട്ടത്തിന്റെ ഭാഗമായി ഒരു ലക്കം മലര്‍വാടി കുട്ടികള്‍ മാത്രം മുന്‍കൈയെടുത്ത് തയാറാക്കുകയുണ്ടായി. രചനകളും ചിത്രകഥകളും കാര്‍ട്ടൂണുകളും വരകളും മുഖചിത്രംവരെ അവര്‍തന്നെ തയാറാക്കുകയും  മലര്‍വാടി ഓഫീസില്‍ വന്ന് പ്രൂഫ് റീഡിംഗ് വരെയുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തത് വേറിട്ട അനുഭവമായി. കുട്ടികള്‍ തയാറാക്കിയ മലര്‍വാടിയുടെ എഡിറ്റിംഗ് വര്‍ക്കുകള്‍ നടത്തിയ അക്ഷരക്കൂട്ടം അംഗങ്ങളിലൊരാളാണ് ഇപ്പോള്‍ മലര്‍വാടിയുടെ സബ് എഡിറ്ററായ മെഹദ് മഖ്ബൂല്‍. കെട്ടിലും മട്ടിലും വ്യതിരിക്തവും കുട്ടികളോടു ചേര്‍ന്നുനില്‍ക്കുന്നതുമായ ഒരു സങ്കല്‍പം എന്നും മലര്‍വാടിക്കുണ്ടായിരുന്നു. ലേ ഔട്ട് ആര്‍ട്ടിസ്റ്റ് സാലിം ജീ റോഡ്, സജീവന്‍, കെ. സതീഷ്, എന്‍.എസ് അബ്ദുല്‍ സലീം, സദാനന്ദന്‍, ജോയ് ആളൂര്‍ തുടങ്ങിയ ചിത്രകാരന്മാര്‍ എന്നിവര്‍  മലര്‍വാടിക്ക് പിന്‍ബലമേകിയവരാണ്.

മലര്‍വാടിക്ക് എക്കാലവും താങ്ങും തണലുമായിനിന്ന ഒരു വ്യക്തിയാണ് ദീര്‍ഘകാലം പബ്ലിഷറായിരുന്ന കെ.കെ മമ്മുണ്ണി മൗലവി. മലര്‍വാടി പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ തുടക്കം മുതല്‍ മലര്‍വാടി ഐ.എസ്.ടി ഏറ്റെടുക്കുന്നതുവരെയുള്ള ദീര്‍ഘകാലം അദ്ദേഹമായിരുന്നു പബ്ലിഷര്‍. സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താനും ഉദാരമതികളുടെ പിന്തുണ മലര്‍വാടിക്ക് ഉറപ്പുവരുത്താനും അദ്ദേഹത്തിനുള്ള മിടുക്ക് മലര്‍വാടിയെ പല ഘട്ടങ്ങളിലും രക്ഷിച്ചിട്ടുണ്ട്. 

1980-കളില്‍ മലര്‍വാടി പുറത്തിറങ്ങുമ്പോഴുണ്ടായിരുന്ന കുട്ടികളുടെ വായനാലോകം സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. 'അമ്പിളിയമ്മാവന്‍' പോലുള്ള ദേശീയതലത്തില്‍ വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിരുന്ന ബാലപ്രസിദ്ധീകരണങ്ങള്‍ പുരാണകഥകളും രാമായണ ഭാരതേതിഹാസങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിലായിരുന്നു മുഖ്യമായും ശ്രദ്ധിച്ചിരുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്നതില്‍ അവ വിജയിക്കുകയും ചെയ്തിരുന്നു. അനന്തപൈയുടെ ഇന്ത്യാ ബുക് ഹൗസിനു കീഴില്‍ പ്രസിദ്ധീകരിച്ചിരുന്ന അമര്‍ ചിത്രകഥ പുരാണകഥകളെ ഇന്ത്യയിലാകമാനം ബാലമനസ്സുകളെ മാത്രമല്ല മുതിര്‍ന്നവരെപ്പോലും ആകര്‍ഷിച്ചുകൊണ്ടിരുന്ന ഒരു കാലമാണത്. അനന്തപൈയുടെ ഉടമസ്ഥതയിലുള്ള പൈകോ പബ്ലിക്കേഷന്‍സിനു കീഴില്‍ പൂമ്പാറ്റയുടെ ബാനറില്‍ അമര്‍ചിത്ര കഥയും ബാലദൈ്വവാരികയും മലയാളത്തില്‍ പ്രചാരത്തില്‍ ഒന്നാംനിരയില്‍തന്നെയുണ്ടായിരുന്നു. കഴിവുറ്റ ആര്‍ട്ടിസ്റ്റുകളുടെയും എന്‍.എം മോഹനനെപ്പോലുള്ള മികച്ച പത്രാധിപന്മാരുടെയും സഹായത്തോടെ പൂമ്പാറ്റ കുരുന്നുമനസ്സുകളെ കീഴടക്കുമ്പോഴും സര്‍ക്കുലേഷന്റെ ചെപ്പടിവിദ്യകളില്‍നിന്ന് പൂര്‍ണമായും മുക്തിനേടാന്‍ അതിനും കഴിഞ്ഞിരുന്നില്ല. ഹനുമാനെ അനുസ്മരിപ്പിക്കുന്ന കപീഷ് എന്ന കഥാപാത്രത്തിന്റെ വാലുകൊണ്ടുള്ള അത്ഭുതകൃത്യങ്ങള്‍ കിശോരഭാവനയെ ഏറെ വിസ്മയിപ്പിച്ചിരുന്നുവെന്നത് നേരാണ്. പക്ഷേ, വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളീയ പ്രബുദ്ധതക്ക് സഹായകമാവുന്ന ഉന്നതമായ ചിന്തകളും ആശയങ്ങളും കുട്ടികളുമായി പങ്കുവെക്കാനും വ്യത്യസ്ത സംസ്‌കാരധാരകളുടെ ചരിത്രങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും സ്ഥാനം കൊടുക്കാനും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അക്കാലത്തെ മറ്റു പ്രധാന പ്രസിദ്ധീകരണങ്ങളായ ബാലരമ, ലാലുലീല, ബാലമംഗളം, മുത്തശ്ശി തുടങ്ങിയവ പൂമ്പാറ്റ കാണിച്ച മാതൃകയിലൂടെ സഞ്ചരിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്തുനിന്നും നീലമ്പേരൂര്‍ മധുസൂദനന്‍ പ്രസിദ്ധീകരിച്ചിരുന്ന തത്തമ്മ ഇക്കൂട്ടത്തില്‍ അല്‍പം വ്യത്യസ്തത പുലര്‍ത്തിയിരുന്നു. ശാസ്ത്രമാസികയെന്ന നിലയില്‍ യൂറീക്കയും ഈ ഒഴുക്കില്‍നിന്ന് മാറിനിന്നു. 

ബാലപ്രസിദ്ധീകരണങ്ങളുടെ പൊതുധാരയില്‍നിന്ന് ഏറെ വ്യത്യസ്തമായി മലര്‍വാടി പുറത്തിറങ്ങിയപ്പോള്‍ അത് ശ്രദ്ധേയമായത് ഈ പശ്ചാത്തലത്തിലാണ്. ഏറ്റവും മികച്ച മേനിക്കടലാസിലാണ് മലര്‍വാടി ആദ്യകാലങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ഗുണമേന്മയില്‍ അക്കാലത്തെ ഏറ്റവും മുന്നിലുള്ള പ്രസിദ്ധീകരണങ്ങളെ വെല്ലുന്ന വിധമായിരുന്നു മലര്‍വാടിയുടെ അരങ്ങേറ്റം. കുട്ടികള്‍ക്ക് നാം നല്‍കുന്നത് ഏറ്റവും മികച്ചതായിരിക്കണം, എല്ലാ അര്‍ഥത്തിലും. ഇതായിരുന്നു ഇ.വി അബ്ദുവിന്റെ കാഴ്ചപ്പാട്. മലര്‍വാടി പിന്നീട് മലര്‍വാടി ബുക്‌സ് എന്ന പേരില്‍ പുസ്തകങ്ങള്‍ പുറത്തിറക്കിയപ്പോഴും ഈ കാഴ്ചപ്പാടുതന്നെയാണ് പിന്തുടര്‍ന്നത്. അക്കാലത്ത് കുട്ടികള്‍ക്കു വേണ്ടി പുറത്തിറക്കിയിരുന്ന ഒരു പുസ്തകത്തിനും അവകാശപ്പെടാനാവാത്ത അതിമനോഹരമായ കവര്‍ ചിത്രങ്ങളും മികച്ച കടലാസിലുള്ള അച്ചടിയും. ഉള്ളടക്കത്തിലും ഈ മൂല്യബോധം നിലനിര്‍ത്താന്‍ മലര്‍വാടിക്കു കഴിഞ്ഞു. 'നല്ലതു മാത്രം കുട്ടികള്‍ക്ക്' എന്നതായിരുന്നു അക്കാലത്ത് മലര്‍വാടിയുടെ മുദ്രാവാക്യം. 

കേരളത്തിലെ പ്രമുഖ പ്രസാധകര്‍ പുറത്തിറക്കിയ പല ഉത്കൃഷ്ട ബാലസാഹിത്യങ്ങളും മലര്‍വാടിയുടെ താളുകളിലാണ് ആദ്യം വെളിച്ചം കണ്ടത്.  മലര്‍വാടിയുടെ ഉള്ളടക്കത്തിന്റെ മേന്മക്കുള്ള സാക്ഷ്യപത്രങ്ങളാണ് അവ. എം.ടി വാസുദേവന്‍ നായരുടെ 'ദയ എന്ന പെണ്‍കുട്ടി', പി. മധുസൂദനന്റെ കവിതകള്‍, സിപ്പി പള്ളിപ്പുറത്തിന്റെ ജന്തുസ്ഥാന്‍ കഥകള്‍, കഥകഥപ്പൈങ്കിളി, എ.എച്ച് തൃത്താലയുടെ 'ആന', വി.എസ് സലീമിന്റെ 'നിറങ്ങള്‍', 'പ്രവാചകകഥകള്‍', ടി.കെ ഉബൈദിന്റെ 'ലോകസുന്ദരന്‍', 'ആദം ഹവ്വ', ഫൈസല്‍ കൊച്ചിയുടെ 'സ്‌നേഹജയില്‍', ജമീല്‍ അഹ്മദിന്റെ 'എലിക്കെണി' തുടങ്ങി അനേകമുണ്ട് മലര്‍വാടിക്ക് പറയാന്‍. 'കുഞ്ഞുണ്ണിമാഷും കുട്ട്യോളും' എന്ന ശീര്‍ഷകം തന്നെ മതി മലയാളികളുള്ള കാലമത്രയും മലര്‍വാടി ഓര്‍മിക്കപ്പെടാന്‍. 'വ്യാപാരിയും സര്‍പ്പവും', 'വിധി' തുടങ്ങിയ ചിത്രകഥകളും അക്കാലത്തെ ബാലമാസികകളില്‍നിന്ന് ഭിന്നമായ മൂല്യങ്ങളും സന്ദേശങ്ങളും കുട്ടികള്‍ക്ക് നില്‍കിയവയാണ്.  

ഇപ്പോള്‍ വീണ്ടും ദൈ്വവാരികയായാണ് മലര്‍വാടി കുട്ടികളുടെ കരങ്ങളിലെത്തുന്നത്. മലര്‍വാടിയുടെ ആദ്യനാളുകളിലേതിനേക്കാള്‍ ഭീകരവും ബീഭത്സവുമാണ് കുട്ടികള്‍ക്കു നേരെയുള്ള ഇക്കാലത്തെ കച്ചവടക്കണ്ണുകള്‍. 'അക്ഷരത്തിന്റെ നിഷ്‌കളങ്കത' എന്ന മലര്‍വാടിയുടെ മുദ്രാവാക്യം കൂടുതല്‍ പ്രസക്തമാവുകയാണിപ്പോള്‍. ദൃശ്യമാധ്യമങ്ങളുടെ പ്രളയത്തിനിടയിലും മൂല്യബോധങ്ങളുടെ അക്ഷരത്തുരുത്തായി, നിഷ്‌കളങ്കമനസ്സിനൊപ്പം സഞ്ചരിക്കാന്‍ ധൈര്യം കാണിക്കുന്ന ഈ പ്രസിദ്ധീകരണത്തെ പിന്തുണക്കുകയെന്നത്, മൂല്യവത്തായ ഇളംതലമുറക്കുവേണ്ടി നമുക്ക് ചെയ്യാവുന്ന പുണ്യപ്രവൃത്തികളിലൊന്നാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (6-11)
എ.വൈ.ആര്‍

ഹദീസ്‌

സ്വഭാവമാണ് പ്രധാനം
സി.എസ് ഷാഹിന്‍