Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 13

3021

1439 മുഹര്‍റം 22

മകന്റെ ആക്രോശം നിങ്ങളെ തളര്‍ത്തുന്നുവോ?

ഡോ. ജാസിമുല്‍ മുത്വവ്വ

''കൗമാരപ്രായക്കാരനായ എന്റെ മകനെച്ചൊല്ലി അങ്ങേയറ്റത്തെ മനഃപ്രയാസത്തിലാണ് ഞാന്‍. ഇലക്‌ട്രോണിക് ഗെയിമുകളുടെ അഡിക്ടായിക്കഴിഞ്ഞിരിക്കുന്നു അവന്‍. എന്റെ മകന്‍ എന്നെപ്പോലെയോ എന്നേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലോ ആവണമെന്ന് ഏറെ ആശിച്ചിരുന്നു ഞാന്‍. പക്ഷേ, എന്റെ പ്രതീക്ഷക്ക് നേര്‍വിപരീതമാണ് സംഭവിച്ചത്. എനിക്കിപ്പോള്‍ ഇതെല്ലാം ഓര്‍ത്ത് നിരാശയും മോഹഭംഗവുമാണ്.'' അയാള്‍ തന്റെ ആവലാതിയും സങ്കടവും നിരത്തി.

''നിങ്ങള്‍ ഒരു ദിവസം എത്ര തവണ മകന്‍ ഇലക്‌ട്രോണിക് ഗെയിമില്‍ മുഴുകിയിരിക്കുമ്പോള്‍ അവനെ ശകാരിക്കുകയും വഴക്കു പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു?'' ഞാന്‍ അയാളോട് ചോദിച്ചു.

അയാള്‍: ''പല തവണ.''

ഞാന്‍: ''നിങ്ങള്‍ കൂട്ടുകാരുമൊത്ത് പുറത്തുപോവുകയോ ഏതെങ്കിലും ജോലി നിര്‍വഹിക്കുകയോ ചെയ്യുന്ന വേളയില്‍ മകനെ കൂടെ കൂട്ടാറുണ്ടോ? ഒന്നിച്ചൊരു ജോലി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാനോ ആസൂത്രണം നടത്താനോ ഉദ്ദേശിച്ച് നിങ്ങള്‍ മകനോടൊപ്പം ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും ചെലവിടാറുണ്ടോ? അതുമല്ലെങ്കില്‍ അവന്റെ പഠനമോഹം സാധിപ്പിച്ചുകൊടുക്കാന്‍ അവന്‍ വിചാരിക്കുന്ന രീതിക്ക് നിങ്ങള്‍ പ്രാമുഖ്യം നല്‍കാറുണ്ടോ? പുതിയ കാര്യങ്ങള്‍ അവന് പറഞ്ഞുകൊടുക്കുകയോ ജീവിതത്തില്‍ പുതിയ അനുഭവങ്ങള്‍ സ്വായത്തമാക്കാന്‍ അവനെ പ്രേരിപ്പിക്കുകയോ ചെയ്യാറുണ്ടോ? അല്ലെങ്കില്‍ മകന് ഏതെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചുകൊടുക്കാറുണ്ടോ?''

അയാള്‍ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി മിണ്ടാതിരുന്നു.

ഞാന്‍: ''എന്താണ് നിങ്ങള്‍ മൗനിയായത്?''

അയാള്‍: ''കാരണം, നിങ്ങള്‍ ഈ പറഞ്ഞതൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ എന്ന കുറ്റബോധം കൊണ്ടാണ്. അല്ലെങ്കില്‍ ഒന്നോ രണ്ടോ പ്രാവശ്യം അങ്ങനെയൊക്കെ ചെയ്തുനോക്കിക്കാണും. പിന്നെ ഫലം കാണാഞ്ഞ് അത് നിര്‍ത്തിവെക്കുകയും ചെയ്തു.''

ഞാന്‍: ''അപ്പോള്‍ നിങ്ങളുടെ മകന്‍ വളരെ നല്ല കുട്ടിയാണെന്ന് എനിക്ക് പറയേണ്ടിവരും. വീട്ടില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ തനിക്ക് തന്റെ ഇലക്‌ട്രോണിക് ഗെയിമില്‍ മുഴുകി ഒഴിവുസമയം ഉപയോഗപ്പെടുത്താമെന്ന് മകന്‍ നിനച്ചുകാണും. അതൊരു നല്ല കാര്യമല്ലേ?''

എന്റെ വര്‍ത്തമാനം കേട്ട് അയാള്‍ ആശ്ചര്യപ്പെട്ടു.

ഞാന്‍ അയാളോട് പറഞ്ഞു: ''കൗമാരപ്രായക്കാരായ മക്കള്‍ തങ്ങളുടെ രക്ഷിതാക്കള്‍ തങ്ങളെ ഈ പ്രായത്തില്‍ മനസ്സിലാക്കുന്നില്ലല്ലോ എന്നോര്‍ത്ത് നമ്മെ വെറുക്കുകയാണ്. കുട്ടികളുടെ പ്രായം വിട്ട് അവര്‍ മുതിര്‍ന്നവരുടെ ലോകത്തെത്തിയില്ലേ? അവര്‍ ഇപ്പോഴും കൊച്ചുകുട്ടികളാണെന്ന ചിന്തയോടെയാണ് നാം അവരുമായി ഇടപെടുന്നത്. അതുകൊണ്ടാണ് അവര്‍ നമ്മെ കേള്‍ക്കാത്തതും നമ്മുടെ ആവശ്യങ്ങള്‍ തിരസ്‌കരിക്കുന്നതും. ചില രക്ഷിതാക്കള്‍ക്ക് ഒരു സി.ഐ.ഡി മനസ്സാണ്. മക്കളുടെ കാര്യത്തില്‍ 'പോലീസിംഗ്' ഒരു തെറ്റായി അവര്‍ കാണുന്നില്ല. ഇരുപത്തിനാലു മണിക്കൂറും അവര്‍ മക്കളെ തങ്ങളുടെ നിരീക്ഷണ വലയത്തില്‍ നിര്‍ത്തുന്നു. എപ്പോഴും ഒരു ചാരക്കണ്ണുണ്ടാവും അവര്‍ക്ക് മക്കളുടെ മേല്‍. അവര്‍ക്ക് തങ്ങളുടെ മക്കളെ നഷ്ടപ്പെടുമെന്നല്ലാതെ വിശേഷിച്ചൊരു ഗുണവും അതുകൊണ്ട് ഉണ്ടാവാനില്ല. ചില രക്ഷിതാക്കള്‍ മക്കളെ കയറൂരിവിടും. ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ല. അവര്‍ എവിടെനിന്നു വരുന്നു, എങ്ങോട്ടു പോകുന്നു എന്ന ഒരു ചോദ്യവുമില്ല.''

അയാള്‍ ഇടക്കുകയറി: ''നിരാശ പിടിപെടുമ്പോള്‍ ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ സൂചിപ്പിച്ച ഈയൊരു മനസ്സിലാണ്.''

ഞാന്‍: ''വിദ്യാഭ്യാസ-ആരോഗ്യ പ്രശ്‌നങ്ങളുടെ പരിഹാരത്തെയും സാമൂഹികവും ശിക്ഷണപരവുമായ പ്രശ്‌നങ്ങളുടെ പരിഹാരത്തെയും വേര്‍തിരിച്ചുകാണണം നമ്മള്‍. വിദ്യാഭ്യാസ-ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തെ ശ്രമങ്ങള്‍കൊണ്ട് പരിഹരിക്കാനാവും. മക്കളുമൊത്ത് ഒറ്റത്തവണ ഇരുന്നാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ അത്. സാമൂഹിക-ശിക്ഷണ പ്രശ്‌നങ്ങള്‍ അങ്ങനെ പരിഹരിക്കാനാവില്ല. അതിന് ദീര്‍ഘകാലം വേണം. പ്രശ്‌നപരിഹാരത്തിനും തക്കതായ പ്രതിവിധിക്കും പല മാര്‍ഗങ്ങളും തേടേണ്ടി വരും. വിജയം കണ്ടെത്തുംവരെ മാര്‍ഗങ്ങള്‍ മാറിമാറി പരീക്ഷിക്കേണ്ടിവരും. പലപ്പോഴും മാസങ്ങളും വര്‍ഷങ്ങളുമെടുത്തേ പരിഹാരത്തിലെത്തുകയുള്ളൂ. നിങ്ങളുടെ കാര്യത്തിലും ഈ നിരീക്ഷണം പ്രസക്തമാണ്.''

അയാള്‍: ''ഒടുവില്‍ അതാണ് എനിക്കും ബോധ്യമായത്.''

ഞാന്‍: ''കൗമാരപ്രായക്കാരായ കുട്ടികള്‍ നിങ്ങളുടെ നിര്‍ദേശമോ വര്‍ത്തമാനമോ നിരാകരിക്കുമ്പോള്‍ തങ്ങളുടെ നിലപാടിലും തിരസ്‌കാരത്തിലും അവര്‍ പൂര്‍ണ മനസ്സോടെ ഉറച്ചുനില്‍ക്കുകയാണെന്ന് നിങ്ങള്‍ ധരിക്കരുത്. നിങ്ങളുടെ നിര്‍ദേശവും സംസാരവും മകന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാലും സംസാരത്തിലും സംവാദത്തിലും ശക്തനായ ഒരു പിതാവിനെയാണ് അവന്‍ ആഗ്രഹിക്കുന്നത് എന്നാണ് നിങ്ങള്‍ ധരിക്കേണ്ടത്. കാരണം പക്വത കൈവരിക്കുന്നതിന്റെയും സ്വത്വസമര്‍ഥനത്തിന്റെയും ഘട്ടത്തിലൂടെയാണ് മകന്‍ ഈ പ്രായത്തില്‍ കടന്നുപോകുന്നത്. നിങ്ങളുമായി തര്‍ക്കത്തിലും വാഗ്വാദത്തിലും ഇടപെടുമ്പോള്‍ തന്റെ ഭാഷാപരവും വൈജ്ഞാനികവുമായ വളര്‍ച്ചയുടെ അടയാളങ്ങള്‍ പ്രകടിപ്പിക്കാന്‍ ജീവിതത്തില്‍ കിട്ടുന്ന ആദ്യത്തെ അവസരം ഉപയോഗപ്പെടുത്തുകയാണെന്ന വിചാരമാണ് മകന്റെ ഉള്ളിലുള്ളത്. അത് അവന് ഒരു ആത്മസംതൃപ്തി നല്‍കുന്നുണ്ട്. അവന്‍ അതില്‍ ഉള്ളാലെ സന്തോഷിക്കുന്നുണ്ട്. നിങ്ങള്‍ അത് വ്യക്തിപരമായി നിങ്ങളോട് അവന്‍ കാട്ടുന്ന ധിക്കാരമായി കണക്കാക്കരുത്. മകനുമായുള്ള നിങ്ങളുടെ ബന്ധം അതോടെ വിനഷ്ടമാകും. കാരണം നിങ്ങളുടെ കാഴ്ചയില്‍ അവന്‍ നിങ്ങളുടെ നിര്‍ദേശം നിരാകരിച്ചിരിക്കുകയാണല്ലോ. കൗമാരക്കാരനായ നിങ്ങളുടെ മകന്റെ ശബ്ദം ഉയര്‍ന്നു പൊങ്ങിയാലും അവനുമായി നിങ്ങള്‍ക്ക് ചര്‍ച്ച തുടരാം. ചര്‍ച്ചയും വര്‍ത്തമാനവും അവിടെ തീര്‍ക്കരുത്. ശബ്ദം ഉയര്‍ന്നുപൊങ്ങി ആക്രോശത്തില്‍ എത്തിയ സ്ഥിതിക്ക് നമുക്ക് തല്‍ക്കാലം സംസാരം ഇവിടെ നിര്‍ത്തി അല്‍പം കഴിഞ്ഞ് തുടരാം എന്ന് പറയണം നിങ്ങള്‍. ചിലപ്പോള്‍ ശബ്ദം ഉയര്‍ന്നുയര്‍ന്ന് കൈയാങ്കളി വരെ എത്തിയേക്കാം. ഇങ്ങനെ ആണ്‍മക്കളും പെണ്‍മക്കളും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളെ എനിക്കറിയാം. കൗമാരപ്രായക്കാരായ ഈ മക്കള്‍ ഉറക്കെ ഒച്ചയിടുകയും, സംസാരിക്കുമ്പോള്‍ മാതാപിതാക്കളോട് അനാദരവോടെ കയര്‍ക്കുകയും ചെയ്തതാണ് കാരണം.''

കൗമാരപ്രായക്കാരന് തന്റെ വീട്ടിലും കുടുംബത്തിലും ബന്ധുക്കളിലും വിശ്വാസം നഷ്ടപ്പെടുകയോ തന്റെ വ്യക്തിത്വം നിഷേധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ പുറത്തുള്ള അവന്റെ പ്രശ്‌നങ്ങളും ഏറിക്കൊണ്ടിരിക്കും. കൗമാരപ്രായക്കാരന് തന്റെ കുടുംബത്തോടുള്ള ബന്ധം പ്രധാനമാണ്. വളര്‍ന്ന് പടരാനുള്ള ത്വരയാണ് ഈ പ്രായത്തിന്റെ പ്രത്യേകത. പുറത്ത് ചീത്ത കൂട്ടുകെട്ട് തേടിപ്പോകാനോ അരുതാത്ത ചങ്ങാത്തത്തില്‍ ചെന്നുപെടാനോ ഉള്ള സന്ദര്‍ഭങ്ങള്‍ നാം സൃഷ്ടിക്കരുത്. അവന്റെ ആത്മവിശ്വാസം ശക്തിപ്പെടുത്തണം. കുടുംബത്തോടുള്ള ബന്ധം ദൃഢമാക്കിനിര്‍ത്തണം. നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കാന്‍ നാം മകനെ, മകളെ സഹായിക്കണം. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (6-11)
എ.വൈ.ആര്‍

ഹദീസ്‌

സ്വഭാവമാണ് പ്രധാനം
സി.എസ് ഷാഹിന്‍