ഫറോവയുടെ ജഡം കാണുമ്പോള്‍
ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഉയൂനു മൂസായുടെ മണ്ണില്‍ അല്‍പസമയം ചെലവഴിച്ച ശേഷം ഞങ്ങള്‍ യാത്ര തുടരുകയാണ്. സൂയസ് ഉള്‍ക്കടലിന്റെ വടക്കേ അറ്റത്ത് സൂയസ് പട്ടണം സ്ഥിതി ചെയ്യുന്നു. അവിടെ പോര്‍ട്ട് തൗഫീഖില്‍നിന്ന് സൂയസ് കനാല്‍ ആരംഭിക്കുന്നു. പട്ടാളത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ളതും ഫോട്ടോഗ്രഫി നിരോധിക്കപ്പെട്ടതുമായ ആ പ്രദേശം അതീവ സുരക്ഷാമേഖലയാണ്. ഈജിപ്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സാമ്പത്തിക സ്രോതസ്സാണ് സൂയസ് കനാല്‍. ഒന്നാമത്തേത് ടൂറിസമാണ്. ഈജിപ്തിലെ ടൂറിസത്തിന്റെ സമകാലികാവസ്ഥകളെപ്പറ്റി ഞങ്ങളുടെ ഗൈഡ് മുഹമ്മദ് വിശദീകരിച്ചു. ഈജിപ്തിലെ ടൂറിസ്റ്റ് ഗൈഡുകളായി ലൈസന്‍സ് കിട്ടണമെങ്കില്‍ നിശ്ചിത കോഴ്‌സ് പാസ്സാകണം. ഈജിപ്‌റ്റോളജി (ഈജിപ്തിന്റെ ചരിത്രവും വര്‍ത്തമാനവും അടങ്ങുന്ന വിജ്ഞാനശാഖ)യും വിവിധ അന്താരാഷ്ട്ര ഭാഷകളിലെ നൈപുണിയും അതിലെ പാഠ്യവിഷയങ്ങളാണ്. അറബ്‌വസന്ത വിപ്ലവത്തിനുമുമ്പ്, റജിസ്റ്റര്‍ ചെയ്ത പതിനാറായിരത്തിലധികം ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഉണ്ടായിരുന്നുവത്രെ അവിടെ. ഇപ്പോളത് വെറും നാലായിരമായി ചുരുങ്ങിയിരിക്കുന്നു. നാട്ടിലെ അസമാധാനവും അസ്വസ്ഥതകളും ടൂറിസത്തെ കാര്യമായി ബാധിച്ചിരിക്കുന്നു. അങ്ങനെയാണ് പന്ത്രണ്ടായിരത്തിലധികം ടൂറിസ്റ്റ് ഗൈഡുകള്‍ രംഗം വിടേണ്ടിവന്നതെന്ന് മുഹമ്മദ് പറഞ്ഞു. എന്നിട്ടുപോലും ഞങ്ങള്‍ പോയ ഇടങ്ങളിലെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തിയ വിനോദസഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. അപ്പോള്‍, ടൂറിസ്റ്റുകളുടെ ബാഹുല്യം പണ്ട് എത്രയായിരിക്കുമെന്നോര്‍ത്ത് ഞങ്ങള്‍ അത്ഭുതപ്പെട്ടു. അത്രയധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാവശ്യമായ വിഭവങ്ങള്‍ അവിടെയുള്ളതുകൊണ്ടുതന്നെയാണ് അന്നാട്ടിലേക്ക് ടൂറിസ്റ്റുകള്‍ ഇങ്ങനെയൊഴുകുന്നതെന്ന് ഏഴുദിവസം അവിടെ ചുറ്റിക്കറങ്ങിയപ്പോള്‍ ഞങ്ങള്‍ക്കും ബോധ്യപ്പെട്ടു.
ഈജിപ്തിന്റെ മുഖ്യവരുമാനമായ ടൂറിസം മേഖലക്ക് ഇടിവ് വന്നപ്പോള്‍, സാമ്പത്തികമായി പിടിച്ചുനില്‍ക്കാന്‍ വേണ്ടി 2014-ല്‍ പട്ടാള ഭരണാധികാരി സീസി ചെയ്തത് പുതിയ സൂയസ് കനാല്‍ കുഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ സൂയസ് കനാല്‍ എന്ന പേര് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. കാരണം, യഥാര്‍ഥ സൂയസ് കനാലിന് പോര്‍ട്ട് സഈദില്‍നിന്ന് സൂയസിലെ പോര്‍ട്ട് തൗഫീഖ് വരെ 193 കിലോമീറ്റര്‍ നീളമുണ്ട്. അതിന്റെ കുറേ ഭാഗങ്ങള്‍ വീതി കുറഞ്ഞതായതിനാല്‍ വണ്‍വേ ട്രാഫിക്ക് ആണ്. അങ്ങനെ വീതി കുറഞ്ഞ ചില ഭാഗങ്ങളില്‍ കപ്പലുകള്‍ക്ക് പതിനൊന്നോ പന്ത്രണ്ടോ മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ടിവരാറുണ്ടായിരുന്നു. വീതി കുറഞ്ഞ ഭാഗങ്ങളില്‍ ചിലതിന് സമാന്തരമായി പുതിയ ജലപാത നിര്‍മിച്ചാല്‍ ആ കാത്തുനില്‍പ്പ് മൂന്ന് മണിക്കൂറായി ചുരുക്കാമെന്ന വിദഗ്ധാഭിപ്രായത്തെ തുടര്‍ന്നാണ് പുതിയ കനാല്‍ നിര്‍മിച്ചത്. 35 കിലോമീറ്ററാണ് പുതിയ സമാന്തര പാതയുടെ നീളം. 2014 ആഗസ്റ്റില്‍ നിര്‍മാണം തുടങ്ങിയ കനാല്‍ ഒരു വര്‍ഷം കൊണ്ട് കമീഷന്‍ ചെയ്തു. അങ്ങനെ, പ്രതിദിനം 49 കപ്പലുകളെ കടത്തിവിട്ടിരുന്നത് 97 ആയി ഉയര്‍ത്താനായിരുന്നു പദ്ധതി. വരുമാനമാകട്ടെ, പ്രതിവര്‍ഷം 8.2 ബില്യന്‍ ഡോളര്‍ എന്നത് 2023-ഓടെ 13.5 ബില്യന്‍ ഡോളറായി ഉയരുമെന്നും അവര്‍ കണക്കുകൂട്ടി. വരുമാനം വര്‍ഷത്തില്‍ പത്തുശതമാനം കണ്ട് വളര്‍ന്നാണ് ആ നിലയിലെത്തുക എന്നായിരുന്നു അവരുടെ അനുമാനം. എന്നാല്‍, പുതിയ കനാല്‍ തുറന്നതിനുശേഷം, 2015 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ കണക്ക് പുറത്തുവിട്ടപ്പോള്‍ പ്രതിമാസം പത്തുശതമാനം കണ്ട് വരുമാനം കുറഞ്ഞതായാണ് കാണിക്കുന്നത്. പിന്നീട്, വരുമാനക്കണക്ക് പുറത്തുവിട്ടിട്ടില്ലെന്നു മാത്രമല്ല, സൂയസ് കനാല്‍ അതോറിറ്റിയുടെ വെബ്‌പേജ് തന്നെ ഗവണ്‍മെന്റ് ബ്ലോക്ക് ചെയ്തിരിക്കുന്നു. പന്ത്രണ്ട് ശതമാനം പലിശ നിരക്കില്‍ കടപ്പത്രങ്ങളിറക്കിയാണ് രണ്ടാം സൂയസ് കനാലിന്റെ നിര്‍മാണത്തിന് ഈജിപ്തുകാരില്‍നിന്ന് ഗവണ്‍മെന്റ് പണം സമാഹരിച്ചിരുന്നത്. ആ പലിശ ബാധ്യത കൂടി ചുമലില്‍വന്നു വീണിരിക്കുന്നു. ചുരുക്കത്തില്‍, മുഖ്യമായ രണ്ടു വരുമാനമാര്‍ഗങ്ങളും ശോഷിച്ചതോടെ തികഞ്ഞ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുകയാണ് പട്ടാള ഭരണത്തിനു കീഴിലെ ഈജിപ്ത്. അറബ്‌വസന്തവിപ്ലവത്തിനു മുമ്പ് അഞ്ച് ഈജിപ്ഷ്യന്‍ പൗണ്ട് കൊടുത്താല്‍ ഒരു അമേരിക്കന്‍ ഡോളര്‍ കിട്ടിയിരുന്ന സ്ഥാനത്ത്, ഇപ്പോള്‍ പതിനെട്ട് പൗണ്ട് കൊടുത്താലേ ഒരു ഡോളര്‍ കിട്ടൂ. അങ്ങനെ എല്ലാ നിലക്കും പാപ്പരായിക്കൊണ്ടിരിക്കുന്ന ഈജിപ്തില്‍ ഇനിയൊരു ജനകീയ വിപ്ലവം സംഭവിക്കുമെങ്കില്‍ അതിന്റെ പ്രഥമനിമിത്തമാവുക ഈ സാമ്പത്തികസ്ഥിതി തന്നെയായിരിക്കുമെന്ന് തോന്നുന്നു. ഈ യാത്രയില്‍ ഫലസ്ത്വീനിലെ ഹെബ്രോണിലും നാബുല്‍സിലും പോയപ്പോളാണ് ചില്ലറ നാണയങ്ങള്‍ക്കായി കൂട്ടത്തോടെ കൈനീട്ടി വരുന്ന കുട്ടിയാചകരെ ആദ്യമായി കണ്ടത്. എന്നാല്‍, ഈജിപ്തില്‍ എത്തിയപ്പോളാകട്ടെ, നല്ല കായികശേഷിയുള്ള മുതിര്‍ന്നവര്‍പോലും - തൊഴിലില്ലായ്മ കൊണ്ടായിരിക്കാം- കൈനീട്ടി വരുന്നതു കണ്ടു. അതുകണ്ട്, കുട്ടികളും യാചന ഒരു കലയാക്കി വളര്‍ത്തിയെടുത്തിട്ടുണ്ട്. നല്ല പുഷ്ടിയുള്ള ശരീരവും കാണാന്‍ മുഖശ്രീയുമുള്ള ഒരു ബാലന്‍ ഒന്നും തിന്നാനില്ലെന്ന് ആംഗ്യം കാണിച്ച് കൈനീട്ടി ഞങ്ങളുടെ ബസിനരികെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു, പിന്നെ നീയെങ്ങനെ തടിച്ചുകൊഴുത്തുവെന്ന്. അഭിമാനിയായ അവന്‍ മറുപടിയൊന്നും പറയാതെ ഓടിമറഞ്ഞു.
സൂയസ് കനാലിന്റെ താഴ്ഭാഗത്തുകൂടി കടന്നുപോകുന്ന ശഹീദ് അഹ്മദ് ഹംദി ടണല്‍ കടന്നതോടെ ഞങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് പ്രവേശിച്ചു. അപ്പോഴേക്കും നേരം സന്ധ്യയായിരുന്നു. ഒരു നൂറ്റമ്പത് കിലോമീറ്റര്‍ കൂടി പടിഞ്ഞാട്ട് പോയാല്‍ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള കെയ്‌റോയെന്ന ആ മഹാനഗരത്തില്‍ ഞങ്ങളെത്തും. അവിടെയുളള പൗരാണിക വാസ്തുവിദ്യയുടെ ആധിക്യത്താല്‍ 'ആയിരം മിനാരങ്ങളുടെ നാട്' എന്ന് അത് വിളിക്കപ്പെടുന്നു. ക്രി.വ. 969-ല്‍ ജൗഹര്‍ സ്വിഖ്‌ലി സ്ഥാപിച്ച ഈ നഗരത്തില്‍ 68 ലക്ഷം ജനങ്ങളും നഗരപ്രാന്തത്തില്‍ ഒരു കോടി ജനങ്ങളും താമസിക്കുന്നുണ്ട്. ഹോട്ടലിലേക്ക് പോകുന്നതിനു മുമ്പ് പ്രസിദ്ധമായ ഖാനുല്‍ ഖലീലി തെരുവില്‍ ഇറങ്ങി, രാവേറെ ചെല്ലുന്നതുവരെ തെരുവില്‍ കഴിച്ചുകൂട്ടാനെത്തുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കിടയിലൂടെ ഒരു ഓട്ടപ്രദക്ഷിണം ഞങ്ങള്‍ നടത്തി. കൂട്ടത്തില്‍, വിശ്വപ്രസിദ്ധ അറബി സാഹിത്യകാരനായിരുന്ന നജീബ് മഹ്ഫൂസിന്റെ കോഫിഷോപ്പ് തേടിപ്പിടിച്ച് ഒരു ഫോട്ടോയെടുക്കാനും മറന്നില്ല. എറണാകുളത്ത് വൈക്കം മുഹമ്മദ് ബഷീര്‍ നടത്തിയിരുന്ന ബഷീര്‍സ് ബുക് സ്റ്റാള്‍ മലയാള സാഹിത്യകാരന്‍മാരുടെ സംഗമകേന്ദ്രമായിരുന്നതുപോലെ, നജീബ് മഹ്ഫൂസിന്റെ കോഫി ഷോപ്പ് പ്രസിദ്ധരായ അറബി സാഹിത്യകാരന്‍മാരുടെയൊക്കെ സ്ഥിരം സന്ദര്‍ശനസ്ഥലമായിരുന്നു. ഹോട്ടലിലേക്കുള്ള യാത്രയില്‍, റോഡില്‍ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിക്കൊണ്ട് ക്ഷണത്തില്‍ തിരിക്കുന്ന ഓട്ടോറിക്ഷകള്‍ കണ്ടു. നമ്മുടെ നാട്ടില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഓട്ടോറിക്ഷകളെ ഈജിപ്തുകാര്‍ ടുക്ടുക് എന്നു വിളിക്കുന്നു. എന്നാല്‍, ഏറ്റവും കൗതുകകരമായ കാര്യം ഇവിടെ ഓട്ടോറിക്ഷകള്‍ക്ക് റജിസ്‌ട്രേഷനും അത് ഓടിക്കാന്‍ ലൈസന്‍സും ആവശ്യമില്ല എന്നതാണ്. ടൂറിസ്റ്റ് ഗൈഡ് ഇക്കാര്യം പറഞ്ഞപ്പോള്‍, ഇത് അരാജകത്വമല്ലേ എന്ന എന്റെ ചോദ്യത്തിന് മറുപടിയായി ഗൈഡും ബസ് ഡ്രൈവറും ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. അരാജകത്വം ഞങ്ങളെത്ര കണ്ടതാ എന്നായിരിക്കുമോ ആ ചിരിയുടെ അര്‍ഥം?
പട്ടാളത്തിന്റെ അകമ്പടിയോടെ
അല്‍ഫയൂമും അലക്‌സാണ്ട്രിയയുമാണ് ഇന്നത്തെ യാത്രാലക്ഷ്യങ്ങള്‍. പക്ഷേ, ഞങ്ങള്‍ക്ക് പുറപ്പെടണമെങ്കില്‍ ടൂറിസം പോലീസിന്റെ അനുമതി ലഭിക്കണം. ടൂര്‍ ഗൈഡ് അത് തരപ്പെടുത്താനുള്ള പരിശ്രമത്തിലാണ്. അങ്ങനെ, കുറച്ചു സമയത്തെ കാത്തിരിപ്പിനു ശേഷം അല്‍ഫയൂമിലേക്ക് പുറപ്പെടാനുള്ള അനുമതിയായി. നൈലിലെ വെള്ളം യാന്ത്രികമായി തേവി കൃഷിയിടങ്ങളിലേക്ക് കൊണ്ടുപോകാന്‍വേണ്ടി യൂസുഫ് നബിയുടെ ഭരണകാലത്ത് നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന വാട്ടര്‍ വീല്‍ അല്‍ഫയൂമിലാണ്. അവിടെനിന്ന് കുറച്ചകലെയായി ഖാറൂന്‍ തടാകവുമുണ്ട്. ഈ യാത്രയില്‍ ഞങ്ങളുടെ ബസിനു മുന്നിലായി സുരക്ഷയൊരുക്കിക്കൊണ്ട് ടൂറിസം പോലീസിന്റെ ഒരു വാഹനവും പിന്നില്‍ സൈന്യത്തിന്റെ മറ്റൊരു വാഹനവും അനുഗമിക്കുന്നുണ്ട്. കാരണം ഞങ്ങള്‍ പോകുന്നത്, 'കൊടുംഭീകര'ന്‍മാരായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ശക്തികേന്ദ്രമായ അല്‍ഫയൂമിലേക്കാണ്. അപ്പോള്‍, 'സമാധാനപ്രേമികളായ' സീസിയുടെ പട്ടാളം ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കിയല്ലേ പറ്റൂ! ജനാധിപത്യം അട്ടിമറിച്ച സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധിക്കാന്‍ റാബിഅതുല്‍ അദവിയ്യഃ സ്‌ക്വയറില്‍ തമ്പടിച്ച ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കുനേരെ 2013 ആഗസ്റ്റ് 14-ന് സീസിയുടെ സൈന്യത്തിന്റെ മെഷീന്‍ ഗണ്ണുകള്‍ നിലക്കാതെ തീതുപ്പിയപ്പോള്‍ ഒറ്റ മണിക്കൂറിനകം അന്നവിടെ പിടഞ്ഞുവീണത് ആയിരത്തോളം മനുഷ്യജീവനുകളായിരുന്നു. ഞങ്ങളുടെ ഗൈഡ് മുഹമ്മദിന്റെ ഒരു സഹോദരനും അന്ന് റാബിഅതുല്‍ അദവിയ്യഃ മസ്ജിദിലിരിക്കെ, സൈന്യത്തിന്റെ വെടിയേറ്റ് തല തകര്‍ന്ന് മരിക്കുകയുണ്ടായത്രെ. എന്തുമാത്രം സമാധാനകാംക്ഷികളായ സൈന്യമാണല്ലേ ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നത്! അല്‍ഫയൂം വികസനം തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ഒരു പ്രാകൃത പട്ടണം പോലെ തോന്നിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡുകളും വൃത്തിഹീനമായ പൊടിപിടിച്ച പരിസരങ്ങളും. ഇഖ്‌വാനുല്‍ മുസ്‌ലിമൂന് സ്വാധീനമുള്ള പ്രവിശ്യയായതുകൊണ്ടാകുമോ അല്‍ഫയൂമിനോട് ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ ചിറ്റമ്മനയം എന്ന് ഒരുവേള ചിന്തിച്ചുപോയി. വികസനകാര്യങ്ങള്‍ മുമ്പില്‍ വരുമ്പോള്‍ മലബാര്‍ കേരളത്തിനു പുറത്താകുന്നത് നാം ഇവിടെ ധാരാളം കണ്ടിട്ടുള്ളതാണല്ലോ. എന്നാല്‍, അസ്‌വാനും അല്‍അഖ്‌സുറും അടക്കമുള്ള പ്രദേശങ്ങളിലൂടെ പോയപ്പോള്‍ അവിടെയും സ്ഥിതി അധികമൊന്നും ഭിന്നമായിക്കണ്ടില്ല. യഥാര്‍ഥത്തില്‍, ദീര്‍ഘദൃഷ്ടിയോടെയും നീതിപൂര്‍ണമായും സാമ്പത്തിക ആസൂത്രണവും വിഭവ വിതരണവും നടക്കുകയാണെങ്കില്‍ ഏതൊരു വികസിത രാഷ്ട്രത്തെയും പിന്നിലാക്കാനുള്ള സമ്പത്ത് ഈജിപ്തിലുണ്ട്. എന്നാല്‍, പട്ടാളഭരണവും ഏകാധിപതികളുടെ കുടുംബവാഴ്ചയും നിമിത്തം എന്നും കൊള്ളയടിക്കപ്പെടാനാണ് ഈജിപ്തിലെ പൊതു ഖജനാവിന്റെ വിധി. അല്‍ഫയൂമിലെ പാതയോരക്കാഴ്ചകള്‍ കാമറയില്‍ പകര്‍ത്തണമെന്നുണ്ടായിരുന്നെങ്കിലും സൈനികവാഹനത്തിന്റെ അകമ്പടി മൂലം ഫോട്ടോഗ്രഫിക്ക് വിലക്കുണ്ടായിരുന്നു. അങ്ങനെ, ആ രണ്ടു സ്ഥലങ്ങളും കണ്ട് മടങ്ങാനിരിക്കെ ടൂറിസം പോലീസിന്റെ ഉത്തരവ് വന്നു, അലക്‌സാണ്ട്രിയയിലേക്ക് പോകരുതെന്ന്. ബോംബ് സ്‌ഫോടനങ്ങള്‍ നടന്ന സ്ഥലമായിരുന്നതിനാല്‍ ഉത്തരവ് അനുസരിക്കുകയല്ലാതെ ടൂറിസ്റ്റുകളായ ഞങ്ങളുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. യാത്ര പുനഃക്രമീകരിച്ചതോടെ ജീസയിലുള്ള പിരമിഡുകളും ഈജിപ്ഷ്യന്‍ മ്യൂസിയവുമൊക്കെ ഇന്നുതന്നെ കാണാമെന്ന് തീരുമാനമായി.
ജീസാ പിരമിഡുകളും അല്‍അഖ്‌സുര്‍(Luxor)പട്ടണത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള, രാജാക്കന്‍മാരുടെ താഴ്‌വര(Valley of the Kings)യിലെ മലകള്‍ തുരന്നുണ്ടാക്കിയ വിശാലമായ ശവകൂടീരങ്ങളും പൗരാണിക ഈജിപ്തുകാര്‍ ദൈവവിശ്വാസികള്‍ മാത്രമല്ല, മരണാനന്തരജീവിതത്തിലും വിശ്വസിച്ചിരുന്നവരായിരുന്നുവെന്നതിന്റെ സാക്ഷ്യമാണ്. മരിച്ച് മറമാടപ്പെടുന്നതോടെ എല്ലാം അവസാനിക്കുന്നില്ലെന്നും, മറിച്ച് അവര്‍ക്കിനിയും അനന്തമായി ജീവിക്കാനുണ്ടെന്നും അവര്‍ വിശ്വസിച്ചു. അതിനുവേണ്ടിയാണ് രാജാക്കന്‍മാരുടെയും പ്രമുഖ വ്യക്തികളുടെയും മൃതശരീരങ്ങള്‍ മമ്മികളാക്കി വെച്ചതും സ്വര്‍ണത്തിന്റെയും മറ്റും ആഭരണങ്ങളും അമൂല്യരത്‌നങ്ങളുമെല്ലാം മൃതദേഹങ്ങളോടൊപ്പം അടക്കം ചെയ്തതും. രാജാക്കന്‍മാരുടെ താഴ്‌വരയിലുള്ള ശവകൂടീരങ്ങള്‍ക്കകത്ത് പലതരം ചിത്രവേലകള്‍ കാണാം. അതില്‍ മരണാനന്തരം നടക്കുന്ന വിചാരണയും മനുഷ്യരുടെ കര്‍മങ്ങള്‍ തൂക്കിനോക്കുന്ന ത്രാസുകളും എല്ലാം ചിത്രീകരിച്ചിട്ടുണ്ട്. ഈജിപ്തിന്റെ ഈ വിശ്വാസപാരമ്പര്യത്തിന് നിമിത്തം ദൈവിക പ്രവാചകന്‍മാരുടെ സ്വാധീനം തന്നെയാണ്. മൂസാ നബിക്കു പുറമെ, ഇദ്‌രീസ്, ഇബ്‌റാഹീം, യൂസുഫ്, യഅ്ഖൂബ് തുടങ്ങി ഖുര്‍ആനില്‍ പേര് പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാരില്‍ പലരും ഈജിപ്തില്‍ ജനിച്ചുവളര്‍ന്നവരോ പ്രബോധനപ്രവര്‍ത്തനം നടത്തിയവരോ ആണ്. അവരില്‍ ആദ്യത്തെ പ്രവാചകന്‍ ഇദ്‌രീസ് ആണ്. ഈജിപ്ഷ്യന്‍ പാരമ്പര്യങ്ങളില്‍ ഹുര്‍മുസ് എന്ന പേരിലും ഹീബ്രു പാരമ്പര്യങ്ങളില്‍ അഖ്‌നൂഖ് എന്ന പേരിലും അറിയപ്പെടുന്നത് ഇദ്‌രീസ് നബിയാണെന്ന് ഡോ. ബദ്‌റാവി രേഖപ്പെടുത്തിയിട്ടുണ്ട്. അഖ്‌നൂഖ് എന്ന പേരും ഇദ്‌രീസ് (വിദ്യനേടി എന്ന അര്‍ഥമുള്ള ദറസ എന്ന അറബിക്രിയയില്‍നിന്ന് നിഷ്പന്നം) എന്ന അറബിപേരും ഒരേ ആശയമാണ് പങ്കുവെക്കുന്നത്. ജ്ഞാനം അഭ്യസിക്കുകയും അത് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നവന്‍ എന്ന് അര്‍ഥം. ഏകദൈവവിശ്വാസവും പ്രാര്‍ഥനാരീതികളും പകര്‍ന്നുനല്‍കിയതിനു പുറമെ നാഗരികജീവിതത്തിനാവശ്യമായ അറിവുകളൊക്കെയും ഈജിപ്തുകാരെ അഭ്യസിപ്പിച്ചത് ഇദ്‌രീസ് നബിയായിരുന്നു. തുകല്‍വസ്ത്രങ്ങള്‍ക്കു പകരം പരുത്തികൊണ്ട് വസ്ത്രങ്ങളുണ്ടാക്കുന്നത്, വീടുകളുടെ നിര്‍മാണം, വാനനിരീക്ഷണത്തിലൂടെയുള്ള കാലഗണന, അളവും തൂക്കവും കണക്കാക്കല്‍ തുടങ്ങി പല വിജ്ഞാനങ്ങളും പകര്‍ന്നുനല്‍കി ഇദ്‌രീസ് നബി അവരെ നാഗരികരാക്കി. ശിഹാബുദ്ദീന്‍ അല്‍ആലൂസി ഇക്കാര്യം തന്റെ ഖുര്‍ആന്‍വ്യാഖ്യാനകൃതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യജീവിതം ഭൂമിയില്‍ ആരംഭിച്ച ആദ്യനാളുകളില്‍തന്നെ അമൂല്യമായ ഇത്തരം വിജ്ഞാനങ്ങള്‍ ലഭിച്ചതു നിമിത്തമാണ് ലോകനാഗരികതകള്‍ക്കിടയില്‍ ഈജിപ്ത് 'നാഗരികതകളുടെ കളിത്തൊട്ടില്‍' എന്ന് വാഴ്ത്തപ്പെട്ടത്. ഖുര്‍ആനില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഏക ആധുനിക ദേശരാഷ്ട്രവും ഈജിപ്ത് തന്നെ.
ഫറോവയുടെ മൃതദേഹം
അതിസമ്പന്നമായ നാഗരികതയും പാരമ്പര്യങ്ങളും ഉറങ്ങിക്കിടക്കുന്ന ഈജിപ്തിന്റെ മണ്ണില്‍ പുരാവസ്തുശാസ്ത്രജ്ഞരുടെ ഉത്ഖനനപ്രക്രിയകള്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. ഇടക്കിടെ ചരിത്രപ്രാധാന്യമുള്ള പല വസ്തുക്കളും അവര്‍ക്ക് ലഭിക്കും. ശാസ്ത്രീയപഠന-നിഗമനങ്ങള്‍ക്കുശേഷം അത് മ്യൂസിയത്തിലേക്ക് മാറ്റും. ഇതാണ് പതിവ്. അങ്ങനെ, വിവിധ കാലഘട്ടങ്ങളില്‍ ലഭിച്ച ചരിത്രശേഷിപ്പുകള്‍കൊണ്ട് സമ്പന്നമാണ് ഈജിപ്ഷ്യന്‍ മ്യൂസിയം. അതിനകത്തു പ്രവേശിക്കണമെങ്കില്‍ ടിക്കറ്റെടുക്കണം. എന്നാല്‍, ഫറോവമാരുടെ മൃതദേഹം വെച്ചിട്ടുള്ള റോയല്‍ മമ്മി ഹാളിലേക്ക് കടക്കണമെങ്കില്‍ മറ്റൊരു ടിക്കറ്റ് കൂടി എടുക്കണം. രാജ്യം സാമ്പത്തികമായി തളര്‍ന്നതോടെ ഏര്‍പ്പെടുത്തിയ പുതിയ പ്രവേശനപാസുകളാണ് അതെല്ലാമെന്ന് ഗൈഡ് പറഞ്ഞു. തുത്‌മോസിസ് (ഒന്നാമന്‍ മുതല്‍ നാലാമന്‍ വരെ), സെത്തി ഒന്നാമന്‍, അമെനോഫിസ് മൂന്നാമന്‍, റംസേസ് (രണ്ടാമന്‍ മുതല്‍ അഞ്ചാമന്‍ വരെ), മെറെന്‍പിതാഹ് എന്നീ ഫറോവമാരുടെ മമ്മികളാണവിടെ പ്രദര്‍ശനത്തിന് വെച്ചിട്ടുള്ളത്. ഈ ഫറോവമാരുടെ മൃതദേഹങ്ങളെല്ലാം എവിടെനിന്ന് ലഭിച്ചു എന്നത് വിശകലനം അര്‍ഹിക്കുന്ന വിഷയമാണ്. കാരണം, നമ്മള്‍ മലയാളികള്‍ക്കിടയിലെങ്കിലും ഒരു പ്രചാരണമുണ്ട്. ചെങ്കടലില്‍ മുങ്ങിമരിച്ച റംസേസ് രണ്ടാമന്റെ മൃതദേഹം ആയിരക്കണക്കിന് വര്‍ഷം കടലില്‍ ഒരു കേടുപാടും കൂടാതെ അവശേഷിച്ചുവെന്നും പിന്നീട് 1881-ല്‍ ചെങ്കടലില്‍നിന്ന് ലഭിച്ചുവെന്നും ഖുര്‍ആനിലെ യൂനുസ് അധ്യായം 92-ാം സൂക്തത്തിലുള്ള പ്രവചനത്തിന്റെ പുലര്‍ച്ചയാണ് അതിലൂടെ സംഭവിച്ചതെന്നുമാണ് ആ പ്രചാരണത്തിന്റെ പോക്ക്.
പ്രസ്തുത സൂക്തത്തില്‍ പ്രയോഗിച്ചിരിക്കുന്ന (اليوم ننجّيك ببدنك لتكون لمنْ خلفك آية) എന്ന ഭാഗത്തിന് 'ഇന്ന് നിന്റെ ശരീരത്തെ നിന്റെ പിന്‍ഗാമികള്‍ക്ക് ദൃഷ്ടാന്തമാകുമാറ് നാം രക്ഷപ്പെടുത്തും' എന്ന പരിഭാഷയാണ് പൊതുവെ നല്‍കിവരുന്നത്. എന്നാല്‍, അതിലെ 'നുനജ്ജീക' എന്ന പദത്തിന് ഒട്ടുമിക്ക പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നല്‍കിയ മറ്റൊരര്‍ഥമുണ്ട്. നജ്‌വഃ എന്ന അറബിപദത്തിന് കുന്നിന്‍പ്രദേശം എന്നാണര്‍ഥം. അതില്‍നിന്ന് ഉരുവപ്പെട്ട ക്രിയയെന്ന നിലക്ക് 'നജ്ജാ' എന്നതിന് കുന്നിലേക്കെറിയുകയെന്ന അര്‍ഥമാണവര്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല, അവിടെ പ്രയോഗിച്ച 'അല്‍യൗമ' (ഇന്ന്) എന്നതിന്ന് 'ഇപ്പോള്‍ തന്നെ' എന്നര്‍ഥം നല്‍കിയ വ്യാഖ്യാതാക്കളുമുണ്ട്. അതോടെ ആ സൂക്തത്തിന്റെ ആശയം, 'ഇപ്പോള്‍തന്നെ നിന്റെ മൃതശരീരം നാം കുന്നിലേക്കെറിയും' എന്നായി മാറും. അതുപോലെ, 'ലിമന്‍ ഖല്‍ഫക' എന്ന സൂക്തശകലത്തിന് 'നിന്റെ പിന്‍ഗാമികള്‍ക്ക്' എന്ന അര്‍ഥകല്‍പ്പന സാധുവാണെങ്കിലും, 'നീ പിന്നില്‍ വിട്ടേച്ചുപോന്നവര്‍ക്ക്' എന്ന പരിഭാഷക്ക് കൂടുതല്‍ സാധുതയുണ്ട്. കാരണം, റംസേസ് രണ്ടാമന്റെ ദിവ്യത്വവാദത്തില്‍ വിശ്വസിച്ച ഖിബ്ത്വികളും, അപകര്‍ഷബോധം നിമിത്തം റംസേസ് രണ്ടാമന്‍ അമാനുഷികനാണെന്ന് ധരിച്ചുവശായ ഇസ്രാഈല്യരുമാണല്ലോ ഫറോവ വെറും മനുഷ്യനായിരുന്നുവെന്ന് ബോധ്യപ്പെടേണ്ട പ്രഥമ സമൂഹങ്ങള്‍. ഫറോവയും സൈന്യവും ചെങ്കടലില്‍ മുങ്ങുന്നത് കണ്ടിട്ടും റംസേസ് രണ്ടാമന്‍ മരിക്കുമെന്ന് വിശ്വസിക്കാന്‍ ബനൂ ഇസ്രാഈല്യര്‍ കൂട്ടാക്കിയില്ലെന്ന് ഒട്ടുമിക്ക പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം, ഫറോവ മരണപ്പെടില്ലെന്നായിരുന്നുവത്രെ അവരുടെ ധാരണ. അന്നേരം, മൂസാ നബി അവരെ വിളിച്ചുകൊണ്ടുപോയി കരക്കടിഞ്ഞ ഫറോവയുടെ മൃതദേഹം കാണിച്ചുകൊടുത്തപ്പോള്‍ മാത്രമേ അവരത് വിശ്വസിച്ചുള്ളൂവത്രെ. സീനാ മരുഭൂമിയുടെ പടിഞ്ഞാറേക്കരയില്‍ ഫറോവയുടെ മൃതദേഹം കാണപ്പെട്ട ഒരു മലയുണ്ടെന്നും അത് ജബലു ഫിര്‍ഔന്‍ (ഫറോവാ മല) എന്ന പേരില്‍ അറിയപ്പെടുന്നുവെന്നും തഫ്ഹീമുല്‍ ഖുര്‍ആനില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി രേഖപ്പെടുത്തിയിട്ടുണ്ട്. കരക്കടിഞ്ഞ ഫറോവയുടെ മൃതദേഹത്തിന് എന്തു സംഭവിച്ചുവെന്നത് ഡോ. റുശ്ദി ബദ്‌റാവിയുടെ ചരിത്രകൃതിയിലും മറ്റു ഈജിപ്ഷ്യന്‍ ചരിത്രഗ്രന്ഥങ്ങളിലും ഏതാണ്ട് ഒരേപോലെത്തന്നെ രേഖപ്പെട്ടുകിടക്കുന്നുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം:
ബനൂ ഇസ്രാഈല്യരെ പിടിക്കാനായി പുറപ്പെട്ട ഫറോവയും സൈന്യവും തിരിച്ചുവരുന്നത് കാണാതിരുന്നപ്പോള്‍, പി-റംസേസ് കൊട്ടാരത്തിലുണ്ടായിരുന്ന മെറെന്‍പിതാഹും സംഘവും അവരെ അന്വേഷിച്ച് പുറപ്പെട്ടു. അങ്ങനെ, വെള്ളത്തിലും ഇരുകരകളിലുമായി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഫറോവയുടെ മൃതദേഹം അവര്‍ കണ്ടെത്തുകയും വെള്ളത്തില്‍ മുങ്ങിയാണ് അവര്‍ മരണപ്പെട്ടതെന്ന് മനസ്സിലാവുകയും ചെയ്തു. എന്നാല്‍, ഇസ്രാഈല്യരെ പിടിക്കാന്‍ പുറപ്പെട്ട റംസേസ് രണ്ടാമന്‍ ലക്ഷ്യം നേടാനാവാതെ കടലില്‍ മുങ്ങിമരിച്ചുവെന്ന വസ്തുത പ്രചരിക്കുന്നത് മാനക്കേടാണെന്ന് മനസ്സിലാക്കിയ അവര്‍ മറ്റൊരു കഥയുണ്ടാക്കി. ഇസ്രാഈല്യരെ പിന്തുടര്‍ന്ന ഫറോവയും സൈന്യവും മരുഭൂമിയിലുണ്ടായ ശക്തമായ പൊടിക്കാറ്റാകുന്ന കേവല പ്രകൃതിദുരന്തത്തില്‍ അകപ്പെട്ട് മരണപ്പെട്ടു. തിരുവായ്ക്ക് എതിര്‍വായില്ലാതിരുന്നതിനാല്‍ ഈജിപ്തുകാര്‍ അത് വിശ്വസിക്കുകയും ചെയ്തു. ഫറോവയുടെ മൃതദേഹം രാജകീയമായ അകമ്പടികളോടെ കൊട്ടാരത്തിലെത്തിച്ച്, എല്ലാ ഫറോവമാരെയും പോലെ മൃതദേഹം മമ്മിയാക്കി, നൈല്‍ നദിയിലൂടെ കൊണ്ടുപോയി അല്‍അഖ്‌സ്വുറിന്റെ പടിഞ്ഞാറേ കരയിലുള്ള വാദില്‍ മുലൂകി(രാജാക്കന്‍മാരുടെ താഴ്‌വര)ല്‍ എത്തിച്ച്, റംസേസ് രണ്ടാമന്‍ തനിക്കു വേണ്ടി നേരത്തേ തയാറാക്കിയ ശവകുടീരത്തില്‍ അടക്കം ചെയ്തു. എന്നാല്‍, പ്രചരിപ്പിക്കപ്പെട്ട രാജനുണകള്‍ പൊളിയുന്ന സംഭവങ്ങള്‍ അരങ്ങേറിയത് പിന്നീടാണ്. ഫറോവയുടെ മൃതദേഹത്തോടൊപ്പം, ചെങ്കടലില്‍ മുങ്ങിമരിച്ച സൈനികമേധാവികളില്‍ ചിലരുടെ മൃതദേഹങ്ങളും കരക്കടിഞ്ഞ് ബന്ധുമിത്രാദികള്‍ക്ക് ലഭിച്ചിരുന്നു. മമ്മിയാക്കുന്നതിന്റെ ഭാഗമായി ആന്തരികാവയവങ്ങള്‍ നീക്കം ചെയ്യുന്നതിനായി വയര്‍ കീറിയപ്പോള്‍ അവയുടെ ശ്വാസകോശത്തില്‍ ഉപ്പുവെള്ളം നിറഞ്ഞത് അവര്‍ കണ്ടു. അതോടെ, മരുഭൂമിയിലെ പൊടിക്കാറ്റ് വെറും കള്ളക്കഥയാണെന്നും ഫറോവയടക്കം എല്ലാവരും മരണപ്പെട്ടത് കടലില്‍ മുങ്ങിയാണെന്നും അവര്‍ക്ക് ബോധ്യപ്പെട്ടു. അതോടെ, ഫറോവയുടെ ദിവ്യത്വമെന്ന ഏറ്റവും വലിയ രാജനുണയും തകര്‍ന്നടിഞ്ഞു. കാതോടുകാതോരം യാഥാര്‍ഥ്യം എല്ലാവരുടെയും ചെവിയിലെത്തി. ഫറോവമാരുടെ മൃതദേഹത്തോടൊപ്പം അടക്കം ചെയ്യപ്പെടുന്ന സ്വര്‍ണവും വെള്ളിയും ആഭരണങ്ങളുമടങ്ങുന്ന വന്‍സമ്പത്ത് അവരില്‍ ചിലരെയെങ്കിലും പ്രലോഭിപ്പിച്ചു. ഒരു ദിവ്യത്വവുമില്ലാത്ത ശവശരീരങ്ങള്‍ക്ക് കൂട്ടിരിക്കുന്ന സമ്പത്ത് മോഷ്ടിക്കുന്നതില്‍ ആരെ ഭയപ്പെടാന്‍?! അവര്‍ രാജാക്കന്‍മാരുടെ താഴ്‌വരയിലേക്ക് വെച്ചുപിടിച്ചു. അങ്ങനെ, ഇത്രകാലം തങ്ങളെ ചൂഷണം ചെയ്ത് സമ്പന്നരായി മാറിയവരുടെ പക്കല്‍നിന്ന് സ്വന്തം സ്വത്ത് തന്നെയാണ് തങ്ങള്‍ തിരിച്ചുപിടിക്കുന്നതെന്ന ഉറച്ച വിശ്വാസത്തില്‍ ഫറോവമാരുടെ ശവകുടീരങ്ങള്‍ അവര്‍ കൊള്ളയടിച്ചു. ഫറോവമാരോടുള്ള ആദരവെല്ലാം മനസ്സില്‍നിന്ന് നഷ്ടപ്പെട്ട മറ്റു ചിലരാകട്ടെ, ഫറോവമാരെ ആഭാസന്‍മാരായി ചിത്രീകരിക്കുന്ന കലാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. റംസേസ് മൂന്നാമനെ ചതുരംഗം കളിക്കുന്ന സിംഹമായി അവതരിപ്പിക്കുന്ന കാരിക്കേച്ചറുകള്‍വരെ പില്‍ക്കാലത്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
ശവകുടീരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ ബാധ്യസ്ഥരായ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെത്തന്നെ 'വാദില്‍ മുലൂകി'ല്‍ പിന്നെയും കൊള്ള തുടര്‍ന്നുകൊണ്ടിരുന്നു. അവരിലെ പല ഉദ്യോഗസ്ഥരും അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതായി ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള പാപ്പിറസ് രേഖകളില്‍ ഉണ്ടെന്ന് ഡോ. ബദ്‌റാവി എഴുതുന്നു. പിന്നെയും മോഷണശ്രമങ്ങള്‍ ഉണ്ടായപ്പോള്‍, ഏറ്റവും മുതിര്‍ന്ന പുരോഹിതന്റെ നിര്‍ദേശപ്രകാരം, റംസേസ് രണ്ടാമന്റേതടക്കമുള്ള മമ്മികള്‍ പുറത്തെടുത്ത് പുതിയൊരു തുണിയില്‍ പൊതിഞ്ഞ്, അയാളുടെ പിതാവ് സെത്തി ഒന്നാമന്റെ ശവകുടീരത്തില്‍ അടക്കം ചെയ്തു. റംസേസ് പതിനൊന്നാമന്‍ അധികാരമേറ്റെടുത്ത് 24-ാം വര്‍ഷ(ബി.സി. 1098)മായിരുന്നു ഈ സംഭവമെന്ന് റംസേസ് രണ്ടാമന്റെ കഫന്‍ തുണിയില്‍ രേഖപ്പെടുത്തിയിരുന്നു. മോഷണശ്രമങ്ങള്‍ പിന്നെയും തുടര്‍ന്നതിനാല്‍, ബി.സി. 969-ല്‍ ഇരുപത്തൊന്നാം രാജവംശത്തിലെ സീ അമൂന്‍ ഫറോവയുടെ കാലത്ത്, വാദില്‍ മുലൂകില്‍നിന്ന് റംസേസ് രണ്ടാമന്റേതടക്കം നാല്‍പ്പതോളം മമ്മികള്‍ പുറത്തെടുത്ത് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ദയ്‌റുല്‍ ബഹ്‌രി(Sea Monastery)യില്‍ കൊണ്ടുപോയി അടക്കം ചെയ്തു. ബി.സി. പതിനഞ്ചാം നൂറ്റാണ്ടില്‍ ഹച്ചപ്‌സൂത് രാജ്ഞി പണികഴിപ്പിച്ച ശവകൂടീര-ദേവാലയ സമുച്ചയമാണ് ദയ്‌റുല്‍ ബഹ്‌രി. അവിടെ ഫറോവമാരുടെ ആ മമ്മികളെല്ലാം ഒന്നിച്ച് മറവുചെയ്ത് ബന്തവസ്സാക്കുകയും മോഷ്ടാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതിരിക്കാനായി സകല അടയാളങ്ങളും മായ്ച്ചുകളയുകയും ചെയ്തു. അങ്ങനെ, 2800 വര്‍ഷത്തോളം അവ എല്ലാവിധ കൈയേറ്റങ്ങളില്‍നിന്നും സുരക്ഷിതമായി നിലനിന്നു. അവയാണ് 1881-ല്‍ കണ്ടെത്തി ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്ക് മാറ്റിയത്. 1881-ല്‍ ദയ്‌റുല്‍ ബഹ്‌രിയില്‍നിന്നാണ് റംസേസ് രണ്ടാമന്റെയും മറ്റും മൃതദേഹം ലഭിച്ചത്. അല്ലാതെ മലയാളികളില്‍ ചിലരെങ്കിലും വിശ്വസിക്കുന്നതുപോലെ ഏതെങ്കിലും ബഹ്‌റില്‍(കടല്‍) നിന്നല്ല. ഫ്രഞ്ചുകാരനായ പുരാവസ്തു ശാസ്ത്രജ്ഞനും ഈജിപ്‌റ്റോളജിസ്റ്റുമായിരുന്ന ഗാസ്റ്റണ്‍ മാസ്‌പെറോ ആണ് ആ കണ്ടെടുക്കലിന് നേതൃത്വം നല്‍കിയത്. ഫറോവമാരുടെ മമ്മികള്‍ അവിടെയുണ്ടെന്ന വിവരം അവര്‍ക്ക് കിട്ടിയതാകട്ടെ, പുരാവസ്തുവ്യാപാരികളായിരുന്ന അബ്ദുറസൂല്‍ കുടുംബത്തെ ചോദ്യം ചെയ്തതോടെയായിരുന്നു. ദയ്‌റുല്‍ ബഹ്‌രിയില്‍നിന്ന് മോഷ്ടിച്ച പുരാവസ്തുക്കളാണത്രെ അവര്‍ കച്ചവടം ചെയ്തിരുന്നത്.
രാജാക്കന്‍മാരുടെ താഴ്‌വരയിലെ ശവകുടീരങ്ങളും ദയ്‌റുല്‍ ബഹ്‌രിയും എല്ലാം ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ശവകുടീരങ്ങള്‍ക്കുമീതെ വമ്പന്‍ പാറക്കഷ്ണങ്ങള്‍ ശാസ്ത്രീയമായി അടുക്കിവെച്ച് വലിയ മലകള്‍ കെട്ടിയുയര്‍ത്തിയതാണ് പിരമിഡുകളെങ്കില്‍, രാജാക്കന്‍മാരുടെ താഴ്‌വരയിലെ ശവകുടീരങ്ങള്‍ വമ്പന്‍ മലകളുടെ ഉള്ളിലേക്ക് നൂറും ഇരുനൂറും മീറ്റര്‍വരെ ദൂരം തുരന്നുണ്ടാക്കിയവയാണ്. അത്തരം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുമ്പ് ആ മലകളുടെ ഉള്ളിലെ മണ്ണിന്റെയും പാറയുടെയും ഘടന സംബന്ധിച്ച ഭൂഗര്‍ഭശാസ്ത്രപരമായ സൂക്ഷ്മപഠനങ്ങള്‍ നടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം, അവ ഇടിഞ്ഞുവീഴാതെ സഹസ്രാബ്ദങ്ങളോളം നിലനില്‍ക്കുമായിരുന്നില്ല. അക്കാലത്ത്, ആ പഠനങ്ങള്‍ അവര്‍ നടത്തിയതെങ്ങനെ? ടണ്‍ കണക്കിന് ഭാരമുള്ള ലക്ഷക്കണക്കിന് വന്‍പാറക്കഷ്ണങ്ങള്‍ അപ്പര്‍ ഈജിപ്തില്‍നിന്ന് നൈലിലൂടെ ഒഴുക്കിക്കൊണ്ടുവന്ന് ജീസയിലെത്തിച്ച് പിരമിഡ് രൂപത്തില്‍ കെട്ടിയുയര്‍ത്തിയ പൗരാണിക ഈജിപ്തുകാരുടെ ഗണിതവൈഭവവും സാങ്കേതിക മികവും ഓര്‍ത്താണ് പിരമിഡുകള്‍ക്കു മുമ്പില്‍ ലോകം അന്തിച്ചുനില്‍ക്കുന്നതെങ്കില്‍, എദ്ഫു, കര്‍നക്, ഫിലേ, കോം ഓംബോ പോലുള്ള ടെമ്പിളുകളില്‍ കാഴ്ചക്കാര്‍ വിസ്മയിച്ചുപോകുന്നത് ഭീമാകാരങ്ങളായ ഏകശിലാഖണ്ഡങ്ങളില്‍ അവര്‍ തീര്‍ത്ത ആ മഹാക്ഷേത്രങ്ങളും അവയുടെ സ്തൂപങ്ങളിലും ചുമരുകളിലും അവര്‍ അവശേഷിപ്പിച്ച ഹൈറോഗ്ലിഫിക് ആലേഖനങ്ങളും കണ്ടായിരിക്കും.
അസ്‌വാനില്‍ നൈലിന്റെ കുറുകെ ജമാല്‍ അബ്ദുന്നാസിര്‍ പണി കഴിപ്പിച്ച ഹൈ ഡാമും ചരിത്രത്തിലേക്ക് പിടിച്ചുവലിക്കുന്ന മറ്റൊരു കാഴ്ചയായിരുന്നു. നൈലില്‍ നിലവിലുണ്ടായിരുന്ന ലോ ഡാം ഊര്‍ജാവശ്യത്തിനും ജലസേചനത്തിനും അപര്യാപ്തമായപ്പോളാണ്, നൈലില്‍ പുതിയ ഡാം പണിയാന്‍ അബ്ദുന്നാസിര്‍ തീരുമാനിച്ചത്. അതിന്റെ നിര്‍മാണത്തിന് ഫണ്ട് കണ്ടെത്താന്‍ വേണ്ടിയായിരുന്നു 1956-ല്‍ സൂയസ് കനാല്‍ ദേശസാത്കരിച്ചത്. ഈജിപ്തിനെതിരെ ബ്രിട്ടനും ഫ്രാന്‍സും ഇസ്രയേലും സഖ്യം ചേര്‍ന്ന് അഴിച്ചുവിട്ട സൂയസ് യുദ്ധത്തിലേക്ക് അത് നയിച്ചു. സോവിയറ്റ് റഷ്യയും ചൈനയും ഈജിപ്തിനൊപ്പം നിന്ന് നയതന്ത്രസമ്മര്‍ദം ചെലുത്തിയതോടെയാണ് ആ യുദ്ധം അവസാനിച്ചത്.
അസ്‌വാനിലെ ആദിമ നിവാസികളായ നൂബിയന്‍ വില്ലേജുകാരുടെ സ്‌കൂളില്‍ പോയിരുന്ന് അവരുടെ തനതായ നൂബിയന്‍ ഭാഷയുടെ ബാലപാഠം നുകര്‍ന്നതും നൈലിലെ ക്രൂയിസ് യാത്രയും നീന്തലും കുളിയുമെല്ലാമായി അവിസ്മരണീയമായ ഒരുപിടി ഓര്‍മകള്‍ ബാക്കിയാക്കി ചരിത്രഭൂമികളിലൂടെയുള്ള ഞങ്ങളുടെ യാത്രക്ക് തീരശ്ശീല വീണു.
(അവസാനിച്ചു)
അവലംബ കൃതികള്‍
1. പൗരാണികവും ആധുനികവുമായ വിവിധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍
2. സത്യവേദപുസ്തകം- ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ
3. ഖിസ്വസ്വുല്‍ അന്‍ബിയാഇ വത്താരീഖ് ഡോ.റുശ്ദി ബദ്‌റാവി
4. ഇസ്രയേല്‍ മാസിക - നവംബര്‍ 2014
5. അത്വ്‌ലസു മആലിമില്‍ മസ്ജിദില്‍ അഖ്‌സ്വാ - ഡോ. അബ്ദുല്ലാഹ് മഅ്‌റൂഫ്
6. അല്‍മസ്ജിദുല്‍ അഖ്‌സ്വാ വല്‍ ഹൈക്കലുല്‍ മസ്ഊം - അബ്ദു ബിന്‍ മുഹമ്മദ് ബര്‍കൂ
7. അല്‍മസ്ജിദുല്‍ അഖ്‌സ്വാ: 40 മഅ്‌ലൂമതന്‍ നജ്ഹലുഹാ - ഫൈസ്വല്‍ യൂസുഫ് അഹ്മദ് അല്‍അലി
8. അല്‍മദ്ഖലു ഇലാ ദിറാസതില്‍ മസ്ജിദില്‍ അഖ്‌സ്വാ - ഡോ. അബ്ദുല്ലാഹ് മഅ്‌റൂഫ് ഉമര്‍
9. www.ancientsymbols.com
Comments