ഉണ്ണാവ്രതം അല്ലെങ്കില്‍ വിഭവസമൃദ്ധം
2017 സെപ്റ്റംബര്‍ 15-ലെ പ്രബോധനം വാരിക നല്ല നിലവാരം പുലര്‍ത്തി. എടുത്തു പറയേണ്ടതാണ് ഡോ. റാഗിബ് സര്‍ജാനിയുടെ 'വിവേചനങ്ങള്‍ക്കതീതമായ വിശ്വമാനവികത' (മൊഴിമാറ്റം അബ്ദുല്‍ അസീസ് പുതിയങ്ങാടി). വ്യത്യസ്തമായ വായനാനുഭവമാണ് ലേഖനം നല്‍കുന്നത്. ഉദാഹരണത്തിന്, ജൂതന്റെ മൃതദേഹം കൊണ്ടുപോയപ്പോള്‍ നബി ആദരപൂര്‍വം എഴുന്നേറ്റു നിന്ന സംഭവം (ബുഖാരി, പേജ് 35) നാം ധാരാളം കേട്ടതാണ്. എന്നാല്‍ നബിയെ നിത്യവും ശല്യം ചെയ്തിരുന്ന സാധാരണക്കാരനായ ആ ജൂതന്റെ മൃതദേഹം കണ്ണില്‍നിന്ന് മറയും വരെ ദീര്‍ഘനേരം നബിയും അനുയായികളും ആദരവോടെ നില്‍ക്കുകയായിരുന്നുവെന്ന് രംഗം കണ്ടുനിന്ന ജാബിറുബ്‌നു അബ്ദുല്ലയെ ഉദ്ധരിച്ചുകൊണ്ട് (ഇമാം മുസ്‌ലിം) വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഭാഗം വിസ്മയാഹ്ലാദത്തോടെയാണ് വായിച്ചത്. നബി കാണിച്ച മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക മനുഷ്യ ജീവനോടുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ബോധ്യപ്പെടുത്തുന്നു. ഇതര മതസ്ഥരോട് 'ആദരവ് കാട്ടുന്ന' ഒരു കപട പ്രകടനമായിരുന്നില്ല ഇതെന്ന് ലേഖനത്തില്‍ എടുത്തു പറയുന്നുണ്ട്.
'ദേരകളും സിഖ് മതത്തിന്റെ ഹിന്ദുത്വവത്കരണവും' എന്ന എ. റശീദുദ്ദീന്റെ വിശകലനം ഒന്നാന്തരമായി. 'ഹൃദയവും മനസ്സും ഖുര്‍ആനിലും ശാസ്ത്രത്തിലും' എന്ന എം.വി മുഹമ്മദ് സലീമിന്റെ പഠനം മികവുറ്റതും ചിന്താര്‍ഹവുമാണ്. കെ.സി ജലീല്‍ പുളിക്കലിന്റെ ഹദീസ് പഠനത്തില്‍ 'ഖുദ്‌സിയായ ഹദീസ്' ആയിരുന്നല്ലോ. ഹദീസിന്റെ പൊരുള്‍ തേടിയുള്ള യാത്രയും ഹൃദ്യമായി.
എ.വൈ.ആറിന്റെ ഖുര്‍ആന്‍ ബോധനം 930 സൂറ 26/അശ്ശുഅറാഅ് പ്രബോധകന്റെ നിലപാട് വിശദീകരിക്കുന്ന സ്ഥലത്ത് (പേജ് 26) 'ഖഫ്‌ളുല്‍ ജനാഹി'ന് സമാനമായ ആയത്ത് ഉദ്ധരിച്ചപ്പോള്‍ ചെറിയ ചില തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. 16:88-ല്‍ അല്ല, 'സത്യവിശ്വാസികളെ നീ കാരുണ്യത്തോടെ സംരക്ഷിക്കണം' എന്ന് ആവശ്യപ്പെടുന്നത്. മറിച്ച് അധ്യായം 15 (അല്‍ ഹിജ്ര്‍) 88-ല്‍ ആണ്. അതുപോലെ തന്നെ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കണമെന്നുള്ള ദൈവ കല്‍പന 16:24-ല്‍ എന്നാണ് (പേജ് 26) പറയുന്നത്. എന്നാല്‍, സൂറ അല്‍ ഇസ്രാഅ് 17:24-ല്‍ ആണ് 'ഇരുവരെയും കാരുണ്യത്തിലുള്ള എളിമയുടെ ചിറകിലൊതുക്കി ശുശ്രൂഷിക്കണം' എന്ന് കല്‍പിക്കുന്നതെന്നും കാണാം. പ്രബോധനത്തില്‍ ചില ആഴ്ചകളില്‍ നന്നായി വായിക്കാനുണ്ടാവും. മറ്റു ചില ആഴ്ചകള്‍ എളുപ്പത്തില്‍ വായിച്ചുതീര്‍ക്കാം-ഗഹനമായ ലേഖനങ്ങള്‍ ഉണ്ടാവാറില്ലെന്നര്‍ഥം. 'ഒന്നുകില്‍ ഉണ്ണാ വ്രതം അല്ലെങ്കില്‍ വിഭവസമൃദ്ധമായ സദ്യ' (Fast or Feast) എന്നു പറയുന്നതുപോലെ.
ഹദീസും സുന്നത്തും വിവേചിച്ച് പ റഞ്ഞുതന്നെ മുന്‍ ലക്കങ്ങള്‍ പോലെ പഠനാര്‍ഹമായ ലേഖനങ്ങളും വിശകലനങ്ങളും കൊണ്ട് അനുഗൃഹീതമാകട്ടെ വരും ലക്കങ്ങള്‍.
ഇത് പ്രബോധനത്തിന്റെ ദൗത്യം തന്നെ
സയ്യിദ് സആദത്തുല്ല ഹുസൈനിയുടെ 'രാഷ്ട്രീയ നീക്കങ്ങളില്‍ വൈകാരികത കലരരുത്, സാമുദായികതയും' എന്ന ലേഖനം വളരെ കാലിക പ്രസക്തിയുള്ളതായി തോന്നി. പലരും പറയാന്‍ മടിക്കുന്നതും പറയാന്‍ വൈകിപ്പോയതുമായ ചില സത്യങ്ങളാണ് ഇവിടെ അനാവരണം ചെയ്തിരിക്കുന്നത്. ഇത് ഏതെങ്കിലും മതത്തിനോ സമുദായത്തിനോ മാത്രം ബാധകമായ കാര്യമല്ല. നമ്മുടെ സമൂഹത്തില്‍ ഇന്ന് പ്രവര്‍ത്തിച്ചുവരുന്ന എല്ലാ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പാഠമാകേണ്ടതാണ്.
ഒരു ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. ഇവ പരിഹരിക്കുക എന്നതാണ് ഇന്ന് പ്രധാനമായിട്ടുള്ളത്. പ്രതികരണത്തില്‍ മിതത്വമില്ലായ്മയാണ് കലഹങ്ങള്‍ക്ക് വഴിമരുന്നിടുന്നത്. സത്യം പോലും പ്രിയങ്കരമായി പറയണമെന്നാണ് വേദങ്ങള്‍ പഠിപ്പിക്കുന്നത്. 'അമിതമായാല്‍ അമൃതും വിഷം' എന്നാണ് ചൊല്ല്. അക്രമാസക്തമായ സമീപനങ്ങള്‍ തീവ്ര വൈകാരികതയുടെ ലക്ഷണമാണ്. നമ്മുടെ പൂര്‍വികരായ പ്രവാചകന്മാരും ഗുരുനാഥന്മാരും അവരെ ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്തവരോടു പോലും എത്ര ക്ഷമാപൂര്‍വം, സൗമ്യമായാണ് പ്രതികരിച്ചത്. ഈ പാഠങ്ങള്‍ എപ്പോഴാണ് നാം വിസ്മരിച്ചുപോയത്? ഇന്ന് ഗുരുഭൂതന്മാരെയും പ്രവാചകന്മാരെയും നിന്ദിക്കുന്നു എന്ന് പറഞ്ഞ് എത്ര നീചമായ അക്രമങ്ങള്‍ക്കാണ് ചിലര്‍ നേതൃത്വം നല്‍കുന്നത്. മതവിശ്വാസികളുടെ ജീവിതമാണ് സമൂഹത്തിന് മാതൃകയാവേണ്ടത് എന്നത് വലിയ സത്യമാണ്. എന്നാല്‍ പകയും വിദ്വേഷവും വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇരുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്. തീവ്രവാദത്തെ ആശ്രയിക്കുന്ന പ്രസ്ഥാനങ്ങള്‍ അതെത്ര വലിയതായാലും നിലനില്‍ക്കുകയില്ല എന്നത് പ്രകൃതി നിയമമാണ്.
സര്‍വ ധര്‍മ സമാനത്വവും സഹിഷ്ണുതയും ലോകത്തിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യും. ഇത്തരം ചിന്തകള്‍ പ്രബോധനം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രവാചകന്മാരുടെ മാതൃകയാണ് സ്വീകരിക്കേണ്ടത് എന്ന ലേഖകന്റെ നിര്‍ദേശം ചിന്തനീയമത്രെ. ഇസ്‌ലാമിക അധ്യാപനങ്ങളില്‍ ആദര്‍ശപരമായ നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന നിര്‍ദേശം സര്‍വ പ്രസ്ഥാനങ്ങള്‍ക്കും പിന്തുടരാവുന്നതാണ്. ഇത്തരം ലേഖനങ്ങള്‍ പ്രബോധനത്തിന്റെ ദൗത്യം കൂടിയാണെന്ന് ഞാന്‍ കരുതുന്നു.
പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി, കരിയാട്, മാഹി
തൊപ്പിയൂരി എറിഞ്ഞിട്ടും ലുങ്കി മാറി ഉടുത്തിട്ടും
ഇന്ത്യയില്‍ ഏതോ രീതിയില്‍ അധികാരം കൈയാളാന്‍ ഇടയുള്ള പാര്‍ട്ടികളിലേക്കും സംഘടനകളിലേക്കും ആര്‍.എസ്.എസ് ഏജന്റുമാര്‍ നുഴഞ്ഞുകയറാറുണ്ട്. പാര്‍ട്ടികളുടെ നയപരിപാടികളെ ആവും വിധം സ്വാധീനിക്കുക/ അട്ടിമറിക്കുക എന്നതാണ് ഈ നുഴഞ്ഞുകയറ്റത്തിന്റെ ബഹുമുഖ ഉദ്ദേശ്യങ്ങളിലൊന്ന്. പിന്നെ പ്രസ്തുത പാര്‍ട്ടിയെ ശിഥിലമാക്കുക, തുരങ്കം വെക്കുക എന്നതും ലക്ഷ്യമാണ്. കോണ്‍ഗ്രസ്സില്‍ ആര്‍.എസ്.എസ് നടത്തിയ നുഴഞ്ഞുകയറ്റവും കുത്തിത്തിരിപ്പും ഇന്ന് ആ പാര്‍ട്ടി ധാരാളമായി അനുഭവിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിലുള്ള അത്രയില്ലെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും ഈ പ്രശ്‌നമുണ്ട്. ബംഗാളില്‍ പാര്‍ട്ടിയെ തകര്‍ക്കുന്നതില്‍ ഈ ഘടകത്തിനും പങ്കുണ്ട്.
മുസ്‌ലിം ലീഗിന് വളരെ മാന്യമായ പരിഗണന ആദ്യമായി നല്‍കിയത് 1967-ലെ സപ്ത മുന്നണിയായിരുന്നു. ഇത് ആര്‍.എസ്.എസ്സിന് ഏറെ അസഹനീയവുമായിരുന്നു. ഒരു വ്യാഴവട്ടത്തിലേറെക്കാലം മുസ്‌ലിം ലീഗിലെ സീനിയര്‍ നേതാക്കള്‍ ഉള്‍ക്കൊള്ളുന്ന അഖിലേന്ത്യാ മുസ്‌ലിം ലീഗിനെയും (ഇതാണ് 1947-ന് മുമ്പുള്ള മുസ്‌ലിം ലീഗിന്റെ നാമം) ഇടതുപക്ഷം ഉള്‍ക്കൊിരുന്നു. ഇപ്പോള്‍ ഐ.എന്‍.എല്ലിനെയും ഒരളവോളം മാത്രമേ ഇടതുപക്ഷം ഉള്‍ക്കൊള്ളുന്നുള്ളൂ.
1967-ലെ ഇ.എം.എസ്സിന്റെ സപ്ത മുന്നണിയില്‍ മുസ്‌ലിം ലീഗ് വഞ്ചനാപരമായ -നന്ദികെട്ട- നിലപാട് സ്വീകരിച്ചുവെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഉറച്ചുവിശ്വസിച്ചത്. എന്നാല്‍, എം.വി രാഘവനെ പോലുള്ളവരും മറ്റും കുറച്ച് വ്യത്യസ്ത നിലപാടുള്ളവരായിരുന്നു. 1969-ല്‍ ലീഗ് സപ്ത മുന്നണി വിടുകയും കുറുമുന്നണിയുടെ ഭാഗമാവുകയും കോണ്‍ഗ്രസ്സിന്റെയും കെ. കരുണാകരന്റെയും വക്കാലത്ത് ഏറ്റെടുത്ത് ആവശ്യത്തിലേറെ അതിതീവ്രതയോടെ മാര്‍ക്‌സിസ്റ്റ് വിരോധം സി.എച്ച് മുഹമ്മദ് കോയ നാടുനീളെ പ്രസംഗിച്ചു നടക്കുകയും ചെയ്തപ്പോള്‍ അക്കാലത്ത് മാര്‍ക്‌സിസ്റ്റുകള്‍ വിളിച്ചു നടന്ന മുദ്രാവാക്യം 'തൊപ്പിയൂരി എറിഞ്ഞിട്ടും ലുങ്കി മാറി ഉടുത്തിട്ടും കിട്ടിയതെന്തേ സ്പീക്കര്‍ സ്ഥാനം, റാഹത്തായില്ലേ...?' എന്നാണ്. മാര്‍ക്‌സിസ്റ്റുകള്‍ക്ക് അക്കാലത്ത് സി.എച്ച് മുഹമ്മദ് കോയയോടായിരുന്നു കടുത്ത വെറുപ്പും വിരോധവും. ഈ പശ്ചാത്തലത്തിലാണ് സി.എച്ചിനെതിരെ തലശ്ശേരിയില്‍ ഗംഗാധര മാരാര്‍ ആസിഡ് ബള്‍ബ് എറിഞ്ഞത്. തങ്ങള്‍ക്കു വേണ്ടി മാര്‍ക്‌സിസ്റ്റ് വിരോധം സമൃദ്ധമായി പ്രസംഗിക്കുന്ന സി.എച്ചിനെ കോണ്‍ഗ്രസ് നേതൃത്വം നന്നായി പിന്തുണക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.
മാര്‍ക്‌സിസ്റ്റുകള്‍ സ്വാഭാവികമായും ലീഗ് വിരോധം വ്യാപകമായി പ്രസരിപ്പിച്ചു. ഇത് നല്ലൊരു വിഭാഗം മാര്‍ക്‌സിസ്റ്റ് ഹിന്ദുക്കളില്‍ മുസ്‌ലിം വിരോധമായി സന്നിവേശിച്ചു. ഇതിനെ ഉപയോഗപ്പെടുത്താനും മുതലെടുക്കാനും ആര്‍.എസ്.എസ് ലോബി നാനാ മാര്‍ഗേണ സമര്‍ഥമായും സജീവമായും യത്‌നിച്ചു. ഇതിന്റെ കൂടി ഫലമായിരുന്നു 1971 ഒടുവില്‍ തലശ്ശേരിയില്‍ നടന്ന വര്‍ഗീയ ലഹള. മാര്‍ക്‌സിസ്റ്റുകള്‍ വ്യാപകമായി പര്‍വതീകരണ-വക്രീകരണ പ്രക്രിയകളിലൂടെ പ്രസരിപ്പിച്ച ലീഗ് വിരോധം കടുത്ത മുസ്‌ലിം വിരോധമായി രൂപാന്തരം പ്രാപിച്ചതിന്റെ ദുരന്തഫലം കൂടിയാണ് തലശ്ശേരി കലാപമെന്നത് പലരും അക്കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ടിലും ഉള്ളടങ്ങിയിട്ടുണ്ട്. തലശ്ശേരി മട്ടാമ്പ്രം പള്ളിയില്‍ വെച്ച് പത്രക്കാരോട് സംസാരിക്കുമ്പോള്‍ 'ഞങ്ങളുടെ ആളുകളും ഈ കലാപത്തില്‍ പങ്കാളിയായിരിക്കാം' എന്ന അര്‍ഥത്തില്‍ ഇ.എം.എസ് പറഞ്ഞിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടി എന്ന നിലക്ക് ആര്‍.എസ്. എസ് വര്‍ഗീയവാദികളുടെ അഴിഞ്ഞാട്ടത്തിനും കൊള്ളക്കുമെതിരെ ഉറച്ച നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചത്. അതുകൊണ്ടാണ് തലശ്ശേരിയിലും പരിസരങ്ങളിലും ഇടതുപക്ഷ അനുകൂല അന്തരീക്ഷം ഇന്നും സജീവമായി നിലനില്‍ക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയിലേക്കുള്ള ആര്‍.എസ്.എസ് നുഴഞ്ഞുകയറ്റവും കുത്തിത്തിരിപ്പും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉള്ളാലെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നീട് ആര്‍.എസ്.എസ്സിനെതിരെ കണ്ണൂര്‍ ജില്ലയിലെ (ഇന്നത്തെ കാസര്‍കോട് ജില്ലയും ഉള്‍പ്പെടെ) പാര്‍ട്ടി നേതൃത്വം അതീവ ജാഗ്രതയോടെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. തലശ്ശേരി കലാപത്തിനു ശേഷം തുടങ്ങി നാലര ദശകത്തോളം നടന്നുവരുന്ന മാര്‍ക്‌സിസ്റ്റ്-ആര്‍.എസ്.എസ് സംഘട്ടനങ്ങള്‍ ഇന്നും തുടരുകയാണ്. ഈ സംഘട്ടനങ്ങളില്‍ കോണ്‍ഗ്രസ് പലപ്പോഴും ആര്‍.എസ്.എസ്സിനെ പരോക്ഷമായിട്ടെങ്കിലും പിന്തുണക്കുന്നുണ്ടെന്ന നിരീക്ഷണം നിഷ്പക്ഷരായ പലര്‍ക്കുമുണ്ട്.
ഈയൊരു സാമൂഹിക പശ്ചാത്തലത്തിലാണ് മുസ്‌ലിം ലീഗ് പിളര്‍ന്നപ്പോള്‍ എം.കെ ഹാജി, സി.കെ.പി ചെറിയ മമ്മുക്കേയി, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍ക്കൊള്ളുന്ന അഖിലേന്ത്യാ ലീഗിന് ഉത്തര കേരളത്തില്‍ കൂടുതല്‍ സ്വാധീനമുണ്ടായത്. മുന്നണി രാഷ്ട്രീയത്തില്‍ മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സഖ്യമുണ്ടാക്കുമ്പോള്‍ ഘടക കക്ഷികളെയോ നേതൃത്വം നല്‍കുന്ന മുഖ്യ കക്ഷിയെയോ പ്രതിരോധിക്കാനും ന്യായീകരിക്കാനും മഹത്വവത്കരിക്കാനും മുസ്‌ലിം ലീഗിന് ബാധ്യതയില്ലെന്നും രാഷ്ട്രീയ യജമാനത്തം പുലര്‍ത്തുന്ന കോണ്‍ഗ്രസ്സിന് സദാ പാദസേവ ചെയ്യുംവിധമായിപ്പോകുന്നു ലീഗ് നേതാക്കളായ സി.എച്ച് മുഹമ്മദ് കോയയുടെയും മറ്റും നിലപാടുകളെന്നും കോണ്‍ഗ്രസ്സിനു വേണ്ടി ഇടതുപക്ഷത്തെ ആക്രമിക്കേണ്ടതില്ലെന്നും മറ്റുമായിരുന്നു മമ്മുക്കേയി, എം.കെ ഹാജി തുടങ്ങിയവരുടെ നിലപാടിന്റെ ഏകദേശ സാരം. അവസാനം അടിയന്തരാവസ്ഥയില്‍ സീനിയര്‍ നേതാക്കളായ മമ്മുക്കേയി, സെയ്തു ഉമ്മര്‍ തങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് തടവറ 'സമ്മാനി'ക്കുവോളം സംഗതി എത്തിച്ചേര്‍ന്നു.
കോണ്‍ഗ്രസ്സിനോടായാലും മാര്‍ക്‌സിസ്റ്റുകളോടായാലും അതിരുവിട്ട വിധേയത്വം കാണിക്കേണ്ടതില്ല എന്നതായിരിക്കണം ലീഗ് സ്വീകരിക്കേണ്ട സന്തുലിത നിലപാട്. ഇപ്പോഴും ചില ലീഗുകാര്‍ മോദിയെയും പിണറായിയെയും സമീകരിച്ചുകൊണ്ട് സംസാരിക്കാറുണ്ട്. പിണറായിയോടുള്ള അന്ധവിരോധത്താലായിരിക്കാം ഇങ്ങനെ പറയുന്നത്. പക്ഷേ, ഇത് ഫലത്തില്‍ മോദിയെ നന്നാക്കലാണ്. മാര്‍ക്‌സിസ്റ്റുകളുടെ അസഹിഷ്ുതയെയും അക്രമങ്ങളെയും എതിര്‍ക്കേണ്ടവിധം എതിര്‍ക്കണം. എന്നാല്‍ അത് ആര്‍.എസ്.എസ് ഫാഷിസത്തോട് സമീകരിച്ചു കൂടാത്തതാണ്. അന്ത്രു മൗലവിയുടെ അനുഭവക്കുറിപ്പ് വായിച്ചപ്പോഴാണ് ഇത്രയും കുറിച്ചത്.
എ.ആര്‍ അഹ്മദ് ഹസന്‍ മയ്യഴി
പ്രസന്നന്റെ കത്ത്
പതിറ്റാണ്ട് മുമ്പേ പ്രബോധനത്തിലെ കത്തുകളില്‍ നിറസാന്നിധ്യമായിരുന്നു കെ.പി പ്രസന്നന്‍ എടച്ചേരി. അന്ന് അദ്ദേഹം എഴുതിയ ചില കത്തുകള്‍ ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ട്. പിന്നെ ഒരു നീണ്ട മൗനമായിരുന്നു. ഈ അടുത്ത് ഒരു ലേഖനവുമായി അദ്ദേഹത്തെ വീണ്ടും കണ്ടതില്‍ സന്തോഷമുണ്ട്. ലക്കം 3018-ല്‍ തൗഹീദിന്റെ ആണിക്കല്ല് കാണിച്ചു തരുന്ന 'ലാ ഇലാഹ മുതല്‍ ഇല്ലല്ലാഹ് വരെ' എന്ന അദ്ദേഹത്തിന്റെ ലേഖനം വിശ്വാസിക്കും അവിശ്വാസിക്കും ഒരുപാട് പാഠങ്ങള്‍ നല്‍കുന്നതാണ്. 'ഉറുമ്പുകളുടെ സ്‌കൂളില്‍ മനുഷ്യന്റെ സര്‍ഗാത്മകതയും കരുത്തുമൊക്കെ പഠിപ്പിക്കുന്ന ഒരു ബുദ്ധിമുട്ട്' എന്ന് തുടങ്ങി മനോഹരമായ നിരവധി ഉപമകളും ഉദാഹരണങ്ങളുമുണ്ട് ലേഖനത്തില്‍. പ്രസന്നന്‍ തുടര്‍ന്നും കാമ്പും കരുത്തുമുള്ള ലേഖനങ്ങള്‍ പ്രബോധനത്തില്‍ കുറിക്കുമെന്ന് ആശിക്കുന്നു.
മമ്മൂട്ടി കവിയൂര്‍
Comments