Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 13

3021

1439 മുഹര്‍റം 22

ആ ഇമാമിനെ തുടര്‍ന്ന് നമസ്‌കരിക്കാമോ?

എം.വി മുഹമ്മദ് സലീം

കേരളത്തിലെ ചില പാരമ്പര്യ പള്ളികളിലെ ഇമാമിന്റെ പിന്നില്‍നിന്ന് നമസ്‌കരിക്കാന്‍ പാടില്ല, കാരണം അവിടങ്ങളിലെ  ഇമാമുമാര്‍  ശിര്‍ക്ക് ചെയ്യുന്നവരാണ്, ശിര്‍ക്ക് ചെയ്യുന്ന ആളെ തുടര്‍ന്ന് നമസ്‌കരിക്കുന്നത് ശരിയല്ല എന്ന് ഒരാള്‍ പറയുകയുണ്ടായി. വീടിനടുത്ത അത്തരമൊരു പള്ളിയില്‍ പോയി നമസ്‌കരിക്കുന്നത് വിലക്കുകയും ചെയ്തു. ഈ വീക്ഷണം ശരിയാണോ? നമ്മുടെ പാരമ്പര്യ പള്ളികളിലെ ഇമാമുമാര്‍ മഹാപാപമായ ശിര്‍ക്ക് അങ്ങനെത്തന്നെ ചെയ്യുന്നവരാണോ? എന്റെ വീട്ടിനടുത്തൊന്നും മറ്റൊരു പള്ളിയും ഇല്ല. ഇത്തരമൊരു സാഹചര്യത്തില്‍ പതിവായി ജമാഅത്ത് നമസ്‌കാരം നഷ്ടപ്പെടുന്നു. എന്താണ് ഞാന്‍ കൈക്കൊള്ളേണ്ട നിലപാട്?

 

സംഘടിത നമസ്‌കാരം ഇസ്‌ലാമിക സമൂഹത്തിന്റെ ചിഹ്നമാണ്. ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നതില്‍നിന്നും ഏറെ വ്യത്യസ്തമാണ് ഇസ്‌ലാമില്‍ ഇതിന്റെ അടിസ്ഥാന സങ്കല്‍പം. നമസ്‌കാരത്തിന്റെ ആദ്യ ഇമാം നബി(സ)യാണ്. ഒരു സമൂഹം മുഴുവന്‍ സംബന്ധിക്കുന്ന സംഘടിത പ്രാര്‍ഥനയായിരുന്നു അത്. അതില്‍ ഹാജരാവാത്തവര്‍ വിശ്വാസഭംഗം നേരിട്ടവരായിരുന്നു. സമൂഹത്തിന് അപ്പപ്പോള്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ നബി (സ) ഈ സംഗമം ഉപയോഗപ്പെടുത്തുക പതിവായിരുന്നു. 

വിദൂര പ്രദേശങ്ങളില്‍നിന്ന് ഇസ്‌ലാമാശ്ലേഷിച്ച് ഇസ്‌ലാമിക ജീവിതരീതി കര്‍മപഥത്തില്‍ പകര്‍ത്താന്‍ സന്നദ്ധരായി വരുന്നവര്‍ക്ക് കൂട്ടത്തില്‍ ഒരാളെ നമസ്‌കാരത്തിനു നേതൃത്വം നല്‍കാന്‍ നബി നിയോഗിക്കുമായിരുന്നു. വിശുദ്ധ ഖുര്‍ആനിലുള്ള അവഗാഹമായിരുന്നു നിയമനത്തിന്റെ മാനദണ്ഡം. ഇസ്‌ലാം പ്രചരിക്കുകയും അനേകം പ്രദേശങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമാവുകയും ചെയ്തപ്പോള്‍ അവിടങ്ങളില്‍ ഇസ്‌ലാമിക ജീവിതരീതി പഠിപ്പിക്കാനും നമസ്‌കാരത്തിന് നേതൃത്വം നല്‍കാനും പരിചയസമ്പന്നരായ വ്യക്തികളെ തിരുമേനി നിയോഗിച്ചയച്ചു. പില്‍ക്കാലത്ത് ഇവരെ ആ പ്രദേശങ്ങളുടെ ഭരണസാരഥ്യം വഹിക്കാന്‍ ചുമതലപ്പെടുത്തി. 

തന്റെ രോഗാവസ്ഥയില്‍ നബി (സ) തനിക്ക് പകരം നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അബൂബക്‌റി(റ)നോട് ആവശ്യപ്പെടുകയുണ്ടായി. നബിയുടെ വിയോഗാനന്തരം ആദ്യ ഖലീഫയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടാന്‍ ഇതൊരു സൂചനയായി സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു. ഭരണസാരഥി തന്നെയാണ് നമസ്‌കാരത്തിന്റെ നേതൃത്വം നല്‍കേണ്ടത് എന്ന തത്ത്വമാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. പില്‍ക്കാലത്തും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാന നഗരിയിലെ പള്ളിയില്‍ ഭരണാധികാരിയായിരുന്നു നമസ്‌കാരത്തിന് നേതൃത്വം നല്‍കിപ്പോന്നത്. ഭരണാധികാരികള്‍ അതിക്രമം ചെയ്യുന്നവരായാല്‍ അവരെ അനുസരിക്കാമോ എന്ന് ആരാഞ്ഞ അനുചരന്മാരോട് നബി (സ) പറഞ്ഞു: ''അവര്‍ നിങ്ങള്‍ക്കിടയില്‍ നമസ്‌കാരം നിലനിര്‍ത്തുന്നേടത്തോളം നിങ്ങള്‍ അവരെ അനുസരിക്കണം.''

ഇതാണ് ഇസ്‌ലാമില്‍ ഇമാമത്ത്. സംഘടിത നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സമൂഹത്തോട് കല്‍പിക്കാന്‍ അധികാരമുള്ള സമാദരണീയനായ വ്യക്തിത്വമാണ്. ഇസ്‌ലാമിക സാമൂഹിക ജീവിതത്തിന്റെ ഒരു പരിഛേദം സംഘടിത നമസ്‌കാരത്തില്‍ ദര്‍ശിക്കാം. നേതാവിനെ നന്മയില്‍ അനുസരിക്കുകയും തിന്മയില്‍ തിരുത്തുകയും ചെയ്യുക എന്ന അടിസ്ഥാനതത്ത്വം നമസ്‌കാരത്തില്‍ പ്രാവര്‍ത്തികമാക്കുന്നു. ഇമാം നമസ്‌കാരത്തിന്റെ ക്രമത്തിലോ ഖുര്‍ആന്‍ പാരായണത്തിലോ തെറ്റു വരുത്തുകയാണെങ്കില്‍ അനുയായികള്‍ തിരുത്തിക്കൊടുക്കണം. അദ്ദേഹം അതനുസരിച്ച് തെറ്റു തിരുത്തി മുന്നോട്ടു പോകണം. ഇത് തന്നെയാണ് സാമൂഹിക ജീവിതത്തില്‍ ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള ബന്ധം. അദ്ദേഹത്തിനു അബദ്ധം പിണഞ്ഞാല്‍ പൗരന്മാര്‍ തിരുത്തിക്കൊടുക്കണം. അത് സ്വീകരിച്ച് തെറ്റു തിരുത്തി മുന്നോട്ടുപോകാന്‍ ഭരണാധികാരി ബാധ്യസ്ഥനാണ്. 

ആ നല്ല കാലം മാറി. നമസ്‌കാരം ചൈതന്യമറ്റതായി. ഇമാം വെറും തൊഴിലാളിയായി. യഥാര്‍ഥ ചിത്രം മനോദര്‍പ്പണങ്ങളില്‍നിന്നും തീര്‍ത്തും മാഞ്ഞുപോയി. ഇന്നത്തെ നിയമിത ഇമാമിനെ തുടര്‍ന്ന് നമസ്‌കരിക്കുമ്പോള്‍ സ്വീകരിക്കേണ്ട പരിഗണനകളാണ് ചോദ്യകര്‍ത്താവിന്റെ സംശയത്തിന് നിദാനം. പള്ളിയില്‍ ഇമാമായി നമസ്‌കരിക്കുന്ന വ്യക്തിയുടെ ആദര്‍ശം, വൈജ്ഞാനിക യോഗ്യത എന്നിവയൊന്നും തുടര്‍ന്നു നമസ്‌കരിക്കുന്നവര്‍ അന്വേഷിക്കേണ്ടതില്ല. ദീനില്‍ പുതിയ വിശ്വാസാചാരങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരാളാണ് ഇമാമെങ്കില്‍ പോലും അയാളെ തുടര്‍ന്ന് ജുമുഅയും പെരുന്നാളും മറ്റും നമസ്‌കരിക്കാമെന്നാണ് പൂര്‍വികരും പില്‍ക്കാല പണ്ഡിതന്മാരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ഇമാമിന്റെ പോരായ്മകള്‍ ചികഞ്ഞ് ജുമുഅ ഉപേക്ഷിക്കുന്നവരെ ദീനില്‍ പുതിയ വഴക്കങ്ങള്‍ ഉണ്ടാക്കിയവരായാണ് ചില പണ്ഡിതര്‍ കാണുന്നത്. കാരണം തിരുമേനിയുടെ അനുചരന്മാര്‍ ഇത്തരം വ്യക്തികളെ തുടര്‍ന്ന് നമസ്‌കരിച്ചിരുന്നു. ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ) തന്റെ വീട്ടില്‍ ഉപരോധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ശത്രു പക്ഷത്തുള്ള ഒരാളായിരുന്നു നമസ്‌കാരത്തിന് പള്ളിയില്‍ നേതൃത്വം നല്‍കിയിരുന്നത്. അയാളെ തുടര്‍ന്ന് നമസ്‌കരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''സഹോദരപുത്രാ, മനുഷ്യന്റെ ഏറ്റവും ഉത്തമമായ കര്‍മമാണ് നമസ്‌കാരം. ജനങ്ങള്‍ ഉത്തമമായത് ചെയ്യുമ്പോള്‍ അവരോടൊപ്പം ചെയ്യുക. അവര്‍ തിന്മ ചെയ്യുമ്പോള്‍ അവരുടെ തിന്മയില്‍നിന്ന് അകന്നുനില്‍ക്കുക.'' (ഖവാരിജുകളുടെ നേതാക്കളില്‍ ഒരാളായ കിനാനതു ബ്‌നു ബിശ്ര്‍ എന്ന വ്യക്തിയായിരുന്നു ആ ഇമാം). 

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ രേഖപ്പെടുത്തുന്നു: ''ഒരു നാട്ടില്‍ ഒരൊറ്റ പള്ളിയേ ഉള്ളുവെങ്കില്‍ അവിടെയുള്ള തെറ്റുകാരനായ ഇമാമിന്റെ കൂടെ നമസ്‌കരിക്കുന്നതാണ് തനിച്ച് വീട്ടില്‍ വെച്ച് നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം.'' 

ഇമാമിനെ തുടരാതിരിക്കാന്‍ ചെറിയ കാരണങ്ങള്‍ പോരാ. അദ്ദേഹം ഇസ്‌ലാമില്‍നിന്ന് പുറത്തുപോകാന്‍ കാരണമാകുന്ന മഹാപാപമോ അബദ്ധമോ ചെയ്തുപോയാല്‍ മാത്രമേ അദ്ദേഹത്തെ ബഹിഷ്‌കരിക്കാന്‍ അനുവാദമുള്ളു. അങ്ങനെയല്ലാത്ത അബദ്ധമാണ് അദ്ദേഹത്തിന്റെ വിശ്വാസത്തിലോ കര്‍മത്തിലോ സംഭവിച്ചതെങ്കില്‍ അദ്ദേഹത്തെ തുടര്‍ന്ന് നമസ്‌കരിച്ചാല്‍ നമസ്‌കാരം സാധുവാകും. ഇതാണ് നാലു മദ്ഹബുകളും, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയവരും ആധുനിക പണ്ഡിതന്മാരില്‍ മഹാഭൂരിപക്ഷവും സമകാലീന പണ്ഡിതന്മാരില്‍ ഒരു വിഭാഗവും അഭിപ്രായപ്പെടുന്നത്. 

കേരളീയ മുസ്‌ലിം സമുദായത്തിലെ ജീര്‍ണതകള്‍ക്കെതിരെ സമരാഹ്വാനവുമായി രംഗത്തുവന്ന ചില പരിഷ്‌കര്‍ത്താക്കള്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായ ഭാഷയില്‍ അപലപിക്കുകയും അവയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സമുദായത്തെ ആഹ്വാനം ചെയ്യുകയുമുണ്ടായി. അന്ധവിശ്വാസങ്ങളോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ സ്വീകരിച്ച ശൈലിയാണ്, നാട്ടിലെ പള്ളിയിലെ ഇമാമിനെ തുടര്‍ന്നാല്‍ നമസ്‌കാരം സാധുവാകുകയില്ല എന്ന് ചോദ്യകര്‍ത്താവിനോട് പറഞ്ഞ വ്യക്തിയില്‍ കാണുന്നത്. ഇമാമില്‍ ശിര്‍ക്ക് അഥവാ ബഹുദൈവ വിശ്വാസം ആരോപിക്കുകയാണല്ലോ ആ വ്യക്തി ചെയ്യുന്നത്. ഇതിന്റെ വിശദീകരണവും അദ്ദേഹത്തോട് ചോദിച്ചറിയണം. 

അല്ലാഹു ഏകനാണെന്ന് വിശ്വസിക്കുകയും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കപ്പെടാത്ത പാപമാണെന്ന് അംഗീകരിക്കുകയും ചെയ്യുന്ന ഒരാള്‍, തനിക്ക് ശിര്‍ക്കാണെന്ന് ബോധ്യപ്പെടാത്ത, പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായമുള്ള വിഷയത്തില്‍ അത് ചെയ്യാമെന്ന് വിശ്വസിക്കുന്ന ആളാണെങ്കില്‍ അയാളെ തുടര്‍ന്ന് നമസ്‌കരിക്കാം. കാരണം അയാളുടെ വിശ്വാസമനുസരിച്ച് അയാള്‍ തെറ്റു ചെയ്യുന്നില്ല. ഇതാണ് അയാളുടെ ഏകദൈവ വിശ്വാസത്തിന്റെ കാര്യത്തില്‍ നാം സ്വീകരിക്കുന്ന നയം. ഇത്തരക്കാരെ തുടര്‍ന്ന് നമസ്‌കരിച്ചാല്‍ നമസ്‌കാരം സാധുവാകുമെന്നാണ് ഭൂരിപക്ഷം അഭിപ്രായപ്പെടുന്നത്. 

അദ്ദേഹം സ്വന്തം അഭിപ്രായമനുസരിച്ച് തവസ്സുല്‍, ഇസ്തിഗാസ മുതലായവ നടത്തുമ്പോള്‍ അതില്‍ സഹകരിക്കാമെന്നോ, ഇസ്തിഗാസ ശിര്‍ക്കല്ലെന്നോ ഇതിന് അര്‍ഥമാക്കരുത്. ശിര്‍ക്കിന്റെ വിശദീകരണത്തിലുള്ള ഈ അഭിപ്രായവ്യത്യാസം അയാളെ ഇസ്‌ലാമില്‍നിന്ന് പുറത്താക്കുന്നില്ല. കാരണം അയാള്‍ക്ക് പറ്റിയ അബദ്ധം, ഇസ്തിഗാസ അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ പങ്കുചേര്‍ക്കലാണെന്ന് അംഗീകരിക്കാതെ അതിനെ വ്യാഖ്യാനിക്കുന്നു എന്നതാണ്. അംഗീകരിച്ചിരുന്നുവെങ്കില്‍ അത് വര്‍ജിക്കാന്‍ അയാള്‍ ഒരുക്കമായിരുന്നു. ഇങ്ങനെ വ്യാഖ്യാനത്തില്‍ തെറ്റുപറ്റിയാല്‍ അതിന്റെ ഉത്തരവാദി വ്യാഖ്യാനിച്ച വ്യക്തിയാണ്. ഇത്തരം ഇമാമുകളുമായി നല്ല വ്യക്തിബന്ധം സ്ഥാപിക്കുകയും അവരുടെ വിശ്വാസത്തെയും കര്‍മങ്ങളെയും സംസ്‌കരിക്കാനുതകുന്ന ഗ്രന്ഥങ്ങള്‍ വായിക്കാന്‍ അവര്‍ക്ക് അവസരമുണ്ടാക്കുകയുമാണ് വേണ്ടത്.

പള്ളിയിലെ ഇമാം വ്യാഖ്യാന സാധ്യതയുള്ള ശിര്‍ക്കാണോ ചെയ്യുന്നത് അതോ, വ്യാഖ്യാനിക്കാന്‍ പഴുതില്ലാത്ത, ഇസ്‌ലാമില്‍നിന്ന് പുറത്തു പോകാന്‍ കാരണമാകുന്ന വല്ല തെറ്റുമാണോ ചെയ്യുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കണം. വ്യക്തമായ ശിര്‍ക്കാണെന്ന് ബോധ്യമായാല്‍ അയാളെ തുടര്‍ന്ന് നമസ്‌കരിക്കാന്‍ പാടില്ല. അയാളെ ബഹിഷ്‌കരിക്കുമ്പോള്‍ നഷ്ടപ്പെടുന്ന ജമാഅത്തിന്റെ പുണ്യം അല്ലാഹു നിയ്യത്തനുസരിച്ച് നല്‍കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. 

 

 

ഖലീഫ മാത്രമാണോ ഇസ്‌ലാമിലെ ഭരണാധികാരി?

ഇസ്‌ലാമിലെ ഭരണാധികാരിയെ രാജാവെന്ന് വിളിക്കാമോ? രാജാവ് ഭരണാധികാരിയാകാന്‍ പാടില്ല, ഇന്നത്തെ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി (പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങിയവര്‍) മാത്രമേ ഭരിക്കാന്‍ പാടുള്ളൂ എന്ന് ഇസ്‌ലാമില്‍ നിയമമുണ്ടോ? രാജാവിനെ നിയമിച്ചു കിട്ടാന്‍ ചിലര്‍ പ്രാര്‍ഥിച്ചതായും അല്ലാഹു രാജാവിനെ നിയമിച്ചുകൊടുത്തതായും ഖുര്‍ആനിലുണ്ടല്ലോ.

സുലൈമാന്‍ നബിയുടെയും ബില്‍ഖീസിന്റെയും ഭരണത്തെക്കുറിച്ചും ഖുര്‍ആനിലുണ്ടണ്ട്. ഭരിക്കുന്നത് രാജാവാണെങ്കിലും, തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയോ മറ്റോ ആണെങ്കിലും നീതിയും നന്മയും ഉയര്‍ത്തിപ്പിടിച്ചാല്‍ പോരേ?

 

ഇസ്‌ലാമില്‍ ഭരണാധികാരിയെ നിശ്ചയിക്കുന്ന വിഷയത്തില്‍ വന്ന അടിസ്ഥാന തത്ത്വങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് നാമീ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത്. 

ഒന്ന്: രാഷ്ട്രത്തിലെ ഓരോ പൗരനും ഇസ്‌ലാമിക ജീവിത വ്യവസ്ഥ സ്ഥാപിക്കാന്‍ സഹായിക്കുന്ന കണ്ണിയായിരിക്കണം. ഭരണാധികാരിയെ ദൗത്യനിര്‍വഹണത്തിന് സഹായിക്കാന്‍ പൗരന്മാര്‍ സന്നദ്ധരായിരിക്കണം. അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും പ്രശ്‌നങ്ങളില്‍ അനുയോജ്യമായ അഭിപ്രായങ്ങള്‍ അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും സുബദ്ധങ്ങളില്‍ അവരെ പിന്തുണക്കാനും പൗരന്‍ ബാധ്യസ്ഥനാണ്. 

രണ്ട്: ഭരണാധികാരിയെ തെരഞ്ഞെടുക്കാനും സ്ഥാനഭ്രഷ്ടനാക്കാനും മറ്റുമുള്ള അവകാശം റസൂല്‍ (സ) സമുദായത്തെ ഏല്‍പിക്കുകയാണ് ചെയ്തത്. അതിനാല്‍ തനിക്കു ശേഷം ആരാണ് സമുദായത്തെ നയിക്കുകയെന്ന് തിരുമേനി വ്യക്തമാക്കിയില്ല. സാഹചര്യം പരിഗണിച്ച് ഏറ്റവും അനുയോജ്യമായ രീതി സ്വീകരിക്കാന്‍ ഈ സ്വാതന്ത്ര്യം പ്രയോജനപ്പെടുന്നു. 

ഉമര്‍ (റ) പറയുകയുണ്ടായി: ''ഞാന്‍ പിന്‍ഗാമിയെ നിശ്ചയിക്കുകയാണെങ്കില്‍ എന്നേക്കാള്‍ ഉത്തമന്‍ അത് ചെയ്തിട്ടുണ്ട്. അതായത് അബൂബക്ര്‍ (റ). ഞാന്‍ നിശ്ചയിക്കാതെ വിടുകയാണെങ്കില്‍ എന്നേക്കാള്‍ ഉത്തമന്‍ അങ്ങനെയും ചെയ്തിട്ടുണ്ട്. അതായത് റസൂല്‍ (സ).''

മൂന്ന്: ഉത്തമ ഖലീഫമാരുടെ കാലത്ത് സമുദായം സ്വീകരിച്ച രീതികള്‍ പില്‍ക്കാലത്ത് സ്വീകരിക്കാവുന്ന നല്ല മാതൃകകളായി മനസ്സിലാക്കാം. കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പാണ് നടക്കേണ്ടത്. അതിന്റെ രീതിയില്‍ കാലോചിതമായ പരിഷ്‌കരണങ്ങളാവാം. ഇവിടെയാണ് ജനാധിപത്യ സമ്പ്രദായവും ഇസ്‌ലാമിക വ്യവസ്ഥയും യോജിക്കുന്ന ബിന്ദു. കാര്യനിര്‍വഹണശേഷിയുള്ളവര്‍ അഭിപ്രായപ്പെടുകയും വോട്ട് ചെയ്യുകയും ചെയ്യുന്ന രീതിയാണ് അഭികാമ്യം. എന്നാല്‍ പില്‍ക്കാലത്ത് മുസ്‌ലിം സമൂഹത്തിന് തൃപ്തിയില്ലാതെ ചില വ്യവസ്ഥകള്‍ അവരുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടുകയുണ്ടായി. സാമുഹിക ഭദ്രതയും ആഭ്യന്തര സുരക്ഷയും കാത്തുസൂക്ഷിക്കാന്‍ അതവര്‍ അംഗീകരിക്കുകയായിരുന്നു. 

ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ ഉത്തമമായ രീതി, വ്യക്തിയെ കണ്ടെത്തി വോട്ട് ചെയ്യുക എന്നതാണ്. വിശുദ്ധ ഖുര്‍ആനും സുന്നത്തും ഉത്തമ ഖലീഫമാരുടെ തെരഞ്ഞെടുപ്പു രീതിയും ഇതു തന്നെയാണ് പഠിപ്പിച്ചത്. ഒരു കാര്യം തീരുമാനിക്കുമ്പോള്‍ അനുചരന്മാരോട് അഭിപ്രായമാരായണമെന്ന് ദൈവദൂതനോട് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ടല്ലോ (3:159). കൂടിയാലോചന എന്നര്‍ഥമുള്ള ശൂറാ ഖുര്‍ആനിലെ ഒരധ്യായത്തിന്റെ പേരാണ്. അതിലെ വചനം 38-ല്‍ അവരുടെ ഭരണകാര്യം പരസ്പരം കൂടിയാലോചനയിലൂടെ തീരുമാനിക്കേണ്ടതാണ് എന്നു കാണാം. 

നബി (സ) ഭരണാധികാരിയെ നിശ്ചയിക്കാതെ വിട്ടതും മുസ്‌ലിംകള്‍ പരസ്പരം കൂടിയാലോചിച്ച് അബൂബക്‌റി(റ)നെ ഖലീഫയാക്കിയതും ഈ ദിവ്യ കല്‍പന അനുസരിച്ചാണ്. അബൂബക്ര്‍ ഉമറിനെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ഉമറാകട്ടെ, ആറു പേരുടെ ഒരു പാനലില്‍നിന്ന് ഖലീഫയെ കണ്ടെത്താന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്. അലിയെ പള്ളിയില്‍ പൊതു വോട്ടെടുപ്പ് നടത്തിയും നിശ്ചയിച്ചു. ഈരീതികളെല്ലാം പൊതുജന പങ്കാളിത്തത്തിന്റെ വിവിധ രൂപങ്ങളാണ്. 

സ്ഥാനാര്‍ഥി എന്ന പദം നേര്‍ക്കുനേരെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. മറ്റുള്ളവര്‍ നാമനിര്‍ദേശം ചെയ്യുകയല്ലാതെ സ്വയം സ്ഥാനം ചോദിച്ച് മുന്നോട്ടുവരാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അധികാരം ആഗ്രഹിക്കുന്നവര്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണല്ലോ. 

നാമനിര്‍ദേശം ചെയ്യാന്‍ കാര്യനിര്‍വഹണ ശേഷിയുള്ളവര്‍ക്കു മാത്രമേ അനുവാദമുള്ളു. ഭരണാധികാരിയുടെ ഉത്തരവാദിത്തങ്ങള്‍ നന്നായറിയുകയും നിര്‍ദേശിക്കപ്പെട്ട വ്യക്തികളുടെ ഗുണങ്ങളും കഴിവുകളും അടുത്തറിയുകയും ചെയ്യുന്നവരാണ് വോട്ട് ചെയ്യേണ്ടത്. ഈ വിഭാഗത്തെ പൊതുജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. വോട്ടില്‍ ഭൂരിപക്ഷം ലഭിക്കുന്ന ജനപ്രതിനിധി പൊതുജനങ്ങളില്‍നിന്ന് അംഗീകാരം (ബൈഅത്ത്) സ്വീകരിക്കുന്നു. 

തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ ഭരണാധികാരിയുടെ കാര്യനിര്‍വഹണത്തില്‍ തൃപ്തരാവാതിരിക്കുകയും അദ്ദേഹം അവര്‍ക്ക് അനഭിമതനായിത്തീരുകയും ചെയ്താല്‍ അദ്ദേഹം സ്ഥാനമൊഴിയണമെന്നത് സ്വാഭാവിക നിയമമാണ്. 

ഈ ചര്‍ച്ചയുടെ വെളിച്ചത്തില്‍ ചോദ്യകര്‍ത്താവിന്റെ സംശയങ്ങള്‍ പരിശോധിക്കാം. 

രാജവാഴ്ച രൂപപ്പെട്ടതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. നാഗരികതയുടെ വളര്‍ച്ചക്കനുസരിച്ച് ഭരണാധികാരിയുടെ പദവിയിലും അധികാരത്തിലും വലിയ മാറ്റങ്ങള്‍ വരികയുണ്ടായി. ആരംഭകാലത്ത് ഗോത്രത്തലവന്‍ ഭരണാധികാരിയായിരുന്നു. നഗരങ്ങള്‍ രൂപപ്പെടുകയും ഗതാഗത സൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തപ്പോള്‍ കൂടുതല്‍ വിശാലമായ പ്രദേശങ്ങള്‍ക്ക് ഒരു ഭരണാധികാരി എന്ന രീതി നടപ്പിലായി. ഇങ്ങനെയാണ് രാജവാഴ്ച രൂപം കൊണ്ടത്. കാലം ചെല്ലുന്തോറും പലവിധ പരിഷ്‌കരണങ്ങളും ഭരണസംവിധാനത്തിലുണ്ടായി. 

ചരിത്രത്തില്‍ നീണ്ട കാലം നിലനിന്ന ഭരണ സംവിധാനമാണ് രാജഭരണം. പ്രവാചകന്മാര്‍ ഓരോ ജനതയിലേക്ക് നിയുക്തരാവുമ്പോഴും അവിടെ നിലവിലുള്ള ഭരണസമ്പ്രദായം കുറ്റമറ്റതാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. ഭരണാധികാരി രാജാവാണെങ്കില്‍ അയാളുടെ ജീവിതം ഭക്തിനിര്‍ഭരവും ഭരണം നീതിനിഷ്ഠവും ദൈവിക നിയമങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാവണം. ഇതിനാണ് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്മാരെ മാതൃകാ രാജാക്കന്മാരായി അല്ലാഹു നിയോഗിച്ച ചരിത്രം പഠിപ്പിക്കുന്നത്. അധികാരം കൈയാളുന്ന വ്യക്തിയെ എന്ത് പേരില്‍ വിളിച്ചാലും ഉപര്യുക്ത ഗുണങ്ങള്‍ അനിവാര്യമായും അദ്ദേഹത്തില്‍ ഉണ്ടായിരിക്കണം. 

അന്ത്യപ്രവാചകനായ മുഹമ്മദ് ( സ) മുഴുവന്‍ മനുഷ്യരാശിക്കും അനുയോജ്യമായ ജീവിത വ്യവസ്ഥയാണ് മാനവരാശിക്ക് സമര്‍പ്പിച്ചത്. നാഗരികത ഏറ്റവും ഉന്നത പദവി പ്രാപിച്ച കാലമാണ് ഇസ്‌ലാമിന്റേത്. അതിനാല്‍ ഭരണാധികാരിയെ രാജ്യനിവാസികള്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുകയെന്ന മഹനീയ സമ്പ്രദായമാണ് ഇസ്‌ലാമിലുള്ളത്.

അനുയായികള്‍ക്ക് ഇഷ്ടമില്ലാത്ത ഒരാളാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമെങ്കില്‍ അദ്ദേഹം ദൈവകോപം ഏറ്റുവാങ്ങുകയാണ് ചെയ്യുന്നത്. ഭരണീയര്‍ക്ക് ഇഷ്ടമില്ലാതെ അധികാരം കൈയാളുന്ന വ്യക്തിയും ഇതുപോലെ ദൈവകോപം ക്ഷണിച്ചുവരുത്തുന്നു. 

പൗരന്മാര്‍ക്ക് ഇഷ്ടപ്പെട്ട നീതിമാനായ ഭരണാധികാരിയെ രാജാവെന്നോ രാഷ്ട്രപതിയെന്നോ ജനപ്രതിനിധിയെന്നോ, വിശ്വാസികളുടെ നേതാവെന്നോ അധ്യക്ഷനെന്നോ എന്തു വേണമെങ്കിലും വിളിക്കാം. അദ്ദേഹത്തെ പൗരന്മാര്‍ക്ക് ഇഷ്ടമായിരിക്കണം. അദ്ദേഹം ദൈവഭക്തനായിരിക്കണം. പ്രജാക്ഷേമതാല്‍പര്യവും പൗരസ്‌നേഹവും നീതിനിഷ്ഠയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരിക്കണം. ദൈവിക നിയമങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്ന മാതൃകാ പുരുഷനായിരിക്കണം. ആത്മീയ കാര്യങ്ങളില്‍ വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കാന്‍ ത്രാണിയുള്ള വ്യക്തിയായിരിക്കണം. 

രാജ്യത്തിന്റെ സമ്പത്ത് ഭരണാധികാരിയുടേതല്ല. അത് ധൂര്‍ത്തടിക്കാന്‍ ഭരണാധികാരിക്ക് അനുവാദമില്ല. തനിക്കും കുടുംബത്തിനും മാന്യമായ ജീവിതം നയിക്കാന്‍ മതിയാകുന്ന വേതനം പറ്റാനേ അയാള്‍ക്കവകാശമുള്ളു. പൗരന്മാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്താനും യുക്തമായ രീതിയില്‍ നടപ്പാക്കി പൗരക്ഷേമം ഉറപ്പുവരുത്താനും ഭരണാധികാരി ബാധ്യസ്ഥനാണ്. ഈ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ പ്രതിഫലം ഭൂമിയില്‍ സുഭിക്ഷത കൈവരിക്കുന്നതില്‍ ഒതുങ്ങുന്നില്ല. മരണാനന്തര ജീവിതത്തില്‍ അത്യുന്നത ബഹുമതികളും അത്തരം ഭരണാധികാരികള്‍ക്ക് ലഭിക്കും. അതായിരിക്കണം ഇസ്‌ലാമിക ഭരണാധികാരി ലക്ഷ്യമാക്കേണ്ടത്. 

ചോദ്യകര്‍ത്താവിന്റെ മനസ്സില്‍ ഇങ്ങനെയുള്ള രാജാക്കന്മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍, അവരെ ജനങ്ങള്‍ രാജാവെന്ന് വിളിക്കുന്നത് കൊണ്ട് മാത്രം ഇസ്‌ലാമിക വീക്ഷണത്തില്‍ കുഴപ്പമൊന്നുമില്ല. പരിഷ്‌കൃത രാജ്യങ്ങളുടെ മുന്‍നിരയിലുള്ള ബ്രിട്ടനില്‍ ഇപ്പോഴും രാജഭരണം തുടരുന്നുണ്ട്. അവിടത്തെ ഭരണം യമനില്‍ സബഇലെ റാണിയുടെ ചരിത്രം ഓര്‍മിപ്പിക്കുന്നതാണല്ലോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (6-11)
എ.വൈ.ആര്‍

ഹദീസ്‌

സ്വഭാവമാണ് പ്രധാനം
സി.എസ് ഷാഹിന്‍