സുഖദം ഈ യാത്ര
മക്കയിലെ സമൂഹം ശീലിച്ചുപോന്ന വിശ്വാസാചാരങ്ങള്‍ക്കു പകരം നബി പുതിയൊരാശയം അവതരിപ്പിച്ചപ്പോള്‍ ഭൂരിപക്ഷത്തിനും അത് ഉള്‍ക്കൊള്ളാനായില്ല. വിശ്വസ്തന്‍ എന്ന് നാട്ടുകാര്‍ വിളിച്ചാദരിച്ചിരുന്ന നബി അതോടെ ശത്രുവായി, കൊല്ലപ്പെടേണ്ടവനായി.
പുതിയൊരാശയം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും എളുപ്പം സാധിക്കാറില്ല. പുതിയതെന്തും എതിരാണ് എന്നതാണ് ആദ്യമുദിക്കുന്ന ചിന്ത. ഏതെങ്കിലും പ്രത്യേക വിശ്വാസത്തിന്റെ തടവറയിലായിരുന്നില്ല നബി. അതുകൊണ്ട് പുതിയത് സ്വീകരിക്കാന്‍ പ്രയാസമുണ്ടായില്ല. ഏകദൈവത്തെക്കുറിച്ച് മൂസാ പ്രവാചകന്‍ പറഞ്ഞപ്പോള്‍ ഫറവോന്‍ രാജാവ് കോപാകുലനായി. 'നമ്മുടെ പഴയ വിശ്വാസത്തെ തകര്‍ക്കാനാണോ പുറപ്പാട്' എന്നായിരുന്നു ഫറവോന്റെ ആക്രോശം. മക്കക്കാരും നബിയോട് അങ്ങനെത്തന്നെ പ്രതികരിച്ചു. ഭക്ഷണം നിഷേധിച്ചു, അഭയം വിലക്കി, പാര്‍ക്കാനുള്ള ഇടം തടഞ്ഞു. അങ്ങനെയാണ് അഭയാര്‍ഥിയായി മദീനയിലേക്ക് രക്ഷപ്പെട്ടത്. എങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കകം മക്കയും മദീനയും നബിയുടെ ആദര്‍ശത്തില്‍ വന്നുചേര്‍ന്നു. സമാധാനപൂര്‍ണമായാണ് നബി മരിച്ചത്. ഒരു സമ്പൂര്‍ണ വിപ്ലവത്തിന്റെ സംസ്ഥാപനം നിര്‍വഹിച്ച ശേഷമായിരുന്നു വിടവാങ്ങല്‍.
ഏതാനും അഗതികളും അബൂബക്‌റിനെപ്പോലുള്ള ചില പ്രമുഖരും മാത്രമേ നബിയുടെ ആദ്യകാല വിശ്വാസികളില്‍ ഉണ്ടായിരുന്നുള്ളൂ. എങ്കിലും നബിയെ ശത്രുക്കള്‍ക്ക് കൊല്ലാനായില്ല. ബുദ്ധിപൂര്‍വമായ തീരുമാനത്തിനുശേഷം നബിയും കൂട്ടരും ഒറ്റയായും സംഘമായും നാടുവിട്ടശേഷമാണ് ശത്രുക്കള്‍ തങ്ങളുടെ തോല്‍വി തിരിച്ചറിഞ്ഞത്. പിന്നെ സൈന്യസജ്ജീകരണവും ആക്രമണവുമായി.
വാളുകൊണ്ട് തകര്‍ക്കാനാവുമോ ആശയത്തെ? ഇല്ല. നബിയുടെ ജീവിതം പഠിപ്പിക്കുന്നത് അതാണ്. ചുറ്റും ശത്രുക്കള്‍ വാളുയര്‍ത്തി നിന്നെങ്കിലും നബിയുടെ സന്ദേശത്തിന് തടസ്സമുണ്ടായില്ല. തകര്‍ന്നത് നബിയുടെ പദ്ധതികളായിരുന്നില്ല; എതിരാളികളുടെ യുദ്ധതന്ത്രങ്ങളായിരുന്നു. ഇന്ന് കോടിക്കണക്കിന് മനുഷ്യര്‍ നബിയെ പകര്‍ത്തുന്നു.
നബിയുടെ ജീവിതത്തിനു തുല്യമായി മറ്റാരുമില്ല ചരിത്രത്തില്‍. നബിയെപ്പോലെ ജീവിതസന്ദേശം സമ്പൂര്‍ണമായി കാഴ്ചവെച്ച മറ്റൊരാളെ കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
'ഈ ഗ്രന്ഥം നാമാണ് അവതരിപ്പിച്ചത്; നാം തന്നെ അതിനെ സംരക്ഷിക്കും' എന്നു പറഞ്ഞത് ഖുര്‍ആന്‍ അവതരിപ്പിച്ച സ്രഷ്ടാവുതന്നെയാണ്. നബി മരിച്ചിട്ട് ആയിരത്തിനാനൂറു വര്‍ഷങ്ങളായി, ഖുര്‍ആന്‍ അതേപടി നിലനില്‍ക്കുന്നു. പ്രപഞ്ചത്തെ ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു ശക്തിയുണ്ടെന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ലളിതമായ ഭക്ഷണം, ഉയര്‍ന്ന ചിന്ത, നിസ്വാര്‍ഥമായ സേവനം- അതാണ് മാതൃകാ ജീവിതം. ഭക്ഷണത്തിന് വിശ്വാസവുമായി ബന്ധമുണ്ട്. ജീവിക്കാനാവശ്യമായ ഭക്ഷണമേ കഴിക്കാവൂ. തിന്നാനല്ല ജീവിക്കുന്നത്, ജീവിക്കാനാണ് തിന്നുന്നത്. ക്രമപ്രവൃദ്ധമായ ജീവിതത്തിനു മാത്രമേ ലക്ഷ്യം നേടാനാകൂ. കഠിനരോഗം കൊണ്ട് നബി കഷ്ടപ്പെട്ടതായി വായിച്ചിട്ടില്ല. നബിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ദാരിദ്ര്യം. ഇല്ലായ്മയെക്കുറിച്ചല്ല നബി വേവലാതിപ്പെട്ടത്; സമ്പത്ത് കൂടുന്നതിനെക്കുറിച്ചാണ്. സമ്പത്ത് കൂടുമ്പോഴാണ് പലരും വഴിതെറ്റിപ്പോകുന്നത്.
ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിനോക്കൂ. സമ്പൂര്‍ണമായ ഉത്തരം കിട്ടുന്നില്ലേ? വിശ്വാസത്തില്‍, കര്‍മത്തില്‍, പെരുമാറ്റത്തില്‍ എല്ലാറ്റിനും ശക്തമായ അടിത്തറ രൂപപ്പെടുന്നില്ലേ?
സ്‌നേഹത്തില്‍നിന്ന് തുടങ്ങി മോക്ഷത്തിലേക്കു ചുവടുവെക്കുന്ന സമാധാനപൂര്‍ണമായ യാത്രയെക്കുറിച്ചാണല്ലോ ഖുര്‍ആന്‍ പറയുന്നത്. ഏതു വേദനക്കും കഷ്ടപ്പാടിനും മധുരമുണ്ട്, ത്യാഗത്തിന്റെ വഴിയില്‍.
നിങ്ങളുടെ ജീവിതത്തിനുമില്ലേ ഒരു പ്രഭാതവും പ്രദോഷവും. അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പ്രഭാതത്തിനും പ്രദോഷത്തിനുമിടയിലെ കാലത്തെക്കുറിച്ച്? അതിനുമപ്പുറത്തെക്കുറിച്ച്?
Comments