Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 13

3021

1439 മുഹര്‍റം 22

ആശാന്റെ ദുരവസ്ഥയും രാജരാജവര്‍മയുടെ സാഹിത്യസാഹ്യവും

ഡോ. വി. ഹിക്മത്തുല്ല

മലയാള സാഹിത്യത്തിലെ മുസ്‌ലിംപേടിയും ദലിത്-ബഹുജന്‍ വിമര്‍ശന പദ്ധതിയും-2

മുണ്ടുടുപ്പ്, മുന്‍കുടുമ, മരുമക്കത്തായം എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് മലയാളിയെ തമിഴനില്‍നിന്ന് വ്യത്യാസപ്പെടുത്തുന്നതെന്ന് എ.ആര്‍. രാജരാജവര്‍മ കേരള പാണിനീയത്തിന്റെ പീഠികയില്‍ പ്രസ്താവിക്കുന്നുണ്ട്. മലയാളി എന്ന വിഭാവന ആരെയൊക്കെയാണ് ഉള്‍ക്കൊള്ളുന്നത് എന്നതിന് ഈ പ്രസ്താവന തന്നെ മതിയായ തെളിവാണ്. മലയാള ഭാഷാ സാഹിത്യ പഠനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പണ്ഡിതന്‍ എന്ന നിലക്ക് എ.ആര്‍. രാജരാജവര്‍മയുടെ സാഹിത്യസാഹ്യം എന്ന കൃതിയെക്കുറിച്ച് കൂടി ആലോചിക്കാം. ഭാഷയിലെ വിവിധ ആഖ്യാന രൂപങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയാണ് എ.ആര്‍. രാജരാജവര്‍മ 1911-ല്‍ സാഹിത്യസാഹ്യം എന്ന കൃതി രചിക്കുന്നത്. മികച്ച വിവരണത്തിനും ആഖ്യാനത്തിനും വര്‍ണനക്കുമെല്ലാം ഉദാഹരണ സഹിതം ഗദ്യപാഠങ്ങള്‍ ചേര്‍ത്തിട്ടുള്ള കൃതിയാണത്. 

പ്രൗഢമായ 'രീതിക്ക് ഉദാഹരണമായി ചേര്‍ത്ത പടയോട്ടം' എന്ന ഭാഗത്തില്‍ ഇങ്ങനെ കാണാം: ജയശ്രീലാളിതനായ ടിപ്പുവിന്റെ ദൃഷ്ടി ഈ അവസരത്തിലാണു കേരളത്തില്‍ പതിച്ചത്. മലയാളത്തിലെ നായന്മാരെ മുസല്‍മാന്മാരാക്കണമെന്നുറച്ച് അയാള്‍ ഒരു വലിയ സേനയോടുകൂടി പുറപ്പെട്ടു. ഇന്നും വൃദ്ധ കേരളീയന്മാര്‍ ഉള്ളില്‍ കിടുകിടുപ്പുകൂടാതെ ടിപ്പുവിന്റെ പേര്‍ ഉച്ചരിക്കുമോ എന്നു സംശയമാണ്. ഉദ്ധതനായ ടിപ്പുവിന്റെ യുദ്ധയാത്ര അത്രമാത്രം ഭയാവഹമായിരുന്നു. പ്രകൃത്യാ മുട്ടാളന്മാരും ഫ്രഞ്ചുകാരാല്‍ യഥാശാസ്ത്ര ശിക്ഷിതന്മാരുമായ തുലുക്കുഭടന്മാരെ സാധുക്കളായ നാട്ടു യോധന്മാര്‍ സാക്ഷാല്‍ യമഭടന്മാര്‍ എന്നുതന്നെ നിശ്ചയിച്ചു. പട്ടാളക്കാരുടെ അഴിമതിക്ക് യാതൊരു അതിരും യുദ്ധമര്യാദകള്‍ യാതൊന്നും ഇല്ലായിരുന്നു. വലിയ മത്സ്യം ചെറിയ മത്സ്യത്തെ വിഴുങ്ങുന്നതുപോലെ പ്രബലന്‍ ദുര്‍ബലനെ ഹിംസിക്കതന്നെ ന്യായമായിരുന്നു. ഗ്രാമങ്ങളെ ചുട്ടെരിച്ചും ദേവാലയങ്ങളെ തട്ടിനിരത്തിയും കടകമ്പോളങ്ങളെ മരുഭൂമിയാക്കിയും സൈന്യങ്ങള്‍ വിനോദസുഖം അനുഭവിച്ചു. എതിരാളിയായി ആരും പുറപ്പെടാനില്ലാതിരുന്നതിനാല്‍ ടിപ്പുവിന്റെ സൈന്യത്തിനു യുദ്ധശ്രമമേ ഉണ്ടായിരുന്നില്ല. തുലുക്കരുടെ ആ സൈന്യവ്യാപാരത്തിന് ആക്രമമെന്നല്ല അക്രമമെന്നാണ് ഉചിതമായ പേര്. ടിപ്പുവിന്റെ ഉദ്ദേശ്യത്തിലും ദിഗ്ജയത്തെക്കാള്‍ മതപ്രചാരമായിരുന്നു പ്രധാനം. എല്ലാ ഹിന്ദുവിന്റെ കണ്ഠവും ഒന്നുകില്‍ ഗോമാംസത്തിന്റെ അല്ലെങ്കില്‍ കൃപാണധാരയുടെ രസം ആസ്വദിക്കണമെന്ന് അയാള്‍ വരുത്തികൊടുത്തു. അനേകസഹസ്രം ജനങ്ങള്‍ തുലുക്കരായിട്ടു ജീവിച്ചിരിക്കുന്നതില്‍ ഭേദം പ്രാണഹാനിതന്നെ എന്നു നിശ്ചയിച്ച് ആ നിഷ്ണണ്ടകന്റെ കൈയാല്‍ പരലോകത്തെ പ്രാപിച്ചു. അവിശ്വാസികളെക്കൊണ്ട് നരബലി കൊടുക്കുന്തോറും 'അള്ളാ പ്രസാദിക്കുമെന്നു ടിപ്പു സന്തോഷിക്കയും ചെയ്തു. സവാന്‍ ബലകൃതാനത്ഥാനകൃതാന്മനുരബ്രവീല്‍ എന്ന പ്രമാണപ്രകാരം ചിലര്‍ ഗോമാംസഗ്രാസം ചെയ്ത് ജീവനെ രക്ഷിച്ചു. മറ്റു ചിലര്‍ സര്‍വസ്വവും ഉപേക്ഷിച്ചു കാടുകളില്‍ ഓടിഒളിച്ചു. സാമൂതിരി മഹാരാജാവ്, കോലത്തിരിരാജാവ്, വേപ്പൂരുരാജാവ്, പരപ്പനാട്ടുരാജാവ് മുതലായ പ്രഭുക്കന്മാര്‍, അനേകം നമ്പൂരിമാര്‍, നായന്മാര്‍ എന്നുവേണ്ട, തരം കിട്ടിയവര്‍ എല്ലാം, തിരുവിതാംകൂറില്‍ ചെന്നു. ശരണം പ്രാപിച്ചു. ശ്രീപത്മനാഭദാസന്‍ അവരെയെല്ലാം യഥാഹം ആദരിച്ച് അഭയപ്രദാനവും ചെയ്തു. തന്റെ വായില്‍ വന്നു വീഴാന്‍പോകുന്ന കബളങ്ങളെ അഹാരാജാവു.' അപഹരിച്ചതു മൈസൂര്‍വ്യാഘ്രം സഹിക്കില്ല. തിരുവിതാംകൂറിനെ ആക്രമിക്കുകതന്നെ എന്നു തീര്‍ച്ചപ്പെടുത്തി. സുല്‍ത്താന്‍ കൊച്ചീരാജാവിനെ ഭേഷജപ്പെടുത്തിനോക്കി. അതു ഫലിച്ചില്ല. പിന്നീട് അന്ന് തിരുവിതാംകോട്ടുനിന്ന് ഡച്ചുകാരോട് വാങ്ങിച്ചിരുന്ന കൊടുങ്ങല്ലൂര്‍ കോട്ട തന്റെ രാജ്യത്തില്‍ ഉള്‍പ്പെട്ടതാണെന്ന് ഒരു കാരണം കെട്ടിച്ചമച്ചുകൊണ്ടു 'ടിപ്പു 964 ധനു. 11-ാം തീയതി കോട്ടയ്ക്കു സമീപം വന്നു സേനാനിവേശം ചെയ്തു. 15-ാം തീയതി രാത്രിയില്‍ കോട്ട പൊളിക്കാനുള്ള യത്‌നമാരംഭിച്ചു. പിറ്റേദിവസം പ്രഭാതത്തില്‍ സുല്‍ത്താന്റെ സൈന്യത്തില്‍ ചിലര്‍ കോട്ടയ്കകത്തു കടന്നുവെങ്കിലും ശ്രീപത്മനാഭ കാരുണ്യത്താല്‍ കൊത്തളത്തില്‍ ഇരുന്നിരുന്ന മഹാരാജഭടന്മാരുടെ വെടികള്‍ വിചാരിച്ചതിലധികം ഫലിക്കയാല്‍ ഒരു ആകസ്മികഭയം ശത്രുസൈന്യത്തെ ആസകലം വ്യാപിച്ചു ക്ഷോഭിപ്പിച്ചു. അയാക്രാന്തമായ തുലുക്കു സൈന്യം പിന്തിരിഞ്ഞു പലായനം ചെയ്തു. തുലുക്കുകള്‍ക്ക് വലുതായ ആള്‍ചേരരും വന്നതിനു പുറമെ സുല്‍ത്താനു സ്ഥായിയായ്മ അംഗഭംഗത്തിനും ഇടയായി. പലായനസംഭ്രമത്തില്‍ പല്ലക്കില്‍നിന്നും വീണു കാലൊടിത്തെ ടിപ്പു സുല്‍ത്താന്‍ ഉപേക്ഷിച്ച മുദ്രവാളും അനേകം ആഭരണങ്ങളും മറ്റും മഹാരാജാവിന് ജയചിഹ്നങ്ങളായി ലഭിച്ചു. ടിപ്പു തനിക്കുണ്ടായ അപമാനത്തിനും പരാജയത്തിനും പകരംവീട്ടണമെന്നു നിശ്ചയിച്ചു', അടുത്ത മീനത്തില്‍ തക്കതായ സന്നാഹത്തോടുകൂടി വീണ്ടും ആയിരക്കോട്ടയെ ഉപരോധിച്ചു. തിരുവിതാംകോട്ട കടന്നു കൊള്ള ചെയ്തുകൊണ്ട് ആലുവാ വരെ തെക്കോട്ടു വരികയും അപ്പോഴേക്കു മഹാരാജാവിന്റെ ബന്ധുക്കളായ കമ്പനിക്കാര്‍ മൈസൂറിലെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തെ അക്രമിച്ചിരിക്കുന്ന വര്‍ത്തമാനം കേട്ട് തെക്കോട്ട് പോവാനായിട്ടുതന്നെ വടക്കോട്ട് തിരിക്കുകയും ചെയ്തു. ടിപ്പുസുല്‍ത്താന്റെ ഈ അഭിഷേണനത്തിന് പടയോട്ടം എന്നും കലാപം എന്നും പേരുകള്‍ സിദ്ധിച്ചിട്ടുണ്ട്.''8 

പേജ് 65-ല്‍ മികച്ച വിവരണത്തിന് ഉദാഹരണമായി ചേര്‍ത്ത മാമാങ്കം എന്ന ലേഖനം തുടങ്ങുന്നതിങ്ങനെയാണ്: 'മലയാളത്തില്‍ ടിപ്പുസുല്‍ത്താന്റെ ആക്രമണത്തിന് മുമ്പ് വരെ തിരുനാവാ മണല്‍പ്പുറത്ത് വെച്ച് ചിങ്ങ വ്യാഴ കാലങ്ങളില്‍ ആഘോഷിച്ചുവന്നിരുന്ന ഒരു മഹോല്‍സവമാണ് മാമാങ്കം.' 

ബാലിശമായ രീതിക്ക് ഉദാഹരമായി 170-ാം പേജില്‍ ടിപ്പുവിന്റെ ആക്രമണം എന്ന മറ്റൊരു ലേഖനവുമുണ്ട്: ''ടിപ്പുവിന്റെ സൈന്യം കോട്ടകള്‍ നിരത്തുകയും ഗ്രാമങ്ങളെ തീവെച്ചു ചുടുകയും ആളുകളെ കൊല്ലുകയും ക്ഷേത്രങ്ങളെ അശുദ്ധിയാക്കുകയും മറ്റും ചെയ്യാന്‍ തുടങ്ങി. ഈ അക്രമങ്ങള്‍ അധികമായി നടന്നത് ആലങ്ങാടും പറവൂരുമായിരുന്നു. അനന്തരം ടിപ്പുസുല്‍ത്താന്‍ തെക്കോട്ട് കടന്ന് ആലുവായില്‍ എത്തി. തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗ്യംകൊണ്ട് അപ്പോള്‍ വര്‍ഷക്കാലമാരംഭിച്ചതിനാല്‍ ആലുവാപ്പുഴ കരകവിഞ്ഞ് ഒഴുകിത്തുടങ്ങി. ആറും തോടും പാടവുമെല്ലാം മുങ്ങി. ആളുകള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാന്‍ പാടില്ലാതായിത്തീര്‍ന്നു. പട്ടാളങ്ങള്‍ക്ക് കേറിക്കിടക്കാന്‍ പോലും ഉണങ്ങിയ സ്ഥലമില്ലാതായി. വെടിമരുന്നും മറ്റും നനഞ്ഞു. ഭക്ഷണസാധനങ്ങളെ ഒഴുക്കു കൊണ്ടുപോയി. ഇതുകൊണ്ടൊന്നും പോരാഞ്ഞതുപോലെ നടപ്പുദിനങ്ങളും ആരംഭിച്ചു. ടിപ്പുവിന്റെ ഭടന്മാരില്‍ പലരും മരിച്ചു. തിരുവിതാംകൂര്‍ രാജ്യത്തെ ടിപ്പു ആദ്യം അക്രമിച്ചപ്പോള്‍തന്നെ ഇംഗ്ലീഷുകാര്‍ ടിപ്പുവിനോട് യുദ്ധം ആരംഭിച്ചുകഴിഞ്ഞിരുന്നു. എങ്കിലും അപ്പോഴത്തെ മദ്രാസ് ഗവര്‍ണറുടെ ഉദാസീനതകൊണ്ട് പ്രവര്‍ത്തികളൊന്നും നടന്നില്ല. മിസ്റ്റര്‍ മഡോസ് ഗവര്‍ണറായി വന്നയുടനെ നേരിട്ടു യുദ്ധം തുടങ്ങി. അയാളുടെ വരുതിപ്രകാരം ഇംഗ്ലീഷ് സൈന്യം തൃച്ചിനാപ്പളിയില്‍ എത്തി ടിപ്പുവിന്റെ ഭൂമിയെ അക്രമിച്ചു - സക്കാര്‍ ഒന്നാംപാഠം.' ഇവിടെ ടിപ്പുവിനെ ഹിന്ദു രാജ്യമായ തിരുവിതാംകൂറിന്റെ ശത്രുവായും സംസ്‌കാര ദൂഷകനായും ചിത്രീകരിക്കുന്നു. കൂടാതെ ബ്രിട്ടീഷുകാര്‍ രക്ഷകരായും മാറുന്നതും കാണാം. സവര്‍ണ-കൊളോണിയല്‍ കൂട്ടുകെട്ടിന്റെ സൂചകമാണിത്. ആധുനിക മധ്യവര്‍ഗമായി ദേശരാഷ്ട്രത്തില്‍ സവര്‍ണര്‍ മാറിത്തീരുന്നതിന്റെ അടയാളം. ടിപ്പുവിനെപ്പറ്റിയുള്ള ആഖ്യാനങ്ങള്‍ പി.കെ. ബാലകൃഷ്ണനെപ്പോലെയുള്ള പലരും വിമര്‍ശനാത്മകമായി പരിശോധിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ചരിത്രപരമായി ശരിയോ തെറ്റോ എന്നുള്ളതല്ല, കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകങ്ങളില്‍ നല്ല ഗദ്യത്തിനുള്ള ഉദാഹരണമായി ഇവ എഴുതിച്ചേര്‍ക്കുന്നതിലൂടെ ഒരു തലമുറയുടെ മനോഘടന എങ്ങനെ പരുവപ്പെടുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. 

 

1921-ലെ മലബാര്‍ സമരം

ചങ്ങമ്പുഴയുടെ ആത്മകഥയായ 'തുടിക്കുന്ന താളുകളി'ലെ ഒരു ഭാഗത്ത് 1921-ലെ മലബാര്‍ സമരത്തെ പരാമര്‍ശിക്കുന്ന ഒരു ഭാഗമുണ്ട്. തന്റെ കുട്ടിക്കാലത്തെ ഒരു അനുഭവമാണ് അദ്ദേഹം വിശദീകരിക്കുന്നത്:

''മാപ്പിള ലഹള ശക്തിയായി നടക്കുന്ന കാലമായിരുന്നു അത്. മാപ്പിളമാര്‍ പ്രവര്‍ത്തിക്കുന്ന ക്രൂരപ്രവര്‍ത്തികളെക്കുറിച്ചു പല കഥകളും ഞാന്‍ കേള്‍ക്കുവാനിടയായി. അവയെന്നെ ഭയചകിതനാക്കി. സ്‌കൂളിലേക്കോ മറ്റോ പോകുമ്പോള്‍ ഒരു മുഹമ്മദീയനെ ദൂരെയെങ്ങാനും കണ്ടാല്‍ മതി, ഞാന്‍ തളര്‍ന്നുപോകും. പ്രാണരക്ഷാര്‍ഥം അവരുടെ മുന്‍പില്‍ നിന്നു പലപ്പോഴും ഞാന്‍ പലായനം ചെയ്തിട്ടുണ്ട്. ഏതൊരു മുഹമ്മദീയനായാലും വേണ്ടില്ല, കണ്ടുമുട്ടിയാല്‍ എന്റെ കഥ കഴിക്കുമെന്നായിരുന്നു വിചാരം, എന്റെ ഭവനത്തില്‍നിന്നു ഒരു ഫര്‍ലോംഗ് അകലെ മൂന്നു പല വ്യഞ്ജനക്കടകള്‍ ഉണ്ട്. അവയുടെ ഉടമസ്ഥന്മാര്‍ മുഹമ്മദീയരായിരുന്നു. ഞങ്ങള്‍ ദരിദ്രരായിരുന്നതിനാല്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള വ്യഞ്ജനാദി പദാര്‍ത്ഥങ്ങള്‍ മിക്കവാറും അന്നന്നു വാങ്ങുകയായിരുന്നു പതിവ്. അവ വാങ്ങിക്കൊണ്ടുവരുവാനുള്ള ചുമതല എനിക്കാണ്. അനുജന്മാര്‍ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങളായിരുന്നതിനാല്‍, ആ കൃത്യം നിര്‍വഹിക്കാന്‍ ഭവനത്തില്‍ മറ്റാരുമില്ല. എന്തെങ്കിലും സാമാനം വാങ്ങുവാനായി പണം തന്നയച്ചാല്‍ മേല്‍പ്രസ്താവിച്ച മുഹമ്മദീയരുടെ കടകളില്‍ പോകാതെ, മറ്റൊരു ഭാഗത്ത്, ഏതാണ്ടൊരു മൈലകലെയുള്ള ഒരു നായരുടെ കടയില്‍ചെന്നു വാങ്ങുകയായിരുന്നു ഞാന്‍ ചെയ്തിരുന്നത്. വീട്ടിലുള്ളവര്‍ ഇതറിഞ്ഞിരുന്നില്ല. നേരം വൈകാതിരിപ്പാനായി വിദൂരസ്ഥമായ ഈ പീടികയിലേക്കു അതിവേഗത്തില്‍ ഞാന്‍ കുതിച്ചുപായും, പക്ഷേ, വഴിക്കുവച്ചു ഏതെങ്കിലും ഒരു മുഹമ്മദീയനെ കണ്ടു എന്നു വന്നേക്കാം. അവരെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്നാണ് വഴിയില്‍ ഇറങ്ങിയാല്‍ എന്റെ ശ്രദ്ധ മുഴുവന്‍. കണ്ടാല്‍ ഏതെങ്കിലും വീട്ടിലേക്കു കയറി ഞാന്‍ ഒളിച്ചിരിക്കും. ഇങ്ങനെ അക്കാലത്തു ഞാന്‍ അനുഭവിച്ചിട്ടുള്ള ഭയജന്യമായ ജീവിതം ചില്ലറയൊന്നുമല്ല.....

''ഈ നരകീയ യാതന ഒരു ദിവസം അതിന്റെ പരമകാഷ്ഠയിലെത്തി. ഒരു ദിവസം എനിക്കു ഒരു സാമാനത്തിനായി മേല്‍വിവരിച്ചിട്ടുള്ള മുഹമ്മദീയരില്‍ ഒരാളുടെ കടയില്‍ പോകാതെ തരമില്ല എന്നുവന്നുകൂടി. നായരുടെ കടയില്‍ ആ പദാര്‍ത്ഥം കിട്ടിയില്ല. വീട്ടില്‍ അതു അത്യാവശ്യവുമാണ്. മുഹമ്മദീയരുടെ കടയില്‍ അതുണ്ടെന്നു തെളിവുമുണ്ട്. അതിനാല്‍ കളവുപറയാനും നിവൃത്തിയില്ല. ഈ സന്ദര്‍ഭങ്ങളില്‍ വഴിക്കെവിടെയെങ്കിലും കുറെനേരം നിന്നിട്ട് സാമാനം കിട്ടിയില്ലെന്നു മടങ്ങിവന്നു കളവുപറയുകയായിരുന്നു എന്റെ പതിവ്. അന്ന് അതൊന്നും നിവൃത്തിയില്ലാതായി. പേടിച്ചരണ്ട്, തീവ്രമായി സ്പന്ദിക്കുന്ന ഒരു ഹൃദയത്തോടെ അവരില്‍ ഏറ്റവും ശാന്തനെന്നു എനിക്കു തോന്നിയ ഒരു മുഹമ്മദീയന്റെ കടയിലേയ്ക്കു ഞാന്‍ സംശയിച്ചു സംശയിച്ചു കയറി. ഗദ്ഗദസ്വരത്തിലാണ് ഞാന്‍ സാധനം ആവശ്യപ്പെട്ടത്. പാവം, വ്യാപാരി അയാളുണ്ടോ എന്റെ ഹൃദയത്തിലെ കോളിളക്കം അറിയുന്നു....

''തൊട്ടടുത്തു വേറൊരു കടയുണ്ട്. മീതിയന്‍മാപ്പിള എന്ന ഒരു വൃദ്ധ മുഹമ്മദീയനാണ് വ്യാപാരി, ചായക്കടയും പലവ്യഞ്ജനക്കടയും ഒന്നിച്ചുചേര്‍ന്നിട്ടുള്ള ഒരു കടയാണത്. ആ വൃദ്ധവ്യാപാരി ആള്‍ ഒരു തമാശക്കാരനാണ്, ആരെങ്കിലും അതിലേ കടന്നുപോകുമ്പോള്‍ അയാള്‍ പെട്ടെന്നൊരു ശബ്ദം പുറപ്പെടുവിക്കും. സഞ്ചാരി മിക്കപ്പോഴും ഞെട്ടിപ്പോവുക സ്വാഭാവികമാണല്ലോ. അതു കണ്ട അയാളും, ചുറ്റുമുള്ള കടക്കാരും, അവിടെ കൂടിയിരിക്കുന്ന ജനങ്ങളും പൊട്ടിച്ചിരിക്കും. അയാള്‍ പലപ്പോഴും പ്രവര്‍ത്തിച്ചു രസിക്കാറുള്ള ഒരു ചപലവിനോദമാണത്...

''അന്ന്, എന്റെ കഷ്ടകാലത്തിനു ഞാനാണയാള്‍ക്കിരയായത്. പോരെങ്കില്‍ ഏതാണ്ടൊരു വാള്‍പോലെ നീണ്ട ഒരു കത്തികൊണ്ടു അയാള്‍ ഒരു ചക്കപ്പഴം മുറിച്ചുകൊണ്ട് പീടികയുടെ മുന്‍പിലുള്ള ചെറിയ പന്തലില്‍ റോഡുവക്കില്‍ അങ്ങിനെ നില്‍ക്കുകയാണ്. ആ സ്ഥലത്തുനിന്നു എങ്ങനെയെങ്കിലും രക്ഷപ്പെട്ടു കിട്ടിയാല്‍ മതിയെന്ന ഏക പ്രാര്‍ഥനയോടെ ആവേഗപൂര്‍വം ഞാന്‍ കടന്നുപോകുമ്പോള്‍ അയാള്‍ 'ദേദേദേദേ' എന്നാര്‍ത്തുകൊണ്ട് ആ നീണ്ട കത്തിയും കൈയില്‍ പിടിച്ച ഒരു നൃത്തം, ഈശ്വരാ, എനിക്കുണ്ടായ നടുക്കം തല തിരിച്ചു നോക്കിയപ്പോഴുണ്ട്, അയാളുടെ കൈയില്‍ ആ നീണ്ട കത്തി. 'അയ്യോ' എന്നുറക്കെ നിലവിളിച്ചുകൊണ്ട് ഞാന്‍ ഒരോട്ടമോടി, തൊട്ടടുത്ത് ഒരു ഭഗവതിക്ഷേത്രമുണ്ട്. ഞാന്‍ ഓടിച്ചെന്നു അമ്പലത്തില്‍ കയറി നേരെ ശ്രീകോവിലിനകത്തേയ്ക്ക്. 'രാഹു' എന്ന ഒരെമ്പ്രാന്തിരിയാണ് പൂജകന്‍, അദ്ദേഹം ചാടി പുറത്തേയ്ക്കിറങ്ങി, എന്നെ കൈയ്ക്കു പിടിച്ചു താഴേക്കിറക്കി നിറുത്തി. ഞാന്‍ കിലുകിലാ വിറയ്ക്കുകയാണ്. ശരീരത്തിലുള്ള രക്തം മുഴുവന്‍ എന്റെ മുഖത്തെ മാംസപേശികളില്‍ തുളുമ്പിക്കൂടിയിട്ടുണ്ട്. ഞാന്‍ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. അദ്ദേഹം കാരണം തിരക്കി. എനിക്കു ശബ്ദം പുറത്തുവരുന്നില്ല. ഏറെനേരം കൊണ്ടു ശിഥിലാക്ഷരങ്ങളില്‍ ഒരുവിധത്തില്‍ ഞാന്‍ അദ്ദേഹത്തെ വിവരം ധരിപ്പിച്ചു 'മീതിയന്‍മാപ്പിള എന്നെ വാളു കൊണ്ടു വെട്ടാന്‍ വന്നു' എന്നാണു ഞാന്‍ പറഞ്ഞത്, 'പേടിക്കേണ്ട ഇവിടെ നില്‍ക്കൂ' എന്നു പറഞ്ഞിട്ട് അദ്ദേഹം വെളിയിലേക്കിറങ്ങി. അയാളോടു ചെന്നു വിവരം ചോദിച്ചു. അപ്പോഴാണ് ആ വൃദ്ധന്‍ അയാള്‍ ഒട്ടും മനഃപൂര്‍വമല്ലാതെ ചെയ്ത ആ വിനോദത്തിന്റെ ആപല്‍ക്കരമായ ഫലം ബോധ്യപ്പെട്ടത്. എമ്പ്രാന്തിരി തിരികെ വന്നു എന്നെക്കൂട്ടി വീട്ടില്‍കൊണ്ടുവന്നാക്കി. മീതിയാന്‍മാപ്പിള ഓടി വീട്ടില്‍ വന്നു. കുറെ പഴവും റൊട്ടിയും പഞ്ചസാരയുമെല്ലാം കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഞാന്‍ അപ്പോഴും തേങ്ങിത്തേങ്ങിക്കരയുകയാണ്. വീട്ടിലുള്ളവരെല്ലാം പരിഭ്രമിച്ചുവശായി, കാര്യമെല്ലാം വിശദീകരിക്കപ്പെട്ടു. എന്റെ വീട്ടിലുള്ളവര്‍ പോലും ചിരിച്ചുപോയി. മീതിയന്‍മാപ്പിള എന്റെ അടുത്തുവന്നു വാത്സല്യപൂര്‍വ്വം 'കുട്ടാ' എന്നു വിളിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു? ഞാനിത്ര മണ്ടനാണോ എന്നു ചോദിച്ചു എന്നെ പരിഹസിച്ചു. പഴവും മറ്റും എന്റെ കൈയില്‍ത്തന്നെ തന്നു. അങ്ങനെ എനിക്കല്‍പം ആശ്വാസം ലഭിച്ചു.''11

മീതിയന്‍മാപ്പിള അടുത്തുവന്നു ആശ്വസിപ്പിക്കുന്നതും വെളിച്ചപ്പാടിനും ചങ്ങമ്പുഴയുടെ വീട്ടുകാര്‍ക്കും അദ്ദേഹം സുഹൃത്തായിരുന്നുവെന്നതും ഈ ഓര്‍മക്കുറിപ്പിന്റെ തന്നെ മറ്റൊരു ഭാഗമാണ്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ബാലനായ തന്നില്‍ രൂപപ്പെട്ട ഭീതിയായാണ് ചങ്ങമ്പുഴ ഇത് രേഖപ്പെടുത്തുന്നത്. അല്ലാതെ മുസ്‌ലിംകള്‍ ക്രൂരരാണ് എന്ന് സ്ഥാപിക്കാന്‍ തന്റെ കൃതിയില്‍ ഒരിടത്തും അദ്ദേഹം ശ്രമിക്കുന്നില്ല. പില്‍ക്കാലത്ത് വളരെ ജനപ്രീതിയാര്‍ജിച്ച് വളരാനിരിക്കുന്ന ഒരു കവിയുടെ ബാല്യംപോലും ഏതുവിധത്തില്‍ മുസ്‌ലിം ഭീതി നിറഞ്ഞതായിരുന്നു എന്നു കാണിക്കാനാണ് ഇത് എഴുതുന്നത്. 

തിരുവിതാംകൂറിലെയും കൊച്ചിയിലെയും പ്രധാനപ്പെട്ട രണ്ട് സാംസ്‌കാരിക വ്യക്തിത്വങ്ങളുടെ എഴുത്തുകളില്‍ ടിപ്പുവും 1921-ഉം പ്രവര്‍ത്തിച്ചത് ചൂണ്ടിക്കാട്ടുകയായിരുന്നു ഇവിടെ ഉദ്ദേശിച്ചത്. മുസ്‌ലിംകളെയും മലബാറിനെയും പറ്റിയുള്ള ധാരണകളായാണ് ഇവ പൊതുഭാവനയില്‍ ഇടംപിടിക്കുക. പത്മരാജന്റെ 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍' എന്ന സിനിമയിലെ അക്രമാസക്തരായ മാപ്പിള സമൂഹത്തെക്കുറിച്ചുള്ള ഭാവനകളെല്ലാം ഇത്തരം കേട്ടുകേള്‍വികളിലൂടെ നിര്‍മിക്കപ്പെട്ടതാവാനാണ് സാധ്യത. സത്യത്തിന്റെ അംശമില്ലാതെ കേട്ടുകേള്‍വി മാത്രമായി എന്തെങ്കിലും പ്രചരിക്കുമോ എന്ന് കരുതുന്നവരുണ്ട്. എന്നാല്‍, കേട്ടുകേള്‍വിയെ നിര്‍ണയിക്കുന്ന അധികാര ബന്ധങ്ങളെ വിശകലനം ചെയ്താല്‍ മാത്രമേ അവയുടെ സങ്കീര്‍ണതകളെ പുറത്തെടുക്കാനാവൂ എന്നതാണ് യാഥാര്‍ഥ്യം. കാരണം, മലപ്പുറത്തെപ്പറ്റി കേരളത്തിലെ മറ്റിടങ്ങളിലോ കേരളത്തിന് പുറത്തോ പല കേട്ടുകേള്‍വികളും ഇന്നും പ്രചരിക്കുന്നുണ്ട്. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ രാഷ്ട്രീയമായ ചില ആവശ്യങ്ങള്‍ക്കു വേണ്ടി പല മേഖലയില്‍നിന്നും പടച്ചുവിടുന്നവയാണെന്ന് അന്വേഷണം നടത്തുന്നവര്‍ക്ക് അറിയാന്‍ സാധിക്കും. ഇത് മുന്‍നിര്‍ത്തി അക്കാലത്തെ പ്രചാരണങ്ങളെക്കുറിച്ചും നമുക്ക് നിലപാടുകളിലെത്താവുന്നതാണ്.

 

ആശാന്റെ ദുരവസ്ഥ

ദുരവസ്ഥ (1922) എന്ന ഖണ്ഡകാവ്യത്തിന്റെ മുഖവുരയില്‍ ആശാന്‍ എഴുതി. 'തെക്കേ മലയാം ജില്ലയില്‍ 1907 ചിങ്ങത്തില്‍ ആരംഭിച്ച മാപ്പിള ലഹള കേരള ചരിത്രത്തില്‍ രക്തരൂഷിതമായ ഒരു അധ്യായത്തെ രചിച്ചിരിക്കുകയാണല്ലോ. കല്‍പ്പനാശക്തിയെ തോല്‍പ്പിക്കുന്ന ഭയങ്കരങ്ങളും പൈശാചികങ്ങളുമായ സംഭവങ്ങളെക്കൊണ്ട് കേരളത്തെ മാത്രമല്ല, ഇന്ത്യയെ മുഴുവന്‍ ഒരു പ്രകാരത്തില്‍ അല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ ഇളക്കിമറിച്ചിരുന്ന ആ കൊടുങ്കാറ്റ് ഭാഗ്യവശാല്‍ ഇപ്പോള്‍ മിക്കവാറും ശമിച്ചുകഴിഞ്ഞിരിക്കുന്നു. ആപത്തിനേക്കാള്‍ വലിയ അധ്യാപകന്‍ ഇല്ലെന്നുള്ളത് ചരിത്രവും മതവും ഒന്നുപോലെ സമ്മതിക്കുന്ന വസ്തുതയാകുന്നു. ലഹളയുടെ വായില്‍ നിന്ന് അതിന്റെ നാലിന്റെ പരുപരുപ്പും വീരപ്പല്ലിന്റെയും മൂര്‍ച്ചയും നല്ലവണ്ണം അറിഞ്ഞ് ഇപ്പോള്‍ വിശകലിതമായി വെളിയില്‍ വമിക്കപ്പെട്ടിരിക്കുന്ന ഹിന്ദുസമുദായം, പുരാതനമായ ഒരു നാഗരികതയുടെ പ്രാതിനിധ്യം വഹിക്കുന്ന ഒന്നാണെന്നുമുള്ളതു ശരിതന്നെ. ശൈശവാവസ്ഥയില്‍ ഇരിക്കയാണെന്നുള്ളതും സമ്മതിച്ചേ തീരൂ. ശൈശവ എന്നാല്‍ ഉരുക്കഴിച്ചു പഠിച്ചാല്‍ ആജീവനാന്തം ഓര്‍മ നില്‍ക്കും എന്നുള്ള ഒരു ഗുണവുമുണ്ട്. ഈ മഹാവിപത്തിന്റെയും ഇതു പഠിപ്പിച്ച പാഠങ്ങളില്‍ ചിലതിന്റെയും ഓര്‍മയെ സമുദായത്തിന്റെ പുനസംഘടനക്ക് പ്രേരകമാകത്തക്കവിധം നിലനിറുത്തണമെന്നുള്ളതാണ് ദുരവസ്ഥ എന്ന പേരില്‍ അടിയില്‍ കാണുന്ന പാട്ടിന്റെ വിനീതമായ ഉദ്ദേശം. എന്നാല്‍ ലഹളയുടെ അപൂര്‍ണവും അസ്പഷ്ടവുമായ ഛായയില്‍ പാഠങ്ങളില്‍ ചിലതിന്റെ മന്ദമായ പ്രതിധ്വനിയും മാത്രമേ ഇതില്‍ നിന്ന് ഗ്രഹിപ്പാന്‍ കഴിയൂ. പ്രകൃതത്തില്‍ അധികമായ ജിജ്ഞാസ ജനിപ്പിക്കുന്നതിനും ഇത്തരമൊരു കൃതിയിലെ സാഹിത്യസംബന്ധമായ ആവശ്യകത നിറവേറ്റുന്നതിനും അതു പര്യാപ്തമാകുമെന്ന് വിശ്വസിക്കുന്നു.'12 

ഇവിടെ ഹിന്ദുമതം എന്ന ഒരു ഏകരൂപിയായ മതത്തെ ആശാന്‍ സങ്കല്‍പ്പിക്കുകയും പുറമെ നിന്നുള്ള ശത്രുക്കള്‍ അതിനെ ശിഥിലമാക്കുന്നതില്‍ ആശങ്കപ്പെടുകയും ചെയ്യുന്നു. ഈഴവ സമൂഹത്തിന്റെ അധഃസ്ഥിത നിലയില്‍നിന്നുള്ള വിമോചനത്തെ പ്രധാനമായികരുതുകയും ബുദ്ധദര്‍ശനത്തെ ഒരു പാരമ്പര്യമെന്ന നിലയില്‍ എടുത്തുകാണിക്കുകയും ചെയ്ത ആശാനെപ്പോലൊരാള്‍ ഹൈന്ദവ പുനരുത്ഥാന വാദികളുടെ ഭാഷയിലാണ് ഇവിടെ സംസാരിക്കുന്നത്. മതപരിവര്‍ത്തന രസവാദം പോലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളിലും ഈ ഭാഷ കാണാം. ദേശീയതയുടെ വികാസ കാലത്ത്  ബംഗാള്‍ കേന്ദ്രീകരിച്ച് രൂപംകൊണ്ട ബ്രഹ്മസമാജം, ആര്യസമാജം, പ്രാര്‍ഥനാ സമാജം എന്നിങ്ങനെയുള്ള ബ്രാഹ്മണാധീശപരമായ ഹിന്ദുനവോത്ഥാനം ഉയര്‍ത്തിയ ആശയങ്ങള്‍ കല്‍ക്കത്താ ജീവിതകാലത്ത് ആശാനെ സ്വാധീനിച്ചതായി മനസ്സിലാക്കാം. സഹോദരന്‍ അയ്യപ്പനെപ്പോലെയുള്ള യുക്തിവാദികളായ ഈഴവ പരിഷ്‌കര്‍ത്താക്കള്‍ ഇസ്‌ലാമടക്കമുള്ള മതങ്ങളെ സാഹോദര്യത്തിന്റെ ജീവിതാനുഭവമായി വിശദീകരിക്കുകയും 'ഹിന്ദു'മതത്തില്‍നിന്നുള്ള കുതറലാണ് ഈഴവരുടെ വിമോചനമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്.

ദുരവസ്ഥയുടെ ആമുഖ പഠനത്തില്‍ പ്രഫ. പി. ശങ്കരന്‍ നമ്പ്യാര്‍ ഇങ്ങനെ ചേര്‍ക്കുന്നു: കവിയുടെ അഭിപ്രായത്തില്‍ 'വര്‍ത്തമാന കാലത്തും വായനക്കാരുടെ മുമ്പിലും നടക്കുന്ന സംഭവങ്ങളെ ആധാരമാക്കി എന്നുമാത്രമല്ല, അവയെ കഴിയുന്നത്ര തന്മയത്വത്തോടുകൂടി വര്‍ണിപ്പാന്‍ ആശിച്ചുകൊണ്ടും രചിക്കപ്പെട്ടിട്ടുള്ള ഒരു കൃതിയത്രെ ദുരവസ്ഥ. അചിരകാലം മുമ്പ് പര്യവസാനിച്ച മലബാര്‍ മാപ്പിള ലഹളക്കാലത്തും നടന്നതായി കല്‍പ്പിച്ചിട്ടുള്ള ഒരു കഥയാണ് ഇതിലെ വിഷയം. സാവിത്രി എന്നു പേരായ ഒരു അന്തര്‍ജനം തന്റെ ഇല്ലം കൊള്ളക്കാര്‍ക്ക് ഇരയായ സമയം ജീവരക്ഷാര്‍ഥം ഒളിച്ചോടിപ്പോയി ചാത്തന്‍ എന്ന പുലയന്റെ കുടിലില്‍ ചെന്നു ചേരുകയും അവിടെ ഏകാകിനിയായി താമസിക്കെ, ലോക സ്വഭാവത്തെക്കുറിച്ച് ഗൂഢാലോചന ചെയ്യുവാന്‍ ഇടയായതിന്റെയും മറ്റും ഫലമായി ചാത്തനില്‍ പ്രീതി തോന്നി അയാളെ ഭര്‍ത്താവായി വരിക്കയും ചെയ്യുന്നു. കഥയുടെ ഗതി ഇങ്ങനെയായതുകൊണ്ട്, കവി തന്നെ പ്രസ്താവിച്ചിട്ടുള്ളതുപോലെ 'ആയതു പൂര്‍വാചാരനിരതമായ മനസ്സില്‍ അരുചിയും അനൗചിത്യബുദ്ധിയും ജനിപ്പിക്കാമെ'ന്നുള്ളതാകുന്നു.' 

ഇവിടെയെല്ലാം 'കല്‍പ്പിച്ചിട്ടുള്ള കഥ' എന്നുപറയുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ സംഭവിച്ച ഒന്നിനെ മുന്‍നിര്‍ത്തി രചിക്കപ്പെടുന്നതായാണ് ആഖ്യാനം. അവയെ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാന്‍ വേണ്ടി പൂര്‍വാചാരം തെറ്റിക്കുന്ന രീതിയില്‍ കാമുകീകാമുകന്മാരെ ജാതിമിശ്രണം ചെയ്തിരിക്കുന്നു. തൊട്ടുകൂടായ്മയും ജാതീയമായ അനീതികളും ഒഴിവാക്കുന്നതോടൊപ്പം അന്തര്‍ജനവും പുലയനും ഹിന്ദുവാണെന്ന കാര്യവും ഈ കാവ്യം ഓര്‍മിപ്പിക്കുന്നു. 

'കേരള ജില്ലയില്‍ കേദാരവും കാടുമൂരും മലകളുമാര്‍ന്ന ദിക്കില്‍, ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവച്ചോരയാല്‍ ചോന്നെഴും ഏറനാട്ടില്‍' നടക്കുന്ന കഥയാണിത്. അവിടെയുള്ള പാഴ്മരങ്ങളും മുളകിന്റെ പാകമായ കതിരും 'കുപ്പായത്തില്‍ തെളിച്ചോലും നിണമോടും മുല്‍പ്പെട്ട മാപ്പിളക്കയ്യര്‍ പോലെ'യാണ്. സാവിത്രി തന്റെ ഇല്ലമായ വിണ്ടലത്തില്‍ തിളങ്ങിയ താരമായിരുന്നു. ഇപ്പോള്‍ പുലയന്റെ ചാളയായ ഈ കുണ്ടില്‍ പതിച്ചു. അതിന് കാരണം കവി നിരത്തുന്നു:

ഭള്ളാര്‍ന്ന ദുഷ്ടമുഹമ്മദന്മാര്‍ കേറി കൊള്ളയിട്ടാര്‍ത്തഹോ തീകൊളുത്തി

വെന്തുപോയൊരു വമ്പിച്ച മനക്കലെ സന്താനവല്ലിയാണിക്കുമാരി

കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും അള്ളാമതത്തില്‍ പിടിച്ചുചേര്‍ത്തും

ഉള്ളില്‍ നടക്കും തിരക്കിലിരുട്ടിലി-പുള്ളിമാന്‍ കണ്ണിയാള്‍ ചാടിപ്പോന്നാള്‍

നായാട്ടിനായി വളഞ്ഞവനം വിട്ടുപായുന്നൊരൊറ്റ മാന്‍കുട്ടി പോലെയാണ് അവളെന്ന് ആശാന്‍ പറയുന്നു. നായാട്ടുകാര്‍ മാപ്പിളമാരാണ്. അത്താഴവും വായനയും കഴിഞ്ഞ്, നിലാവും കണ്ട് സാവിത്രി തന്റെ ഇല്ലത്തെ കട്ടിലില്‍ മയങ്ങാന്‍ തുടങ്ങുമ്പോള്‍ ആ ക്രൂരന്മാര്‍ വന്നുകയറുകയാണ്. വാളും വാക്കത്തിയും തോക്കും വടിയുമായി വന്നവര്‍ താടിനീട്ടിയവരും പേടിപ്പെടുത്തുന്ന തരത്തില്‍ താടിവെട്ടി തെറുത്തുവെച്ചവരും, തൊപ്പിയിട്ട് കട്ടികൈലിക്കുമീതെ അരഞ്ഞാണ്‍ കെട്ടിയവരുമാണ്.

അസംഖ്യം ദുഷ്ടമുഹമ്മദരാക്ഷസന്മാര്‍ ഇരുമ്പുദണ്ഡുകൊണ്ട് വാതില്‍ കുത്തിപ്പൊളിച്ച് കാര്യസ്ഥനെയും മനക്കലെ മുതിര്‍ന്നവരെയും കൊന്ന്, പണം കൈക്കലാക്കി ചത്തുവീണോരെ ചവിട്ടി, ശുദ്ധിയില്ലാത്ത മലയാള ഭാഷയില്‍ അസഭ്യങ്ങള്‍ ചൊല്ലി കടന്നുവരികയാണ്. അതുംപോരാഞ്ഞ്

ആഹാ മ്ലേച്ഛന്‍മാരകായില്‍കടന്നോരോ

സാഹസംചെയ്കയായ് സ്ത്രീജനത്തില്‍

ദുഷ്ടമുസല്‍മാന്മാര്‍ കേറിപ്പിടക്കയോ

കെട്ടിന്നകത്തുള്ളബലമാരെ

അല്ലല്ലയെന്തെല്ലാം ചെയ്യുന്നു കശ്മലര്‍

നല്ലാര്‍ജനങ്ങളെ കാണ്‍കവയ്യേ

അമ്മമാരില്ലേ സഹോദരിമാരില്ലേ

യിമ്മൂര്‍ഖര്‍ക്കീശ്വരചിന്തയില്ലേ

ഹന്ത! മതമെന്ന് ഘോഷിക്കുന്നല്ലോയി

ജ്ജന്തുക്ക,ളെന്തതില്‍ നീതിയില്ലേ? 

സ്ത്രീജനങ്ങളെ ബഹുമാനിക്കാനറിയാത്ത ഈ മൂര്‍ഖന്മാരുടേതും മതംതന്നെയാണല്ലോ എന്നാണ് ആശാന്‍ ഉത്കണ്ഠപ്പെടുന്നത്. ഇവരില്‍ പലരും മനക്കലെ കൃഷിക്കാരും കുടിയാന്മാരുമാണ്. ഈ മൂസയും കാസീനും കൂട്ടരും സ്വന്തം പടിക്കലെ ഭൃത്യന്മാരുമാണ്. 

എന്തിവര്‍ക്കിങ്ങനെ തോന്നുവാന്‍? നമ്മളെ യെന്തിവരെന്നഹോ വേട്ടയാടാന്‍? എന്നുകൂടി സാവിത്രി ഓര്‍ക്കുന്നുണ്ട്. അന്തര്‍ജനങ്ങളെ തൊട്ടശുദ്ധമാക്കുകയും തേവാരപ്പുര പൂകി ദേവബിംബങ്ങള്‍ തകര്‍ക്കുകയും പശുക്കളെ വെട്ടി മുറ്റത്തു ചോര വീഴ്ത്തുകയും പ്രാണനു കേഴുന്ന അച്ഛനെയും അമ്മയെയും ചോരയൊലിക്കും വാളോങ്ങി തെറിപറഞ്ഞു മതംമാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അവരെ വെട്ടിവീഴ്ത്തുന്നതും ഇല്ലം കത്തുന്നതും കണ്ട് ഇരുട്ടത്ത് രക്ഷപ്പെട്ട സാവിത്രി വഴിയിലെ ഒരു മുസ്‌ലിം പള്ളിയില്‍നിന്നുള്ള സംസാരം ശ്രദ്ധിച്ചു. 

വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ

രില്ലമിടിച്ചു കുളംകുഴിപ്പിന്‍,

അള്ളായല്ലാതൊരു ദൈവം മലയാളത്തി

ല്ലാതാക്കീടുവിനേതുചെയ്തും

ഭയചകിതയായ സാവിത്രിക്ക് 'മാപ്പിളമാരെന്ന ശബ്ദവും കയ്ക്കുന്നു. വേപ്പിലയെക്കാള്‍ ചെവിക്കുതന്നെ' എന്ന് ആശാന്‍ പറയുന്നു. ഇത് മലയാള ഭാവനയുടെ തന്നെ കയ്പ്പായി മാറുന്നതാണ് നാം പിന്നീട് കാണുന്നത്. അള്ളായല്ലാതെ മലയാള നാട്ടില്‍ മറ്റൊരു ദൈവവും പാടില്ലെന്ന സ്ഥിതി ഏതുനിമിഷവും മാപ്പിളയുടെ മനസ്സിലുണ്ടാകാം എന്ന തോന്നലും നമ്മുടെ ആധിപത്യ പൊതുബോധമായി തുടരുന്നുണ്ട്. മലപ്പുറം ജില്ലാ രൂപീകരണത്തെ എതിര്‍ത്തവരുടെ പ്രധാന വാദം അത് കുട്ടിപ്പാക്കിസ്താന്‍ ആവും എന്നതായിരുന്നു എന്ന് ഇവിടെ ഓര്‍ക്കുക. ചാത്തന്റെ കൂടെ കുറേകാലം താമസിച്ച ശേഷം സാവിത്രി നാട്ടിലെ വിവരങ്ങള്‍ അറിയുന്നുണ്ട്. മാപ്പിളമാരുടെ മുഷ്‌ക്ക് ഇപ്പോള്‍ കേള്‍ക്കാനില്ല. കൊള്ളക്കാര്‍ മിക്കതും ചത്തു. ശേഷിച്ചവര്‍ ആയുധങ്ങള്‍ താഴെവച്ചു. പട്ടാളവും തോക്കുമൊക്കെ മലപ്പുറം വിട്ടുപോയി. എങ്കിലും സാവിത്രിക്ക് ചാത്തനെ വിട്ട് നാട്ടില്‍ പോകാനോ കോഴിക്കോട്ടെ ധര്‍മപാളയം പൂകാനോ ഇഷ്ടമില്ല എന്നാണ് ആശാന്‍ പറയുന്നത്. ആര്യസമാജവും ശുദ്ധിപ്രസ്ഥാനവും സാമൂതിരിയുടെ കാര്‍മികത്വത്തില്‍ 'മാപ്പിള ലഹളയുടെ ഇരകളെ' ഹിന്ദുമതത്തിലേക്ക് ശുദ്ധിചെയ്‌തെടുക്കുന്നതിനു വേണ്ടി ആരംഭിച്ച കേന്ദ്രമാണ് ധര്‍മപാളയം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ദുരവസ്ഥയെക്കുറിച്ച് പലതരം വിമര്‍ശനങ്ങള്‍ അക്കാലത്ത് തന്നെ മുസ്‌ലിം പക്ഷത്തുനിന്ന് ഉന്നയിക്കപ്പെടുകയുണ്ടായി. ആലപ്പുഴ മുസ്‌ലിം യുവജന സംഘം പാസാക്കിയ പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു: 'എന്‍. കുമാരനാശാന്‍ രചിച്ചിട്ടുള്ള ദുരവസ്ഥ എന്ന പദ്യകൃതിയില്‍ ഇസ്‌ലാമതത്തെയും സമുദായത്തെയും അകാരണമായും അടിസ്ഥാനരഹിതമായും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഒട്ടനേകം പ്രയോഗങ്ങള്‍ കാണുന്നതിനാല്‍, പ്രസ്തുത കൃതിയോട് മുസ്‌ലിംകള്‍ക്കുള്ള വെറുപ്പിനെ ഈ യോഗം രേഖപ്പെടുത്തുന്നു. പരസ്പരം സൗഹാര്‍ദത്തില്‍ വര്‍ത്തിച്ചുവരുന്ന ഹിന്ദു, മുസ്‌ലിം സമുദായങ്ങളെ ഭിന്നിപ്പിക്കാതിരിക്കുന്നതിനും മുസ്‌ലിംകള്‍ക്കുണ്ടായിട്ടുള്ള അവജ്ഞയെ ഇല്ലാതാക്കുന്നതിനും വേണ്ടി പ്രസ്തുത കൃതിയുടെ പ്രസിദ്ധീകരണത്തെ പിന്‍വലിക്കണമെന്നു ഈ യോഗം ആവശ്യപ്പെടുന്നു.'13 ആശാന്‍ ഇതിനെഴുതിയ മറുപടി സി.വി കുഞ്ഞിരാമന്റെ 'ആശാന്റെ സ്മരണകള്‍' (എന്‍.ബി.എസ്) എന്ന കൃതിയില്‍ ഉദ്ധരിച്ചിട്ടുണ്ട്:

ദുരവസ്ഥ എന്ന കൃതിയില്‍ നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവെ സ്പര്‍ശിക്കുന്നതായി സഭ്യേതരമായ യാതൊരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓര്‍ക്കുന്നില്ല. മലബാറില്‍ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും മതഭ്രാന്തിനെ മുന്‍നിര്‍ത്തിയുള്ള അവരുടെ പൈശാചിക പ്രവര്‍ത്തികളെയും അതില്‍ കാവ്യയോഗ്യമായ വിധത്തില്‍ വര്‍ണിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ രസാനുഗുണമായും ലഹളയെ സംബന്ധിച്ച് ഞാനറിഞ്ഞിട്ടുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയും ചെയ്തിട്ടുള്ള പദപ്രയോഗങ്ങള്‍ അവരെയും അവരുടെ പ്രവര്‍ത്തികളെയും മാത്രം കുറിക്കുന്നവയാണ്. ദൂരസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകള്‍ വിവക്ഷിക്കുന്നില്ല. ശാന്തമായ മനസ്ഥിതിയോടുകൂടി പുസ്തകം ഒരിക്കല്‍ കൂടി വായിച്ചുനോക്കിയാല്‍ വാസ്തവം നിങ്ങള്‍ക്ക് തന്നെ വെളിവാകുന്നതാണ്.'

രസാനുഗുണമായ വര്‍ണനയില്‍ സ്വാഭാവികമായും സംഭവിച്ചുപോയതാണ് തന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളെന്ന് ആശാന്‍ പറയുന്നുണ്ട്. സ്വാഭാവികവും നിഷ്‌കളങ്കവുമായി സംഭവിക്കുന്ന ഈ എഴുത്തിന്റെ മനോഘടനയാണ് യഥാര്‍ഥത്തില്‍ പുനഃപരിശോധന അര്‍ഹിക്കുന്നത്. 

സാമൂഹികവും സാമുദായികവുമായ പരിഷ്‌കരണം ലക്ഷ്യം വെച്ച് ആശാന്‍ രചിച്ച ദുരവസ്ഥ ജാതികൃതങ്ങളായ ഉച്ഛനീചത്വങ്ങളുടെ യാഥാര്‍ഥ്യം ഉദാഹരിക്കുന്ന ഒരു കഥക്ക് മാപ്പിളലഹളയുടെ പശ്ചാത്തലം നല്‍കിക്കൊണ്ടാണ് അവതരിപ്പിക്കപ്പെട്ടത്. ആശാന്‍ നടത്തിയ ഈ ശ്രമത്തെ വിപ്ലവകരമായ നീക്കമായാണ് സാഹിത്യ നിരൂപകര്‍ വിലയിരുത്തിയത്. ദുരവസ്ഥ അധഃസ്ഥിത വര്‍ഗത്തിന്റെ ശബ്ദമായി മാറുകയായിരുന്നു എന്ന് തെളിയിക്കാന്‍ പര്യാപ്തമാണ് മുണ്ടശ്ശേരിയുടെ ദുരവസ്ഥ പഠനം. സാമൂഹിക പരിവര്‍ത്തനത്തെച്ചൊല്ലി ആശാന്‍ രണ്ടും കല്‍പ്പിച്ച് രചിച്ച കൃതികളായാണ് ദുരവസ്ഥയെയും ചണ്ഡാല ഭിക്ഷുകിയെയും മുണ്ടശ്ശേരി നോക്കിക്കാണുന്നത്. മലയാള കവിതയില്‍ സെക്യുലറിസത്തിന് വേരോട്ടം നല്‍കിയ കവിയായാണ് ആശാനെ മുണ്ടശ്ശേരി വായിച്ചെടുക്കുന്നത്14. ഒരു മതസമുദായം എന്ന നിലക്ക് ഹിന്ദുവായി ഏകീകരിക്കപ്പെട്ടാല്‍ സാമൂഹിക സുരക്ഷിതത്വം ലഭിച്ചേക്കുമെന്നുള്ള ആധുനിക ഭാവനയിലാണ് ആശാന്‍ പെട്ടുപോയതെന്ന് മനസ്സിലാക്കുകയാണ് അഭികാമ്യം. അത്തരം സമ്മര്‍ദ സാഹചര്യങ്ങളെ രാഷ്ട്രീയമായും വൈജ്ഞാനികമായും വിശകലനം ചെയ്യുകയാണ് പുതിയ കാലത്ത് വേണ്ടത്. അല്ലാതെ കുമാരനാശാനെ മുസ്‌ലിം വിരുദ്ധനായി പുനഃസൃഷ്ടിച്ച് ഹിന്ദു ഏകതയെ കൂടുതല്‍ ഉറപ്പിക്കുന്നതില്‍ കാര്യമില്ല. മാത്രമല്ല, അത് സമകാല രാഷ്ട്രീയത്തിന് ദോഷകരമായി ഭവിക്കുകയും ചെയ്യും എന്നാണ് ഈ ലേഖകന്‍ വിചാരിക്കുന്നത്.  

(തുടരും)

 

കുറിപ്പുകള്‍:

10. എ.ആര്‍. രാജരാജ വര്‍മ-നാലാം പാഠപുസ്തകം.(സാഹിത്യസാഹ്യം, പുറം: 168- എന്‍.ബി.എസ് കോട്ടയം, 1911).

11. (പുറം: 85 87, ചങ്ങമ്പുഴ, തുടിക്കുന്ന താളുകള്‍, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം 1961). 

12. (പുറം 468. ആശാന്റെ പദ്യകൃതികള്‍).

13. (പുറം 61, സ്മരണിക-മാപ്പിള ലഹള, രക്തസാക്ഷി കണ്‍വെന്‍ഷന്‍ കമ്മിറ്റി പ്രസിദ്ധീകരണം) 

14. ( പുറം: 285 - സമൂഹ ശാസ്ത്രാധിഷ്ഠിത ആശാന്‍ വായനയും, മഞ്ജുഷ പി.വി - വിമര്‍ശനത്തിന്റെ രാഷ്ട്രീയം. എഡി. സരിത ഇ, ലിഖിതം ബുക്‌സ്, കണ്ണൂര്‍ 2015).


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (6-11)
എ.വൈ.ആര്‍

ഹദീസ്‌

സ്വഭാവമാണ് പ്രധാനം
സി.എസ് ഷാഹിന്‍