Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 17

നമ്മുടെ സംസാരം

ഇബ്‌റാഹീം ശംനാട്

മനുഷ്യന്റെ ചിന്താ-വിചാര മണ്ഡലങ്ങളെയും  വികാരത്തെയും ഏറ്റവും ആഴത്തില്‍ സ്വാധീനിക്കാന്‍ മനുഷ്യന്റെ സംസാരത്തിന് സാധിക്കുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. സംസാരം മനസ്സിന് കുളിര്‍മയും ഹൃദയത്തിന് ആശ്വാസവും ബുദ്ധിക്ക്  ആനന്ദവുമാണ്. സമൂഹത്തില്‍ ഇടപെടുന്നതിനും വ്യക്തിയുടെ നേതൃത്വ ഗുണം വര്‍ധിപ്പിക്കുന്നതിനും സംസാരം മുഖ്യ പങ്ക് വഹിക്കുന്നു. പ്രസിദ്ധ ഗ്രീക്ക് തത്ത്വചിന്തകന്‍ അരിസ്റ്റോട്ടില്‍ മനുഷ്യനെ നിര്‍വചിച്ചത് 'സംസാരിക്കുന്ന മൃഗം' എന്നാണ്. നമ്മുടെ വിവിധാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനും വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ വിജയം കൈവരിക്കാനും ആശയ സംവാദത്തിനും സംസാരം അനിവാര്യമാണ്.
വിവരങ്ങള്‍ കൈമാറാനും അനുഭവങ്ങള്‍ പങ്കുവെക്കാനും വിരസത ഇല്ലാതാക്കി ആഹ്ലാദിക്കാനും മാനസികമായ പിരിമുറുക്കത്തില്‍ നിന്ന് മോചനം നേടാനും സംസാരം കൂടിയേ കഴിയൂ. ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായാലും അവിടെയൊക്കെ സംസാരശേഷിയുള്ളവര്‍ക്കാണ് മികവ് നേടാന്‍ സാധിക്കുക. വിദഗ്ധനായ ഒരു ഡോക്ടര്‍ രോഗികളോട് ആശയവിനിമയം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായാല്‍ രോഗം നിര്‍ണയിക്കുന്നതിലും വീഴ്ച ഉണ്ടാവുമെന്ന് മാത്രമല്ല, രോഗി അയാളില്‍ നിന്ന് അകന്ന് പോവുകയും ചെയ്യും.  ഒരു മാസം സംസാരിക്കാനുള്ള സ്വാതന്ത്ര്യം എടുത്ത് കളഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ!
നിരന്തരമായ പരിശീലനം ആവശ്യമുള്ള കലയാണ് സംസാരമെങ്കിലും പലപ്പോഴും നാം അതിനെ വൃഥാ ലഭിച്ചതെന്ന ലാഘവത്തോടെയാണ് പരിഗണിക്കുന്നത്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നമ്മെ സംസാരിക്കാന്‍ പരിശീലിപ്പിക്കാറുണ്ടെങ്കിലും, പിന്നീട് അതിനെ പരിപോഷിപ്പിക്കാനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കാറില്ല. വായനക്കും എഴുത്തിനും മുമ്പായി സംസാരത്തിനും കേള്‍വിക്കുമാണ് നമ്മുടെ പാഠ്യപദ്ധതിയില്‍ പ്രധാന്യം നല്‍കേണ്ടിയിരുന്നത്. കാരണം, നമ്മുടെ ചിന്തക്ക് മൂര്‍ത്ത രൂപം നല്‍കാന്‍ ശരിയായ സംസാരത്തിലൂടെയാണല്ലോ സാധിക്കുക. സത്യം നമ്മുടെ ഭാഗത്താണെങ്കിലും സംസാരത്തിലൂടെ അത് പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാം പരാജയപ്പെട്ടു പോവും.
നിരന്തരവും അനുസ്യൂതവുമായി വികസിപ്പിച്ചെടുക്കേണ്ട ഒരു അനര്‍ഘനിധിയാണ് സംസാരശേഷി. മനുഷ്യനെ സൃഷ്ടിക്കുകയും അവനെ സംസാരമഭ്യസിപ്പിക്കുകയും ചെയ്തതായി ഖുര്‍ആനും വ്യക്തമാക്കിയിട്ടുണ്ട്. അത് ഒരു കലയും ശാസ്ത്രവുമാണ്. പരിശീലനത്തിലൂടെ വികസിപ്പിച്ചെടുക്കേണ്ട നൈസര്‍ഗികമായ കഴിവ്. പലപ്പോഴും നാം അതിന്റെ വില അറിയാതെ സ്ഥാനത്തും അസ്ഥാനത്തും അതിനെ ഉപയോഗിച്ച് സംസാരമെന്ന കലയുടെ നിലവാരം കളഞ്ഞിരിക്കുന്നു.
നമ്മുടെ ചിന്ത, വൈകാരികാനുഭവങ്ങള്‍, വിശ്വാസം തുടങ്ങിയവ മറ്റുള്ളവരിലേക്ക് പകരാനുള്ള മാര്‍ഗമാണ് സംസാരം. നാല് ഘടകങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നു. സംസാരിക്കുന്ന വ്യക്തി, കൈമാറപ്പെടുന്ന സന്ദേശം, സന്ദേശം കൈമാറപ്പെടാന്‍ ഉപയോഗിക്കുന്ന മാധ്യമം, സന്ദേശം സ്വീകരിക്കുന്ന വ്യക്തി. ഈ നാല് ഘടകങ്ങള്‍ ചേര്‍ന്നാണ് സംസാരമെന്ന പ്രക്രിയ രൂപപ്പെടുന്നത്. സംസാരിക്കുന്ന വ്യക്തിയേക്കാള്‍ എപ്പോഴും പ്രധാന്യം അതില്‍ അടങ്ങിയിട്ടുള്ള സന്ദേശത്തിനാണ്.
സംസാരിക്കുന്ന വ്യക്തി തന്റെ ആശയം മറ്റൊരാളിലേക്ക് കൈമാറുമ്പോള്‍ അത് അദ്ദേഹത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സംസാരത്തിന്റെ ഫലസിദ്ധി. ചിലര്‍ തങ്ങളുടെ തീവ്രമായ ഹൃദയാനുഭവങ്ങള്‍ വിവരിക്കുമ്പോള്‍  നാമും ആ സംഭവത്തില്‍ അറിയാതെ ലയിച്ചു ചേരുന്നു. എന്നാല്‍ മറ്റു ചിലരുടെ സംസാരമാകട്ടെ ഉമിക്കരി ചവക്കുന്നത് പോലെ ഒരു ചലനവും സൃഷ്ടിക്കാറില്ല. ചിലരുടെ സംസാരമാകട്ടെ മിത്രങ്ങളെപ്പോലും ശത്രുക്കളാക്കാന്‍ മാത്രമേ ഉപകരിക്കൂ. അങ്ങനെ നമ്മുടെ ജീവിത ബന്ധങ്ങളില്‍ മധുരവും കയ്പും ചവര്‍പ്പും ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഒരു അവയവമാണ് നാവ്. നന്മക്കും തിന്മക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റിയ ആയുധം. സ്വര്‍ഗവും നരകവും നമുക്ക് നേടിത്തരാന്‍ ആ ഒരവയവത്തിന് കഴിയും. പ്രവാചകന്‍ (സ) പറഞ്ഞു: ''രണ്ട് അവയവങ്ങള്‍ - നാവും ജനനേന്ദ്രിയവും - സൂക്ഷിക്കുമെന്ന് നിങ്ങള്‍ എനിക്ക് ഉറപ്പ് നല്‍കിയാല്‍ നിങ്ങളുടെ സ്വര്‍ഗ പ്രവേശം ഞാനും നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാം.''

സംസാരത്തിലെ ചേരുവകള്‍
സംസാരം ആകര്‍ഷകമാക്കുന്നതില്‍ പല ഘടകങ്ങള്‍ ഉണ്ടെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. വാക്കുകള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന വാചാലതയുള്ള ചിലരെ കാണാം. ശബ്ദം, ആംഗ്യം, നോട്ടം, മറ്റു അംഗവിക്ഷേപങ്ങള്‍, ശരീര ഭാഷ എല്ലാം ചേര്‍ത്ത് കൃത്യമായി സംസാരിക്കാന്‍ കഴിഞ്ഞാല്‍ അതാണ് സംസാരത്തിലെ ഏറ്റവും നല്ല ചേരുവകള്‍.
നമ്മുടെ സംസാരത്തിനിടയില്‍  രൂപപ്പെടുന്ന ശരീരഭാഷയും ഇന്ന് മറ്റൊരു ശാസ്ത്രമായി വികാസം പ്രാപിച്ചിരിക്കുന്നു. വാക്കുകള്‍ക്കുള്ള പ്രധാന്യം കേവലം ഏഴു ശതമാനം എന്ന് കണക്കാക്കിയപ്പോള്‍ ശരീരഭാഷക്ക് 56 ശതമാനവും ശബ്ദത്തിന് 37 ശതമാനവുമാണ് പ്രാധാന്യം കണക്കാക്കിയിരിക്കുന്നത്. അതത് ഭാഷകളിലെ ഉപചാര രീതികള്‍ കൂടി സംസാരിക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്. ഒരാളുടെ സംസാരം കേട്ട് വാക്കുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ സാധിച്ചാല്‍ ആ വാക്കുകളായിരിക്കും ഒരു പക്ഷേ ഏറ്റവും സ്ഫുടമായി ഉച്ചരിക്കുന്ന വാക്കുകള്‍. ചിന്ത കൊണ്ട് ഭാഷയിലൂടെ ആശയത്തിന് മൂര്‍ത്ത രൂപം നല്‍കി സംസാരിക്കുകയാണെങ്കില്‍ നമ്മുടെ സംസാരത്തില്‍ സംഭവിക്കുന്ന പല അബദ്ധങ്ങളും ഒഴിവാക്കാന്‍ കഴിയും.
സംസാരത്തിലെ ചേരുവകളില്‍ എന്തുകൊണ്ടും പ്രധാനപ്പെട്ടതാണ് ശ്രോതാവിനെ നോക്കുക എന്നത്. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ സംസാരിക്കുന്ന വ്യക്തിയുടെ ദൃഷ്ടി ഒരൊറ്റ വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിക്കാതെ ആവശ്യാനുസരണം മാറിമാറി ചുറ്റുമുള്ളവരിലേക്ക്  നോക്കുക. ഒരാളിലേക്ക് മാത്രം നോക്കി സംസാരിക്കുന്നത് അയാള്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും വിരസത സൃഷ്ടിക്കും. പ്രവാചകന്‍ സംസാരിക്കുമ്പോള്‍ തങ്ങളെ ഓരോരുത്തരെയും പരിഗണിക്കുന്നത് പോലെയാണ് സംസാരിച്ചിരുന്നതെന്ന് സ്വഹാബികള്‍ അനുസ്മരിച്ചത് എത്ര അന്വര്‍ഥം.
 
നല്ല സംസാര രീതി
നമുക്കിടയില്‍ നല്ല രീതിയില്‍ സംസാരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? അനുമോദന സന്ദേശങ്ങള്‍ കൈമാറുകയും വിമര്‍ശനങ്ങള്‍ ഒഴിവാക്കുകയും ചെയ്യുകയാണ് നല്ല സംസാര രീതിയുടെ തുടക്കം. വ്യത്യസ്ത ചിന്താഗതിക്കാര്‍ ഉണ്ടാവുമ്പോള്‍ വ്യതിരിക്തമായ അഭിപ്രായം ഉണ്ടാവുക സ്വാഭാവികമാണ്. അപ്പോഴും പ്രതിപക്ഷ ബഹുമാനം കൈവിടാതെയായിരിക്കണം വിയോജിപ്പുള്ള കാര്യങ്ങള്‍ പറയേണ്ടത്.
പ്രബോധന ദൗത്യത്തിന്റെ ഭാഗമായി മൂസാ നബിയെ ഫിര്‍ഔനിന്റെ അടുത്തേക്ക് അയച്ചപ്പോള്‍ അല്ലാഹു നല്‍കുന്ന ഉപദേശം അദ്ദേഹത്തോട് സൗമ്യമായി സംസാരിക്കാനായിരുന്നുവല്ലോ. ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേഛാധിപതിയെ സമീപിക്കുമ്പോള്‍ പോലും സംസാരത്തില്‍ മയം കൈവെടിയരുതെന്ന് മാത്രമല്ല, ഔന്നത്യം കൂടി പാലിക്കണമെന്ന നിര്‍ബന്ധം അല്ലാഹുവിനുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാതാപിതാക്കളോട് പരുഷമായി സംസാരിക്കരുതെന്ന് അല്ലാഹു പ്രത്യേകം നിര്‍ദേശിച്ചിട്ടുള്ളതും സ്മരണീയമാണ്.  
ശ്രോതാവിന്റെ പ്രശ്‌നങ്ങളോട് അനുഭാവത്തോടെ സംസാരിക്കുകയാണ് ഉത്തമം. എത്ര നിസ്സാരനായ വ്യക്തിയെപ്പോലും സംസാരത്തില്‍ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുക. ഇരുകൂട്ടര്‍ക്കും താല്‍പര്യമുള്ള വിഷയങ്ങള്‍ സംസാരിക്കുന്നത് ബന്ധങ്ങള്‍ ഊഷ്മളമാവാന്‍ സഹായകമാണ്. സര്‍വോപരി നല്ല ശ്രോതാവാകാനും ശ്രമിക്കേണ്ടതാണ്. ഒരു നല്ല ശ്രോതാവ് വാക്കുകള്‍ മാത്രമല്ല, അതില്‍ സന്നിവേശിച്ചിട്ടുള്ള വികാരങ്ങള്‍ കൂടി കേള്‍ക്കുന്നവനാണ്. പലപ്പോഴും നാം മറ്റുള്ളവരുടെ സംസാരം കേട്ടുകൊണ്ടിരിക്കുന്നത് അയാള്‍ നിര്‍ത്തിയാല്‍ നമുക്ക് തുടങ്ങാമല്ലോ എന്ന വിചാരത്തോടെയാണ്.

സംസാരത്തിലെ തടസ്സങ്ങള്‍
ഇന്ത്യയെ പോലുള്ള ബഹുസ്വര സമൂഹത്തില്‍ ആശയം വിനിമയം ചെയ്യുമ്പോള്‍ അത് ശ്രോതാവിലേക്ക് ശരിയായ വിധത്തില്‍ എത്തിച്ചേരുന്നതിന് പല തടസ്സങ്ങളും ഉണ്ടായേക്കാം. വ്യത്യസ്തമായ സാംസ്‌കാരിക പാശ്ചാതലമാണ് അതിലൊന്ന്. അത്തരം സാഹചര്യങ്ങളില്‍ മറ്റു മതങ്ങളെയും ആശയങ്ങളെയും അങ്ങേയറ്റം ആദരിച്ചുകൊണ്ട് മാത്രമേ സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കാവൂ. തന്നെ അപരന്റെ സ്ഥാനത്ത് നിര്‍ത്തി സംസാരിക്കുമ്പോള്‍ അത് തനിക്ക് എത്രമാത്രം സ്വീകാര്യമായിരിക്കും എന്ന് കണക്കാക്കികൊണ്ടായിരിക്കണം നാം സംസാരിക്കേണ്ടത്. നമ്മുടെ സംസാരത്തില്‍ അങ്ങനെയൊരു രീതി സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഏറ്റവും നല്ല സംസാരം. സംസാരം വൈകാരിക തലങ്ങളെ കൂടി സ്പര്‍ശിക്കുന്നതിനാല്‍ നേരിയ തോതിലുള്ള അര്‍ഥവ്യതിയാന സാധ്യതയുള്ള പദങ്ങള്‍ പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിയിച്ചേക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം