Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 17

കുടുംബക്കാരെ നെഞ്ചോട് ചേര്‍ത്ത് പ്രവാചകന്‍

ഡോ. അംറ് ഖാലിദ

ഉമ്മയും ബാപ്പയും അടങ്ങുന്ന കൊച്ചുകുടുംബത്തിലൊതുങ്ങുന്നതാണ് പലപ്പോഴും നമ്മുടെ കുടുംബബന്ധം. പടച്ചവന്‍ നമുക്ക് തന്നനുഗ്രഹിച്ച വിശിഷ്ട സ്വത്താണ് സ്വന്തക്കാരും ബന്ധക്കാരുമായ അനേകം പേരെന്നത് അറിയാഞ്ഞിട്ടൊന്നുമല്ല ഇത്. പൂര്‍ണമായും കുടുംബബന്ധം പുലര്‍ത്താത്തവരും മുഖം മിനുക്കാന്‍ മാത്രം കുടുംബബന്ധം പുലര്‍ത്തുന്നവരും നമ്മിലുണ്ടല്ലോ?
സകലവും നിശ്ശബ്ദമാവുന്ന രംഗമാണല്ലോ അന്ത്യനാളിലേത്. 'അവരാരും സംസാരിക്കാത്ത ദിവസം' (അല്‍ മുര്‍സലാത്ത് 35) എന്നല്ലേ ഖുര്‍ആന്‍ അതിനെ പരിചയപ്പെടുത്തിയത്. എന്നാല്‍ അന്നേ ദിവസം 'കുടുംബബന്ധം'  സംസാരിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞു. 'എന്റെ നാഥാ, ഞാന്‍ അക്രമിക്കപ്പെട്ടു, ഞാന്‍ മുറിക്കപ്പെട്ടു, ഞാന്‍ ഉപദ്രവിക്കപ്പെട്ടു' എന്ന് അത് സങ്കട ഹരജി നിരത്തും. 'നിന്നെ ചേര്‍ത്തവനെ മാത്രമേ ഞാന്‍ ചേര്‍ക്കയുള്ളൂ, നിന്നെ മുറിച്ചവനോട് ഞാന്‍ ബന്ധം മുറിക്കും' എന്ന് പടച്ചവന്‍ പ്രത്യുത്തരം നല്‍കുകയും ചെയ്യും.
ഇളിച്ചും ചിരിച്ചും ബന്ധം പുലര്‍ത്തുന്നതിനെക്കുറിച്ചല്ല ഞാന്‍ പറഞ്ഞുവരുന്നത്. ദൈവിക ദീന്‍ അനുശാസിക്കുംവിധം, എത്ര പേര്‍ നമ്മില്‍ കുടുംബബന്ധം പുലര്‍ത്തുന്നുവെന്നതാണ് ചോദ്യം.
പ്രവാചകനും ശിഷ്യരും കൂടിയിരിക്കുന്ന ഒരു സന്ദര്‍ഭം. പ്രവാചകന്‍ പറഞ്ഞു. ''കുടുംബ ബന്ധം മുറിച്ച ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടെങ്കില്‍ അയാള്‍ ദയവായി പുറത്തു പോകട്ടെ, കാരണം ബന്ധം മുറിച്ചവന്‍ ഇരിക്കുന്ന സദസ്സില്‍ പോലും ദൈവകൃപ വര്‍ഷിക്കുകയില്ല.'' ഒരാള്‍ അക്കൂട്ടത്തില്‍ നിന്നെഴുന്നേറ്റ് പോവുകയും കുറച്ചു നേരം കഴിഞ്ഞ് തിരിച്ചുവരികയും ചെയ്തു. പ്രവാചകന്‍ അയാളോട് ചോദിച്ചു. ''എവിടെയായിരുന്നു ഇതുവരെ?'' അയാള്‍ മറുപടി നല്‍കി. ''പ്രവാചകരേ, ഞാന്‍ പല വര്‍ഷമായി ബന്ധം വിഛേദിച്ച ഒരു മാതൃ സഹോദരിയുണ്ടെനിക്ക്. താങ്കളുടെ നിര്‍ദേശം കേട്ടയുടന്‍ ഞാന്‍ പുറത്ത് പോയി അവരെ സന്ദര്‍ശിച്ചു. അവരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ അവരുടെ കൈകളില്‍ ചുംബിച്ചു. എന്റെ മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞു. ഞാനും കരച്ചിലടക്കാന്‍ പാടുപെട്ടു. അവര്‍ എനിക്കുവേണ്ടിയും മരിച്ചു പോയ എന്റെ ഉമ്മക്ക് വേണ്ടിയും പ്രാര്‍ഥിച്ചു.'' പ്രവാചകന്‍ അദ്ദേഹത്തോട്  പറഞ്ഞു. ''ഇതാ, എന്നെ തൊട്ടുരുമ്മി തന്നെ താങ്കള്‍ ഇരുന്നോളൂ.'' കുടുംബബന്ധം നന്നാക്കിയ ഒരാള്‍ക്ക് പ്രവാചകന്റെ ആദരം.
മറ്റൊരിക്കല്‍ ഒരാള്‍ പ്രവാചകനെ സമീപിച്ച് പറഞ്ഞു: ''എനിക്ക് ഗുരുതരമായ ഒരു തെറ്റ് പറ്റിപ്പോയി. പ്രവാചകരേ, എനിക്ക് പശ്ചാതാപത്തിന് വല്ല മാര്‍ഗവുമുണ്ടോ?'' റസൂല്‍ ചോദിച്ചു: ''നിനക്ക് ഉമ്മയുണ്ടോ?'' ''ഇല്ല, മരിച്ചു പോയി.'' ''നിന്റെ ഉമ്മയുടെ സഹോദരി ജീവിച്ചിരിപ്പുണ്ടോ?'' ''ഉണ്ട്.'' ''എങ്കില്‍ അവര്‍ക്ക് നീ നന്മ ചെയ്യുക, അല്ലാഹു നിനക്ക് പൊറുത്തു തരും'' എന്ന് പ്രവാചകന്‍. നോക്കൂ, മാതൃസ്ഥാനത്ത് തന്നെ മാതൃസഹോദരിയെയും അവരോധിക്കുന്നു പ്രവാചകന്‍.
കുടുംബബന്ധം വിളക്കിച്ചേര്‍ക്കുന്നതില്‍ പ്രാവാചകനില്‍ കവിഞ്ഞ മാതൃക ആരാണ് നല്‍കുക? പ്രവാചക പുത്രിമാരായ റുഖിയയെയും ഉമ്മു കുല്‍സുവിനെയും ആദ്യം വിവാഹം ചെയ്തത് അബൂലഹബിന്റെ മക്കളായ ഉത്ബയും ഉത്തയ്ബയും ആയിരുന്നു. പ്രവാചകനോടുള്ള വിരോധം മൂത്ത് മക്കളോട് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ അബൂലഹബ് നിര്‍ദേശിച്ചു. വാപ്പയുടെ ഇംഗിതത്തിന് അവര്‍ സമ്മതം മൂളി. മുഹമ്മദിന്റെ മക്കളെ ഇനിയാരും വിവാഹം കഴിക്കരുതെന്ന് അബൂലഹബ് പ്രഖ്യാപവും നടത്തി. സ്വന്തം മൂത്താപ്പ പ്രവാചകനോട് ചെയ്തതാണിത്.
പ്രവാചകന്റെ സ്ഥാനത്ത് നാമായിരുന്നെങ്കിലോ? നമ്മുടെ ബന്ധുക്കളിലാരെങ്കിലും നമ്മുടെ പെണ്‍മക്കളോട് ഇപ്രകാരം ചെയ്താല്‍ നമ്മുടെ പ്രതികരണം എങ്ങനെയായിരിക്കും?
മക്കാ വിജയദിനത്തില്‍ പ്രവാചകന്‍ ഉത്ബയെയും ഉതയ്ബയെയും തിരക്കി. അബ്ബാസ് (റ) അവരെ പ്രവാചകന് മുന്നില്‍ ഹാജരാക്കാമെന്നേറ്റു. ഉത്ബയും ഉതയ്ബയും ഉത്കണ്ഠാകുലരായി പ്രവാചക സന്നിധിയിലെത്തി. പ്രവാചകന്‍ പറഞ്ഞു: ''ഉത്ബാ, ഉതയ്ബാ, എന്റെ മൂത്താപ്പയുടെ മക്കളേ, ആര് നിങ്ങളെ തള്ളിപ്പറഞ്ഞാലും ഞാന്‍ നിങ്ങളെ തള്ളിപ്പറയുകയില്ല. നിങ്ങള്‍ക്ക് നന്മയല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്കിതാ ഞാന്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നു.'' കേട്ട മാത്രയില്‍ അവര്‍ ശഹാദത്ത് മൊഴിഞ്ഞ് ഇസ്‌ലാം സ്വീകരിച്ചു. ഇരുവരെയും കൈപിടിച്ച് പ്രവാചകന്‍ കഅ്ബയുടെ അടുക്കലേക്ക് നീങ്ങി. ഉമര്‍ (റ) ആ രംഗം ഉദ്ധരിക്കുന്നത് കാണുക. ''പ്രവാചകന്‍ അവരിരുവരെയും തന്നിലേക്ക് ചേര്‍ത്തു പിടിച്ചു. കഅ്ബയുടെ ഭിത്തിയില്‍ തന്റെ കവിള്‍തടം പതിപ്പിച്ച് തന്റെ വയര്‍ കഅ്ബയോടടുപ്പിച്ച് അദ്ദേഹം പ്രാര്‍ഥിച്ചു. പടച്ചവനേ ഇതാ എന്റെ മൂത്താപ്പയുടെ മക്കള്‍ ഉത്ബയും ഉതയ്ബയും, അവര്‍ക്ക് നീ ഹിദായത്ത് നല്‍കേണമേ....''
അന്നേദിവസം തന്നെ അതാ അബൂസുഫ്‌യാനും ദൂരെ നിന്ന് വരുന്നു. അലി(റ) അദ്ദേഹത്തെ കണ്ടുമുട്ടി. അബൂസുഫ്‌യാന്‍ പറഞ്ഞു. ''മുഹമ്മദിനെ ഞാന്‍ എങ്ങനെയാ നേരിടുക?'' യൂസുഫ് നബി(അ) തന്റെ സഹോദരന്മാര്‍ക്ക് നല്‍കിയ അതേ മറുപടിയാണ് പ്രവാചകന്‍ അബൂസുഫ്‌യാനോട് പറഞ്ഞത്: ''നിങ്ങള്‍ക്ക് മേല്‍ പ്രതികാര നടപടിയേതുമില്ല, അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ'' (യൂസുഫ് 92).
സ്വന്തം ശിഷ്യരെ പ്രവാചകന്‍ ഏറെ സ്‌നേഹിച്ചിരുന്നു. തന്റെ കുടുംബത്തില്‍ പെട്ടവരാണെങ്കില്‍ ഒരുതരം പ്രത്യേക സ്‌നേഹം പ്രവാചകന്‍ അവരോട് പുലര്‍ത്തി. മുഅ്തഃ യുദ്ധത്തില്‍, സൈദ്ബ്‌നു ഹാരിഥഃയും ജഅ്ഫറുബ്‌നും അബീത്വാലിബും മരണപ്പെട്ടപ്പോള്‍ ജഅ്ഫറിനെ കണ്ട് പ്രവാചകന്‍ മുമ്പില്ലാത്ത വിധം തേങ്ങി. ഖന്ദഖ് യുദ്ധ വേളയില്‍ അലി(റ)  ശത്രു പക്ഷത്തെ അതികായകനായ അംറുബ്‌നു വുദ്ദുമായി ഏറ്റുമുട്ടാനൊരുങ്ങിയപ്പോള്‍ പ്രവാചകന്‍ പ്രാര്‍ഥിച്ചത് ശ്രദ്ധിക്കുക. ''അല്ലാഹുവേ, അബൂ ഉബൈദത്ത്ബ്‌നു ഹാരിഥയെ ബദ്‌റില്‍ വെച്ച് നീ എന്നില്‍ നിന്ന് തിരിച്ചു വിളിച്ചു. ഉഹുദില്‍ ഹംസയെയും നീയെന്നില്‍ നിന്നകറ്റി. ഇതാ അലിയ്യുബ്‌നു അബീത്വാലിബ്, എന്റെ കുടുംബാംഗം, അദ്ദേഹത്തെ നീ കാത്തുകൊള്ളേണമേ, നീ എന്നെ തനിച്ചാക്കരുതേ.''
ചെറിയവരും വലിയവരും ഉയര്‍ന്നവരും താഴ്ന്നവരുമായ എല്ലാ കുടുംബാംഗങ്ങളെക്കുറിച്ചും നാം വെച്ചുപുലര്‍ത്തേണ്ട പ്രാര്‍ഥനാ മനസ്ഥിതിയെക്കുറിച്ച പ്രവാചക സാക്ഷ്യമാണിത്.
എത്ര ബുദ്ധിമതിയായിരുന്നു പ്രവാചകന്റെ മാതാവ് ആമിന ബിന്‍ത് വഹബ്. അനാഥനായി പിറന്ന തന്റെ മകനെ എല്ലാ കുടുംബാംഗങ്ങള്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തു അവര്‍. പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിലേക്ക് മുഹമ്മദിനെ അവര്‍ ചേര്‍ത്തു വെച്ചു. നാനൂറും അഞ്ഞൂറും കിലോ മീറ്ററുകള്‍ താണ്ടി ഉമ്മു അയ്മനോടൊപ്പം പ്രവാചകനെയും കൂട്ടി മദീനയിലുള്ള തന്റെ കുടുംബത്തിലും അവര്‍ സന്ദര്‍ശനം നടത്തി. നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ മദീനയെപ്പറ്റി? തന്റെ ഉമ്മയോടൊപ്പം താന്‍ നടത്തിയ സന്ദര്‍ശനവും തന്റെ കുടുംബക്കാര്‍ മദീനയിലുണ്ടെന്ന ആശ്വാസവും തന്നെയല്ലേ മക്കവിട്ട് പോകേണ്ടിവന്നിട്ടും പ്രവാചകന് ആശ്വാസം പകര്‍ന്നത്?
വാപ്പയില്ലാത്ത മുഹമ്മദിനെ ആറു വയസ്സ് വരെ ആമിന. പിന്നെ വല്ലിപ്പ അബ്ദുല്‍ മുത്വലിബ്. തന്റെ മക്കളേക്കാള്‍ സ്‌നേഹം നല്‍കി വളര്‍ത്തിയ പിതൃവ്യന്‍ അബൂത്വാലിബ്. അബൂത്വാലിബിന് ശേഷം അബ്ബാസ്...... കുടുംബ ബന്ധം തന്നെയാണ് പ്രവാചകന് തണലേകിയത്, ആ ബന്ധുക്കള്‍ ആദര്‍ശത്തില്‍ എത്ര വ്യത്യസ്ഥത പുലര്‍ത്തിയാലും.
ഓര്‍ക്കുക. ബാധ്യതകള്‍ തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്. ശേഷം നാട്ടിലും. പ്രവാചക വചനം കാണുക. ''നീ ഒരു ദരിദ്രന് സ്വദഖ നല്‍കുമ്പോള്‍ ഒരു സ്വദഖയുടെ പ്രതിഫലം മാത്രമാണ് അതിനുള്ളത്. അത് കുടുംബാംഗത്തിനാകുമ്പോള്‍, സ്വദഖയുടെയും കുടുംബബന്ധം ചേര്‍ത്തതിന്റെയും പ്രതിഫലമാണ് അതിനുള്ളത്.''
വിവ: നഹാസ് മാള
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം