നിയമനിര്‍മാണത്തിന്റെ മുന്നുപാധികള്‍
നമ്മുടെ കാലത്തെ സാമ്പത്തിക നിയമങ്ങളുടെ പുനഃക്രമീകരണം-2
നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നതിനുള്ള ഒന്നാമത്തെ മുന്നുപാധി, അതിന് തുനിയുന്ന നിയമവിദഗ്ധന്‍ ശരീഅത്തിന്റെ അന്തസത്തയെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം എന്നതാണ്.1 ഖുര്‍ആന്‍ അധ്യാപനങ്ങളെയും പ്രവാചക ജീവിതത്തെയും ആഴത്തില്‍ വിശകലനം ചെയ്യാന്‍ ആ നിയമവിദഗ്ധന് ശേഷിയുണ്ടെങ്കിലേ ഇത് സാധ്യമാവൂ.
ഈ രണ്ട് മൗലിക സ്രോതസ്സുകളെയും പഠിക്കുന്ന ഒരാള്‍ക്ക് ശരീഅത്തിന്റെ അന്തസ്സത്ത പിടികിട്ടണം. എങ്കില്‍ പിന്നീടുള്ള അയാളുടെ അന്വേഷണങ്ങള്‍ ഏത് സന്ദര്‍ഭത്തിലും ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതവും അതിന്റെ സംതുലനത്തെ അവതാളത്തിലാക്കാത്ത തരത്തില്‍ മുന്നേറുന്നതുമായിരിക്കും. ശരീഅത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞ പണ്ഡിതന്മാര്‍ നടത്തുന്ന ഗവേഷണങ്ങള്‍ സന്ദര്‍ഭത്തിനൊത്ത് ഉയരുമെന്ന് മാത്രമല്ല, നിയമദായകന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വളരെ അനുയോജ്യവുമായിരിക്കും. ഇക്കാര്യം വിശദീകരിക്കാന്‍ ഒട്ടനവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്ന് എടുത്തുദ്ധരിക്കാന്‍ സാധിക്കും. യുദ്ധകാലത്ത് ശിക്ഷാ(ഹദ്ദ്) നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ഹസ്രത്ത് ഉമറിന്റെ ഉത്തരവ് ഒരു ഉദാഹരണം. കള്ള് കുടിച്ചതിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്യപ്പെട്ട അബൂ മഹ്ജന്‍ സഖഫിക്ക് സഅ്ദുബ്‌നു അബീവഖാസ് ഖാദിസിയ്യ യുദ്ധ സന്ദര്‍ഭത്തില്‍ മാപ്പ് നല്‍കിയത് മറ്റൊരു സംഭവം. പട്ടിണി നടമാടിയ സന്ദര്‍ഭത്തില്‍ മോഷണത്തിന് കൈവെട്ടുന്ന നടപടി ഉമര്‍ നിര്‍ത്തിവെക്കുകയുണ്ടായി.
പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ഇതെല്ലാം ശരീഅത്തിലെ വ്യക്തമായ നിയമപ്രമാണങ്ങള്‍ക്ക് എതിരാണെന്ന് തോന്നാം. എന്നാല്‍, ചില പ്രത്യേക സാഹചര്യത്തില്‍ പൊതു നിയമങ്ങള്‍ക്കെതിരെ നല്‍കുന്ന ഇത്തരം ഇളവുകള്‍ ശരീഅത്തിന്റെ ചൈതന്യത്തോട് ഏറെ അടുത്തുനില്‍ക്കുന്നവയാണെന്ന് വിവരമുള്ളവര്‍ക്ക് ബോധ്യമാകും.
ഹാത്വിബ് ബ്‌നു അബീബല്‍ത്വഅയുടെ അടിമകളെക്കുറിച്ച് വന്ന ആ സംഭവം നോക്കുക. മുസൈന ഗോത്രത്തില്‍ പെട്ട ഒരാള്‍ ഹസ്രത്ത് ഉമറിനോട് ആവലാതിപ്പെട്ടു, തന്റെ ഒട്ടകത്തെ ഹാത്വിബിന്റെ അടിമകള്‍ കട്ടുകൊണ്ട് പോയെന്ന്. കള്ളന്മാരുടെ കൈ കൊത്താനാണ് ഉമര്‍ ആദ്യം ഉത്തരവിറക്കിയതെങ്കിലും പിന്നീടത് വേണ്ടെന്ന് വെച്ചു. ഹാത്വിബിനോട് ഉമര്‍ പറഞ്ഞു: ''ഈ പാവം മനുഷ്യരെ താങ്കള്‍ വേണ്ടത്ര പണിയെടുപ്പിച്ചു, അവരുടെ വിശപ്പടക്കാന്‍ മതിയായത് കൊടുത്തതുമില്ല. ഈ ജീവിത ദുരിതത്തിനിടയില്‍ അവര്‍ വല്ലതും നിയമവിരുദ്ധമായി എടുത്തിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ മാപ്പര്‍ഹിക്കുന്നവരാണ്.'' അടിമകളെ വെറുതെ വിടുകയും അവരുടെ ഉടമസ്ഥനോട് ഒട്ടകയുടമക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുകയുമാണ് ഉമര്‍ ചെയ്തത്. ഒരേ സമയത്ത് മൂന്ന് ത്വലാഖും ചൊല്ലുന്നതിനെക്കുറിച്ച് ഉമര്‍ എടുത്ത തീരുമാനവും നബിചര്യയുമായി ഒത്തുവരുന്നില്ലെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അത് ശരീഅത്തിന്റെ സ്പിരിറ്റിനോട് ഏറെ അടുത്തു നില്‍ക്കുന്നുവെന്ന കാര്യം ഒരാള്‍ക്കും നിഷേധിക്കാനാവുകയില്ല. ശരീഅത്തിന്റെ അന്തസ്സത്തയോട് യോജിക്കാത്ത ഏത് ഭേദഗതിയും അതിന്റെ സംതുലനത്തെ തകിടം മറിക്കുമെന്ന കാര്യവും ഓര്‍ക്കണം.
രണ്ടാമത്തെ ഉപാധി
ഏതെങ്കിലുമൊരു വിഷയത്തില്‍ ഒരു നിയമനിര്‍മാണം ആവശ്യമായി വരികയാണെങ്കില്‍, ആ വിഷയത്തെക്കുറിച്ച് ഇസ്‌ലാമിക പ്രമാണങ്ങളില്‍ എന്തൊക്കെ നിയമങ്ങള്‍ വന്നിട്ടുണ്ട് എന്ന് സമഗ്രമായും ആഴത്തിലും അറിഞ്ഞിരിക്കണം. ആ നിയമങ്ങളുടെ ഉദ്ദേശ്യമെന്താണെന്നും ഇസ്‌ലാമിക ജീവിതത്തിന്റെ വിശാല തലങ്ങളില്‍ അവയുടെ സ്വാധീനവും പ്രതിഫലനവും എങ്ങനെയാണെന്നും എത്രത്തോളമാണെന്നും നന്നായി ഗ്രഹിച്ചിരിക്കണം. ഇതാണ് രണ്ടാമത്തെ ഉപാധി. നിയമദാതാവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പരിഗണിക്കാതെ നിയമനിര്‍ധാരണം നടത്തുന്നതോ അസാധുവാക്കുന്നതോ ഭേദഗതി വരുത്തുന്നതോ ഒക്കെ ശരീഅത്തിന്റെ കേന്ദ്രഭൂമികയില്‍ നിന്നുള്ള വഴിതെറ്റി നടത്തമാണ്.
ഇസ്‌ലാമില്‍ അക്ഷരങ്ങള്‍ക്കല്ല, ഓരോന്നിന്റെയും അന്തസ്സത്തക്കാണ് മുന്‍ഗണന കൊടുക്കേണ്ടത്. ഒരു പൊതുനിയമം ചില പ്രത്യേക സാഹചര്യങ്ങളില്‍ നടപ്പാക്കുന്ന പക്ഷം ആ നിയമത്തിന്റെ അന്തസ്സത്തക്ക് എതിരായിത്തീരുമെങ്കില്‍ അവിടെ പരിഗണിക്കേണ്ടത് അക്ഷരങ്ങളല്ല, ഈ അന്തസ്സത്തയാണ്. നന്മ സ്ഥാപിക്കാനും തിന്മ ഉന്മൂലനം ചെയ്യാനുമുള്ള വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. പ്രവാചകനും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതേസമയം ഏകാധിപതികള്‍ക്കെതിരെയുള്ള സായുധ കലാപത്തിന് പ്രവാചകന്‍ അനുമതി നിഷേധിച്ചതായും കണ്ടെത്താന്‍ കഴിയും. സംഘര്‍ഷത്തെ രഞ്ജിപ്പിലേക്ക് കൊണ്ടുവരിക എന്നതാണ് നിയമദാതാവിന്റെ ലക്ഷ്യം. അതാണ് ഈ വിലക്കില്‍ തെളിയുന്നത്. നീതിയും ന്യായവും നടപ്പാക്കുന്നതിന് പകരം വലിയ അനര്‍ഥങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ അതിനെ തടുക്കുക എന്നതാണ് ഇവിടെ പരിഗണനീയമായിത്തീരുന്നത്. അല്ലാമാ ഇബ്‌നു തൈമിയ്യയുടെ ജീവചരിത്രകുറിപ്പില്‍ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. തര്‍ത്താറുകളുടെ ആക്രമണം നടക്കുന്ന സന്ദര്‍ഭമാണ്. ഇബ്‌നു തൈമിയ്യയും അനുയായികളും, തിന്നും മദ്യപിച്ചും തിമിര്‍ത്താടുന്ന ഒരു സംഘത്തിന്റെ അരികിലൂടെ നടന്നുപോകാനിടയായി. ഇവരെ ഒന്ന് ഗുണദോഷിച്ചാലെന്താ എന്ന് അനുയായികള്‍ക്ക് തോന്നി. അവരെ തടഞ്ഞുകൊണ്ട് ഇമാം പറഞ്ഞു: ''അതിക്രമവും അരാജകത്വവും തടയാനാണ് അല്ലാഹു മദ്യം വിലക്കിയത്. ഈയാളുകള്‍ (തര്‍ത്താറുകള്‍) അതിഭീകരമായ കൊള്ളയും കൊള്ളിവെപ്പും ഇപ്പോള്‍ നടത്താതിരിക്കുന്നത് മദ്യപാനത്തില്‍ മുഴുകിയത് കൊണ്ടാണ്. അതിനാല്‍ ഇപ്പോള്‍ അവരെ മദ്യപാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നത് ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായിത്തീരും.''
സന്ദര്‍ഭത്തിന്റെ സ്വഭാവം നോക്കി ഇങ്ങനെ ചില ഭേദഗതികള്‍ വേണ്ടിവന്നേക്കും. ശരീഅത്തിന്റെ ലക്ഷ്യങ്ങളെ കശാപ്പ് ചെയ്യുന്നതാവരുത് ഭേദഗതി എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി. ചില നിയമങ്ങളും നിര്‍ദേശങ്ങളും പ്രത്യേക ഭാഷയില്‍ പ്രത്യേക സന്ദര്‍ഭത്തിലേക്ക് വേണ്ടിയുള്ളതാണോ എന്ന് ഗവേഷകന്‍ പരിശോധിക്കണം. അവിടെ വാക്കുകളല്ല, നിയമത്തിന്റെ അന്തസ്സത്തയാണ് പരിഗണിക്കേണ്ടത്. ഈദുല്‍ ഫിത്വ്‌റിനോടനുബന്ധിച്ച് ഒരു സാഅ് കാരക്കയോ ബാര്‍ലിയോ ദാനമായി നല്‍കാന്‍ പ്രവാചകന്റേതായി വന്ന കല്‍പന ഉദാഹരണം. മദീനയില്‍ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന തൂക്കമാണ് സാഅ്. അക്കാലത്തുണ്ടായിരുന്ന ആ പ്രദേശത്തെ പ്രധാന ഭക്ഷ്യവിഭവങ്ങളേ ഏത് കാലത്തും കൊടുത്തുകൂടൂ എന്നില്ലല്ലോ. ഈദാഘോഷത്തില്‍ ഏത് ദരിദ്രനും തന്റെ കുടുംബത്തോടൊപ്പം പങ്കുചേരാന്‍ കഴിയുന്നവിധം സമൂഹത്തിലെ ധനികര്‍ ദാനം ചെയ്യണം എന്നതാണ് നിയമത്തിന്റെ യഥാര്‍ഥ ലക്ഷ്യം. വാക്കുകളെ പിന്തുടരുന്നതിന് പകരം, നിയമത്തിന്റെ മര്‍മമറിഞ്ഞ് പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞത് അതുകൊണ്ടാണ്.
(തുടരും)
1.നമ്മുടെ കാലത്ത് ഇജ്തിഹാദിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെടാനുള്ള പ്രധാന കാരണം ഇവിടെ പരാമര്‍ശിക്കുന്നത് സംഗതമാണെന്ന് കരുതുന്നു. നമ്മുടെ മിക്ക മതപാഠശാലകളുടെയും സിലബസ് പരിശോധിച്ചു നോക്കൂ. ഖുര്‍ആനും നബിചര്യയും അതില്‍ കാര്യമായ ഒരു പഠന വിഷയമേ അല്ല. പകരം ഏതെങ്കിലുമൊരു ഫിഖ്ഹി മദ്ഹബും അതിന്റെ കര്‍മസരണികളുമാണ് പഠിപ്പിക്കപ്പെടുന്നത്. ഈ പഠനം പോലും ഒരു പ്രത്യേക രീതിയിലാണ്. ഖുര്‍ആന്റെയും നബിചര്യയുടെയും സ്ഥാനമെന്താണെന്നോ നിയമജ്ഞരുടെ അഭിപ്രായങ്ങള്‍ ഏതളവിലാണ് പരിഗണിക്കപ്പെടേണ്ടതെന്നോ, മൂല പ്രമാണങ്ങളും പണ്ഡിതാഭിപ്രായങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണെന്നോ ഈ മതകലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് വേര്‍തിരിച്ചറിയാനാവുന്നില്ല. ഖുര്‍ആനും നബിചര്യയും ആഴത്തിലും നിശിതമായും പഠിക്കാതെ ഒരാള്‍ക്കും ഇസ്‌ലാമിന്റെ യഥാര്‍ഥ സ്പിരിറ്റ് ഉള്‍ക്കൊള്ളാനാവില്ലെന്നതും സത്യം. പില്‍ക്കാലക്കാരായ നിയമജ്ഞരുടെയും പണ്ഡിതന്മാരുടെയും എത്രയധികം കൃതികള്‍ പഠിച്ചാലും, ഖുര്‍ആനും സുന്നത്തും അവര്‍ കാര്യമായി പഠിക്കുന്നില്ല എന്നതിനാല്‍, ഇജ്തിഹാദിനുള്ള പ്രഥമ യോഗ്യത അവര്‍ക്ക് നഷ്ടമായിത്തീരുന്നു.
Comments