Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 17

വിധേയത്വത്തിന് കൊടുക്കേണ്ടിവരുന്ന വില

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്

മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും
ഇണങ്ങിയും പിണങ്ങിയും മുക്കാല്‍ നൂറ്റാണ്ട് -2

ജമാഅത്ത്-ലീഗ് സംഘര്‍ഷത്തിന്റെ അടിവേര് തേടിച്ചെല്ലുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു അടിസ്ഥാന പ്രശ്നമുണ്ട്. ലീഗിന്റെ വീക്ഷണത്തില്‍, ഇന്ത്യന്‍ മുസ്ലിംകളില്‍- പ്രയോഗത്തില്‍ കേരള മുസ്ലിംകളില്‍- ഒരേയൊരു രാഷ്ട്രീയ സംഘടന മുസ്ലിം ലീഗാണ്, ലീഗേ ആകാവൂ. മുസ്ലിം മത സാംസ്കാരിക സംഘടനകളെല്ലാം രാഷ്ട്രീയമായി ലീഗിന് വിധേയമായി നിലകൊള്ളണം. രാഷ്ട്രീയത്തിലും സ്വന്തമായ കാഴ്ചപ്പാടുള്ള ഒരു മുസ്ലിം സംഘടനയെ ലീഗിന് മനസിലാക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കുകയില്ല. പ്രയോഗത്തില്‍ ഇതിന് ജമാഅത്തെ ഇസ്ലാമി മനസിലാക്കിയ അര്‍ഥം സ്വന്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ജമാഅത്തിന്റെ അസ്തിത്വം ലീഗ് അംഗീകരിക്കുന്നില്ല എന്നുതന്നെയാണ്. ഒരു സംഘടനയുടെ അസ്തിത്വം തന്നെ അംഗീകരിക്കാതെ ഐക്യത്തിന്റെയോ സഹകരണത്തിന്റെയോ പ്രശ്നം ഉല്‍ഭവിക്കുന്നില്ല. ദീര്‍ഘകാലം ജമാഅത്ത് ധരിച്ചുപോന്നത്, ലീഗ് ജമാഅത്തിന്റെ അസ്തിത്വത്തെ തന്നെയാണ് അംഗീകരിക്കാത്തത് എന്നാണ്. ഒരു ഭാഗത്ത് ഈ ധാരണ നിലനില്‍ക്കെ, മറുഭാഗത്ത് ലീഗിന്റെ വിലയിരുത്തല്‍ വ്യത്യസ്തമായിരുന്നു. മുസ്ലിംലീഗ് തകരുകയോ ദുര്‍ബലമാവുകയോ ചെയ്താലേ ജമാഅത്തിന് വളരാന്‍ കഴിയൂ. കാരണം വേറിട്ട ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്. അത് ലീഗുമായി ഇടയുന്നതാണുതാനും. അതുകൊണ്ട് ലീഗ് തകരണം എന്നാണ് ജമാഅത്തിന്റെ ഉള്ളിലിരിപ്പ് എന്ന് ലീഗ് വിശ്വസിച്ചു. അത്തരമൊരു സംഘടനയുമായി ഐക്യത്തിന്റെയോ സഹകരണത്തിന്റെയോ പ്രശ്നമില്ല. ഈ കാഴ്ചപ്പാട് എത്രതന്നെ തെറ്റോ, അതിശയോക്തിപരമോ ആണെങ്കിലും, ലീഗില്‍ നിലനിന്നു എന്നത് വസ്തുതയാണ്. അതുകൊണ്ട് ഐക്യത്തിനും സഹകരണത്തിനുമുള്ള വഴികള്‍ തുറന്നു കിട്ടാതെ നിന്നു. ദീര്‍ഘകാലം ഈ അവസ്ഥ തുടര്‍ന്നു. എന്നാല്‍ ഇടക്കാലത്ത്, പ്രത്യേകിച്ച് മുസ്ലിം സൌഹൃദവേദിയില്‍ പരസ്പരം പങ്കാളിത്തം സാധിച്ചതോടെ വലിയ അളവില്‍ മഞ്ഞുരുക്കമുണ്ടായി. ജമാഅത്തിന്റെ നിലനില്‍പു തന്നെ അടിസ്ഥാനപരമായി ലീഗ് ചോദ്യം ചെയ്യുന്നു എന്ന ധാരണ ക്രമേണ നീങ്ങിതുടങ്ങി. വീക്ഷണ വ്യത്യാസമുള്ളതോടൊപ്പം ജമാഅത്തിനെ ഒരു പ്രസ്ഥാനമായി അംഗീകരിക്കാന്‍ ലീഗ് സന്നദ്ധമാണ് എന്ന് ജമാഅത്ത് വിശ്വസിച്ചു വന്നു. മറുഭാഗത്ത്, ലീഗ് നശിച്ചാലേ തങ്ങള്‍ക്ക് വളരാന്‍ കഴിയൂ എന്ന കാഴ്ചപ്പാട് ജമാഅത്തിനുണ്ടെന്ന തെറ്റുധാരണ ലീഗ് നേതൃത്വത്തിനും നീങ്ങി വരുന്നതായി അനുഭവപ്പെട്ടു. ജമാഅത്ത് ഭാഗത്തു നിന്നുള്ള വിശദീകരണം നല്ലയളവില്‍ അവരെ തൃപ്തിപ്പെടുത്തിയതായി തോന്നി. ലീഗ് തകരുകയോ തളരുകയോ ചെയ്താല്‍ അവരില്‍നിന്ന് അടര്‍ന്ന് വരുന്ന മുസ്ലിംകള്‍ ജമാഅത്തിലേക്കാണ് വരികയെന്ന വ്യാമോഹമോ തെറ്റുധാരണയോ പ്രസ്ഥാനത്തിനില്ല. കൂടുതലും മാര്‍ക്സിസ്റ് പാര്‍ട്ടിയിലേക്കോ, കോണ്‍ഗ്രസിലേക്കോ ഏതെങ്കിലും തീവ്രമുസ്ലിം ഗ്രൂപ്പുകളിലേക്കോ പോകാനാണ് സാധ്യത. ഇതാണ് ജമാഅത്തിന്റെ വിലയിരുത്തല്‍ എന്ന് ലീഗും ഏറക്കുറെ മനസിലാക്കി. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചേടത്തോളം ദേശീയ-സംസ്ഥാന പ്രശ്നങ്ങളോടൊപ്പം ലോക മുസ്ലിംകളെ മൊത്തം അപകടത്തില്‍ പെടുത്തുന്ന അമേരിക്കന്‍ ഇസ്രയേല്‍ കൂട്ടുകെട്ടിന്റെ മുസ്ലിം വിരുദ്ധ നിലപാടും ആ കൂട്ടുകെട്ടിനോട് ഇന്ത്യന്‍ ഭരണകൂടം പുലര്‍ത്തുന്ന മൃദുസമീപനവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലടക്കം ചര്‍ച്ചാവിഷയമായി വരിക സ്വാഭാവികം. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനൊപ്പംനിന്ന് എങ്ങനെയും മാര്‍ക്സിസ്റു പാര്‍ട്ടിയെ തോല്‍പ്പിക്കണമെന്ന് തീരുമാനിച്ച ലീഗിന് ദേശീയ-അന്തര്‍ദേശീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഗുണത്തേക്കാള്‍ ദോഷകരമാണ്. ചിലപ്പോള്‍ കേരള നേതൃത്വം അത്തരം ചില നീക്കങ്ങള്‍ നടത്തിയെങ്കിലും 'മുകളി'ല്‍ നിന്നുള്ള ശക്തമായ ഇടപെടലോടെ അത് തുടക്കത്തിലേ ചീറ്റി പോകുകയാണുണ്ടായത്. (അമേരിക്കന്‍ ആണവകരാറിനെതിരായ ലീഗ് പ്രമേയം ഉദാഹരണം). സംസ്ഥാന പ്രശ്നങ്ങളില്‍ ദേശീയ-അന്തര്‍ ദേശീയ വിഷയങ്ങള്‍ കടത്തികൊണ്ടുവരുന്നതിനെ ലീഗ് നിരന്തരം ചോദ്യം ചെയ്യുകയും കളിയാക്കിത്തള്ളുകയും ചെയ്തു. അതേസമയം ഇന്ത്യന്‍ മുസ്ലിംകളുടെ കൂറും വിശ്വാസ്യതയും ചോദ്യം ചെയ്യുകയും അവര്‍ നിരന്തരം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുകയും ചെയ്യുന്ന തീവ്രവാദം, ഭീകരത തുടങ്ങിയ അന്താരാഷ്ട്ര വേരുകളുള്ള പ്രശ്നങ്ങള്‍ കേരള മുസ്ലിംകളെയും നേരിട്ടു ബാധിക്കുന്നതാണ്. ഈയൊരു സമീപന രീതിയുടെ വ്യത്യാസം ഇപ്പോഴും തുടരുന്നു. മുതലാളിത്ത നയങ്ങളോടുള്ള ലീഗിന്റെ വിധേയത്വവും പ്രശ്നമാണ്.
പത്രങ്ങളുടെ നിലപാട് പലപ്പോഴും അകല്‍ച്ച വര്‍ധിക്കാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്. മാധ്യമം ജമാഅത്തെ ഇസ്ലാമിയുടെ പത്രം എന്നതാണ് പൊതുവര്‍ത്തമാനമെങ്കിലും സത്യത്തില്‍ സ്വതന്ത്ര സ്വഭാവമുള്ള പത്രമായാണ് അത് നടത്തുന്നത്. ജമാഅത്തിന് യോജിപ്പില്ലാത്ത കാര്യങ്ങളും അതില്‍ വരാറുണ്ട്. അത് പത്ര സ്വാതന്ത്യ്രത്തിന്റെ ഭാഗമാണ്. സ്ഥാനത്തും അസ്ഥാനത്തും ഇടപെട്ടു പത്രനടത്തിപ്പിന് കൂച്ചുവിലങ്ങിടാന്‍ തീരുമാനിച്ചിട്ടില്ല. അത് ശരിയായ നിലപാടല്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ലീഗിന് പ്രയാസമുണ്ടാക്കുന്ന വസ്തുതകളും റിപ്പോര്‍ട്ടുകളുമൊക്കെ മാധ്യമത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അപ്പോഴൊക്കെ ലീഗ് നേതൃത്വം അത് ചൂണ്ടിക്കാട്ടുകയും ജമാഅത്ത് പത്രംനടത്തിപ്പുകാരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു പോന്നിട്ടുണ്ട്. ചന്ദ്രികയുടെ കാര്യത്തില്‍ മറിച്ചും ഇതുണ്ടാകാറുണ്ട്. മതസംഘടനകളിലെ ജമാഅത്ത് വിരുദ്ധര്‍ ലീഗ്മുഖംമൂടിയണിഞ്ഞ് ചന്ദ്രികയില്‍ അഴിഞ്ഞാടാറുള്ളത് കൌതുകമുള്ള പതിവ് കാഴ്ചയാണ്. വ്യക്തിവൈരാഗ്യമുള്ള ജമാഅത്ത് വിമര്‍ശകര്‍ക്കും ചന്ദ്രികയില്‍ വേണ്ടത്ര സ്ഥല സൌകര്യമുണ്ട്. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ മാധ്യമം റിപ്പോര്‍ട്ടിംഗ് രൂക്ഷത കൂടിപ്പോയി എന്നാണ് ജമാഅത്ത് വിലയിരുത്തല്‍. പത്രം അത് കൈകാര്യം ചെയ്ത രീതിയില്‍ സൂക്ഷ്മത കുറഞ്ഞുപോയി എന്നാണ് കേരള ജമാഅത്ത്ശൂറ ഏകകണ്ഠമായി അഭിപ്രായപ്പെട്ടത്. അത്രത്തോളം അത് ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടാകില്ല. എന്നാലും ജമാഅത്ത് ഇഷ്ടപ്പെട്ട നിലപാടായിരുന്നില്ല പത്രത്തിന്റേത്. അത്തരം അതിപ്രസരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നതാണ് ജമാഅത്ത് നിലപാട്.
കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട സംഭവത്തിന് തിരിച്ചടിയെന്നോണം ചന്ദ്രികയില്‍ പ്രത്യക്ഷപ്പെട്ട ജമാഅത്ത്വിരുദ്ധലേഖനപരമ്പര(പരിശുദ്ധ നെയ്യ്) ഫലം കാണാതെ ചീറ്റിപ്പോയതിന് ഉത്തരവാദികള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ്. കോഴി കോട്ടുവായിട്ട വിലപോലും ജമാഅത്ത് അതിന് കല്‍പിക്കേണ്ടി വന്നില്ല. ലീഗ് നേതൃത്വം അറിയാതെയാണ് പരമ്പര തുടര്‍ന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. ലീഗ് നേതൃത്വം മൊത്തത്തില്‍ ജമാഅത്തിന് എതിരല്ലെങ്കിലും ഒരു വിഭാഗം ബോധപൂര്‍വം എതിര്‍പ്പ് കൊണ്ടുനടക്കുന്നവരാണ്. അവരില്‍ ചിലര്‍ക്കെങ്കിലും അറിയപ്പെടുന്ന ജമാഅത്ത് വിരുദ്ധരുമായി നേരിട്ട് ബന്ധവുമുണ്ട്. ആ ബന്ധത്തിന്റെ ഒരുതല സംഘ്പരിവാര്‍ 'കണ്ണിലെ കൃഷ്മണി'യായി കൊണ്ടുനടക്കുന്നവരിലാണെങ്കില്‍, മറ്റേതല ഇന്ത്യയിലെ അമേരിക്കന്‍ പ്രതിനിധികളിലാണ്. ഔപചാരികമായി ഇതൊക്കെ നിഷേധിച്ചാലും, ജനം അറിയേണ്ടതെല്ലാം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ലീഗ് വിരോധം അജണ്ടയായി കൊണ്ടുനടക്കുകയെന്നത് ജമാഅത്തിന്റെ നയമേ അല്ല. മുസ്ലിം ലീഗുമായി നല്ല ബന്ധം നിലനിര്‍ത്തണമെന്നും സാധ്യമാകുന്ന മേഖലകളിലെല്ലാം സഹകരിച്ചു  മുന്നോട്ടു പോകുന്നതാണ് ദീനിനും സമുദായത്തിനും ഗുണകരം എന്നും ജമാഅത്ത് വിശ്വസിക്കുന്നു. പ്രായോഗിക പ്രശ്നങ്ങളിലുള്ള അഭിപ്രായ ഭിന്നത എങ്ങനെ മറികടക്കാമെന്നാണ് ഇരുവിഭാഗവും ഗൌരവത്തില്‍ ചിന്തിക്കേണ്ടത്.
മുസ്ലിം ലീഗിന്റെ നിലപാടാണ് സമുദായത്തിന് ഗുണകരം എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നതായി ലീഗ് നേതൃത്വം ശക്തിയുക്തം സമര്‍ഥിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബാബരി ഉള്‍പ്പെടെയുള്ള സാമുദായിക വൈകാരിക പ്രശ്നങ്ങളില്‍ ലീഗിന്റെ മൃദുസമീപനമാണ് സമുദായത്തിന് ഗുണം ചെയ്തതെന്നും ചില സംഘടനകളുടെ തീവ്രനിലപാടുകള്‍ അപകടമേ വരുത്തിവെക്കുകയുള്ളൂ എന്നും ലീഗ് കാര്യമായിത്തന്നെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോഴും ഈ സമീപന രീതികൊണ്ടാണ്, സമുദായത്തില്‍ വേരോട്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ലീഗ് നിലനില്‍ക്കുന്നതെന്ന വിശ്വാസവും അവര്‍ക്കുണ്ട്. സംഗതിയുടെ മറുവശം ലീഗ് മറന്നുപോകുന്നു എന്നതാണ് വസ്തുത. ഒന്നാമതായി, ലീഗിന്റെ മൃദു സമീപനത്തിന്റെ പ്രത്യാഘാതം തന്നെയാണ് തീവ്രവാദ സംഘടനകളുടെ ഉല്‍ഭവകാരണം. ലീഗ് കുറേകൂടി ആര്‍ജവമുള്ള നിലപാടെടുത്തിരുന്നെങ്കില്‍ തീവ്രവാദ സംഘടനകള്‍ ഉദയം ചെയ്യുമായിരുന്നില്ല എന്നവാദത്തില്‍ കഴമ്പുണ്ട്. രണ്ടാമതായി, അമിതമായ കോണ്‍ഗ്രസ് വിധേയത്വം രാഷ്ട്രീയമായി ലീഗിന് ഗുണം ചെയ്യുമ്പോഴും അവരുടെ വിലപേശല്‍ ശക്തി വലിയ അളവില്‍ ചോര്‍ന്നുപോയി എന്ന് മനസിലാക്കേണ്ടതാണ്. 'എന്തായാലും ലീഗ് തങ്ങളുടെ കൂടെ നില്‍ക്കും, അവര്‍ക്ക് വിട്ടുപോകാന്‍ വഴിയില്ല.' എന്ന് കോണ്‍ഗ്രസ് മനസിലാക്കിയതോടുകൂടി, ലീഗിന് എന്തും സഹിച്ച് കൂടെ നില്‍ക്കാനേ നിര്‍വാഹമുള്ളൂ. ഒരുകാലത്ത് കോണ്‍ഗ്രസിനും മാര്‍ക്സിസ്റു പാര്‍ട്ടിക്കും മധ്യേ നിര്‍ണായക വിലപേശല്‍ശക്തിയായി ലീഗ് നിലനിന്നിരുന്നു. ഇന്നത് നഷ്ടപ്പെട്ടുപോയിരിക്കുന്നു(കിട്ടാതെപോയ അഞ്ചാം മന്ത്രിസ്ഥാനം ഉദാഹരിക്കുന്നില്ല). മാര്‍ക്സിസ്റു പാര്‍ട്ടിയുടെ നിലപാടും ഇതിന് കാരണമാണ്. ലീഗിനെ രാഷ്ട്രീയമായി അംഗീകരിക്കാനും, അവരുമായി രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടാനും ഇ.എം.എസിന്റെ കാലത്ത് മാര്‍ക്സിസ്റു പാര്‍ട്ടി സന്നദ്ധമായിരുന്നു. പാര്‍ട്ടി അണികളില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തിന്റെ അപ്രീതി ഭയന്നാകണം അവര്‍ നിലപാട് മാറ്റിയത്. ഇടക്കാലത്ത് മാര്‍ക്സിസ്റു പാര്‍ട്ടിയുമായുള്ള സഹകരണ ചര്‍ച്ച ലീഗ് നേതൃത്വത്തില്‍ സജീവമായിരുന്നതായി അറിയാം. പിണറായി പക്ഷം അതിന് ഒരു ഘട്ടത്തില്‍ അനുകൂലവുമായിരുന്നു. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളുമായി ലീഗ് നേതാക്കള്‍ ഈ വിഷയത്തില്‍ ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. പക്ഷേ, അത് സംഘടനയില്‍ പൊതുസമ്മതി നേടിയില്ല എന്നാണ് പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞത്. എന്തുകൊണ്ട് കേരളത്തില്‍ മാര്‍ക്സിസ്റ് പാര്‍ട്ടിക്ക് ലീഗുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്ന ചോദ്യത്തിന് ലീഗിനെപ്പോലെ മാര്‍ക്സിസ്റു പാര്‍ട്ടിയും മറുപടി പറയേണ്ടതുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിയോടില്ലാത്ത സൈദ്ധാന്തിക വെറിയൊന്നും പിണറായി വിജയന്റെ പാര്‍ട്ടിക്ക് ലീഗിനോട് വേണ്ടതില്ല. കേരള കോണ്‍ഗ്രസ്സുകളോടില്ലാത്ത അയിത്തത്തിനും ഇവിടെ സ്ഥാനമില്ല. അതേസമയം, കല്‍പാന്ത കാലത്തോളം കോണ്‍ഗ്രസ്സിനൊപ്പം എന്ന അടിയറവ് രാഷ്ട്രീയം ലീഗിന്റെ പ്രതികരണശേഷി നഷ്ടപ്പെടുത്തിയിട്ടേയുള്ളു. പീഡിത പിന്നാക്ക ന്യൂനപക്ഷ പ്രശ്നങ്ങളില്‍ ധീരമായി ഇടപെടാനും ലോക മുസ്ലിം പ്രശ്നങ്ങളോട് ഐക്യദാര്‍ഢ്യം പുലര്‍ത്താനും ലീഗിനുള്ള കഴിവുകേട് സമുദായ മനസ്സാക്ഷിയെ സന്തോഷിപ്പിക്കുന്ന കാര്യമല്ല. മുന്നണി രാഷ്ട്രീയത്തിന്റെ അനുകൂല സാഹചര്യവും നേതൃത്വത്തിന്റെ ആത്മീയ പരിവേശവും പിന്നെ ഭരണസുഖവുമാണ് പ്രതിസന്ധികളിലും പിടിച്ചുനില്‍ക്കാന്‍ ലീഗിനു കരുത്തേകുന്നത്. രാഷ്ട്രീയലാഭം കൊയ്യുമ്പോഴും, ആദര്‍ശപരമായ ദൌര്‍ബല്യങ്ങള്‍ നേതൃത്വത്തെ ചിന്തിപ്പിക്കുന്നുണ്ടാവണം.
ഇപ്പറഞ്ഞതെല്ലാം, ലീഗ്-ജമാഅത്ത് ബന്ധം എന്ന മുഖ്യചര്‍ച്ചക്കിടയില്‍ സാന്ദര്‍ഭികമായി കടന്നുവന്ന അനുബന്ധങ്ങള്‍ മാത്രം. മൌലിക വിഷയത്തിലേക്ക് തിരിച്ചുവരുമ്പോള്‍, ഒടുവില്‍ തെളിയുന്ന ചിത്രം ഒട്ടും സന്തോഷകരമല്ലെന്ന് പറയുന്നതില്‍ ഖേദമുണ്ട്. ലീഗ്-ജമാഅത്ത് സഹകരണ സാധ്യതകള്‍ക്ക് ആഴത്തില്‍ മുറിവേല്‍പിച്ച സംഭവമായിപ്പോയി, കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിനു തൊട്ട് മുമ്പ് അരങ്ങേറിയ മുസ്ലിം സംഘടനകളുടെ കോട്ടക്കല്‍ കൂട്ടായ്മ. ലീഗ് മുന്‍കൈയെടുത്ത വിവാദ 'രഹസ്യ' ചര്‍ച്ചയില്‍, ഇതര മതസാംസ്കാരിക സംഘടനകളെപ്പോലെ ലീഗ്രാഷ്ട്രീയത്തിന്റെ ചിറകിലൊതുങ്ങാന്‍ ജമാഅത്തിനു സാധ്യമല്ലെന്ന് ബോധ്യപ്പെട്ടതോടെ ധൃതിയില്‍ ഒപ്പിച്ചെടുത്തതാണ് കുപ്രസിദ്ധമായ കോട്ടക്കല്‍ കൂട്ടായ്മ. മറ്റു സംഘടനകളെ കൂടെ നിര്‍ത്തി ജമാഅത്തിനെ ഒറ്റപ്പെടുത്തുകയായിരുന്നു, മുന്നിട്ടിറങ്ങിയവരുടെ മുഖ്യഅജണ്ട. വൈകാരികതയും എടുത്തുചാട്ടവും ലീഗിന്റ പ്രകൃതമല്ലെന്ന് അവകാശപ്പെടുന്നവരില്‍നിന്നുതന്നെ ഇതുണ്ടായതില്‍ അസ്വാഭാവികതയുണ്ട്. ഐക്യസംഗമങ്ങളുടെ ശവപ്പറമ്പില്‍ അന്തിയുറങ്ങുന്ന സമുദായമനസ്സില്‍ ഇതൊന്നും പ്രശ്നമായില്ലെന്നത് വേറെ കാര്യം. സംഗമത്തില്‍ സാന്നിധ്യം കൊടുത്ത ചിലര്‍ പിന്നീട് സ്വകാര്യത്തില്‍ പ്രതികരിച്ചതിങ്ങനെ: "അടുത്ത് ഭരണത്തില്‍ വരുന്ന കക്ഷിയല്ലേ; പിണക്കണ്ട എന്ന് കരുതി. അതുകൊണ്ട് പോയതാണ്.'' സംഭവ സ്ഥലത്ത് എത്തിയശേഷമാണറിയുന്നത്, ജമാഅത്തിനെ ക്ഷണിച്ചിട്ടില്ലെന്ന് എന്നാണ് കാന്തപുരം മുസ്ലിയാര്‍ പറഞ്ഞത്. (പറഞ്ഞതിലെ ശരിതെറ്റ് വിവാദമായത് ഇവിടെ വിഷയമല്ല). ജമാഅത്തുമായി സഹകരണം വിഷയാധിഷ്ഠിതം എന്ന് പിന്നീട് സ്വരം മയപ്പെടുത്തി പറഞ്ഞെങ്കിലും ലീഗ് നേതൃത്വം അത് വിശദീകരിച്ചിട്ടില്ല. 'ഏകപക്ഷീയ പിന്തുണ' എന്ന ഒറ്റമൂലി ജമാഅത്ത് ബന്ധത്തില്‍ പ്രസക്തമല്ലെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കാന്‍ വൈകി. 'വോട്ടില്ലാത്ത പാര്‍ട്ടി' എന്ന പരിഹാസമൊന്നും വിലപ്പോകുന്നതല്ല. മാറിവരുന്ന ലോക സാഹചര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങളുമായുള്ള ബന്ധത്തില്‍ പുനര്‍വിചിന്തനത്തിന്റെ ആവശ്യകതയിലേക്കാണ്. ഇടതുപക്ഷങ്ങളില്‍ മാത്രമല്ല, അമേരിക്കയില്‍പോലും പുതിയ വിലയിരുത്തലുകള്‍ നടന്നുവരുന്നു.
 (തുടരും)
കുറിപ്പ്:
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്(ഐ.യു.എം.എല്‍) ഇന്ത്യാ വിഭജനത്തിനുമുമ്പുള്ള മുസ്ലിം ലീഗിന്റെ തുടര്‍ച്ചയല്ല. പുതുതായി രൂപീകരിക്കപ്പെട്ടതാണ്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയും(ജമാഅത്തെ ഇസ്ലാമി ഹിന്ദ്) വിഭജനാനന്തര സാഹചര്യത്തില്‍ പുനര്‍ രൂപീകരിക്കപ്പെട്ടതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം