Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 17

ഖുര്‍ആനിക പരാമര്‍ശങ്ങളെ ശാസ്ത്രധാരണകള്‍ക്കൊത്ത് വ്യാഖ്യാനിക്കുമ്പോള്‍

രാമത്ത് കുഞ്ഞമ്മദ്

പ്രബോധനം ലക്കം 24-ല്‍ വന്ന എം.കെ റിയാസിന്റെ ലേഖനത്തിനുള്ള ഒരു പ്രതികരണമാണ് ചുവടെ:
''ദൈവത്തിന്റെ ജ്ഞാനവും അനുഗ്രഹവുമായി ബന്ധപ്പെടുത്തി ഖുര്‍ആന്‍ വിവരിക്കുന്ന പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളില്‍ ചിലത് ആധുനിക ശാസ്ത്രീയ കണ്ടുപിടിത്തങ്ങളോട് ആശ്ചര്യകരമായ സാദൃശ്യം പുലര്‍ത്തുന്നുണ്ട് എന്നത് ശരിതന്നെ. അവയിലൊന്നു പോലും ശാസ്ത്രസത്യങ്ങളോട് ഏറ്റുമുട്ടുന്നതായി തെളിയിക്കാനാവില്ല എന്നതും ശരിയാണ്.  പക്ഷേ ഖുര്‍ആനെ ശാസ്ത്രസത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാനുള്ള മുസ്‌ലിംകളുടെ ശ്രമം തിരിച്ചടിയാവാനും സാധ്യതയുണ്ട്.... മഹാ സ്‌ഫോടന സിദ്ധാന്തം, ആറ്റത്തിന്റെ വിഭജനം, പ്രപഞ്ചത്തിന്റെ വികാസം തുടങ്ങിയ പ്രതിഭാസങ്ങളുടെ കൃത്യമായ വിവരണം ഖുര്‍ആനിലുണ്ടെങ്കില്‍, പൗരാണിക മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ അവ കണ്ടെത്തുമായിരുന്നു'' (മാലാഖമാര്‍ പോലും ചോദിക്കുന്നു', പേജ് 37).
സര്‍വസമമായി രണ്ട് വസ്തുക്കള്‍ ഉണ്ടാവുക എന്നത് സൈദ്ധാന്തികമായി അസംഭവ്യമാണ്. മനുഷ്യര്‍ എന്ന് തിരിച്ചറിയപ്പെടാന്‍ പരസ്പരമുള്ള സാമ്യം ഉണ്ടായിരിക്കെ തന്നെ ഓരോരുത്തരും വ്യത്യസ്തരാണ്. ഒരാളുടെ തന്നെ രൂപവും സ്വഭാവവും അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ഒരാള്‍ക്ക് പൂര്‍ണമായും ഐകരൂപമുള്ള രണ്ട് കൈയൊപ്പുകള്‍ ഇടാന്‍ പോലും സാധ്യമല്ല. ഒപ്പുകള്‍ തമ്മിലുള്ള വ്യത്യാസം നഗ്നനേത്രങ്ങള്‍ക്ക് ഗോചരമല്ലെങ്കില്‍ സൂക്ഷ്മദര്‍ശിനിയിലൂടെ നിരീക്ഷിച്ചാല്‍ കണ്ടെത്താനാവും.
ഫാക്ടറികളില്‍ നിര്‍മിക്കപ്പെടുന്ന പേന, പെന്‍സില്‍ പോലുള്ള വസ്തുക്കളും എന്തിനധികം പറയുന്നു, കറന്‍സി നോട്ടുകള്‍, നാണയങ്ങള്‍ എന്നിവയെല്ലാം അവയുടെ വളരെ കൃത്യമായ തൂക്കം, നിറം, പദാര്‍ഥം എന്നിവ പരിശോധിച്ചാല്‍ വ്യത്യസ്തമാണെന്ന് മനസ്സിലാക്കാം. ഒരേ മൂലകത്തിലെ രണ്ട് പരമാണുക്കള്‍ തുല്യങ്ങളാണോ, ഒരു പരമാണുവിലെത്തന്നെ ഘടകങ്ങളായ പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ എന്നിവ തുല്യങ്ങളാണോ എന്നൊന്നും പരിശോധിക്കാന്‍ സാധ്യമാകുന്നത്ര സൂക്ഷ്മമായ ഉപകരണങ്ങള്‍ നമ്മുടെ കൈയിലില്ലാത്തതിനാലാണ് അവ ഒരുപോലെയായിരിക്കാം എന്ന് നാം കരുതുന്നത്.
ആകയാല്‍ ആദ്യത്തെ മനുഷ്യന്‍ മുതല്‍ ഇന്നത്തെ 600 കോടിയോളം വരുന്ന മനുഷ്യര്‍ വരെയുള്ള ബഹുകോടി മനുഷ്യരുടെ വിരലടയാളം വ്യത്യസ്തമായതിലല്ല അത്ഭുതപ്പെടേണ്ടത്, അവ  ഒരേ പോലെയായിരുന്നെങ്കില്‍ അതിലാണ്. തലമുറ തലമുറയായി മനുഷ്യനും മറ്റു ജീവജാലങ്ങളും അവയുടെ മാതാപിതാക്കളോട് സാമ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു എന്നതിലാണ് യഥാര്‍ഥത്തില്‍ അത്ഭുതമുള്ളത്. കോശവിഭജനസമയത്ത് ഓരോ ഡി.എന്‍.എ തന്മാത്രയും പരമാവധി തുല്യമായ രണ്ട് തന്മാത്രകളായി ഇരട്ടിക്കുന്നതിനാലാണ് ഇത് സാധിക്കുന്നത്. ഖുര്‍ആന്‍ 75:3,4 വാക്യങ്ങളില്‍ മനുഷ്യ സൃഷ്ടിയുടെ അവസാനം വരെ നാം പൂര്‍ത്തീകരിച്ചില്ലേ എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. വിരലടയാളത്തിനോ വിരല്‍തുമ്പിനോ എന്തെങ്കിലും പ്രത്യേകതയുള്ളതുകൊണ്ടല്ല മനുഷ്യസൃഷ്ടിയുടെ പൂര്‍ത്തീകരണം എന്ന നിലയിലാണ് ആ പ്രയോഗം. ആമൂലാഗ്രം, അടിമുടി എന്നൊക്കെ പറയുന്നതുപോലുള്ള ഒരു പ്രയോഗം മാത്രമാണിത്.
മനുഷ്യന് തീ പൊള്ളുമ്പോള്‍ നീറ്റലുണ്ടാവുന്നത് ത്വക്കിനാണ് എന്നത് അനാദികാലം മുതല്‍ അവനുള്ള അനുഭവത്തില്‍നിന്ന് അവന്‍ നേടിയ അറിവാണ്. അത് ആധുനികമായ ഒരുകണ്ടുപിടിത്തമൊന്നുമല്ല. നരകശിക്ഷയനുഭവിക്കുന്നവര്‍ക്ക് നീറ്റലനുഭവപ്പെടാനായി അവരുടെ തൊലി മാറ്റിക്കൊണ്ടേയിരിക്കും എന്നു പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ന്യൂറോണുകളെക്കുറിച്ച ആധുനികമായ അറിവ് അതില്‍നിന്ന് കിട്ടുന്നില്ല.
ഭൗമശാസ്ത്രജ്ഞരുടേതായി ഒരു കണ്ടെത്തല്‍ ലേഖകന്‍ തട്ടിമൂളിച്ചിരിക്കുകയാണ്. യാതൊരു തെളിവും കൊടുത്തിട്ടില്ല. ഏത് ശാസ്ത്രജ്ഞന്‍, അയാളുടെ ഏത് പുസ്തകത്തില്‍, ഏത് പ്രബന്ധത്തില്‍ എന്ന് കൊടുത്തിരുന്നെങ്കില്‍ ഉപകാരപ്രദമായേനെ. ഈ കുറിപ്പ് വായിക്കുന്ന ആര്‍ക്കെങ്കിലും ഭൂമി മനുഷ്യരെയും കൊണ്ട് ഇളകിപ്പോകാതിരിക്കുന്നത് അതില്‍ മലകളുള്ളതിനാലാണെന്ന് എഴുതിയ ശാസ്ത്രജ്ഞനെയും ആ ഗ്രന്ഥവും അറിയാമെങ്കില്‍ അത് ഈ കുറിപ്പുകാരനെയും അറിയിക്കാന്‍ വിനീതമായി താല്‍പര്യപ്പെടുന്നു.

 

മദ്യമെന്ന മഹാ വിപത്ത്
അബ്ദുല്‍ മലിക് /മുടിക്കല്‍

ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെയും മദ്യത്തിനടിമകളായിരിക്കുകയാണ്. മദ്യപാനികളായ സ്ത്രീകളും കേരളത്തില്‍ കുറവല്ല. കുടുംബനാഥന്റെ മദ്യപാനം മൂലം എത്രയോ കുടുംബങ്ങളാണ് തകര്‍ന്നുപോകുന്നത്. നമ്മുടെ ഗവണ്‍മെന്റും നേതാക്കളും ഇത് കാണുന്നില്ലേ? മദ്യം ഏറ്റവും വലിയ ലാഭക്കച്ചവടമായി മാറിയിരിക്കുന്നു. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സമൃദ്ധമായി നല്‍കാറുണ്ട്. മദ്യത്തോടുള്ള ആസക്തി കുറക്കാനും പരമാവധി അതിന്റെ ലഭ്യത കുറക്കാനും ശ്രമിക്കുമെന്നും ആണയിടുമെങ്കിലും ഇലക്ഷന്‍ കഴിഞ്ഞാല്‍ എല്ലാം പഴയപടി. മദ്യനിരോധം എന്ന ആശയം തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടയില്‍ നിന്ന് ഇല്ലാതായിരിക്കുന്നു. മദ്യം ഒരു കറവപ്പശുതന്നെയാണ് (ലക്കം 25). മദ്യമുതലാളിക്ക് ലാഭം, സര്‍ക്കാറിന് ലാഭം, ഇടയാളന്മാര്‍ക്ക് ലാഭം! എല്ലാവര്‍ക്കും ലാഭം. ഇതില്‍പരം വലിയ കച്ചവടം എന്താണുള്ളത്?

 

പ്രതികരണംശക്തമാകണം
പഫ. കെ.എം അബ്ദുല്ലക്കുട്ടി
കായംകുളം
[email protected]

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പ്രബോധനം, അവ ഉച്ചാടനം ചെയ്യുന്നതില്‍ പ്രശംസനീയ വിജയം കൈവരിച്ചിരിക്കുന്നു. എന്നാല്‍ ഒരിക്കല്‍ അപ്രത്യക്ഷമായ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ആധുനിക മാധ്യമങ്ങളുടെ സഹായത്തോടെ കൂടുതല്‍ ശക്തിയാര്‍ജിച്ച് പുനര്‍ജനിച്ചുകൊണ്ടിരിക്കുന്നു.
വ്യാജ സിദ്ധന്മാരും മന്ത്രവാദികളും സമൂഹത്തില്‍ പിടിമുറുക്കുന്നു. ഇവരില്‍ പലരും കുറ്റവാളികളും ജയില്‍ ശിക്ഷയനുഭവിച്ചവരുമാണന്നറിഞ്ഞിട്ടും അധികാരികള്‍ മൗനം പാലിക്കുന്നു.അഭ്യസ്തവിദ്യരുള്‍പ്പെടെ പലരും അവരുടെ വലയില്‍ വീണ് സാമ്പത്തിക നഷ്ടവും മാനനഷ്ടവുമനുഭവിക്കുന്നു. നാണക്കേടും ഭയവും മൂലം സത്യം തുറന്നു പറയാനോ പ്രതികള്‍ക്കെതിരെ അന്യായം ബോധിപ്പിക്കാനോ പലരും മടിക്കുന്നു. ഈ ബലഹീനത വ്യാജന്മാര്‍ക്ക് ശക്തിപകരുന്നു.
ധാര്‍മികമായും സദാചാരപരമായും മലയാളിസമൂഹം ദിനേനെ അധഃപതിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. മദ്യം ഉപയോഗത്തിലാകട്ടെ വര്‍ഷങ്ങളായി കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതില്‍ ഖ്യാതി നേടിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഈ രംഗത്തേക്ക് കടന്നുവരുന്ന അപകടകരമായ അവസ്ഥ കൂടി സംജാതമായിരിക്കുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയിലെ മദ്യ ഉപഭോഗത്തെക്കുറിച്ച് ഗൗരവമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
അശ്ലീലത, അഴിമതി, ആത്മഹത്യ, കൊള്ള, കൊലപാതകം, സ്ത്രീപീഡനം, ശിശുപീഡനം, പെണ്‍ഭ്രൂണഹത്യ, ഗാര്‍ഹിക പീഡനം.... കുറ്റകൃത്യങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. ആദര്‍ശപ്രസ്ഥാനത്തിന്റെ ജിഹ്വയായ പ്രബോധനത്തിന് മാത്രമേ പരാമൃഷ്ട വിഷയങ്ങളില്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയൂ. മറ്റുള്ളവരുടെ അജണ്ടയില്‍ ഇത്തരം വിഷയങ്ങള്‍ ഇല്ലാതിരിക്കെ പ്രത്യേകിച്ചും.

 


ചെറുകിട വ്യാപാര മേഖല ആഗോള കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്നതിലൂടെ മന്‍മോഹന്‍ ഇന്ത്യയെ വിറ്റ് തുലക്കാന്‍ അച്ചാരം വാങ്ങിയിരിക്കുകയാണെന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. പെട്രോളിന്റെ വില നിയന്ത്രണം എടുത്തു കളഞ്ഞത് പോരാഞ്ഞിട്ട് ഇനിയും കൂടുതല്‍ ഉല്‍പന്നങ്ങളുടെ വില നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ ശ്രമിക്കുകയാണ്. ജനഹിതം അറിയാത്ത ഭരണാധികാരികള്‍ രാജ്യത്തെ വില്‍പന ചരക്കാക്കുമ്പോള്‍  ജനം ചെരിപ്പ് എറിയും, മുഖത്തും അടിക്കും. ഇവര്‍ ആര്‍ക്കു വേണ്ടിയാണ് രാജ്യം ഭരിക്കുന്നത് എന്ന് ജനം സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. നാട്ടില്‍ കര്‍ഷകര്‍ നില്‍ക്കക്കള്ളിയില്ലാതെ ആത്മഹത്യ ചെയ്യുമ്പോള്‍ സച്ചിന്റെ നൂറും ഐശ്വര്യറായിയുടെ പേറും ഏറ്റുപിടിച്ച് ആഘോഷിക്കുകയാണ് ഒരു കൂട്ടം. ദരിദ്ര ജനകോടികളെ കുരങ്ങുകളിപ്പിക്കലാണോ രാഷ്ട്രീയക്കാരന്റെ വിനോദം?
സലിം നൂര്‍


ദ്യവ്യവസായം തിരുകൊച്ചി മേഖലയില്‍ നിന്ന് മലബാറിലേക്ക് വ്യാപിക്കുകയാണ്. പുതിയ മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്ന യു.ഡി.എഫ് നയം തിരുത്തണം. മദ്യ വ്യവസായത്തെ ഒരു കറവപ്പശുവായി കണക്കാക്കുന്ന സമ്പ്രദായം സര്‍ക്കാറും അവരെ വാഴിക്കുന്ന രാഷ്ട്രീയ കക്ഷികളും അവസാനിപ്പിക്കണം.
പി.വി മുഹമ്മദ്/ ഈസ്റ്റ് മലയമ്മ


ആദരണീയനായ അധ്യാപക നേതാവ്
കെ.പി യൂസുഫ് /ഈരാട്ടുപേട്ട

ഇ.വി ആലിക്കുട്ടി മൗലവിയുടെ മരണവിവരം അറിഞ്ഞത് നംവബര്‍ 26-ലെ പ്രബോധനം ലഭിച്ചപ്പോഴാണ്. 1976-ലാണ് മൗലവിയുമായുള്ള സൗഹൃദത്തിന് തുടക്കം കുറിക്കുന്നത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എച്ച്.എസ്.എ (അറബിക്) ആയി ജോലിയില്‍ പ്രവേശിച്ച് ആഴ്ചകള്‍ക്ക് ശേഷം എറണാകുളം എസ്.ആര്‍.വി ഹൈസ്‌കൂളില്‍ മധ്യമേഖലയിലെ ഹൈസ്‌കൂള്‍ അറബി അധ്യാപകര്‍ക്കായുള്ള ഒരാഴ്ചത്തെ ഇന്‍സര്‍വീസ് കോഴ്‌സ് നടക്കുകയുണ്ടായി. പ്രസ്തുത കോഴ്‌സിലെ ഒരു റിസോഴ്‌സ് പേഴ്‌സണ്‍ ആലിക്കുട്ടി മൗലവിയായിരുന്നു. അറബിഭാഷയിലും പ്രത്യേകിച്ച് കവിതയിലുമുള്ള അദ്ദേഹത്തിന്റെ കഴിവ് അടുത്തറിയാനുള്ള വേദിയായിരുന്നു പ്രസ്തുത കോഴ്‌സ്.
ആലിക്കുട്ടി മൗലവി എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ആദരണീയനായ അധ്യാപക നേതാവായിരുന്നു. 1987-ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ അറബിക് ടീച്ചേഴ്‌സ് കോംപ്ലക്‌സിന്റെ പ്രസിഡന്റായിരുന്നു. മൗലവിയുടെ പാണ്ഡിത്യവും കുലീനമായ പെരുമാറ്റവും വശ്യമായ സംസാരവും ഉന്നതമായ സ്വഭാവ ഗുണങ്ങളും ആരെയും ആകര്‍ഷിച്ചിരുന്നു. 120-ന് മുകളില്‍ അധ്യാപകരുണ്ടായിരുന്ന കോംപ്ലക്‌സ് മീറ്റിംഗുകളെ ഏതാണ്ട് ഒരു പതിറ്റാണ്ടുകാലം മാതൃകാപരമായി മൗലവിക്ക് നയിക്കാന്‍ കഴിഞ്ഞു.
മൗലവി, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കേരളയുടെ സെക്രട്ടറിയായിരുന്ന കാലത്ത് ഈയുള്ളവനെ ദക്ഷിണ മേഖലയിലുള്ള മജ്‌ലിസ് സ്ഥാപനങ്ങളുടെ പരിശോധകനായി ചുമതലപ്പെടുത്തുകയുണ്ടായി. പരിശോധകന്‍ എന്ന നിലയില്‍ അന്ന് സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ലഭിച്ച അംഗീകാരം പില്‍ക്കാലത്ത് മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പ്രേരണയായെന്നത് വസ്തുതയാണ്.
ആലിക്കുട്ടി മൗലവിയെപ്പോലുള്ള കഴിഞ്ഞ തലമുറയിലെ നേതാക്കള്‍ക്ക് അവരുടെ പ്രവര്‍ത്തന മേഖലയില്‍ എല്ലാ വിഭാഗം ജനങ്ങളിലും നല്ല സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം