Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 17

മലബാര്‍ പിന്നാക്കത്തിന്റെ രാഷ്ട്രീയ പരിസരം

എ.പി അബ്ദുല്‍ വഹാബ്

അധികാരം, അധിനിവേശം, തൊഴില്‍-ഉല്‍പാദന ബന്ധങ്ങള്‍ എന്നീ തലങ്ങളിലൂടെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ കേരളത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്ന് മലബാര്‍ പിന്നാക്കം പോയതിന്റെ കാരണങ്ങള്‍ മനസ്സിലാവും.
ഏഴാം നൂറ്റാണ്ടോട് കൂടിയാണ് കേരളത്തിലേക്ക് ആര്യന്മാ(നമ്പൂതിരി)രുടെ വരവുണ്ടാകുന്നത്. ചേര രാജാക്കന്മാര്‍ (പെരുമാക്കന്മാര്‍) അവരെ സ്വീകരിച്ചു. 11-ാം നൂറ്റാണ്ടായപ്പോഴേക്കും നമ്പൂതിരിമാര്‍ അവരുടെ നില ഭദ്രമാക്കി. ജാതീയ സമൂഹങ്ങളെ കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് സാധിച്ചു. ഉത്തര ദേശത്തെ ഗുപ്ത ഭരണമാതൃകയനുസരിച്ച് ഭൂമിയുടെ ഉടമസ്ഥത ദൈവത്തിന് ദാനമായി വിട്ടുകൊടുക്കുന്ന രീതിക്ക് തുടക്കമായി. 'ദേവസ്വം' ഭൂമികള്‍ ധാരാളമുണ്ടായി. ഭൂമിയുടെ കൈകാര്യത ബ്രാഹ്മണരായ ഊരാളരുടെ കൈകളില്‍ വന്നു. അതോടെ ദേവസ്വം ഭൂമി ബ്രഹ്മസ്വമായി വീതിക്കപ്പെട്ടു. നാടുവാഴികള്‍ അധികാരം നിലനിര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനും ഭൂമിക്ക് മുകളില്‍ പിടിമുറുക്കി. പോരാളികളുള്‍പ്പെടെയുള്ള സില്‍ബന്തികള്‍ക്ക് ഭൂമിക്ക് മുകളിലുള്ള അവകാശം 'ജന്മാവകാശ'മായി പതിച്ചു നല്‍കി. ജന്മികള്‍ (ജനനം കൊണ്ട് അവകാശം നേടിയവര്‍) ഉണ്ടാകുന്നത് അങ്ങനെയാണ്. നാടുവാഴികളും ദേശവാഴികളും പടയാളികളും പിടിമുറുക്കിയപ്പോള്‍ രാജാക്കന്മാര്‍ അധികാരം കൂടുതല്‍ വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. പുതിയ വാണിജ്യ ബന്ധങ്ങള്‍ അതിന്റെ ഭാഗമാണ്. അറബികള്‍ കേരളത്തിലെ തുറമുഖങ്ങളിലേക്ക് കൂടുതലായി വരാന്‍ തുടങ്ങി. കോഴിക്കോട് പ്രധാന വാണിജ്യ കേന്ദ്രമായി. 400 കൊല്ലത്തോളം അറബികളുമായുള്ള കച്ചവടബന്ധം കോഴിക്കോട്ടും മലബാറിലെ തീര പ്രദേശങ്ങളിലും മുസ്‌ലിം സമൂഹത്തിന്റെ സജീവ സാന്നിധ്യമുണ്ടാക്കി.
കച്ചവടത്തെയും മിഷനറി പ്രവര്‍ത്തനങ്ങളെയും കൂട്ടിക്കെട്ടി പോര്‍ച്ചുഗീസുകാര്‍ വന്നത് കേരളത്തിന്റെ, വിശേഷിച്ചും മലബാറിന്റെ സാമൂഹികതയിലും രാഷ്ട്രീയത്തിലും വന്‍ ചലനങ്ങളുണ്ടാക്കി. 1498-ല്‍ വാസ്‌കോഡഗാമയുടെ വരവോടെ മലബാറിലെ തീരപ്രദേശങ്ങള്‍ അസ്വസ്ഥമായി. കോഴിക്കോട് തുറമുഖത്ത് അക്രമസംഭവങ്ങളരങ്ങേറി. അറബികളെ തുരത്താന്‍ വിസമ്മതിച്ച സാമൂതിരിയോട് ഗാമ കടുത്ത ശത്രുതയിലായി. പലതവണ പോര്‍ച്ചുഗീസുകാരുടെ മിന്നലാക്രമണമുണ്ടായി. 1524-ല്‍ കുഞ്ഞാലി മരക്കാര്‍ സാമൂതിരിയുടെ നാവികസേന നായകത്വം ഏറ്റെടുത്തതോടെ കനത്ത തിരിച്ചടികള്‍ തുടങ്ങി. 1571-ല്‍ പോര്‍ച്ചുഗീസുകാരുടെ ചാലിയത്തെ കോട്ട നിലം പൊത്തി. സ്വാധീനം തകര്‍ന്നുവെന്ന് ബോധ്യമായ പോര്‍ച്ചുഗീസുകാര്‍ മലബാറില്‍ നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങി. പക്ഷേ 100 കൊല്ലത്തോളമുണ്ടായ ചെറുതും വലുതമായ പോരാട്ടങ്ങള്‍ മലബാറിന്റെ വാണിജ്യവികാസത്തെ തളര്‍ത്തി. വലിയ വാണിജ്യ വിഭാഗമായി വളരാനുള്ള മുസ്‌ലിം സമൂഹത്തിന്റെ സാധ്യതകള്‍ക്ക് പോര്‍ച്ചുഗീസുകാരുമായുള്ള നിരന്തര പോരാട്ടം സാരമായ പരിക്കേല്‍പിച്ചു.
മൈസൂര്‍ രാജാക്കന്മാരുടെ കടന്നുവരവാണ് മലബാറിന്റെ ഗതിമാറ്റിയ മറ്റൊരു സംഭവം. 1766ലാണ് ഹൈദര്‍ അലിയുടെ ആദ്യത്തെ ആക്രമണം. വളപട്ടണം, ചിറക്കല്‍, കോട്ടയം, കടത്തനാട്, കുറുമ്പ്രനാട് നാട്ടുരാജ്യങ്ങള്‍ പിടിച്ചടക്കി ഹൈദര്‍ കോഴിക്കോട്ടെത്തി. നഗരത്തെ കീഴ്‌പ്പെടുത്തിയ ഹൈദര്‍, മാദണ്ണയെ ഭരണകാര്യങ്ങള്‍ ഏല്‍പിച്ച് മടങ്ങി. 1773-ല്‍ വീണ്ടും ഹൈദര്‍ അലി കേരളത്തില്‍ വന്നു. കൊച്ചി രാജാവിനെ കീഴ്‌പ്പെടുത്തി. തിരുവിതാംകൂര്‍ ബ്രിട്ടീഷുകാരുടെ സഹായം തേടി. ഹൈദര്‍ അലിയുടെ മരണത്തെത്തുടര്‍ന്ന് ടിപ്പുസുല്‍ത്താന്‍ മലബാറിന്റെ അധിപനായി. ഭരണനിര്‍വഹണത്തില്‍ സുല്‍ത്താന്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി. മലബാറിന്റെ സാമൂഹിക ഘടനയില്‍ ഇത് പ്രത്യാഘാതങ്ങളുണ്ടാക്കി. സുല്‍ത്താന്റെ ഭൂപരിഷ്‌കരണവും സാമൂഹിക പരിഷ്‌കരണവും ജന്മികളെ മുഴുവന്‍ ശത്രുക്കളാക്കി. 1792-ലെ ശ്രീരംഗപട്ടണം കരാറിലൂടെ മലബാര്‍ ബ്രിട്ടീഷുകാരുടെ കൈയില്‍ വന്നു. ദുര്‍ബലനായ സാമൂതിരി അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും കേന്ദ്രീകൃതവും ശക്തവുമായ ഭരണം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. വ്യവസ്ഥാപിതമായ ഭരണത്തിന്റെ അഭാവം മലബാറിന്റെ വികസനത്തെ കാര്യമായി ബാധിച്ചു. 1804-ല്‍ ബ്രിട്ടീഷുകാര്‍ നാടുവാഴി-ദേശവാഴി ഭരണം അവസാനിപ്പിച്ചു. 'മാലിഖാന്‍' (പിരിക്കുന്ന നികുതിയില്‍ ഒരംശം സൂക്ഷിക്കാനുള്ള അവകാശം) കൊടുത്ത് നാടുവാഴികളെ കൂടെ നിര്‍ത്തി. ഭൂമിക്ക് മുകളില്‍ ജന്മിക്കുള്ള അവകാശത്തെ നിലനിര്‍ത്തുകയും ജന്മിത്തത്തിന്റെ സാമ്പത്തിക ബന്ധങ്ങളെ അംഗീകരിക്കുകുയം ചെയ്തു. മലബാറിലെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും നേരിടേണ്ടിവന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. പ്രമാണികളെയും മുതലാളിമാരെയും കൂടെ നിര്‍ത്തുക എന്ന തന്ത്രമാണ് ബ്രിട്ടീഷുകാര്‍ പയറ്റിയത്. അവസരം മുതലെടുത്ത ജന്മികള്‍ 'പൊളിച്ചെഴുത്ത്', 'മേല്‍ച്ചാര്‍ത്ത്' എന്നിവയിലൂടെ പാവങ്ങളെ അതിക്രൂരമായി ദ്രോഹിച്ചുകൊണ്ടിരുന്നു. ചെറുകിട കര്‍ഷകരും കര്‍ഷകതൊഴിലാളികളുമുള്‍പ്പെട്ട കുടിയാന്മാരും അവര്‍ക്ക് താഴെയുള്ളവരും ജന്മിവിരോധികളും സ്വാഭാവികമായും ബ്രിട്ടീഷ് വിരുദ്ധരുമായി. മലബാറില്‍ പലയിടത്തും സംഘര്‍ഷങ്ങള്‍ മുളപൊട്ടി. സാമൂഹിക വികാസത്തിന്റെ സൂചി മുനകള്‍ പിറകോട്ട് ചലിക്കാന്‍ ഇത് കാരണമായി. തിരുവിതാംകൂര്‍ കൊച്ചിയെ ഒരു ഭാഗമായും മലബാറിനെയും കാസര്‍കോട് താലൂക്കിനെയും മറ്റൊരു ഭാഗമായും വിവേചനപൂര്‍വമാണ് ബ്രിട്ടീഷുകാര്‍ നോക്കിക്കണ്ടത്. ടിപ്പുസുല്‍ത്താനെ അനുകൂലിച്ചതിന്റെ പേരില്‍ മുസ്‌ലിം ജനവിഭാഗത്തോട് പൊതുവെ ബ്രിട്ടീഷുകാര്‍ക്ക് വെറുപ്പുമുണ്ടായി.
മലബാറിനെ ശക്തമായി സ്വാധീനിച്ച മറ്റൊരു സംഭവമാണ് പഴശ്ശികലാപം. 1796-ല്‍ തലശ്ശേരിക്കടുത്ത കോട്ടയത്തെ കേരളവര്‍മ പഴശ്ശി രാജാവ് ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം തുടങ്ങി. സാമൂതിരിയുടെ കിഴക്കേ കൈക്കാരും കലാപമാരംഭിച്ചു. മാപ്പിള പടയാളികളായ അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കറും പഴശ്ശിയെ സഹായിച്ചു. ഏറനാട്ടിലെ അനേകം മാപ്പിളമാര്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ അണിനിരന്നു. 1805-ല്‍ പഴശ്ശി രാജാവ് വീരമരണം പ്രാപിച്ചു. വയനാട് ഉള്‍പ്പെടെ കോട്ടയം രാജ്യം ഒന്നടങ്കം ബ്രിട്ടീഷാധിപത്യത്തിലായി (വയനാട്ടിലെ ബ്രിട്ടീഷ് എസ്റ്റേറ്റുകള്‍ തുടക്കം കൊള്ളുന്നത് ഇങ്ങനെയാണ്). മാപ്പിളമാരോടുള്ള ബ്രിട്ടീഷുകാരുടെ പക വര്‍ധിക്കാനും മാപ്പിളമാര്‍ക്കെതിരെ ജന്മികളെ സഹായിക്കാനും പഴശ്ശി കലാപം ബ്രിട്ടീഷുകാര്‍ക്ക് പ്രേരണ നല്‍കി. ജന്മികളുടെ നിരന്തര ദ്രോഹം അസഹനീയമായ അവസ്ഥയിലായി. ഇത് മലബാറിനെ മുഴുവന്‍ ഇളക്കിമറിച്ച മഹാ സംഭവത്തിന് വിത്ത് പാകി. അതാണ് മലബാര്‍ കലാപം.
1857-'58-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷിന്ത്യ നേരിട്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് മലബാര്‍ കലാപം. 1836 മുതല്‍ 1919 വരെ വിവിധ ഘട്ടങ്ങളില്‍ നടന്ന ചെറുതും വലുതുമായ അസംഖ്യം ഏറ്റുമുട്ടലുകളുടെ തീക്ഷ്ണവും ഭീമാകാരവുമായ പൊട്ടിത്തെറിയാണ് 1921-ലെ കലാപം. ദയാരഹിതമായ ജന്മിത്തത്തിന്റെ കിരാത ചെയ്തികള്‍ക്കെതിരെ കീഴാളരായ ഏറനാടന്‍ മാപ്പിളമാര്‍ വലിയൊരു കലാപം നടത്താനുള്ള സാധ്യതയുണ്ടെന്ന് കലക്ടര്‍ ലോഗനെ പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 1881-ല്‍ ലോഗന്‍ കുടിയായ്മയെക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മനുഷ്യത്വപരമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ അതിലുണ്ടായിരുന്നു. കുടിയായ്മ നിയമം പരിഷ്‌കരിക്കണമെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ കാതല്‍. മാപ്പിളമാരോട് വെറുപ്പും ജന്മികളോട് അടുപ്പവുമുണ്ടായിരുന്ന ബ്രിട്ടീഷ് അധികാരികള്‍ റിപ്പോര്‍ട്ട് മുഖവിലക്കെടുത്തില്ല. വൈകാതെ കലാപം പൊട്ടിപ്പുറപ്പെട്ടു. 'പൂക്കോട്ടൂര്‍ യുദ്ധ'മുള്‍പ്പെടെ രക്തരൂഷിതമായ അങ്കങ്ങള്‍ അരങ്ങേറി. 150 നാഴിക ചുറ്റളവില്‍ നാലു ജില്ലകളിലായി 220 അംശങ്ങളില്‍ കലാപമുണ്ടായി. ഔദ്യോഗിക കണക്കനുസരിച്ച് പതിനായിരം പേര്‍ കൊല്ലപ്പെടുകയുണ്ടായി. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. അനേകായിരം പേര്‍ കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരായി. ഒട്ടേറെ പേര്‍ നാടുകടത്തപ്പെട്ടു. അനവധി ഗ്രാമങ്ങള്‍ക്ക് കൂട്ടപ്പിഴകള്‍ ചുമത്തപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ മലബാറിന്റെ നടുവൊടിഞ്ഞു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രതികാര വാളായി 'മലബാര്‍ ഔട്ട്‌റേജ്യസ് ആക്ട്' മലബാറിലെ ഗ്രാമോരങ്ങളെ കശക്കിയെറിഞ്ഞു. മലബാര്‍ പിന്നാക്കത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണിത്.
തിരുവിതാംകൂറില്‍ സ്ഥിതി പൊതുവെ വ്യത്യസ്തമായിരുന്നു. ബ്രിട്ടീഷ് സഹയാത്രികരായതുകൊണ്ട് തിരുവിതാംകൂര്‍ രാജാക്കന്മാരോട് മൃദുലമായ നിലപാടാണ് ബ്രിട്ടീഷുകാര്‍ പുലര്‍ത്തിയത്. 19-ാം നൂറ്റാണ്ടില്‍ തന്നെ മിഷനറി വിദ്യാഭ്യാസം രാജഭരണത്തിന്റെ സഹായത്തോടെ നിലവില്‍ വന്നു. ഡബ്ലിയു.ടി റിങ്കള്‍ ടോബ് എന്ന പ്രഷ്യന്‍ മിഷനറി തിരുവനന്തപുരത്ത് അനേകം സ്‌കൂളുകള്‍ സ്ഥാപിച്ചു. ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല്‍ മണ്‍റോയുടെ നിര്‍ദേശാനുസരണം തിരുവിതാംകൂര്‍ രാജകുടുംബം അനേകം ഭൂമി റിങ്കല്‍ ടോബിന് പതിച്ചുകൊടുത്തു. പ്രൊട്ടസ്റ്റന്റ് മിഷനറിമാരില്‍ പ്രധാനിയായ റവ. മീഡും ഇപ്രകാരം ധാരാളം സ്‌കൂളുകള്‍ ആരംഭിച്ചു. 1834-ല്‍ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 1866-ല്‍ അത് കോളേജായി ഉയര്‍ത്തപ്പെട്ടു. കൊച്ചിയിലും മണ്‍റോ സ്‌കൂളുകള്‍ തുടങ്ങി. തിരുവിതാംകൂറിലും കൊച്ചിയിലും ചര്‍ച്ച് മിഷനറി സൊസൈറ്റി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റുകള്‍ ലഭ്യമാവുകയും ചെയ്തു.
സാമൂഹിക നീതിക്ക് വേണ്ടിയുള്ള ശ്രമങ്ങളില്‍ മലയാളി മെമ്മോറിയല്‍ വലുതായ പങ്കുവഹിച്ചു. 1895-ല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി 15 വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. 1904-ല്‍ അത് 400 ആയി ഉയര്‍ന്നു. 40000 കുട്ടികള്‍ക്ക് പഠിക്കാനവസരം കിട്ടി. എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്വമേറ്റെടുത്ത് 1904 ആഗസ്റ്റ് 4-ന് തിരുവിതാംകൂര്‍ ഭരണകൂടം വിജ്ഞാപനമിറക്കി. 1895-ല്‍ ഈഴവ മെമ്മോറിയല്‍ സ്ഥാപിതമായി. 1918-ല്‍ ക്രിസ്ത്യാനികളുടെ നേതൃത്വത്തില്‍ സിവില്‍ റൈറ്റ് പ്രസ്ഥാനം നിലവില്‍ വന്നു. ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ക്രിസ്ത്യാനികള്‍ മുന്നിട്ടിറങ്ങി. 1923-'24-ല്‍ കേരളത്തില്‍ 3 ഒന്നാം ഗ്രേഡ് കോളേജുകളും 10 രണ്ടാം ഗ്രേഡ് കോളേജുകളും 2 പ്രഫഷണല്‍ കോളേജുകളും ആരംഭിച്ചു. അവയില്‍ 11 കോളേജുകളും തിരുവിതാംകൂര്‍-കൊച്ചി മേഖലയിലായിരുന്നു. അവയില്‍ തന്നെ അഞ്ചെണ്ണം തിരുവനന്തപുരത്തും.
1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും പരസ്പരം ലയിക്കാന്‍ തീരുമാനിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയെ പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖ് ആയി അവരോധിച്ചു. പുതിയ സംസ്ഥാനത്തിന്റെ ആസ്ഥാനം തിരുവനന്തപുരം ആകണമെന്നും തീരുമാനമായി. ഹൈക്കോടതി എറണാകുളത്താക്കാനും തീരുമാനിച്ചു. 1956 നവംബര്‍ ഒന്നിന് ഔപചാരിക കേരളപ്പിറവിക്ക് മുമ്പുതന്നെ കേരളത്തിന്റെ ഭരണ നിര്‍വഹണത്തിന്റെ കടിഞ്ഞാണ്‍ തിരു-കൊച്ചി രാഷ്ട്രീയത്തിന്റെ കരതലങ്ങളില്‍ കേന്ദ്രീകൃതമായിരുന്നു.
മലബാറും തിരു-കൊച്ചിയും തമ്മിലുള്ള അകല വ്യത്യാസത്തിന്റെ രാസഘടകങ്ങള്‍ ഇതൊക്കെയാണ്. ഐക്യകേരളത്തിന്റെ പിറവിക്ക് ശേഷം വന്ന സംസ്ഥാന സര്‍ക്കാറുകള്‍ കണക്കിലെടുക്കേണ്ട വസ്തുതകളാണിവ. മലബാര്‍ പ്രത്യേകമായ പരിഗണനയര്‍ഹിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിക്കപ്പെടുന്നതിന് യാതൊരുവിധ ന്യായീകരണവുമില്ല. സാമ്രാജ്യത്വ വിരുദ്ധതയുടെ നെരിപ്പോടുകള്‍ പേറി പോരാട്ടത്തിന്റെ കനലുകളിലൂടെ കടന്നുപോകേണ്ടിവന്നപ്പോള്‍ മലബാറാകെ കരിവാളിച്ചു പോയെന്നത് നേര്. അതു പക്ഷേ, മലബാറെന്നും കരിമ്പടക്കെട്ടില്‍ തന്നെയാവണമെന്ന് അര്‍ഥമാക്കുന്നില്ല. വിദ്യാഭ്യാസത്തിന്റെയും വ്യാവസായികതയുടെയും വാണിജ്യ സാധ്യതകളുടെയും പുതുജീവന്‍ നല്‍കി മലബാറിനെ മാറ്റിയെടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ കുറ്റകരമായ അലംഭാവം കാണിച്ചെന്നത് അനിഷേധ്യമായ സത്യം. തെറ്റുകളെ മുന്‍കാല പ്രാബല്യത്തോടെ തിരുത്താനാവില്ലെങ്കിലും ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള വഴികള്‍ കാണാവുന്നതേയുള്ളൂ. അതിന് രാഷ്ട്രീയ ഇഛാശക്തി വേണം. കേരളത്തില്‍ അതിന് ആരൊക്കെയുണ്ടെന്നതാണ് ഇപ്പോഴത്തെ പ്രസക്തമായ ചോദ്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം