പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി യൂസുഫ് ഉമരിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം
മനാമ: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്രപ്രതിനിധിസഭാംഗവും കേരള ശൂറാംഗവുമായ കെ.എ.യൂസുഫ് ഉമരിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം പ്രവര്‍ത്തകരില്‍ ആവേശവുമുണര്‍ത്തി. പുതിയ മീഖാത്തിലേക്കുള്ള കേരള ഇസ്‌ലാമിക് ഗ്രൂപ്പ് ബഹ്‌റൈന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനും പോളിസി പ്രോഗ്രാം വിശദീകരിക്കുന്നതിനുമായാണ് അദ്ദേഹം മൂന്ന് ദിവസത്തേക്ക് ബഹ്‌റൈനിലെത്തിയത്. കെ.ഐ.ജി.ആക്ടിംഗ് പ്രസിഡണ്ട് ഇ.കെ.സലീം, ജനറല്‍ സെക്രട്ടറി സി.ഖാലിദ്, ശൂറാംഗങ്ങളായ സിറാജ് പള്ളിക്കര, ജമാല്‍ ഇരിങ്ങല്‍, ഐ.എം.സലീം തുടങ്ങിയവര്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
അടുത്ത മീഖാത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് അദ്ദേഹം നേതൃത്വം നല്‍കി. മുഹറഖ് അല്‍ ഇസ്‌ലാഹ് സൊസൈറ്റി ഹാളില്‍ നടന്ന പൊതു സമ്മേളനത്തില്‍ 'ഇസ്‌ലാം ഇസ്‌ലാമികപ്രസ്ഥാനം' എന്ന വിഷയത്തില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. മുതലാളിത്ത വ്യവസ്ഥ വന്‍ തകര്‍ച്ച നേരിടുന്ന സമകാലിക സാഹചര്യത്തില്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ബദല്‍ സാമൂഹിക ക്രമത്തിന് ലോകമെങ്ങും സ്വീകാര്യത വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആദര്‍ശ പ്രബോധനത്തോടൊപ്പം സമൂഹത്തിന് രാഷ്ട്രീയമടക്കമുള്ള മുഴുവന്‍ മേഖലകളിലും നേതൃത്വം നല്‍കിയവരായിരുന്നു പ്രവാചകന്മാര്‍. കാലികവും ശക്തവുമായ നയ രൂപവത്കരണത്തിലൂടെയാണ് ചരിത്രത്തില്‍ ഇസ്‌ലാമിക സമൂഹങ്ങള്‍ നവോത്ഥാനപരമായ പങ്കു വഹിച്ചത്. കേവലമായ ആത്മീയ ദര്‍ശനമല്ല ഇസ്‌ലാം. ജീവിത സംബന്ധിയായ എല്ലാ തലങ്ങളിലും ദൈവിക ദര്‍ശനം സമഗ്രമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോകമെങ്ങുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നവജാഗരണത്തിന്റെ പാതയിലാണ്. രചനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനവും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇസ്‌ലാമിക പ്രസ്ഥാനത്തെകുറിച്ചും അതിന്റെ പുതിയ സംരംഭങ്ങളെക്കുറിച്ചും സദസില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കെ.ഐ.ജി ആക്ടിംഗ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഖാലിദ് സ്വാഗതവും മുഹറഖ് ഏരിയ സെക്രട്ടറി ഖലീല്‍ നന്ദിയും പറഞ്ഞു. സക്കീര്‍ ഹുസൈന്‍ ഖിറാഅത്ത് നടത്തി. അഹ്മദ് റഫീഖ്, ഐ.എം.സലീം, സുബൈര്‍ എം.എം, സിറജ് പള്ളിക്കര നേതൃത്വം നല്‍കി.
സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ധാര്‍മിക അപചയത്തെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ സ്ത്രീകള്‍ക്കാണ് സാധിക്കുക എന്ന് വനിതാ സംഗമത്തില്‍ സംബന്ധിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും ദുരുപയോഗം വിദ്യാര്‍ത്ഥികളുടെയും പല കുടുംബങ്ങളുടെയും താളം തെറ്റിച്ചുകൊണ്ടിരിക്കുകയാണ്. വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന്റ മറ്റൊരു വശമാണ് വര്‍ത്തമാനകാലം നമ്മെ ബോധ്യപ്പെടുത്തുന്നത്. സ്റ്റഡീറൂമുകളിലും ക്ലാസ്‌റൂമുകളിലും തങ്ങളുടെ മക്കള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഓരോ മാതാവും കൃത്യമായി അറിയണം. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങികൊടുക്കുന്ന രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ സ്‌നേഹിക്കുകയല്ല എന്ന് തിരിച്ചറിയേണ്ടിരിക്കുന്നു.
കെ.ഐ.ജി വനിതാ വിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മെഹ്‌റ ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു.
അല്‍മദ്‌റസ അല്‍ ഇസ്‌ലാമിയ സില്‍വര്‍ ജൂബിലിയുടെ നിറവില്‍
അസ്‌ലം ചെറുവാടി
ദോഹ: ഗള്‍ഫ് മലയാളി സമൂഹത്തിന്റെ ചരിത്രത്തില്‍ മതവിദ്യാഭ്യാസരംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത ഖത്തറിലെ അല്‍മദ്‌റസ അല്‍ ഇസ്‌ലാമിയ്യയുടെ 6 മാസം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്വല തുടക്കം. 1986-ല്‍ 6 വിദ്യാര്‍ഥികളുമായി തുടങ്ങിയ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ ദോഹ ഇന്ന് വക്‌റ, മിസൈദ്, മന്‍സൂറ, ദുഖാന്‍, അല്‍ഖോര്‍ എന്നീ ശാഖകളോടെ 2500-ല്‍ അധികം വിദ്യാര്‍ഥികളും 125 അധ്യാപകരുമുള്ള ബൃഹത്തായ സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ മജ്‌ലിസുത്തഅ്‌ലീമില്‍ഇസ്‌ലാമി കേരളയുടെ പാഠ്യപദ്ധതിയനുസരിച്ചാണ് മദ്‌റസയില്‍ അധ്യയനം നടക്കുന്നത്. 'ഒരു ചുവട് മുന്നോട്ട്' എന്ന ശീര്‍ഷകത്തിലുള്ള ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 25-ന് ഖത്തര്‍ സര്‍വകലാശാല വൈസ്പ്രസിഡന്റും ചീഫ് അക്കാദമിക് ഓഫീസറുമായ ഡോ. ശൈഖ ബിന്‍ത് ജബര്‍ ആല്‍ഥാനി നിര്‍വഹിച്ചു. ഖത്തരീസമൂഹവുമായി കൂടുതല്‍ ഇഴുകിച്ചേരാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറബി ഭാഷയില്‍ കഴിവ് വളര്‍ത്തണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ആശയവിനിമയത്തിന്റെ തടസ്സം നീക്കുകയാണ് സമൂഹങ്ങള്‍ തമ്മില്‍ സംവദിക്കാനുള്ള ഏറ്റവും നല്ല വഴി. ഒരറബിരാജ്യത്ത് ജീവിക്കുമ്പോള്‍ അറബി പഠിക്കാനും ഉപയോഗിക്കാനും ലഭിക്കുന്ന അസുലഭ അവസരം ഏവരും ഉപയോഗപ്പെടുത്തണമെന്നും ഇത് പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള വാതിലുകള്‍ തുറന്നുതരുമെന്നും അവര്‍ പറഞ്ഞു. ഗള്‍ഫുരാജ്യങ്ങളും ഇന്ത്യയും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബന്ധം എടുത്തുപറഞ്ഞ അവര്‍ എണ്ണ കണ്ടെത്തുന്നതിന് മുമ്പും ശേഷവും ഇന്ത്യയും ഇന്ത്യക്കാരും ഗള്‍ഫുരാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിതിയില്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
മുസ്‌ലിംസമൂഹംഭൗതികവിദ്യാ ഭ്യാസ മേഖലയില്‍അനുദിനം പുേരാഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ധാര്‍മിക സദാചാരരംഗത്ത് പുതിയ തലമുറക്ക് വന്ന മാറ്റങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച മാധ്യമം പത്രാധിപര്‍ ഒ. അബ്ദുര്‍റഹ്മാന്‍ അഭിപ്രായപ്പെട്ടു. സാമ്പ്രദായിക രീതിയില്‍ നിന്ന് മദ്‌റസാപഠനം ഒരുപാട് മുന്നോട്ട് പോയെങ്കിലും നഷ്ടമാകുന്ന മൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നതില്‍ ഇനിയും വിജയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. ഫനാര്‍ ഇസ്‌ലാമിക സെന്റര്‍ പ്രതിനിധി ഡോ. അലി ഇദ്‌രീസ് മുഹമ്മദ്, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഹസന്‍കുഞ്ഞി, സില്‍വര്‍ ജൂബിലി സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ശംഷുദ്ദീന്‍ ഒളകര എന്നിവര്‍ സംസാരിച്ചു. മദ്‌റസ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.സി അബ്ദുല്ലത്വീഫ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് നദ്‌വി നന്ദിയും പറഞ്ഞു. അബ്ദുല്ലാ മുഹ്‌യുദ്ദീന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടികള്‍ താജ് ആലുവ, സി.ടി അസ്‌ലം എന്നിവര്‍ നിയന്ത്രിച്ചു.
രണ്ടുദിവസങ്ങളിലായി (നവംബര്‍ 24,25) മദ്‌റസാവിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അവതരണചാരുതകൊണ്ടും മൗലികതകൊണ്ടും ശ്രദ്ധേയമായി. പുതുയുഗത്തിന്റെ പേറ്റുനോവുമായി ജനരോഷത്തില്‍ നീറിപ്പുകയുന്ന അറബ് ലോകത്തിന്റെ കഥപറയുന്ന 'നൈലിന്റെ തീരത്ത് അന്നൊരുകാലത്ത്' എന്ന കലാശില്‍പം മൂസാനബിയുടെ കഥയിലൂടെ നവ ഫറോവമാരുടെ അത്യാചാരങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു. അബ്ദുര്‍റഹ്മാന്‍ ചെറുവാടിയാണ് ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സ്ത്രീകള്‍ക്കുനേരെയുള്ള അക്രമത്തിനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തിയ സംഗീതശില്‍പം 'ദുഃഖപുത്രി' പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. അടുക്കളയുടെ ഇരുട്ടില്‍നിന്ന് സ്ത്രീയെ മോചിപ്പിച്ചു എന്ന് അഹങ്കരിക്കുമ്പോള്‍ തന്നെ അവള്‍ അരക്ഷിതാവസ്ഥയുടെ അന്ധകാരത്തില്‍ തന്നെയാണെന്ന് വിളിച്ചുപറയുന്നതായിരുന്നു സാറാ സുബൈര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സംഗീത ശില്‍പം. നിഷ്‌കളങ്ക ബാല്യങ്ങളെ തിരിച്ചറിയാതെ നന്മയുടെ തിരി തല്ലികെടുത്തുകയാണ് പല മാതാപിതാക്കളും എന്ന് ബോധ്യപ്പെടുത്തുന്നാതായിരുന്നു മുനീറ മൂഹമ്മദലി രചിച്ച സൂപ്പര്‍മാന്‍ എന്ന ചിത്രീകരണം. രാഷ്ട്രീയക്കാരുടെ കാപട്യം തുറന്നുകാട്ടുന്ന നാടകം 'അലമ്പാക്കൂത്ത്', തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ ഇരകളായിത്തീരുന്ന സാധാരണക്കാരന്റെ കഥപറയുന്ന വില്‍പ്പാട്ട്, ബാലഗായകന്‍ നാദിര്‍ അബ്ദുസ്സലാമിന്റെ നേതൃത്വത്തില്‍ നടന്ന ഖവാലി എന്നിവയും സദസ്സിന് നവ്യാനുഭവമോയിരുന്നു.
Comments