ഇസ്‌ലാമിനുമുണ്ട് ഇവിടെ വിശാലമായ ഇടം
അറബ് ലോകം അതിന്റെ ശരിയായ പാതയിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്നതിന്റെ സൂചനകളാണ് ഈയിടെ മൂന്ന് രാജ്യങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍. ഏകാധിപത്യ ഭരണത്തിന്റെ ഉല്‍പന്നങ്ങളായ അഴിമതിയും സ്വജനപക്ഷപാതവും പതിറ്റാണ്ടുകളായി കണ്ടുമടുത്ത ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ കിട്ടിയ ആദ്യ അവസരം തന്നെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അനുകൂലമായി ഉപയോഗിച്ചുവെന്നത് അറബ് ലോകത്തെ അറിയുന്നവര്‍ക്ക് പുതുമയുള്ള വാര്‍ത്തയല്ല. പടിഞ്ഞാറിന്റെ താല്‍പര്യങ്ങള്‍ ലോകത്തിനു മുന്നില്‍ വിളമ്പാന്‍ വ്യഗ്രത കാട്ടുന്ന അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ എത്രയൊക്കെ പ്രതികൂലമായി അവതരിപ്പിച്ചിട്ടും ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും തുനീഷ്യയിലെ അന്നഹ്ദയും മൊറോക്കോയിലെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയും ജനപിന്തുണയുള്ള പ്രസ്ഥാനങ്ങളാണെന്ന് ഒടുവില്‍ അവര്‍ക്കു തന്നെ മാറ്റിപ്പറയേണ്ടി വന്നിരിക്കുന്നു.
ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറിയാല്‍ സ്ത്രീകളെ ഹിജാബ് അണിയിക്കുമെന്നും മദ്യം നിരോധിക്കുമെന്നുമൊക്കെയാണ് മതേതര മൗലികവാദികളെയും പടിഞ്ഞാറന്‍ മീഡിയയെയും പിടികൂടിയ കാര്യമായ ആശങ്ക. എട്ടിലൊന്നു പേര്‍ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഈജിപ്തിലാവട്ടെ, ഇസ്‌ലാമിസ്റ്റുകളുടെ വരവ് പ്രസ്തുത മേഖലക്ക് തിരിച്ചടിയാകുമെന്നും പ്രചാരണമുണ്ടായി. ഈജിപ്തിലെ സംഗീത രംഗം സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് അനുസൃതമായി മാറേണ്ടതുണ്ടെന്ന ഒരു ഖണ്ഡിക മാത്രമാണ് ഇഖ്‌വാന്റെ രാഷ്ട്രീയ ഘടകമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി)യുടെ 79 പേജുകളുള്ള തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മഷിയിട്ടു തെരഞ്ഞപ്പോള്‍ സെക്യുലറിസ്റ്റുകള്‍ കണ്ടെത്തിയ ഏക ഭീഷണി! എന്നാല്‍ വോട്ടര്‍മാര്‍ കണ്ട മാനിഫെസ്റ്റോ അതല്ലെന്ന് 36.6 ശതമാനം വോട്ടു നേടിയ ഇഖ്‌വാന്റെ ആദ്യ റൗണ്ടിലെ മുന്നേറ്റങ്ങള്‍ സൂചിപ്പിക്കുന്നു. തീവ്രനിലപാടുകാരായ സലഫികളുടെ അല്‍ നൂറിന് പ്രതീക്ഷിച്ചതിനേക്കാള്‍ വോട്ട് (24.4 ശതമാനം) ലഭിച്ചപ്പോള്‍ ഇടതുപക്ഷത്തിനും സെക്യുലറിസ്റ്റുകള്‍ക്കും കിട്ടിയത് വന്‍ തിരിച്ചടി. ആണവോര്‍ജ കമീഷന്‍ മുന്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ ബറാദഗിയുടെ ഈജിപ്ഷ്യന്‍ ബ്ലോക്കിന് വെറും 13.4 ശതമാനം വോട്ടാണ് കിട്ടിയത്. ഒന്നാം ഘട്ടത്തിലെ 168 സീറ്റുകളില്‍ 120 സീറ്റുകളും ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികള്‍ നേടുമെന്നാണ് അല്‍ അഹ്‌റാം പത്രം പറയുന്നത്.
എണ്‍പത്തിമൂന്നു കൊല്ലത്തെ തീക്ഷ്ണമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇഖ്‌വാന്‍ മുസ്‌ലിമൂന് മേധാവിത്വമുള്ള ഒരു ഗവണ്‍മെന്റ് ഈജിപ്തില്‍ നിലവില്‍ വരാന്‍ പോകുന്നു. മര്‍ദക ഭരണകൂടങ്ങള്‍ക്കെതിരെ പോരാടി എത്രയോ രക്തസാക്ഷികള്‍ക്ക് ജന്മം നല്‍കിയ ശേഷമാണ് ഇസ്‌ലാമിസ്റ്റുകള്‍ രാജ്യത്തിന്റെ കടിഞ്ഞാണേന്തുന്നത്. ജമാല്‍ അബ്ദുന്നാസറിന്റെയും ഹുസ്‌നി മുബാറക്കിന്റെയും ജയിലറകളില്‍ പീഡനം അനുഭവിച്ചവരാണ് ഇഖ്‌വാന്റെ ഇപ്പോഴത്തെ പരമോന്നത നേതാവ് ഡോ. മുഹമ്മദ് ബദീഉം മറ്റൊരു പ്രമുഖന്‍ ഡോ. ഇസാം അല്‍ അര്‍യാനും ഉള്‍പ്പെടെയുള്ളവര്‍. 1952-ല്‍ രാജഭരണം തൂത്തെറിയാന്‍ ബാരക്കുകളില്‍നിന്ന് പുറത്തിറങ്ങിയതു മുതല്‍ ഈജിപ്ഷ്യന്‍ ഭരണക്രമത്തിന്റെ ഭാഗമാവുകയായിരുന്നു പട്ടാളം. ജമാല്‍ അബ്ദുന്നാസര്‍ മുതല്‍ ഹുസ്‌നി മുബാറക്ക് വരെയുള്ളവര്‍ പട്ടാള ബൂട്ടണിഞ്ഞവരും. ചരിത്രത്തിലാദ്യമായാണ് സമ്പൂര്‍ണ ജനാധിപത്യത്തിലേക്ക് രാജ്യം പരിവര്‍ത്തിക്കപ്പെടുന്നത്. മുബാറക്ക് പുറത്തായിട്ടും കഴിഞ്ഞ പത്തു മാസമായി രാജ്യത്ത് പിടിമുറുക്കാന്‍ സൈനിക മേധാവികള്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരായ ജനവികാരമാണ് ഒന്നാം ഘട്ടത്തില്‍ തന്നെ ദൃശ്യമായ റെക്കോര്‍ഡ് പോളിംഗ് ശതമാനം.
തുനീഷ്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ മാത്രമല്ല, വോട്ടെണ്ണി അന്നഹ്ദ ഭരണത്തിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമായപ്പോഴും എ.എഫ്.പിയും റോയിട്ടേഴ്‌സും എ.പിയും ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ 'മതേതരവാദികളുടെ ആശങ്കകള്‍'വാര്‍ത്തകളിലൂടെയും ഫോട്ടോകളിലൂടെയും പ്രചരിപ്പിക്കാന്‍ മത്സരിക്കുകകയായിരുന്നു. സെക്യുലറിസ്റ്റുകളുടെ അന്നഹ്ദ വിരുദ്ധ റാലികളുടെ ചിത്രങ്ങളില്ലാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. സ്ത്രീകളുടെ തലമറപ്പിക്കാനാണ് അന്നഹ്ദക്കാര്‍ തുനീഷ്യയുടെ ഭരണരഥത്തിലേറിയത് എന്ന തരത്തിലാണ് പ്രചാരണമുണ്ടായത്. എന്നാല്‍ റാശിദൂല്‍ ഗനൂശിയുടെ അഭിമുഖങ്ങള്‍ പുറത്തുവന്നതോടെ ഇവര്‍ ഇളിഭ്യരായി.
മൊറോക്കോയില്‍ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (പി.ജെ.ഡി) സ്വയം തന്നെ ഇസ്‌ലാമിസ്റ്റുകള്‍ എന്നവകാശപ്പെടുന്നില്ല. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള നയങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്നാണ് തെരഞ്ഞെടുപ്പിനു മുമ്പു തന്നെ നേതൃത്വം വ്യക്തമാക്കിയത്. ഇഖ്‌വാനില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ആരംഭിച്ച പാര്‍ട്ടി 1998 മുതല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. പേരിലും സാമ്യമുള്ള തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി) യെയാണ് ഭരണത്തില്‍ മാതൃകയാക്കുന്നതെന്ന് പി.ജെ.ഡി നേതാവും പ്രധാനമന്ത്രിയുമായ അബ്ദുല്‍ ഇലാഹ് ബിന്‍കീറാന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഭരണ തലത്തില്‍ മൂന്നു വിഷയങ്ങളിലാണ് മുഖ്യമായും പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സമൂല പരിവര്‍ത്തനം, പൊതുജീവിതത്തിലെ അഴിമതി തുടച്ചുനീക്കല്‍, തൊഴിലില്ലാത്ത ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കല്‍ എന്നിവക്കാണ് പ്രാധാന്യം നല്‍കുക. മൊറോക്കോയിലെ യുവജനങ്ങളില്‍ മൂന്നിലൊന്ന് തൊഴില്‍രഹിതരാണ്. മൂന്നേകാല്‍ കോടിയിലേറെ വരുന്ന ജനസംഖ്യയില്‍ നാലിലൊന്ന് കടുത്ത ദാരിദ്ര്യത്തിലും. പടിഞ്ഞാറുമായുള്ള രാജ്യത്തിന്റെ സഖ്യം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. പി.ജെ.ഡിക്ക് നേരത്തെ ജനപിന്തുണ ഉണ്ടായിരുന്നുവെന്നും ഇത്തവണ അത് കൂടുതല്‍ വ്യാപകമായെന്നുമാണ് മൊറോക്കോ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ പ്രഫസര്‍ മുഹമ്മദ് തോസിയെ ഉദ്ധരിച്ച് ടൈം വാരിക പറയുന്നത്. ഇസ്‌ലാമിനും ആധുനികതക്കും ഒരുമിച്ചുപോകാന്‍ കഴിയുമെന്ന് തുര്‍ക്കിയിലെ എ.കെ പാര്‍ട്ടി തെളിയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2002-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 42 സീറ്റിലും 2007-ല്‍ 46 സീറ്റിലും ജയിച്ച പി.ജെ.ഡി ഇത്തവണ 107 സീറ്റുകളോടെ രണ്ടാം സ്ഥാനത്തുള്ള പാര്‍ട്ടിയെക്കാള്‍ രണ്ടിരട്ടി വോട്ടുകളുമായി കുതിച്ചുചാട്ടമാണ് നടത്തിയത്. 2008-ല്‍ അമേരിക്കയിലെ കാര്‍ണഗി എന്‍ഡോവ്‌മെന്റ് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം പി.ജെ.ഡിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും അണികള്‍ക്കിടയില്‍ വല്ലാത്ത അതൃപ്തിയുണ്ടെന്നുമൊക്കെയാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍, അതൊക്കെ ഭാവനാവിലാസങ്ങളാണെന്ന് പാര്‍ട്ടി തെളിയിച്ചു.
സെക്യുലറിസ്റ്റുകളും ഇസ്‌ലാം ഭീതി പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും പ്രവചിക്കുന്നതു പോലെ മതാഭിമുഖ്യമില്ലാത്തവരല്ല ഈജിപ്തിലെയും ഇതര അറബ് രാജ്യങ്ങളുടെയും ഭാഗധേയം നിര്‍ണയിക്കുന്നത്. തുര്‍ക്കിയിലേതു പോലെ മതേതരവാദികളും ഇസ്‌ലാമിക പാര്‍ട്ടികള്‍ക്ക് വോട്ടു നല്‍കിയിട്ടുണ്ട്. തുനീഷ്യയിലും മൊറോക്കോയിലും ഈജിപ്തിലും മാത്രമല്ല, അഞ്ചു വര്‍ഷം മുമ്പ് ഹമാസ് വിജയക്കുതിപ്പ് നടത്തിയ ഫലസ്ത്വീനിലും ജനകീയ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇസ്‌ലാമിസ്റ്റുകള്‍ വോട്ടു തേടിയത്. ഇസ്‌ലാമിക രാഷ്ട്രീയമെന്നത് ചില ചിഹ്നങ്ങളില്‍ ഒതുങ്ങുന്നതല്ലെന്ന് അവര്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്തി. എല്ലായിടങ്ങളിലും നിലവിലെ ഭരണകൂടങ്ങളുടെ അഴിമതിയാണ് മാറ്റത്തിനുള്ള വോട്ടിന് ജനങ്ങളെ പ്രേരിപ്പിച്ചത്. മുമ്പ് ഭരണത്തിലേറിയ പരിചയമില്ലെങ്കിലും (ഏകാധിപതികള്‍ അതിന് അവസരം നല്‍കിയില്ലെന്ന് പറയുന്നതാണ് ശരി) ഇസ്‌ലാമിസ്റ്റുകളുടെ ട്രാക്ക് റെക്കോര്‍ഡ് വോട്ടര്‍മാരുടെ മുന്നിലുണ്ടായിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ സജീവ പങ്കാളിത്തം, അടിസ്ഥാന ജനവിഭാഗങ്ങളുടെയും ദുരിതമനുഭവിക്കുന്നവരുടെയും പ്രയാസങ്ങള്‍ പരിഹരിക്കല്‍, സര്‍ക്കാര്‍ എത്തിനോക്കാത്ത മേഖലകളിലെ ഇടപെടലുകള്‍, അഴിമതിരഹിതവും സുതാര്യവുമായ സംഘടനാ സംവിധാനം തുടങ്ങി മറ്റു പാര്‍ട്ടികളില്‍നിന്ന് വ്യതിരിക്തമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ക്ക് സ്വീകാര്യത നല്‍കിയത്.
ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന വിപ്ലവങ്ങളെയും ഇസ്‌ലാമിസ്റ്റുകളുടെ മുന്നേറ്റത്തെയും ഭീതിയോടെ അവതരിപ്പിക്കുന്ന പ്രവണത എഴുപതുകളുടെ ഒടുവില്‍ ഇറാന്‍ വിപ്ലവാനന്തരം ആരംഭിച്ച പ്രതിഭാസമാണ്. അതിന് ചുക്കാന്‍ പിടിച്ചത് അമേരിക്കയും യു.എസ് അനുകൂല മാധ്യമങ്ങളുമാണ്. ഇറാനെ തകര്‍ക്കാന്‍ മാറി മാറി വന്ന അമേരിക്കന്‍ ഭരണകൂടങ്ങള്‍ മൂന്നു പതിറ്റാണ്ടിലേറെയായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നേക്കുമെന്ന ആശങ്ക കാരണം ഏകാധിപതികള്‍ നിറഞ്ഞുനില്‍ക്കുന്ന അറബ് ലോകത്തിന് പുറത്തു മതി ജനാധിപത്യമെന്ന നിലപാടാണ് അവര്‍ കൈക്കൊണ്ടത്. തുനീഷ്യയില്‍ ബിന്‍ അലിയുടെയും ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിന്റെയും സ്വേഛാധിപത്യത്തിനൊപ്പമായിരുന്നു അമേരിക്ക. ഏകകക്ഷി ഭരണം കൊണ്ട് പൊറുതിമുട്ടിയ അല്‍ജീരിയയില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി രംഗത്തുവന്ന ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിനെ (എഫ്.ഐ.എസ്) ഭീകരരാക്കി അടിച്ചമര്‍ത്താന്‍ നിര്‍ദേശം നല്‍കിയതും അമേരിക്ക തന്നെ. 1990-ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടുകളോടെ കുതിച്ചുചാട്ടം നടത്തിയ എഫ്.ഐ.എസ് 1991-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ 231-ല്‍ 188 സീറ്റുകളും ജയിച്ചടക്കി അധികാരത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു സൈന്യം രംഗത്തുവരുന്നതും ഇലക്ഷന്‍ റദ്ദാക്കി നേതാക്കളെ ജയിലിലടക്കുന്നതും. പതിനായിരങ്ങളുടെ ജീവന്‍ ബലികൊടുക്കേണ്ടി വന്ന വന്‍ ദുരന്തത്തിനാണ് ഇത് വഴിവെച്ചത്. 2006-ല്‍ ഫലസ്ത്വീനില്‍ നടന്ന തെരഞ്ഞെടുപ്പിലും അമേരിക്കയുടെ വൃത്തികെട്ട കളി തുടര്‍ന്നു. ഹമാസ് വിജയിച്ചപ്പോള്‍ ഭരിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഫത്ഹുമായി ചേര്‍ന്ന് ഹമാസ് രൂപവത്കരിച്ച് ഐക്യസര്‍ക്കാര്‍ പൊളിക്കാന്‍ എല്ലാ ചതിപ്രയോഗങ്ങളും നടത്തി. ഒടുവില്‍ ആഭ്യന്തര കലാപങ്ങളില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെടുന്നതിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും രണ്ട് സര്‍ക്കാറുകള്‍ ഉണ്ടാകുന്നതിലുമാണ് ഇത് കലാശിച്ചത്. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ഈജിപ്തില്‍ ഹുസ്‌നി മുബാറക് നടത്തിവന്ന ഇലക്ഷന്‍ നാടകങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കാനും അമേരിക്കക്ക് മടിയുണ്ടായില്ല.
അറബ് ലോകത്ത് ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിച്ചപ്പോള്‍ അതിനെ പിന്തുണക്കുന്ന സമീപനമായിരുന്നില്ല അമേരിക്കയുടേത്. ബിന്‍ അലി രാജ്യം വിട്ടോടുകയും മുബാറക് ഭരണകൂടം നിലംപതിക്കുകയും ചെയ്തപ്പോള്‍ ഗത്യന്തരമില്ലാതെ കളംമാറിച്ചവിട്ടി. ഹമാസിന്റെ മാതൃപ്രസ്ഥാനമെന്ന് മുദ്രകുത്തി ഇഖ്‌വാനെ ഒറ്റപ്പെടുത്താന്‍ സര്‍വ ശ്രമവും നടത്തിയ അമേരിക്ക, ഇലക്ഷനു മുമ്പ് ഇഖ്‌വാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എഫ്.ജെ.പി നേതൃത്വവുമായി ഉന്നത തല ചര്‍ച്ചകള്‍ നടത്താന്‍ നിര്‍ബന്ധിതരായി. യു.എസ് ദേശീയ സുരക്ഷാ വിഭാഗത്തിന്റെ ഈജിപ്ത് ഡെസ്‌കിന്റെ ഡയറക്ടര്‍ പ്രേം. ജി കുമാറും എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ആമി ഡി സ്റ്റെഫാനോയും കൈറോയിലെ പാര്‍ട്ടി ആസ്ഥാനത്ത് നേരിട്ടുവന്നാണ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് സഅദ് കതാത്തീനിയുമായി ചര്‍ച്ചകള്‍ നടത്തിയത്. അറബ് നാടുകളിലെ ഏകാധിപതികളെ പിന്തുണക്കുന്നത്, അറബ് ഇസ്രയേലി പ്രശ്‌നത്തിലെ പക്ഷപാതപരമായ സമീപനം തുടങ്ങി അമേരിക്ക നടത്തിവരുന്ന മോശമായ രാഷ്ട്രീയക്കളികളെക്കുറിച്ച് ഇഖ്‌വാന്‍ നേതാവ് വിശദമായി തന്നെ അവരെ ധരിപ്പിച്ചു. ഇഖ്‌വാന്‍ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റ് നിലവില്‍ വന്നാല്‍ സഹകരിക്കുമോയെന്ന ചോദ്യത്തിന് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന, ജനാധിപത്യാടിസ്ഥാനത്തിലുള്ള ഭരണകൂടവുമായി സഹകരിക്കുമെന്നായിരുന്നു യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഈജിപ്തിലെ അല്‍ ഹയാത് ടി.വിയോട് പ്രതികരിച്ചത്.
പൊളിറ്റിക്കല്‍ ഇസ്‌ലാമെന്ന് പേരിട്ട് ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് വിജയങ്ങളെ അവഗണിക്കുന്ന സമീപനം ശരിയല്ലെന്ന് പടിഞ്ഞാറന്‍ ബുദ്ധിജീവികള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഇക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഹമാസിന്റെ വിജയത്തെ അംഗീകരിക്കാന്‍ മടികാട്ടാതിരുന്ന കാര്‍ട്ടര്‍ അവരുമായി ചര്‍ച്ചകള്‍ക്ക് തയാറാവാനാണ് പടിഞ്ഞാറന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഈജിപ്തില്‍ മുബാറക്ക് ഭരണത്തിനൊടുവില്‍ നടന്ന അഴിമതി നിറഞ്ഞ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യാനും അദ്ദേഹം തയാറായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ശരിയാംവിധം നടത്താതിരിക്കാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായെങ്കിലും പൊതുവെ സ്വതന്ത്രമായിരുന്നുവെന്ന് കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷക സംഘം വ്യക്തമാക്കുകയുണ്ടായി. അറബ് ലോകത്ത് അധികാരത്തിലേറുന്ന ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളുമായി സഹകരിക്കുകയാണ് പടിഞ്ഞാറ് ചെയ്യേണ്ടതെന്ന് ഈയിടെ ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസുമായുള്ള അഭിമുഖത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഹമദ് ബന്‍ ജാസിം ബിന്‍ ജബര്‍ അല്‍ഥാനി ഉപദേശിക്കുകയുണ്ടായി. മിതവാദികളായ ഇസ്‌ലാമിസ്റ്റുകളുമായുള്ള സഹകരണം തീവ്രനിലപാടുകാരെ ഒറ്റപ്പെടുത്താന്‍ സഹായകമാവുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അല്‍ ജസീറ ചാനലിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ വദാഹ് ഖന്‍ഫര്‍ ലണ്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലും അറബ് ലോകത്തെ ഇസ്‌ലാമിസ്റ്റ് സര്‍ക്കാറുകളുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകത പടിഞ്ഞാറന്‍ രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നു.
അതേസമയം, തുനീഷ്യയിലെയും മൊറോക്കോയിലെയും ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന തുര്‍ക്കി മോഡല്‍ ഈജിപ്തിലെ ഇഖ്‌വാനും എഫ്.ജെ.പിയും നിരാകരിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങള്‍ക്ക് സെക്യുലര്‍ ഭരണഘടന ഉണ്ടാകണമെന്ന് ഈയിടെ ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്‍ നടത്തിയ പ്രസ്താവനയെ അതിശക്തമായാണ് ഇഖ്‌വാന്‍ വിമര്‍ശിച്ചത്. “സെക്യുലറിസത്തില്‍നിന്ന് പൂര്‍ണമായും അടര്‍ത്തിമാറ്റാവുന്ന സ്ഥിതിവിശേഷമല്ല തുര്‍ക്കിയിലേത് എന്നത് ശരിയാവാം. അത് മറ്റു രാജ്യങ്ങളുടെമേലും കെട്ടിയേല്‍പിക്കാന്‍ ശ്രമിക്കരുത്,” ഇഖ്‌വാന്‍ വക്താവ് ഡോ. മഹ്മൂദ് ഗുസ്‌ലാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. യൂറോപ്പിന്റെ ഭാഗമായ തുര്‍ക്കിയുടെ അനുഭവം മുന്നില്‍വെച്ചുള്ള പ്രസ്താവനയാണ് ഉര്‍ദുഗാന്‍ നടത്തിയത്. ഈജിപ്തിലെ ജനവികാരം തികച്ചും വ്യത്യസ്തമാണ്. തുനീഷ്യയില്‍നിന്നും മൊറോക്കോയില്‍നിന്നു പോലും വിഭിന്നം. ജനഹിതം ഉള്‍ക്കൊണ്ടും എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും ഭരിച്ചില്ലെങ്കില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കും അടിതെറ്റും. ഉദാഹരണത്തിന്, ഈജിപ്ഷ്യന്‍ ജനസംഖ്യയില്‍ പത്തു ശതമാനം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികളില്‍നിന്ന് പ്രത്യേക നികുതി ഈടാക്കുക തുടങ്ങിയ നിലപാടുകള്‍ സ്വീകരിക്കുന്ന സലഫികളുമായി ചേര്‍ന്ന് ദേശീയ സര്‍ക്കാര്‍ ഉണ്ടാക്കുന്നത് ഇഖ്‌വാന് വലിയ തലവേദനയാകും. ഇസ്രയേലുമായുള്ള സമാധാനക്കരാര്‍ സംബന്ധിച്ച് തല്‍ക്കാലം മൗനം പാലിക്കുകയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്നതാണ് എഫ്.ജെ.പിയുടെ പ്രഖ്യാപിത നയം. അശാന്തിയെത്തുടര്‍ന്ന് ടൂറിസം, കയറ്റുമതി മേഖലകളിലുണ്ടായ തളര്‍ച്ച കാരണം 2011 ആരംഭത്തിലുണ്ടായിരുന്ന 3600 കോടി ഡോളറിന്റെ വിദേശ കരുതല്‍ നിക്ഷേപം ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ 2210 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഈജിപ്ഷ്യന്‍ പൗണ്ടും മൂല്യശോഷണ ഭീഷണിയിലാണ്.
പടിഞ്ഞാറന്‍ സെക്യൂലറിസത്തിന് അറബ് മണ്ണില്‍ വേരുകളില്ല എന്ന വ്യക്തമായ സന്ദേശമാണ് ഏകാധിപതികള്‍ നിഷ്‌കാസനം ചെയ്യപ്പെട്ട മേഖലയിലെ വിവിധ രാജ്യങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പിന് കാത്തിരിക്കുന്ന പുതിയ ലിബിയയും ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ട സിറിയയും യമനുമെല്ലാം പ്രസരിപ്പിക്കുന്നതും ഇതേ സന്ദേശം തന്നെയാണ്, ജനായത്ത ഭരണക്രമത്തില്‍ ഇസ്‌ലാമിനും വിശാലമായ ഇടമുണ്ടെന്ന സന്ദേശം.
[email protected]
Comments