ഒരു ജനതയാകെ വിഡ്ഢീകരിക്കപ്പെടുന്ന വിധം
ഉത്തര മലബാറിലെ അറിയപ്പെട്ട പണ്ഡിതനും മതോപദേശകനുമായ ഒരു മൗലവിയുണ്ടായിരുന്നു. അകാരണമായ ഭയവും സംശയങ്ങളും ദൗര്‍ബല്യങ്ങളായിരുന്ന മൗലവിയെപ്പറ്റി രസകരങ്ങളായ പല കഥകളും പ്രചാരത്തിലുണ്ട്. വെറും കഥകളല്ല, സംഭവങ്ങള്‍ തന്നെ. പ്രഥമ ഇ.എം.എസ് മന്ത്രിസഭ സ്‌കൂളുകളില്‍ അറബിഭാഷാ പഠനവും മുന്‍ഷി പരീക്ഷയും ഏര്‍പ്പെടുത്തിയ കാലത്ത് ഒരു വക അറബി വായിക്കാനും എഴുതാനും അറിയാവുന്നവരൊക്കെ പരീക്ഷ എഴുതി പാസ്സായി സ്‌കൂള്‍ അധ്യാപകരായി പോയി. അതേപറ്റിയാണല്ലോ പിന്നീടൊരിക്കല്‍ സംസ്ഥാന നിയമസഭയില്‍ ചന്ദ്രസേനന്‍ 'കുട നന്നാക്കാന്‍ ആളില്ല, അവരൊക്കെ അറബി മുന്‍ഷിമാരായി പോയി' എന്നു പ്രസംഗിച്ചതും ഒച്ചപ്പാടായതും. കൂട്ടുകാരൊക്കെ മുന്‍ഷി പരീക്ഷ എഴുതാന്‍ പോയപ്പോള്‍ നമ്മുടെ മൗലവിക്കും തോന്നി ഒന്നു പരീക്ഷിച്ചാലെന്തെന്ന്. പരീക്ഷാ ഹാളില്‍ മറ്റെല്ലാവരും ഉത്തരകടലാസ് നിറക്കാന്‍ തിരക്ക് കൂട്ടിയപ്പോള്‍, അറബി വ്യാകരണത്തില്‍ വ്യുല്‍പത്തിയുണ്ടായിരുന്ന മൗലവിക്ക് ചോദ്യക്കടലാസിലെ അബദ്ധ പഞ്ചാംഗം സഹിക്കാന്‍ കഴിഞ്ഞില്ല. അങ്ങോര്‍ ചോദ്യങ്ങളിലെ വ്യാകരണത്തെറ്റ് തിരുത്തിക്കഴിഞ്ഞപ്പോഴാകട്ടെ നേരം കൈവിട്ടുപോയി. വന്നപോലെ തിരിച്ചുപോവുകയും ചെയ്തു!
കഥാപാത്രത്തിന്റെ വൈചിത്ര്യം പരിചയപ്പെടുത്താനാണ് ഈ സംഭവം അനുസ്മരിച്ചത്. സന്ദര്‍ഭോചിതമായ മറ്റൊരു കഥയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണുദ്ദേശ്യം. അദ്ദേഹത്തെ നേരില്‍ കണ്ടപ്പോള്‍ സത്യാവസ്ഥ ഉറപ്പ് വരുത്തിയതുകൊണ്ട് യഥാര്‍ഥ സംഭവമാണെന്ന് ഉറപ്പിച്ചു പറയാം. ഒരിടത്ത് ഒരു രാത്രി മൗലവി മതോപദേശ പരിപാടി നടത്തി. സമയം ഏറെ കഴിഞ്ഞപ്പോള്‍, നിര്‍ത്തി ആതിഥേയന്റെ കൂടെ അയാളുടെ വീട്ടിലേക്ക് പോയി. ഭക്ഷണത്തിനു ശേഷം ഒരു മുറിയില്‍ മൗലവിക്ക് ഉറങ്ങാന്‍ കിടക്ക വിരിച്ചുകൊടുത്തു ആതിഥേയന്‍ അകത്തേക്ക് പോയി ഉറങ്ങാന്‍ കിടന്നു. അല്‍പം കഴിഞ്ഞപ്പോഴുണ്ട് വാതിലിനൊരു മുട്ട്. തുറന്നു നോക്കിയപ്പോള്‍ മൗലവി. 'എന്തേ മൗലവി പറ്റിയത്?' -അമ്പരപ്പോടെ ആതിഥേയന്റെ ചോദ്യം. 'ഒന്നുമുണ്ടായിട്ടല്ല. ആ കട്ടിലില്‍ കിടന്നു മേലോട്ട് നോക്കിയപ്പോള്‍ എനിക്കൊരു പേടി. ചുമരില്‍ വലിയൊരു ഘടികാരം തൂക്കിയിട്ടുണ്ടല്ലോ.' മൗലവി മറുപടി പറഞ്ഞു.
'അതിനെന്താണ് മൗലവീ, അതിവിടെ തൂക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായല്ലോ...'
'അപ്പോ എന്റെ പേടി വെറുതെയല്ല. എന്നോ പഴക്കമുള്ള ആ ഘടികാരം എന്നെങ്കിലും ഒരു ദിവസം വീഴണ്ടേ? അത് ഇന്നാണെങ്കിലോ?'
ഉത്തരമില്ലാതെ ആതിഥേയന്‍ മൗലവിയെ മാറ്റിക്കിടത്തിയതോടെ ആ കഥക്ക് തിരശ്ശീല വീഴുന്നു.
തിരശ്ശീല ഉയരുന്നത് ആറ് പതിറ്റാണ്ടെങ്കിലും പിന്നിട്ട ശേഷം മുല്ലപ്പെരിയാറിലാണ്. ഇത്തവണ ഒരു മൗലവിയുടെ മാത്രം അകാരണ ഭീതിരോഗത്തിന്റെ രൂപത്തിലല്ല സംഭവത്തിന്റെ ആവര്‍ത്തനം. സംസ്ഥാനത്തെ മൂന്നു കോടി ജനങ്ങളാകെ ഭയന്നു വിറക്കുകയാണ്. 115 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഒരുനാള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന് വെള്ളമൊഴുകി താഴെ കിടക്കുന്ന ജില്ലകളാകെ പ്രളയത്തില്‍ മുങ്ങി 30-40 ലക്ഷങ്ങള്‍ അറബിക്കടലിലെത്തേണ്ടേ? അത് ഇന്നോ നാളെയോ ആണെങ്കിലോ? 26 തവണ ഭൂചലനങ്ങളുണ്ടായതാണ്. ഏത് നിമിഷവും ഇനിയൊരു ഭൂചലനമുണ്ടാവുകയില്ലെന്നോ അത് വെറും ചലനത്തിലൊതുങ്ങാതെ വന്‍ ഭൂകമ്പം തന്നെയായി വികസിക്കുകയില്ലെന്നോ ഏത് ശാസ്ത്രത്തിനാണ് ഉറപ്പ് പറയാനാവുക? അതിനാല്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ സകലമാന പാര്‍ട്ടികളും മന്ത്രിമാരും എം.എല്‍.എമാരും ഒറ്റക്കെട്ടായി പുതിയ ഡാമിന് വേണ്ടി തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ നിലവിളി കൂട്ടുക തന്നെ. ഡാമിന്റെ പണി തുടങ്ങിയാലും തീരാന്‍ വര്‍ഷങ്ങളെടുക്കും.അതുവരെ ഭൂകമ്പം ക്ഷമിച്ചുകൊള്ളണമെന്നില്ല. അതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 120 അടിയായി പരിമിതപ്പെടുത്തണം. ഈയാവശ്യത്തിന് തമിഴ്‌നാട് വഴങ്ങണം. അവര്‍ക്ക് വേണ്ടത് വെള്ളമാണ്. അക്കാര്യത്തില്‍ തര്‍ക്കമേയില്ല. അവര്‍ക്ക് എന്നെത്തെയും പോലെ വെള്ളം കൊടുക്കാം. കേന്ദ്രത്തെയോ സുപ്രീം കോടതിയെയോ ആരെയാലും ശരി ജാമ്യം നിര്‍ത്താം. തമിഴ്‌നാട് സ്വമേധയാ വഴങ്ങുന്നില്ലെങ്കില്‍ പ്രധാനമന്ത്രി അവരെ ചര്‍ച്ചക്ക് വിളിച്ചു മനസ്സ് മാറ്റിയെടുക്കണം.
ആവശ്യവുമായി മുഖ്യമന്ത്രിയും പതിനൊന്ന് മന്ത്രിമാരും ദല്‍ഹിയില്‍ പോയി, പ്രധാനമന്ത്രിയെയും കേന്ദ്ര ജല മന്ത്രിയെയും കണ്ടു. പാര്‍ലമെന്റില്‍ കേരള എം.പിമാര്‍ ഒച്ചവെച്ചു. പുറത്ത് സത്യഗ്രഹമിരുന്നു. ഡാമിന്നരികെ ചപ്പാത്തില്‍ എം.എല്‍.എമാര്‍ നിരാഹാരം കിടന്നു, ഇപ്പോഴും കിടക്കുന്നു. അഭിവാദ്യമര്‍പ്പിക്കാന്‍ സ്‌കൂള്‍ കുട്ടികളും അമ്മമാരും ഉള്‍പ്പെടെ ആയിരങ്ങളാണെത്തുന്നത്. ഒടുവില്‍ ധനമന്ത്രി കെ.എം മാണി നിരാഹാരം കിടന്നു. ജലസേചന മന്ത്രി പി.ജെ ജോസഫ് ദല്‍ഹിയിലാണ് നിരാഹാരം കിടന്നത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരം കിടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സമ്മര്‍ദമൂലം പിന്മാറി. ഇടുക്കിക്കാരനായത് കൊണ്ടല്ല ഈ ആവശേമൊന്നും. 30-40 ലക്ഷം ഒലിച്ചുപോയാല്‍ പിന്നെ ഭരണമുണ്ടോ മുന്നണിയുണ്ടോ, പാര്‍ട്ടിയുണ്ടോ? തമിഴ്‌നാട്ടിലും ഘടകമുള്ള സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോക്ക് കേരളത്തിന്റെ മാത്രം വികാരം പൂര്‍ണമായുള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. അതുകൊണ്ട് വിഷയം ചര്‍ച്ചക്കെടുത്ത പി.ബി ബദല്‍ ഡാമിനെക്കുറിച്ചോ ജലവിതാനം കുറക്കുന്നതിനെക്കുറിച്ചോ ഒന്നും പറഞ്ഞില്ല. ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാടിനു വെള്ളവും ഉറപ്പാക്കുന്ന രമ്യമായ പരിഹാരം വേണം എന്നു മാത്രം പറഞ്ഞൊഴിഞ്ഞു. അത് വി.എസ്സിന്റെ ആവേശം തണുപ്പിക്കാന്‍ പര്യാപ്തമായില്ല. പി.ബി തിരുത്തുമെന്ന് പ്രതീക്ഷിക്കുകയാണദ്ദേഹം. പഴയതുപോലെ ഈ പ്രതികരണത്തിന്റെ പേരില്‍ വി.എസ്സിനെതിരെ ശിക്ഷണ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെടാന്‍ പാര്‍ട്ടി കേരള നേതൃത്വവും അശക്തമാണ്.
അതിനിടയിലാണ് സംസ്ഥാന സര്‍ക്കാറിന്റെ അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണി വെടിപൊട്ടിച്ചത്. മുല്ലപ്പെരിയാര്‍ ഡാം അപകടത്തിലായാല്‍ ജലം ഇടുക്കി, ചെറുതോണി ഡാമുകളിലേക്ക് തിരിച്ചുവിടാമെന്ന് അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു. ദണ്ഡപാണി മുമ്പേ നിയമോപദേശം നല്‍കിവരുന്ന പ്രമുഖ പത്രം അദ്ദേഹത്തിന്റെ മൊഴി ആദ്യമേ മെയ് വഴക്കത്തോടെയാണ് കൈകാര്യം ചെയ്തതെങ്കിലും ചാനലുകള്‍ വെറുതെ വിട്ടില്ല. മന്ത്രി തിരുവഞ്ചൂര്‍ മുതല്‍ ടി.എന്‍ പ്രതാപന്‍ വരെയുള്ള കോണ്‍ഗ്രസ്സുകാരും പിണറായി, വി.എസ് ടീമും ഇളകിവശായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മേല്‍ സമ്മര്‍ദം മുറുകുന്നു. ഡാമല്ല, അഡ്വക്കറ്റ് ജനറലാണ് കൂടുതല്‍ അപകടം എന്ന പരുവത്തിലാണ് സ്ഥിതിഗതികള്‍. അതോടൊപ്പം പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങളും എ.ജിയും സംസ്ഥാന മനുഷ്യാവകാശ കമീഷനും തമിഴ്‌നാട് സര്‍ക്കാറും മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നത് കേരളത്തിലെ മാധ്യമങ്ങളെയാണ്. സാവധാനത്തില്‍ സമാധാനപരമായി, സുപ്രീംകോടതി തീര്‍പ്പ് കല്‍പിക്കുന്ന മുറക്ക് പരിഹാരം തേടേണ്ടുന്ന ഒരു പ്രശ്‌നത്തില്‍ ഇവ്വിധം ഡാം ഫോബിയ സൃഷ്ടിച്ചു ജനങ്ങളെ വൈകാരികമായി ഇളക്കിവിട്ടത് മാധ്യമങ്ങളാണെന്ന വിലയിരുത്തലിലാണ് ഏതാണ്ടെല്ലാവരും. കേരളത്തിന്റെ സമ്മര്‍ദം മുറുകിയപ്പോള്‍ ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി ആവശ്യപ്പെട്ട ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തമിഴ്‌നാട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പക്ഷേ, ഉദ്യോഗസ്ഥ തല ചര്‍ച്ചകളൊന്നും പച്ചതൊടാന്‍ പോവുന്നില്ലെന്നുറപ്പ്. ഇനിയെന്ത് എന്ന ചോദ്യവുമായി ഉലക്ക വിഴുങ്ങിയ പരുവത്തിലിരിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. പുതിയ ഡാം പണിയണമെങ്കില്‍ സുപ്രീം കോടതി പച്ചക്കൊടി കാട്ടണം. ബാബരി മസ്ജിദ് കേസുപോലെ അനന്തമായി നീളാന്‍ എല്ലാ സാധ്യതയുമുള്ളതാണ് മുല്ലപ്പെരിയാര്‍ കേസ്. അതിനിടെ ജലവിതാനം 120 അടി ആക്കി പരിമിതപ്പെടുത്താനുള്ള കേരളത്തിന്റെ ഹരജിയെ തമിഴ്‌നാട് ശക്തിയുക്തം എതിര്‍ക്കും. അവര്‍ക്ക് പിന്‍ബലം പരമോന്നത കോടതിയുടെ തന്നെ നിലവിലെ വിധിയാണ്. 142 അടിവരെ ഉയര്‍ത്താനാണ് കോടതി ഉത്തരവ്. ഇതിനെ ഖണ്ഡിക്കാനും ഡാമിന്റെ അപകട സാധ്യത തെളിയിച്ചുകാട്ടാനും കേരളത്തിന് വിദഗ്ധരുടെ പരിശോധനാ റിപ്പോര്‍ട്ട് വേണം. സംസ്ഥാന സര്‍ക്കാറിന്റെ പക്കലുള്ള വിദഗ്ധ പഠന റിപ്പോര്‍ട്ടുകളൊന്നും തമിഴ്‌നാടിന് സ്വീകാര്യമല്ല. ഒരിക്കല്‍ നിരാകരിച്ച സുപ്രീം കോടതിക്ക് വീണ്ടുമത് സ്വീകാര്യമാവുമോ എന്ന് കണ്ടറിയണം. ഇരുപക്ഷത്തിന്റെയും വാദങ്ങളും തെളിവുകളും വിലയിരുത്തിയ ശേഷം സ്റ്റാറ്റസ്‌കോ തുടരാനാണ് കോടതി വിധിക്കുന്നതെങ്കില്‍ 30-40 ലക്ഷം ജനങ്ങളുടെ സ്ഥിതിയെന്താവും? അവര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സാമാന്യം സമനില തെറ്റി എന്നു തോന്നാവുന്ന മന്ത്രി പി.ജെ ജോസഫിന്റെ ഭാവിയെന്ത്? ഭരണമുന്നണിയില്‍ തന്നെ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരിക്കെ യു.ഡി.എഫില്‍ സാമാന്യം ശക്തമായ ഭൂചലനത്തിന് സാധ്യതയില്ലേ? സത്യം പറഞ്ഞാല്‍ ഡാമിന്റെ സുരക്ഷാ ഭീഷണി ഭയത്തേക്കാളേറെ, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ നിലനില്‍പിനുള്ള ഭീഷണിയാണ് സംഭവഗതികളെ ഈ പതനത്തിലെത്തിച്ചത്. അതായത്, ടി.എം ജേക്കബിന്റെ മരണത്തോടെ നിയമസഭാ സാമാജികരില്‍ വന്ന കമ്മി എന്തു വില കൊടുത്തും നികത്തണമെന്ന ശാഠ്യം യു.ഡി.എഫിനുണ്ട്. അവിചാരിതമായാണ് ഇടുക്കിയിലെ ഭൂചലനങ്ങള്‍ രക്ഷക്കെത്തുന്നത്. അപായ ഭീഷണി നേരിടുന്ന മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തില്‍ തങ്ങളാണ് ഏറ്റവും ഊര്‍ജസ്വലമായി ജനപക്ഷത്ത് നിലയുറപ്പിച്ചത് എന്ന് തെളിയിക്കാന്‍ ഭരണമുന്നണി മാനേജര്‍മാര്‍ കളിതുടങ്ങുകയായിരുന്നു. സ്വാഭാവികമായും പ്രതിപക്ഷം നോക്കിനില്‍ക്കുകയില്ലല്ലോ. പിന്നീടുള്ള മത്സരത്തില്‍ ആരു തോറ്റു, ആരു ജയിച്ചു എന്ന് തീര്‍പ്പ് കല്‍പിക്കാന്‍ സമയമാവുന്നേയുള്ളൂ. പക്ഷേ, ഒന്ന് തീര്‍ച്ച. ഐ.എസ്.ആര്‍.ഒ ചാരവൃത്തികേസിന് ശേഷം സംസ്ഥാനത്തെ ജനങ്ങളാകെ വിഡ്ഢികളാക്കപ്പെടുന്ന രണ്ടാമത്തെ സംഭവമാണ് മുല്ലപ്പെരിയാര്‍. ദിവസങ്ങളായി അവരുടെ ഉറക്കം കെടുത്തുന്ന കോലാഹലങ്ങളുടെ പ്രഭവ കേന്ദ്രം പിറവമാണെന്ന് കണ്ടെത്താന്‍ സാമാന്യ ബുദ്ധി മതി. അത് തമിഴ്‌നാടിന് കൂടി പിടികിട്ടിയെന്നതാണ് അവരുടെ ഉറച്ച നിലപാടിന്റെ പിന്നിലെ രാഷ്ട്രീയം. ഒരുവശത്ത് ജയലളിത മുതല്‍ വൈക്കോ വരെ ഒന്നിച്ച് പ്രതിരോധം തീര്‍ക്കുമ്പോള്‍ മറുവശത്ത് ഒരേ മുന്നണിയില്‍ പോലും അപസ്വരമുയരുന്നത് കേരളത്തിന്റെ ആവശ്യത്തെ ദുര്‍ബലമാക്കുന്നു. അതിനിടെ തമിഴ്‌നാട്ടുകാര്‍ വൈകാരികമായി പ്രതികരിച്ചുതുടങ്ങിയതും കേരളത്തിനെതിരെ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചതും വന്‍ ഭവിഷ്യത്തുകള്‍ക്ക് കാരണമാവും. ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നത്തിന്റെ പരിഹാരം മാത്രം അനിശ്ചിതമാണ്, അതിവിദൂരവും.
Comments