പ്രബോധനം എന്ന ഉത്തരവാദിത്വം
പതിവുപോലെ ഇക്കൊല്ലവും ഡിസംബര്‍ 15 മുതല്‍ 31 വരെ തീയതികളില്‍ പ്രബോധനം അതിന്റെ പ്രചാരണപക്ഷം ആചരിക്കുകയാണ്. ഇത്തരം പക്ഷാചരണങ്ങളിലൂടെയാണ് ഈ പ്രസിദ്ധീകരണം അതുവരെ കടന്നുപോന്നിട്ടില്ലാത്ത മേഖലകളിലേക്ക് കടന്നുചെല്ലുന്നതും പുതിയ പുതിയ വായനക്കാരെ കണ്ടെത്തുന്നതും. ഈ സന്ദര്‍ഭം പ്രമാണിച്ച്, കഴിഞ്ഞ ലക്കം ഇതേ കോളത്തിലൂടെ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ബഹു. ടി. ആരിഫലി സാഹിബ് പ്രബോധനം വായനക്കാര്‍ക്ക് നല്‍കിയ ആഹ്വാനം അനുസ്മരിക്കുകയാണിവിടെ. വായനക്കാര്‍, പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രത്യേകിച്ചും അമീറിന്റെ ആഹ്വാനം സഗൗരവം പരിഗണിച്ച് കര്‍മകുശലരായി രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
'പ്രബോധനം' പ്രബോധനം എന്ന പേര്‍ സ്വീകരിച്ചത് വെറുമൊരു പേരായിട്ടല്ല. ഈ പ്രസിദ്ധീകരണത്തിന്റെ ഉദാത്തമായ ലക്ഷ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണാ പേര്. ജനങ്ങള്‍ക്ക് സത്യസന്ദേശം എത്തിച്ചുകൊടുക്കുക, വിശിഷ്ട ജീവിതമൂല്യങ്ങള്‍ പ്രചരിപ്പിക്കുക, സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുക, ജ്ഞാനം പകര്‍ന്ന് പ്രബുദ്ധരാക്കുക എന്നൊക്കെയാണല്ലോ 'പ്രബോധന'ത്തിനര്‍ഥം. ഈ അര്‍ഥങ്ങള്‍ ലക്ഷ്യമാക്കിക്കൊണ്ട് തന്നെയാണ് ഈ പ്രസിദ്ധീകരണം 'പ്രബോധനം' എന്നു നാമകരണം ചെയ്യപ്പെട്ടത്. ഇതുതന്നെയായിരുന്നുവല്ലോ പ്രവാചക ദൗത്യത്തിന്റെയും ലക്ഷ്യം. പ്രവാചകന്മാര്‍ക്കു ശേഷം അവര്‍ ഏല്‍പിച്ചുപോയ ദൗത്യമാണ് കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ടും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടും പ്രബോധനം നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മാനവമാര്‍ഗദര്‍ശനാര്‍ഥം അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആനും അന്തിമ ദൈവദൂതനായ മുഹമ്മദ് മുസ്ത്വഫാ(സ)യുടെ ജീവിത ചര്യയും പ്രചരിപ്പിക്കുന്നതിലൂടെ ലോകത്ത് നന്മ വളര്‍ത്തുകയും തിന്മകള്‍ തളര്‍ത്തുകയും ചെയ്യുകയാണത്. ഇത് ഏതെങ്കിലും പ്രത്യേക സ്ഥാപനത്തിന്റെയോ സംഘടനയുടെയോ മാത്രം ഉത്തരവാദിത്വമല്ല. അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്ന എല്ലാ മുസ്‌ലിംകളിലും അര്‍പിതമായിട്ടുള്ളതാണീ ഉത്തരവാദിത്വം. പ്രബോധനത്തിന്റെ പ്രചാരണത്തില്‍ എല്ലാ വായനക്കാരുടെയും സഹായ സഹകരണങ്ങള്‍ തേടാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത് ഈ യാഥാര്‍ഥ്യമാണ്.
ദീനുല്‍ ഇസ്‌ലാമിനെ അറിയാത്തവര്‍ക്ക് അറിയിച്ചുകൊടുക്കുക, തെറ്റിദ്ധരിച്ചവരുടെ തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കുക, ജനങ്ങളില്‍ സത്യവിശ്വാസവും സദാചാരവും വളര്‍ത്താന്‍ ശ്രമിക്കുക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിക്കുക ഇതാണ് ഖുര്‍ആന്‍ കല്‍പിച്ചിട്ടുള്ള ദഅ്‌വത്ത്- പ്രബോധനം അഥവ അംറും ബില്‍ മഅ്‌റൂഫി വനഹ്‌യുന്‍ അനില്‍ മുന്‍കര്‍- നന്മ വളര്‍ത്തലും തിന്മ തളര്‍ത്തലും.
കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി കാലത്തിന്റെ തേട്ടങ്ങള്‍ക്കൊത്ത ശൈലിയിലും സ്വഭാവത്തിലും പ്രബോധനം നിര്‍വഹിച്ചുവരുന്നത് ഈ ദൗത്യമാണെന്ന് അതിന്റെ പിന്നിട്ട താളോരോന്നും അസന്ദിഗ്ധമായി സാക്ഷ്യപ്പെടുത്തുന്നു. മുസ്‌ലിം സമുദായത്തിലെ ഓരോ വ്യക്തിയും നിര്‍വഹിക്കേണ്ട ഈ കര്‍ത്തവ്യം പ്രബോധനം നിര്‍വഹിക്കുന്നത് അവര്‍ക്ക് വേണ്ടി കൂടിയാണ്. പ്രബോധനത്തിന്റെ പ്രചാരണത്തെ സഹായിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് ഒരു പത്രസ്ഥാപനത്തെ സഹായിക്കുകയല്ല; മറിച്ച് ഇസ്‌ലാമിക പ്രബോധനം എന്ന നിങ്ങളുടെ തന്നെ കടമയുടെ നിര്‍വഹണത്തിലേര്‍പ്പെടുകയാണ്. ഇസ്‌ലാമിനെ അറിയാത്തവരോ തെറ്റുദ്ധരിച്ചവരോ ആണ് ഇന്ത്യന്‍ ജനസംഖ്യയില്‍ 85 ശതമാനവും. മുസ്‌ലിംകളില്‍ തന്നെ നല്ലൊരു വിഭാഗം ആളുകള്‍ ഇസ്‌ലാമിനെ ശരിയായ രീതിയില്‍ അറിയുകയോ അനുഷ്ഠിക്കുകയോ ചെയ്യുന്നില്ല. രാജ്യത്ത് ഇസ്‌ലാമിക പ്രബോധനത്തിന് അതിവിശാലമായ മേഖലകളും സാധ്യതകളുമുണ്ടെന്നാണിതിനര്‍ഥം. പ്രബോധനത്തെ പരിചയപ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് ഒരാളുടെ ജീവിതത്തിന് വെളിച്ചം പകരാനായെങ്കില്‍, അത് ഈ ലോകത്ത് ആര്‍ജിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ നേട്ടമായിരിക്കും. നിങ്ങളിലൂടെ ഒരാള്‍ സന്മാര്‍ഗം പ്രാപിക്കുന്നത് ഈ ലോകം മുഴുവന്‍ നേടുന്നതിനേക്കാള്‍ മഹത്തരമാണെന്ന് പ്രവാചകന്‍ (സ) വ്യക്തമാക്കിയിട്ടുള്ളത് അനുസ്മരണീയമാകുന്നു. ഈയൊരു ബോധത്തോടെ പ്രബോധനം പ്രചാരണ പക്ഷാചരണത്തെ സമീപിക്കണമെന്ന് മാന്യ വായനക്കാരോടും പ്രസ്ഥാന പ്രവര്‍ത്തകരോടും വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.
Comments