ഈസ്റ്റ് ഇന്ത്യാ കമ്പനികള്‍ തിരിച്ചെത്തുമ്പോള്‍
ഗാട്ട് കരാറിലൂടെയും ഐ.എം.എഫ് 'സഹായ പദ്ധതി'കളിലൂടെയും ഇന്ത്യ സമീപഭാവിയില്‍ അതിന്റെ പരമാധികാരം പണയം വെക്കേണ്ടിവരുമെന്ന് 1990കളില്‍ നരസിംഹറാവുവിനെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകാരികള്‍ ഉന്നയിച്ചിരുന്ന പ്രധാന ആരോപണങ്ങളിലൊന്നായിരുന്നു. അതേസമയം ഈ കരാറുകള്‍ രാജ്യത്ത് വന്‍തോതില്‍ വികസനം കൊണ്ടുവരുമെന്നാണ് പക്ഷേ അന്ന് ഇന്ത്യയുടെ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് വാദിച്ചുകൊണ്ടിരുന്നത്. എന്നല്ല വലിയൊരളവില്‍ മന്‍മോഹന്റെ അവകാശവാദങ്ങളെ ശരിവെക്കുന്ന പ്രതിശീര്‍ഷ വരുമാന സൂചകങ്ങളാണ് കഴിഞ്ഞ കുറെക്കാലമായി ഇന്ത്യ പുറത്തു വിടാറുണ്ടായിരുന്നതും. പാര്‍ലമെന്റിനും നിയമ നിര്‍മാണ വ്യവസ്ഥകള്‍ക്കും അതീതമായി പിന്‍വാതിലിലൂടെ വന്നുകൊണ്ടിരുന്ന ഈ കരാറുകള്‍ ഇന്ത്യയെ യഥാര്‍ഥത്തില്‍ വികസിപ്പിക്കുകയാണ് ചെയ്തതെങ്കില്‍ അതേ മന്‍മോഹന്‍ ഇന്ന് പറയുന്ന വാദങ്ങളുടെ അര്‍ഥമെന്താണ്? അന്ന് വീമ്പിളക്കിയ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയുടെ യാഥാര്‍ഥ്യമെന്താണ്? അവ ഊതിപ്പെരുപ്പിച്ച കണക്കുകളായിരുന്നോ? ഇന്ത്യക്ക് ഗാട്ട് കരാറിന്റെയും ഐ.എം.എഫ് പദ്ധതികളുടെയും അന്തിമമായ പിഴ ഒടുക്കാന്‍ സമയമായെന്നാണ് ഒടുവിലത്തെ വിവരം. അടുത്ത വര്‍ഷം മുതല്‍ പഴയ സഹായധനങ്ങള്‍ മടക്കി നല്‍കേണ്ടി വരുമെന്നും അതോടെ രാജ്യത്ത് കനത്ത പ്രത്യാഘാതങ്ങള്‍ ഉടലെടുക്കുമെന്നുമാണ് ധനകാര്യമന്ത്രാലയം പുറത്തുവിടുന്ന സൂചന. കേന്ദ്ര ഖജനാവില്‍ 1991ലേതിനു സമാനമായ രീതിയില്‍ ട്രഷറി നിയന്ത്രണം പോലും സംഭവിച്ചേക്കും.
ഇപ്പോള്‍ നടന്നുവരുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ മന്‍മോഹന്‍ സിംഗ് ഒഴുക്കന്‍ മട്ടില്‍ നടത്തിയ ഒരു പ്രസ്താവനയെ മാധ്യമങ്ങള്‍ വേണ്ടമട്ടില്‍ വിലയിരുത്തിയിട്ടില്ല. ആഗോള സാമ്പത്തിക മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പാഠമായി ഉള്‍ക്കൊണ്ട് അടിയന്തരമായ പ്രശ്‌നപരിഹാര നടപടികളുമായി മുന്നോട്ടു പോകുന്നില്ലെങ്കില്‍ ഇന്ത്യയിലും അടുത്ത വര്‍ഷത്തോടെ പ്രത്യാഘാതം ശക്തമാവുമെന്നാണ് അദ്ദേഹം എവിടെയും തൊടാത്ത മട്ടില്‍ പറഞ്ഞത്. തൊട്ടു പിന്നാലെയാണ് ചില്ലറ വില്‍പ്പന രംഗത്ത് ആഗോള ഭീമന്മാര്‍ക്ക് നിക്ഷേപത്തിനുള്ള വാതിലുകള്‍ ഇന്ത്യ തുറന്നു കൊടുത്തത്. ആഗോള ഭീമന്മാര്‍ക്ക് ചില്ലറ വില്‍പ്പന രംഗത്ത് നിക്ഷേപമിറക്കാന്‍ അവസരം നല്‍കിയാല്‍ ഇന്ത്യയുടെ ആസന്നമായ പ്രതിസന്ധി ഇല്ലാതാവുമെന്ന 'മുന്‍കൂര്‍ ജാമ്യ'മായാണ് ഈ പ്രസ്താവന വ്യാഖ്യാനിക്കപ്പെടുന്നത്. ഒരിക്കല്‍ കൂടി മന്‍മോഹന്‍ തുറന്ന വക്കാലത്തുമായി രംഗത്തിറങ്ങുകയും ചെയ്തു. ചില്ലറ വില്‍പ്പന രംഗത്ത് വിദേശനിക്ഷേപമിറങ്ങിയാല്‍ രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് അതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. വിദേശരാജ്യങ്ങളിലെ സാമ്പത്തിക നിലവാരം തകരുമ്പോള്‍ ആ രാജ്യങ്ങളിലെ കുലാക്കുകള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അഴിഞ്ഞാടാന്‍ അവസരം നല്‍കുന്നത് എങ്ങനെയാണാവോ ഇന്ത്യക്ക് ഗുണകരമായി തീരുക? ഇത് മന്‍മോഹന്റെ വെറും ഔദാര്യമാണോ അതോ '91ലുണ്ടാക്കിയ കരാറുകളുടെ ബാധ്യതയോ?
ഗള്‍ഫ് രാജ്യങ്ങളില്‍ പോയവര്‍ക്കറിയാം, ഒരു പ്രദേശത്ത് കാരിഫോര്‍ പോലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്താണ് അതിന്റെ ചുറ്റുവട്ടത്തുള്ള 'ഗ്രോസറി'കള്‍ക്ക് സംഭവിക്കുന്നത് എന്ന്. ഡസന്‍ കണക്കിന് ചെറുകിട വ്യാപാരികളാണ് ഒറ്റയടിക്ക് കരിഞ്ഞുപോയത്. ഈ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഓരോ ഉല്‍പന്നവും അതത് കുത്തകകളുടെ താല്‍പര്യമനുസരിച്ചാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. അവര്‍ക്ക് തകര്‍ക്കേണ്ട പ്രാദേശിക ബ്രാന്‍ഡുകളില്‍ ഒന്നിനു പോലും ഈ സൂപ്പര്‍ മാര്‍ക്കറ്റിനകത്തേക്ക് പ്രവേശനം ലഭിച്ചു കൊള്ളണമെന്നില്ല. പ്രദേശത്തെ ചെറുകിട വ്യാപാരികള്‍ തകരുന്നതു വരെ അവരുടെ സവിശേഷ മേഖലകളില്‍ വമ്പിച്ച വിലക്കുറവ് പ്രഖ്യാപിക്കുന്ന കുത്തകകള്‍ തങ്ങളുടെ മുഴുവന്‍ മുന്‍കാല റിബേറ്റുകളും പലിശ സഹിതം തിരിച്ചു പിടിക്കുന്ന മട്ടിലാണ് പിന്നീട് വില ഈടാക്കുക. വാള്‍മാര്‍ട്ടും കാരിഫോറും എന്തിനേറെ മലയാളികളുടെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന സൂപ്പര്‍മാര്‍ക്കറ്റിനു പോലുമുണ്ട് ചൈനയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്വന്തമായ ഉല്‍പാദന കേന്ദ്രങ്ങള്‍. ഇന്ത്യയിലേക്ക് കടന്നുവരുമ്പോള്‍ മാത്രം അവരെന്തിന് ഇവിടത്തെ ചെറുകിട മേഖലയുടെ കാര്യത്തില്‍ സ്വന്തം നയം മാറ്റണം?
ഏകദേശം 50,000 കോടിയിലേറെ ഇന്ത്യയില്‍ വിദേശ നിക്ഷേപമിറങ്ങുന്നുവെന്നത് ഒറ്റനോട്ടത്തില്‍ ആരും കൊതിച്ചു പോകുന്ന സാഹചര്യമാണ്. പക്ഷേ '90ലെ ഐ.എം.എഫ് 'സഹായധന'ത്തിന് 20 വര്‍ഷം കൊണ്ട് നാം തിരിച്ചടക്കേണ്ടി വരുന്ന ബാധ്യതകളുടെ അതേ മട്ടില്‍ ഇത്രയും കോടി രൂപ നിക്ഷേപിക്കുന്നവന്‍ നാളെ ഇന്ത്യയില്‍ നിന്നും തിരികെ എത്ര കോടി സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകുന്നുവെന്ന ചോദ്യത്തിനു കൂടി പ്രധാനമന്ത്രിയും കൂട്ടരും മറുപടി പറയേണ്ടതുണ്ട്. ഈ ഇടപാടില്‍ ഏറ്റവുമധികം നേട്ടം കൊയ്യുന്നത് വിദേശ വ്യാപാരികള്‍ തന്നെയാണ്. വന്‍ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ യഥേഷ്ടം ലഭ്യമാകുന്നുവെന്ന നേട്ടവുമുണ്ടാവാം. അതേസമയം രാജ്യത്തിന്റെ ഗ്രാമങ്ങളിലെ കര്‍ഷകരും ചെറുകിട ഉല്‍പ്പാദകരും നേരിടുന്ന നഷ്ടത്തിന്റെ കണക്കുകള്‍ ഇതിനെയൊക്കെ കവച്ചുവെക്കുമാറ് വലുതാണ്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് നിലവിലുള്ള മധ്യവര്‍ത്തി ശൃംഖലകളിലൂടെ കടന്ന് ലഭിക്കുന്ന വിലകള്‍ക്കു പകരം കുറെക്കൂടി മെച്ചപ്പെട്ട വില ലഭിക്കുമെന്ന് വിപണിയുടെ പിണിയാളുകള്‍ വാദിക്കുന്നുണ്ടെങ്കിലും അതിന്റെ ലാഭം രാജ്യത്തിനു പുറത്തേക്കാണ് ഒഴുകുക. ഏറിയാല്‍ പഴം-പച്ചക്കറി-ധാന്യവര്‍ഗ വിഭാഗത്തില്‍ പെടുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് ലഭിക്കുമെന്നല്ലാതെ ശേഷിച്ച മുഴുവന്‍ ഇനങ്ങളും ചൈനയില്‍ നിന്നും മറ്റ് വിലകുറഞ്ഞ ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഇന്ത്യയിലേക്ക് കുത്തിയൊഴുകുകയാണ് ചെയ്യുക.
തന്റെ സുദീര്‍ഘമായ ദൗത്യത്തിന്റെ അവസാനകാലത്തേക്ക് എന്തുകൊണ്ട് മന്‍മോഹന്‍ ഈ ദൗത്യം മാറ്റിവെച്ചു എന്നതിന് കാലം മറുപടി പറയാതിരിക്കില്ല.
Comments