മധുരതരമാണ് ദാമ്പത്യം
മധുരതരമാണ് ദാമ്പത്യം. അഥവാ അങ്ങനെയാകേണ്ടതാണ്. ഖുര്‍ആന്‍ വചനങ്ങളും പ്രവാചകമൊഴികളും വ്യക്തമാക്കുന്നതുപോലെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ അനുഭവമാണ് ദാമ്പത്യം. എന്നാല്‍ വലിയൊരു വിഭാഗത്തിന്റെ അനുഭവം അങ്ങനെയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ഒറ്റവാക്കില്‍ ഒതുക്കാം: 'ദുരഭിമാനവും ദുര്‍വാശിയും.' പുരുഷനും സ്ത്രീയും ഒരുപോലെ കുറ്റക്കാരാകാം. തന്നെ അടിമയെപ്പോലെ അനുസരിക്കേണ്ടവളാണ് പെണ്ണ് എന്ന അഹന്ത വെച്ചുപുലര്‍ത്തുന്ന ആണുങ്ങളുണ്ട്. അവനാര് എന്നെ ഭരിക്കാന്‍ എന്ന് വെല്ലുവിളിക്കുന്ന പെണ്ണുങ്ങളുണ്ട്. രണ്ടുപേരും മറന്നുപോകുന്ന ഒരു വികാരമുണ്ട്-സ്‌നേഹം. രണ്ടുപേരും തകര്‍ക്കുന്നത് സ്വന്തം സമാധാനവും സൗഖ്യവും സര്‍വോപരി മനോഹരമായ ജീവിതവുമാണ്.
നബി(സ)യുടെ ജീവിതത്തിലെ ഒരു സംഭവം ദാമ്പത്യജീവിതത്തില്‍ വഴികാട്ടിയാകേണ്ടതാണ്. നബി വെച്ചുനീട്ടിയ പലഹാരപ്പാത്രം കുപിതയായ ആഇശ തട്ടിത്താഴെയിട്ടു. നബി കോപിച്ചില്ല, മറുത്തൊരു വാക്കും പറഞ്ഞില്ല. ചിതറിയ പലഹാരങ്ങള്‍ പാത്രത്തില്‍ പെറുക്കിയിട്ടു. വാശിയില്ല, വഴക്കില്ല, ആക്രോശമില്ല, അടിയില്ല. കൊടുങ്കാറ്റുയര്‍ത്തിയേക്കാവുന്ന ഒരു പ്രശ്‌നം നബി എത്ര സുന്ദരമായാണ് പരിഹരിച്ചത്!
കലഹങ്ങളില്‍ പൊറുതിമുട്ടിയ ദമ്പതികള്‍ക്ക് മാതൃകയാണ് ഈ സംഭവം. പ്രവാചകനെപ്പോലെ അത്യുന്നത സ്ഥാനത്തുള്ള ഒരാളാണ് ഇണയുടെ അഹിതകരമായ പെരുമാറ്റത്തെ അസാധാരണമായ സൗമ്യതയോടെ കൈകാര്യം ചെയ്തത്. ആരുടെ ദാമ്പത്യത്തിലും അസ്വാരസ്യങ്ങള്‍ ഉണ്ടാകാമെന്നും പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും ഈ സംഭവം വ്യക്തമാക്കുന്നു. നബിയേക്കാള്‍ വലിയവനല്ല താന്‍ എന്ന എളിമ മതി കരിങ്കല്ലുപോലുള്ള മനസ്സും വെണ്ണപോലെ അലിയാന്‍.
ജീവിതത്തെ ആസ്വാദ്യകരമാക്കുന്നത് സ്ത്രീയാണ് എന്നാണ് ഒരു തിരുവചനത്തിന്റെ ആശയം. ഇണയോട് പിണങ്ങിനില്‍ക്കുന്ന ആള്‍ക്ക് മനശ്ശാന്തി അകലെയായിരിക്കും. പരസ്പരം ചേര്‍ന്ന് ശാന്തിയും സൗഖ്യവും പകരാനാണ് ദാമ്പത്യം നിശ്ചയിച്ചതെന്ന ഖുര്‍ആന്‍ വചനം മറന്നുപോയതാണ് വിശ്വാസികളുടെ ദാമ്പത്യത്തകര്‍ച്ചയുടെ പ്രധാന കാരണം.
കലഹവും വെറുപ്പും കൊണ്ട് ഇരുള്‍ മൂടിയ ദാമ്പത്യം കാറ്റിലും കോളിലും അകപ്പെട്ട തോണിപോലെയാണ്. അതിന് ലക്ഷ്യമില്ല. ഏത് പാറയിലും ചെന്നിടിക്കാം, ഏതു സമയത്തും മുങ്ങിപ്പോകാം. കപ്പിത്താന്മാരില്‍ ഒരാള്‍ക്ക് വിവേകമുദിക്കുന്നുവെങ്കില്‍ തോണി രക്ഷപ്പെടും, കാറ്റും കോളും അടങ്ങും. സ്‌നേഹത്തിന്റെ സൂര്യകിരണങ്ങള്‍ തെളിയും, ആനന്ദത്തിന്റെ തേന്മഴ ചൊരിയും. സമാധാനത്തിന്റെ വെള്ളപ്രാവുകള്‍ ജീവിതവിഹായസ്സില്‍ പറന്നുയരും.
ഏറ്റവും മധുരതരമാകേണ്ട ദാമ്പത്യജീവിതം ഇണകളുടെ ദുര്‍വാശികൊണ്ട് തകരുന്നത് എന്തുമാത്രം വേദനാജനകമാണ്? ഇത്തിരി സ്‌നേഹമുണ്ടെങ്കില്‍ തളിര്‍ക്കുകയും പുഷ്പിക്കുകയും ചെയ്യുന്ന പൂമരമാണ് ദാമ്പത്യം. ജീവിതം ആനന്ദപൂര്‍ണമാക്കാന്‍ ദൈവം ഒരുക്കിയ ദാമ്പത്യത്തില്‍ മനുഷ്യന്‍ വിഷം ചേര്‍ത്തു. കാപട്യത്തിന്റെയും വെറുപ്പിന്റെയും വഞ്ചനയുടെയും വിഷബീജങ്ങള്‍ കയറിക്കൂടുമ്പോള്‍ ദാമ്പത്യത്തിന്റെ സര്‍വൈശ്വര്യങ്ങളും കരിഞ്ഞുണങ്ങിപ്പോകുന്നു. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും സമൂഹത്തിനും ആനന്ദം പകരേണ്ട കുളിര്‍നിലാവ് അസ്തമിച്ചുപോകുന്നു.
അപൂര്‍വം ചില ബുദ്ധിമാന്മാര്‍ ദാമ്പത്യത്തിലെ കാന്‍സറായ ദുരഭിമാനം മുറിച്ചുമാറ്റുന്നു-വിനയത്തിന്റെയും ക്ഷമയുടെയും കത്രിക ഉപയോഗിച്ച്. അവര്‍ക്ക് ദാമ്പത്യജീവിതത്തിന്റെ മഴവില്ല് തിരിച്ചുപിടിക്കാന്‍ ഭാഗ്യമുണ്ടാകുന്നു.
ചെടികള്‍ക്ക് ജലം പോലെ ജീവിതത്തിന് അനിവാര്യമാണ് സ്‌നേഹം. ഇല കൊഴിഞ്ഞ ചെടിയും വീണ്ടും തളിര്‍ക്കുകയും പൂക്കുകയും ചെയ്യും-ജലം പകര്‍ന്നാല്‍. സ്‌നേഹിക്കാന്‍ പിശുക്കു കാട്ടുന്നവരുടെ ദാമ്പത്യം ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുന്നു.
ദാമ്പത്യജീവിതം പിടിച്ചുനിര്‍ത്താനുള്ള വേരുകളാണ് സ്‌നേഹവും കരുണയും. ഈ സദ്ഗുണങ്ങളുടെ സാന്നിധ്യമാണ് ദാമ്പത്യത്തെ സമ്പന്നമാക്കുന്നത്.
'സ്ത്രീകളോട് ഏറ്റവും നല്ല നിലയില്‍ പെരുമാറുന്നവനാണ് ഏറ്റവും മാന്യന്‍' എന്ന ഒരൊറ്റ തിരുവചനം മതി ആണഹങ്കാരത്തിന്റെ സകല പത്തികളും താഴ്ന്നുപോകാന്‍; പ്രവാചകനോട് സ്‌നേഹമുണ്ടെങ്കില്‍.
ക്ഷമിച്ചു എന്ന ഒരു വാക്ക് മതി; കലുഷമായ ദാമ്പത്യം വീണ്ടും തളിര്‍ക്കാന്‍. ഒരു തീപ്പെട്ടിക്കൊള്ളി മതി; വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ഇരുട്ടുമുറിയില്‍ വെളിച്ചം പകരാന്‍.
Comments